സ്വയംവരം - SwayamVaram Novel full part (1/3)
സ്വയംവരം - SwayamVaram Novel full part (1/3)
ഭാഗം 1
ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകിയിരുന്നു.
"വൈഗ.... നിൽക്ക്...... എന്താ നീ നേരം വൈകിയത്? "
അമ്മയുടെ മുഖത്തു ദേഷ്യം നിഴലിച്ചിരുന്നു.
"അത് അമ്മേ...... കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ് എടുക്കാൻ നിന്നു.നല്ല ഷീണം ഉണ്ട്.. കുളി കഴിഞ്ഞിട്ട് സംസാരിക്കാട്ടോ...... "
അമ്മ അടുത്ത ചോദ്യം ചോദിക്കും മുന്പേ അവൾ സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു.
പുറത്തു കാർ വന്നു നിന്ന ശബ്ദം കേട്ട് അമ്പിളി ഉമ്മറത്തു ചെന്നു.
ദേവൻ കാറിൽ നിന്നിറങ്ങി കുറച്ച് ഫയലുകൾ അമ്പിളിയെ ഏല്പിച്ചു.
"അതേ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്...... "
"ഞാൻ വന്നു കയറിയതല്ലേ ഉള്ളു അമ്പിളി...... ആദ്യം ഒന്ന് ഫ്രഷ് ആവട്ടെ.... "
ദേവൻ അകത്തേക്ക് ചെന്നു.
വൈഗ കുളി കഴിഞ്ഞ് അടുക്കളയിൽ പോയി ഒരു കപ്പ് ചായയെടുത്തു, തലേ.. നാൾ വായിച്ച പുസ്തകവുമായി ഹാളിൽ വന്നിരുന്നു. ദേവനും ഹാളിൽ എത്തിയതോടെ അമ്പിളി പറഞ്ഞു.
"ഞാൻ പറയാൻ വന്നത് മോളുടെ കല്യാണ കാര്യമാണ്. ഇപ്പൊ അവൾക്ക് ഒരു ജോലി ആയി. ഇനി നല്ലൊരു ആളെ നോക്കി ഏൽപ്പിക്കണ്ടേ.. "
പെണ്മക്കൾ ഉള്ള അമ്മമാരുടെ പതിവ് വ്യാധി ഇപ്പോ അമ്മയും പുറത്തെടുത്തു.
"എന്നെ ഇപ്പൊ കെട്ടിച്ചു വിടാനായിട്ട് അമ്മക്ക് എന്തൊരു തിടുക്കം? "
അവൾ പുസ്തകത്തിൽ നിന്നും തലയുയർത്തി പരിഭവം എന്നോണം പറഞ്ഞു.
"മോളേ അമ്പിളി പറഞ്ഞതിലും കാര്യണ്ട്..... കല്യണം ആലോചിച്ചു തുടങ്ങണം.. "
"പ്ലീസ്........... അച്ഛാ... ഇപ്പോ ഒന്നും വേണ്ടാ... "
"എന്നാൽ ശരി... മോള് പറയുന്ന പോലെ ആവട്ടെ "അച്ഛൻ അത് പറഞ്ഞപ്പോ അവൾ അച്ഛന്റെ കവിളിൽ ഒരുമ്മ കൊടുത്തു
"താങ്ക്സ് അച്ഛാ... "അവൾ അത് പറഞ്ഞ് മുറിയിലേക്ക് പോയി.
"നിങ്ങൾ ഇങ്ങനെ മോളുടെ ഇഷ്ടം നോക്കി നടന്നോ .. ഞാൻ പറയണത് കേൾക്കണ്ട.. "
അമ്പിളി പരിഭവം നടിച്ചു അടുക്കളയിൽ പോയി. അച്ഛൻ ഒരു ചെറിയ ചിരി ചിരിച്ച് ടിവി വെച്ച് ഇരുന്നു.
പുതിയ ഒരു പ്രഭാതം ഉണർന്നു. വൈഗ കോളേജിൽ പോകാനായി ഒരുങ്ങി.
അലമാരയിൽ നിന്നും ഒരു ഓറഞ്ച് സാരി എടുത്ത് ഉടുത്തു. കണ്ണാടിയിൽ നോക്കി മുടി ചീകി. നെറ്റിയിൽ ഒരു വട്ട പൊട്ടും അതിനു മേലെ ചെറിയ ചന്ദന കുറിയും അണിഞ്ഞു.
ശേഷം ബ്രേക്ഫാസ്റ്റ് കഴിച്ചു സ്കൂട്ടിയും എടുത്ത് ഇറങ്ങി.
കോളേജിൽ എത്തി വണ്ടി ഒരിടത്തു നിർത്തിയിട്ടു. ശേഷം സ്റ്റാഫ് റൂമിലേക്ക് നടന്നു.
വരാന്തയിലൂടെ നടക്കുമ്പോൾ എതിരെ ദേവ് സാറും ശ്യാം സാറും ഓരോന്നും പറഞ്ഞ് ചിരിച്ച് വരുന്നുണ്ട്.
"ഗുഡ് മോണിങ്.... "
വൈഗ രണ്ട് പേരെയും നോക്കി പറഞ്ഞു.
"ഗുഡ് മോണിങ്.. "ശ്യാം മറുപടി പറഞ്ഞു.
"എന്താണ് രണ്ടാളും ചിരിച്ച് ഒരു വഴിയായോ... നമുക്കും കൂടി കേൾക്കാൻ കൊള്ളുന്ന കോമഡി ആണോ? "
വൈഗ ചോദിച്ചു.
"ഹൊ.. ഒന്നും പറയണ്ട... മിസ്സേ... പിള്ളേരുടെ ഉത്തരകടലാസ്സിലെ ഓരോ തമാശകൾ പറഞ്ഞ് ചിരിച്ചതാ... "
ദേവ് സാർ ആയിരുന്നു അതിന് മറുപടി പറഞ്ഞത്.
"എന്നാൽ ശരി... ഞാൻ സ്റ്റാഫ്‌റൂമിൽ ചെല്ലട്ടെ... "അവൾ അത് പറഞ്ഞ് നടന്നു.
ശ്യാം മുന്നോട്ട് ഒരടി നടന്നപ്പോഴും ദേവ് സാർ അവിടെ തന്നെ നിന്ന് വൈഗ മിസ്സിനെ നോക്കുകയായിരുന്നു.
"എന്താണ് സാറെ ഇവിടെ തന്നെ നിന്നത്? "ശ്യാം ചോദിച്ചു.
"അല്ല...... ഞാൻ അവിടെ എന്തോ..... "
ദേവ് വാക്കുകൾ കിട്ടാതെ പരതി.....
"ആ..... ആ.... സാർ നടക്ക്.... വൈഗ മിസ്സ് സാർ വിചാരിക്കണ പോലെയല്ല....സാറിന്റെ സ്വഭാവം ഒക്കെ നല്ലവണ്ണം അറിയാവുന്നൊണ്ട് പറയാ.......പെൺപിള്ളേരെ വീഴ്ത്താൻ സാർ പണ്ടേ.... മിടുക്കൻ അല്ലേ...? "
ശ്യാം അതു പറഞ്ഞ് നിർത്തിയപ്പോ ദേവ് ഒന്ന് ചിരിച്ചു. ശേഷം അവർ അവരുടെ ക്ലാസ്സ് റൂമിലേക്ക് നടന്നു.
സമയം ഏറെ ആയിട്ടും ദേവനെ കാണാത്തതു കൊണ്ട് പരിഭ്രമിച്ചു ഇരിക്കുകയാണ് അമ്പിളിയും വൈഗയും....... ഫോണിൽ വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫാണ്.. ഇരുട്ട് നന്നായി പടർന്നു കഴിഞ്ഞിരുന്നു.
"മോളേ...നീ ഓഫീസിൽ വിളിച്ചു ചോദിക്ക്... അച്ഛൻ അവിടെ നിന്ന് ഇറങ്ങിയോ എന്നറിയാലോ? "
അമ്മയുടെ മുഖത്തു സങ്കടം നിഴലിച്ചു തുടങ്ങി.....
വിളിക്കാനായി ഫോൺ എടുക്കാൻ ഒരുങ്ങിയതും മുറ്റത്തു ഒരു കാർ വന്ന് നിന്ന ശബ്ദം കാതിൽ വന്ന് തറച്ചു.
അമ്പിളിയും വൈഗയും ധൃതിയിൽ മുറ്റത്തേക്ക് ചെന്നു.
കാർ നിർത്തി അതിൽ നിന്ന് അച്ഛന്റെ കൈയിൽ പിടിച്ചു താങ്ങി കൊണ്ട് ഒരാൾ ഉമ്മറത്തേക്ക് കടന്നു വന്നു. അച്ഛന്റെ നെറ്റിയിൽ ചെറിയൊരു മുറിവ് ബാൻഡേയ്ഡ് ചെയ്തിട്ടുണ്ട്.
"എന്തുപ്പറ്റി അച്ഛാ..... "
വൈഗയുടെ സ്വരമിടറി....
"പേടിക്കണ്ട ..... അങ്കിൾ ഡ്രൈവ് ചെയ്തപ്പോ ചെറിയൊരു തലചുറ്റൽ... പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോ സ്റ്റിയറിങ്ങിൽ ഒന്ന് നെറ്റി ഇടിച്ചു.. മുറിവ് കാര്യം ആക്കണ്ട... "
വൈഗ അച്ഛനെ പിടിച്ച് ഹാളിൽ സോഫയിലേക്ക് ഇരുത്തി..
"അമ്പിളി.... ഈ.. മോനാ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്..."
"നന്ദിയുണ്ട് മോനെ... ദേവേട്ടനെ സഹായിച്ചല്ലോ... "
"നന്ദിയുടെ ആവശ്യം ഒന്നും ഇല്ല ആന്റി... പിന്നെ മരുന്ന് തന്നിട്ടുണ്ട് ഡോക്ടർ.. വേദനക്ക്... "വൈഗ അത് വാങ്ങി കൈയിൽ പിടിച്ചു.
"ഞാൻ ഇറങ്ങട്ടെ....ഇനി നിന്നാൽ വീട്ടിൽ ഉള്ളോർ പേടിക്കും.... "
"അല്ല മോനേ... കുടിക്കാൻ എന്തേലും എടുക്കാം.. മോൻ ഇരിക്ക്.. "അമ്മ പറഞ്ഞു.
"ഒന്നും വേണ്ട ആന്റി... ഇപ്പൊ തന്നെ ലേറ്റ് ആയി.... "അവൻ പോകാനായി ഒരുങ്ങിയതും ഇടയ്ക്ക് ഒന്ന് പിന്തിരിഞ്ഞു ദേവന്റെ അടുത്തേക്ക് വന്നു.
"അങ്കിൾ...എന്നെ മനസ്സിലായോ? "
ദേവൻ ഇല്ലെന്നുള്ള അർത്ഥത്തിൽ തലയാട്ടി.
"എന്റെ അച്ഛന്റെ കൈയിൽ ഉള്ള ഒരു ആൽബത്തിൽ നിങ്ങൾ രണ്ടാളും തോളോട് തോളിൽ കയ്യിട്ടു നിക്കുന്ന ഒരു ചിത്രം ഉണ്ട്. അത് കാണിച്ചു പറഞ്ഞിട്ടുണ്ട് അച്ഛന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് ദേവൻ ആണെന്ന്.. പ്രഭാകര മേനോനെ അറിയോ... നിങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് ദുബായിൽ.. പിന്നെ നിങ്ങൾ ആദ്യം നാട്ടിൽ വന്ന് സെറ്റിൽഡ് ആയെന്നു പറഞ്ഞു "
"പ്രഭയുടെ മോനാണോ നീ... ഞാൻ നിന്നെ ചെറുപ്പത്തിൽ കണ്ടതാ... നിങ്ങൾ രണ്ട് ആൺകുട്ടികൾ അല്ലേ? "
"അതെ.. അങ്കിൾ... താഴെ ഒരു അനിയൻ ഉണ്ട്.. റോഷൻ... അവൻ ബിടെക് പഠിക്കുന്നു. "
"എന്താ മോന്റെ പേര്? ഇപ്പോ എന്ത് ചെയുന്നു? "
അമ്മ ചോദിച്ചു.
