എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Alakanandha | അളകനന്ദ നോവൽ




🔥 അളകനന്ദ 🔥 



Novel full part



Writer:- kalyani navaneeth


◆◆◆◆◆◆◆◆◆ ☆ ◆◆◆◆◆◆◆◆

നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ ... വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി ....
ഇനിയും പഠിക്കാനോ ...?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് ...
.ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക് കിട്ടിയ ഞാൻ പ്ലസ് ടു നല്ല വെടിപ്പായി തോറ്റു....
പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുമെന്നു അച്ഛൻ ഉറപ്പു പറഞ്ഞതോടെ തോറ്റത് വീണ്ടും വാശിയോടെ എഴുതി എടുത്തു .. പിന്നീട് അങ്ങോട്ട് പഠിപ്പിസ്റ്റിന്റെ കുപ്പായം എടുത്തിട്ടത്.... പഠിച്ചു വലിയ ആളാകാൻ ഉള്ള സ്വപ്നം ഒന്നും ഉണ്ടായിട്ടല്ല ....
ഈ താലി കഴുത്തിലണിയാൻ മാത്രം ആയിരുന്നു ....
ദേ വീണ്ടും ചോദിക്കുന്നു പഠിക്കണോ ന്നു .... ഹും എനിക്കിവിടെ സർ ന്റെ ഭാര്യയായി കുഞ്ഞുങ്ങളുടെ അമ്മയായി ജീവിക്കണം ന്നു പറയാനാണ് തോന്നിയതെങ്കിലു
ം ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് നോക്കി മിഴുങ്ങസ്യാ ന്നു നിൽക്കാനേ തനിക്ക് കഴുഞ്ഞുള്ളൂ ...
സർ അത് പ്രതീക്ഷിച്ചു കാണും .....ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ തനിക്ക് ആളോട് ഉള്ള അസ്ഥിക്ക് പിടിച്ച പ്രണയം ......
ബി.എഡ് നു അഡ്മിഷൻ കിട്ടുമോന്നു നോക്കാം ... എസ് .എൻ കോളേജിലെ പ്രിൻസിപ്പൽ എന്നെ പഠിപ്പിച്ചതാ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു വച്ചിട്ടുണ്ട് ...
യൂണിവേഴ്സിറ്റിയിൽ ഒന്ന് വിളിച്ചു നോക്കണം ...പി .ജി സർട്ടിഫിക്കറ്റ് വന്നെങ്കിൽ പെട്ടെന്ന് തന്നെ പോയി വാങ്ങണം ...... നന്ദ അപ്പോഴും ആ മീശയിലും കണ്ണിലും ഒക്കെ നോക്കി നോക്കി നിന്നു........ .
നന്ദേ ... ഞാൻ പറഞ്ഞു കൊണ്ടിരിക്കയാണ് ... താൻ വല്ലതും കേൾക്കുന്നുണ്ടോ...?പെട്ടെന്ന് നന്ദ നോട്ടം പിൻവലിച്ചു താഴെ നോക്കി കൊണ്ട് പറഞ്ഞു സോറി സാർ ... ഞാൻ പെട്ടെന്ന് എന്തോ ഓർത്തു പോയി ....
ഇയാൾ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലോ ...
പഠിപ്പിക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ വല്ല ലോകത്തും ഇരിക്കും, ചോദിക്കുമ്പോൾ ഇതുപോലെ സോറി പറയും ... അവസാനം എന്തായി പ്ലസ് ടു നു താൻ മാത്രേ തോറ്റുള്ളൂ .... താൻ എങ്ങനെയാടോ പി ജി വരെ എത്തിയത് ...
അപ്പോഴേക്കും നന്ദയുടെ കണ്ണ് നിറഞ്ഞു തുടങ്ങി ....
അത് കണ്ടിട്ടാവണം ..."സാരല്യ ഇനി അതോർത്തു വിഷമിക്കണ്ട ഇയാൾ കിടന്നോളൂ " മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ട് വൈശാഖ് കയ്യിൽ ഇരുന്ന ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു .......
നന്ദയുടെ കണ്ണിൽ മിഴിനീരിനിടയിലും ഒരു പുഞ്ചിരി തെളിഞ്ഞു .... തന്റെ കണ്ണൊന്നു നിറയുമ്പോൾ ആൾടെ നെഞ്ചൊന്നു പിടഞ്ഞുവോ ന്നു ഒരു ഡൌട്ട് ... ചിലപ്പോൾ തോന്നൽ ആയിരിക്കാം ....
എന്നാലും പ്രാണ വായുവിനേക്കാൾ പ്രിയം സാറിനോടുള്ള പ്രണയത്തോടു ആവുമ്പോൾ അങ്ങനെ ഒക്കെ തോന്നാതിരിക്കുന്നത് എങ്ങനെയാ അല്ലെ.... അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു ...
തറയിൽ വിരിച്ച പായയിൽ തൂവെള്ള നിറത്തിൽ ചുമന്ന പൂക്കളുള്ള തലയിണയിൽ മുഖമമർത്തവേ ... പഠിപ്പിച്ച കുട്ടിയെ ഭാര്യയായി കാണാനൊന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല നന്ദക്ക് അത് മനസ്സിലാവുമെന്നു കരുതുന്നു എന്ന സാറിന്റെ വാക്കുകൾ അവൾ മറക്കാൻ ശ്രമിച്ചു ..........
പിഞ്ചു കുട്ടികളെ പോലും പിച്ചി ചീന്തുന്ന രാക്ഷസന്മാരുള്ള നാട്ടിൽ ശിഷ്യ ആയിരുന്നു എന്നൊരു കാരണത്തിൽ താലി കെട്ടിയിട്ടും ഒന്ന് തൊടുക പോലും ചെയ്യാതെ തന്നെ സംരക്ഷിക്കുന്ന സാറിനെ സ്നേഹിക്കാതെ ഇരിക്കാൻ തനിക്ക് എങ്ങനെ കഴിയും .....
സർ എന്ന് മാത്രേ താൻ ഇന്നുവരെ വിളിച്ചിട്ടുള്ളു ...
രണ്ടു മാസം മുന്നേ ഒരു ദിവസം രാത്രി വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നു നടക്കാൻ പോലും ആവാതെ സാറിന്റെ കൈ പിടിച്ചു ഈ വീടിന്റെ പടി കയറിയ ദിവസം ....
തലയിലൂടെ വെള്ളംഒഴിച്ച് , ചോരയിൽ പറ്റിച്ചേർന്ന മണ്ണ് കഴുകിയ ശേഷം, തന്നെ ചേർത്ത് നിർത്തി, വേദനിക്കാതെ, വെള്ളം ഒപ്പിയെടുത്തു കൊണ്ട് ഇവിടത്തെ 'അമ്മ പറഞ്ഞതാ ..
. ഇനി നീ വൈശാഖിന്റെ പെണ്ണ് ആണ് ... സർ എന്ന് ഇനി വിളിക്കണ്ട ...
വിദ്യയും വീണയും പിന്നെ എന്റെ ആങ്ങളമാരുടെ മക്കളും എല്ലാവരും അവനെ കുഞ്ഞേട്ടാ എന്നാണ് വിളിക്കുന്നത് .... മോൾക്ക് അങ്ങനെ വിളിക്കാം അല്ലെങ്കിൽ വേറെ എന്തെങ്കിലും ഇഷ്ടമുള്ളത് വിളിക്കാം ...
എന്തായാലും സർ വേണ്ട മോളെ ...നാളെ നിന്റെ കഴുത്തിൽ താലി കെട്ടേണ്ടവൻ അല്ലെ ... അടുത്ത ദിവസം തന്നെ നല്ലൊരു മുഹൂർത്തം നോക്കി അമ്പലത്തിൽ വച്ച് താലി കെട്ടു നടത്താം .... ഇനി അവരെങ്ങാനും കേസിനു പോകുന്നതിനു മുന്നേ തന്നെ അത് നടക്കണം ....
കുഞ്ഞേട്ടൻ ന്നു വിളിക്കാൻ മനസ്സു കൊതിച്ചതാണ് ... പക്ഷെ ഏഴു വർഷം മനസ്സു കൊണ്ട് ആരാധിച്ചത് , നോയമ്പ് നോറ്റത് എല്ലാം സാർ എന്നാരു മന്ത്രം മനസ്സിൽ ഉരുവിട്ട് കൊണ്ടായിരുന്നു .... അത് കൊണ്ട് തന്നെ വേറെ ഒന്നും വിളിച്ചില്ല .... ഭാര്യയായി തന്നെ സ്നേഹിച്ചു തുടങ്ങുന്ന ദിവസം കുഞ്ഞേട്ടാ ന്നു തന്നെ അഭിമാനത്തോടെ വിളിക്കണം ന്നു മനസ്സിൽ കരുതി ..........
*******************************


ഏഴു വർഷങ്ങൾക്ക് മുന്നേ പത്താം ക്ലാസ്സിലെ ഉച്ച കഴിഞ്ഞുള്ള സ്കോഷ്യൽ സയൻസ് പിരീഡിൽ വെറുതെ പുറത്തേക്കു നോക്കിയിരുന്നതാ...
അപ്പോഴാണ് സ്കൂളിലെ ടീച്ചേഴ്സ് അല്ലാതെ പുറത്തു നിന്നും ഒരു പൂച്ച പോലും കടക്കാത്ത ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്നും ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഇറങ്ങി വരുന്നത് കണ്ടത് ...
