മംഗല്യം തന്തു നനേന - malayalam story by lis lona
മംഗല്ല്യം തന്തു നാനേന
Mangalyam Thandhunanena
Malayalam story
Written by lis lona
•••••••••••" ഇന്നത്തെ ഒരു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ന്റെ മോനേ നീ പറഞ്ഞപോലൊക്കെ ഞാൻ തരില്ലേ...ദേ മതി കിന്നാരം...ഇപ്പൊ തന്നെ അവിടെയകത്തു എല്ലാരും എന്നെ തിരയുന്നുണ്ടാകും...വൈകുന്നേരം അവിടുന്ന് ആൾക്കാര് വരും മുൻപേ എനിക്കൊന്നൊരുങ്ങണം ..."
പിന്നാമ്പുറത്തെ ആളൊഴിഞ്ഞ മൂല നോക്കി വന്നതാണ് ഫോൺ ചെയ്യാൻ...പക്ഷേ ഇവിടെയും കലപില ബഹളം തന്നെ...
ഈ പിള്ളാർക്ക് സാറ്റ് വച്ചു കളിയ്ക്കാൻ കല്യാണവീടിനകത്തു മാത്രേ സ്ഥലം കണ്ടുള്ളൂ!! ഒപ്പം വെടിപൊട്ടിക്കുന്ന ഒച്ചയിൽ വിരുന്നുകാരുടെ ഉറക്കെയുള്ള വിശേഷം പറച്ചിലും...
അതിനിടെല് ഞാൻ ഫോൺ പിടിച്ചു കിന്നരിക്കുന്നത് കണ്ടിട്ട് പന്തലുകെട്ടാനും സദ്യയൊരുക്കാനുമൊക്കെ സഹായിക്കാൻ വന്ന അയൽപക്കത്തെ ചേട്ടന്മാരുടെ ഒരുവക ഇക്കിളി കളിയാക്കലും..
നാളെയാണെന്റെ വിവാഹം...വളയിട്ട് ഉറപ്പിച്ചു വച്ചിട്ട് കൊല്ലമൊന്നായി...
പഠിപ്പ് കഴിഞ്ഞു മതിയെന്ന് ഞാൻ വാശിയോടെ പറഞ്ഞതും അച്ഛൻ തർക്കത്തിനു നിൽക്കാതെ മതിയെന്ന് സമ്മതം മൂളി എന്നാപ്പിന്നെ ഉറപ്പിച്ചിടാമെന്നായി രാകേഷേട്ടന്റെ വീട്ടുകാർ ....പക്ഷേ മാസങ്ങൾ കഴിയുന്തോറും പഠിപ്പൊന്നു തീർന്നാൽ മതി ഭഗവാനേ എന്നായി എനിക്കും..
അങ്ങനെ ഇണങ്ങിയും പിണങ്ങിയും ഫോണിൽകൂടിയുള്ള കുറുങ്ങലുമൊക്കെയായി കല്യാണമിങ്ങെത്തി...
കുറച്ചധികം സമയം പരസ്പരമറിയാൻ കിട്ടിയത് കൊണ്ട് തന്നെ ഒരുപാടിഷ്ടമാണ് രണ്ടാൾക്കും...
ആലോചിച്ചുറപ്പിച്ച ശേഷമുള്ള പ്രണയമെന്ന് തന്നെ പറയാം..
ആലോചിച്ചുറപ്പിച്ച ശേഷമുള്ള പ്രണയമെന്ന് തന്നെ പറയാം..
" സയൂ...നീയെന്താ മിണ്ടാതെ നിൽക്കുന്നെ...ഞാനീ തിരക്കിനിടയിൽ ഓടിവന്നത് നീ പിണങ്ങണ്ടാന്നു വിചാരിച്ചാണ്..അപ്പോ പെണ്ണിന് ഒടുക്കത്തെ ജാഡ...വച്ചിട്ട് പോടീ...എല്ലാം കൂടി നാളെ രാത്രി നിനക്ക് തരാം കേട്ടോ..."
"നീ പോടാ കുരങ്ങാ... ഞാനിവിടുത്തെ ബഹളം കാരണം മര്യാദക്ക് മിണ്ടാൻ പോലും പറ്റുന്നില്ലെന്നോർത്തു നിക്കാരുന്നു...ആ പിന്നേ...നാളെയിങ്ങു ശരിയാക്കാൻ വായോ ഞാൻ മിണ്ടാതെ നിന്നുതരാം ഇമ്മിണി..."
അപ്പുറത്തെ ചിരിക്കൊപ്പം ഞാനുമുറക്കെ പൊട്ടിച്ചിരിച്ചതും അമ്മ അടുക്കളവാതിലിനടുത്തു വന്ന് എത്തിനോക്കി കഴിഞ്ഞില്ലേ ഇതെന്ന് ട്രാഫിക് പോലീസിനെപോലെ ആംഗ്യം കാണിച്ചു...ഇപ്പൊ വരാമെന്ന് കൈകൊണ്ട് ഞാനും മറുപടി കൊടുത്തു..
"അതേ ഞാൻ വയ്ക്കാണേ...ഇനി രാത്രി ഉറങ്ങാൻ പോകും മുൻപേ വിളിക്കാൻ പറ്റുകയാണെങ്കിൽ വിളിക്കാം അല്ലെങ്കിൽ നാളെ മണ്ഡപത്തിൽ വച്ചു കാണാം കേട്ടോ..."
