എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

കൂടെ | koode by Aanvi

 കൂടെ

 ✍️ ആൻവി

Koode...💝

Short story

✍ Aanvi

Views:

____________________________________


"നീ..... നീ എന്റെ ആരാണ്..."

അവന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടിയിരിക്കുന്നവളുടെ ചോദ്യം കേട്ട് അവന്റെ മിഴികൾ നിറഞ്ഞു...

"ഞാൻ... ഞാൻ അനന്ദു... നിന്റെ ഭർത്താവാണ്... നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു..." അവൻ സ്നേഹത്തോടെ അവളുടെ നെറുകയിൽ തലോടി...

നനവാർന്ന അവളുടെ മിഴികൾ അവനെ ഉറ്റു നോക്കി....

"അനന്ദു......" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു...

"മറന്നു പോകുന്നു...." ആ സ്വരത്തിൽ നിസ്സഹായത നിറഞ്ഞു നിന്നത് അവൻ ശ്രദ്ധിച്ചു...

അനന്ദു അവളെ ഒന്ന് കൂടെ അവനിലേക്ക് അടുപ്പിച്ചു... നെറുകയിലെ സിന്ദൂരചുവപ്പിലേക്ക് അവൻ ചുണ്ടുകൾ അമർത്തി...

"ഉറങ്ങാം.... നേരം ഒരുപാടായി..." അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

"മ്മ്....." അവളൊന്നു തലയാട്ടി..

"ചാരു റൂമിലേക്ക് ചെല്ല്... ഞാൻ ഗേറ്റ് അടച്ചിട്ട് വരാം...."

"മ്മ്....." അവളൊന്നു മൂളി കൊണ്ട് അവന്റെ മടിയിൽ നിന്നെഴുനേറ്റു....

"വേഗം വരണേ അനന്ദു...." വാതിൽക്കൽ നിന്ന് അതും പറഞ്ഞവൾ അകത്തേക്ക് കയറി...

അവനൊന്നു തലയാട്ടി കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി... നിലാവുള്ള രാത്രി... നേരം 11 കഴിഞ്ഞു...

വീടിന്റെ ഗേറ്റ് അടച്ചു.. സിറ്റ്ഔട്ടിലെ ലൈറ്റ് കെടുത്തി...

അച്ഛനും അമ്മയും ഏടത്തിയും മക്കളും എല്ലാരും ഉറങ്ങിയിരിക്കുന്നു....

അവൻ അകത്തേക്ക് ഡോർ അടച്ചു തിരിഞ്ഞപ്പോൾ കണ്ടു... ആ വലിയ ഹാളിൽ എങ്ങോട്ട് പോകണം എന്നറിയാതെ നിൽക്കുന്ന ചാരുവിനെ...

"ചാരൂ... മോളെ...." വേദനയോടെ വിളിച്ചവൻ അവൾക്ക് അടുത്തേക്ക് ഓടി ചെന്നു...

വിങ്ങി പൊട്ടി കൊണ്ട് അവൾ അവനെ വാരി പുണർന്നു...

"നമ്മുടെ റൂമേതാണ് അനന്ദു... ഞാൻ.. മറന്നു പോയി...." വിതുമ്പി കൊണ്ട് അവൾ അവനോട് ചോദിച്ചു... അനന്ദു അലിവോടെ അവളെ നോക്കി...

കണ്ണീരാൽ നനഞ്ഞ അവളുടെ കവിളിണകൾ തുടച്ചു കൊടുത്തവൻ ആ പെണ്ണിനെ കയ്യിൽ വാരി എടുത്തു... നെറുകയിൽ ചുംബനം നൽകി ബെഡ്റൂമിലേക്ക് കൊണ്ട് പോയി...

ബെഡിൽ കിടത്തി അവനും ഒപ്പം കിടന്നു....

അവളാ റൂം മുഴുവൻ കണ്ണോടിച്ചു... തങ്ങളുടെ വിവാഹ ഫോട്ടോ ഫ്രെയിം ചെയ്ത് ചുമരിൽ തൂക്കിയിട്ടുണ്ട്... വേറെയും ഒരുപാട് ഫോട്ടോസ്.....

വിവാഹരാത്രി ആദ്യമായ് റൂമിലേക്ക് വന്നത് അവൾക്ക് ഓർമ വന്നു....
ആ രാത്രി അവനിലെ പുരുഷനെ അറിഞ്ഞ നോവിൽ ആ വിരി നെഞ്ചിൽ മുഖം ചേർത്ത് വിവശതയോടെ കിടക്കുമ്പോൾ...വലം കാതിൽ ചുണ്ട് ചേർത്തവൻ മൂളി തന്ന പാട്ട് അവൾ ഓർത്തെടുത്തു...

അവന്റെ പ്രിയപ്പെട്ട ഗാനം....

"അനന്ദു......" അവന്റെ നെഞ്ചിലേക്ക് കവിൾ അമർത്തി വെച്ചവൾ വിളിച്ചു..

"മ്മ്..." മച്ചിലേക്ക് നോക്കി ഗൗരവമായ് എന്തോ ആലോചിച്ചു കിടക്കുവാണ് അവൻ...

"ആ പാട്ട് പാടി തരുമോ...??"

"ഏത് പാട്ട്....??"

ആ ചോദ്യം ചോദിക്കുന്ന നേരം മതിയായിരുന്നു അവൾ ആ പാട്ടിന്റെ ഈരടികൾ മറന്നു പോയി.... അവളുടെ കണ്ണുകൾ നിറഞ്ഞു...

അനന്ദു അവളെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു...

"കരയല്ലേ ചാരൂ..."
അവൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു....

"""എന്നൈ താലാട്ടും  സംഗീതം നീ  അല്ലവാ 
ഉന്നൈ സീരാട്ടും പൊന്നൂഞ്ചൽ ‌നാൻ അല്ലാവാ....""

അവന്റെ ചുണ്ടിനിടയിൽ പാട്ടിന്റെ ഈരടികൾ വന്നു നിന്നു...

ചാരു അവനെ ചുറ്റി പിടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു....

അനന്ദുവിന് ഉറങ്ങാൻ കഴിഞ്ഞില്ല....

ഓരോ ദിവസം കഴിയും തോറും മോശമായി കൊണ്ടിരിക്കുന്ന ചാരുവിന്റെ അവസ്ഥ അവനെ വല്ലാതെ ഉലച്ചിരുന്നു...

അൽഷിമെഴ്‌സ്..... അതെ മരണത്തിന് മുന്നേ എല്ലാം ഓർമകളും അവളിൽ നിന്ന് പടിയിറങ്ങും... ഇനിയുള്ള കാലം ഓർമ്മകളില്ലാതെ.. എല്ലാതും മറന്ന്....

അവളെ കൊണ്ട് ആകുമോ... തന്നെ പോലും അവൾ മറന്നു പോകുന്നു... ഇടക്ക് സ്വന്തം പേരും പോലും.....

അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി തലയിണയെ നനച്ചു...

വിവാഹത്തെ കുറിച്ച് ഒട്ടും ചിന്ദിക്കാത്ത ടൈമിലാണ് അനന്ദുവിന് ചാരുവിന്റെ ആലോചന വന്നത്....
സിംഗിൾ ലൈഫ് ഒരുപാട് അടിച്ചു പൊളിക്കാൻ പറ്റിയില്ല അപ്പോഴേക്കും അമ്മയുടെ കണ്ണീരിൽ വീണു...
പെണ്ണ് കാണലും എൻഗേജ്മെന്റും എല്ലാം പെട്ടെന്ന് ആയിരുന്നു... കല്യാണത്തിന് അഞ്ച് മാസം സമയം കിട്ടിയപ്പോൾ..ആ നിമിഷങ്ങളിൽ ഇരുവരും പ്രണയത്തിലായി.... സ്വന്തമെന്ന് ഉറപ്പിച്ചു കൊണ്ട് ഓരോ നിമിഷവും പ്രണയിച്ചു.....

ഒരു വായാടി പെണ്ണാണ് ചാരു.... ആ വായാടിത്തരം തന്നെയാണ് അനന്ദുവിനെ അവളിലേക്ക് അടുപ്പിച്ചത്....അമ്മയും ഒരു അനിയനും മാത്രമായിരുന്നു ചാരുവിനുള്ളത്....അമ്മ അടുത്ത് മരിച്ചു.

ഏറെ വൈകാതെ കല്യാണം കഴിഞ്ഞു...
പ്രണയവും കളിയും ചിരിയും നിറഞ്ഞു നിന്ന നാളുകൾ...

ഒരിക്കൽ ഷോപ്പിൽ ഡ്രസ്സ്‌ എടുക്കാൻ കയറിയപ്പോൾ തന്റെ ഫേവറിറ്റ് കളർ ഏതാണെന്ന് ഓർക്കാൻ കഴിയാതെ അവൾ നിന്നപ്പോൾ അവൻ അവളെ കളിയാക്കി...

പിന്നീടും കുഞ്ഞു കുഞ്ഞു മറവികൾ...
ഒരിക്കൽ അടുക്കളയിൽ നിന്ന് ശബ്ദം കേട്ട് അനന്ദു വന്നു നോക്കുമ്പോൾ കണ്ടത് ചാരുവിനെ ശകാരിക്കുന്ന അമ്മയെയാണ്...
കാര്യം ചോദിച്ചപ്പോൾ പറഞ്ഞു ഏട്ടന്റെ ഒരു വയസ്സുള്ള അനുമോൾക്ക് ഫീഡിങ് ബോട്ടിലിൽ പാലിന് പകരം ചായ നിറച്ചു എന്ന്...

തല താഴ്ത്തി നിന്ന് കരയുന്ന അവളെ ചേർത്ത് പിടിച്ചു..

"എന്ത് പറ്റി ചാരു... അനുമോൾക്ക് എന്തിനാ ചായ കൊടുത്തത്... നിനക്ക് അറിയില്ലേ മോളെ..."

"ഞാൻ... ഞാൻ മറന്നു പോയി അനന്ദു..." നിസ്സഹായതോടെ അവൾ അവനെ നോക്കി പറഞ്ഞു...

"ഓഹ് പിന്നെ... ഈ ചെറിയ കാര്യം അങ്ങ് മറന്നു പോവേ... സ്വബോധം ഉള്ള ആരായാലും ഇങ്ങനെ ചെയ്യില്ല.,..."ഏട്ടത്തിയുടെ  മുഖം കനപ്പിച്ചുള്ള സംസാരം കേട്ട് അവൻ അവരെ ഒന്ന് തുറിച്ചു നോക്കി ചാരുവിനെയും കൊണ്ട് റൂമിലേക്ക് പോയി...

ചെറിയ മറവികൾ പിന്നെ കൂടി വന്നു... ഇടക്ക് അനന്ദുവിനെ കണ്ട് ആരാണെന്ന് അവൾ ചോദിച്ചപ്പോൾ ഒരുനിമിഷം അവൻ തറഞ്ഞു നിന്നു പോയി...

സംശയം തോന്നി ഡോക്ടറേ കൺസൾട്ട് 
ചെയ്തു..

ചാരുവിന്റെ ബ്രെയിൻ സെൽ കണക്ഷനുകളും കോശങ്ങളും ദിനം പ്രതി സ്വയം നശിക്കുകയും മരിക്കുകയും ഒടുവിൽ മെമ്മറിയും മറ്റ് പ്രധാന മാനസിക പ്രവർത്തനങ്ങളും നശിപ്പിക്കുകയും ചെയ്യും..

ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു രോഗം പിടി പെടുന്നത് തന്നെ വളരെ കുറവാണ്....

ഡോക്ടറുടെ വാക്കുകൾ നെഞ്ചിലൊരു കല്ലെടുത്ത് വെച്ച പോലെ അവന്റെ ഹൃദയഭിത്തിയിൽ വന്നിരുന്നു....

ഒരു പൊട്ടികരച്ചിലോടെ ചാരു ഡോക്ടറുടെ റൂമിൽ നിന്നിറങ്ങി ഓടുമ്പോൾ പിന്നാലെ ചെന്ന് അവളെ ചേർത്ത് പിടിക്കാൻ പോലും അവന്റെ കൈകൾക്ക് ഭലമുണ്ടായിരുന്നില്ല... അത്രമേൽ അവൾ തളർന്നു പോയിരുന്നു...

"എനിക്ക് ഇനി ഒന്നും ഓർക്കാൻ കഴിയില്ലേ അനന്ദു.... ഞാൻ... ഞാനെല്ലാം മറക്കുവോ...." അവന്റെ നെഞ്ചോട് ചേർന്ന് വിതുമ്പി കൊണ്ട് അവൾ ചോദിച്ചപ്പോൾ അവളുടെ പുരികകൊടികൾക്കിടയിൽ അവൻ അമർത്തി ചുംബിച്ചു...

"നിന്നെ ഞാൻ മറക്കുവോ അനന്ദു....." ചങ്ക് പൊട്ടുന്ന വേദനയോടെ അവൾ കരഞ്ഞു കൊണ്ട്  ചോദിച്ചത് ഇന്നും അവന്റെ കാത്തുകളിൽ മുഴങ്ങി കേൾക്കുന്നുണ്ട്..

അനന്ദു ചെരിഞ്ഞ് കിടന്ന് ചാരുവിന്റെ നെറുകയിൽ അമർത്തി മുത്തി... അവളുടെ മുഖം ഹൃദയത്തോടെ ചേർത്ത് വെച്ച് കണ്ണടച്ചു.....


"അസുഖം ആണേൽ റൂമിനകത്ത് കിടക്കണം.... അല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഇങ്ങനെ ഇറങ്ങി നടക്കരുത്..."

രാവിലെ അവൻ കണ്ണ് തുറന്നത് തന്നെ അമ്മയുടെ സംസാരം കേട്ടാണ്....

അനന്ദു ഉറക്കത്തിന്റെ ആലസ്യം വിട്ട് മാറാതെ ബെഡിൽ കൈ കൊണ്ട് പരതി...

"നാശം...ഇവിടെല്ലാം വൃത്തിക്കേടാക്കി..."

അമ്മയുടെ ശബ്ദം ഉയർന്നു കേട്ടു....
അവൻ ചാടി എണീറ്റു....

"അനന്ദു.... ഡാാ...." അമ്മ വിളിക്കുന്നത് കേട്ടു... അനന്ദു മുണ്ട് മടക്കി കുത്തി ഉമ്മറത്തേക്ക് ചെന്നു....

"എന്താ അമ്മേ....."  അനന്ദു ചോദിച്ചു...

"ദേ കണ്ടോ... നാശം... ഇവളെ റൂമിൽ ഇരുത്തിക്കൂടെ നിനക്ക്... പിച്ചും പെയ്യും നടക്കുന്നത് പോട്ടേ...പക്ഷേ ഇതോ...."

അവർ ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് സൈഡിലേക്ക് ചൂണ്ടി  ....

തല താഴ്ത്തി ചുമരിനോട് ചേർന്ന് നിന്ന് തേങ്ങുന്ന ചരുവിനെ കണ്ടവൻ അവൾക്ക് അടുത്തേക്ക് നടന്നു....
അവൾ നിൽക്കുന്നിടത്ത് വെള്ളം കണ്ട് അവനൊന്നു നിന്നു.....

"കൊച്ചു കുട്ടികളെ പോലെ മൂത്രമൊഴിച് ച്ചെ....അച്ഛനും ഏട്ടനും ഇവിടെ ഉണ്ടായിരുന്നേൽ എന്തായേനെ..."

ഏട്ടത്തി അറപ്പോടെ മുഖം തിരിച്ചു... അനന്ദു അത് കേട്ട ഭാവം നടിച്ചില്ല....
അവൻ വേദനയോടെ ചാരുവിനടുത്തേക്ക് നടന്നു....

അവൾ അവന്റെ മുഖത്തേക്ക് നോക്കുന്നെ ഇല്ല.... മറ്റൊന്നും ചിന്ദിക്കാതെ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു...

"സാരമില്ല പോട്ടേ...." അതും പറഞ്ഞവളെ വാരി എടുത്തു റൂമിലേക്ക് കൊണ്ട് പോയി....

ഡോർ അടച്ചു ലോക്ക് ചെയ്തു.... ഒരു പാവ കണക്കെ നിന്നവളുടെ ഡ്രസ്സ്‌ മാറ്റി കുളിപ്പിച്ച് കൊടുത്തു....

"നീ എന്താ അനന്ദു ഈ ചെയ്യണേ...."

ഉമ്മറം കഴുകുന്ന അനന്ദുവിനെ കണ്ട് അമ്മ ചോദിച്ചു..

അനന്ദു ഒന്ന് ചിരിച്ചു..

"അമ്മക്ക് നടുവേദനയല്ലേ. ഏട്ടത്തിക്ക് അറപ്പ്... രണ്ട് പേരും കയ്യൊഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യാനാ.. എന്റെ ഭാര്യ വൃത്തിക്കേട് ആക്കിയല്ലേ... ഞാൻ തന്നെ വൃത്തിയാക്കിക്കോളാം...."

അതും പറഞ്ഞവൻ അവന്റെ ജോലി തുടർന്നു...

തുടച്ചു കഴിഞ്ഞ് ഹാളിലേക്ക് ചെല്ലുമ്പോൾ പതിവില്ലാതെ അച്ഛനും അമ്മയും ഏട്ടത്തിയും ഹാളിൽ ഇരിപ്പുണ്ട്...
അനന്ദുവിന്റെ ഏട്ടന് ജോലി കുറച്ചകലേയാണ്   അത് കൊണ്ട് തന്നെ രണ്ട് ദിവസം കൂടുമ്പോഴേ നാട്ടിൽ വരൂ...

അനന്ദു അവരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് റൂമിലേക്ക് പോകാൻ നിൽക്കവേ...

"അനന്ദു......" അച്ഛന്റെ കനത്ത ശബ്ദം അവന്റെ കാലുകളേ പിടിച്ചു നിർത്തി...

അവൻ അദ്ദേഹത്തിന് നേരെ തിരിഞ്ഞു നോക്കി...

"എന്താ നിന്റെ പ്ലാൻ...?"

"എന്ത് പ്ലാൻ...??" അവൻ നെറ്റി ചുളിച്ചു..

"ഇന്നിവിടെ നടന്നത് നിന്റെ അമ്മ പറഞ്ഞു..."

"എന്ത് പറഞ്ഞു.... അതിന് മാത്രം എന്ത് നടന്നെന്ന..."

അവൻ പറഞ്ഞു കൊണ്ട് അമ്മയെയും ഏട്ടത്തിയേയും ഒന്ന് തുറിച്ചു നോക്കി...

"നീ നോക്കി പേടിപ്പിക്കണ്ട അനന്ദു...ആ പെണ്ണിനെ തലയിൽ വെച്ച് നടക്കാനാണോ നിന്റെ ഉദ്ദേശം.
അസുഗമുള്ള പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവെച്ച അവളുടെ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ...ഇന്ന് നീ അവിടെ തുടക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് കലങ്ങി....."

അമ്മയുടെ നിറഞ കണ്ണുകൾ കണ്ട് അവൻ പുഞ്ചിരിച്ചു..

"എന്നിട്ട് എന്തെ അമ്മ എന്റെ കയ്യിൽ നിന്ന് വാങ്ങിയത് തുടക്കാഞ്ഞേ...."

അവന്റെ ചോദ്യത്തിന് മുന്നിൽ അവർ ഒന്നും മിണ്ടാതെ നിന്നു...

"മോനെ... അവളുടെ കൂടെ ജീവിച്ചു നിന്റെ ജീവിതം പാഴാക്കണോ നീ...." അച്ഛന്റെ ചോദ്യം കേട്ടവൻ അദ്ദേഹത്തിന് നേരെ തിരിഞ്ഞു.

"അച്ഛനെന്താ പറഞ്ഞു വരുന്നത്..."

"വേറൊന്നുമല്ല നീ ചരുവിനെ ഉപേക്ഷിച്ചേക്ക് ഈ രോഗത്തിനെ കുറിച്ച് നിനക്ക് അറിയാഞ്ഞിട്ടാ... നീ അവളെ കൊണ്ട് ബുദ്ധിമുട്ടും... ഇപ്പൊ തന്നെ കണ്ടില്ലേ മൂത്രമൊഴിച്ച് ... ച്ചേ... എത്ര നാൾ ജോലിക്ക് പോകാതെ നീ അവളെ നോക്കും..."

"എന്റെ ഭാര്യയല്ലേ ഞാൻ നോക്കിക്കോളാം....അതിന് വേണ്ടി ആരുടെ കാൽക്കലേക്കും ഞാൻ വരില്ല..."

അനന്ദുവിന്റെ ശബ്ദം ഉയർന്നു...
അമ്മ പിന്നെ ഒന്നും മിണ്ടിയില്ല...

"ഇപ്പൊ എല്ലാവർക്കും അവൾ ശല്ല്യം... അമ്മ തന്നെ കണ്ടെത്തി തന്നതല്ലേ എനിക്കവളെ...അവള് ജോലിക്ക് പോയിക്കൊണ്ടിരുന്നപ്പോൾ പുന്നാരിച്ച് കൊണ്ട് നടന്നിരുന്നല്ലോ...പക്ഷെ ഇപ്പൊ അവളെ വേണ്ടാ.... കൊള്ളാം....."

അനന്തു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോകാനൊരുങ്ങി...

"ചാരുവിനെ ഇവിടെ നിർത്താൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് അനന്ദു....നീയാണേൽ ജോലിക്കും പോകാതെ ഭാര്യയെ നോക്കി വീട്ടിൽ ഇരിപ്പാ... നന്ദനാണ് വീട് നോക്കുന്നത്.... അറിയാലോ നിനക്ക്...."

അമ്മ മുഷിച്ചാലോടെ ആണേലും അക്കാര്യം പറഞ്ഞു..

ശെരിയാണ് ഏട്ടന്റെ വീടാണ്.... അനന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു..

അവനൊന്നും മിണ്ടാതെ റൂമിലേക്ക് പോയി...

ബെഡിൽ ഇരിക്കുന്ന ചാരുവിന്റെ മുഖഭാവം കണ്ടപ്പോൾ മനസിലായി അവളെല്ലാം കേട്ടെന്ന്... അനന്ദു അവളെ നോക്കി കണ്ണ് ചിമ്മി കൊണ്ട് ഷെൽഫിനടുത്തേക്ക് ചെന്നു...

പുറകിലൂടെ വന്നവൾ അവനെ ചുറ്റിപിടിച്ചു... അവന്റെ പുറത്ത് കവിൾ അമർത്തി നിന്നു.... കണ്ണുനീർ കൊണ്ട് അവന്റെ പുറം നനഞ്ഞു....
അനന്ദു അങ്ങനെ നിന്നതേ ഒള്ളൂ...

"അവര് പറഞ്ഞത് ശെരിയാ... എന്നെ ഉപേക്ഷിച്ചേക്ക് അനന്ദു...."
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു... അനന്ദു ഒന്നും മിണ്ടിയില്ല.. അങ്ങനെ തന്നെ നിന്ന് ഷെൽഫിൽ നിന്ന് ഡ്രെസ് എടുത്തു വെക്കാൻ തുടങ്ങി..

"ഞാൻ അമ്മയുടെ അടുത്ത് നിന്നോളാം...." അവൾ വിതുമ്പി...

ആ അമ്മ മരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെന്ന് അവൾ ഓർക്കുന്നു പോലുമില്ല....


"എന്താ അനന്ദു ചെയ്യണേ...." അവൾ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു...

"നമ്മൾ വീട് മാറുന്നു.... നീ പോയി ഡ്രസ്സ്‌ മാറ്..." അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു...

"എനിക്ക് വേണ്ടിയാണോ അനന്ദു വീട് മാറുന്നത്..." അവളുടെ ശബ്ദം ഇടറി... അവൻ തിരിഞ്ഞ് അവളുടെ മുഖം കയ്യിലെടുത്തു...

"നമുക്ക് വേണ്ടി...." ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു...കവിളിൽ ഒരുമ്മ കൊടുത്തു....

വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു വാക്ക് കൊണ്ട് പോലും അമ്മയും അച്ഛനുണ് എതിർത്തില്ലെന്നത് അവനെ സങ്കടപെടുത്തി...മൂത്തമകന്റെ ചിലവിൽ കഴിയുമ്പോൾ അവൻ പറഞ്ഞതല്ലേ അനുസരിക്കേണ്ടത്...

അനന്ദു ചാരുവിനെ ചേർത്ത് പിടിച്ച് ആ വീടിന്റെ പടിയിറങ്ങി...


_____________________________________



"വലിയ സൗകര്യങ്ങളൊന്നുമില്ല... നീ പെട്ടെന്ന് പറഞ്ഞപ്പോൾ ഇതേ സംഘടിപ്പിക്കാൻ പറ്റിയുള്ളൂ..."


"ഇത് മതിയെടാ.... താങ്ക്സ്..." അനന്ദു വീടിനകം ഒന്നു കണ്ണോടിച്ചു കൊണ്ട് സുഹൃത്തിനെ കെട്ടിപിടിച്ചു...

"വാടക നമുക്ക് അഡ്ജസ്റ്റ് ചെയ്യാം...അത് ഞാൻ ഏറ്റു... എനിക്ക് അറിയാവുന്ന ആളാ ഹൗസ് ഓണർ..."

അനന്ദു ആശ്വാസത്തോടെ തലയാട്ടി...അവൻ പോയതിന് ശേഷം അനന്ദു വാതിലടച്ചു...

രണ്ടു മുറിയും ഹാളും അടുക്കളയുമുള്ള ഒരു കുഞ്ഞു വീടാണ്... ഒരു വലിയ റൂമും.. മറ്റൊന്ന് ചെറുതും.. രണ്ട് പേർക്ക് സുഖമായി താമസിക്കാൻ ഇത് തന്നെ ധാരാളം...

ബെഡ്റൂമിലെ ജാലകത്തിനടുത്ത് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ചാരു....
അനന്ദു ചിരിയോടെ അവളെ ചേർത്ത് പിടിച്ച് കഴുത്തിൽ മുഖം ചേർത്ത് നിന്നു...

"ചാരു....." മെല്ലെ വിളിച്ചു...

"മ്മ്....." അവളൊന്നു മൂളി...

"എന്താ ഒന്നും മിണ്ടാത്തത്....??"

"നമ്മളെന്തിനാ അനന്ദു വീട് മാറിയത്..."

ആ ചോദ്യത്തിൽ നിന്ന് അവന് മനസിലായി അവൾ കഴിഞ്ഞ കാര്യങ്ങൾ മറന്നെന്ന്....

"മാറണം എന്ന് തോന്നി...നമ്മൾ മാത്രം മതിയെന്ന് തോന്നി...." കണ്ണുകൾ ഇറുക്കി അടച്ചവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...

പിറ്റേന്ന് രാവിലെ എണീക്കുമ്പോൾ ചാരുവിനെ അടുത്ത് കണ്ടില്ല.... അവൻ ചാടി എണീറ്റ് ഹാളിലേക്ക് ഓടി...

കിച്ചണിൽ നിന്ന് പത്രങ്ങളുടെ ശബ്ദം കേട്ട് അങ്ങോട്ട്‌ ചെന്ന് നോക്കി...

"ആ... അനന്ദു എണീറ്റോ... കുറച്ചു നേരം കൂടെ കിടക്കായിരുന്നില്ലേ..."

സ്റ്റവ്വിൽ കറിയോ മറ്റോ ഇളക്കി കൊണ്ട് അവൾ അവനെ നോക്കി പറഞ്ഞു...

"ഞാൻ സഹായിക്കുമായിരുന്നില്ലേ ചാരു...." അവൻ അവൾക്ക് അടുത്തേക്ക് ചെന്നു... പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു..

"ഒരു ചായ ഉണ്ടാക്കാൻ കയറിയതാ.. അപ്പൊ പിന്നെ ബാക്കി കൂടെ ചെയ്യാം എന്ന് കരുതി.... ഇതിപ്പോ കഴിയും ദോശ ഉണ്ടാക്കി വെച്ചു...ഈ സാമ്പാർ കൂടെ ഉണ്ടാക്കിയാൽ മതി...."

അവളുടെ കവിളിൽ ഒന്നു മുത്തി അനന്ദു ബാത്‌റൂമിലേക്ക് പോയി...

ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വേണ്ടി വന്നിരുന്നപ്പോൾ ദോശ ടേബിളിൽ ഇരിപ്പുണ്ട്... ചാരു അവന് വിളമ്പി കൊടുത്തു...

"കറി എവിടെ ചാരു....?"

അവൻ ചോദിച്ചു..

"കറി.... കറി ഞാൻ ഉണ്ടാക്കിയിരുന്നോ..??" അവൾ സംശയത്തോടെ ചോദിച്ചു..

അവൻ ചിരിയോടെ ഇല്ലെന്ന് തലയാട്ടി...

"എനിക്ക് തോന്നിയതാവും... "

അതും പറഞ്ഞവൻ ദോശ കഴിച്ചെണീറ്റു...

കൈ കഴുകി റൂമിലേക്ക് ചെല്ലുമ്പോൾ അവന്റെ ഫോണും പിടിച്ചിരിക്കുന്ന ചാരുവിനെ കണ്ടു.... അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു...

"എന്ത് പറ്റി...." അവൻ അവൾക്ക് അടുത്തേക്ക് ഓടി ചെന്നു...

"വീട്ടിൽ നിന്ന് ഇറങ്ങി പോന്നതാണല്ലേ അനന്ദു നമ്മൾ.... ഞാൻ കാരണം...."  അവളുടെ കണ്ണുകൾ നിറഞ്ഞു...

അനന്തു അവളുടെ കയ്യിലിരുന്ന ഫോണിലേക്ക് നോക്കി...

അമ്മ വിളിച്ചിട്ടുണ്ട്... ചാരുവിനോട് വീണ്ടും പറഞ്ഞു എല്ലാം.... എന്ന് അവൻ ഓർത്തു...

അവളെ നെഞ്ചിലേക്ക് അടുപ്പിച്ചു....

"ജോലിക്ക് പോയി തുടങ്ങണം ചാരു... ഞാൻ റെഡി ആവട്ടെ..."  അവളോട് പതിയെ പറഞ്ഞവൻ എഴുനേറ്റു... അവൾ കണ്ണ് നിറച്ചു കൊണ്ട് അവനെ നോക്കി ഇരുന്നു...

ചാരുവിന്റെ അസുഖം അറിഞ്ഞതിനു ശേഷം ജോലിക്ക് പോയിട്ടില്ല... ലീവ് പറഞ്ഞതാണ്.. ജോലിക്ക് പോകാത്തതിൽ ഏട്ടൻ അന്നേ മുഖം കറുപ്പിച്ചതാണ്... പിന്നീട് അമ്മയും ഏട്ടത്തിയും.... താൻ പോയാൽ ചാരു വല്ലാതെ ഒറ്റപ്പെടും... പലസമയങ്ങളിൽ പല ഓർമ്മകളിൽ അവൾ മുങ്ങി താഴും... ആ ഓർമ്മകളിൽ താനും കുടുംബവും ഉണ്ടാവില്ല. അവളെ ചേർത്ത് പിടിക്കാൻ തന്റെ വീട്ടുകാർക്കും കഴിയില്ല... അത് കൊണ്ടാണ് ലീവ് എടുത്ത് ചാരുവിനോടൊപ്പം നിന്നത്.....ഇനി ഓഫിസിലേക്ക് ചെന്നാൽ എംഡിയുടെ വായിൽ നിന്ന് ഒരുപാട് കേൾക്കും.. എന്നാലും സാരമില്ല തിരിച്ച് അവിടെ തന്നെ ജോലി ചെയ്യണം..

വീട്ടിൽ നിന്നിറങ്ങരുത് എന്ന് ചരുവിനോട് പറഞ്ഞാണ് അവൻ ജോലിക്ക് പോയത്...

നിറമില്ലാത്ത ഒരു ചിരി തന്ന് അവൾ മറുപടി നൽകി....

ഓഫിസിൽ ഇരുന്നിട്ട് ഒരു സമാധാവും ഉണ്ടായിരുന്നില്ല അനന്ദുവിന്... ഇടക്ക് ഫോൺ വിളിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല..വർക്ക്‌ സ്റ്റോപ്പ് ചെയ്യാനുള്ള ബെൽ ഒന്ന് മുഴങ്ങാൻ കാത്തിരിക്കുവാണ് അവൻ..

ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓടുകയായിരുന്നു അവൻ....

കാളിങ് ബെൽ അടിച്ചിട്ടും അവൾ വാതിൽ തുറന്നില്ല... പിന്നെ കയ്യിലുള്ള കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്ത് കയറി....

"ചാരു...." അവൻ വിളിച്ചു കൊണ്ട് ചുറ്റും നോക്കി...

റൂമിലേക്ക് ചെന്നപ്പോൾ തങ്ങളുടെ വിവാഹഫോട്ടോയിലേക്ക് നോക്കി ഇരിക്കുകയാണ് അവൾ...

"ചാരു...." അവൻ പതിയെ വിളിച്ചു....

കരഞ്ഞു വീർത്ത അവളുടെ കണ്ണുകൾ അവന് നേരെ നീണ്ടു...

"എന്റെ ഭർത്താവാണോ,.."

അനന്ദു നിറ കണ്ണുകളോടെ തലയാട്ടി... ഓരോ നിമിഷങ്ങളും അവൾ മറന്നു പോകുന്നു... ഡോക്ടർ പറഞ്ഞിരുന്നു... മിനിറ്റുകളും സെകന്റുകളും മാത്രമാണ് അവളിൽ ഓർമ്മകൾ പലതും ജീവിച്ചു മരിക്കുന്നത്....