ചുമ്മാ നോക്കി അത്ര തന്നെ ... അതായിരുന്നു ആദ്യ കാഴ്ച ....
പിന്നീട് സ്ഥിരമായി കാണാൻ തുടങ്ങിയപ്പോൾ , ഹൃദയമിടിപ്പിന്റെ വേഗത കൂടി വന്നു ...
ആരാണോ എന്താണോ എന്ന് പോലും അറിയില്ല ... അടുത്ത് പോലും കണ്ടില്ല ...നടക്കുന്ന സ്റ്റൈൽ മാത്രേ വ്യക്തമായി കാണാൻ കഴിഞ്ഞുള്ളു .... നടുവൊടിഞ്ഞു വീണ പ്രണയം അവിടെ തുടങ്ങുകയായിരുന്നു .....
വൺ സൈഡ് പ്രണയത്തിന്റെ ഭീകരമായ, തീവ്രമായ, വഴിയിലൂടെയാണ് ആ യാത്രയെന്ന് അപ്പോൾ താൻ അറിഞ്ഞിരുന്നില്
ല ....
പത്താം ക്ലാസ് കഴിയുന്നത് വരെ ക്ലാസ് മുറിയിലെ ഏകാന്തതയിൽ (പഠിക്കാൻ അത്ര മിടുക്ക് ഇല്ലാത്തവർക്ക് തോന്നുന്ന അതെ ഏകാന്തതയിൽ) ആ മനുഷ്യൻ ഒരു കുളിർമഴ പോലെ നടന്നു നീങ്ങുന്നത് താൻ സങ്കല്പിച്ചു നോക്കുമായിരുന്നു ........
അങ്ങനെ ക്ലാസ് തീർന്നു, സ്റ്റഡി ലീവ് വന്നു , പരീക്ഷ വന്നു .. ഒടുവിൽ റിസൾട്ടും വന്നു ... ഉദാരമായി പേപ്പർ നോക്കിയവർ അപരിചിതനെ സ്വപ്നം കണ്ടിരുന്നവളെ 83% മാർക്കോടെ ജയിപ്പിച്ചു .....
മൂന്ന് മാസത്തെ ഇടവേള കിട്ടിയെങ്കിലും ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്നും മനസ്സിലേക്ക് നടന്നു കയറിയ ആ അപരിചിതൻ ഒരു നോവായി തന്നെ ഇരുന്നു ... ഒന്ന് കാണാൻ പറ്റിയെങ്കിലെന്നു വെറുതെ പ്രാർത്ഥിക്കുമായിരുന്നു ... കാണാൻ ഒരു വഴിയും ഇല്ലന്ന് അറിഞ്ഞിട്ടും ....
പ്ലസ് വൺ നു അഡ്മിഷൻ നോക്കിയപ്പോൾ സെയിം സ്കൂൾ വേണ്ടാന്ന് വാശി പിടിച്ചത് താൻ ആണ് ... ബസിൽ കയറി പഠിക്കാൻ പോകാനുള്ള ആഗ്രഹം കൊണ്ടായിരുന്നു തന്റെ വാശി ..
.
പഠിച്ച സ്കൂളിൽ തന്നെ , അതും നടന്നു പോകാനുള്ള ദൂരത്തിൽ , പുസ് ടു ഉള്ളപ്പോൾ ദൂരെ വിടില്ല ന്നു അച്ഛന് നിർബന്ധം ആയിരുന്നു ...
പോരാത്തതിന് സ്കൂളിലെ പി ടി എ യിൽ തെറ്റില്ലാത്ത ഒരു സ്ഥാനവും ഉണ്ടായിരുന്നത് കൊണ്ട് അവിടെ തന്നെ തന്റെ അഡ്മിഷനും ശരിയാക്കി അച്ഛൻ വിജയശ്രീ ലാളിതനായി നിന്നു..........
അച്ഛൻ അറിഞ്ഞില്ലല്ലോ മോൾടെ വിധി ....
അങ്ങനെ ആദ്യ ദിവസം പ്ലസ് വൺ ക്ലാസ്സിൽ, പുതിയ യൂണിഫോം ഒക്കെ ഇട്ടു സുന്ദരിയായി , ഇനി മുതൽ ഞാൻ പഠിപ്പോടു പഠിപ്പായിരിക്കും എന്നൊക്കെ ദൃഡ പ്രതിജ്ഞ എടുത്തിരുന്ന അവളുടെ മുന്നിലേക്ക് .., അറ്റൻഡൻസ് ബൂക്കുമായി ആ അപരിചിതൻ വന്നു.... അതൊരു ഒന്നൊന്നൊര വരവായിരുന്നു .....
"ഞാൻ വൈശാഖ് , കെമിസ്റ്ററി ആണ് എന്റെ സബ്ജെക്ട്.. നിങ്ങളുടെ ക്ലാസ് ചാർജ് എനിക്കാണ് ..." കയ്ച്ചിട്ടു ഇറക്കാനും , മധുരിച്ചിട്ട് തുപ്പാനും വയ്യാതെ , നന്ദ ആ മുഖത്തു നോക്കി അന്തം വിട്ടിരുന്നു ....
എന്തൊരു ഭംഗിയാണ് കാണാൻ ... ഇത്ര അടുത്ത് കാണുന്നതും, വ്യക്തമായി കാണുന്നതും ആദ്യം ... എനിക്ക് ഇഷ്ടപ്പെട്ടു ...
പക്ഷെ സർ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല
... സ്കൂൾ ഒന്നാണ് എങ്കിലും പ്ലസ് ടു ബിൽഡിംഗ് വേറെ ആയതു കൊണ്ട് ഇവിടത്തെ ടീച്ചേഴ്സിനെ ഒന്നും കണ്ടു പരിചയം ഉണ്ടായിരുന്നില്ല .....
ഇത്രയും നാൾ തോന്നിയതൊക്കെ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ... അവൾ ആത്മാർഥമായി ആഗ്രഹിച്ചു...
പക്ഷെ സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒക്കെയും ഹൃദയം ഒരു കല്യാണ മേളത്തോടെ മിടിച്ചു തുടങ്ങിയിരുന്നു ......
സർ എല്ലാവരോടും പേര് ചോദിച്ചു തുടങ്ങിയിരുന്നു .... വിളറി വെളുത്തും, ചുവന്നു തുടുത്തും മാറി വരുന്ന ഭാവ ഭേദങ്ങളോടെ അവൾ പേര് പറഞ്ഞു ... 'അളകനന്ദ '...
"ആഹാ കൊള്ളാലോ ഈ പേര് ....കവിത പോലെ ... നിള ഒഴുകും പോലെ ...." സർ അങ്ങനെ പറഞ്ഞപ്പോൾ ഉള്ളിലെ കല്യാണ മേളം പുറത്തു കേൾക്കും വിധം ഉച്ചത്തിലായെന്നു തോന്നി അവൾക്ക്.........
. വീട്ടിലെ അമ്മു ആയിരുന്നു അവൾ ....
സ്കൂളിൽ ചേർക്കുന്ന സമയം ആയപ്പോൾ ടി വി യിൽ വാർത്ത വായിക്കുന്ന സുന്ദരി ചേച്ചിടെ പേര് മതിയെന്ന് പറഞ്ഞു കരഞ്ഞത് എത്ര നന്നായി ....
അതുകൊണ്ടല്ലേ , ഈ മുപ്പത്തിരണ്ട് കുട്ടികളുടെ പേര് കേട്ടിട്ടും , പറയാതെ തന്റെ പേര് മാത്രം കവിത പോലെ .., നിള ഒഴുകും പോലെ എന്ന് സർ പറഞ്ഞത് .....
സ്വന്തം പേരിനോടുള്ള ഇഷ്ടം ഇരട്ടിയായി അവൾക്കപ്പോൾ .....
പേരിലെ വ്യത്യസ്തത പാരയായത്, ശരിക്കും പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു ...
ദിവസവും അളകനന്ദ പറയൂ എന്നൊരു മുഖവുരയോടെ തന്നിലേക്ക് എറിയുന്ന ചോദ്യങ്ങളുടെ മുന്നിലും കുന്തം വിഴുങ്ങിയത് പോലെ നിൽക്കുമ്പോൾ , ..
. ഇതുപോലും അറിയില്ലേ ... അവിടെ ഇരിക്കൂ ,.. അടുത്തയാൾ പറയൂ എന്നൊരു ദേഷ്യത്തോടെ സർ മുഖം തിരിച്ചപ്പോൾ ... തങ്ങൾ തമ്മിലുള്ള കെമിസ്ട്രിക്ക് ഒരു തീരുമാനം ആയെന്നു അവൾക്ക് ബോധ്യമായി .....
ഫസ്റ്റ് ഇയർ തീരാറായി ... ക്ലാസ്സിലെ പഠിക്കാൻ ഏറ്റവും മോശമുള്ള കുട്ടികളിൽ ഒരാളാണ് താനെന്നു സർ പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു ..... എന്നാലും സത്യമായിരുന്നു അത് ..........
സർ പഠിപ്പിക്കുമ്പോൾ ഒക്കെ ആ മുഖത്തും, കണ്ണിലും , മൂക്കിലും മീശ യിലും ഒക്കെ കൗതുകത്തോടെ നോക്കിയിരുന്നു എന്നല്ലാതെ ഒരു വാക്കു പോലും ശ്രദ്ധിച്ചില്ല ....ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല അതാണ് സത്യം ....
ക്ലാസ് പരീക്ഷകളിലൊക്കെ ഒറ്റ സംഖ്യകളായി മാർക്ക് പേപ്പറിൽ നിന്ന്നും ദയനീയതയോടെ അവളെ നോക്കി .....
