ഇങ്ങനെയും ഒരു പ്രണയം | ആൻവി
❤️ഇങ്ങനെയും ഒരു പ്രണയം..❤️
ഷോർട്ട് സ്റ്റോറി
✍️ആൻവി
********************************
പുതിയ പുലരിയെ ഞാൻ വരവേറ്റത് മഴയുടെ കുളിരിലാണ്...
കാറ്റ് ആഞ്ഞു വീശുന്നുണ്ട്...ആ കുളിരുള്ള കാറ്റ് എന്നെ വന്നൊന്ന് തൊട്ടപ്പോൾ ഞാൻ ആടി ഉലഞ്ഞു പോയി....
മഴ അതിന്റെ ശക്തി പ്രാപിച്ചു....
സഖാവിന്റെ വീട്ടിലേക്ക് ഞാനൊന്ന് എത്തി നോക്കി....ഇല്ല ഉമ്മറത്തെ വാതിൽ തുറന്നിട്ടില്ല.....
കുറച്ചു കഴിഞ്ഞപ്പോഴതാ മഴയത്ത് ഓടി വരുന്നു സഖാവ്....
പാർട്ടിഓഫിസിലായിരുന്നു ഇന്നലത്തെ ഉറക്കം എന്ന് തോന്നുന്നു..
ഞാൻ പതിയെ മുൾവേലിക്കിടയിൽ നിന്ന് തലയുയർത്തി നിന്നു ഒരു നോട്ടം കൊതിച്ച്..
പക്ഷേ അതുണ്ടായില്ല ...
നിരാശയോ മുഖം കുനിച്ചപ്പോൾ മഴഎന്നോട് ചോദിച്ചു....
"ഈ ജന്മവും വെറുതെയായെന്ന് തോന്നുന്നുണ്ടോ..?? "
ആ ചോദ്യത്തിന് പകരമായി ഞാനൊന്ന് പുഞ്ചിരിച്ചു...
"വീണ്ടും വീണ്ടും എന്നെ പുനർജനിക്കാൻ പ്രേരിപ്പിക്കുകയാണ്..ഒരിക്കൽ എനിക്ക് വേണ്ടി ഒരു നോട്ടമെങ്കിലും തരാതെ ഇരിക്കില്ല..."
പറഞ്ഞു തീരും മുന്നേ കാറ്റ് ഒന്ന് ആഞ്ഞു വീശി....
"നിനക്ക് ഭ്രാന്താണ്.... " മഴയുടെ വാക്കിൽ പരിഹാസമായിരുന്നു...
"അതെ...ഭ്രാന്താണല്ലോ...അതു കൊണ്ടല്ലേ...കാലങ്ങളോട് പൊരുതി ചോര ചിതറി പൂത്തക്കുമ്പോൾ മണമില്ലെന്ന് പറഞ്ഞ് ഭ്രാന്തിയാക്കി ഈ തൊടിയിലേ മുൾവേലികൾക്കിടയിൽ എന്നെ തളച്ചിട്ടത്..."
എന്റെ വാക്കുകൾക്ക് കടുപ്പമേറിയിരുന്നു...
സൂര്യ കിരണങ്ങൾ ഭൂമിയിൽ പതിച്ചപ്പോൾ മഴമേഘങ്ങൾ പതിയെ പിന്മാറി...
എന്നിൽ പെയ്തു കൊണ്ടിരുന്ന മഴതുള്ളികളെ സൂര്യൻ ആവാഹിച്ചെടുത്തു...
കയ്യിൽ ഒരു പുസ്തകം എടുത്തു ഗേറ്റിനടുത്ത പൂമരത്തിൻറെ അടുത്തേക്ക് നടന്നു നീങ്ങുന്ന സഖാവിനെ ഞാൻ കണ്ടു...
"എന്തെ എന്നെ നീ കാണുന്നില്ല...." മൌനമായി ഞാൻ മന്ത്രിച്ചു കൊണ്ടിരുന്നു...
വാകമരത്തിന്റെ മടിതട്ടിൽ വീണു കിടന്നു പുസ്തകങ്ങളെ പഠിക്കുന്ന സഖാവിനെ കണ്ടപ്പോൾ തലയുയർത്തി പൂത്തു നിക്കുന്ന ആ വകമരത്തെ ഞാൻ അസൂയയോടെ നോക്കി....
