മാഗല്യം - Maagalyam | Story
മാഗല്യം
സാധാരണ പെണ്കുട്ടികൾക്കുണ്ടാകുന്ന പേടിയോ വിറയലോ ഒന്നും ഇല്ലാതെയാണ്, ഒരു ഗ്ലാസ് പാലുമായി ആദ്യരാത്രി ഞാനാ മുറിയിലേക്ക് കയറിച്ചെന്നത്..ഏതോ ഒരു ജോലി തീർക്കുംപോലെ പാൽ ഗ്ലാസ് അയാൾക്ക് നേരെ നീട്ടി... ഗ്ലാസ് വാങ്ങി മേശപ്പുറത്തു വച്ച്, അയാൾ പോയി ഡോറടച്ചു..പിന്നെ പതിയെ എന്നെ ചേർത്തുപിടിച്ചടടുത്തിരുത്തി.. പാൽ പാതി കുടിച്ചു എനിക്ക് തൽകിയപ്പോൾ, പാൽ ഞാൻ കുടിക്കാറില്ലെന്നു പറഞ്ഞൊഴിഞ്ഞു..എന്റെ മുഖത്തെ അനിഷ്ടം കണ്ടാവണം പിന്നെ നിര്ബന്ധിച്ചില്ല.. ആ മുഖം എന്റെ മുഖത്തേക്കുരസിയപ്പോൾ നിർവ്വികാരതയോടെ ഇരുന്നു കൊടുത്തു...പെട്ടെന്നയാൾ എന്റടുത്തുനിന്നും അകന്നു മാറി, ഡോർ തുറന്നു പുറത്തു പോയി.. രാവിലെ എഴുന്നേൽക്കുമ്പോൾ അയാൾ അടുത്തു കിടന്നുറങ്ങുന്നുണ്ട്..എഴുന്നേറ്റു കുളിച്ച് താഴെ എത്തിയപ്പോൾ 'അമ്മ എഴുന്നേറ്റിട്ടില്ല.. എന്തുചെയ്യണമെന്നാലോചിച്ചു കുറച്ചു നേരം നിന്നു. തിരികെ റൂമിലേക്ക് പോകാൻ തോന്നിയില്ല..ഹാളിലെ സോഫയിലേക്കിരുന്നു കണ്ണടച്ചു...മനസ്സു പുറക്‌ലേക്കു പോയി.. എന്റെ നിർബന്ധം കൊണ്ടാണ് രാഹുൽ അവസാനം അമ്മയേയും കൊണ്ടു വിവാഹാലോചനയുമായി വീട്ടിലേക്കു വന്നത്..അവരുടെ മുഖം കണ്ടപ്പോഴേ കാര്യങ്ങൾ ഏകദേശം മനസ്സിലായി..
""നാട്ടിൽ പെണ്കുട്ടികൾക്കു ഇത്ര ക്ഷാമമായോഡാ, ഈ ദാരിദ്ര്യക്കുഴിയിൽ നിന്നല്ലാതെ മറ്റാരെയും കിട്ടിയില്ലേ.." ഒന്നിരിക്കപോലും ചെയ്യാതെ നീരസത്തോടെ അവർ ഇറങ്ങിയപ്പോൾ എന്നെയൊന്നു ദയനീയമായി നോക്കി, എന്റെ സ്നേഹം പിന്നാലെ നടന്നു ഇരന്നു വാങ്ങിയവനും ഒപ്പമിറങ്ങി.. എനിക്കെന്നോടുതന്നെ പുച്ഛം തോന്നി...സ്നേഹം തോന്നേണ്ടത് കുറച്ചുകൂടി നട്ടെല്ലുള്ളവനോട് വേണ്ടിയിരുന്നു.. ദല്ലാൾ പുതിയൊരാലോചനയുമായി വന്നപ്പോൾ സ്ത്രീധനം വേണ്ട എന്ന വാക്കാണ് ഉമ്മറത്തേക്കെത്തിച്ചത്.. പയ്യന് കുറച്ചു പ്രായമുണ്ട്..38 വയസ്സ്.. ടൗണിൽ ബേക്കറി നടത്തുന്നു..ഒറ്റമോൻ..അച്ഛനില്ല..കൂട്ടിന് 'അമ്മ മാത്രം.. സമ്മതമാണെന്നറിയിച്ചു... ""മോളെ..ഒന്നു കൂടി ആലോചിച്ച് ..ഇത്രപ്രായമുള്ളൊരാൾക്കു..." എന്ന അച്ഛന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിച്ചില്ല.. ""സ്വപ്നങ്ങൾ കാണാൻ അർഹത ഇല്ലാത്തവർക്ക് ആലോചിക്കാൻ ഒന്നുമില്ല.." അല്പം കയറിയ നെറ്റി..ഇരുനിറം..ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകൾ..അയാളെ കാണണമെന്നുകൂടി ഉണ്ടായിരുന്നില്ല മനസ്സിൽ.... ""എന്നാലും ഇത്രയും പ്രായമുള്ളയാളെ വേണ്ടിയിരുന്നില്ല.." എന്ന ബന്ധുക്കളുടെ പതിവ് അഭിപ്രായങ്ങൾ..