" ഡീ വക്കല്ലേ ഒരു കാര്യം കൂടി... ഇന്ന് വൈകുന്നേരം ചേച്ചിക്കും അളിയനുമൊപ്പം അവരുടെ അമ്മയും നാത്തൂനുമൊക്കെ ഉണ്ടാകും കേട്ടോ പുടവ കൊണ്ടുവരാൻ..."
ആയിക്കോട്ടെ എന്നു പറയാൻ നാവുയർത്തുമ്പോഴേക്കും കേട്ടു ആരോ തൊണ്ട പൊട്ടി എന്നെ വിളിക്കുന്നത് ...
തിരിഞ്ഞു നോക്കി വേഗമൊരു "ആ " മൂളി ഫോൺ കട്ടാക്കി...
തിരിഞ്ഞു നോക്കി വേഗമൊരു "ആ " മൂളി ഫോൺ കട്ടാക്കി...
ഓ കൂട്ടുകാരാണ്...
"സയനാ.....ടോ മണുങ്ങൂസേ...താനിവിടെ വന്ന് നിൽക്കാണോ ...വന്നേ ആ ബ്യൂട്ടിഷൻ വന്നിട്ടുണ്ട് ഹെന്നയിടാൻ..."
അവർക്ക് പിന്നാലെ ചിരിച്ചു അകത്തുകയറുമ്പോൾ കേൾക്കാം അടുക്കളപ്പുറത്തു കുശുകുശുപ്പ് ...ഏത് നേരോം ഫോണിലന്നെ ഇപ്പോഴത്തെ കുട്ട്യോള് ...
മാസങ്ങളോളമായി സ്വപ്നം കണ്ടതാണ് ഈ കല്ല്യാണം...ക്ഷണിക്കേണ്ടുന്നവരുടെ ലിസ്റ്റ് ഇടുന്നത് മുതൽ ഓരോ നിമിഷവും..
എണ്ണം പറഞ്ഞ നാലഞ്ച് ബ്യൂട്ടീഷനെ നോക്കി ഒടുവിലൊരാളെ ഇഷ്ടപെട്ടതാണ് വന്നേക്കുന്നത് അതും ഹെന്നയിടാൻ വേണ്ടി മാത്രം...
മുറിയിൽ പോയി ഒന്നുകൂടെ ഒരുങ്ങി ..കുറച്ചു നേരം കൂടുതൽ ഇരിക്കാനുള്ളതല്ലേ അവർക്ക് മുൻപിൽ... ഇത്തിരികൂടി കഴിഞ്ഞാൽ തലേന്ന് കല്യാണപെണ്ണിനെ കാണാൻ വരുന്നവരെകൊണ്ടുള്ള ബഹളമായിരിക്കും..
ചെറിയ സ്റ്റൂളിൽ അവർക്ക് മുൻപിൽ രണ്ടു കയ്യും നീട്ടി ഇരുന്ന് കൊടുത്തു...കൂട്ടുകാരും കൂടപ്പിറപ്പുകളും ഒക്കെ കൂടി തമാശ പറഞ്ഞു ചിരിച്ചുമറിയുന്നതും നോക്കി ഞാൻ കല്യാണപ്പെണ്ണിന്റെ നാണത്തോടെ ഇത്തിരി ഗമയിൽ ഇരുന്നു...
ആവശ്യത്തിനും അനാവശ്യത്തിനും എല്ലാ കല്യാണവീട്ടിലും കാണുന്ന കാരണവരായി തിരക്കഭിനയിച്ചു അകത്തുള്ളവർക്ക് എല്ലാം കിട്ടിയോ ചായ വേണോ എന്നൊക്കെ ചോദിച്ചു തോളത്തൊരു തോർത്തുമിട്ട് ചേച്ചിയുടെ ഭർത്താവ് രമേശേട്ടൻ ഓടി നടക്കുന്നുണ്ട്...
ഒന്നും പ്രത്യേകിച്ച് കാണാനില്ലെങ്കിലും മയിലാഞ്ചി ഇടുന്നതും നോക്കി കുടുംബത്തിലെ ചേച്ചിമാരും നാത്തൂന്മാരും...
കിട്ടുന്ന ഇടവേളയിൽ മേശപ്പുറത്തു വച്ച ജ്യൂസ് എടുത്തു കുടിച്ചു ആരും കാണാതെ മിച്ചറും ലഡ്ഡുവും അച്ചപ്പവുമൊക്കെ വായിലേക്കിട്ട് ഓടിപ്പോകുന്ന കുട്ടിപട്ടാളങ്ങൾ...
ഇതിനിടയിൽകൂടി സ്വർണം കാണാൻ വരുന്നവരെ നിരാശപെടുത്താതെ അമ്മയോടി വന്ന് അരയിൽ കെട്ടിയിട്ട താക്കോലെടുത്തു അലമാരി തുറന്ന് ആഭരണങ്ങൾ കാണിച്ചു കൊടുക്കുന്നു...
"രാകേഷിന്റെ വീട്ടുകാര് പുടവ കൊണ്ടുവന്ന് തരാൻ എട്ടുമണിയോടെ എത്തുമെന്നാണ് പറഞ്ഞത് അതിന് മുൻപേ തീർക്കണം.."