"എന്റെ പേര് റിഷി... ഇവിടെ ഇപ്പോ ചെറിയ ബിസിനസ് ഒക്കെ ആയിട്ട് പോകുന്നു. "
"മോനേ.. അച്ഛന്റെ നമ്പർ ഒന്ന് തരോ... അവനോട് സംസാരിച്ചിട്ട് കാലമെത്രയായി... "
അച്ഛൻ അത് പറഞ്ഞപ്പോ അവൻ നമ്പർ പറഞ്ഞു കൊടുത്തു. ശേഷം എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി..
റിഷി..... ആ പേര് വൈഗയുടെ ഉള്ളിൽ പതിഞ്ഞു.
അന്ന് രാത്രി തന്നെ ദേവൻ ഫോൺ എടുത്ത് പ്രഭാകരനെ വിളിച്ചു. കാലങ്ങൾക്കു ശേഷം ഉള്ള ഇരുവരുടെയും സംസാരം അവരുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കി....
ഫോൺ വെച്ചപ്പോ തൊട്ട് ദേവന്റെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷമാണ്...
അമ്പിളി കുടിക്കാൻ ഉള്ള വെള്ളവുമായി അങ്ങോട്ടേക്ക് കടന്നു വന്നു.
"ദേവേട്ടാ നെറ്റിയിൽ മുറിവിന്റെ വേദന മാറിയോ? "
"ഉവ് അമ്പിളി.. പിന്നെ ഞാൻ ഇപ്പോ പ്രഭയെ വിളിച്ചു വെച്ചുള്ളു. അവൻ നമ്മളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഈ ഞായറാഴ്ച നമുക്ക് അവിടെ വരെ ഒന്ന് പോണം..... "
"എവിടേക്ക് പോണ കാര്യാ അച്ഛൻ പറയണേ? "
വൈഗ അങ്ങോട്ട് വന്നു ചോദിച്ചു.
"പ്രഭയുടെ വീട്ടിലേക്ക്... എന്റെ ചങ്ങാതിയുടെ വീട്ടിൽ... "
അത് പറഞ്ഞപ്പോ അച്ഛന്റെ മുഖത്തു വിടർന്ന പ്രസരിപ്പു വലുതായിരുന്നു....
"ഞായറാഴ്ച രാവിലെ തന്നെ നമുക്കു പോകാം.. "അച്ഛൻ അത് പറഞ്ഞ് കിടക്കാൻ ഒരുങ്ങി..
"അച്ഛാ... മരുന്ന് കഴിച്ചില്ലല്ലോ.... ദേ.... ഞാൻ ടാബ്‌ലറ്റ് കൊണ്ട് വന്നിട്ടുണ്ട് "വൈഗ അമ്മയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി അച്ഛന് കൊടുത്തു.
രാത്രി ഊണ് മേശയ്ക്കു സമീപം ഇരിക്കുന്ന ദേവ് സാറിന്റെ ചിന്തകൾ എല്ലാം വൈഗയെ കുറിച്ചായിരുന്നു.
രാമേട്ടൻ ഭക്ഷണം എടുത്ത് പ്ലേറ്റിലേക്ക് പകർത്തി വെച്ച് കൊടുത്തു.
"എന്താ സാർ.. നല്ല ആലോചനയിൽ ആണല്ലോ.... സാർ കഴിക്കുന്നില്ലേ? "
"എന്തോ എനിക്ക് വിശപ്പില്ല.... "ദേവ് സാർ അലസമായി മറുപടി നൽകി താടിയിൽ തടവി കൊണ്ടിരുന്നു..
"അമേരിക്കയിൽ നിന്ന് സാറിന്റെ അച്ഛൻ വിളിച്ചിരുന്നു. സാറിനെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു. "
"മ്മ്മ്മ് "ദേവ് സാർ ഒന്ന് അമർത്തി മൂളി കൊണ്ട് മുറിയിലേക്ക് നടന്നു..
മേശ വലിപ്പിൽ നിന്ന് ഒരു പുസ്തകം എടുത്ത് അതിൽ വൈഗ എന്ന് റെഡ് മഷി കൊണ്ട് കോറിയിട്ടു.... അതിന് താഴെ """ശീ... ഈസ് സ്റ്റോൾ മൈ.... ഹാർട്ട്.. """"എന്ന് എഴുതി ചേർത്തു...
ആ പുസ്തക താളുകളിൽ എഴുതിയിട്ട കുറെ പേരുകൾ വെട്ടി കളഞ്ഞു. വൈഗ എന്ന പേരിനു മാത്രം വലിയ വട്ടം വരച്ചിട്ടു. ശേഷം തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് അടിപ്പിച്ചു.....
പിറ്റേന്ന് പ്രഭാതം ഉണർന്നു.. ഇന്ന് ഞായറാഴ്ച ആണ്.... പ്രഭാകരൻ അങ്കിളിന്റെ വീട്ടിൽ ചെല്ലാൻ എല്ലാരും ഒരുങ്ങി.
വൈഗ കുളി കഴിഞ്ഞ് ഒരു റെഡ് കളർ സാരി എടുത്ത് ഉടുത്തു.
പിന്നെ അവൾ പതിവായി ഒരുങ്ങുന്ന പോലെ ചെറിയ വട്ട പൊട്ടും ചന്ദന കുറിയും.... പോകാൻ നേരം ഒന്നും കൂടി കണ്ണാടിയിൽ നോക്കി...
"കഴിഞ്ഞില്ലേ ഇതുവരെ.... ആഹാ കൊള്ളാലോ... നല്ല സുന്ദരിയായിട്ടുണ്ട് ഇന്ന് എന്റെ മോള്... "അമ്മ പറഞ്ഞു.
"അച്ഛന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോകുമ്പോ മോശം ആവരുതല്ലോ... "
"ദേ... വേഗം വാ... അച്ഛൻ ഡ്രൈവിംഗ് സീറ്റിൽ മുന്പേ കേറി ഇരിക്കണതാ.... "കാറിന്റെ ഹോണടി ശബ്ദം കേട്ട് രണ്ടാളും താഴേക്കു ചെന്നു.
പ്രഭാകരൻ അങ്കിൾ പറഞ്ഞ് തന്ന വഴിയിലൂടെ കാർ എടുത്തു. സ്റ്റീരിയോയിൽ ഒഴുകി കൊണ്ടിരുന്ന സംഗീതം കേട്ട് വീട് എത്തിയത് അറിഞ്ഞില്ല.....
വലിയ ഒരു വീടിന്റെ മുന്നിൽ വണ്ടി ചെന്ന് നിന്നു.ഗേറ്റ് രണ്ടും തുറന്നിട്ടുണ്ട്.
കാർപോർച്ചിൽ കാർ നിർത്തി ഇറങ്ങി.
ഉമ്മറത്തേക്ക് രണ്ട് പേർ ചിരിച്ച മുഖവുമായി വന്നു.ഒന്ന് പ്രഭാകരൻ അങ്കിൾ പിന്നെ ആളുടെ ഭാര്യ സാവിത്രി ആന്റി..
അച്ഛനെ കണ്ടപാടെ പ്രഭാകരൻ അങ്കിൾ വന്നു കെട്ടിപിടിച്ചു. ശേഷം അകത്തേക്ക് വിളിച്ചിരുത്തി.
കുടിക്കാനായി നല്ല തണുത്ത ഓറഞ്ച് ജൂസ് കൊണ്ട് വന്നു.
"മോള് എന്ത് ചെയുന്നു? "സാവിത്രി ആന്റി ചോദിച്ചു.
"ഞാൻ സെന്റ് മേരീസിൽ ലക്ച്ചറർ ആണ്. "ജൂസ് കുടിക്കുന്നതിനു ഇടയിൽ പറഞ്ഞു
"അല്ല മക്കൾ രണ്ടാളും എവിടെ? "
അമ്മ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
"റോഷൻ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി. റിഷി മുകളിൽ മുറിയിൽ ഉണ്ട്. എന്തോ കാര്യമായിട്ട് വർക്കിലാ.. നിങ്ങൾ വന്നത് അറിഞ്ഞിട്ടില്ല..പിന്നെ രണ്ടാളും വാ വീടൊക്കെ കാണാം.. "
സാവിത്രി വീടൊക്കെ നടന്നു കാണിച്ചു. കലയോട് ഒരുപാട് താല്പര്യം ഉള്ള ആളാണ് സാവിത്രി ആന്റി എന്ന് ഓരോ സംസാരത്തിലൂടെ മനസിലായി.
മുകളിൽ മുറിയിൽ ചെന്ന് ആന്റി വരച്ച ചുമർ ചിത്രങ്ങൾ കണ്ട് വൈഗ ഒരു നിമിഷം നോക്കി നിന്നു പോയി..
"ഇവിടെ ഇങ്ങനെ വെറുതെ ഇരിക്കുമ്പോ ഓരോന്നും ചെയ്തു നോക്കുന്നതാ.. "
"നന്നായിട്ടുണ്ട് ആന്റി. ബ്യൂട്ടിഫുൾ..."
അവൾ അവിടെ നടന്ന് ചിത്രങ്ങൾ ഓരോന്നും കണ്ടു. അടുത്ത മുറിയിലെ ചിത്രങ്ങൾ കാണാൻ അങ്ങോട്ട് കടന്നു ചെന്നതും റിഷി മുറിയിൽ നിന്നും പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം ഒരു നേർത്ത അകലത്തിൽ ഇരുവരുടെയും കണ്ണുകൾ നിശ്ചലമായിപ്പോയി.............
(തുടരും )
സ്വയംവരം 💕
ഭാഗം 2
****************
അടുത്ത മുറിയിലെ ചിത്രങ്ങൾ കാണാൻ അങ്ങോട്ട് കടന്നു ചെന്നതും റിഷി മുറിയിൽ നിന്നും പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം ഒരു നേർത്ത അകലത്തിൽ ഇരുവരുടെയും കണ്ണുകൾ രണ്ടും നിശ്ചലമായി.
റിഷി എന്തോ പറയാൻ തുടങ്ങും മുന്പേ ആന്റിയും അമ്മയും അങ്ങോട്ടേക്ക് എത്തിയിരുന്നു .
"എന്താ മോളെ ഇവിടെ തന്നെ നിന്നത്? " സാവിത്രി ആന്റി വൈഗയോട് ചോദിച്ചു.
"ഞാൻ.. അത്.... "അവൾ വാക്കുകൾ കിട്ടാതെ പരതി.
"നിങ്ങൾ എപ്പോഴാ വന്നത്? "റിഷി അമ്മയോട് ചോദിച്ചു.
"കുറച്ച് നേരമായിട്ടുള്ളു മോനെ.... "അമ്മ മറുപടി നൽകി..
"മോള് മുറിയിലെ ചിത്രങ്ങൾ ഒക്കെ കണ്ടോ... അപ്പോഴേക്കും ഞാൻ ഭക്ഷണം എടുത്തു വെക്കാം.. "അത് പറഞ്ഞ് സാവിത്രി ആന്റി നടന്നു. കൂടെ അമ്മയും...
"താൻ വാടോ..... പെയിന്റിംഗ്സ് ഒക്കെ കാണാം... "റിഷി അകത്തേക്കു വിളിച്ചു. അവൾ മുറിയിലേക്ക് ചെന്നു.
നല്ല അടുക്കും ചിട്ടയും ഉള്ള മുറി. മുറിക്കു നടുവിൽ ഇട്ട കാർപെറ്റ് നല്ല ഭംഗി ഉണ്ടല്ലോ എന്നവൾ ചിന്തിച്ചു..
മുറിയിലെ രണ്ടു മൂലകളിലായി വലിയ സ്പീക്കറുകൾ.. അതിന്റെ നടുവിൽ ഉള്ള ഷോകേസിനു മീതെ സ്റ്റീരിയോ ആംപ്ലിഫൈർ, പിന്നെ അവൾ ചുമരിലെ ചിത്രങ്ങളിൽ കണ്ണോടിച്ചു..
പ്രകൃതി ദൃശ്യം കാണിക്കുന്ന ഒരു വലിയ ചിത്രത്തിലേക്ക് അവൾ നോക്കി നിന്നു.
ഓരോ ചിത്രവും അവൾ നോക്കുമ്പോൾ റിഷിയുടെ കണ്ണുകൾ അവളിലേക്ക് ആയിരുന്നു.
യുവാർ വെരി.... പ്രെറ്റി.....
ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന അവളെ നോക്കി റിഷിയുടെ ചുണ്ടുകളിൽ നിന്നും അറിയാതെ ആ വാക്കുകൾ ഉതിർന്നു വീണു....
വൈഗ മുഖം തിരിച്ചു റിഷിയെ നോക്കി..
"എന്തേലും പറഞ്ഞോ? "
"ഏയ്.. നെവർ... "
"ആ.. എന്നാൽ ഇനി താഴോട്ട് ചെല്ലട്ടെ.. "
"ഞാനും വരുന്നു... " റിഷി മുറിയുടെ ഡോർ വെറുതെ ചാരിയിട്ട് ഹാളിലേക്ക് നടന്നു..
തീന്മേശയിൽ വിഭവങ്ങൾ എല്ലാം നിറഞ്ഞു കഴിഞ്ഞു. ഭക്ഷണം കഴിക്കാനായി എല്ലാവരും ഒരുമിച്ച് ഇരുന്നു.
അച്ഛന്റെയും അങ്കിളിന്റെയും കുശലം പറച്ചിൽ ഊണ് കഴിക്കുമ്പോഴും തുടരുന്നുണ്ട്... വൈഗക്ക് അഭിമുഖമായാണ് റിഷി ഇരുന്നത്..
"ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയത് പോലെ എല്ലാവരും ഒരു ദിവസം വീട്ടിലോട്ട് വരണം... വീട്ടിലേക്ക് ഉള്ള വഴി റിഷി മോന് അറിയാം... "അച്ഛൻ പറഞ്ഞു..
"അതിനെന്താ ദേവാ..... ഞങ്ങൾ ഒരു ദിവസം ഇറങ്ങാം..... പിന്നെ.. മോൾക്ക് കല്ല്യാണം വല്ലതും ആലോചിക്കുന്നുണ്ടോ ദേവാ...? "
അങ്കിൾ അത് പറഞ്ഞതും വൈഗക്ക് പെട്ടെന്ന് ചുമ വന്നു..
റിഷി ഒരു ഗ്ലാസ് വെള്ളം എടുത്ത് വൈഗക്ക് നേരെ നീട്ടി..
"ദാ... ഇത് കുടിക്ക്.... "
"മ്മ്മ്... "അവൾ വെള്ളം വാങ്ങി കുടിച്ചിട്ട് അച്ഛനെ ഒന്ന് നോക്കി..
"കണ്ടില്ലേ.. കല്ല്യാണം എന്ന് കേട്ടതേ അവൾക്കു ചുമ വന്നു.. ഇപ്പോ ഒന്നും കെട്ടണ്ട എന്നാ മോളുടെ തീരുമാനം.. "
അച്ഛൻ അങ്ങനെ ഒരു മറുപടി നൽകി.....
"മോൾക്ക് ജോലി ഒക്കെ ആയ സ്ഥിതിക്ക് നല്ല ആലോചന നോക്കി നടത്തു ദേവാ... "
അങ്കിൾ വീണ്ടും കല്ല്യണകാര്യം തന്നെ എടുത്തിട്ടു..
"ആന്റി....... കറികൾ എല്ലാം നന്നായിട്ടുണ്ട്ട്ടോ.... "വിഷയം ഒന്ന് മാറ്റം എന്ന് കരുതിയാണ് അവൾ സാവിത്രി ആന്റിയോട് അത് പറഞ്ഞത്.
"എന്നാൽ കുറച്ചും കൂടെ കഴിക്കു മോളേ... "
അത് പറഞ്ഞ് പ്ലേറ്റിൽ ചോറും കറികളും വിളമ്പി കൊടുത്തു.
"മതി.. മതി... ഞാൻ കുറച്ചേ കഴിക്കു ആന്റി. "
"ഏയ്....അത് പറഞ്ഞാൽ പറ്റില്ല... "
കറി എല്ലാം നന്നായെന്ന് പറഞ്ഞത് ഇത്രക്കും അബദ്ധം ആയിപോയോ ഈശ്വരാ..... എന്നവൾ ഒരു നിമിഷം ഓർത്തു....
പ്ലേറ്റിൽ ഇട്ടത് മുഴുവൻ കഴിച്ചു തീർക്കാൻ അവൾ നന്നേ പാടുപെട്ടു...
ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം കുറച്ച് നേരം ബാൽക്കണിയിൽ എല്ലാവരും സൊറ പറഞ്ഞിരുന്നു.....
പുറത്തു നിന്നും വരുന്ന കുസൃതി കാറ്റ് എല്ലാവരെയും തൊട്ട് തലോടി കടന്നു പോയി. സന്ധ്യ ആവുന്നതിനു മുന്പേ അവർ വീട്ടിലേക്ക് യാത്ര തിരിച്ചു.
പിറ്റേന്ന് ഒരു നീണ്ട നിദ്രയിൽ നിന്നുണർന്നതു പോലെ ഉറക്കചടവോടെ അവൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ ക്ലോക്കിൽ സമയം ഏഴ് മണി..
അവൾ പെട്ടെന്ന് തന്നെ എണീറ്റു വാഷ് ബേസിനടുത്തേക്ക് പല്ല് തേയ്ക്കാൻ നടന്നു.
അടുക്കളയിൽ അമ്മ പണിയിലാണ്....
"ആ... എണീറ്റോ.. മോള്... ഞാൻ നിന്നെ വിളിക്കുവാൻ അങ്ങോട്ട് വരുവായിരുന്നു.... "
"അച്ഛൻ എവിടെ അമ്മേ.... ഇവിടൊന്നും കാണുന്നില്ല.... "
അവൾ ചായ, കപ്പിലേക്ക് പകർത്തും നേരം തിരക്കി...
"അച്ഛൻ ആരെയോ കാണണം എന്ന് പറഞ്ഞു പോയി.. "
അവൾ മറുപടി എന്നോണം മൂളി..
ചായയും എടുത്ത് അവൾ ഉമ്മറത്തേക്ക് ചെന്നു. ചാരു കസേരയിൽ വെച്ചിരുന്ന പത്രം എടുത്ത് മറിച്ചു നോക്കി.
പത്രത്താളുകളിലെ തലക്കെട്ട് മാത്രം ഒന്ന് ഓടിച്ചു വായിക്കാറാണ് അവളുടെ പതിവ്. മുറ്റവും വീടും ഒക്കെ വൃത്തിയാക്കിയതിനു ശേഷം അവൾ കുളിക്കാൻ പോയി..
സമയം എട്ടരയോട് അടുത്തപ്പോഴേക്കും അവൾ കോളേജിൽ പോകാൻ ഒരുങ്ങിയിരുന്നു.
കോളേജിൽ വൈഗയുടെ കൂട്ടുകാരി മിത്രയാണ്... ബി എഡിനു പഠിക്കുമ്പോൾ തൊട്ടുള്ള പരിചയമാണ് മിത്രയോട്...
ഇന്റർവെൽ സമയത്ത് മിത്രയുമായി സംസാരിക്കുന്നതിനു ഇടയിലാണ് ദേവ് സാർ അങ്ങോട്ട് കടന്ന് വന്നത്.
"വൈഗ മിസ്സ്.. വൺ മിനിറ്റ്.. പുറത്തേക്ക് ഒന്ന് വരാമോ? "
"എന്താണ് ദേവ് സാർ.. "വൈഗ ചോദ്യ ഭാവത്തിൽ നോക്കി.
"ഒരു അത്യാവശ്യ കാര്യം ഉണ്ട്.. "അത്ര മാത്രം പറഞ്ഞ് ദേവ് സാർ വരാന്തയിലേക്ക് നടന്നു.
"മിത്ര... ഞാൻ ഇപ്പോ വരാം... "
"മ്മ്... ശരി.. "
കുട്ടികൾ ഒഴിഞ്ഞ ഒരിടം നോക്കി ദേവ് സാർ നിന്നു.
" വൈഗ മിസ്സേ... പറയാൻ ഉള്ളത് മിസ്സിന്റെ ക്ലാസ്സിലെ ഒരു സ്റ്റുഡന്റിന്റെ കാര്യം ആണ്. അൽപ്പം സീരിയസ് ആണ്. ഇവിടെ നിന്നു പറയാൻ പറ്റിയ സാഹചര്യം അല്ല.. മിസ്സ് ക്ലാസ്സ് ടൈമ് കഴിഞ്ഞ് ഇവിടെ അടുത്തുള്ള സിറ്റി ബേക്കറിയിൽ വരണം.. "
എന്തെങ്കിലും ചോദിക്കും മുന്പേ ദേവ് സാർ അവിടെ നിന്നു പോയിരുന്നു..
അവസാനത്തെ പീരീഡ് കഴിയുന്നത് വരെ അവൾ ദേവ് സാർ പറയാൻ പോകുന്ന കാര്യം എന്താകും എന്ന ആലോചനയിലായിരുന്നു.
ക്ലാസ്സ് കഴിഞ്ഞതും വൈഗ സിറ്റി ബേക്കറിയിലേക്ക് എത്തി ചേർന്നു. ബേക്കറിയിൽ ഒരറ്റത്തായി ടേബിളിനരികെ ദേവ് സാർ ഇരിക്കുന്നുണ്ട്.
അവളെ കണ്ടതും ദേവ് സാർ എണീറ്റു.
മേശയ്ക്കു മുമ്പിലുള്ള മൂന്ന് കസേരകളിൽ നാടുവിലത്തേതു ചൂണ്ടി കാണിച്ച് അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
"മിസ്സിന് കുടിക്കാൻ എന്താ വേണ്ടത്? ടീ, കോഫി, ഓർ എനിതിങ് കോൾഡ്? "
"എനിക്ക് ഒന്നും വേണ്ട.. സാർ വരാൻ പറഞ്ഞത്? "
അവൾ ധൃതിപ്പെട്ടു ചോദിച്ചു.
"പറയാം മിസ്സ്.. ആദ്യം എന്തേലും കുടിക്കാൻ പറയട്ടെ.. മിസ്സിന് എന്താ വേണ്ടത് എന്ന് പറയു... "
"മ്മ്... തണുത്തത് എന്തേലും മതി.. "അവൾ പറഞ്ഞു.
ദേവ് രണ്ട് പൈനാപ്പിൾ ജൂസ് ഓർഡർ പറഞ്ഞു.
"ഇനി പറയാം... സ്റ്റുഡന്റിന്റെ കാര്യം പറയാനാണ് എന്ന് പറഞ്ഞ് മിസ്സിനോട് ഇവിടെ വരാൻ പറഞ്ഞത് എനിക്ക് വേറൊരു വിഷയം സംസാരിക്കാനാണ്.. "
അവളുടെ മുഖത്തു ആകാംക്ഷ പടർന്നു.
അപ്പോഴേക്കും ജൂസ് ടേബിളിൽ എത്തിയിരുന്നു.
ദേവ്, ജൂസ് ഒരു കവിൾ കുടിച്ചതിനു ശേഷം പറഞ്ഞു.
"ഞാൻ തുറന്നു പറയാലോ മിസ്സിനെ എനിക്ക് വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ട്. യു ലുക്ക് സൊ............... ബൂട്ടി....... "
അത് കേട്ടതും അവളുടെ ഉള്ളിൽ തീയാളി......