പ്രണയത്തിന്റെ തീവ്രതയ്ക്കപ്പുറം വിധിയെ വിശ്വസിക്കാതെയി
രിക്കാൻ അവൾക്ക് കഴിയാതെ വന്നത്, കുറെ നാളായി ഒഴിഞ്ഞു കിടക്കുന്ന തൊട്ടടുത്തുള്ള വീട് സാർ വാങ്ങി എന്നറിഞ്ഞപ്പോഴാണ് ....
ഒരു അമ്പരപ്പോടെ ആണെങ്കിലും വീട് സാധനങ്ങൾ ഒക്കെ പെറുക്കാൻ സഹായിക്കുന്ന സാറിന്റെ മുന്നിലേക്ക് ഓടിച്ചെന്നു ഒരു കിതപ്പോടെ പറഞ്ഞു "സർ എന്റെ വീട് ഈ കാണുന്നതാണ് ,," ഓ ഇത് തന്റെ വീടായിരുന്നൊ..? ഓകെ ശരി .. എന്ന് പറഞ്ഞു സാർ നിസ്സംഗതയോടെ മുഖം തിരിച്ചു .....
പന്ത്രണ്ടും പതിനാലും ഒക്കെ പരീക്ഷക്ക് മാർക്ക് വാങ്ങുന്ന തന്നോട് സർ പിന്നെ എങ്ങനെ പെരുമാറാൻ ആണെന്ന് സമാധാനിച്ചു തിരിച്ചു നടന്നു .... എന്നാലും കൺ മുന്നിൽ കാണാവുന്ന ദൂരത്തിൽ സാറിനെ കൊണ്ടെത്തിച്ച ദൈവത്തോട് എത്ര നന്ദി പറഞ്ഞിട്ടും അന്ന് മതിയായിരുന്നില്ല .....
സാറിന്റെ അമ്മയെയും അച്ഛനെയും ഒക്കെ കണ്ടു നല്ല സ്നേഹമുള്ളവർ .... ഡിഗ്രിക്ക് പഠിക്കുന്ന രണ്ടു അനിയത്തിമാർ ,... വിദ്യയും വീണയും ..., ഇരട്ട കുട്ടികൾ ... സുന്ദരികൾ .... അവരോടൊക്കെ പെട്ടെന്നു തന്നെ പരിചയത്തിലായി .....
എന്നും സന്ധ്യക്ക് ആ 'അമ്മ ഉമ്മറത്തു വിളക്കു വച്ചു ഉച്ചത്തിൽ നാമം ചൊല്ലുമായിരുന്നു .... സാറിന്റെ അമ്മയുടെ നാമ ജപം കേട്ടു ... എന്റെ വീട്ടിലെ കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ ഞാൻ കണ്ണ് പൂട്ടി ഇരിക്കുമായിരുന്നു .......
സ്കൂൾ ഇല്ലാത്ത ദിവസവും സാറിനെ കാണാൻ പറ്റുന്നതിനേക്കാൾ മഹാഭാഗ്യം എന്തുണ്ട് എന്നോർക്കുമ്പോൾ പരീക്ഷയ്ക്ക് മാർക്ക് കിട്ടാത്തതൊക്കെ വലിയ കാര്യമായി തോന്നിയില്ല .....
ആയിടയ്ക്ക് ഒരു ദിവസം , ഇംഗ്ലീഷ് പിരീഡിൽ ഹോം വർക്ക് ചെയ്യാത്തവർ ക്ലാസിനു വെളിയിൽ നില്ക്കാൻ മിസ് പറഞ്ഞപ്പോൾ ആണ് താൻ മാത്രേ ഹോം വർക്ക് ചെയ്യാതെ വന്നുള്ളൂ എന്നറിഞ്ഞത് ....
" നന്ദേ എന്തിനാണ് പുറത്തു നിർത്തിയെ ..? ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ വൈശാഖ് സർ മുന്നിൽ ...
ആ കണ്ണുകളിൽ പതിവായി കാണുന്ന ദേഷ്യം ഇല്ല ... പകരം തന്റെ സ്റ്റുഡന്റിനെ പുറത്തു നിർത്തിയതിലുള്ള വേദന പോലെ ....... സാറിന്റെ മുന്നിൽ ചെറുതായി പോകുന്നു ന്നു തോന്നിപോയി ... ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു..........
അന്ന് കെമിസ്ട്രി ലാബിൽ റെക്കോർഡ് കംപ്ലീറ്റ് ചെയ്യാത്തവരുടെ കണക്ക് എടുക്കുബോഴും താൻ ഒറ്റയ്ക്കാണെന്നു അറിഞ്ഞപ്പോൾ സാറിന് ദേഷ്യം നിയന്ത്രിക്കാനായില്ല ...
എന്തൊക്കെയോ പറയാനുള്ള ദേഷ്യം സാർ കടിച്ചമർത്തുമ്പ
ോഴും ..,
താൻ ആ മുഖത്തെ കുറ്റിരോമങ്ങൾ നോക്കി നിന്നു കൊണ്ട് , രണ്ടു ദിവസമായി ഷേവ് ചെയ്തിട്ടില്ലലോ എന്നാണ് ചിന്തിച്ചത് .....
കൂടെയുള്ളവർ ഒക്കെ നൈട്രിക് ആസിഡും സാൾഫ്യൂരിക് ആസിഡും ഒക്കെ മിക്സ് ചെയ്തു കളിച്ചപ്പോൾ സർ എന്റെ അടുത്ത് വന്നു ചോദിച്ചു ..
"കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ... എന്താ ഇങ്ങനെ പഠിക്കാത്തത് ... എന്താണെങ്കിലും പരിഹാരം ഉണ്ടാക്കാം ... പ്ലസ് ടു നു ജയിക്കാതെ പറ്റില്ലാലോ .... ഇത് കഴിഞ്ഞു പഠിപ്പു നിർത്താനാണോ ഉദ്ദേശം ...?"
ആ നെഞ്ചിലൊട്ടു വീണു പൊട്ടിക്കരയാനാണ് അപ്പൊ തോന്നിയത് ........
എന്റെ മുഖഭാവങ്ങൾ സസൂഷ്മം നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്ന സാറിന്റെ കണ്ണിലൊട്ടു നോക്കിയപ്പോൾ ..... ഒന്നും ഒളിച്ചു വയ്ക്കാൻ തോന്നിയില്ല ....
എല്ലാം അങ്ങ് പറഞ്ഞു .... സാറില്ലാതെ താൻ ഇനി ജീവിക്കില്ല എന്ന് കൂടി കേട്ടപ്പോൾ ആ മുഖം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു .....
അന്ന് വൈകിട്ട് താൻ വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു ..... ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ആരാണെന്നു നോക്കാൻ പോയ അച്ഛൻ തിരികെ അകത്തേക്ക് വന്നത് ...
എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ ആയിരുന്നു .......
എന്താണ് സംഭവിക്കുന്നത് എന്നറിയും മുന്നേ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി ...
. സത്യം പറഞ്ഞാൽ; അങ്ങനത്തെ തല്ലൊക്കെ ടി വി സീരിയലിൽ മാത്രേ കണ്ടിട്ടുണ്ടായിരുന്നുള്ളു ......
.കാര്യം അറിയാതെ ഓടിയെത്തിയ അമ്മയോട് പറയുന്നത് കേട്ടു.........
ഇവൾക്ക് അപ്പുറത്തെ സാറിനോട് പ്രേമം ആണത്രേ ..... ആ സർ ഇവിടെ വന്നു പറഞ്ഞതെന്താണെന്നു അറിയോ ...?
" ഇങ്ങനെ ആണോ പെണ്മക്കളെ വളർത്തുന്നത് ന്നു .... മകൾക്ക് പ്രേമിക്കാൻ മാഷുമാരെ മാത്രേ കിട്ടിയുള്ളോ എന്ന് ചോദിച്ചു നോക്കാൻ "
ഇവൾ ഇത്രയും മോശക്കാരി ആയിരുന്നോ ...? നാട്ടുകരുടെ മുഖത്ത് എങ്ങനെ നോക്കും .... ? സ്കൂളിലും നാട്ടുകാരുടെ ഇടയിലും ഞാൻ അഭിമാനിച്ചിരുന്നു ... എന്റെ മക്കൾ ഒരു ചീത്തപ്പേരും ഉണ്ടാക്കില്ല ന്നു വിശ്വസിച്ചിരുന്
നു ........
ആ സാറിന്റെ മുന്നിൽ ഞാൻ ആരായി.... ദേഷ്യം തീരാതെ അച്ഛന്റെ തല്ലു കൊണ്ട് എന്റെ ചെവിയിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി എന്നിട്ടും അച്ഛൻ നിർത്തിയില്ല .....
ആകെ അവശയായി ഞാൻ അടുത്ത ഉണ്ടായ സെറ്റിയിലേക്ക് വീണു .... തല്ലൊക്കെ നിർത്തി എന്നാണ് കരുതിയത്....
പെട്ടെന്ന് ഒരു ദോശ ചുടുന്ന ശബ്ദം ...., വേദനയേക്കാൾ ഏറെ ആ ശബ്ദവും മുടി കത്തുന്ന മണവും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ....
ചുട്ടു പഴുത്ത ചട്ടകം എന്റെ കാലിൽ അമർന്നിരുന്നു .......... കാലിലെ ചെറു രോമങ്ങൾക്ക് ഒപ്പം മനുഷ്യ മാംസത്തിന്റെ ഗന്ധവും എന്റെ മൂക്കിലേക്ക് അരിച്ചു കയറി ..........
അലറി വിളിച്ചു കാണും .... ഓർമയില്ല ...!
ബോധം വന്നപ്പോഴും ഞാൻ ആ സെറ്റിയിൽ തന്നെ ഉണ്ടായിരുന്നു ... ആരും തിരിഞ്ഞു നോക്കാതെ ....... ഒറ്റ ദിവസം കൊണ്ട് താൻ വെറുക്കപെട്ടവളായി ......... അച്ഛനും, അമ്മയ്ക്കും, അനിയത്തിക്കും, ....
താൻ സാറിനെ പ്രേമിച്ചു എന്നതിനേക്കാൾ...., സാറിന്റെ വാക്കുകളും പറഞ്ഞ രീതിയും ഒക്കെ ആണ് അച്ഛനെ കൂടുതൽ അപമാനിച്ചത് എന്നെനിക്കു മനസ്സിലായി ........
രണ്ടു ദിവസം പനിച്ചു കിടന്നു .... മൂന്നാമത്തെ ദിവസം ക്ലാസ്സിൽ പോകാൻ അച്ഛൻ തന്നെയാണ് പറഞ്ഞത് .....
അച്ഛൻ മക്കളെ വളർത്തിയത് മോശമായിട്ടല്ലയെന്നു തന്റെ അടികൊണ്ടു വീർത്ത കണ്ണും മുഖവും പൊട്ടിയ ചുണ്ടും ഒക്കെ കാണുമ്പോൾ സാറിന് ബോധ്യം ആകുമെന്ന് കരുതിയിട്ടാവും ...........
അന്ന് വേച്ചു വേച്ചു നടന്നു താൻ സ്കൂളിലേക്ക് പോകുമ്പോൾ വഴിയിലുള്ള പലരും തന്നെ നോക്കുന്നുണ്ടായിരുന്നു...
അന്ന് ഫസ്റ്റ് പീരീഡ് തന്നെ കെമിസ്ട്രി പ്രാക്ടിക്കൽ ആയിരുന്നു ... വൈശാഖ്സാർ എത്തിയിട്ടുണ്ടായില്ല.... തന്റെ കഴുത്തിലും, മുഖത്തും , കയ്യിലും ഒക്കെ ബെൽറ്റിന്റെ പാടുകൾ കരുവാളിച്ചു കിടന്നിരുന്നു ....
ലാബ് അസിസ്റ്റന്റ് ദീപ ടീച്ചർ , ഒരു ഞെട്ടലോടെ ആണ് തന്റെ മുഖത്തേക്ക് നോക്കിയത് .... ആരാ നിന്നെ ഇങ്ങനെ തല്ലിയത്.... അതിനു മാത്രം നീ എന്താ ചെയ്തത് എന്നൊക്കെ ചോദിച്ചു ........
ഒരാളെ സ്നേഹിച്ചു... അയാൾക്ക് തന്നോട് ഇഷ്ടം ഉണ്ടായില്ല ... മകളെ നന്നായി വളർത്താൻ അച്ഛനോട് പറഞ്ഞു എന്ന് ടീച്ചറോട് പറയുമ്പോൾ , ആ ആൾ ആരാണെന്നു മാത്രം മറച്ചു വച്ചു...... അത് കേട്ടു കൊണ്ട് ക്ലാസ്സിലേക്ക് വന്ന സാർ ഒരു കുറ്റബോധത്തോടെ തന്നെ നോക്കുന്ന പോലെ തോന്നി ......
വേദനയുണ്ടോ എന്നൊരു വാക്ക് മാത്രം ചോദിച്ചുള്ളൂ എങ്കിലും ആ ശബ്ദം ഇടറുന്നത് തനിക്ക് വ്യക്തമായി മനസ്സിലായി ..........
സാറിന്റെ ഉള്ളിൽ തന്നോട് സ്നേഹം ഉണ്ടോ ന്നു ആദ്യത്തെ ഡൌട്ട് തോന്നിയ നിമിഷം .... വേദന പോലും സുഖകരമായി തോന്നി ...........
പലപ്പോഴും കാലിലെ മുറിവിൽ ഡ്രസ്സ് ഒട്ടിപിടിക്കുബോൾ വേദന അസഹനീയമായി തോന്നി .....
സീറ്റിൽ പോയി ഇരുന്നതേ ഉണ്ടായുള്ളൂ ... അടുത്തിരുന്ന സംഗീതയുടെ കാൽ അറിയാതെ ഒന്ന് തട്ടി ..... സ്കൂൾ മുഴുവൻ കേൾക്കും വിധം ഉച്ചത്തിൽ നിലവിളിച്ചു പോയി അപ്പോൾ ........
പെട്ടെന്ന് അടുത്തേക്ക് വന്ന സാർ തന്റെ കാലിലെ മുറിവിലേക്കു ഒന്നേ നോക്കിയുള്ളൂ .... അവിടം ആകെ പഴുക്കാൻ തുടങ്ങിയ പോലെ ഒരു മഞ്ഞ കളർ വ്യാപിച്ചിരുന്നു.....
സാറിന്റെ കണ്ണ് നനയുന്നതും , ഒരു ജന്മത്തേക്കു തനിക്ക് തരാനുള്ള സ്നേഹം മുഴുവൻ ആ കണ്ണിൽ നിറയുന്നതും കണ്ടപ്പോൾ .......... ഒരു നിമിഷം എങ്കിലും ചട്ടകം പഴുപ്പിച്ചു കാലിൽ വയ്ക്കാൻ തോന്നിയതിനു അച്ഛനോട് മനസ്സിൽ നന്ദി തോന്നി .........

ക്ലാസ്സിലെ മറ്റു കുട്ടികളൊക്കെ തനിക്ക് എന്തുപറ്റിയെന്നറിയാതെ പരസ്പരം നോക്കി .... ഒരു അഞ്ചു മിനിട്ടു പോലും വേണ്ടി വന്നില്ല സാർ ഒരു ഓട്ടോ വിളിച്ചു , സംഗീതയോടും തന്റെ കൂടെ വരാൻ പറഞ്ഞു ....
അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടോളു എന്ന് പറഞ്ഞു, ഓട്ടോയിലേക്കു കയറുമ്പോൾ സാറിന് ഒരു പുതിയ ഉത്തരവാദിത്വം വന്നപോലെ തോന്നി ....
പോകുന്ന വഴിയിൽ ഓട്ടോ ഗട്ടറിൽ വീഴുമ്പോൾ ഒക്കെ , പതിയെ പോയാൽ മതി, അധികം അനക്കം തട്ടണ്ട ന്നു സാർ പറയുംമ്പോൾ ,.. ഈ ഒരു കരുതൽ തനിക്ക് കിട്ടാൻ ദേഹം മുഴുവൻ പൊള്ളിയാലും സാരമില്ല ന്നു തോന്നിപോയി ....
വീണ്ടും വീണ്ടും ഓട്ടോക്കാരനോട് പതിയെ പോകാൻ പറഞ്ഞപ്പോൾ ...
." സാറെ ആ കൊച്ചിന്റെ കാലിൽ അല്ലെ മുറിവ് പറ്റിയത് , അതിനു കുറച്ചു സ്പീഡിൽ പോയാൽ കുഴപ്പം ഒന്നും വരില്ല .... ഗർഭിണികളെ കൊണ്ട് പോകും പോലെ കൊണ്ട് പോകേണ്ട ആവശ്യം ഒന്നും ഇല്ല .... എനിക്ക് പതിനൊന്നരയ്ക്ക് വേറെ ഓട്ടം ഉള്ളതാണെ......"
അയാളുടെ ആ വർത്തമാനം വേദനയുടെ ഇടയിലും എനിക്ക് ചിരി വന്നു ......
പിന്നെ ഹോസ്പിറ്റലിൽ ആ മുറിവ് ഡ്രസ്സ് ചെയ്തോണ്ടിരുന്നപ്പോൾ , വേദന സഹിക്കാൻ ആവാതെ ,... ഈ കാലൊന്നു മുറിച്ചു കളഞ്ഞു തരുമോ സിസ്റ്ററെ,......ഞാൻ ചത്തു പോകുമെന്ന് തോന്നുന്നു എന്ന് പറഞ്ഞു കൊണ്ട് നോക്കിയത് സാറിന്റെ മുഖത്തേക്കാണ് ...........
താൻ അനുഭവിക്കുന്നതിന്റെ നൂറിരട്ടി വേദന ... സാറിന്റെ ഉള്ളിലുണ്ടെന്നു ആ മുഖം പറയുന്നുണ്ടായിരുന്നു .....
അന്ന് വൈകിട്ട് അച്ഛൻ പുറത്തു പോയിരിക്കുകയായിരുന്നു ..... സാറിന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നു ..... എന്റെ അമ്മയ്ക്ക് അവരോടു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു .....
എന്റെ കവിളുകളിലും , കയ്യിലെ നീലിച്ച പാടുകളിലും നോക്കവേ ... സാറിന്റെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .....ആരും പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു സമയം കടന്നു പോയി .........
ഇറങ്ങാൻ നേരം 'അമ്മ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു ,...
." പഠിപ്പിക്കുന്ന മാഷുമ്മാർക്ക് ദൈവത്തിന്റെ സ്ഥാനം ആയിരിക്കണം ..... എങ്കിലേ അവർ പഠിപ്പിക്കുന്നത് ഒക്കെ മനസ്സിൽ കയറൂ .... വേറെ ഒന്നും തോന്നാൻ പാടില്ല ട്ടോ ...."
ഉം എന്നൊരു മൂളൽ മാത്രേ എന്നിൽ നിന്ന് അപ്പൊ പുറത്തേക്കു വന്നുള്ളൂ എങ്കിലും .......
. " എന്റെ ദൈവം തന്നെയാണ് , എന്റെ മാത്രം ദൈവം .... ഈ ജന്മം എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും എന്റെ ദൈവത്തെ ഞാൻ സ്വന്തമാക്കിക്കിയിരിക്കും " എന്നൊരു ദൃഢ പ്രതിജ്ഞ എടുക്കുകയായിരുന്നു മനസ്സ് അപ്പോൾ .....
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ക്ലാസ്സിൽ തന്നോട് ചോദ്യം ചോദിക്കുന്ന പരിപാടി സാർ നിർത്തി ....
ആ മുഖത്തേക്ക് നോക്കുമ്പോൾ എല്ലാം .... സ്നേഹമോ , കുറ്റബോധമോ , സഹതാപമോ , തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തൊക്കെയോ നിഴലിച്ചിരുന്നു .........
മുറിവുകൾ ഒക്കെ ഉണങ്ങി തുടങ്ങിയ ഒരു ദിവസം ഉച്ചയ്ക്ക് , താൻ സ്കൂളിലെ വരാന്തയിൽ പുറത്തേക്കു നോക്കി നിൽക്കുബോൾ ....
"എന്തെ ഇയാൾ കഴിക്കുന്നില്ലേ...?" എന്ന് ചോദിച്ച സാറിനോട്, ഞാൻ കൊണ്ട് വന്നില്ല എന്ന് പറയുമ്പോൾ സാറിന്റെ മുഖം ഇരുളുന്നത് കാണാതെ ഞാൻ വേറെ എവിടെയോ നോക്കി ....
പിന്നീട് ചിന്തിച്ചപ്പോൾ തനിക്ക്
വെറുതെ തോന്നിയതാവും ന്നു വിശ്വസിച്ചു ............
അന്ന് ലാസ്റ് പിരീഡിൽ കെമിസ്ട്രി ലാബിൽ ,... " സർ ഇന്ന് ലഞ്ച് കഴിച്ചില്ലേ..... സാറിന്റെ ടിഫ്ഫിൻ ബോക്സ് അവിടെ തന്നെ ഉണ്ടല്ലോ " എന്ന് ദീപ ടീച്ചർ പറയുമ്പോൾ .... സാർ അത് ശ്രദ്ധിക്കാത്തതു പോലെ, ടീച്ചറിനോട് ലാസ്റ് റോയിലെ കുട്ടികളെ ഒന്ന് ഹെൽപ് ചെയ്യാൻ ആണ് പറഞ്ഞത് .....
എന്റെ നെഞ്ചിൽ അപ്പോൾ തൃശൂർ പൂരത്തിലെ പൂത്തിരികൾ എല്ലാം ഒരുമിച്ചു കത്തിയ പ്രകാശം ആയിരുന്നു .....
താൻ ഭക്ഷണം കഴിച്ചില്ലാന്നു അറിഞ്ഞത് കൊണ്ട് മാത്രമാണ് സാർ കഴിക്കാതെയിരുന്നത് എന്ന് മനസ്സിലാക്കാൻ , എനിക്കപ്പോൾ സാറിന്റെ മുഖത്തെ ഭാവങ്ങൾ കാണേണ്ട ആവശ്യം ഉണ്ടായില്ല .....
ദിവസങ്ങൾ കടന്നു പോയി , പ്ലസ് ടു ഫൈനൽ എക്സാം അടുത്ത് വന്നു .....
താൻ പഠിക്കാതെ വരുന്ന ദിവസങ്ങളിൽ , സാറിന്റെ മുഖത്തെ വിഷാദം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി .....
എങ്ങനെയെങ്കിലും പഠിച്ചു ജയിക്കാൻ തീരുമാനിച്ചപ്പോ
ഴാണ് , ഒത്തിരി വൈകി എന്ന് തോന്നിയത് ......
ഇത്രനാളും പഠിക്കാതെ ഇരുന്നത് എല്ലാം കുറച്ചു ദിവസങ്ങൾക്കുള്ള
ിൽ പഠിച്ചെടുക്കാൻ പെട്ട പാട് എനിക്കേ അറിയൂ ....
സ്റ്റഡി ലീവിൽ, സമയം കിട്ടുമ്പോൾ ഒക്കെ വിദ്യേച്ചിയും , വീണേച്ചിയും എന്നെ കാണാൻ വരും ...
കുറച്ചു നേരം സംസാരിച്ചിരിക്ക
ും ,.... സാറിന്റെ 'അമ്മ ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവങ്ങൾ എല്ലാം ആരും കാണാതെ എനിക്ക് കൊണ്ട് തരുമായിരുന്നു അവർ .....
എന്നെ ഒരു നാത്തൂനായി അവർ അംഗീകരിച്ചു ന്നു തോന്നാറുണ്ടായിരുന്നു അപ്പോഴൊക്കെ ......
. ഒരിക്കൽ കളിയായി ഞാൻ അത് ചോദിക്കുകയും ചെയ്തു ..... ഞങളുടെ ഏട്ടന്റെ ഭാര്യയെ ഏട്ടത്തി ന്നു വിളിക്കാനായിരുന്നു ഞങ്ങൾക്ക് ഇഷ്ടം ... ഇതിപ്പോ നീ ഞങളെ ഏട്ടത്തിയെന്നു വിളിക്കുമല്ലോ എന്ന് പറഞ്ഞു കൊണ്ടവർ ചിരിച്ചു ......
അവരുടെ വരവ് അച്ഛന് തീരെ ഇഷ്ടം ആയിരുന്നില്ല ....
വളർത്തു ദോഷം ഉള്ള പെണ്ണിന്റെ കൂടെ കൂടിയാൽ ചലപ്പോൾ നിങ്ങളും മോശമായി പോകുമെന്ന് ഒരിക്കൽ അവരോട് അച്ഛൻ പറഞ്ഞു .....
പിന്നീട് അച്ഛൻ ഇല്ലാത്ത നേരങ്ങളിൽ മാത്രം അവർ വന്നു പെട്ടെന്ന് തന്നെ പോകുമായിരുന്നു .....
പരീക്ഷയ്ക്ക് തൊട്ടു മുന്നേയുള്ള ദിവസങ്ങളിൽ ഒന്നിൽ , വളരെ പ്രധാനപ്പെട്ട ക്വസ്റ്റിൻസ് മാത്രം എഴുതി വിദ്യേച്ചിയുടെ കയ്യിൽ കൊടുത്തു അയച്ചു സാർ ...
ചോദ്യോത്തരങ്ങളുടെ താഴെയായി " സ്വപ്നം കാണാതെ ഇരുന്നു പഠിക്കൂ ട്ടോ " എന്നെഴുതിയിരുന്നു .........
സ്വർഗം കിട്ടിയ സന്തോഷമാണ് തനിക്കപ്പോൾ തോന്നിയത് ......
ആൾക്ക് അപ്പോൾ , തന്നോടുള്ള കരുതൽ കാണുമ്പോൾ ,..... വീണ്ടും വീണ്ടും ഒരു പെണ്ണും ഒരാണിനെയും സ്നേഹിക്കാത്ത അത്രയും ആഴത്തിൽ സ്നേഹിക്കാനാണ് എനിക്ക് തോന്നിയത് ......
എക്സാം കഴിഞ്ഞു ,... റിസൾട്ട് വന്നപ്പോൾ കെമിസ്ട്രിക്ക് മാത്രം താൻ തോറ്റുള്ളൂ എന്നത് ഒരു ആശ്വാസമായാണ് തോന്നിയത് .........
സേ എക്സാം എഴുതാൻ അപ്ലൈ ചെയ്യും മുന്നേ അച്ഛൻ പറഞ്ഞു ഈ ഒരു ചാൻസ് കൂടിയേ ഉള്ളു ......
തോറ്റാൽ ഉറപ്പായും കെട്ടിച്ചു വിടും , .... പതിനെട്ടു ഒന്ന് തികഞ്ഞോട്ടെ ,.....
അല്ലെങ്കിലും മാഷിനെ പ്രേമിക്കാൻ മിടുക്കു കാട്ടിയവൾ ...എന്തായാലും മലമറിക്കാൻ ഒന്നും പോകുന്നില്ലല്ലോ...!
എന്നൊരു പരിഹാസവും കൂടി കേട്ടതോടെ കുത്തിയിരുന്ന് പഠിക്കാൻ തീരുമാനിച്ചു ........
പിന്നീടുള്ള ഓരോ ദിവസങ്ങളിലും, ഓരോ ചാപ്റ്റർ എക്സ് പ്ലെയിൻ ചെയ്തു ഒരു യു എസ് ബി യിൽ ആക്കി
വിദ്യേച്ചിയുടെയ
ോ വീണേച്ചിയുടെയോ കയ്യിൽ കൊടുത്തയച്ചിരുന്നു സർ .....
സേ എക്സാം റിസൾട്ട് വന്നപ്പോൾ അറുപത്തിയെട്ടു ശതമാനം മാർക്കു ഉണ്ടായിരുന്നു ...
ഒരു പ്രൈവറ്റ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു..... വേറെ ഒരിടത്തും രണ്ടു മാർക്ക് ലിസ്റ്റ് ഉള്ളയാൾക്ക് അഡ്മിഷൻ കിട്ടില്ലെന്ന് അറിഞ്ഞത് കൊണ്ട് തന്നെ അപ്ലൈ ചെയ്തില്ല .........
കെമിസ്ട്രിയും ഫിസിക്സ് ഉം , പഠിച്ചവൾക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത് , ബി എ ഹിസ്റ്ററി ക്ക് ആയിരുന്നു എന്നത് ഓർത്തു സ്വയം ചിരിക്കാനേ കഴിഞ്ഞുള്ളു .....
വെറുതെ വായിച്ചു നോക്കിയാൽ തന്നെ മനസ്സിലാകും എന്നുള്ളത് കൊണ്ടും , പഠിച്ചില്ലെങ്കിൽ കെട്ടിച്ചു വിട്ടാലോ എന്ന പേടി ഉള്ളതും കൊണ്ടും , ചോള രാജവംശവും , ചേര രാജ വംശവും , മുഗൾ ചക്രവർത്തിമാരും ഒക്കെ എളുപ്പത്തിൽ മനസ്സിൽ കയറി....
പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ മാസങ്ങൾ കടന്നു പോയി .... തന്റെ പ്രണയം താൻ മറന്നു എന്ന് അച്ഛനും അമ്മയും സാറിന്റെ വീട്ടുകാരും ഒക്കെ കരുതി എന്ന് തോന്നി .....
ദിവസവും ഒരു നേരം എങ്കിലും സാറിനെ കാണാൻ പറ്റുന്നത് കൊണ്ട് മാത്രം താൻ പിടിച്ചു നിൽക്കുന്നു എന്ന് അവരാരും അറിഞ്ഞില്ല .......
അങ്ങനെയിരിക്കെ വിദ്യേച്ചിയുടെ കല്യാണം ആയി ... രണ്ടു മാസത്തിനുള്ളിൽ തന്നെ വീണേച്ചിയുടെയും കല്യാണം നല്ല രീതിയിൽ നടന്നു ..... അവർ പോയതോടെ സാറിന്റെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിയാതെയായി ,......
ദിവസവും സന്ധ്യക്ക് സാറിന്റെ 'അമ്മ വിളക്കു കൊളുത്തുമ്പോൾ , സാർ അവിടെ വന്നു തൊഴുതു നിൽക്കുന്നത് കണ്ടിട്ടുണ്ട് .........
അത് കാണാൻ വേണ്ടി മാത്രം ഇരുൾ വീണു തുടങ്ങിയ സന്ധ്യാ നേരങ്ങളിൽ , ആരും കാണാതെ സാറിന്റെ വീടിന്റെ ഗേറ്റിനു ഇടയിലൂടെ അവിടേക്കു എത്തിനോക്കുമായിരുന്നു........
സാർ കൈ കൂപ്പി നിൽക്കുന്നത് മനസ്സിലോർത്തു എന്നും ഉറങ്ങി ഉണരും ......
ഡിഗ്രി കഴിഞ്ഞു മോശം ഇല്ലാത്ത മാർക്കോടെ എല്ലാ സെമെസ്റ്ററും പാസായി .... പിജി ക്ക് അവിടെ തന്നെ അഡ്മിഷൻ എടുത്തു .....
ഒരിക്കൽ സാറിനെ പ്രണയിച്ചതല്ലാതെ മറ്റൊരു മോശം പേരും ഞാൻ കേൾപ്പിക്കാത്തതു കൊണ്ട് തന്നെ അച്ഛന്റെ സ്വഭാവത്തിലും കുറച്ചു അയവു വന്നു .............
ഒരു ഞായറാഴ്ച , സർ പുതിയ മുണ്ടും ഷർട്ടും ഒക്കെ ഇട്ടു സുഹൃത്തിന്റെ കൂടെ പോകുന്നത്തു കണ്ടപ്പോൾ തന്നെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി ......
ഓടിച്ചെന്നു എന്താ വിശേഷമെന്നു സാറിന്റെ അമ്മയോട് ചോദിക്കുമ്പോൾ ,.... അവൻ ഒരു പെണ്ണ് കാണാൻ പോകുകയാണെന്ന് ആ 'അമ്മ സന്തോഷത്തോടെയാണ് പറഞ്ഞത് .......
എന്റെ മനസ്സിലെ പ്രണയവും , അതിന്റെ മുറിവുകളും, ഈ അഞ്ചു വർഷങ്ങൾ കൊണ്ട് ഉണങ്ങിയെന്നു അവർ വിചാരിച്ചു കാണും .....
ഒന്നും പറയാതെ തിരിച്ചു നടക്കുമ്പോൾ , സാർ മറ്റൊരു പെണ്ണിന് സ്വന്തമാക്കുന്നത് കാണാൻ താൻ ഉണ്ടാവില്ലെന്ന് തീർച്ചപ്പെടുത്തിയിരുന്നു .....
അലമാരയിലെ പല ഷെല്ഫുകളിൽ നിന്നുമായി ഏഴു പാറ്റ ഗുളികകൾ കിട്ടി ..... രാത്രിയാവാൻ കാത്തിരുന്നു ....
ഓരോന്നായി വിഴുങ്ങുമ്പോൾ തന്റെ മരണം ചിലപ്പോൾ ഇത് തൊണ്ടയിൽ കുടുങ്ങിയാകുമെന്നു തോന്നി ,....അത്ര വലിപ്പമുള്ള ഗുളികകൾ .......
ഉറങ്ങാൻ കിടക്കുമ്പോൾ , മനസ്സ് കൊണ്ട് എല്ലാവരോടും മാപ്പു പറഞ്ഞിരുന്നു ...... മരിക്കാതെ ഇരുന്നാൽ ഭ്രാന്ത് വരുമെന്ന് ഉറപ്പായിരുന്നു .......
ഓരോന്നും ചിന്തിച്ചു എപ്പോഴോ ഉറങ്ങി ...... വല്ലാതെ മനം പിരട്ടുന്ന പോലെ തോന്നിയപ്പോൾ ആണ് എഴുന്നേറ്റത് ......
വലിയ ശബ്ദത്തോടെ ഓക്കാനവും ശർദ്ധിയും തുടങ്ങി.... എഴുന്നേറ്റു ബാത്റൂമിലേക്കു പോകും മുന്നേ റൂമിൽ തന്നെ സാധിച്ചു .... ശബ്ദം കേട്ട് എഴുന്നേറ്റു വന്ന അച്ഛനും അമ്മയും ചോദിച്ചത് ഇവിടെ എന്താ മണ്ണെണ്ണയുടെ മണം എന്നായിരുന്നു .......
അത് നേരായിരുന്നു .... താൻ വോമിറ്റ് ചെയ്യുമ്പോൾ മണ്ണെണ്ണയുടെ മണം അവിടം ആകെ പരന്നു....
എന്ത് വിഷമാണ് കഴിച്ചതെന്ന് ചോദിച്ചു കൊണ്ട് 'അമ്മ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി ..... ആകെ ബഹളം ആയി സാറും വീട്ടുകാരും പോലും ശബ്ദം കേട്ട് വന്നു ....
അച്ഛനും അമ്മയും കരുതിയത് അന്ന് വൈകിട്ട് ഒരു കല്യാണക്കാര്യം സൂചിപ്പിച്ചിരുന്നു അത് കൊണ്ടതാണ് താൻ ഇത് ചെയ്തത് എന്നായിരുന്നു ......... പക്ഷെ സാറിനും അമ്മയ്ക്കും കാര്യങ്ങൾ എല്ലാം മനസ്സിലായി ....
താൻ ഇവിടെ ഉണ്ടായിട്ടും വേറൊരുത്തിയെ കാണാൻ പോയില്ലേ.... എല്ലാ പരിഭവങ്ങളും മിഴിയിൽ നിറച്ചു ഞാൻ സാറിനെ നോക്കുമ്പോൾ ..... അന്നത്തെ പ്രണയം ഒരു പക്വത ഇല്ലാത്ത മനസ്സിന്റെ തോന്നൽ ആകുമെന്ന് ആശ്വസിച്ച സാറിന്റെ മുഖത്ത് വീണ്ടും വേദന നിറഞ്ഞു .......
ഇത്തവണ തന്നോട് പ്രേമം ഉണ്ടാകുമെന്നു ഒരു ഡൗട്ടും തോന്നിയില്ല ..... ഉണ്ടായിരുന്നെങ്
കിൽ വേറെ ഒരുത്തിയെ കാണാൻ പോകില്ലായിരുന്നല്ലോ .......
ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ടാന്നു പറഞ്ഞത് സർ തന്നെയാണ് ...... നിറയെ വെള്ളം കുടിപ്പിച്ചാൽ മതി,...
എന്തെങ്കിലും അസ്വസ്ഥത തോന്നുന്നെങ്കിൽ മാത്രം കൊണ്ട് പോയാൽ മതിയെന്ന സാറിന്റെ വാക്കുകൾ , സാറിനോട് ശീത യുദ്ധത്തിലായിരുന്ന അച്ഛനും ശരിവച്ചു .......
ജീവിതത്തിൽ എത്ര വേദനകൾ സഹിച്ചിട്ടും കരയാത്ത പോലെ താൻ അന്ന് കരഞ്ഞു ..... സാറിന്റെ മനസ്സിൽ താനില്ലെന്ന തിരിച്ചറിവാണ് എന്നെ കൂടുതൽ തളർത്തിയത് ........
പിറ്റേന്നു ഉച്ച തിരിഞ്ഞു സാറിന്റെ 'അമ്മ എന്നെ കാണാൻ വരുമ്പോൾ, കരഞ്ഞു തളർന്നു സംസാരിക്കാൻ സൗണ്ട് പോലും ഇല്ലാതെ ഇരിക്കയായിരുന്നു ഞാൻ ......
അമ്മയെ കണ്ട ഉടനെ "എനിക്ക് ഉപദേവശം ഒന്നും വേണ്ടമ്മേ ... ഞാൻ താങ്ങില്ല ഇനി ഒന്നും .... അമ്മയുടെ മോനോട് ആരെ വേണമെങ്കിലും കല്യാണം കഴിച്ചോളാൻ പറഞ്ഞോളൂ ......
ഞാൻ കാരണം നിറയെ സ്വപ്നവുമായി പോയി കണ്ട പെണ്ണിനെ മറക്കണ്ട ന്നു പറയൂ .... എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ആ മടിയിലേക്കു വീഴുംനോൾ .അമ്മയും കരയുകയായിരുന്നു .. ..
നിന്നെ ഉപദേശിക്കാനോ , തിരുത്തുവാനോ ഒന്നുമല്ല ഞാൻ വന്നത് .... പക്ഷെ അവന്റെ മനസ്സിൽ നിന്നെ അങ്ങനെ കാണാൻ കഴിയില്ലെന്ന് പറയുന്നിടത്തോളം കാലം , അവനെ നിര്ബന്ധിക്കുവാൻ എനിയ്ക്കു വയ്യ...
പിന്നെ ഇന്നലെ പോയി കണ്ട പെണ്ണിന്റെ കാര്യം വേണ്ടാന്നു പറഞ്ഞിട്ടുണ്ട് ...... ഇപ്പൊ ഒന്നും ഒരു കല്യാണാലോചനയുമായി ഇങ്ങോട്ടു വരണ്ടയെന്നു ബ്രോക്കറോട് പറഞ്ഞതും അവൻ തന്നെയാ .......
പിന്നെ ഇന്നലെ കാണാൻ പോയത് ഞാൻ ഒത്തിരി നിര്ബന്ധിച്ചിട്
ടാണ് മോളെ ..... നിനക്കറിയാലോ വീണയും വിദ്യയും പോയതിൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ് .... അവരുടെ കല്യാണം കഴിഞ്ഞ ഉടനെ അവന്റെയും നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം .....
മോൾടെ മനസ്സൊന്നു ശരിയാവട്ടെ എന്ന് കരുതി മാത്രമാണ് കാത്തിരുന്നത് ..... ആ പ്രായത്തിൽ തോന്നിയതൊക്കെ മറക്കാൻ നിനക്കായി എന്നാണ് ഞാൻ കരുതിയത് ......
'അമ്മ നിർബന്ധിച്ചിട്ടു പോയതാണ് എന്ന് കേട്ടതോടെ ,.....മനസ്സ് തുടിക്കാൻ തുടങ്ങി .....
ഉള്ളിന്റെ ഉള്ളിൽ വാടി തുടങ്ങിയ പ്രണയം തളിർക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല ..... തനിക്ക് ഭ്രാന്ത് ആണോ, അതോ തന്റെ ഭ്രാന്ത് സാർ ആണോ എന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ ആയിരുന്നപ്പോൾ ,.....
തന്റെ മനസ്സിൽ സാറിനോടുള്ള പ്രണയത്തിനു ഒരു മാറ്റവും ഇല്ലന്ന് , അച്ഛൻ ഒഴികെ മറ്റുള്ളവർക്ക് എല്ലാം മനസ്സിലാക്കി കൊടുത്തു ആ പാറ്റ ഗുളിക ....
പിന്നെയും ഒരു വര്ഷം കഴിഞ്ഞു കാണും , ഒരു ദിവസം സാറിന്റെ വീട്ടിലെ ഗേറ്റ് പുറത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു .....
എല്ലാവരും കൂടി എവിടെ പോയി കാണും .....ഏതാണോ എന്താണോ എന്നറിയാതെ കൂട്ടിലടച്ച വെരുകിനെ പോലെയായി എന്റെ അവസ്ഥ .....
ഒന്നല്ല രണ്ടു ദിവസവും ഒന്നും അറിയാതെ ആയപ്പോൾ , അച്ഛന്റെ മുന്നിൽ പോലും നിയന്ത്രണം വിട്ടു കരയുമൊ എന്ന് പേടിച്ചു ......
മൂന്നാമത്തെ ദിവസം വൈകിട്ട് ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടപ്പോൾ തന്നെ ഓടിച്ചെന്നു കാര്യങ്ങൾ അന്വേഷിക്കാനാണ് തോന്നിയത് ..... പക്ഷെ അച്ഛൻ വീടിന്റെ മുന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ......
അന്ന് സന്ധ്യ കഴിഞ്ഞപ്പോൾ അച്ഛൻ പുറത്തു പോയ നേരം നോക്കി , ഞാൻ പതിയെ സാറിന്റെ ഗേറ്റിനു അടുത്ത് പോയി ..... ഇടയിലൂടെ അകത്തേക്ക് നോക്കി ......
കാര്യങ്ങൾ ഒക്കെ നാളെ പോയി അന്വേഷിക്കാം ,... ഇപ്പൊ പോയാൽ അച്ഛൻ കണ്ടു വന്നാൽ പ്രശ്നം ആകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് , ഗേറ്റ് വരെ പോയത് ...... തനിക്ക് അപ്പോൾ സാറിന്റെ നിഴൽ എങ്കിലും കണ്ടാൽ മതിയായിരുന്നു ..... സാറിനും ആർക്കും ഒരു കുഴപ്പവും ഇല്ലെന്നു അറിഞ്ഞാൽ തന്നെ ഒരു സമാധാനം ആയേനെ .....
പക്ഷെ കുറച്ചു നേരം അവിടെ നിന്നിട്ടും ആരെയും കണ്ടില്ല ..... ഉള്ളു പിടയുകയായിരുന്നു ...... പരിസരം മറന്ന ഞാൻ ഗേറ്റിനു ചുവടെ ഇരുന്നു ..... അകത്തേക്ക് നോക്കി കൊണ്ട് .......
എന്ത് കൊണ്ടാണ് ഞാൻ അപ്പൊ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല .......
അത് കണ്ടു കൊണ്ട് അച്ഛൻ വന്നതൊന്നും ഞാൻ അറിഞ്ഞതേയില്ല .......
ഡീ നന്ദേ , എന്നൊരു അലർച്ചയായിരുന്നു പിന്നെ കേട്ടത് ...... മുടിയിൽ കുത്തി പിടിച്ചു അച്ഛൻ എന്നെ എഴുന്നേൽപ്പിക്ക
ുമ്പോൾ പേടി കൊണ്ട് കരച്ചിലിന്റെ ശബ്ദം പോലും പുറത്തു വന്നില്ല
ഓരോ അടിയിലും ഞാൻ നിലത്തു വീണു പോകുന്നുണ്ടായിരുന്നു ,...
പിടിച്ചു എഴുന്നേൽപ്പിച്ചു വീണ്ടും വീണ്ടും അടിക്കുമ്പോൾ , ....
വളർത്തു ദോഷം ഉള്ള പെണ്ണെന്നു കേൾപ്പിച്ചിട്ടും , നാണം ഇല്ലാതെ അവന്റെ പിന്നാലെ തന്ന്നെ പോകുന്നതിനേക്കാൾ നല്ലതു നീ മരിക്കുന്നതാണെന്നു അച്ഛൻ പറയുന്നുണ്ടായിരുന്നു .........
സാറിന്റെ വീട്ടുകാരും , ആ വഴിയിലൂടെ പോകുന്നവരും ഒക്കെ ഓടിവന്നു .......... പലരും അച്ഛനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്
ടായിരുന്നു ........ ഏതോ ഒരു അടിയിൽ നാക്കും പല്ലും കൂടി ഇടിച്ചു കൊണ്ടത് കൊണ്ട് വായിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി .....
താൻ മരിക്കുമെന്ന് തോന്നി പോയ നിമിഷം ,..... സർ മുന്നോട്ടു വന്നു ,... പലരും പിടിച്ചിട്ടു നിൽക്കാത്ത അച്ഛൻ സാറിന്റെ ബലിഷ്ഠമായ കരങ്ങളിൽ ഒതുങ്ങി ......
"ഇനി അവളെ തല്ലരുത്, അത് ഞാൻ നോക്കി നിൽക്കില്ലന്നു മനസ്സിലാക്കിക്കോ " എന്ന് സാർ പറയുമ്പോൾ ,......
"നീ ആണായി പിറന്നവൻ ആണെങ്കിൽ ...., എന്റെ മകൻ ആണെങ്കിൽ , നിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ തീ തിന്നു , ചാകാതെ ചാകുന്ന ഈ പെൺകൊച്ചിന്റെ കൈ പിടിച്ചു വീട്ടിലേക്കു കേറിപ്പോര് " എന്ന് പറഞ്ഞത് സാറിന്റെ അച്ഛനായിരുന്നു ......
ഒരു നിമിഷം സാർ എന്റെ അടുത്തേക്ക് വന്നു ..... സാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ ഞാൻ ആ കണ്ണിലേക്കു നോക്കി .......

ആ മിഴികളിൽ , സ്നേഹമോ , പ്രണയമോ , വേദനയോ ... അതോ ഇനി താൻ സാറിന്റെ ഉത്തരവിദിത്വം ആണെന്ന തോന്നലോ .......
എനിക്കതു തിരിച്ചറിയാൻ കഴിഞ്ഞില്ല ....
സർ എന്റെ രണ്ടു ചുമലിലും പിടിച്ചു, എഴുന്നേൽപ്പിക്കുമ്പോൾ.... അച്ഛൻ എന്തെങ്കിലും ചെയ്യുമോ ന്നു ഞാൻ പേടിച്ചു ....
നടക്കാൻ ശ്രമിച്ചപ്പോൾ വേച്ചു പോയ എന്നെ താങ്ങി പിടിച്ചു കൊണ്ട് സാർ വീടിനു അകത്തേക്ക് കയറുമ്പോൾ , .... നാട്ടുകാർ മൂകസാക്ഷികളായി .....
എതിർക്കാൻ ആരും തന്നെ വന്നില്ല ....
എല്ലാം കണ്ടു കൊണ്ട് മതിലിൽ ചാരി നിന്ന് കരയുന്ന അമ്മയുടെ കണ്ണുകൾ ...
“ഇനിയെങ്കിലും നീ ആഗ്രഹിച്ച പോലെ നിന്റെ സാറിനൊപ്പം സുമംഗലിയായി ജീവിക്കൂ “ എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ......
ആ കണ്ണുകൾ അപ്പൊ ആശിർവദിക്കുന്ന പോലെ തോന്നി ....
സാറിന്റെ 'അമ്മ വേഗം തന്നെ ഒരു നിലവിളക്കു തെളിച്ചു കൊണ്ട് വന്നു എന്നെ എതിരേറ്റു ..... 'അമ്മ തന്നെയാണ് എന്നെ അന്ന് കുളിപ്പിച്ച് തന്നത് ......
വേദനിക്കാതെ മുറിവുകളിൽ നിന്നും , ചോരയും വെള്ളവും ഒപ്പിയെടുക്കുമ്പോൾ , അമ്മയുടെ മുഖം കാറും കോളും , ഒഴിഞ്ഞ പോലെ ശാന്തമായിരുന്നു ..........
" മോള് വിഷമിക്കണ്ട...... ഇത് ഇങ്ങനെയൊക്കെ തന്നെ അവസാനിക്കുള്ളു എന്നെനിക്കു നേരത്തെ തന്നെ തോന്നിയിരുന്നു .......
അല്ലാതെ അവൻ സ്വന്തം മനസ്സാലെ നിന്നെ കല്യാണം കഴിക്കാനും, .... നിന്റെ അച്ഛൻ അത് നടത്തി കൊടുക്കാനും ,.... ഒന്നും പോകുന്നില്ലല്ലോ .....,
പിന്നെ നീ ആണെങ്കിലോ , .... ഇവൻ ഇല്ലാതെ ജീവിക്കാനും പോകുന്നില്ല.....അപ്പൊ ദൈവം കാണിച്ചു തന്ന വഴി ഇതാണെന്നു കരുതിയാൽ മതി .... "
കുളിച്ചു മാറാൻ വീണേച്ചിയുടെയും , വിദ്യേച്ചിയുടെയും, ഡ്രസ്സുകൾ ധാരാളമായിരുന്നു .......
പിറ്റേദിവസം തന്നെ , അറിയാത്തവരും , കാണാത്തവരും ഒക്കെ പറഞ്ഞും , കെട്ടും ഒക്കെ തന്റെ കഥ അറിഞ്ഞു .....
സാറിന്റെ അമ്മയെ സഹായിക്കാൻ വരുന്ന ശാരദ ചേച്ചിയാണ് പറഞ്ഞത് ...
." മോളെ സാധാരണ പ്രേമ കല്യാണം പോലെ ഒന്നും അല്ലാട്ടോ .... നാട്ടുകാരൊക്കെ പറയുന്നത് മോള് ഒരു സംഭവം ആണെന്നാണ് .....
ഇത്ര അടി കൊണ്ടിട്ടും എല്ലാം സഹിച്ചത് വൈശാഖിനെ അത്ര സ്നേഹിക്കുന്നത് കൊണ്ടാണത്രേ .....
.വൈശാഖ് ആണെങ്കിലും അവന്റെ അച്ഛൻ പറയുന്നത് കേട്ട് , മോളെ രക്ഷിക്കയല്ലേ ചെയ്തത് ........
പിന്നെ രമേശന്റെ കാര്യം, ...(എന്റെ അച്ഛന്റെ പേരായിരുന്നു രമേശൻ) ..... അവൻ തല്ലിയത് ഇത്തിരി കടും കൈ തന്നെ ആണ് ....
എന്നാലും അവന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ....
ഏതു അച്ഛനാണ് ഇതൊക്കെ സഹിക്കാനാവുന്നത് ...... അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാവും ......
എന്തൊക്കെ ആണെങ്കിലും സ്നേഹിക്കാനെങ്കിൽ മോളെ കണ്ടു പഠിക്കണം എന്നാണ് ഇപ്പൊ സംസാര വിഷയം ...........
പകുതി കാര്യത്തിലും ... പകുതി തമാശയ്ക്കും ,..... ചേച്ചി അത് പറയുമ്പോൾ .....
അമ്മയുടെ മുഖത്ത് നിറഞ്ഞ ചിരി ആയിരുന്നു .........
നിന്നെക്കാളും എന്റെ മോനെ സ്നേഹിക്കാൻ ഒരു പെണ്ണിനും കഴിയില്ലന്നു പറഞ്ഞു 'അമ്മ എന്നെ ചേർത്ത് നിർത്തി .......
ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞ ഒരു സത്യം ഉണ്ടായിരുന്നു ......
"പ്രണയിക്കുന്നെങ്കിൽ ജീവൻ കൊടുത്തു തന്നെ പ്രണയിക്കണം .......ഒന്നുകിൽ ജീവൻ നഷ്ടപ്പെടും ,.... അല്ലെങ്കിൽ പ്രണയിച്ച ആളെ കിട്ടും ......." രണ്ടിൽ ഒന്ന് സംഭവിക്കുമെന്ന് ഉറപ്പാണ് .............
അന്നത്തെ ദിവസം തന്നെ ഉച്ചയ്ക്ക് മുന്നേ രണ്ടു ചേച്ചിമാരും ,എത്തി ...... എല്ലാവരേക്കാളും സന്തോഷം അവരുടെ മുഖത്ത് ആയിരുന്നു ........
"നിന്നെ തന്നെ കുഞ്ഞേട്ടൻ കല്യാണം കഴിക്കണമെന്നു ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ....... പക്ഷെ അത് എങ്ങനെ നടക്കും എന്ന് മാത്രം ഒരു പിടിയും ഉണ്ടായില്ല .........'.വീണേച്ചി പറഞ്ഞു ...
അച്ഛൻ എന്തെങ്കിലും കേസിനു പോകും മുന്നേ കല്യാണം നടത്തണം എന്ന് എല്ലാവർക്കും ഒരേ അഭിപ്രായം ആയിരുന്നു
പെട്ടെന്ന് തന്നെ ഒരു നല്ല മുഹൂർത്തം നോക്കി ........രണ്ടാഴ്ചയ്ക്കു ശേഷമുള്ള മുഹൂർത്തമാണ് കിട്ടിയത് .....
അതിനിടയിൽ "പുകഞ്ഞ കൊള്ളി പുറത്തു ' അത്രയേ കണക്കാക്കുന്നുള്ളു ..... അല്ലാതെ കേസിനൊന്നും പോകുന്നില്ലെന്ന് അച്ഛൻ ആരോടോ പറഞ്ഞുന്നു അറിഞ്ഞു .......i
അത് ഒരു ആശ്വാസമായി ...."മുറിവുകളും, മുഖത്തെ നീരും ഒക്കെ മാറാനുള്ള സമയം കിട്ടുമല്ലോ" സാറിന്റെ അച്ഛൻ പറഞ്ഞു ....
ആ രണ്ടാഴ്ച .... ഞാനും , അമ്മയും, ഒരുമിച്ചാണ് കിടന്നിരുന്നത് ........ വിദ്യേച്ചിയും വീണേച്ചിയും കല്യാണത്തിന് രണ്ടു മൂന്ന് ദിവസം മുന്നേ വരാം എന്ന് പറഞ്ഞു പോയി .....
അമ്മയുടെ കൂടെ കിടക്കുമ്പോൾ , സാറിന്റെ കുട്ടിക്കാലത്തെ വിശേഷങ്ങളും , വികൃതികളും , ഒരു മഴയത്തു സൈക്കിളിൽ പോയപ്പോൾ വീണതും , പൊട്ടും പൊടിയും വിടാതെ കഥ പോലെ പറഞ്ഞു തരുമായിരുന്നു ........
താനതൊക്കെ ഒരു വീര കഥയിലെ നായകൻറെ കഥ കേൾക്കും പോലെ കേട്ട് ഉറങ്ങും .......
ഈ രണ്ടാഴ്ചയും , ഒരു വീട്ടിൽ തന്നെ ഉണ്ടായിരുന്നെങ്കിലും സാർ എന്നെ അത്ര മൈൻഡ് ഒന്നും ചെയ്തില്ല ......... സുരക്ഷിതമായ രണ്ടു കൈകളിൽ (സാറിന്റെ അച്ഛനും അമ്മയും )ഏല്പിച്ചതിന്റെ ആശ്വാസമായിരുന്നു ആ മുഖത്ത് ....
മുന്നിൽ വന്നു പെടുമ്പോൾ എല്ലാം വെറുതെ ഒന്നു പുഞ്ചിരിക്കും , അല്ലെങ്കിൽ, " നന്ദേ മുറിവിന്റെ വേദന കുറഞ്ഞോ "എന്ന് ചോദിക്കും ....
നന്ദ എന്നല്ലാതെ , എടി.. നീ .. എന്നