#ads 1

Malayalam short story

Malayalam story

Malayalam short story 



അളിയാ..... എനിക്കവളെ തന്നെ മതീടാ... നീയൊന്ന് ഹെൽപ്പ് ചെയ്യടാ പ്ലീസ്..... ബിജുവിന്റെ അപേക്ഷ കേൾക്കാതിരിക്കാനായില്ല സിദ്ധുവിന്.

ഓ.. ശരി.. ശരി.. ഞാൻ നോക്കട്ടെ, എന്നാലെങ്കിലും എന്റെ ചെവിക്കൊരു സ്വൈര്യം കിട്ടൂലോ....
ഉറ്റ സുഹൃത്തുക്കളാണ് ബിജുവും,സിദ്ധാർത്ഥനും... എപ്പോഴും എവിടേയും ഒരുമിച്ചേ കാണൂ... അതുകൊണ്ടെന്താ.. സയാമീസ് എന്ന വിളിപ്പേരും വീണു കിട്ടി. നാട്ടിലെ സകല കാര്യങ്ങൾക്കും മുന്നിലുണ്ടാകുംരണ്ടാളും... കുരുത്തക്കേടുകൾക്കും പിന്നിലല്ല.. അങ്ങനെയൊരു ആവശ്യവുമായി പോയപ്പോഴാണ് ആദ്യമായി അവർ അവളെ കാണുന്നത്.
ചെറിയൊരു ബുക്ക് ഷോപ്പിൽ നിൽക്കുന്ന തരക്കേടില്ലാത്ത ഒരു പെൺകുട്ടി.... അവളെ കണ്ടപ്പോഴേ ബിജുവിന് ആഗ്രഹം ഒരു ലൈൻ വലിക്കണമെന്ന്... നേരിട്ട് ചെല്ലാനുള്ള ധൈര്യം പോര അതിനാണ് സിദ്ധുവിനെ കൂട്ട് പിടിക്കുന്നത്... സിദ്ധു അവനെ പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും ബിജുവിന് ഒരേ നിർബദ്ധം അറ്റ്ലീസ്റ്റ് അവൾടെ പേരെങ്കിലും ഒന്ന് അറിയണമെന്ന് .
"അളിയാ.... ഒരു കാര്യം ചെയ്യാം.. ഞാനാദ്യം ചെന്ന് ഒന്ന് മുട്ടി നോക്കാം, അപ്പഴേക്കും പതിയെ നീയങ്ങ് വന്നാ മതി.... പിന്നേ.... എന്നെ അപ്പോ കാണുന്ന ഭാവത്തിലാവണം സംസാരം." സിദ്ധു പറഞ്ഞു.
ok. അളിയാ... സമ്മതിച്ച്... എന്നെ നല്ലപോലെയൊന്ന് പൊക്കി പറയണം ബിജുവിന് ആവേശമായി...


" നൂറേക്കർ സബർ ജല്ലി തോട്ടമുണ്ടെന്ന് പറഞ്ഞാ മതിയാ....... എന്തുവാടാ.... ആദ്യമൊന്നവൾടെ എക്സ്പ്രഷൻ അറിയട്ട്..." സിദ്ധു ഷോപ്പിനെ ലക്ഷ്യമാക്കി നടന്നു.
"ഹലോ..... ഒരു ബുക്ക് വേണമായിരുന്നു.... "
''ഏത് ബുക്കാ ചേട്ടാ വേണ്ടേ?
അതിപ്പോ...... അവനാകെയൊരു വെപ്രാളമായി... ഏതാപ്പോ ചോദിക്കാ.... അവൻ ചുറ്റുമൊന്ന് നോക്കി... "മനോരമ, കർഷകശ്രീ, ഗൃഹലക്ഷ്മി.... ആഹാ.. എല്ലാമുണ്ടല്ലോ...
"ഹലോ ചേട്ടാ... എന്തായീ നോക്കണേ, ഏത് ബുക്കാ വേണ്ടേ.. കുറേ നേരായിലോ.... " അവളുടെ ശബ്ദം.
