അമ്മായിയമ്മപ്പോരും ചട്ടി ഏറും
Credit: to writer
ആരോട് പറയാൻ, ആര് കേൾക്കാൻ "
"ഡീ ഒരുമ്പട്ടോളെ, നീ വന്ന് കേറിയപ്പോൾതൊട്ടാടീ ഈ വീട് മുടിഞ്ഞത് "
" പിന്നെ, ഞാൻ വരണെന് മുന്നേ പത്തു പത്തായവും അതില് മുഴുവൻ നെല്ലും അല്ലായിരുന്നോ. ഒന്ന് പോ തള്ളേ,മാലേം വളയുമായി ഇരുപത് പവൻ തന്നിട്ട് ഇപ്പൊ അങ്ങേരിട്ട മാല അടക്കം ബാങ്കിൽ ആണ്, ഇപ്പൊ ദേ കിടക്കുന്നു മഞ്ഞ ചരടിൽ ഒരു താലി "
ഭാര്യ മഞ്ഞ ചരടിലുള്ള താലി പൊക്കി കാണിച്ചു...
" കണക്കായിപോയെടീ,സ്വർണ്ണവും പണ്ടവും ഇട്ട് ഞെളിഞ്ഞു നടക്കാൻ നീ വിശ്വസുന്ദരി പട്ടത്തിനു പോകുന്നില്ലല്ലോ, ഒരു സുന്ദരി കോത, പോടീ, പോയി തൊഴുത്തിന്നു ചാണകം വാര്,പോ "
" അകത്തെ മുറിയിൽ മലന്നു കിടന്നുറങ്ങുന്നുണ്ടല്ലോ പുന്നാര മോൻ, പോയി വിളി, എന്നിട്ട് അമ്മയും മോനുംകൂടി അങ്ങ് വാരിക്കോ,ഇനി ഞാൻ വാരിയിട്ട് പശു ചാണകം ഇടാതിരിക്കണ്ട "
ശോ, ഒന്നേൽ അവൾ, അല്ലേൽ അമ്മ, രണ്ടിൽ ഏതെങ്കിലും ഒന്ന് ഇപ്പൊ എത്തും. ഈശ്വരാ, ഈ ഞായറാഴ്ച
കണ്ടുപിടിച്ചതാരാണാവോ, ആഴ്ചയിൽ ആറുദിവസം മതിയാരുന്നു. രണ്ടാളുംകൂടെ രാവിലെ തുടങ്ങി. ഇന്ന് ചട്ടി കുറെ പൊട്ടുവല്ലോ ദൈവമേ, നീ ഇത് വല്ലതും കാണുന്നുണ്ടോ.
ഞാൻ പുതപ്പ് തലവഴി ഇട്ട് മൂടി.
" അതെ, ഒന്നെണീറ്റെ, അമ്മ വിളിക്കുന്നുണ്ട്, ചാണകം വാരണം "
അവള് വാതിൽകെ വന്ന് വിളിച്ചു. വേണ്ട, എണീറ്റാൽ ചിലപ്പോൾ വാരേണ്ടി വരും, ഞാൻ കൂർക്കം വലിക്കാൻ തുടങ്ങി. റെസ്പോൺസ് ഒന്നും കാണുന്നില്ല എന്ന് കണ്ടപ്പോൾ അവള് പോയി. പെട്ടെന്ന് ഒരു ബക്കറ്റ് വെള്ളം വന്ന് ദേഹത്ത് വീണപ്പോൾ ഞാൻ ഞെട്ടി എണീറ്റു. ആരാന്നു നോക്കാൻ എണീറ്റപ്പോൾ അതാ അടുത്ത ബക്കറ്റ് വെള്ളം ദേഹത്ത് പതിച്ചു...