അമ്മ അരികെ വന്ന് ചെവിയിൽ പറഞ്ഞു...
നേരം പോയതറിഞ്ഞില്ല ഒരുവിധം മയിലാഞ്ചിയിടൽ തീരാനായതും ഒരു വണ്ടി നിറയെ ചെറുക്കൻ വീട്ടിൽ നിന്നും ആൾക്കാരെത്തി...
വന്നവരുടെ മുൻപിൽ ഭവ്യതയോടെ മയിലാഞ്ചിയിട്ട കൈകൾ നീട്ടി പിടിച്ചു ഞാൻ എഴുന്നേറ്റ് നിന്നു...
" ആഹാ ഇപ്പോഴും കഴിഞ്ഞില്ലേ ഇത് ...നാളെ താലി കെട്ടുന്ന നേരത്തേക്ക് തീരുമോ സയൂ..."
നാത്തൂന്റെ വക വളിച്ച തമാശ കേട്ടതും ഞാനവളെയൊന്ന് കണ്ണുരുട്ടി നോക്കി ...
ഫോണിൽകൂടിയും അല്ലാതെയും അവളുമായി നല്ല കൂട്ടായത് കൊണ്ട് ചിരിച്ചു അവളുമൊന്നു പാതി കണ്ണടച്ച് കാണിച്ചു...
ഫോണിൽകൂടിയും അല്ലാതെയും അവളുമായി നല്ല കൂട്ടായത് കൊണ്ട് ചിരിച്ചു അവളുമൊന്നു പാതി കണ്ണടച്ച് കാണിച്ചു...
നാത്തൂന്റെ അമ്മയും അവരുടെ ഏതോ വകയിലെ ഏതോ ഒരു വല്യച്ഛനും കൂടെ വന്നത് കൊണ്ട് അവളൊരല്പം ഗൗരവത്തോടെയാണ് നിന്നതെന്ന് ഞാൻ ശ്രദ്ധിച്ചു...
വന്നവരോട് വിശേഷം ചോദിക്കാനും സ്വീകരിക്കാനും അച്ഛൻ വരാൻ വൈകിയതിൽ കൂടെ വന്ന വല്യച്ഛന് മുഷിച്ചിൽ...കല്ല്യാണതലേന്നിന്റെ ആഘോഷങ്ങൾ നേരത്തെ തുടങ്ങിയതാകാം പുള്ളി നല്ലോണം മിനുങ്ങി തലക്ക് പിടിച്ചാണ് വന്നേക്കുന്നത്...
അച്ഛനെന്തോ അത്യാവശ്യത്തിനു പുറത്തുപോയതാണെന്ന് അമ്മ സമാധാനം പറഞ്ഞിട്ടും ഈ വല്യച്ഛൻ തൃപ്തനല്ല...
ഒന്ന് രണ്ട് വട്ടം ഇങ്ങനൊന്നുമല്ല കുടുംബത്തിൽ പിറന്നവർ ചെയ്യേണ്ടതെന്ന് പറഞ്ഞു തലവെട്ടിച്ചതും രമേശേട്ടൻ കേറി കൊളുത്തിട്ടു...കുടുംബമഹിമ ഇത്തിരി കുറഞ്ഞിരുന്നോണ്ടല്ലേ നിങ്ങടെ ബന്ധം എടുക്കേണ്ടി വന്നതെന്ന്...
വളരെ നിസ്സാരമായി കാണേണ്ടിയിരുന്ന ഒരു കാര്യം വലിയൊരു ബോംബായി മാറിയത് നിമിഷങ്ങൾക്കുള്ളിലായിരുന്നു...
അങ്ങോട്ടുമിങ്ങോട്ടും അച്ചടിഭാഷയിൽ തുടങ്ങിയ വാഗ്വാദം വഴി മാറി ലിപിയില്ലാത്ത പ്രാകൃതഭാഷയിലേക്ക് മാറി മറിഞ്ഞതും വല്യച്ഛൻ കൈ വീശി രമേശേട്ടന്റെ മുഖം നോക്കി ഒന്ന് കൊടുത്തതും നിമിഷവേഗത്തിലായിരുന്നു..
എല്ലാവരും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ പകച്ചു നിൽക്കുന്നത് നാത്തൂനെന്നെ ഏല്പിച്ച പെട്ടിക്കടുത്തു നിന്ന് ഞാൻ കണ്ടു...
ഉന്തും തള്ളും ബഹളവും നടക്കുന്നതിനിടയിലേക്ക് അച്ഛനോടിയെത്തി തടഞ്ഞു മാറ്റുമ്പോഴേക്കും രമേശേട്ടന്റെ ഷർട്ടിന്റെ ബട്ടൻസെല്ലാം പൊട്ടി മസിലും കാണിച്ചു നില്പുണ്ട്...ഡബിൾമുണ്ട് ഊരി കൈയിൽ ചുറ്റി നിക്കറും കാണിച്ചു വല്യച്ഛനും...
പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അലങ്കോലമായ മയിലാഞ്ചി കൈകൾ ഞാൻ നോക്കി...ഗുരുവായൂരപ്പാ.. ആശിച്ചുമോഹിച്ച എന്റെ കല്യാണം!!!
പോരുകോഴികളെപോലെ നിൽക്കുന്ന രണ്ടുകൂട്ടരേയും വെടിവച്ചു കൊല്ലാനുള്ള ദേഷ്യത്തോടെ ഞാൻ നോക്കുമ്പോഴും അതവിടെ തീർന്നല്ലോ എന്ന എന്റെ സമാധാനത്തിനാണ് തിരശീല വീഴാൻ പോകുന്നതെന്ന് ഒരൂഹം പോലും ആ നേരമെനിക്ക് തോന്നിയില്ല...
രമേശേട്ടനോട് മാപ്പ് പറയാൻ അച്ഛൻ ആവശ്യപ്പെട്ടതും തെറ്റ് ചെയ്തത് വല്യച്ഛനല്ലേ എന്റെ മരുമകനെന്തിനു മാപ്പ് പറയണമെന്ന് അമ്മ കേറി ഗോളടിച്ചു..
അണയാൻ നിന്ന തിരിയിലേക്കായിരുന്നു അമ്മയുടെ ആ എണ്ണയൊഴിക്കൽ...അതോടെ വീണ്ടും പൂർവ്വാധികം ശക്തിയോടെ വഴക്ക് തുടങ്ങി....
പെണ്ണിന്റെ വീട്ടുകാരും ചെറുക്കന്റെ വീട്ടീന്ന് വന്നവരും രണ്ട് ചേരിയായതോടെ ഇതെവിടെ ചെന്നവസാനിക്കുമെന്നോർത്തു എന്റെ മുട്ട് കൂട്ടിയിടിക്കാൻ തുടങ്ങി...
"ഞങ്ങടെ സയനക്ക് ഇതിലും നല്ല ബന്ധം കിട്ടും... കല്യാണത്തലേന്ന് ആയെന്ന് കരുതി ഈവക തന്തയില്ലായ്മ പറഞ്ഞതും കേട്ട് വാലും ചുരുട്ടി ഇരിക്കുമെന്നോർക്കണ്ടാ...ഒരു കൊമ്പത്തെ കുടുംബക്കാര് വന്നേക്കുന്നു..."
ആരോയുറക്കെ വിളിച്ചു പറഞ്ഞത് ഞാൻ വ്യക്തമായും കേട്ടൂ...ഭയപ്പെട്ടത് തന്നെ സംഭവിച്ചു...
കേൾക്കാൻ കാത്തുനിന്ന പോലെ രാകേഷേട്ടന്റെ പെങ്ങളും അവളുടെ അമ്മായിയമ്മയും ആ വഴക്കിനുമുൻപ് വരെ ഉണ്ടായിരുന്ന സ്നേഹം ജന്നലിൽ കൂടി പുറത്തേക്കിട്ട് ഈ വഴിയിലിനി ഒരു പുല്ലും മുളക്കണ്ട എന്ന് കരുതി ചവുട്ടി കുലുക്കി മുഖവും വീർപ്പിച്ചു പുറത്തേക്ക് നടന്നു...
ഇനി എന്ത് എന്ന് ഞാനെല്ലാവരുടെയും മുഖത്തേക്ക് നോക്കി...ഇത്രേം തല്ലും വഴക്കും കണ്ടിട്ടും നിനക്കിനിയും ആ കുടുംബത്തേക്ക് തന്നെ പോകണോ എന്നർത്ഥത്തിൽ അവരെല്ലാം കൂടി എന്നെയും...
അപ്പോഴും ഷർട്ട് മാറ്റാൻ കൂട്ടാക്കാതെ ഇടഞ്ഞു നിൽക്കുന്ന രമേശേട്ടനെ അമ്മയും ചേച്ചിയും സമാധാനിപ്പിക്കുന്നുണ്ട്...
കുടുംബക്കാരെ അടച്ചാക്ഷേപിച്ച അവരുമായി ഇനി ബന്ധമുണ്ടാക്കിയാൽ തറവാട്ടിലുള്ളവരാരും തന്നെ കല്യാണം കൂടില്ലെന്ന പ്രഖ്യാപനവും സത്യം ചെയ്യലും...
രാകേഷ് പോയാലും അവന്റെ പത്തിരട്ടി പത്തരമാറ്റുള്ള ചെറുക്കനെ കൊണ്ട് സയനേനെ കെട്ടിക്കണമെന്ന് സമാധാനിപ്പിക്കുന്നതിന്റെ മുറുമുറുക്കലുകളും കേൾക്കാനുണ്ട്...
തിരക്കിട്ട് ഇങ്ങനൊരു തീരുമാനം വേണ്ടായിരുന്നു കല്യാണച്ചിലവിന്റെ പൈസയെല്ലാം പോയല്ലോ എന്ന സങ്കടം അച്ഛന്റെ മുഖത്തും...
എന്റെ കരച്ചിലിനും ചിണുങ്ങലിനും പട്ടിയുടെ മോങ്ങലിന്റെ പോലും വില നൽകാതെ അവരെല്ലാം ഭാവിപരിപാടികളെ പറ്റി ചർച്ചിക്കാൻ തുടങ്ങി...
നാളത്തെ ആദ്യരാത്രി വരെയുള്ള പദ്ധതി തയ്യാറാക്കി സ്വപ്നം കണ്ടിരിക്കുന്ന ആ മനുഷ്യനെ ഒന്ന് വിളിക്കാമെന്ന് മനസ്സിലോർത്തെയുള്ളു വിളി ഇങ്ങോട്ട് വന്നു...മനഃപൊരുത്തമെന്നൊക്കെ പറയാമെങ്കിലും കല്യാണം നടക്കുമോ ഇല്ലയോ എന്ന് വരെ തീർച്ചയില്ലാതെ നിൽക്കുകയാണ്...
അകത്തെ ചൂട് പിടിച്ച ചർച്ചകൾക്കിടയിലൊരു ശല്യമാകണ്ടെന്നു കരുതി ഫോണും കൊണ്ട് വർക്ക് ഏരിയയുടെ ഗ്രില്ലിനടുത്തേക്ക് ഞാൻ നടന്നു...
"എന്തായി കല്യാണപെണ്ണേ എല്ലാരും അവിടുന്ന് മടങ്ങിയോ...ആരും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല അതാ നിന്നെത്തന്നെ വിളിച്ചേ..."
രാകേഷേട്ടന്റെ സന്തോഷത്തോടെയുള്ള വാക്കുകൾ കേട്ടതും എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു...
" എന്റെ പൊന്നേട്ടാ...ഇവിടാകെ കുളമായിരിക്കാണ് വന്നോരുമായി ഗംഭീര അടിയൊക്കെ കഴിഞ്ഞു അവരിപ്പോ ഇറങ്ങിപ്പോയി ....കല്യാണം വേണ്ടെന്ന് പറഞ്ഞിട്ട് ഇവിടുള്ളോരെല്ലാം ഒറ്റക്കാലിൽ നിൽക്കാണ്.."
"എന്തിന് ???
അവര് പുടവ കൊണ്ട് തരാൻ വന്നതല്ലേ അടിക്കാനും മാത്രമെന്താ...നീ മോങ്ങാതെ കാര്യം പറഞ്ഞേ...."
അവര് പുടവ കൊണ്ട് തരാൻ വന്നതല്ലേ അടിക്കാനും മാത്രമെന്താ...നീ മോങ്ങാതെ കാര്യം പറഞ്ഞേ...."
ഏങ്ങലടികളോടെ കാര്യം പറഞ്ഞു തീർന്നിട്ടും അവിടുന്ന് ഒരനക്കവും ഇല്ല...ഫോൺ കട്ടായോന്ന് ചെവിക്കരികിൽ നിന്നും മാറ്റി മുഖത്തിനു നേരെ പിടിച്ചതും കയ്യിൽനിന്നും ഫോണാരോ തട്ടിപറിച്ചെടുത്തു...
"അവിടെ കാർന്നോന്മാര് കാര്യം തീരുമാനിച്ചു പറയുന്ന വരെയെങ്കിലും നിനക്ക് ക്ഷമിച്ചൂടെ മൂധേവി...കല്യാണത്തിന് മുൻപേ ഇങ്ങനെ അധിക്ഷേപിക്കുന്നവർ നീയവിടെ ചെന്നാലും ചെവിതല കേൾപ്പിക്കോ...മോങ്ങാതെ മുറിയിൽ പൊക്കോണം..."
അമ്മ കലിതുള്ളിയാണ്...വാതിലിനരികിൽ അച്ഛനും അനിയനും വന്നെത്തി നോക്കുന്നു...
ഞാനെങ്ങും പോയില്ല അവിടെതന്നെ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ കുത്തിയിരുന്നു കളഞ്ഞു...
എന്തൊരു മനുഷ്യരാണ്...നിസ്സാരകാര്യത്തിന് ഇങ്ങനെ വഴക്കിട്ട് അകറ്റാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്...
എന്തൊരു മനുഷ്യരാണ്...നിസ്സാരകാര്യത്തിന് ഇങ്ങനെ വഴക്കിട്ട് അകറ്റാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്...
ഫോൺ കട്ടായിട്ടില്ലെന്ന് ഉറക്കെയുറക്കെ രാകേഷേട്ടൻ വിളിച്ചു പറയുന്നത് കേട്ട് ഫോൺ അമ്മ അച്ഛനെ ഏൽപിച്ചു...അച്ഛനാ ഫോണും ചെവിയിൽ വച്ചു പുറത്തേക്ക് നടന്നു...
"നിന്റെ ആരേലും ചത്തോ...അതോ അവനില്ലാതെ നിനക്ക് ജീവിക്കാൻ വയ്യേ....അവളുടെയൊരു നെഞ്ചത്തടിയും കരച്ചിലും..."
അമ്മ അനിയനെയും വലിച്ചു അകത്തേക്ക് നടന്നുപോകുമ്പോഴും ഞാനാ തിണ്ണയിലിരുന്നു...എത്രെ പെട്ടെന്നാണ് സന്തോഷം നിറഞ്ഞ ഒരു സ്ഥലത്തേക്ക് ചെകുത്താൻ കയറി വന്നത്...
എന്തെല്ലാം സ്വപ്നങ്ങളോടെയാണ് ഇന്ന് വരെ കാത്തിരുന്നത് ...ഇന്നത്തെ ഓരോ നിമിഷവും കടന്നുപോകുമ്പോൾ പലതവണ സ്വപ്നം കണ്ട നിമിഷങ്ങളായതു കൊണ്ട് തന്നെ ഇതെല്ലാം മുൻപ് നടന്നതാണോ എന്ന് പലപ്പോഴും മനസ്സിൽ തോന്നിയിരുന്നു...
സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ മുഖം പൊത്തിയിരുന്നു...
സദ്യയൊരുക്കാനായി കൊണ്ട് വന്ന പച്ചക്കറികളും തേങ്ങയും വാരിവലിച്ചിട്ടതിനിടയിൽ ആരോരുമില്ലാത്തവളെപോലെ ഞാനിരുന്നു പൊട്ടിക്കരഞ്ഞു...എന്റെ കൂട്ടുകാരുടെ മുഖത്തു ഞാനെങ്ങനെ നോക്കുമിനി...
അടുത്തേക്കൊരു കാൽപ്പെരുമാറ്റം വരുന്നത് കേട്ട് തലപൊക്കി നോക്കിയപ്പോൾ അച്ഛനാണ്...പക്ഷേ എന്നെയല്ല നോക്കുന്നത്..
ചുറ്റിനും പരതി പന്തല് കെട്ടാനായി കൊണ്ടുവന്നിട്ട കയറിന്റെ ബാക്കിയും അവിടിരുന്ന വാക്കത്തിയുമൊക്കെ എടുത്ത് ഗ്രിൽ അകത്തുനിന്നും പൂട്ടി ഒന്നും സംഭവിക്കാത്ത പോലെ ആളകത്തേക്ക് പോയി...
പിന്നെയും കുറച്ചുനേരം കഴിഞ്ഞാണ് ഞാനിനി കടുകൈയൊന്നും കാണിക്കേണ്ടെന്നു കരുതി കയറെടുത്തു പോയതാണെന്ന് മനസ്സിലായത്...
അകത്തേക്ക് ചെല്ലാൻ പലവട്ടം അമ്മയും ചേച്ചിയും വന്ന് വിളിച്ചിട്ടും ഞാൻ പോയില്ല...എന്റെ കണ്ണീര് കണ്ടെങ്കിലും ആർക്കെങ്കിലും മനസ്സ് മാറട്ടെയെന്ന് ഞാനും കരുതി.
പക്ഷേ ഒരുകൊല്ലമായി പറഞ്ഞുവച്ച, എല്ലാ ഒരുക്കങ്ങളും പൂർത്തിയായ വിവാഹത്തേക്കാൾ എല്ലാവർക്കും വേണ്ടത് മാപ്പ് പറച്ചിലും കുടുംബമഹിമയുമാണ്...
ഇത് നടത്തിത്തന്നില്ലെങ്കിൽ എല്ലാവരെയും ഞാനൊരു പാഠം പഠിപ്പിക്കും...ഊണുണ്ടെന്ന് പറഞ്ഞു ഉറക്കത്തിൽ നിന്നും തട്ടിയെണീപ്പിച്ചു ഇല്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്...
പുറത്തെ ഇരുട്ടിന് കനം വക്കുന്നതും നോക്കി ചീവീടുകളുടെ ഒച്ചയ്ക്ക് കാതോർത്തു ഞാനിരുന്നു ആ തണുപ്പിൽ...
പൊടിപാറിയ അടിയുടെ ക്ഷീണവും ഭാഷാപ്രാവീണ്യത്തിൽ നടത്തിയ മത്സരത്തിന്റെ തീവ്രതയും കൊണ്ടാകാം എല്ലാവരും നേരം പരപരാ വെളുത്തശേഷമാണ് കണ്ണ് തുറന്നത്..
തലനരച്ച കാർന്നോന്മാര് പലതവണ തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും കല്യാണം വേണ്ടെന്ന ഉറച്ച നിലപാടിൽ തന്നെ തറവാട്ടിലുള്ളവർ..എങ്കിൽ ആരെങ്കിലും പോയി അവിടെ ചെന്ന് വിവരം പറയുന്നതാണ് മര്യാദയും കുടുംബമഹിമയുമെന്നു തീരുമാനമായി...
ഇതിനിടയിൽ സയനയെ വിളിച്ചു ചേച്ചി മുറികൾ മുഴുവൻ കറങ്ങിയിറങ്ങുന്നുണ്ട്...വീടിനു പുറകിലും ചായ്പ്പിലും എന്തിന് വേസ്റ്റ് കുഴിയിൽ വരെ അവളനിയനെ വിട്ട് നോക്കിച്ചു...
സയനയില്ല വീട്ടിൽ...മനസ്സ് തകർന്ന് അവളെങ്ങോട്ടോ ഇറങ്ങിപോയിരിക്കുന്നു...എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെ നിൽക്കുന്ന രമേശനെ എല്ലാവരും കൂടി തറപ്പിച്ചു നോക്കി...
"എന്റെ കുഞ്ഞിന്റെ മനസ്സ് തകർക്കണ്ട ഒന്ന് ക്ഷമിച്ചെക്കെന്നു എത്ര വട്ടം പറഞ്ഞതാ നിങ്ങളോട്.. ആര് കേൾക്കാൻ..ഇനി ന്റെ കുട്ടീടെ ശവം കിട്ടുമ്പോൾ എല്ലാരും കൂടി പുഴുങ്ങിതിന്ന് കുടുംബമഹിമ കൂട്ട്..."