അല്ലെങ്കിലും ഇവറ്റകൾ സഹായത്തിനില്ലെങ്കിലും അഭിപ്രായത്തിനു ഒരു കുറവും വരുത്താറില്ല.. "മോളിവിടിരുന്നു ഉറങ്ങുകയാണോ ? " എന്ന ചോദ്യമാണ് ചിന്തകളിൽനിന്നുണർത്തിയത്.. ""എന്തിനാ , ഇത്ര നേരത്തെ എണീക്കുന്നത് ..ഞാൻ ആറര കഴിഞ്ഞേ എണീക്കു..അവൻ ആറിനെണീറ്റു പറമ്പിലെ കൃഷി നോക്കും... ഏഴിനു ചായ വേണം..അല്ലെങ്കിൽ ഞാൻ കുറച്ചു കൂടി കിടന്നേനേ..ഇന്നവൻ വൈകിയെന്നു തോന്നുന്നു..""പറഞ്ഞതും ആൾ താഴേക്കിറങ്ങി വരുന്നത് കണ്ടു.. അമ്മയുണ്ടാക്കിയ ചായയുമായി പറമ്പിലേക്കിറങ്ങിയപ്പോൾ ആൾ വാഴക്കു തൂൺ കൊടുക്കുകയാണ്...ഒരു വശത്തു പച്ചക്കറികൾ പറിച്ചു കൂട്ടി വച്ചിരിക്കുന്നു.. ചായ കൊടുക്കുമ്പോൾ മനസ്സിലെന്തോ പേടിയും കുറ്റബോധവുമൊക്കെ തോന്നി....പക്ഷെ ആൾടെ മുഖത്തു നിറഞ്ഞ ചിരിയായിരുന്നു..ഒന്നുകൂടി സൂക്ഷിച്ചു നോക്കി..ദേഷ്യത്തിന്റെ ഒരംശംപോലും ആ മുഖത്തില്ല.. "ഇഷ്ടമായോ ഈ വീടും പരിസരവുമൊക്കെ ""ചായ കുടിച്ച ഗ്ലാസ് തിരികെ തരുമ്പോൾ ചോദിച്ചു..പുഞ്ചിരിയോടെ ഞാനും തലയാട്ടി. വീട്ടുജോലികൾക്കിടയിൽ 'അമ്മക്കു പറയാനുണ്ടായിരുന്നത് മകനെ കുറിച്ചായിരുന്നു.. ""അവന്റെ പതിനഞ്ചാം വയസ്സിലാണ് അരവിന്ദേട്ടൻ പോയത്....മദ്യപാനം മൂലം കടം കയറി ഒരു കുപ്പി വിഷത്തിൽ അങ്ങേരു രക്ഷപ്പെട്ടു..പിന്നെയെല്ലാം എന്റെ മോന്റെ തലയിലായി.. പഠിക്കാൻ മിടുക്കുണ്ടായിട്ടും അതിനു കഴിഞ്ഞില്ല..ഒരു പെട്ടിക്കടയിൽ നിന്നും ഇന്നത്തെ ബേക്കറിയിലെത്തിയത് അവൻ ഒരുപാട് കഷ്ടപെട്ടിട്ടാ..അതിനിടയിൽ അവൻ അവന്റെ ജീവിതം മറന്നു.. വിവാഹമേ വേണ്ടെന്നു പറഞ്ഞവൻ മോളെ കണ്ടപ്പോഴാ ഒന്നു സമ്മതം മൂളിയത്.. ഇനി മോൾ വേണം അവന്റെ കാര്യങ്ങൾ നോക്കാൻ.. പ്രഭാതഭക്ഷണം കഴിഞ്ഞു ആൾ പോകാനിറങ്ങിയപ്പോൾ , ""ഇന്നും പോണോ നിനക്ക്... മോളേം കൊണ്ടു ഒന്നുപുറത്തേക്കൊക്കെ പോയി വാഡാ"" "പോയിട്ടു വേഗം വരാം..രണ്ടുമൂന്ന് ദിവസമായി ചെന്നിട്ടു...കുറച്ചു കാര്യങ്ങളുണ്ട് തീർക്കാൻ.." ധൃതിയിൽ ബൈക്കും കൊണ്ടു പുറത്തു പോകുന്നത് കണ്ടു..പോകുമ്പോൾ വാതിൽക്കൽ നിന്ന എന്നെയൊന്നു നോക്കി... കടൽക്കാറ്റേറ്റു ബീച്ചിനടുത്തുള്ള ബെഞ്ചിലിരിക്കുമ്പോൾ പെട്ടെന്ന് ചോദിച്ചു.. ""ഇഷ്ടമില്ലാത്ത വിവാഹമായിരുന്നോ ഇത് " എന്തുപറയാണമെന്നറിയാതെ തല കുനിച്ചിരുന്നു.. ""ഞാൻ തയ്യാറാണ്..ആരെങ്കിലും മനസ്സിലുണ്ടെങ്കിൽ വിട്ടുകൊടുക്കാൻ...ഒരുപാട് വൈകിയാണ് വിവാഹത്തെക്കുറിച്ചു ചിന്തിച്ചത്..പെണ്ണുകാണാൻ നടന്നു മടുത്തുതുടങ്ങിയപ്പോഴാണ് ബ്രോക്കർ ഈ ആലോചന കൊണ്ടുവന്നത്..