"നീയും അതുപോലൊരു പൂവല്ലേ....നിന്റെ നിറവും ചുവപ്പല്ലേ....എന്നിട്ടും എന്തെ അവളെ പ്രണയമായും നിന്നെ ഭ്രാന്തിയായും മുദ്രകുത്തി.. " തൊടിയിലേ ചെമ്പകമരം പറയുന്നത് ഞാൻ കേട്ടു....
"ഒരിക്കലും സ്വന്തമാവില്ലെന്ന് അറിഞ്ഞിട്ടും ഞാൻ ഭ്രാന്തമായി സ്നേഹിച്ചു പോയത് കൊണ്ടാവും... " സൂര്യ കിരണങ്ങളുടെ കാഠിന്യം കൂടുമ്പോഴും തലയുയർത്തി തന്നെ ഞാൻ പറഞ്ഞു...
എത്ര പരിഹാസം കേട്ടാലും തളരാറില്ല ഞാൻ...കാരണം എന്റെ പ്രണയവും ആരാധനയും ദുർബലമായിരുന്നില്ല...
ഒരു വസന്തത്തെയും കാത്തു നിൽക്കാതെ ഞാൻ പൂക്കുന്നത് നിനക്ക് വേണ്ടിയാണ് സഖാവേ....നിന്നെ പ്രണയിക്കാൻ വേണ്ടിയാണ്....
അന്നത്തെ രാത്രിയും കൊഴിഞ്ഞു വീഴുമ്പോൾ മറ്റൊരു ചില്ലയിൽ ഞാൻ പൂത്തു തുടങ്ങിയിരുന്നു....
വീണ്ടും ജന്മമെടുത്തു....
രാവിലെ തന്നെ കണ്ടത് പറമ്പിലേക്ക് മൂർച്ചയുള്ള കത്തിയുമായി നടന്നു വരുന്ന ഒരാളെയാണ്...
ആ വരവ് കണ്ടപ്പോൾ എന്റെ ഉള്ള് ഒന്ന് കാളി...
തൊടിയിലെ ചെമ്പകമരവും തുളസിയും പേരമരവും അങ്ങനെ അങ്ങനെ എല്ലാവരും സഹതാപത്തോടെ എന്നെ നോക്കി...
കൈ ഉയർത്തി എന്റെ അടിവേരുമുതൽ പിഴുതെറിയാൻ അയാളുടെ കൈകൾ ഉയർന്നു...
"വേണ്ട...അതു വെട്ടണ്ടാ..ചില്ലകൾ ആഞ്ഞിട്ടാൽ മതി.. " സഖാവിന്റെ ശബ്ദം....
കാറ്റിൻറെ താളത്തിൽ ഞാനൊന്ന് ആടി ഉലഞ്ഞപ്പോൾ കണ്ടു സഖാവിനെ..
"ഈ ചെടി എന്തിനാ ഇവിടെ... കാണാൻ കൊള്ളില്ല...വെറുതെ എന്തിനാ... "
.കത്തിയുമായി നിന്ന അയാൾ പറയുന്നത് കേട്ട് സഖാവിന്റെ മുഖത്തു ഒരു ചിരിച്ചു വിരിഞ്ഞു..
"വെട്ടിയാൽ വീണ്ടും തഴച്ചു വളർന്നു പകരം ചോദിക്കുന്ന വിപ്ലവകാരിയാണ്...." എന്റെ ഇതളുകളിൽ തലോടി സഖാവ് സംബോധന ചെയ്ത വാക്ക് എന്റെ നെഞ്ചിൽ വന്നു തറഞ്ഞു..
എന്നിൽ ആ മനുഷ്യനോടുള്ള ആരാധന ക്കൂട്ടി...ആദ്യസ്പർശരനം എന്നെ തരളിതയാക്കി..
എന്റെ ചില്ലകളെ വെട്ടിയിടുമ്പോൾ എനിക്ക് വേദനിച്ചില്ല..ഞാൻ തലഉയർത്തി നിന്നു..
ദിവസങ്ങൾക്ക് ശേഷമാണ് തളിർത്തു വന്ന എന്റെ ചില്ലയിൽ വീണ്ടും വസന്തം വിരുന്നെത്തിയത്....
രാത്രിയിലേ നിലാവും ഇടക്ക് വരുന്ന മഴയും എന്നെ ഉപദേശിക്കാറുണ്ട് ഈ പ്രണയം വെറുതെയാകും എന്ന്...
