#ads 1

ദൃഡ ബന്ധം malayalam story

Drida bandham malayalam story,

ദൃഢബന്ധo ( dridabandham)

Pen name : കുറുമ്പ_കുട്ടി


"മാസമുറ ആവാത്തവളാണോ ഇവിടുത്തെ മരുമോള്, വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും  വിശേഷങ്ങളൊന്നും കേട്ടില്ല "
ഉണ്ണ്യേട്ടന്റെ അമ്മായിയാണത് പറഞ്ഞത് , ചുവരുകൾക്കപ്പുറത്തു നിന്നാ കല്ലച്ച ശബ്ദവീചിയെന്റെ കാതിലേക്ക് പതിക്കുമ്പോൾ കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീര് പൊടിഞ്ഞിരുന്നു
ജനലിലൂടെ ഏന്തി വലിഞ്ഞു നോക്കിയപ്പോൾ മിണ്ടാട്ടം മുട്ടിയ അമ്മേടെ മുഖമൊരൽപ്പം വാടിച്ചുവന്നിരുന്നു
" അല്ലാ ശാന്തേട്ടത്തി ഇനി ഉണ്ണിക്കെന്തേലും കുഴപ്പം " ?
അത് കേട്ടപ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും വിട്ടതാണ്, നല്ല നാല് വർത്താനം പറയാനൊരുങ്ങുമ്പോഴേക്കും എന്നേ തടഞ്ഞതും ഉണ്ണിയേട്ടനാണ്
പഴമക്കാർക്കിതൊന്നും പുത്തരിയല്ല നീയത് ഒരു കാതിൽ നിന്നും കേട്ടിട്ട് മറ്റേ കാതിലൂടെ വിട്ട് കളഞ്ഞേക്ക് എന്നേട്ടൻ പറഞ്ഞപ്പോൾ ഞാനെന്റെ കോപത്തെ തല്ലിക്കെടുത്തി
അതുവരെ നിശബ്ദയായിരുന്ന അമ്മയുടടെ എഴുതാപ്പുറം വായിക്കല്ലെ ദേവയാനി നീ വിചാരിക്കുന്ന കൊഴപ്പങ്ങളൊന്നും എന്റെ കുട്ടികൾക്കില്ലെന്നമ്മയവരോട് പറയുമ്പോളും എന്റെ മനസ്സ് അസ്വാസ്ഥ്യമായിരുന്നു
എന്തോ തെറ്റു ചെയ്ത പ്രതീതി മനസ്സിൽ തളം കെട്ടി നിന്നു
ഞാനെടുത്ത തീരുമാനം തെറ്റായിരുന്നോയെന്നയാ ചോദ്യം എന്നെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു

അന്നു മുതലങ്ങോട്ട് അമ്മയുടെ ഭാവ മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി, അത് കഴിഞ്ഞതിൽപ്പിന്നെ അമ്മയധികം സംസാരിക്കാതായപ്പോൾ തന്നെ മനസ്സിലായ് എന്നേക്കാൾ അവരുടെയാ വാക്കുകൾ മുറിപ്പെടുത്തിയത് ആ ഹൃദയത്തെ ആണ്
ഉണ്ണിയേട്ടനുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായിട്ടും ഒരു കുഞ്ഞിക്കാല് കാണാത്തതിൽ ഇന്നേ വരെയൊരു ചോദ്യം കൊണ്ട് പോലും നോവിച്ചിട്ടില്ലയമ്മ, എന്താണ് അതിന്റെ കാരണം എന്നെന്നോട് ചോദിക്കാത്തതും എന്റെ മനസ്സിനെ നോവിക്കാതിരിക്കാൻ വേണ്ടിത്തന്നെയാണെന്നെനിക്ക്  നന്നായിട്ടറിയാം
കാരണം ഏട്ടന്റെ അമ്മ എന്നെ മരുമകളായിട്ടല്ല കണ്ടിരുന്നത് സ്വന്തം മകളായിട്ട് തന്നെയായിരുന്നു, അതു കൊണ്ട് തന്നെയാണ് വീട്ടിൽ എന്റെ ഇഷ്ട്ടങ്ങൾക്കമ്മ പ്രാധാന്യം കൂടുതൽ നൽകാറുള്ളതും
ഭാരപ്പെട്ട ജോലിയെടുക്കാനെന്ന അനുവദിക്കാത്ത, എന്റെ ഇഷ്ട്ട വിഭവങ്ങൾക്കുള്ള പച്ചക്കറി കൊണ്ടും പഴവർഗ്ഗങ്ങൾ കൊണ്ടും അടുക്കള കുത്തിനിറയ്ക്കാറുള്ള , എന്റെ വിരലൊന്നു മുറിഞ്ഞാൽ കണ്ണു നിറയാറുള്ള എന്റെ അമ്മ
ആ അമ്മയുടെ മനസ്സൊന്നു നോവാൻ കാരണക്കാരി ഞാനും കൂടിയാണല്ലോ എന്നോർത്തപ്പോൾ സഹിക്കാനായില്ലെനിക്ക്
അന്ന് അത്താഴം കഴിക്കാതെ കിടക്കപ്പായയിൽ ചെന്നു കിടന്ന എന്റെയരികിലേക്ക് പാലുമായി അമ്മയാണ് കടന്നു വന്നതും
നേർത്ത ക്ഷീണത്താൽ അർദ്ധശയ്യയിൽ ഞാൻ കിടക്കുമ്പോൾ എന്റെ നെറ്റിത്തടത്തിൽ വിരലുകളോടിച്ചമ്മ ചോദിച്ചു്
"ന്റെ കുട്ടിക്ക് വയ്യേ? എന്താ ഒന്നും കഴിക്കാത്തേ? ചെറിയ പൊള്ളിച്ച ഇണ്ടല്ലോ അമ്മ ചുക്കുവെള്ളം താരട്ടെ ?"
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ഞാനാ നെഞ്ചിലേക്കൊന്നു ചാഞ്ഞപ്പോൾ മാറുമറച്ചയാ വെള്ള സാരിയെന്റെ കണ്ണീരിനാൽ കുതിർന്നു നനഞ്ഞിരുന്നു.
അന്നു രാത്രി എനിക്കൊന്നുറങ്ങാൻ സാധിച്ചില്ല മനസ്സിലെ സംശയങ്ങളെന്നെ വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ പരുങ്ങിപ്പരുങ്ങിയാ പഞ്ഞിമെത്തയാകെ ചുളുക്കിക്കൊണ്ടിരുന്നു
തിരിഞ്ഞു കിടന്ന ഏട്ടനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നത് ആ പിറുപിറുക്കൽ കേട്ടപ്പോഴാണെനിക്ക് മനസ്സിലായതും
" വിട്ട് കള മില , പ്രായം ചെന്ന  സ്ത്രീയുടെ വിവരക്കേടായി കണ്ടാ മതി"
ഏട്ടന്റെ പുറംചൂടിൽ മുഖമർത്തിക്കൊണ്ടാ ചോദ്യം ഞാൻ ചോദിച്ചു
