എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Ragging 🔜 Marriage - റാഗിങ്ങിൽ നിന്ന് കല്യാണം വരെ

റാഗിങ്ങിൽ നിന്ന് കല്യാണം  വരെ 

Writer : Diya Aadhi

"നീയില്ലാനേരം കാറ്റെന്തെ വാതിൽ ചാരാതെ പോകുന്നു..... 

മാമ്പൂക്കൾ പൂക്കൾ നീഹാരം പെയ്യാൻ 

രാവെന്തേ  നീറുന്നു....."

പാട്ടുകേട്ട് കൊണ്ടിരിക്കുന്ന എന്നോടായി അനിയത്തി ചോദിച്ചു 

"എത്ര നാളത്തേക്കാ ഈ കരാർ എടുത്തിട്ടുള്ളത്?? "

അവളെന്താ ഉദേശിച്ചത്‌ എന്ന് മനസിലായില്ല അതുകൊണ്ട് ചോദ്യഭവാനെ നിന്ന എന്നോടായി അവൾ വീണ്ടും പറഞ്ഞു.. 

"അല്ല ഈ പാട്ട് ഇനി എത്രനാളത്തേക്കാ കരാർ എടുത്തിരിക്കണത്... ഇനി ഈ പാട്ടും വെച്ചു വെറുപ്പിക്കല്ലേ...പൊളി ശരത്തിനു അഴലിന്റെ ആഴങ്ങൾ തന്നെയാട്ടോ മാച്ച്... ട്രാക്ക് മാറ്റിയത് ഒട്ടും ശരിയായില്ല.."

തുടങ്ങി അവളുടെ കളിയാക്കൽ രാവിലെ തന്നെ...നല്ല  ദേഷ്യത്തോടെ തന്നെ ഞാൻ പറഞ്ഞു 

"രാവിലെ  തന്നെ എന്റെ വായിൽ നിന്ന് കേൾക്കണ്ടെകിൽ ഇവിടെന്നു പൊയ്ക്കോ... അവളുടെ ഒരു പൊളി ശരത്ത് "

ഞങ്ങളുടെ സൗണ്ട് കേട്ടിട്ടാവാം അമ്മ മുറിയിലേക്ക് വന്നത്... വന്നപാടെ  അമ്മ എന്നോടായി പറഞ്ഞു... 

"നീ ഇവിടെ മാനസമൈനയും കേട്ട് സ്വയം നശിക്കാൻ  നോക്ക്... നിനക്ക് ആ പറ്റിച്ചു പോയവൾ അല്ലെ വലുത്... നീ ഇനി അതെ പറ്റി ഒന്നും പറയണ്ട ഉണ്ണി.. ഇനി ഞങ്ങൾ പറയുന്നത് നീ കേട്ടാൽ മതി.."

എന്റെ കല്യാണകാര്യത്തെ പറ്റിയ അമ്മ ഈ പറയുന്നത്... ഒന്ന് പ്രണയിച്ചു തേഞ്ഞുഒട്ടിയിരിക്കുംപ്പോഴാ അമ്മയുടെ വക വീണ്ടുമൊരു കല്യാണക്കാര്യം.. 

"നീ എന്താ ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ?? നല്ല ഒരു ആലോചന വന്നിട്ടുണ്ട്... നാളെ നമുക്കവിടെ വരെ പോവാം "

"ആ അമ്മയുടെ ഇഷ്ടം പോലെ... "

ഇത്രനാളും കല്യാണം വേണ്ടന്ന് പറഞ്ഞു നടന്ന എന്റെ മറുപടി കണ്ടിട്ടാവാം അമ്മയുടെയും അവളുടെയും മുഖത്ത് ഒരു അതിശയഭാവം 

"ചേട്ടനിതെന്താ പറ്റിയെ...പഴയ നിരാശാകാമുകൻ ഒന്നുമല്ലല്ലോ ഈ കിടക്കുന്നത്???? "

അവളായിരുന്നു അത് ചോദിച്ചത്     

"ആരാണ് ഒരു മാറ്റം 

ആഗ്രഹിക്കാത്തത്... "

കേട്ടുപഴകിയ ഏതോ പരസ്യത്തിലെ ഡയലോഗും പറഞ്ഞു ഞാനാ പാട്ടും ഓഫാക്കി കുളിക്കാൻ പോയി.. 

കുളികഴിഞ്ഞു നേരെ പോയത് എന്റെ ബെസ്റ്റ് ഫ്രണ്ട് രഞ്ജുന്റെ വീട്ടിലേക്കായിരുന്നു... രഞ്ജു എന്റെ ഒരേയൊരു ആത്മമിത്രം ആണ്... സ്കൂൾ മുതൽ കോളേജ്  വരെ ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ചതാണ്... പിന്നെ ഞങ്ങളുടെ പേരും സെയിം ആണ്.. രഞ്ജിത്ത്... അതുകൊണ്ടാവാം ഞങ്ങൾ തമ്മിൽ ഇത്രേം നല്ല സുഹൃത്തുക്കൾ ആയതും... അവനെ കണ്ടതും ഞാൻ പറഞ്ഞു 

"ഡാ ഞാൻ കല്യാണത്തിന് ഓക്കേ പറഞ്ഞിട്ടോ... നാളെയാ പെണ്ണുകാണൽ ചുമ്മാ നീയും വാ.... "

അതുകേട്ടപാതി അവൻ എന്നോടായി പറഞ്ഞു 

"സന്തോഷം.. നിനക്ക് നല്ല ബുദ്ധി തോന്നിയല്ലോ ഉണ്ണി.. നമുക്ക് ആഘോഷിക്കണ്ടേ... "

"നീ ഉദേശിച്ചത്‌ നിക്ക് മനസിലായി ഇന്നിപ്പോ ആഘോഷം ഒന്നും വേണ്ട... നാളെ അപ്പൊ വീട്ടിലേക്ക് വാ "

അതും പറഞ്ഞു അവനുമായി ടൗണിലേക്ക്  ഇറങ്ങി... മുടി വെട്ടണം... താടി കളയണ്ട... എന്നൊക്കെ ഓർത്തു ഞാൻ  അവന്റെ ഒപ്പം നടന്നു.. 

*******************************************

അങ്ങനെ പെണ്ണുകാണൽ ദിവസം ആയി ഞങ്ങൾ മൂന്ന് പേരാ പെണ്ണിനെ കാണാൻ ഇറങ്ങിയത്.. ഞാനും അമ്മാവനും രഞ്ജുവും... ഇറങ്ങാൻ നേരം അമ്മക്ക് എന്നോട് ദേഷ്യം വന്നു... താടിയും വെച്ചു പെണ്ണുകാണാൻ പോവുന്നത് കണ്ടിട്ട്... താടിയാ ഇപ്പോഴത്തെ ട്രെണ്ടെന്നും പറഞ്ഞു ഞാൻ ഇറങ്ങി..

കൃത്യം  പത്തുമണിയായപ്പോൾ തന്നെ ഞങ്ങൾ പെണ്ണിന്റെ വീട്ടിൽ എത്തി.. പെണ്ണിന്റെ അമ്മാവനും അച്ഛനും ആണ് ഞങ്ങളെ സ്വീകരിച്ചത്... എന്തൊക്കെയോ അവർ ചോദിച്ചതിന് ഞാൻ  മറുപടി പറഞ്ഞു.. എനിക്കെന്തോ വല്ലാതെ  ടെൻഷൻ തോന്നി.. കുട്ടികളെ പഠിപ്പിക്കുമ്പോൾ പോലും ഞാനിത്ര ടെൻഷൻ അടിച്ചിട്ടില്ല.. 

അധികം മുഷിപ്പിക്കാതെ തന്നെ അവർ പെണ്ണിനെ വിളിച്ചു.. പെണ്ണ് വന്നു ഞങ്ങൾ തമ്മിൽ കണ്ണുകൾ ഇടഞ്ഞപ്പോൾ ദാ അവളുടെ വക ഒരു ചോദ്യവും 

"ചേട്ടനോ???? "

ദൈവമേ ആരെയും കൂസാതെയുള്ള അവളുടെ ചോദ്യം കണ്ടിട്ടെന്നോണം അവളുടെ അച്ഛൻ ചോദിച്ചു 

"ആഹാ നിങ്ങൾ തമ്മിൽ അറിയോ അപ്പൊ "

അതിനു മറുപടി ഞാനാ പറഞ്ഞത്... 

"അഹ് അറിയും.. ഈ കുട്ട്യേന്റെ ജൂനിയർ ആയിരുന്നു "

അതുകേട്ടപ്പോൾ അച്ഛന്റെ വക ഒരു പറച്ചിലും.. 

"ആഹാ നിങ്ങൾ ഒരേ കോളേജിൽ ആണല്ലേ പഠിച്ചത്.. ഇനിയിപ്പോ ചെക്കനെ പറ്റി അധികം ഒന്നും അനേഷിക്കണ്ട വരില്ലല്ലേ... "

അത് കേട്ടപ്പോ  എന്റെ മനസും പറഞ്ഞു ഏയ് അനേഷിക്കണ്ട വരുകയേ ഇല്ല എല്ലാം മോള്ക്ക് അറിയാം 

അച്ഛന്റെ പറിച്ചിൽ കേട്ടിട്ടു രഞ്ജു മെല്ലെ ചെവിയിൽ പറഞ്ഞു.... 

"ജാങ്കോ....നീ പെട്ടു മോനെ പെട്ട്....ഓടിയാലോ "

ദയനീയമായി നോക്കനെ  നിക്ക് കഴിഞ്ഞൊള്ളു... 

കുട്ടികൾക്ക് എന്തെങ്കിലും മിണ്ടണമെങ്കിൽ ആയിക്കോട്ടെ... 

അത് കേട്ടപാടെ ഞാൻ അവളുടെ കൂടെ പുറത്തേക്ക് പോയി... 

"അടിവയറ്റിൽ മഞ്ഞു വീഴുന്ന പ്രേമലേഖനം "

"റൊമാന്റിക് ആയി ചേട്ടനെ പ്രൊപ്പോസ് ചെയ്‌തേ"

പോവുന്ന വഴിയിൽ എല്ലാം എന്റെ മനസ് പഴയകാല സ്മരണ പോലെ തുടികൊട്ടികൊണ്ടിരുന്നു... ദൈവമേ അവൾ മറന്നു പോവാണേ എല്ലാം.... 

അവസാനം ഞങ്ങൾ വീടിനു മുന്നിലെ ഒരു മരച്ചുവട്ടിൽ എത്തി.... അയ്യോ ഞാൻ പാവം എന്നാ ഭാവത്തിൽ ഞാൻ ഒരു നിഷ്കു ചിരിയങ്ങു കൊടുത്ത്... 

"ചേട്ടൻ ഇതുവരെ കെട്ടിപോയില്ലേ?? "

അതിനും ഞാൻ ഒരു നിഷ്കു ചിരിയോടെ പറഞ്ഞു 

"അവളുടെ മാര്യേജ് ഒക്കെ കഴിഞ്ഞു... നീയും കെട്ടിപോയില്ലലോ "

"മം... ചേട്ടൻ മാഷാണാല്ലേ... എനിക്ക് ചേട്ടനെ കാണുമ്പോൾ ഓർമ വരുന്നത് സെലിബ്രേഷന് കള്ളുകുടിച്ചു രണ്ട് രഞ്ജിത്തമാരും ഡാൻസ് കളിക്കുന്നതാ...പിന്നെ എല്ലാ സെലിബ്രേഷൻസിനും ഒരേ ഡ്രെസ്സും ഇട്ടു ഒരുമിച്ച് നടക്കുന്ന നിങ്ങളെ രണ്ടുപേരയുമാ... ആ പെണ്ണുകാണാനും ഗേ കപ്പിൾസ് ഒരുമിച്ചാണല്ലോ വന്നത് ഐ മീൻ  ഫ്രണ്ട് കൂടെ ഉണ്ടല്ലോ  .. "

അവളാ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടായില്ല... ഗേ കപ്പിൾസ് അവളുടെ കുഞ്ഞമ്മ... മനസ്സിൽ അവളുടെ കുഞ്ഞമ്മയെ ഞാൻ സ്മരിച്ചു... 

"അപ്പൊ റാഗിംഗ് ഒക്കെ ശ്രീ മറന്നല്ലേ ഭാഗ്യം.... "

"ആ മറന്നിട്ടൊന്നൂല്യ.... "

"ഒരു റിക്വസ്റ്റ് ഉണ്ട്... ദയവ് ചെയ്ത് ഇഷ്ടം അല്ലന്ന് പറഞ്ഞാമതി... ദയവ് ചെയ്ത് ഭൂതകാലം പറഞ്ഞു നാറ്റിക്കരുത്... "

"മം ഒന്നാലോചിക്കണം..... ആ കുട്ട്യോളെ സമ്മതിക്കണം അവരുടെ അവസ്ഥ.....ഈ ആളല്ലേ  അവരുടെ മാഷ് "

"ഞാൻ പണ്ടത്തെ ഞാനല്ലാട്ടോ ഇപ്പൊ പുച്ഛിക്കണ്ട അങ്ങനെ ഹും "

അപ്പോഴേക്കും ഞങ്ങള്ക്ക് അനുവദിച്ച സമയം കഴിഞ്ഞ്... തിരിച്ചു ഹാളിൽ പോയി... ഇറങ്ങാൻ നേരം ചുമ്മാ മുകളിലേക്ക് നോക്കിയപ്പോ  വിചാരിച്ച പോലെ ആ രണ്ടുകണ്ണുകൾ എന്നെ നോക്കുന്നുണ്ട്... 

കാറിൽ കയറിയത് മുതൽ ആലോചിച്ചത് പണ്ടത്തെ കോളേജ് കാലമാ.... 

ക്യാമ്പസ് ലൈഫ് അടിച്ചുപൊളിക്കാൻ തന്നെയാ എഞ്ചിനീറിങ്ങിനു പോയത്... വായില്നോട്ടത്തിനു phd എടുത്ത കാലം, ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമകൾക്ക് പോയതും ഉച്ചക്ക് ഹോസ്റ്റലിൽ പോയി കിടന്നുറങ്ങലും,  രാവിലെ നേരം വൈകി ക്ലാസിൽ കയറലും... കള്ളിന്റെ  രസം ആദ്യമായി നുകർന്നതും ആ കോളേജ് ലൈഫിൽ വെച്ചുതന്നെ... ഓരോ സെലിബ്രേഷനും ഫ്രണ്ട്സുമായി കള്ളുകുടിക്കുന്നതും... ഓഡിയൻസിനു പുറകിൽ ഡാൻസ് കളിക്കുന്നതും... എല്ലാം ആ പെണ്ണിന് അറിയാലോ..... സീനിയർ ആയപ്പോൾ റാഗിങ്ങും..... 

അങ്ങനെ തേർഡ് ഇയർ ആയപ്പോൾ ആണ് ഫസ്റ്റ്ഇയറിൽ  ശ്രീലക്ഷ്മി എന്ന ശ്രീ വന്നത്...അത്യാവശ്യം തറ ആയിട്ടു നടക്കുന്ന കാലമല്ലേ.. പോരാത്തതിന് പ്രണയവുമില്ല... നല്ലരീതിയിൽ വായിൽ നോക്കികൊണ്ടിരുന്നപ്പോഴാ കാണാൻ അത്യാവശ്യം കൊള്ളാവുന്ന ഒരു കുട്ടിവരുന്നു... അതവളായിരുന്നു.... എന്നിലെ കോഴി വെറുതെ വിടുമോ

ഞാനവളെ വിളിച്ചു.... പേരും നാളും  ഒക്കെ ചോദിച്ചിട്ട് പറഞ്ഞു 

"നാളെ നീ വരുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്ന ലവ്ലെറ്ററും കൊണ്ടുവന്നാമതി... "

എന്റെ സംസാരത്തിന്റെ കനം കണ്ടിട്ടാവാം അവൾ ഒരു നേർത്ത മൂളലായിരുന്നു തന്നത്.. 

അങ്ങനെ അടുത്ത ദിവസം ലെറ്ററൊക്കെ തന്നു പക്ഷെ  അതിൽ മഞ്ഞു വീഴാൻ പാകത്തിൽ ഒന്നുമില്ലായിരുന്നു... 

പിന്നെ അവളെക്കൊണ്ട ഞാൻ അസൈൻമെന്റ് നോട്ട് ഒകെ എഴുതിക്കാ.... പിന്നീട് ഞാൻ തേച്ചവളുമായി ഫൈനൽ ഇയറിൽ പ്രണയത്തിലായി.. 

ഒരിക്കൽ ഞങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ  ശ്രീ അതുവഴി പോയപ്പോൾ ചുമ്മാ ഞാനവളെ വിളിച്ചതും.... റൊമാന്റിക് ആയെന്നു പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞതൊക്കെ ആലോചിച്ചപ്പോ ഒന്നും വേണ്ടിയിരുന്നില്ല എന്നുതോന്നി.... 

ഉണ്ണി ഡാ വീടെത്തി... നീ എന്ത് ഉറക്കമാ... 

രഞ്ജു തട്ടി വിളിച്ചപോഴാ എണീറ്റത്... 

ഞങ്ങളെ കണ്ടപാടെ അമ്മയും അനിയത്തിയും ഉമ്മറത്തേക്ക് വന്നു... 

"എന്തായി നിനക്ക് ഇഷ്ടായോ പെണ്ണിനെ "

അതിനു മറുപടി രഞ്ജു ആണ് പറഞ്ഞത് 

"അവനിഷ്ടം ആവാതെ ഒന്നുമില്ല... പക്ഷെ അവൾക്കിഷ്ടമാവാൻ ചാൻസ് കുറവാ "

അതുകേട്ടപാതി അമ്മ പറഞ്ഞു.. 

"ഞാൻ പറഞ്ഞതാ ആ പൂച്ചപ്പൂട മോന്തയും കൊണ്ട് പോവണ്ടാന്ന്.. നിനക്ക് ഷേവ് ചെയ്ത് പോയാപ്പോരേ "

"ഇതതൊന്നുമല്ല അമ്മേ... ആ പെൺകുട്ടിയെ ഇവൻ പണ്ട് കോളേജിൽ പേടിച്ചിരുന്നപ്പോ നൈസ് ആയി റാഗ്ഗ്  ചെയ്‌തത... അതിന്റെ ദേഷ്യം കാണും "

പിന്നെ ഓരോന്നും പറഞ്ഞില്ല.. ഞാൻ റൂമിൽ കിടന്നു... വൈകുന്നേരം എന്റെ പ്രതീക്ഷകളെ ആകെ തകിടം മറിച്ചുക്കൊണ്ട് അവളുടെ വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞു... അവൾക്കും വീട്കര്ക്കും ഈ കല്യാണത്തിന് സമ്മതമാണെന്ന്.... 

പിന്നീടങ്ങോട്ട് ഒരു പ്രണയകാലം തന്നെയായിരുന്നു... ലേറ്റ് നൈറ്റ്‌ കാൾസ്  മെസ്സേജസ്  ഇടക്കുള്ള പിണക്കവും കളിയാക്കലും എല്ലാം..... അങ്ങനെ ഒരു ആറുമാസത്തിനുള്ളിൽ ഞങ്ങളുടെ വിവാഹവും കഴിഞ്ഞു.... ഇന്ന് ഞാൻ ആലോചിച്ചിക്കും അന്ന് ആ  പെണ്ണുകാണാൻ പോയില്ലെങ്കിൽ എന്റെ ലൈഫ് എത്ര ബോറായേനെ എന്ന്.... ഇന്ന് ഞാൻ മനസിലാക്കുന്നു ഞാനും എന്റെ ഭാര്യയും തമ്മിലാണ് യഥാർത്ഥ പ്രണയം എന്ന്... മറ്റേത് വെറും മിഥ്യ ആയിരുന്നു.....



Post courtesy : Diya Aadhi ( Author )
Posting : കട്ടക്കലിപ്പൻ
☆☆☆☆☆☆☆☆☆☆☆☆☆☆


Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All