അമ്മ നിന്ന നില്പിൽ കാലുമാറി നെഞ്ചത്തടിയും നിലവിളിയുമായി...ഒരാശ്രയത്തിനായി രമേശൻ എല്ലാവരെയും നോക്കുമ്പോൾ കാണാം ഇന്നലെ പിരികയറ്റി കൂടെ നിന്ന കുടുംബക്കാരിൽ ഭൂരിഭാഗം പേരും അമ്മ പറഞ്ഞതാ ശരിയെന്ന മട്ടിൽ അയാളെ നോക്കുന്നു..
ബസ്‌സ്റ്റാന്റിൽ തുടങ്ങിയ അന്വേഷണം പ്രതീക്ഷ നഷ്ടപ്പെട്ട് കുളത്തിലും കിണറ്റിലും റെയിൽവേ ട്രാക്കിലും വരെയെത്തി...ഇനി അന്വേഷിക്കാനൊരിടവും ബാക്കിയില്ലായെന്ന് കണ്ടപ്പോൾ പോലീസിലറിയിക്കാം എന്നായി...
വിവാഹപ്പന്തൽ മരണപന്തലായി മാറി കല്യാണസദ്യ ഇനി ചാവിനുള്ള ഊണായി മാറുമോയെന്നും ചിന്തിച്ചു നാട്ടുകാരും കൂട്ടുകാരും കുടുംബക്കാരും തലപുകച്ചു നഖം കടിച്ചു നിൽക്കുന്നതിനിടയിലേക്ക് നിർത്താതെ ബെല്ലടിക്കുന്ന അച്ഛന്റെ ഫോണുമെടുത്തു അനിയനോടി വന്നു...
" രാകേഷേട്ടന്റെ വീടിനടുത്തുള്ള പഞ്ചായത്തു മെമ്പർ അരവിന്ദേട്ടനാണ്..."
എല്ലാവരെയും വിളിച്ചു കല്യാണം മുടങ്ങിയതും പെണ്ണിനെ കാണാനില്ലാതായതുമൊക്കെയുള്ള വിവരമറിയിച്ച കൂട്ടത്തിൽ അയാളെയും വിവരമറിയിച്ചത് ഓർമ്മ വന്ന് രമേശൻ ഓടിവന്ന് ഫോൺ വാങ്ങി....
ഫോണിൽ സംസാരിക്കുന്നതിനിടയിൽ രമേശന്റെ മുഖഭാവം മാറുന്നതും തലക്ക് കൈകൊടുക്കുന്നതും കണ്ട് എല്ലാവരും അയാളെ ഉറ്റുനോക്കി...
"അമ്പലകുളത്തിന്റവിടെ എന്തോ കണ്ടെന്ന് പറഞ്ഞു രാകേഷ് വണ്ടിയെടുത്തു ഇറങ്ങിപോയിട്ടുണ്ട്...
രാകേഷിന്റെ അമ്മ വിളിച്ചു പറഞ്ഞതാണ് അരവിന്ദേട്ടനെ...അയാളാകെ സങ്കടത്തിലാ പറയുന്നത് ...
അയാള് വഴി വന്ന ബന്ധുതയല്ലേ എന്ന് പറഞ്ഞു ഇന്നലെ അവരെല്ലാം കൂടി അയാളുടെ വീട്ടിൽക്കയറി തെറിവിളിച്ചെന്ന്..."
രാകേഷിന്റെ അമ്മ വിളിച്ചു പറഞ്ഞതാണ് അരവിന്ദേട്ടനെ...അയാളാകെ സങ്കടത്തിലാ പറയുന്നത് ...
അയാള് വഴി വന്ന ബന്ധുതയല്ലേ എന്ന് പറഞ്ഞു ഇന്നലെ അവരെല്ലാം കൂടി അയാളുടെ വീട്ടിൽക്കയറി തെറിവിളിച്ചെന്ന്..."
“ എന്റെ പൊന്ന്മോളേ....."
രമേശൻ പറഞ്ഞു നിർത്തിയതും അമ്മ നെഞ്ചിലൊരു ഊക്കനടി കൊടുത്തു നിലത്തേക്കിരുന്നു...
ചുറ്റും നിന്നവർ താടിക്കു കയ്യും കൊടുത്ത് നോക്കിനിൽക്കുന്നത് കണ്ട് അച്ഛൻ അമ്മയുടെ അടുത്തേക്ക് ചെന്ന് സമാധാനിപ്പിച്ചു...
"അച്ഛാ ദേ രാകേഷ് വിളിക്കുന്നു..."
രമേശിന്റെ കയ്യീന്ന് ഫോൺ വാങ്ങി സംസാരിച്ച അച്ഛൻ ഞങ്ങളിപ്പോ അങ്ങെത്താമെന്നു പറഞ്ഞു വിളി അവസാനിപ്പിച്ചു..
രണ്ട് കാറിൽ കൊള്ളുന്ന ആൾക്കാരുമായി എല്ലാവരും കൂടി രാകേഷ് പറഞ്ഞ സ്ഥലത്തെത്തി...
അമ്പലകുളത്തിന്റെ ഭാഗത്തേക്ക് നടക്കാനൊരുങ്ങിയവരെ അനിയൻ പെട്ടെന്ന് തടഞ്ഞു നിർത്തി കൈ ചൂണ്ടികാണിച്ചു ക്ഷേത്രനടയിലേക്ക്....
" ചതിച്ചല്ലോ ന്റെ സയോ നീ ഞങ്ങളെ..."