" രണ്ടു വർഷം കഴിഞ്ഞ് മതി കുഞ്ഞിനെക്കുറിച്ചുള്ള ചിന്തയെന്ന് ഞാൻ പറഞ്ഞത് തെറ്റായിരുന്നോ ഏട്ടാ " ?
എന്റെയരികിലേക്ക് തിരിഞ്ഞു കിടന്നിട്ടേട്ടൻ എന്റെ കവിളിൽ മെല്ലെയൊന്ന് തലോടി
" മില അത് നിന്റെ മാത്രം തീരുമാനമായിരുന്നില്ലല്ലോ നമ്മൾ ഒരുമിച്ചെടുത്ത തീരുമാനമല്ലേ? ഇപ്പോഴെന്താ ഇങ്ങനെ തോന്നാൻ? എനിക്ക് മനസ്സിലാകുo മോളു, ഒരു സ്ത്രീ ഗർഭം  ധരിക്കാൻ ആദ്യം പാകപ്പെടേണ്ടത് അവളുടെ മനസ്സാണ്  അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ  ഞാൻ നിന്റെ ഭർത്താവാണെന്നു പറഞ്ഞു നടക്കുന്നതിലെന്താണ് അർത്ഥം?
മനസ്സൊന്ന് ശാന്തമായത് അപ്പോഴാണ് ആ മേനിച്ചൂടിൽ പറ്റി ഞാനാ രാത്രി തള്ളിനീക്കുമ്പോൾ മനസ്സാകെ കുളിരു കോരിയിരുന്നു
ഉള്ളിൽ അഭിമാനം തോന്നിയിരുന്നു സ്നേഹസമ്പന്നയായ അമ്മയെ കിട്ടിയതിലും കരുതലുകൊണ്ടു കീഴടക്കുന്ന ഭർത്താവിനെ കിട്ടിയതിലും
പല പല ആഘോഷച്ചടങ്ങുകളിൽ ബന്ധുക്കളുടെ വിശേഷമൊന്നുമായില്ലെ എന്ന ചോദ്യത്തിന് ഉത്തരമെനിക്ക് നൽകണം എന്നു തോന്നി തുടങ്ങിയത് പിന്നീടുള്ള രാവുകളിലായിരുന്നു
മധുവിധു രാവുകളേക്കാൾ മധുരമായ ആ രാത്രികളിൽ ഏട്ടന് ഞാനർപ്പിച്ചത് ശരീരം മാത്രമായിരുന്നില്ല മനസ്സും കൂടെയായിരുന്നു
ദിവസങ്ങൾക്കു ശേഷം മുറ്റത്തുള്ള പുളിയൻമാവിലെ കണ്ണിമാങ്ങ ചൂണ്ടിക്കാണിച്ച് ഏട്ടാ എനിക്കത് കഴിക്കാനാഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ എടുത്തു പൊക്കി ആദ്യം ഓടിച്ചെന്നത് അമ്മയുടെ അടുക്കലേക്കാണ്
പിന്നീടുള്ള ഒമ്പതു മാസവും എന്റെ നിറവയറിനെയവർ പരിപാലിച്ചത് വാരിക്കോരി വിളമ്പിയ സ്നേഹം കൊണ്ട് മാത്രമായിരുന്നു
ഡേറ്റ് അടുത്തപ്പോൾ ആദ്യത്തെ നോവറിഞ്ഞപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടോടിയ ഏട്ടന്റെ മുഖത്തെ ടെൻഷൻ ഇപ്പോഴും ഞാനോർക്കുന്നുണ്ട്
നോർമൽ ഡെലിവറി പറ്റില്ല . സിസേറിയൻ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ധേശിച്ചപ്പോൾ മനസ്സൊന്നു വേദനിച്ചിരുന്നു
ഒന്നുമില്ലെന്ന് പറഞ്ഞ് ഏട്ടനെന്റെ കൈകളിൽ മുറുക്കിപ്പിടിച്ചപ്പോൾ വിയർത്തയാ ഉള്ളം കൈയ്യിലെ ഈർപ്പമെന്റെ കൈകളെ തണുപ്പിച്ചപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു പ്രസവിക്കാൻ പോകുന്ന എന്നേക്കാൾ ആധി ആ മനസ്സിനാണെന്നുള്ളത്
എന്റെയുള്ളിൽ നിന്നുമാ ജീവാംശത്തെ പുറത്തേടുത്തു, ബോധം വന്നപ്പോൾ കീറിയ പള്ളയിൽ ഉറുമ്പരിക്കുന്ന പോലെ തോന്നി