പിന്നൊന്നും നോക്കിയില്ല... ഞാനിപ്പോഴും ഒരു പഴഞ്ചനാണ്.. ഇപ്പോഴത്തെ കുട്ടികളുടെ മനസ്സിനെക്കുറിച്ച് ചിന്തിച്ചില്ല..അറിയില്ല എന്നതാണ് സത്യം..വൈകിയത് കൊണ്ടാവും ധൃതിയും അല്പം കൂടിപ്പോയി.. മറുപടി പറയണമെന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല..കുറ്റബോധം കൊണ്ടാണോ എന്തോ ഹൃദയം വല്ലാതെ മിടിച്ചു..ആ കാറ്റിലും ശരീരം വിയർക്കുന്നതറിഞ്ഞു.. പിന്നീടുള്ള ദിവസങ്ങളിൽ ആൾ എന്നെ ശല്യം ചെയ്യാനായി വന്നതേയില്ല..എന്റെ ഇഷ്ടങ്ങൾ പറയാതെ തന്നെ നടത്തി തന്നിരുന്നു..ഇതൊക്കെ എങ്ങനെ അറിയുന്നു എന്നൊരമ്പരപ്പു എനിക്കുണ്ടായിരുന്നു.. ഒരു ദിവസം ഒരു പേപ്പറും ഫോണും എന്റെ നേർക്കു നീട്ടി.. "" പി ജി ക്കുള്ള അപേക്ഷ ഫോമാണ്.. വേറെ എവിടെയെങ്കിലും വേണമെന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി..""അത്ഭുതത്തോടെ ഞാനാ മുഖത്തേക്ക് നോക്കി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അനിയത്തി വിളിച്ചു..അവിടുത്തെ ഫോൺ കേടായത് കൊണ്ടു പതിവ് വിളി മുടങ്ങിപ്പോയിരുന്നു.. അങ്ങോട്ടു ചെന്നിട്ടു കുറച്ചായതിനു പരിഭവം പറഞ്ഞു..വിവരം ആളോട് പറഞ്ഞപ്പോൾ തന്നെ പിറ്റേന്ന് കൊണ്ടുപോകാമെന്നു പറഞ്ഞു.. കുറച്ചു നാളായി കണ്ടത് കൊണ്ടാവും അച്ഛന്റെ യും അമ്മയുടെയും മുഖത്തു സന്തോഷം കണ്ടു..അനിയത്തിക്കു പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു.. അവൾ എൻട്രൻസ് കോച്ചിങ് നു ചേർന്നതും ഫോൺ കേടാറയപ്പോൾ പുതിയ ഫോൺ വാങ്ങിക്കൊടുത്തതും.. അങ്ങനെ അങ്ങനെ..ഒന്നും ആവശ്യപ്പെടാതെ ചേട്ടൻ ചെയ്ത കാര്യങ്ങൾ അവൾ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു..കഥകൾ കേട്ടു അമ്പരന്നിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഭാവമായിരുന്നു എനിക്ക്... അവസാനമായി അവൾ ഒന്നു കൂടി പറഞ്ഞു..ചേച്ചിയുടെ ഇഷ്ടങ്ങൾ ചോദിച്ചറിയാനായിരുന്നു ചേട്ടന് കൂടുത്തലിഷ്ടം..ചേച്ചിയുടെ ഭാഗ്യമാ അങ്ങനൊരു ചേട്ടൻ..ഞങ്ങളുടെയും.. അന്നും ആൾ ബേക്കറിയിൽ നിന്നും വന്നു പതിവ് ചായ കുടിച്ചുകൊണ്ടു ടിവിയും കണ്ടു കൊണ്ടിരിക്കുമ്പോൾ, ആ കൈയ്യിൽ നിന്നും ചായയുടെ ബാക്കി പിടിച്ചു വാങ്ങി കുടിച്ചപ്പോൾ ആളൊന്നു ഞെട്ടി.. വിശ്വാസം വരാതെ എന്നെ നോക്കി..പതിയെ ആ മുഖത്തൊരു ചിരി വിടർന്നു..കപ്പുമായി അടുക്കളയിലേക്കു നടക്കുമ്പോൾ തിരിഞ്ഞു നോക്കി.. എന്റെ നേർക്കു നീണ്ട ആ മനസ്സും എനിക്കപ്പോൾ വായിക്കാമായിരുന്നു..എന്റെ മിഴികളിൽ ഞാനറിയാതെ നാണം പൊട്ടി വിരിയുന്നതറിഞ്ഞു...