" ഇങ്ങനെ പെൺകോന്തൻ ആയി ജീവിക്കുന്നേലും മെച്ചം പോയി ആ ചാണകക്കുഴിയിൽ ചാടെടാ നാറീ "
അതും പറഞ്ഞ് അമ്മ ബക്കറ്റിൽ വെള്ളം കോരാൻ പോയി. അമ്മപോയ പുറകെ അവള് വന്നെത്തിനോക്കി. നനഞ്ഞ കോഴിയെപോലെ നിക്കുന്ന എന്നെക്കണ്ടിട്ട് വന്ന പൊട്ടിച്ചിരി മറക്കാൻ പരമാവധി ശ്രമിച്ചിട്ട് ഒരു ഗൗരവം മുഖത്തു സൃഷ്ടിച്ചു അവൾ പറഞ്ഞു..
" പൊക്കോ, പോയി വാരിക്കോ, അമ്മേടെ പുന്നാര മോനല്ലേ, പോരുമ്പോ കഴുകി വൃത്തിയാക്കിക്കോ, അതാവുമ്പോ ഇനി കേറുമ്പോൾ വാരാൻ എളുപ്പം ഉണ്ടാകും "
ഒരു സംഘർഷം ഒഴിവാക്കാൻ ഞാൻ തൊഴുത്തിലേക്കു നടന്നു. നേരം വെളുത്തു ഇതുവരെ ഒരു കട്ടൻ ചായ പോലും കുടിച്ചിട്ടില്ല. ഇന്നേവരെ തൊഴുത്തിൽ കയറീട്ടില്ലാത്ത ഞാൻ കുനിഞ്ഞു നിന്നു ചാണകം വാരുമ്പോൾ ചുറ്റും കറങ്ങി നടന്ന് അവൾ ചിരിക്കുന്നുണ്ട്. ഈ പശുകൃഷി നടത്തുന്നവരെ സമ്മതിക്കണം, ഇക്കണ്ട ചാണകം മുഴുവനും എങ്ങനെ വാരാനാ
അച്ഛൻ മരിച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ് രണ്ടുപേരുടെയും അങ്കം. അച്ഛന്റെ രണ്ടാം ചരമ വാർഷികം ആയി. ഇതുവരെ അങ്കം തീർന്നില്ല. ഇതൊരു കാരണം, കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം ആയി, ഇതുവരെ ഗർഭിണി ആയിട്ടില്ല, അതും പറഞ്ഞ് അമ്മയെ പെണ്ണുങ്ങൾ കുശുമ്പ് കുത്തും. അമ്മ ഇവിടെ വന്ന് ഇവളുടെ നടപ്പുറത്തിട്ടു കുത്തും. പിന്നെ വാൾ പയറ്റും കത്തിക്കുത്തും.
ആളൊരു പാവം ആണ്, പക്ഷെ വീട്ടിലെ കാര്യങ്ങൾ ഞാൻ അവളെ ഏൽപ്പിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല, അമ്മയെ ഏൽപ്പിക്കുന്നത് അവൾക്കും ഇഷ്ടമല്ല, പാവം ഞാൻ, ഇതിന്റെ ഇടയിൽ കിടന്ന് പെടാപ്പാട് പെടുവാണ്.... മടുത്തു, പാവം ഞാൻ...
ഒരു പന്ത്രണ്ടു മണിയായാൽ രക്ഷപ്പെട്ടു. പിന്നെ വനിതാ സംഘം, കുടുംബ ശ്രീ എന്നൊക്കെ പറഞ്ഞ് രണ്ടും രണ്ട് വഴിക്ക് പൊക്കോളും. പിന്നെ നാല് മണി കഴിഞ്ഞേ വരൂ.
അങ്ങനെ ചാണകം വാരിയും പശുവിനെ കുളിപ്പിച്ചും ഞാൻ പന്ത്രണ്ടു മണി വരെ തൊഴുത്തിൽ തന്നെ നിന്നു. അതിനിടയിൽ വീട്ടിൽ നിന്ന് പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി, ഞാൻ ആ ഭാഗത്തേക്ക് പോയില്ല. രണ്ടും തല്ലി ചാവട്ടെ...
സമയം പന്ത്രണ്ടായി, രണ്ടാളും രണ്ട് വഴിക്ക് പോയി. ഞാൻ പതിയെ വീട്ടിലും കയറി. മത്തിക്കറിയും കൂട്ടി ചോറും തിന്ന് സെന്റർ ഹാളിൽ നിലത്തുകിടന്നു ടി വി കണ്ടോണ്ടിരുന്നതാ,ചെറുതായിട്ടൊന്നു ഉറങ്ങിപ്പോയി. പിന്നെ എണീക്കുന്നത് എന്തൊക്കെയോ പൊട്ടി തകരുന്ന ഒച്ച കെട്ടിട്ടാണ്.
അമ്മ കലം എടുത്തെറിയുന്നു, അവൾ ചട്ടി എടുത്തെറിയുന്നു, രണ്ടും ലക്ഷ്യം കാണാതെ നിലത്തു വീണ് പൊട്ടി ചിതറുന്നു. സംഭവം സീനായി, എന്തോ പ്രശ്നം ഉണ്ട്. അല്ലേൽ ഇതുവരെ കയ്യാങ്കളി ആയിട്ടില്ല. ഞാൻ അവളെ പിടിച്ചു നിർത്തി. ആ ഗ്യാപ്പിൽ അമ്മ ഒരു മുട്ട എടുത്തെറിഞ്ഞത് കറക്റ്റ് അവളുടെ തലയിൽ കൊണ്ട് പൊട്ടി.
" ഡീ ഒരുമ്പെട്ടോളെ, എന്റെ മോനെക്കൊണ്ട് ചാണകം വാരിച്ച കുരിപ്പേ, നീ ഇനി ചാണകം വാരുമ്പോൾ നിന്നെ പശു ചവിട്ടി ചാണകക്കുഴിയിൽ ഇടുമെഡീ മൂധേവി "
"ആഹാ, ഇനി എന്റെ പട്ടി ചാണകം വാരും,അല്ലേൽ ദേ നിക്കുന്നു നിങ്ങടെമോൻ, വാരിച്ചോ, എന്നെ പ്രാകിയ മൂധേവീ, നിങ്ങള് അടിച്ചുവാരുമ്പോൾ ചീഞ്ഞ കപ്പളം പൊട്ടി നിങ്ങടെ നെറുകം തലയിൽ വീഴട്ടെ,എന്നിട്ട് നിങ്ങടെ തലയിൽ കാക്ക കൊത്തട്ടെ "
" എന്നാലും എന്റെ മോനീഗതി വന്നല്ലോ എന്റെ ദൈവമേ, ഞാനീ സങ്കടം ആരോടു പറയും എന്റെ ദൈവങ്ങളെ "
കണിയാൻ പറഞ്ഞത് ശരിയാണ്, രണ്ടും മുന്നാളാന്നാണ്, തമ്മിൽ ചെരൂല, വേറൊരു പഴഞ്ചോല്ലാണ് വായിൽ വരുന്നത്. അതൊരല്പം അശ്ലീലം ആയതുകൊണ്ട് പറയുന്നില്ല.
പൊട്ടിയ മുട്ടയുംതലയിൽ വച്ച് നിൽക്കുന്ന ഭാര്യയെ കണ്ടപ്പോൾ പൊട്ടിച്ചിരി വന്നെങ്കിലും എന്റെ തലയിലും മുട്ട വീഴാനുള്ള സാധ്യത മുന്നിൽ കണ്ടുഞാൻ ചിരിയെ അടക്കി നിർത്തി.
ഒരു തരത്തിൽ രണ്ടാളെയും സമാധാനിപ്പിച്ചു ഞാൻ ഇടയിൽ ഇരുന്നു കാര്യം ചോദിച്ചു.
രാവിലെ ഞാൻ ചാണകം വരുന്നത് കണ്ട ആരോ അത് കുടുംബശ്രീയിൽ പറഞ്ഞിരിക്കുന്നു.എല്ലാവരും കൂടി അമ്മായി അമ്മയെയും മരുമോളെയും അവിടെ നടുക്കളത്തിൽ ഇട്ട് വാരി...
തന്റെ ഭർത്താവിനെ കളിയാക്കിയത് അവൾക്കു വലിയ കുറച്ചിലായി, മകനെ കളിയാക്കിയത് അമ്മയ്ക്കും വലിയ കുറച്ചിലായി. അവള് കാരണമാണ് ഞാൻ ചാണകം വാരിയതെന്നു അമ്മ, അമ്മ കരണമാണെന്നവൾ. ശെടാ, എന്നാലിത് പറഞ്ഞവരുടെ മുതുകത്തു രണ്ടെണ്ണം കൊടുത്തിട്ട് വരണ്ടേ, വീട്ടിൽ വാങ്ങിവെച്ച ചട്ടിയും കലവും പൊട്ടിച്ചിട്ടെന്താ കാര്യം.
അവള് തലയിൽ വീണ് പൊട്ടിയ മുട്ട കഴുകിക്കളഞ്ഞു നേരെ റൂമിൽ കയറിയതാണ്, സമാധാന ചർച്ചകൾക്കായി പലതവണ ചെന്നിട്ടും പ്രയോജനം ഉണ്ടായില്ല.
രാത്രി ഹാളിൽ ഇരുന്ന് അമ്മ കണക്ക് പറയാൻ തുടങ്ങി.നമ്മുടെ കല്യാണത്തിന് ശേഷമുണ്ടായ കടങ്ങളുടെ കണക്കാണ്. എന്നാൽ യഥാർത്ഥ വസ്തുത ഈ കടങ്ങളുമായി അവൾക്കു യാതൊരു ബന്ധവും ഇല്ലെന്നതാണ്. ഇനി ഒരു സംഘർഷം ഒഴിവാക്കാൻ ഞാൻ അവളോട് മിണ്ടരുതെന്നു പറഞ്ഞു. അമ്മയോട് അങ്ങനെ പറഞ്ഞാൽ അമ്മ എന്റെ അച്ഛന് വിളിക്കും. അപ്പോപ്പിന്നെ അവളാണ് നല്ലത്.
രാത്രി ശൃംഗരിക്കാൻ ചെന്നപ്പോൾ തൊട്ടുപോകരുതെന്നായി ഭീഷണി. അവളിറങ്ങി താഴെ കിടന്നു.അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടുണ്ട്,ഇതിപ്പോ അമ്മയോട് തോറ്റതിന് എന്നോടായല്ലോ ദൈവമേ, എന്തായാലും ഇന്ന് രാത്രി പട്ടിണി ആയി.
കല്യാണം കഴിഞ്ഞേൽ പിന്നെയാണ് അച്ഛൻ മരിച്ചതും ,അവിടം തുടങ്ങിയാണ് വീട്ടിൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. അപ്പൊ ഒരു തരത്തിൽ അമ്മയെ കുറ്റം പറയാൻ പറ്റില്ല, പക്ഷെ ആ കടങ്ങളൊക്കെ വീട്ടിയത് അവളുടെ സ്വർണ്ണം പണയം വച്ചാണ്, ക്യാഷായും മേടിച്ചു. അപ്പൊ അവളെയും കുറ്റംപറയാൻ പറ്റില്ല.
രാവിലെ എണീറ്റ് പത്രം വായിക്കാൻ ഇരുന്ന എനിക്ക് അവൾ ഒരുഗ്ലാസ് കട്ടൻ ചായയും ഒരു ലോട്ടറി ടിക്കറ്റും കൊണ്ടുതന്നു.സാധാരണ ലോട്ടറി എടുക്കന്നതല്ല, കൈ വയ്യാത്ത ഒരു അമ്മയുടെ കയ്യിൽ നിന്ന് എടുത്തതാണത്രെ. അതെന്തായാലും നന്നായി, സഹജീവി സ്നേഹം നല്ലതാ, പക്ഷെ വീട്ടിൽ കാണുന്നില്ലെന്ന് മാത്രം.