"മറന്നു പോയി ഞാൻ..." അവളുടെ ഏങ്ങലടികൾ ഉയർന്നു...

അന്ന് രാത്രി സുഖമായി ഉറങ്ങി കിടക്കുന്ന ചാരുവിനെ നോക്കി അവൻ അങ്ങനെ ഇരുന്നു..

ഉറങ്ങാൻ കഴിഞ്ഞില്ല.... കളർ പെൻസിൽ എടുത്ത് ചുമരിൽ എന്തൊക്കെയോ എഴുതി കൊണ്ടിരുന്നു....

സൂര്യ വെളിച്ചം കണ്ണിൽ തട്ടിയാണ് ചാരു കണ്ണ് തുറന്നത്...

"അമ്മേ....." അവൾ പതിയെ വിളിച്ചു കൊണ്ട് തുറന്നു... ആദ്യം തന്നെ കണ്ടത്.... മേളിൽ പതിയെ കറങ്ങി കൊണ്ടിരുന്ന സീലിംഗ് ഫാനാണ്....

*അനന്ദു loves ചാരു* ലീഫിൽ എഴുതിയിരിക്കുന്ന വരികൾ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...

അനന്ദു.....?? ആരാണ് അനന്ദു... അവളുടെ ഹൃദയമിടിപ്പ് കൂടി....
കണ്ണുകൾ ചുമരിലേക്ക് ചേക്കേറി.... അവരുടെ വിവാഹ ഫോട്ടോ ആ വലിയ ചുമരിൽ വലുതാക്കി പതിച്ചിരിക്കുന്നു...
വിവാഹം നടന്ന ഡേറ്റും ഫാമിലി ഫോട്ടോയും ഉണ്ട്....

അവൾ എഴുനേറ്റ് അതിനടുത്തേക്ക് ചെന്നു...

"അമ്മ... സച്ചു...." ഫാമിലി ഫോട്ടോയിലൂടെ വിരലോടിച്ചു കൊണ്ടിരിക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു...

റൂമിലെ ചുമര് നിറയെ... അവരോടുത്തുള്ള ഫോട്ടോസും... അവരുടെ പ്രണയം നിമിഷങ്ങളെല്ലാം.. വരികളിലൂടെയും ഫോട്ടോയിലൂടെ ആ ചുമരുകൾ നിറയെ ഉണ്ട്...

അവൾ ഓരോന്നും നോക്കി ഹാളിലേക്ക് ചെന്നു....

ചുമരിൽ അവന്റെ ഫോൺ നമ്പറും പേരും എല്ലാം എഴുതി വെച്ചിട്ടുണ്ട്.... ആദ്യമായ് കണ്ടതും എൻഗേജ്മെന്റും വിവാഹവും എല്ലാം മുണ്ട് ഓരോ ഭിത്തിയിലും....

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....

സോഫയിൽ കിടന്നുറങ്ങുന്ന അനന്ദുവിനെ കണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു... നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടി.....

അനന്ദു ഞെട്ടി.....അവൾ അവനെ ചുംബിച്ചു കൊണ്ടിരുന്നു... അവളുടെ കണ്ണുനീർ അവന്റെ മുഖത്തൊഴുകി ഇറങ്ങി...

"ചാ......"

"I love you അനന്ദു....." തേങ്ങി കൊണ്ട് അവൾ അവന്റെ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ചു....

അനന്ദു അവളുടെ ചുണ്ടുകളിൽ ചുംബിച്ചു... രണ്ടുപേരുടെയും കണ്ണ് നീർ ഒഴുകി ഒന്നായി....

പരസ്പരം അകന്ന് മാറി... അനന്ദു അവളെ കയ്യിലേക്ക് വാരി എടുത്ത്... ചുമരിൽ എഴുതി വെച്ചിരിക്കുന്ന ഓരോന്നും വീണ്ടും പറഞ്ഞു കൊടുത്തു...
അതെല്ലാം കാണുമ്പോൾ മാഞ്ഞു പോകുന്ന ഓർമ്മകൾ അവൾക്ക് ഓർമ വരുമെന്ന് അവനറിയാമായിരുന്നു... ഇനിമുതൽ അവളുടെ ലോകം ആ വീടാണ്..ഒപ്പം അവളുടെ അനന്ദുവും...

"ഞാനിനി എന്നും ഇങ്ങനെ ആയിരിക്കും അനന്ദു...." വിവാഹഫോട്ടോയിലൂടെ വിരലോടിച്ചവൾ ഇടറിയ സ്വരത്തിൽ അനന്ദുവിനോട് പറഞ്ഞു..

അവൻ അവളെ തലമുടിയിൽ ചുണ്ട് അമർത്തി...

"അതിനെന്താ...ഞാനുണ്ടാവും എന്റെ പെണ്ണിന്റെ കൂടെ.... 💝"




***************ശുഭം***************



Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All