ഇത്തവണ നെഞ്ചത്തടി ചേച്ചിയുടെ വക തുടങ്ങിയതും രമേശൻ തിരിഞ്ഞു ഭാര്യയുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു...
തലയിൽ കൈവച്ചു ഇളയമകളെ പ്രാകാൻ വന്ന അമ്മ പിടിച്ചുനിർത്തിയപോലെ കരച്ചിൽ നിർത്തി കൈ താഴേക്കിട്ടു....
കരഞ്ഞുകൊണ്ട് ഓടിവന്ന അനിയനെ കെട്ടിപിടിച്ചു സർവ്വാഭരണവിഭൂഷിതയായി ഞാനെല്ലാവരെയും ചിരിച്ചുകൊണ്ട് നോക്കി...
നെറ്റിയിലെ സിന്ദൂരത്തിലേക്കും കഴുത്തിലെ താലിയിലേക്കും രാകേഷേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി അനിയൻ ഇടറിയ സ്വരത്തിൽ പറഞ്ഞു....
"എന്നാലും ന്റെ ചേച്ചി...നീ ഞങ്ങളെ പേടിപ്പിച്ചുകളഞ്ഞു..."
ഞാനവന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത്പിടിച് അച്ഛനെ നോക്കി......
എല്ലാരും ഉറങ്ങിയ ശേഷം ആരും കാണാതെ അമ്മ സൂക്ഷിച്ച താക്കോലെടുത്തു അലമാരിയിൽനിന്നും ആഭരണങ്ങളും ഉടുക്കാനുള്ള സാരിയുമെല്ലാം കൊണ്ടുവന്ന് തന്ന്....രാകേഷേട്ടനെ ഫോൺ വിളിച്ചു വരുത്തി എന്നെയേല്പിച്ച...
എല്ലാം ഭംഗിയായി കഴിഞ്ഞതിന് ശേഷം എല്ലാവരും അറിഞ്ഞാൽ മതിയെന്ന് കർശനനിർദ്ദേശം തന്ന അച്ഛനപ്പോൾ നിഷ്കളങ്കനായി കയ്യും കെട്ടി നോക്കി നിൽക്കുന്നു...
എല്ലാം ഭംഗിയായി കഴിഞ്ഞതിന് ശേഷം എല്ലാവരും അറിഞ്ഞാൽ മതിയെന്ന് കർശനനിർദ്ദേശം തന്ന അച്ഛനപ്പോൾ നിഷ്കളങ്കനായി കയ്യും കെട്ടി നോക്കി നിൽക്കുന്നു...
" ഇനീപ്പോ കുട്ടികളായി എല്ലാം നടത്തിക്കഴിഞ്ഞില്ലേ... പശും ചത്തു മോരിലെ പുളിയും പോയി പഴയതൊന്നും ഓർത്തു വഴക്ക് വേണ്ട...എല്ലാരും നടക്ക് വീട്ടിലേക്ക് സദ്യ റെഡിയാണ്..."
മുഖത്തെ ഗൗരവം അല്പം പോലും കുറക്കാതെ അച്ഛനെല്ലാവരെയും വണ്ടിക്കരികിലേക്ക് വിളിച്ചു...
പാഷാണത്തിൽ കൃമികൾ എവിടെയുമുണ്ടാകും അച്ഛാ...
അവരല്ല അച്ഛന്റെ മോളെ അവസാനം വരെ പൊന്ന് പോലെ നോക്കാമെന്ന് പറഞ്ഞതും ഒരു കൊല്ലം കാത്തുനിന്നതും ഞാനാണ്...എനിക്കവളെയിങ്ങു കെട്ടിച്ചു തന്നൂടെയെന്ന് ഫോണിലൂടെ കെഞ്ചിപ്പറഞ്ഞു സകലകുരുട്ടുബുദ്ധിയും പറഞ്ഞുകൊടുത്ത മരുമകന്റെ തോളത്തു കയ്യിട്ട് അച്ഛനൊരു സെല്ഫിയെടുത്ത ശേഷം എല്ലാവരും കൂടി സന്തോഷത്തോടെ വീട്ടിലേക്ക്...
അവരല്ല അച്ഛന്റെ മോളെ അവസാനം വരെ പൊന്ന് പോലെ നോക്കാമെന്ന് പറഞ്ഞതും ഒരു കൊല്ലം കാത്തുനിന്നതും ഞാനാണ്...എനിക്കവളെയിങ്ങു കെട്ടിച്ചു തന്നൂടെയെന്ന് ഫോണിലൂടെ കെഞ്ചിപ്പറഞ്ഞു സകലകുരുട്ടുബുദ്ധിയും പറഞ്ഞുകൊടുത്ത മരുമകന്റെ തോളത്തു കയ്യിട്ട് അച്ഛനൊരു സെല്ഫിയെടുത്ത ശേഷം എല്ലാവരും കൂടി സന്തോഷത്തോടെ വീട്ടിലേക്ക്...
താലികെട്ടും ഫോട്ടോയെടുക്കലും വിചാരിച്ചപോലെ കളറായില്ലെങ്കിലും ആദ്യരാത്രിക്കൊരു മാറ്റവും വന്നില്ലല്ലോ എന്ന സമാധാനത്തിൽ ഞാനും രാകേഷേട്ടനും വണ്ടിയിലേക്ക് കയറി...
••••••••••••
ലിസ് ലോന
••••••••••••
ലിസ് ലോന