യോഗം കഴിഞ്ഞു കാറിൽ മടങ്ങുമ്പോൾ ഏതാണ്ട് അഞ്ചു മണി നേരമായി കാണും. ആദ്യമായിട്ടാണ് ഇൗ പ്രദേശത്ത് വന്നു പോകുന്നത്. റോഡി നിരുവ ശ വും നിറയെ ചെറു കടകൾ.
പെട്ടന്ന് ഒരു വൃദ്ധയായ സ്ത്രീ വഴിയരികിൽ ഒരു തുണി വിരിച്ച് രണ്ടോ മൂന്നോ അണ്ണാ റ ചക്കകൾ വില്പനയ്ക്ക് വെച്ചത് കണ്ണിൽ പെട്ടു. നിമിഷ നേരം കൊണ്ട് കാർ പത്തിരുപത് മീറ്റർ മുന്നിൽ എത്തിയിരുന്നു. കാർ ഞാൻ അവരുടെ അടുക്കലേക്ക് പുറകോട്ടു എടുത്തു.
'ചക്ക എന്താ വില. '
'ഇരുപത്തഞ്ചു രൂപ സാറേ. '
'അത് എത്ര എണ്ണം ഉണ്ട്.'
'മൂന്നെണ്ണം സാറേ.'
'അത് മൂന്നും ഇങ്ങ് എടുത്തോളൂ.'
അവർ ഒന്ന് പരുങ്ങി. ചുറ്റുപാടും എന്തോ തേടുന്ന പോലെ.
'പൊതിയാൻ... '
'സാരമില്ല..ഞാൻ സീറ്റിൽ വെച്ചോളാം.'
ചക്ക വാങ്ങി ഞാൻ ഡോ ര്‍ തുറന്നു പിൻസീറ്റിൽ വെച്ചു. പേഴ്സ് തുറന്നു ഒരു നൂറു രൂപ നോട്ട് അവർക്ക് നീട്ടി. വീണ്ടും അവരുടെ മുഖത്ത് ഒരു ദുഃഖ ഭാവം.
' ചില്ലറ ഇല്ലായിരിക്കാം അല്ലേ. സാരമില്ല .ബാക്കി ഇരിക്കട്ടെ. '
അവർ മനസ്സില്ലാ മനസ്സോടെ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി. ഞാൻ കാറിലേക്ക് കയറി.
തൊട്ടടുത്ത് ഇരുന്നിരുന്ന ഭാര്യ ' എന്തിനാ ഇപ്പൊൾ ഇൗ ചക്ക അതും മൂന്നെണ്ണം വാങ്ങിയത്. പിള്ളേർക്ക് രണ്ടിനും ഒട്ടും ഇഷ്ടമില്ല. ഇതൊക്കെ ആര് തിന്നു തീർക്കും.' എന്ന് പറഞ്ഞു മുഖം വീർപ്പി ക്കുന്നുണ്ടായിരുന്നൂ.
ഇത് പോലെ വീട്ടു വളപ്പിലെ ചക്കയും മാങ്ങയും വഴിയരികിലെ വീട്ടു മുറ്റത്ത് ഇട്ടു വിറ്റു കിട്ടിയ പണം കൊണ്ടാണ് എന്റെ അമ്മ എന്നെ ഇൗ നിലയിൽ എത്തിച്ചത് എന്ന് ഞാൻ അവളോട് പറയാൻ നിന്നില്ല. ധനിക കുടുംബത്തിൽ പിറന്നു വളർന്ന അവൾക്ക് അത് ഉൾകൊള്ളാൻ കഴിയില്ല എന്ന് എനിക്കറിയാം.
■■■കടപ്പാട് ■■■