" അത് പിന്നെ........ ദാ.. അതിങ്ങെടുത്തോ അവൻ പെട്ടന്ന് കൈ ചൂണ്ടി.
അവളവനെയൊന്ന് നോക്കി പിന്നെ ചെറു ചിരിയോടെ മാസികയെടുത്തു...
ഇതിലിപ്പോ ചിരിക്കാനെന്താ.... മനസിലോർത്തുകൊണ്ടവൻ കൈയ്യിലെ മാസിക നോക്കി...." ഈശ്വരാ..... ചതിച്ചു..... "ക്രൈം "..... അവന്റെ മുഖമാകെ വിളറി...
" അതേ..... ഞാനിതല്ല....... ചമ്മിയ മുഖവുമായി വാക്കുകൾക്ക് പരതുമ്പോഴാണ് ബിജു അങ്ങോട്ട് വന്നത്.
"ഹായ്... അളിയാ സിദ്ധൂ.. നീയെന്താ ഇവിടെ... എത്ര നാളായീടാ കണ്ടിട്ട്.... " അവൻ സിദ്ധുവിനെ കെട്ടിപ്പിടിച്ചു.......
"അളിയോ.. എന്തായീ.. പേര് പറഞ്ഞോ, എവിടാ വീട്.... ചെവിയിൽ മന്ത്രിക്കുന്ന പോലുള്ള അവന്റെ പറച്ചിൽ കേട്ടപ്പോൾ വായിൽ വന്ന നല്ല മൂത്ത തെറി വിഴുങ്ങി കൊണ്ടവൻ പറഞ്ഞു....
"പേരൊക്കെ കിട്ടി അളിയാ....." ക്രൈം ".....
"എന്തൂട്ട്.... ബിജു അവനെ തുറിച്ചു നോക്കി, പിന്നെ കടയിലേക്കും... അവള വരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. ഒന്നും മനസിലാവാതെ മിഴിച്ചു നിന്ന ബിജുവിന്റെ കൈയിലേക്ക് മാസിക വച്ചു കൊടുത്തു സിദ്ധു.പിന്നെ പറഞ്ഞു... "ടാ... തെണ്ടീ... വച്ചിട്ടുണ്ട്.... നീയും നിന്റെയൊരു പ്രേമോം കാരണം ബാക്കിയുള്ളവൻ നാണംകെട്ട്''.... ഇനി നീയായി നിന്റെ പാടായി, ഞാൻ പോവാ..."
"ടാ.. നിക്കടാ.... സിദ്ധുവിന്റെ പുറകെ ബിജുവും നടന്നു.
" ചേട്ടൻമാരെ... ഇത് എന്ത് പരുപാടിയാ... ബുക്കും വാങ്ങി മിണ്ടാതങ്ങ് പോവാണോ? അതിന്റെ പൈസ ആര് തരും? " അവളുടെ ശബ്ദം കേട്ട് രണ്ടാളും നിന്നു..
"സോറീട്ടോ... ഒരബദ്ധം പറ്റീതാ.. സിദ്ധു പോക്കറ്റിൽ നിന്ന് പൈസയെടുത്തു..
"സാരല്ല ചേട്ടാ.. ഇതിലും വലുത് ഓരോരുത്തൻമാർ വാങ്ങുന്നു പിന്നെയാ.... അവൾ ചിരിയോടെ ബാക്കി നൽകികൊണ്ട് പറഞ്ഞു.
"അയ്യോ... സത്യായിടും വേണംന്ന് വച്ച് വാങ്ങിയതല്ല കുട്ടീ..... സംഭവമെന്താന്ന് വച്ചാ.. ദേ.. ഇവനുണ്ടല്ലോ, തന്നെ കണ്ടപ്പോ ഒരു ആശ... തന്നെയങ്ങ് പ്രേമിക്കാൻ... പേരും നാടുമൊക്കെ അറിഞ്ഞ് വരാൻ വിട്ടതാ എന്നെ... ഇവിടെ വന്നപ്പോ ഒരു ടെൻഷൻ അങ്ങനെ പറ്റീ താ..." സിദ്ധു ഉള്ള കാര്യം തുറന്നു പറഞ്ഞു.
