ഏട്ടനില്ലായ്മ malayalam short story
*************Written by Sini
അന്നും ഇന്നും എന്നും ലഭിക്കാതെ പോയ ഭാഗ്യം എന്നോർത്തു സങ്കടപെട്ടത് ഒരേ ഒരാളെ ആയിരുന്നു ഒരു ഏട്ടനെ.
അച്ഛമ്മയുടെ പേരക്കുട്ടികൾ ഞാനടക്കം പത്ത് പേർ. അതിൽ ഒരേ ഒരു ആൺകുട്ടി അച്ഛൻപെങ്ങളുടെ മൂത്ത പുത്രനായിരുന്നു. വകയിൽ എന്റെ മുറചെറുക്കൻ. പക്ഷെ എനിക്ക് ഏട്ടൻ തന്നെ. കുട്ടിക്കാലത്തു എന്റെ ഏട്ടൻ എന്നു ഞാൻ പറയുമ്പോൾ ഇത് എന്റെ 'സ്വന്തം' ഏട്ടനാ എന്നും പറഞ്ഞു ഞെളിഞ്ഞിരിക്കുന്ന ആന്റിയുടെ മോള് എന്റെ ആദ്യ ശത്രു ആയി. അപ്പൊ സ്വന്തമായൊരു ഏട്ടനില്ലാത്ത നഷ്ടം അറിഞ്ഞു. അവളെ പിന്നിലിരുത്തി ഏട്ടൻ സൈക്കിൾ കൂടുതൽ ഓടിക്കുമ്പോൾ ഏട്ടനില്ലായ്മ വീണ്ടും അറിഞ്ഞു.
മൂത്തപുത്രിക്ക് പക്വത വേണം, എല്ലാം ഇളയവർക്ക് വിട്ടു കൊടുക്കണം, എന്നു ഉപദേശം വന്നപ്പോൾ വെറുതെ ഒരു ഏട്ടന്റെ കുഞ്ഞനിയത്തി ആവാൻ കൊതിയായി ആ പത്താം ക്ളാസ്കാരിക്ക്.
ഏട്ടന്റെ പിന്നിലിരുന്നു ബൈക്കു യാത്ര ചെയ്തതിന്റെ കഥകൾ കേട്ടുക്കൊണ്ടിരുന്നപ്പോൾ വീണ്ടും അറിഞ്ഞു ഏട്ടനില്ലായ്മ്മ.
കുടുംബത്തിലെ ആൺകുട്ടികൾ എല്ലാം സമപ്രായക്കാരായപ്പോൾ ഏട്ടൻ എന്നത് വലിയൊരാഗ്രഹമായി. ഒന്നു പേടിപ്പിക്കാൻ,വഴക്ക് പറയാൻ, പഠിപ്പിക്കാൻ, തെറ്റ് ശരികൾ പറഞ്ഞു തരാൻ ,തല്ലു കൂടാൻ ഒരേട്ടൻ..
ഏട്ടനായി കണ്ട ചിലർക്ക് ഇങ്ങോട്ട് പ്രണയമാണെന്നറിഞ്ഞപ്പോൾ 'നൽകിയ സ്ഥാനത്തിന്റെ വില കളയരുത്' എന്നു പറഞ്ഞു അപരിചതയെ പോലെ അഭിനയിക്കേണ്ടി വന്നപ്പോൾ അന്നും അറിഞ്ഞു സ്വന്തമായൊരു ഏട്ടനില്ലായ്മയെ.
പഠിക്കാൻ മിടുക്കി ആയതു കൊണ്ട് ,Pdc ക്ക് തോറ്റ് വീണ്ടും പരീക്ഷ എഴുതാൻ നോക്കിയപ്പോൾ 14 km ദൂരെ സെന്റര് കിട്ടിയപ്പോൾ കൂടെ വരാൻ ആരും ഇല്ലാതെ പരീക്ഷക്ക് പോവാൻ പറ്റാതെ ആയപ്പോൾ ആദ്യമായി അച്ഛൻ നാട്ടിൽ ഇല്ലാത്തതിനു ദേഷ്യം വന്നു. ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ കൂട്ടി കൊണ്ടു പോകുമായിരുന്നല്ലോ എന്നോർത്തു സങ്കടപെട്ടപ്പോൾ വീണ്ടും അറിയുകയായിരുന്നു ആ ഏട്ടനില്ലായ്മ്മ..
സങ്കടങ്ങളെ മൂത്ത പുത്രിയെന്ന ചട്ടക്കൂടിൽ കെട്ടിയിട്ടപ്പോൾ, ഇളയ അനിയത്തിമാർ ചെറുതായത് കൊണ്ട് അവരോട് എന്ത് പറയാൻ എന്ന ചിന്തയിൽ മൗനമായപ്പോൾ അപ്പോഴും ഓർത്തു ഓടി ചെന്നു പറയാൻ ഒരു ഏട്ടന്റെ തണൽ...
ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ഒരു ഏട്ടന്റെ അനിയത്തിക്കുട്ടിയായി ജനിക്കേണം. അച്ഛന്റെ തണലേകുന്ന ഒരേട്ടന്റെ....
കടപ്പാട് ✍️സിനി