പക്ഷേ ഞാൻ അതു കേട്ടില്ല...എനിക്ക് പ്രണയിക്കാമല്ലോ....അതിരുകളില്ലാതെ..അതെന്റെ സ്വകാര്യതയാണ്....
വീണ്ടും നാളുകൾ കൊഴിഞ്ഞു പോയി.ഋതുഭേദങ്ങൾ മാറി മറഞ്ഞു കൊണ്ടിരുന്നു..എന്റെ പ്രണയം എന്നെ പോലെ ചോര ചിതറി പൂത്തു...
അന്നൊരിക്കൽ വീട്ടു മുറ്റത്തെ ആൾക്കൂട്ടം കണ്ടു.... ആരൊക്കെയോ അലറി കരയുന്നുണ്ട്.... മഴയും എന്തിനെന്നില്ലാതെ കണ്ണീർ വർക്കുന്നു...വാകമരവും പുഷ്പങ്ങൾ പൊഴിച്ചു വിതുമ്പുന്നു...
എന്റെ വേരുകൾക്കടുത്ത് ഞാനൊരു കുഴി കണ്ടു ...
അപ്പോഴതാ ഒരു ചുവന്ന ശീലയിൽ പൊതിഞ്ഞു ആരൊക്കെയോ ചേർന്ന് താങ്ങി പിടിച്ചു കൊണ്ടു വരുന്നു എന്റെ സഖാവിനെ.....എന്റെ ഉള്ളം വിങ്ങി....
എനിക്ക് താഴെ ആ നിശ്ചലമായ ശരീരം കൊണ്ട് കിടത്തിയപ്പോൾ എന്റെ ചില്ലകൾ തളരുന്നപോലെ തോന്നി....
ഇനി ഒരിക്കലും പൂക്കില്ലെന്ന് പറഞ്ഞു എന്റെ പ്രണയമിതാ ആറടി താഴ്ച്ചയിൽ കുഴിച്ചു മൂടാൻ പോകുന്നു...
"സഖാവേ..... " ഞാൻ വിളിക്കുന്നുണ്ടായിരുന്നു.. പക്ഷേ ആരും കേട്ടില്ല...
സഖാവിനെ മണ്ണിനടിയിൽ മൂടിയപ്പോൾ ഞാൻ അലറി കരയുന്നുണ്ടായിരുന്നു...
എന്റെ തലതാഴ്ന്നു പോയി...
പെട്ടന്ന് ആയിരുന്നു കൂട്ടത്തിൽ നിന്നാരോ...
"ആ ചെടി അങ്ങ് പറിച്ചു മാറ്റിയേക്ക്... " എന്ന് പറഞ്ഞത്....
കേൾക്കേണ്ട താമസം ഒരാൾ വന്നെൻറെ അടിവേരുമുതൽ പറിചെടുത്തു...എന്റെ അസ്ഥിത്വം പോലും ബാക്കി വെച്ചില്ല....
നിഷ്പ്രയാസം അവർ എന്നെ സഖാവ് ഉറങ്ങുന്ന മണ്ണിലേക്ക് വലിച്ചെറിഞ്ഞപ്പോൾ... ജീവൻ പോകുന്ന വേദനയിലും ഞാൻ സന്തോഷിച്ചു.....
എന്റെ പ്രണയത്തിനൊപ്പം പോകാൻ കഴിഞ്ഞല്ലോ എന്ന് ....
എന്ന് ആദ്യമായി പൂത്തു നിന്ന വാകമരം എന്നെ അസൂയയോടെ നോക്കുന്നത് ഞാൻ പാതി അടഞ്ഞ മിഴികളോടെ കണ്ടു....
ഞാൻ സഖാവിനോട് ചേർന്ന് കിടന്നു...
"സഖാവേ.. നിന്നോടൊപ്പം ഈ മണ്ണിൽ അലിഞ്ഞുഞാൻ ചേർന്നതെന്തു കൊണ്ടെന്ന് അറിയുമോ....നിനക്കുമപ്പുറം മറ്റൊരു വസന്തം എനിക്കില്ലാത്തത് കൊണ്ട്....
നീ കേൾക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല... എങ്കിലും ഞാൻ പറയട്ടെ...
വരും ജന്മം നിന്റെ ചങ്കിലേ ചെമ്പരത്തിയായി ജനിക്കണം എനിക്ക്...."
വാക്കുകൾ തീരും മുന്നേ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഞാനും മണ്ണിനടിയിൽ പെട്ടു.....
അവസാനിച്ചു........
꧁༺ vipinpkd ༻꧂