അവളുടെ മുഖം വിവർണ്ണമായി...
" എന്താ കുട്ടീടെ പേര്... അവൻ പതിയെ അടുത്ത് കണ്ട സ്റ്റാൻഡിൽ കൈയ്യൂന്നി.
"എന്റെ പൊന്നു ചേട്ടാ... ആളെ വിട്.. വീട്ടിലിത്തിരി കഷ്ടപ്പാടാ, കുടുംബം കഴിഞ്ഞ് പോവാന്നത് ഈ വരുമാനം കൊണ്ടാ.. ജീവിച്ച് പോക്കോട്ടെ..." അപേക്ഷയുടേയോ താക്കീതിന്റേയോ സ്വരമായിരുന്നു അവൾക്ക്.
"അതല്ല കുട്ടീ... ശരിക്കും അവന് ഇഷ്ടായോണ്ടാ, വീടും നാടുമൊക്കെ അറിഞ്ഞാ വേണ്ടപ്പെട്ടവരുമായി വന്ന് ആലോചിക്കാലോന്ന് കരുതിയാ ".... സിദ്ധു, ബിജുവിനെയൊന്ന് തോണ്ടി.
" അതേ..... അവനൊരു ചിരി പാസാക്കി.
" മക്കളേ... ഞാൻ പറഞ്ഞാ മതിയോ "അൽപ്പം പ്രായം തോന്നിക്കുന്ന ഒരാൾ അവർക്കരികിലേക്ക് വന്നു.
"കല്യാണാലോചനയാ അല്ലേ...... അയാൾ ചിരിച്ചു.
"അതെ ചേട്ടാ... ഇവന് ഈ കൊച്ചിനെ കണ്ടപ്പഴേ നിർബദ്ധം.. കെട്ടുവാണേൽ ഇവളെ തന്നെയേ കെട്ടൂന്ന്... സിദ്ധു അയാൾക്കരികിലേക്ക് ചെന്നു.
"അതിനൊക്കെ ഓരോ മര്യാദകളില്ലേ, പെണ്ണിന്റെ വേണ്ടപ്പെട്ടവരോടല്ലേ ഇതൊക്കെ ചോദിക്കണ്ടെ.."
" അതിന് ഈ കൊച്ച് വല്ലതും പറഞ്ഞാലല്ലേ വീട് എവിടാന്നൊക്കെ അറിയാൻ പറ്റൂ "... സിദ്ധു പിന്നെയും ബിജുവിനെ തോണ്ടി.
" അതേ..... അതാ കാര്യം... ബീജു വീണ്ടും ചിരി പാസാക്കി.
"ദാ അപ്പുറത്തെ ജംഗ് ക്ഷൻ കഴിഞ്ഞുള്ള രണ്ടാമത്തെ വീടാ, മക്കള് ഒരു കാര്യം ചെയ്യ് പോയി വീട്ടുകാരേം കൂട്ടി നാട്ടുനടപ്പു പോലെ വാ.. " അയാൾ പറഞ്ഞു.
"താങ്ക്സ് ചേട്ടാ...... ഞങ്ങൾ വേണ്ടപ്പെട്ടവരുമായി വരാം"...... അല്ല, ചേട്ടനീകടേടെ ഉടമസ്ഥനാ അല്ലേ? അവൻ ചോദിച്ചു.
" അതേ.... കടേടെമാത്രമല്ല, നിങ്ങളീ പറഞ്ഞ പെങ്കൊച്ചിന്റേം ഉടമസ്ഥൻ ഞാനാ... എന്റെ മോളാ അവൾ....." അയാൾ പറഞ്ഞതു കേട്ട് വാ പൊളിച്ച് നിന്ന ബിജുവുമായി സിദ്ധു എങ്ങനെയോ അവിടം വിട്ടു.
"അളിയാ.... എന്നാ നമുക്ക് പോണ്ടേ... പിറ്റേന്ന് തുടങ്ങി വീണ്ടും ബിജുവിന്....
"എപ്പ വേണേലും പൊയ്ക്കോ... ഞാനില്ല" സിദ്ധു തീർത്തു പറഞ്ഞു.