അൽപ്പം നിമിഷം അവൾ ഒന്നും മിണ്ടിയില്ല.. ശേഷം പറഞ്ഞു.
"സാറിന് വേറെ ഒന്നും പറയാൻ ഇല്ലല്ലോ? "
"ഞാൻ ചോദിച്ചതിന് മിസ്സ് ഒന്ന് ആൻസർ തരു.... "
"ദേവ് സാറിനെ എനിക്ക് ഫ്രണ്ട് ആയിട്ട് കാണാൻ കഴിയു... അതിന് അപ്പുറം ഒരു റിലേഷൻ കഴിയുന്നില്ല.. സോറി.. ഞാൻ പോണു... "
അവൾ ജൂസിന്റെ ക്യാഷ് ടേബിളിൽ വെച്ച് പോകാൻ ഒരുങ്ങി.
"വൈഗ... നീ ഈ ദേവ്ന് ഉള്ളതാ.. വേറെ ആരും നിന്നെ സ്വന്തമാക്കൻ ഞാൻ സമ്മതിക്കില്ല... "അവന്റെ കറയറ്റ ചുണ്ടുകൾ അവളെ നോക്കി ചിരിച്ചു.
അവൾ ഒരു നിമിഷം ഞെട്ടി.. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരധികാര ഗർവിന്റെ സ്വരം അവളെ പേടിപെടുത്തി....
അവൾ പെട്ടെന്ന് തന്നെ വണ്ടിക്കടുത്തേക്കു പോയി.
നഗര വീഥിയിൽ, മരണ വേഗത്തിൽ ഓടുന്ന വണ്ടികൾക്ക് ഇടയിലൂടെ വൈഗയുടെ വണ്ടി യാന്ത്രികമായി ചലിച്ചു..
അവസാനം ദേവ് സാർ പറഞ്ഞത് പിന്നെയും പിന്നെയും അവൾ ഓർത്തു.
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഒരാൾ അകലെ നിന്നും കൈ വീശി കാണിക്കുന്നത് അവളുടെ കണ്ണിൽപ്പെട്ടു.
അടുത്തേക്ക് നിർത്തിയപ്പോൾ റിഷിയാണ്..
"പ്ലീസ്..... ഒന്ന് ഹെല്പ് ചെയോ... കാർ സ്റ്റാർട്ട് ആവുന്നില്ല.. അടുത്ത ഓട്ടോ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്താൽ മതി.. ഞാൻ കുറെ നേരായിട്ട് വണ്ടിക്ക് കൈ കാണിക്കുന്നു. "
റിഷി നിർത്താതെ സംസാരിക്കുകയാണ്.
ഹെൽമെറ്റ് വെച്ചതിനാൽ തന്നെ മനസിലായിട്ടില്ല എന്നവൾ ഓർത്തു.
"ഒരു ലിഫ്റ്റ് തരുമോ? "
റിഷിയുടെ ചോദ്യത്തിന് അവൾ തലയാട്ടി.
അവൻ അവൾക്കു പിന്നിലായി ഒരകലം പാലിച്ചു ഇരുന്നു.
സ്റ്റാൻഡ് എത്തിയതും അവൾ വണ്ടി നിർത്തി.
അവൻ വേഗം ഇറങ്ങി ഓട്ടോയ്ക്ക് അടുത്തേക്ക് പോകും നേരം അവൾ പിന്നിൽ നിന്നും വിളിച്ചു.
"ഹലോ.... ഒന്ന് നിന്നേ.... "
ഹെൽമെറ്റ് തലയിൽ നിന്നെടുത്ത് അവൾ അവനെ നോക്കി.
"ഒരു താങ്ക്സ് പോലും പറയാതെ പോയാൽ എങ്ങനെയാ? "
"താനായിരുന്നുവോ? മനസിലായില്ലടോ... വീട്ടിൽ അർജന്റ് ആയിട്ട് പോകണം. ഒന്ന് രണ്ടു ഫയൽ എടുക്കാൻ.. ധൃതിയിൽ താങ്ക്സ് ഒക്കെ പറയാൻ വിട്ടു. ഇനി എന്തായാലും താൻ പോണ വഴി അല്ലേ വീട്.. എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാവോ? "
എന്തായാലും അച്ഛനെ സഹായിച്ച ആളല്ലേ ലിഫ്റ്റ് കൊടുത്തേക്കാം എന്ന് വിചാരിച്ചു അവൾ കേറിക്കോളാൻ പറഞ്ഞു.
വീട്ടുപടിക്കൽ എത്തിയപ്പോ അവൾ വണ്ടി നിർത്തി. അവൻ അതിൽ നിന്നും ഇറങ്ങി.
"താങ്ക്സ് കേട്ടോ... "
"മ്മ്മ് ശരി.... ആയിക്കോട്ടെ... "
"വീട്ടിൽ കയറിയിട്ട് പോകാം. അമ്മയുടെ സ്പെഷ്യൽ ഫുഡ് കഴിക്കാം.. "
"ഏയ്..വേണ്ടാ...ഓക്കേ ബൈ..
അന്ന് കഴിച്ചതിന്റെ ഷീണം തന്നെ മാറിയിട്ടില്ല എന്ന് ഓർത്ത് അവൾ വീട്ടിലേക്ക് പോയി..
ഉമ്മറത്തു ഹെഡ് ഫോൺ വെച്ച് റോഷൻ നിൽക്കുന്നുണ്ട്...
"ആരാ ഏട്ടാ ഇവിടെ കൊണ്ടാക്കിയത്? ഏട്ടന്റെ കാർ എവിടെ? "
"കാർ പെട്ടെന്നു ഓഫായി. പിന്നെ ലിഫ്റ്റ് തന്നത് നമ്മുടെ അച്ഛന്റെ ഫ്രണ്ടിന്റെ മോളാ... കഴിഞ്ഞ സൺഡേ ഇവിടെ വന്നെന്നു പറഞ്ഞില്ലേ? "
"ഓ യെസ്... "റോഷൻ പറഞ്ഞു.
"അത് തന്നെ... " അത് പറഞ്ഞു റിഷി അകത്തേക്ക് പോയി.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ റിഷി, വൈഗയെ ആലോചിച്ചു ഇരിക്കുകയായിരുന്നു.
സാവിത്രി, റിഷിയെ നോക്കി ചോദിച്ചു.
"എന്താടാ മോനെ ഇടക്ക് ഇടയ്ക്കു ചിരിക്കണേ...? എന്തുപ്പറ്റി നിനക്ക്? "
"അത് ഞാൻ വെറുതെ ഇങ്ങനെ ഓരോന്നും ഓർത്ത് ചിരിച്ചതാ... "
അവൻ മറുപടി കള്ളം പറഞ്ഞു.
"വെറുതെ ചിരിക്കേ? അമ്മേ... ഏട്ടന് ഇന്ന് എന്തോ പറ്റീട്ടുണ്ട്...... " റോഷൻ അമ്മയെ കൂട്ട് പിടിച്ചു.
അന്ന് രാത്രി ഉറങ്ങാൻ കിടന്നിട്ടും റിഷിയ്ക്ക് ഉറക്കം വന്നില്ല...
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവനിൽ നിന്നും തെല്ലകലത്തിൽ ആയിരുന്നു
കണ്ണടച്ചാൽ തെളിയുന്നത് വൈഗയുടെ മുഖം.. ഈശ്വരാ.. ഇത് എന്തൊരു കഷ്ടമാണ്? ഇതിനു മുൻപ് എത്രയോ പെൺകുട്ടികളെ കണ്ടിട്ടുണ്ട്... അവരോടൊന്നും തോന്നാത്ത എന്ത് പ്രേത്യകതയാണ് അവൾക്ക്.... റിഷി ഓരോന്നും ആലോചിച്ചു കിടന്നു.
അവളുടെ മുഖം കൈകളിലാക്കി അവൻ നോക്കി. ആകൃതിപെടുത്തേണ്ട ആവശ്യം ഇല്ലാത്ത ഭംഗി ഉള്ള നേരിയ പുരികം, ഇടതൂർന്ന ഇമകൾ... തുടുത്ത കവിളുകൾ, പിന്നെ ഭംഗി ഉള്ള നീണ്ട മൂക്ക്..
വൈഗയുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു...
ഉറക്കത്തിൽ നിന്നും പെട്ടെന്ന് റിഷി എണീറ്റിരുന്നു... ഓഹ്.... സ്വപ്നമായിരുന്നു....
ഫോൺ എടുത്ത് സമയം നോക്കിയപ്പോ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു.
യെസ് അയാം... ഇൻ ലവ്....
അവന്റെ മനസ്സ് മന്ത്രിച്ചു.
പുതപ്പ് തലവഴി ഇട്ട് റിഷി വീണ്ടും നിദ്രയെ പുൽകി കിടന്നു.
സ്റ്റാഫ് റൂമിൽ ഇരുന്ന് വൈഗ ടെക്സ്റ്റ് ബുക്ക് മറിച്ചു നോക്കുകയായിരുന്നു.
മിത്ര അപ്പോഴാണ് കടന്നു വന്നത്..
"ദേവ് സാർ ഇന്നലെ എന്ത് പറയാനാ വിളിച്ചേ? "മിത്ര അവൾക്കു അരികിലായി ഇരുന്നിട്ട് ചോദിച്ചു.
"അത് പിന്നെ ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ വിളിച്ചതാ... "
"എന്ത് ഡൌട്ട്? "
മിത്ര ചോദിച്ചു
"അത് ടെക്സ്റ്റ് ബുക്കിൽ ഉള്ള ഒരു ഡൌട്ട് ആ... "
മിത്രയോട് അങ്ങനെ ഒരു നുണ പറഞ്ഞു വൈഗ പുസ്തകത്തിലേക്ക് നോക്കി.
പെട്ടന്ന് അടുത്ത അവർ തുടങ്ങാൻ ഉള്ള ബെല്ലടിച്ചു. അതേ സമയം തന്നെ അവളുടെ ഫോണിൽ മെസ്സേജ് വന്നു..
മെസ്സേജ് ഓപ്പൺ ചെയ്തു വായിച്ചതും അവൾ ഒരു ശില കണക്കെ ഇരുന്ന് പോയി....
(തുടരും )
സ്വയംവരം 💕
ഭാഗം :3
മെസ്സേജ് ഓപ്പൺ ചെയ്തു വായിച്ചതും അവൾ ഒരു ശില കണക്കെ ഇരുന്ന് പോയി....
"ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് സീ ഷോർ റെസ്റ്റോറന്റിന് സമീപത്തുള്ള ബീച്ചിൽ വരണം. വന്നില്ലെങ്കിൽ മിസ്സ് ഇന്ന് വീടെത്തില്ല ബൈ യുവർ ദേവ് "
അവൾ അപ്പോഴാണ് ഓർത്തത് ദേവ് സാർ ഇന്ന് ലീവാണ്..
അവൾ നേരെ ശ്യാം സാറിന്റെ അടുത്തേക്ക് പോയി.
"ശ്യാം സാർ വൺ മിനിറ്റ് "
"എന്താ മിസ്സേ...? "
"എനിക്ക് സാറിനോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട് "
"എന്താ മിസ്സേ പറഞ്ഞോ "
"എനിക്ക് അറിയാനുള്ളത് ദേവ് സാറിനെപ്പറ്റിയാണ്.. "
"ദേവ് സാറിനെപ്പറ്റിയോ? " ശ്യാം അവളെ ചോദ്യഭാവത്തിൽ നോക്കി.
"യെസ്.... സാറിന്റെ ഉറ്റ ചങ്ങാതി അല്ലേ അയാൾ? "
"ഏയ് നെവർ..... ഒരേ നാട്ടുകാർ എന്നുള്ള നിലയിൽ ഉള്ള പരിചയം മാത്രം ഉള്ളു.. "
ശ്യാം വൈഗ മിസ്സിന്റെ ചോദ്യം ശരി വെക്കാത്ത മട്ടിൽ പറഞ്ഞു.
"സാറിന് ദേവ് സാറിനെപ്പറ്റി നന്നായി അറിയാം.. എനിക്ക് അയാൾ ഒരു മാന്യമായ വ്യക്തിയായാണ് ആദ്യം തോന്നിയത്. പക്ഷെ കഴിഞ്ഞ ദിവസം അയാൾ എന്നോടു പറഞ്ഞു വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന്.. ഞാൻ താല്പര്യം ഇല്ലെന്ന് മറുപടി കൊടുത്തപ്പോൾ അയാൾ എനിക്ക് നേരെ ഒരു വെല്ലുവിളിയുടെ സ്വരം എടുത്തിട്ടു.
സത്യത്തിൽ ഞാൻ അയാളുടെ ഇതുവരെ കാണാത്ത ഒരു മുഖമാണ് കണ്ടത്.. ഇപ്പോൾ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് അയാള്.. "വൈഗ ഫോണിലെ മെസ്സേജ് ശ്യാമിനെ കാണിച്ചു.
"വൈഗ മിസ്സ് ദേവ് സാർ പറഞ്ഞത് പോലെ അവിടെ പോയി കാണണം... "ശ്യാമിന്റെ മറുപടി ഉറച്ചതായിരുന്നു..
"എന്താ പറഞ്ഞത്? അയാൾ വിളിക്കുമ്പോൾ ഒക്കെ ഞാൻ പോയി കാണണോ? "വൈഗയുടെ മുഖം വല്ലാതായി..
"മിസ്സേ.. അവന്റെ സ്വഭാവം നന്നയി അറിയുന്നൊണ്ട് പറയാ... ഒരുപാട് പെൺപിള്ളേരെ ചതിച്ചിട്ടുണ്ട് അവൻ... മിസ്സ് അവനെ കണ്ട് നല്ല രീതിയിൽ സംസാരിച്ചു നോക്ക്.. മിസ്സ് ഇപ്പോ ക്ലാസ്സിൽ പൊക്കോ " ശ്യാം അത് പറഞ്ഞ് ക്ലാസ്സിൽ പോയി..
എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു, അവളും ക്ലാസ്സിലേക്ക് നടന്നു.
കോളേജ് ടൈമ് കഴിഞ്ഞ് അവൾ വണ്ടിയും എടുത്ത് ബീച്ചിലേക്ക് പോയി.
ബീച്ചിനു സമീപത്തുള്ള റോഡിനോരത്തായി വണ്ടി നിർത്തി..
മുൻപ് എപ്പോഴോ സേവ് ചെയ്ത പ്രഭാകരൻ അങ്കിളിന്റെ നമ്പറിലേക്ക് വിളിച്ചു. റിഷിയുടെ നമ്പർ അറിയുന്നതിന് വേണ്ടിയായിരുന്നു.
ശേഷം നമ്പർ കിട്ടിയതോടെ അവൾ റിഷിയുടെ ഫോണിലേക്ക് വിളിച്ചു.
"ഹലോ.. റിഷി അല്ലേ? "
"അതേ.. ആരാണ്? "റിഷി തിരിച്ചു ചോദിച്ചു.
"ഞാൻ വൈഗ.. മനസ്സിലായോ? "
വൈഗ എന്ന് കേട്ടതും അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു..
"ആ താനോ.. തനിക്ക് എങ്ങനെ എന്റെ നമ്പർ "
ബാക്കി ചോദിയ്ക്കും മുന്പേ വൈഗ തുടർന്നു.
"റിഷി.. ഞാൻ വിളിച്ചത് ഒരു ഹെല്പ് ചോദിക്കാനാ.. റിഷി ഇപ്പൊ ഫ്രീ ആണോ? "
"അതേ... എന്താ കാര്യം? "അവനു ആകാംക്ഷ കൂടി..
"ഫ്രീ ആണെങ്കിൽ ഇപ്പോ സീ ഷോർ റെസ്റ്റോറന്റിന് അടുത്തുള്ള ബീച്ചിലേക്ക് ഒന്ന് വരാമോ? ഞാൻ ഇവിടെയുണ്ട്.. "
അത്ര മാത്രം പറഞ്ഞ് അവൾ ബീച്ചിലേക്ക് നടന്നു.
ദേവ് സാർ ബീച്ചിനു സമീപം നിൽക്കുന്നത് അകലെ നിന്നു തന്നെ വൈഗ കണ്ടു.
അവളെ കണ്ടതും അവന്റെ മുഖത്ത് ഒരു വിജയിയുടെ ഭാവം തെളിഞ്ഞു വന്നു. വൈഗ അവന്റെ അരികിൽ എത്തി.
"താങ്ക് ഗോഡ്.. എനിക്ക് അറിയാമായിരുന്നു മിസ്സ് വരുമെന്ന് "
"എന്തിനാ വിളിച്ചത്? "അവൾ ശരവേഗത്തിൽ ചോദിച്ചു.
"മിസ്സിനോട് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ വിവാഹത്തിന്റെ കാര്യം.. മിസ്സ് നോ പറഞ്ഞെങ്കിലും മിസ്സ് ഇപ്പോ ഞാൻ വിളിച്ചപ്പോ വന്നില്ലേ അതിന് അർത്ഥം യെസ് എന്നല്ലേ?"അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു .
"ഞാൻ ഇവിടെ വന്നത് സാറിനോട് ഉള്ള ഇഷ്ടം കൊണ്ടല്ല... ഭീഷണി മുഴക്കിയ മെസ്സേജിന്റെ പേരിൽ വന്നു പോയതാ.. ഈ ഇഷ്ടം എന്ന് പറയുന്നത് പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല.. അത് സ്വയം ഒരാൾക്ക് തോന്നേണ്ട ഒന്നാണ്. "അവളുടെ വാക്കുകൾ അവന്റെ ഉള്ളിൽ തീകനൽ കോരിയിട്ടു.
"സ്റ്റോപ്പിറ്റ്.... എനിക്കെന്താ കുറവ്.. ഇഷ്ടപ്പെടാതെ ഇരിക്കാൻ മാത്രം....? "
"നിങ്ങൾ ഒരു ചതിയൻ അല്ലേ? ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച കഥയൊക്കെ ഞാൻ അറിഞ്ഞു.. "അവൾ അത് പറഞ്ഞതും അവൻ ഒന്ന് നടുങ്ങി...
"ശരിയാണ്... എതിർക്കുന്നില്ല.. പക്ഷെ മറ്റുള്ളവരെ പോലെ അല്ല മിസ്സ് എനിക്ക്... യു.... ആർ ദി... റൈറ്റ്... ഗേൾ.. ഫോർ... മീ..... "
ദേവിന്റെ കൈകൾ രണ്ടും വൈഗയുടെ കവിളുകളിൽ സ്പർശിക്കാൻ ഒരുങ്ങി..
അവൾ പൊടുന്നനെ തന്നെ അവന്റെ കൈകളിൽ പിടുത്തമിട്ടു..
"എനിക്ക് സാറിനോട് ഒന്നും സംസാരിക്കാൻ ഇല്ല.. "
ദേവ് കൈകൾ പിൻവലിച്ചു.. ശേഷം അവൻ ഉറക്കെ ചിരിച്ചു...
"നിങ്ങൾക്ക് എന്താ ഭ്രാന്ത് ആണോ.. നിങ്ങൾ ഇവിടെ നിന്ന് ചിരിക്ക്..ഞാൻ പോകുന്നു.. "
അവൾ പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ദേവ് അവളുടെ കൈ തണ്ടയിൽ ശക്തിയായി പിടി മുറുക്കി..
"അങ്ങനെ അങ്ങ് പോയാലോ.. നീ യെസ് പറയാതെ ഒരടി ഇവിടെ നിന്ന് നീങ്ങില്ല.. "
ആർത്തിരമ്പുന്ന തിരമാലകളുടെ ശബ്ദത്തോടെ അവന്റെ സ്വരം ഉയർന്നു നിന്നു.
"എന്റെ കൈ... വേദനിക്കുന്നു..... വിട് ദേവ്.... " വൈഗയുടെ സ്വരമിടറി.... ദേവിന്റെ ബലിഷ്ടമായ കരങ്ങൾ അവളുടെ കൈ തണ്ടയിൽ നന്നേ അമർന്നു..
പെട്ടന്ന് അവളുടെ പിന്നിലേക്ക് നോക്കി കൊണ്ട് ദേവ് കൈ വിടുവിച്ചു..
അവളുടെ വെളുത്ത കൈ തണ്ടയിൽ ചുവന്ന രാശി പടർന്നു....
"ആരാ നീ...? "
ദേവിന്റെ ചോദ്യം കേട്ട് വൈഗ തിരിഞ്ഞ് നോക്കി..
റിഷി... അവളുടെ വായിൽ നിന്ന് ആ പേര് ഉതിർന്നു വീണു..
"നീ.. ഏതാ... എന്ത് വേണം? "
ദേവ് അത് ചോദിച്ചപ്പോൾ റിഷി, വൈഗയെ നോക്കി.. അവൾ ഒന്ന് കണ്ണടച്ച് കാണിച്ചു..
"ചോദിച്ചതു കേട്ടില്ലേ നീ ആരാ? "
"ഞാൻ.. ആരേലും ആവട്ടെ... താൻ എന്തിനാ ഈ കൊച്ചിന്റെ കൈയിൽ കേറി പിടിച്ചത്? "
"ഇതൊക്കെ ചോദിക്കാൻ നീ ആരാ? "ദേവ്, റിഷിയെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു.
"ഞാൻ പറയാം.. ഈ നിൽക്കുന്ന ആളെയാ ഞാൻ സ്നേഹിക്കുന്നത്...ഞങ്ങളുടെ വിവാഹം ഉടനെ ഉണ്ടാവും.. "റിഷിയെ നോക്കി വൈഗ അങ്ങനെ ഒരു മറുപടി കൊടുത്തപ്പോൾ ദേവിന്റെ മുഖം ചുവന്നു തുടുത്തു..
"സത്യം ആണോ മിസ്സ് പറഞ്ഞത്? "ദേവ് റിഷിയുടെ ഷോൾഡറിൽ പിടി മുറുക്കി..
റിഷി വൈഗയെ ഇടം കണ്ണിട്ട് നോക്കി.. അവൾ നന്നേ വിയർക്കുന്നുണ്ട്..
"വൈഗ പറഞ്ഞത് സത്യം തന്നെയാ..ഐ ലവ് വൈഗ... ...... "
റിഷി മനസ്സിൽ തൊട്ട് വൈഗയെ നോക്കി കൊണ്ട് അത് പറഞ്ഞപ്പോൾ വൈഗ ഒന്ന് നെടുവീർപ്പെട്ടു.
ദേവിന്റെ പ്രതികരണം ശാന്തമായിരുന്നു.. ഒന്നും മിണ്ടാതെ അവൻ രണ്ടാളെയും നോക്കി കൊണ്ട് പോയി..
"റിഷി.. താങ്ക്സ്.... ഞാൻ വിളിച്ചപ്പോ വന്നതിന്... എനിക്ക് അങ്ങനെ ഒക്കെ പറയേണ്ടി വന്നതിൽ സോറി.. "അവൾ പറഞ്ഞു നിർത്തി..
"അതൊന്നും കുഴപ്പം ഇല്ല വൈഗ.. ആരാ അയാൾ? "
"അത് ദേവ് സാർ.. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെയാണ്.. ഇപ്പൊ അയാൾ ഒരു ശല്ല്യം ആയിരിക്കാ... റിഷിയെ വിളിച്ചത് അയാളിൽ നിന്നും രക്ഷപെടാൻ വേണ്ടിയാ.. അയാൾ ആഗ്രഹിച്ചതു നേടാൻ എന്തും ചെയ്യും എന്ന മട്ടിലാണ്... ഞാൻ കള്ളം പറഞ്ഞത് ഇപ്പോ തനിക്കു വിനയാകുമോ എന്ന് എനിക്ക് പേടിയുണ്ട്.. "
"താൻ എന്തിന് പേടിക്കണേ... എന്നെ അയാൾ ഒന്നും ചെയ്യാൻ പോണില്ല.. "റിഷി ഒട്ടും കൂസലില്ലാതെ പറഞ്ഞു..
അപ്പോഴാണ് വൈഗയുടെ ഫോൺ ബെല്ലടിച്ചത്.. എടുത്തു നോക്കിയപ്പോൾ അമ്മയാണ്.. അവൾ ഫോൺ എടുത്ത് ഹലോ പറഞ്ഞു
"വൈഗ... നീ എവിടെയാ? "
"അമ്മേ.. ഞാൻ ഇവിടെ ഒരു ഫ്രണ്ടിന്റെ അടുത്താ... "
"വേഗം വരാൻ നോക്ക്.. ഇവിടെ മാധവ മാമനും ശ്രീയും വന്നിട്ടുണ്ട്... "
"ഞാൻ വേഗം എത്താം അമ്മേ.. "അത് പറഞ്ഞ് അവൾ ഫോൺ വെച്ചു.
"റിഷി... ഇനി ഞാൻ നിൽക്കുന്നില്ല.. വീട്ടിൽ പോകട്ടെ.. ബൈ "
അവൻ മറുപടി എന്നോണം മൂളി..
അവൾ പോകുന്നത് നോക്കി അവൻ നിന്ന നിൽപ്പ് തുടർന്നു.
പറയാമായിരുന്നു റിഷി നിനക്ക്... വൈഗയെ സ്നേഹിക്കുന്ന കാര്യം....? അവന്റെ മനസാക്ഷി അവനോട് ചോദിച്ചു..
വേണ്ട.. അവളെ പരിചയപ്പെട്ടു അധികം ആയില്ല.. അപ്പോഴേക്കും എടുത്ത് ചാടി എന്തേലും പറഞ്ഞാൽ താൻ ഒരു ബോറൻ ആണെന്ന് അവൾ വിചാരിക്കും.. സമയം ആവട്ടെ.. മനസ്സിൽ ഉള്ളത് പറയാൻ ഒരു ദിവസം കിട്ടും...,
വൈഗ വീട്ടിൽ എത്തിയതും ഉമ്മറത്തു ശ്രീയും മാധവൻ മാമയും നിൽക്കുന്നുണ്ട്.. ശ്രീ എന്ന് പറഞ്ഞാൽ ശ്രീ കുട്ടി.. തന്നെക്കാൾ ഒരു വയസ്സ് മാത്രം കുറവുള്ളത് അവൾക്ക്.. എങ്കിലും ശ്രീ അവളെ വൈഗ ചേച്ചി എന്നേ വിളിക്കു...
"കുട്ടി വന്നോ... എത്ര നേരായി മാമൻ ഇവിടെ നോക്കി നിൽക്കുന്നു? "
മാധവൻ മാമയോട് സ്വന്തം അച്ഛൻ എന്ന പോലെയുള്ള സ്നേഹമാണ് അവൾക്ക്...
വൈഗ വണ്ടിയിൽ നിന്നും ഇറങ്ങി മാമന്റെ അടുത്തേക്ക് ഒരു കൊച്ചു കുട്ടി എന്ന പോലെ ഓടി ചെന്നു...
"എവിടെ എന്റെ സ്പെഷ്യൽ കൊണ്ട് വന്നിട്ടുണ്ടോ? "
"ഉണ്ടല്ലോ.. "
മാമൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു പൊതി എടുത്ത് അവൾക്ക് നേരെ നീട്ടി.
തുറന്നു നോക്കിയപ്പോൾ പോപ്പിൻസ്... അവളുടെ ചെറുപ്പത്തിലെ ഉള്ള ഇഷ്ടങ്ങളിൽ ഒന്ന്...
"അയ്യേ ഈ വൈഗ ചേച്ചിക്ക് ഇപ്പോഴും വയസ്സ് അഞ്ചു തന്നെയാണോ?"ശ്രീ കളിയാക്കി കൊണ്ട് പറഞ്ഞു..
"ഒന്ന് പോടീ കളിയാക്കാതെ... നീ കേട്ടിട്ടില്ലേ പ്രായം കൂടുമ്പോ നമ്മൾ ഒക്കെ കൊച്ചു കുട്ടിയെ പോലെ ആകുമെന്ന്... "വൈഗ ചിരിയോടെ പറഞ്ഞു.
"കെട്ടിക്കാറായ പെണ്ണാ.. എന്തിനാ അച്ഛാ ഇതൊക്കെ വാങ്ങി ചേച്ചിയെ കൊച്ചു കുട്ടി ആക്കുന്നെ "
ശ്രീ മാമനോട് പറഞ്ഞു.
"മ്മ്മ് കുശുമ്പ് തന്നെ നിനക്ക്."വൈഗയും ശ്രീയും ഉമ്മറത്തു നിന്ന് സംസാരിച്ചപ്പോ അമ്പിളി വന്ന് അവരെ അകത്തേക്ക് വരാൻ വിളിച്ചു...
കുറച്ചു നേരം വിശേഷം പറച്ചിൽ ഒക്കെ കഴിഞ്ഞു അവർ പോയി..
രാത്രി ഊണ് കഴിഞ്ഞു അവൾ മുറിയിൽ പോയി.. ജനാല തുറന്നു വെറുതെ പുറത്തേക്ക് നോക്കി നിന്നു.
പുറത്തു നഗര വെളിച്ചത്തിന്റെ ധാരാളിത്തത്തിൽ ഇരുട്ട് അങ്ങിങ്ങായി ഒതുങ്ങി കൂടി......
"മോളേ.. വൈഗ.... "
അവൾ വിളി കേട്ട് തിരിഞ്ഞു നോക്കി. അച്ഛനാണ്..
"ഇപ്പൊ പ്രഭാകരൻ വിളിച്ചിരുന്നു റിഷിക്ക് ആക്‌സിഡന്റ് ആയെന്ന്.. "
അത് കേട്ടതും അവൾ ഒന്ന് ഞെട്ടി..
"ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം മോളേ.. "
"ഞാനും വരുന്നു അച്ഛാ.. അഞ്ചു മിനിറ്റ്.. ഇപ്പോ റെഡി ആവാം "
"വേണ്ട മോളെ.. ഈ ടൈമ് ആയില്ലേ മോള് ഉറങ്ങിക്കോ ഞാൻ വേഗം എത്താം "
"ഞനും വരും.. "അവൾ നിർബന്ധം പിടിച്ചപ്പോ അച്ഛൻ സമ്മതിച്ചു. അമ്മയോട് പറഞ്ഞ് കാർ എടുത്ത് ഹോസ്പിറ്റലിൽ പോയി.
റിഷിയെ മുറിയിലേക്ക് മാറ്റി എന്ന് നേഴ്സ് പറഞ്ഞത് അനുസരിച്ചു മുറിയിൽ പോയി.
"ദേവൻ വന്നോ.. "
അങ്കിൾ അവരെ കണ്ടപ്പോ എണീറ്റു..
റിഷി നല്ല മയക്കത്തിൽ ആണ്.. നെറ്റിയിലും കാലിലും മുറിവ് വെച്ചു കെട്ടിയിട്ടുണ്ട്.
"ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല മോന് ആക്‌സിഡന്റ് ആയത്. ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാ ഇവന് ആക്‌സിഡന്റ് ആയതു ഒരാൾ വിളിച്ചു പറഞ്ഞത്.. "അങ്കിൾ പറഞ്ഞു
"ഡോക്ടർ എന്ത് പറഞ്ഞു പ്രഭ? "
"പേടിക്കാൻ ഒന്നും ഇല്ലെന്ന് പറഞ്ഞു.. പിന്നെ ഞാൻ മെഡിസിൻ വാങ്ങിയിട്ട് വരാം.. ഇവിടെ ഒരാളെ ആക്കാതെ പോവാൻ മടി.. "
"ഞാനും വരുന്നു.. മോളെ നീ ഇവിടെ ഇരിക്ക്.ഞങ്ങൾ പോയിട്ട് വരാം "
അവൾ ശരി എന്ന് അർത്ഥത്തിൽ തലയാട്ടി.
റിഷിയുടെ കിടപ്പു കണ്ടിട്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്നാണ് ഒരു മെസ്സേജ് ടോൺ കേട്ടു ഫോണിൽ നോക്കിയത്.
"ഹലോ വൈഗ... ഭാവി ഭർത്താവിനു സുഖമല്ലേ? "
ദേവ് അയച്ച മെസ്സേജ് കണ്ട് അവൾക്ക് മനസ്സിലായി ഈ ആക്‌സിഡന്റ് അയാളുടെ പണി തന്നെ..
റിഷിയുടെ അടുത്തായി അവൾ ഇരുന്നു. അവളുടെ സാന്നിധ്യം അറിഞ്ഞിട്ടാകാം അവൻ മയക്കത്തിൽ നിന്നും ഉണർന്നു..
"വൈഗ.. താൻ എപ്പോ വന്നു? "
റിഷിയുടെ ആ ചോദ്യത്തിന് ഉത്തരം നൽകാൻ ആവാതെ അവളുടെ മുഖം വിങ്ങി പൊട്ടിയിരുന്നു
"ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചല്ലോ.. അയാൾ റിഷിയെ കൊല്ലാൻ നോക്കിയത്? "
"മ്മ്മ് ആയിരിക്കും.. ഒരു ലോറി എന്നെ തന്നെ ലക്ഷ്യം വെച്ചു വന്നു ഇടിച്ചു.. എന്തോ ഭാഗ്യത്തിന് ഞാൻ ചുമരിൽ ചിത്രമായില്ല.., "
റിഷി പറഞ്ഞു..
"എന്നോട് വെറുപ്പ് തോന്നുന്നുണ്ടല്ലേ? "
"എന്തിന്? "
"ഞാൻ അങ്ങനെ അയാളോട് പറഞ്ഞത് കൊണ്ടല്ലേ റിഷി ഇപ്പൊ ഈ അവസ്ഥയിൽ കിടക്കണേ "
അത് പറഞ്ഞപ്പോ അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.
റിഷി പതിയെ എണിറ്റു ഇരിക്കാൻ ഒരു വിഫല ശ്രമം നടത്തി.. കൈ പതിയെ വഴുതിയപ്പോൾ അവൾ അവന്റെ കൈകളിൽ പിടിത്തമിട്ടു.. തലയിണ ചുമരിനോട് ചേർത്തു വെച്ച് അവനെ അതിലേക്ക് മെല്ലെ ചാരി കിടത്തി.. അവൻ ഇമ വെട്ടാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി പോയി.
മരുന്ന് വാങ്ങി അപ്പോഴേക്ക് ദേവനും പ്രഭാകരനും മുറിയിലേക്ക് എത്തിയിരുന്നു
(തുടരും)
സ്വയംവരം 💕
ഭാഗം :4
മരുന്ന് വാങ്ങി അപ്പോഴേക്ക് ദേവനും പ്രഭാകരനും എത്തിയിരുന്നു.. അവരെ കണ്ടതോട് കൂടി വൈഗ അവിടെ നിന്നും എണിറ്റു അൽപ്പം മാറി നിന്നു.
"മോന് ഇപ്പോൾ വേദന കുറവുണ്ടോ? " ദേവൻ, റിഷിയോട് ചോദിച്ചു.
"കുറവുണ്ട് അങ്കിൾ.. "
ഉറക്കം തൂങ്ങുന്ന കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു കൊണ്ട് റിഷി മറുപടി നൽകി..
"മോൻ നന്നായി വിശ്രമിക്കു ഞങ്ങൾ ഇറങ്ങട്ടെ... അമ്പിളി വീട്ടിൽ ഒറ്റക്കാ.. വേഗം വരാമെന്നു പറഞ്ഞു ഇറങ്ങിയതാ.. "
"എന്നാൽ ശരി ദേവാ.. "
പ്രഭാകരൻ, ദേവന്റെ ചുമലിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
പോകും നേരം വൈഗ, റിഷിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. റിഷി ഒരു ചെറിയ പുഞ്ചിരി നൽകി ...
വൈഗയുടെ സാന്നിധ്യം തന്റെ വേദനകളെ എങ്ങോട്ടോ കൊണ്ട് പോയത് പോലെ അവനു തോന്നി .. പക്ഷെ ഇപ്പോൾ അവളുടെ അസാന്നിധ്യം തന്നെ ഒത്തിരി നൊമ്പരപെടുത്തുന്ന പോലെ..... റിഷി ഓർത്തു അവർ പോയതോടെ അവൻ മെല്ലെ കണ്ണുകൾ അടച്ചു.. പതിയെ നിദ്രയിലാഴ്ന്നു ....
ആശുപത്രിയിൽ നിന്നും കാർ പാർക്കിംഗ് സ്ഥലത്തേക്ക് നടക്കുമ്പോൾ വൈഗയുടെ മനസ്സിലേക്ക് റിഷിയുടെ മുഖം തെളിഞ്ഞു വന്നു..
തനിക്ക് ദേവിന്റെ അടുത്ത് നിന്നും രക്ഷപ്പെടാൻ റിഷി സഹായിച്ചത് ഇങ്ങനെ അവനു വിനയായി തീർന്നല്ലോ....
വേദനകൾക്ക് ഇടയിലും ഒരു പരിഭവം പറയാതെ അവൻ തന്നോട് എത്ര ശാന്തമായാണ് സംസാരിച്ചത്..
അവൾ കാറിനടുത്തേക്ക് ഒറ്റയടി വെച്ച് നീങ്ങി...
ചുറ്റിലും ഇരുട്ട് പടർന്നു കയറിയിരുന്നു.. ചെറുതായി നിലാവെളിച്ചം ഉണ്ടെങ്കിലും നക്ഷത്രങ്ങൾ മിന്നുന്നത് കാണാം.....
നല്ല സുഖമുള്ള അന്തരീക്ഷം... ചെറിയ തണുപ്പ് അവളെ വന്നു മൂടി.. അവൾ അവിടെ നിന്നു പോയി....
കാറിന്റെ ഡോർ തുറന്ന് ദേവൻ കയറാൻ ഒരുങ്ങുമ്പോഴും, വൈഗയുടെ നിൽപ്പ് തുടർന്നു കൊണ്ടിരുന്നു...
"മോളേ.. എന്താ അവിടെ തന്നെ നിൽക്കുന്നത്? വന്നു കാറിൽ കേറ്.. "
"ദേ.. വരാണ് അച്ഛാ.... "
അവൾ കാറിൽ കയറി.. വീട്ടിലേക്ക് ഉള്ള യാത്രയിൽ ഉടനീളം അവൾ മൗനമായിരുന്നു......
"എന്താ ഒന്നും മിണ്ടാതെ ഇരിക്കണേ... സാധരണ എന്തെങ്കിലും ഒക്കെ തമാശ പറഞ്ഞു ഇരിക്കാറുണ്ടല്ലോ... "
ദേവൻ സ്റ്റിയറിങ് തിരിക്കുന്നതിന് ഇടയ്ക്ക് ചോദിച്ചു..
"അങ്ങനെ എപ്പോഴും വാചാകമടിച്ചു ഇരിക്കാൻ കഴിയോ അച്ഛാ.. ഒരാൾ വണ്ടിയിടിച്ചു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ എങ്ങനെ തമാശ ഒക്കെ പറഞ്ഞു ഇരിക്കുന്നത്? !!"
"അയ്യോ... അത് ശരിയാണല്ലോ... ഈ അച്ഛൻ അത് മറന്നു പോയി... "
അച്ഛന് അത് പറയുമ്പോൾ ചെറിയ ചിരി വരുന്നുണ്ടായിരുന്നു.....
വീട്ടിൽ എത്തിയിട്ടും വൈഗക്ക് കിടന്നിട്ട് ഉറക്കം വന്നില്ല... അവൾ ഫോൺ എടുത്ത് റിഷിയുടെ നമ്പർ എടുത്തു...
"വിളിച്ചാലോ... ഏയ്.. വേണ്ട.. ഇപ്പോഴല്ലേ വൈഗ നീ അവന്റെ അടുത്ത് നിന്ന് വന്നത്? അവൻ എന്ത് വിചാരിക്കും?
അവളുടെ മനസ്സ് അവളുടെ ചിന്തകൾക്ക് മീതെ കടിഞ്ഞാണിട്ടു....
ഫോൺ എടുത്ത് വെച്ച് ഡ്രസ്സ് പോലും മാറാതെ കിടക്കയിൽ വന്നു കിടന്നു...
കണ്ണ് ഒന്ന് അടഞ്ഞു പോയെങ്കിലും ഇടക്കിട്ട് അവൾ ഉണർന്നു..
ഉറക്കം പിടിക്കുമ്പോൾ ദാ... റിഷിയുടെ മുഖം കൺമുമ്പിൽ... ഇത് എന്തൊരു കഷ്ടമാണ് ഭഗവാനെ.... എന്നവൾ ഓർത്തു..
എന്തായാലും ഒരു മെസ്സേജ് എങ്കിലും അയക്കാതെ തനിക്കിന്നു ഉറങ്ങാനാവില്ല... എന്നവൾക്കു മനസ്സിലായി കഴിഞ്ഞു..
അവൾ ഫോൺ എടുത്തു റിഷിയ്ക്കു ഒരു മെസ്സേജ് അയച്ചിട്ടു.
"വേദന കുറവുണ്ടോ.. അത്ര മാത്രം അയച്ചു. റിപ്ലൈ ഒന്നും കാണാതെ ആയപ്പോൾ അവൾ പതിയെ നിദ്രയെ പുൽകി കിടന്നു..
പിറ്റേന്ന് ഉറക്കം ഉണർന്നത് ഫോണിൽ മെസ്സേജ് ടോൺ കേട്ടിട്ടാണ്.... മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി..
ഐ യാം ഫൈൻ.. ഗുഡ് മോർണിംഗ് മേഡം.. കൂടെ ഒരു സ്മൈലി കൂടി അയച്ചിട്ടുണ്ട്..
അന്നത്തെ പ്രഭാതം പതിവിലും അവൾക്ക് ഉണർവ് നൽകിയിരുന്നു... സാധരണ സമയത്ത് തന്നെ കോളേജിൽ എത്തി..
ദേവ് സാറിനെ കണ്ട് കുറച്ച് സംസാരിക്കണം..അയാൾ ചെയ്ത പ്രവൃത്തിക്ക് എല്ലാവരുടെയും മുമ്പിൽ ഇട്ട് ചോദിക്കണം..ഓരോന്നും ആലോചിച്ചു അവൾ സ്റ്റാഫ് റൂമിലേക്ക് നടന്നു...
ദേവ് സാർ അവിടെ എവിടെയും ഇല്ല...
"ആരെയാ നീ ഇത്ര കാര്യമായിട്ട് നോക്കുന്നത്? "
മിത്രയെ അപ്പോഴാണ് കണ്ടത്..
"ഇന്നും ദേവ് സാർ വന്നില്ലേ മിത്ര? "
"നീ ഇപ്പോൾ ദേവ് സാറിന്റെ പിന്നാലെയാണല്ലോ ..? "
മിത്രക്ക് എന്തൊക്കെയോ സംശയം ഉള്ള മട്ടിൽ ചോദിച്ചു
"അയാളെ കണ്ടിട്ട് കാര്യം ഉണ്ട്.. മുഖത്തു നോക്കി നല്ല രണ്ടു ചീത്ത വിളിക്കാനാ.. "
വൈഗ തന്റെ ഉള്ളിലെ ദേഷ്യം കടിച്ചമർത്തി..
"വാട്ട് ഹാപ്പെൻഡ് വൈഗ? വാട്സ് യുവർ പ്രോബ്ലം? നിനക്ക് എന്താ പറ്റിയത്? "
വൈഗ ഇത് വരെയുള്ള കാര്യങ്ങൾ വിശദീകരിച്ചു...
എല്ലാം കേട്ട് കൊണ്ട് മിത്ര ഒന്നു പുഞ്ചിരിച്ചു
"നീ എന്തിനാ മിത്ര ചിരിക്കണേ..? ഇതൊക്ക കേട്ടിട്ട് നിനക്ക് ചിരിയാണോ വരുന്നത്? "
"എടി... നീ ഇപ്പോൾ ആ സാറിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടിരിക്കാ.... അപ്പൊ പിന്നെ ചിരിച്ച്കൂടെ...? !"
മിത്ര പറഞ്ഞത് മനസ്സിലാകാതെ അവൾ നിന്നു.
"കുറച്ചു മുന്പാ ദേവ് സാർ ഇവിടെ വന്നിട്ട് പോയത്.. ആളുടെ അച്ഛന് ഒട്ടും സുഖമില്ല.. അതോണ്ട് അമേരിക്കയിലേക്ക് ഉടനെ പോവാണെന്നു പറഞ്ഞു.. ഇനി ഈ കോളേജിൽ തുടരുന്നില്ല.. "
അത് കേട്ടതും വൈഗയുടെ മനസ്സ് ശാന്തമായി.. ഇനി ആ ശല്ല്യം ഉണ്ടാവില്ല..
അവൾ ഓർത്തു
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു.. റിഷി പഴയത് പോലെ ഓഫീസിൽ പോകാൻ തുടങ്ങിയിരുന്നു..
ഹെഡ് ഫോൺ വെച്ച് പാട്ട് കേൾക്കുന്നതിന് ഇടയിലാണ് റോഷന്, സാവിത്രിയുടെ കൈയിൽ നിന്നും നല്ല തല്ല് കിട്ടിയത്..
വേദന കൊണ്ട് അവൻ റിഷിയുടെ അടുത്തേക്ക് ചേർന്നു നിന്നു.
"കണ്ടില്ലേ റിഷി... നാളെ കഴിഞ്ഞാൽ ഇവന് എക്സാമാ.. ഇരിക്കുന്നത് കണ്ടില്ലേ ഒന്നെങ്കിൽ ലാപ്ടോപ് അല്ലെങ്കിൽ ഹെഡ് ഫോൺ... " സാവിത്രി പരിഭവം പറഞ്ഞു..
"എന്റെ അമ്മേ ഞാൻ എന്താ കൊച്ചു കുട്ടിയാണോ? എന്നെ ഇങ്ങനെ തല്ലാൻ? "
റോഷനും വിട്ടുകൊടുത്തില്ല..
"കൊച്ചു കുട്ടികൾക്ക് പറഞ്ഞാൽ പിന്നെയും മനസ്സിലാകും.. നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ലല്ലോ? "
അമ്മ രണ്ടും കൽപ്പിച്ചാണ്..
"മതി മതി.. രണ്ടാളും നിർത്തിയേക്ക്.. റോഷാ നീ പോയി പഠിക്കു.. എക്സാം വെറുതെ ജയിച്ചാൽ പോരാ.. നല്ല മാർക്ക് വാങ്ങി ജയിക്കണം... അതിന് നന്നായി പഠിക്കണം.. "
റിഷി അവർക്ക് ഇടയിൽ നിന്നു പറഞ്ഞു..
"എന്റെ ഏട്ടാ, ഏട്ടൻ കേട്ടിട്ടില്ലേ ഫുൾ ടൈമ് ബുക്കിന്റെ മുന്നിൽ ഇരിക്കണം എന്നില്ല നല്ല മാർക്ക് വാങ്ങിക്കാൻ.. ദേ... എന്റെ ഈ തല കണ്ടോ.. നിറച്ചും ബുദ്ധിയാ.. ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഒക്കെയും ഞാൻ ഇതിനകത്ത് സ്റ്റോർ ചെയ്തു വെച്ചേക്കല്ലേ !!"
റോഷന്റെ മറുപടി കേട്ട് വീട്ടുമുറ്റത്തു ബിസ്ക്കറ്റ് തിന്നു കോട്ടുവായിട്ടിരുന്ന അർജുൻ നന്നായി കുരച്ചു...
അർജുൻ ആ വീട്ടിലെ വളർത്തു നായയാണ്..
അതിന്റെ കുര കേട്ട് റിഷിയും അമ്മയും പരസ്പരം നോക്കി ചിരിച്ചു..
"കണ്ടില്ലെടാ മോനെ.. നിന്റെ ഈ തള്ളൽ അർജുൻ പോലും സഹിച്ചില്ല.. ഇനിയും മോൻ വാചാകമടിച്ചു നിന്നാൽ അത് വന്നു കടിക്കും.ട്ടോ.... "
റോഷൻ പറയുന്നത് എല്ലാം കേട്ട് പ്രഭാകരൻ മാറി നിൽക്കുന്നുണ്ടായിരുന്നു
റോഷൻ ഒരു ലോഡ് പുച്ഛം വിതറികൊണ്ട് അർജുന്റെ അടുത്തേക്ക് ചെന്നു..
അർജുൻ വാലാട്ടിക്കൊണ്ട് റോഷന്റെ മുഖത്തേക്ക് നോക്കി..
"എന്താടാ നിനക്ക് വേണ്ടത്? നിനക്കു ഞാൻ വല്ലതും ഒക്കെ തിന്നാൻ തരാറുള്ളതല്ലേ? നീ പറയ്.. എന്തിന് എന്നെ ഇവരുടെ മുമ്പിൽ കളിയാക്കാൻ അവസരം ഇട്ട് കൊടുത്തു?
നിനക്ക് സുഖമല്ലേ? ഇവിടെ ഇങ്ങനെ ചുമ്മാ ഓടി കളിച്ചു നടന്നാൽ പോരേ.. എക്സാം വേണ്ട.. നല്ല മാർക്ക് വാങ്ങേണ്ട.. ആരും ചോദിക്കാൻ ഇല്ല.. എന്നെ കൂടി നിന്റെ കൂട്ടത്തിൽ കൂട്ടുമോടാ?? "
റോഷൻ ഉറക്കെ ചോദിച്ചു..
പക്ഷേ അർജുൻ ഒട്ടും താൽപ്പര്യം കാണിക്കാതെ നിന്നു.
റോഷൻ അർജുനെ തുറിച്ചു നോക്കിയിട്ട് റിഷിയുടെ അടുത്തേക്ക് വന്നു.
"ഏട്ടാ ഇന്ന് മുതൽ ഞാൻ ഒരു തീരുമാനം എടുത്തു. എക്സമിനു നല്ല മാർക്ക് വാങ്ങാൻ തീരുമാനിച്ചു... "
"ആ എന്നാൽ പോയി പഠിക്ക്.. ഞാൻ ഓഫീസിൽ പോവാൻ നോക്കട്ടെ.. "റിഷി അത് പറഞ്ഞു പോകാൻ നിന്നു.
"മോനെ ഒന്ന് നിന്നേ.. അച്ഛൻ ഈ മാസം റിട്ടയേർഡ് ആവണ കാര്യം അറിയാലോ? "
"ഉവ് അച്ഛാ..പാർട്ടിയുടെ കാര്യം അല്ലേ എല്ലാം ഞാൻ അറേഞ്ച് ചെയ്തോളാം "
"എനിക്കറിയാം അതൊക്ക നീ നന്നായി ചെയ്യും.. പിന്നെ നാളെ നമുക്ക് ദേവന്റെ വീട്ടിൽ പോണം.. അവനെയും വീട്ടുകാരെയും വിളിക്കണം.. "
"അത് പിന്നെ വിളിക്കാതിരിക്കോ അച്ഛന്റെ ചങ്കു ചങ്ങാതി അല്ലേ? "
പ്രഭാകരൻ അത് കേട്ട് ചിരിച്ചു..
റിഷി ഓഫീസിലേക്ക് പുറപ്പെട്ടു..
പിറ്റേന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു. അവധി ദിവസം ആയതു കൊണ്ട് വൈഗ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാൻ ഒരുങ്ങുകയായിരുന്നു...
പച്ച കസവുള്ള സെറ്റ് മുണ്ട് എടുത്തു ഉടുത്തു. നീണ്ട തലമുടി ചീകി കെട്ടി നെറ്റിയിൽ ചെറിയ പൊട്ടും വെച്ച് കണ്ണാടിയിൽ നോക്കി നിന്നു
"വൈഗ.കഴിഞ്ഞില്ലേ...? "
"ദേ വരുന്നു എന്റെ അമ്പിളി അമ്മേ.. "
ഈ അമ്മയുടെ ഒരു കാര്യം..ഈ വീട്ടിൽ അലറാമിന്റെ ആവശ്യം ഇല്ല്യ... ആ പണി അമ്മ നന്നായി ചെയ്യുന്നുണ്ടല്ലോ...
ജോലിക്ക് പോകാൻ ഒരുങ്ങുമ്പോ സ്ഥിരം വിളിച്ചു ചോദിക്കും
മോളെ.... നീ റെഡി ആയില്ലേ..സമയം എത്രയായെന്നു അറിയോ? പക്ഷെ ആ ചോദ്യം ഒരു ദിവസം കേട്ടില്ലെങ്കിൽ വല്ലാത്തൊരു മുഷിച്ചില് തന്നെ അല്ലേ വൈഗ കുട്ടി.. അവൾ കണ്ണാടിയിൽ നോക്കി ഓരോന്ന് പിറുപിറുക്കുന്നതിനു ഇടയിൽ മുറ്റത്തു ഒരു കാർ വന്നു നിന്ന സ്വരം കാതിൽ വന്നു തട്ടി..
സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നപ്പോൾ അമ്മ വാതിൽ തുറക്കുന്നുണ്ട്..
റിഷിയും അങ്കിളും..അകത്തേക്ക് വന്നു..
"സാവിത്രിയും റോഷനും എവിടെ? "
അമ്മ ചോദിച്ചു
"അവരെ കൂട്ടി പിന്നെ ഒരിക്കൽ ഇറങ്ങുന്നുണ്ട്..ദേവൻ എവിടെ? "
അങ്കിൾ ചോദിച്ചു
"ഞാൻ വിളിച്ചിട്ട് വരാം.. ദേവേട്ടൻ പിന്നാമ്പുറത്താ "
അമ്മ പറഞ്ഞു
"നിങ്ങൾ എങ്ങോട്ടേലും പോകാൻ ഇറങ്ങിയതാണോ? "
"അതേ അങ്കിൾ ഇവിടെ അടുത്ത് അമ്പലത്തിൽ.. "
"ആ അത് നല്ലതാ മോളെ.. ഈശ്വരവിശ്വാസം ഉള്ളത് എപ്പോഴും നല്ലതാ.. ദേ ഇവനുണ്ടല്ലോ പഠിക്കുന്ന കാലത്തു പരീക്ഷ വരുമ്പോ മാത്രം അമ്പലത്തിൽ പോകും.. ദൈവത്തെ ഒന്ന് പ്രീതിപ്പെടുത്തിയാലേ നല്ല മാർക്സ് കിട്ടും എന്നാ വിചാരിക്കണേ... അത് കഴിഞ്ഞാലോ പിന്നെ ഈ കക്ഷിയെ നോക്കണ്ട.. "
പ്രഭാകരൻ അത് പറഞ്ഞതും റിഷി പതിയെ പറഞ്ഞു
"അച്ഛാ നാണം കെടുത്തല്ലേട്ടാ "
"നീ.. മിണ്ടാതിരി... പിന്നെ ഇവന്റെ താഴെ ഉള്ളവൻ ഉണ്ടല്ലോ അവനു പരീക്ഷ ഉള്ള കാലവും ഇല്ലാത്ത കാലവും ഒരുപോലെയാ.. ഹഹഹ "
വൈഗ അത് കേട്ട് ചിരിച്ചു. അപ്പോഴേക്കും ദേവൻ എത്തിയിരുന്നു
അങ്കിൾ വന്നത് നന്നായി.. അല്ലെങ്കിൽ ഇനിയും ഓരോന്ന് കേട്ട് ആകെ ചമ്മി നാണം കേട്ടേനെ.. റിഷി ഓർത്തു
"ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.. "
അത് പറഞ്ഞു അമ്പിളി അടുക്കളയിൽ പോയി.ഒപ്പം വൈഗയും..
"എവിടെയായിരുന്നു ദേവാ? "
"ഞാൻ അപ്പുറത്ത് കുറച്ച് വാഴക്ക് തടം എടുക്കായിരുന്നു.. "ദേവൻ അത് പറഞ്ഞു സോഫയിലേക്ക് ഇരുന്നു..
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ പ്രഭാ....? "
"ഇപ്പോൾ ഒരു വിശേഷം ഉണ്ട്.. ഞാൻ റിട്ടയേർഡ് ആയി.. "
"ഉവ്വോ.. നിന്നെ കണ്ടാൽ പ്രായം മുപ്പതു കവിഞ്ഞിട്ടില്ലട്ടോ "ദേവൻ ഒരു ചിരിയോടെ പറഞ്ഞു
"ഒന്ന് പോടാ കളിയാക്കാതെ.. "
പ്രഭാകരൻ പറഞ്ഞു
അപ്പോഴേക്കും ചായയും പലഹാരവും ടീപ്പോയിൽ നിരത്തി.
"എടൊ കണ്ടില്ലേ എന്റെ മുടിയിൽ നിറയെ നരകൾ വീണു തുടങ്ങി.. "
പ്രഭാകരൻ മുടി കാണിച്ച് കൊണ്ട് പറഞ്ഞു
"നീ അതൊക്ക കറുപ്പിക്കാൻ നോക്ക്.. ഇപ്പോൾ ചെറുപ്പക്കാർ വരെ മുടി നരച്ചു തുടങ്ങി എന്നിട്ട് അവർ കറുപ്പിച്ചാ നടക്കണേ "
അത് പറഞ്ഞു ദേവൻ, വൈഗയെ നോക്കി ചിരിച്ചു
"ഇത് എന്താ ഇപ്പോൾ എന്നെ നോക്കണേ എന്റെ മുടി നരച്ചിട്ടൊന്നും ഇല്ല്യ... "
അവൾ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു
"അപ്പൊ ഈ വരണ സൺഡേ വൈകീട്ട് അച്ഛന്റെ റിട്ടയേർഡ് പാർട്ടി..എല്ലാവരും നേരത്തെ ഇറങ്ങണം.. "
റിഷി പറഞ്ഞു. കുറച്ച് സമയത്തെ സംസാരത്തിനു ശേഷം അവർ ഇറങ്ങി
ആഴ്ച്ച ഒന്ന് പോയത് വേഗത്തിൽ ആയിരുന്നു റിട്ടയേർഡ് പാർട്ടിക്ക് പോകാൻ എല്ലാവരും ഒരുക്കത്തിലാണ്.
ഏതു ഡ്രസ്സ് ഇടണം എന്ന് വൈഗക്ക് കൺഫ്യൂഷനാണ്.
എന്തായാലും സാരിയിൽ നിന്നും ഒരു മാറ്റം അവൾ ആഗ്രഹിച്ചു. അലമാരയിൽ നിന്നും മെറൂൺ ലഹങ്ക എടുത്തു.
ഒരുപാടൊന്നും ഡിസൈൻ ഇല്ലാത്ത ഒരു സിംപിൾ ഡ്രസ്സ് ആയിരുന്നു അത്.
ശേഷം മുടി നാലു ഭാഗത്തു നിന്നും എടുത്തു അൽപ്പം മുകളിൽ ആയി ഭംഗിയിൽ കെട്ടി വെച്ചു.
അങ്ങനെ കെട്ടിയതു കൊണ്ട് വെളുത്ത നിറമുള്ള നീണ്ട കഴുത്തു മുഴുവൻ കാണാനുണ്ട്..
എല്ലാ ഒരുക്കവും കഴിഞ്ഞ് സ്റ്റെയർ ഇറങ്ങി വന്നപ്പോൾ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി നിന്നു....
(തുടരും )