സാധാരണ എല്ലാവരും നോക്കുന്നപോലെ അവസാന നാലക്കം മാത്രം നോക്കിയ ഞാൻ വെറുതെ മേലോട്ട് നോക്കിയപ്പോൾ ദേ കിടക്കുന്നു അഞ്ചാം സമ്മാനം. അഞ്ചു ലക്ഷം രൂപ. അടിച്ചുമോളെ, പത്രം വലിച്ചെറിഞ്ഞു ഓടിചെന്നവളെ പൊക്കി എടുത്ത് നാല് ചാട്ടം ചാടി.
പക്ഷെ മരുമോൾക്കു ലോട്ടറി അടിച്ചതിന്റെ ഒരു സന്തോഷവും അമ്മായിയമ്മയുടെ മുഖത്തു കണ്ടില്ല. എന്തായാലും കുളിച്ചൊരുങ്ങി അവളേം കൂട്ടി ഞാൻ ക്യാഷ് മാറാൻ പോയി.ക്യാഷ് വാങ്ങി ഒന്ന് കറങ്ങി ഇന്നലെ പൊട്ടിച്ച ചട്ടിയും കലവും അടക്കം എല്ലാ സാധനങ്ങളും വാങ്ങി, കുറച്ച് ഡ്രസ്സ് ഒക്കെ എടുത്ത് തിരികെ വന്നു.
അപ്പോഴതാ മിസ്സ് അമ്മായിഅമ്മ അതായത് എന്റെ അമ്മ മുറ്റത്ത് നിക്കുന്നുണ്ട്. ദുർഗ്ഗയാണോ അതോ ഭദ്രകാളി ആണോന്ന് കണ്ടറിയണം.....
അല്ല, രണ്ടുമല്ല, അമ്മയതാ ശാന്തമായ ഭാവം സ്വീകരിച്ചിരിക്കുന്നു. അമ്മയുടെ കയ്യിൽ കുറച്ച് ചുവന്ന മുളകും ഉപ്പും ഒക്കെയുണ്ട്.. വന്നിറങ്ങിയപാടെ മരുമോളെ നന്നായി ഒന്നുഴിഞ്ഞു. ദൃഷ്ടി ദോഷം വരാതിരിക്കാനാ. ഉഴിഞ്ഞെന് ശേഷം പുതുപ്പെണ്ണിനെ കൊണ്ടുപോകുന്നപോലെ അവളെയും വിളിച്ച് അകത്തേക്ക് പോയി. ഉപ്പും മുളകും കൊണ്ടുപോയി അടുപ്പിൽ ഇട്ടു. അത് കാണാൻ പുറകെ പോയ ഞാൻ ആഞ്ഞു തുമ്മി.
" ഹാ ഛീ " " ഹാ ഛീ "
"ഒന്നേൽ കളരിക്ക് പുറത്ത്, അല്ലേൽ ആശാന്റെ നെഞ്ചത്ത്"
രണ്ടായാലും പണി എനിക്ക് തന്നെ.
അകത്തുപോയ അവൾ തുണിക്കവറിൽ നിന്ന് ഒരു കവർ എടുത്ത് അമ്മയ്ക്ക് കൊടുത്തു. ഒരു സാരിയാണ്.ചട്ടിയും കലവുമൊക്കെ അടുക്കളയിൽ പെറുക്കി വച്ചു. ബാക്കി വന്ന കാശ് മുഴുവനും അമ്മയ്ക്ക് കൊടുത്തു.
അമ്മയ്ക്ക് കുരുട്ട് ബുദ്ധി ആണെങ്കിൽ അവൾക്കു കാഞ്ഞബുദ്ധിയാ...
ഇപ്പൊ അമ്മായിയമ്മയും മരുമോളും ഒന്നായി, തൊഴുത്തിന്നു ചാണകം വാരിയ ഞാൻ ശശിയായി...
എന്തായാലും പോരവസാനിപ്പിച്ചു നല്ലൊരു കുടുംബജീവിതം നയിക്കാൻ എന്നെ സഹായിച്ച ലോട്ടറി ടിക്കറ്റിനു നന്ദി, നന്ദി, പറഞ്ഞാൽ തീരാത്തത്രേം നന്ദി...