"അങ്ങനെ പറയല്ലേ അളിയാ, ഞാൻ വീട്ടിലുള്ളോരോട് പറഞ്ഞ് ഒരു വിധത്തിലാസമ്മതിപ്പിച്ചേക്കുന്നേ.... നീയില്ലാതെ ശരിയാവില്ല.... നീ വന്നേ പറ്റൂ... "
" പിന്നേ... ഞാനെങ്ങുമില്ല, റൂട്ടൊക്കെ ക്ലിയറായില്ലേ, ഇനി വീട്ടുകാരേം കൂട്ടിയങ്ങ് പോയാമതി."
"ഏയ്, പറ്റൂല.. നീയില്ലാതെ എനിക്കെന്ത് പെണ്ണുകാണൽ.... അളിയാ.... നാളെ രാവിലെ ഞാൻ വണ്ടീമായി വരും, റെഡിയായി നിന്നോ.... ബിജു കട്ടായം പറഞ്ഞു കൊണ്ട് വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് പറഞ്ഞ സമയത്ത് ബിജു,സിദ്ധുവിന്റെ വീട്ടുമുറ്റത്തെത്തി..... രണ്ടാം പെണ്ണുകാണലിനായി ഇറങ്ങി തിരിച്ചു...
"ദാ.. ഇത് തന്നെ വീട്" അന്നയാൾ പറഞ്ഞ ജംഗ്ഷൻ കഴിഞ്ഞതും ബിജു ആവേശം കൊണ്ടു... വണ്ടിയൊതുക്കി വീട്ടിലേക്ക് കയറി വന്നവരെ കണ്ട് അയാളൊന്ന് അമ്പരന്നു പിന്നെ അകത്തേക്ക് ക്ഷണിച്ചു.
" ഞാൻ കരുതി പിള്ളേര് ടെ തമാശയാന്ന് അതാ അന്നങ്ങനെ... അയാൾ ക്ഷമാപണത്തോടെ സിദ്ധുവിനെ നോക്കി.
അവനൊന്ന് ചിരിച്ചതേയുള്ളൂ....
"മോളേ.....ടീ... ഒന്നിങ്ങ് വന്നേ.... അയാൾ ഉറക്കെ വിളിച്ചു.
"എന്താച്ഛാ........ പാവാടത്തുമ്പ് ഇടുപ്പിൽ കുത്തി എണ്ണമയം കലർന്ന മുഖവുമായി വന്ന അവളെ കണ്ട് ഇമ ചിമ്മാതെ നോക്കി നിന്നു പോയി സിദ്ധു.
പ്രതീക്ഷിക്കാതെ അവരെ കണ്ട അമ്പരപ്പ് അവളിലും നിറഞ്ഞു...
"ഇവര്, അന്ന് പറഞ്ഞ പോലെ വീട്ടുകാരേം കൂട്ടി വന്നതാ മോളേ.... അയാൾ അവളെ നോക്കി..
"ഞാൻ ചായയെടുക്കാം." ധൃതിയിൽ അകത്തേക്ക് നടന്ന അവൾ നിമിഷങ്ങൾക്കകം ചായയുമായെത്തി.... എല്ലാവർക്കും അവളെ ഇഷ്ടമായി എന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് സിദ്ധുവിന് മനസിലായി..... അവൻ ബിജുവിനെ നോക്കി.... എന്തൊക്കെയോ എക്സ്പ്രഷൻ അവന്റെ മുഖത്തും.....
എന്നാ പിന്നെ എല്ലാം ചടങ്ങു പോലെ.... അവർക്ക് എന്തേലും സംസാരിക്കാനുണ്ടേൽ നടക്കട്ടെ...... കൂട്ടത്തിൽ അമ്മാവൻ പറഞ്ഞു.
ബിജു, സിദ്ധുവിന്റെ കൈയ്യിൽ പിടിച്ചു.... രൂക്ഷമായി അവനെയൊന്ന് നോക്കി സിദ്ധു പിന്നെ ജാള്യതയോടെ അവളേയും...
"രണ്ടാളും വല്യ കൂട്ടുകാരാ, എന്തിനും ഒന്നിച്ചാ.. അതാ.. "അമ്മാവൻ പിന്തുണച്ചു.
ചെല്ലടാ.... സിദ്ധു അവനെ മുന്നോട്ട് തളളി...
ടാ... നീയും കൂടി വാ.... ബിജു അവനെ വിളിച്ചു.
"രണ്ടാളും വരൂ എനിക്ക് സംസാരിക്കണം... അവൾ തൊടിയിലേക്കിറങ്ങി.. പുറകെ അവരും.
ബിജുവിനെ അവൾക്കരികിലാക്കി സിദ്ധു അൽപ്പം മാറി നിന്നു.. നിമിഷങ്ങൾ നീണ്ടു... ഒടുവിൽ സിദ്ധുവിനെയൊന്ന് നോക്കി അവൾ പുഞ്ചിരിച്ചു.
ബിജുവരുന്നത് കണ്ട് ഒറ്റ കുതിപ്പിന് അവൻ അടുത്തെത്തി.. "എന്താടാ.. എന്തായീ.... "ചത്ത കുരങ്ങന്റ പോലെയുള്ള അവന്റെ മുഖഭാവം കണ്ട് സിദ്ധു ചോദിച്ചു.
"അളിയാ..... ലോട്ടറി അടിച്ചു... പക്ഷേ...എടുത്ത ടിക്കറ്റ് മാറിപ്പോയി... " അവൻ പിറുപിറുത്തു.
എന്തു വാടാ നീയീ പറയുന്നേ.. സിദ്ധുവിന് ഒന്നും മനസിലായില്ല...
" അതേടാ.. അളിയാ... അവളെടുത്ത ടിക്കറ്റ് ഞാനല്ല.... നീയാ.... അടിപൊളി...." ബിജു അവന്റെ കൈ പിടിച്ചുകുലുക്കി കൊണ്ട് തിരിഞ്ഞു നടന്നു.
"മനസ്സിലുള്ളത് ആരുടെ മുന്നിലും കൂസാതെ ചങ്കുറപ്പോടെ പറയുന്ന ആങ്കുട്ട്യോളെയാ ഏത് പെണ്ണിനും ഇഷ്ടം.. തന്റെ ഇഷ്ടം തുറന്ന് പറയാൻ പോലും മടിക്കുന്ന ഒരാളേക്കാൾ.. അയാൾക്ക് വേണ്ടി ആ ഇഷ്ടം പറഞ്ഞ ആളെയാ എനിക്കിഷ്ടം"...........
ഒന്നും മനസിലാക്കാതെ കേട്ടതിന്റെ തരിപ്പിൽ നിന്ന സിദ്ധുവിനോട് അവൾ പറഞ്ഞു.
അവൻ അവളുടെ മുഖത്തേക്കൊന്ന് നോക്കി..... പതിയെ പതിയെ ആമുഖം ചുവന്നു തുടുക്കുന്നത് കണ്ടപ്പോൾ അവന്റെയുള്ളിലും ഒരു കള്ളക്കാമുകനുണർന്നു.
" എന്നാ പിന്നേ..... ഞാനുമെന്റെ വീട്ടുകാരേം കൊണ്ട് വരാം അല്ലേ..... "
മറുപടിയായി അവളുടെ മുഖം നിറയെ പൂനിലാവായിരുന്നു..
" ഇനിയെങ്കിലും ആ പേരൊന്ന് പറഞ്ഞൂടെ....... സിദ്ധു ചോദിച്ചു...
"കല്യാണി ".... മുത്തു പൊഴിയും പോലെ കിലുങ്ങി കൊണ്ടവൾ അകത്തേക്കോടി........ അവളുടെയാ കാലടികൾ തന്റെ ഹൃദയത്തിന്റെ വാതിലും തുറന്ന് അകത്തേക്ക് കയറുന്നത് സുഖകരമായൊരു കാഴ്ച പോലെ അവനറിഞ്ഞു... ഒപ്പം പുതിയൊരു സ്വപ്നം അവനിൽ മൊട്ടിടാൻ തുടങ്ങി....

Post a Comment

Please Don't Spam here..