ചുറ്റുമുള്ള പുഞ്ചിരിച്ച മുഖം കണ്ടപ്പോൾ സന്തോഷത്താലെന്റെ മിഴികൾ നിറഞ്ഞു തുളുമ്പിയത് ഞാനറിഞ്ഞു
" കണ്ണനല്ല കാന്താരിയാണ്, എന്റെ ചുന്ദരി കാന്താരി"
അതും പറഞ്ഞമ്മ കുഞ്ഞിനെയെന്റെ അരികിലേക്ക് വച്ചു തരുമ്പോൾ ചുണ്ടിലേക്ക് ഒലിച്ചിറങ്ങിയയാ കണ്ണീരിനൊപ്പം ഞാനവളുടെ കവിളിലും നെറ്റിയിലും മുത്തി തുടച്ചു
അന്നവളുടെ ഇരുപത്തെട്ടിന് ഏട്ടന്റെ അമ്മായിയും കാണാൻ വന്നിരുന്നു ഞങ്ങടെ കാന്താരിയെ
വിജയീ ഭാവത്തിൽ നെഞ്ചു വിരിച്ചവരെ വരവേറ്റ അമ്മയുടെ മുഖഭാവത്തിൽ  അവർ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരങ്ങളുണ്ടായിരുന്നു
വയറു കീറേണ്ടി വന്നുല്ലേ? ഇപ്പഴത്തെ പെൺപിള്ളാരുടെ ഫാഷനാണ് ഈ സിസേറിയൻ അതാവുമ്പോൾ വേദനയറിയണ്ടല്ലോ എന്നവർ ഉച്ചത്തിൽ പറഞ്ഞപ്പോൾ അന്നു തോന്നിയ ഉറുമ്പരിക്കണ വേദന അപ്പോഴും തോന്നിയിരുന്നു
അമ്മയപ്പോഴുമവിടെ മൗനം പാലിക്കുകയാണുണ്ടായത് ചടങ്ങുകളെല്ലാം കഴിഞ്ഞ് പോകാൻ നേരത്ത് കുഞ്ഞിനെ കാണാനവർ വന്നപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു അവരോട്
കുഞ്ഞിന്റെ മുഖത്ത് നോക്കിയിട്ട് അച്ഛന്റേയും അമ്മേടേം മുഖച്ഛായ ഒട്ടും കിട്ടിയിട്ടില്ലെന്ന് കൂടെ നിന്നവരോട് പറയുന്നത് കേട്ടപ്പോൾ എന്റെ ധമനികളെ ചോരക്ക് ചൂടു കൂടി അപ്പോഴും അമ്മയതൊന്നും കേട്ടില്ലെന്ന് നടിച്ചു
വിട പറഞ്ഞവർ ഇറങ്ങും നേരം അമ്മയവരെ പിൻവിളി കൊണ്ട് തടഞ്ഞു ചടങ്ങിനു വന്നിട്ടുള്ള ആളുകൾടെ മുൻപിൽ വച്ച് തന്നെ കേൾക്കാൻ പാകത്തിൽ തന്നെയാ ചോദ്യം ചോദിച്ചു
" ദേവയാനി ആ ബസ്സിലെ കിളിയുടെ കൂടെ ഒളിച്ചോടിപ്പോയ നിന്റെ മോൾക്ക് വിശേഷം വല്ലതും ഉണ്ടോടി "?
കേട്ട പാതി കേൾക്കാത്ത പാതി അവരുടെ നടത്തത്തിനു വേഗത കൂടെ അന്നു മനസ്സിന് തോന്നിയ കുളിര് അപ്പോഴും എനിക്ക് തോന്നി
എന്റെ അരികിലേക്കടുത്ത അമ്മ ആരും കേൾക്കാതെ എന്നോട് മാത്രമായി പറഞ്ഞു
നമ്മുടെ വീട്ടിൽ വരുന്ന അതിഥി അത് ശത്രു ആയാലും മിത്രമായാലും തലേല് കേറിയാലും പ്രതികരിക്കരുത്, പക്ഷെ തലേൽ കേറി വിസർജിക്കാൻ നമ്മൾ സമ്മതിക്കരുത്, അങ്ങനെ വന്നാൽ എടുത്ത് ദൂരേക്ക് എറിയണം എന്നായിരുന്നു അത്
എല്ലാം കഴിഞ്ഞ് കുഞ്ഞിക്കാന്താരിയെയൊന്ന് മെല്ലേ പൊക്കിപ്പിടിച്ചിട്ട് അമ്മ ഏട്ടനോടായ് പറയുന്നുണ്ടായിരുന്നു
" ആ കണ്ണ് കണ്ടാലറിഞ്ഞൂടെ, നിന്റെ മുറിച്ച മുറിയാ ഉണ്ണീ " എന്ന്

#കുറുമ്പ_കുട്ടി

Post a Comment

Please Don't Spam here..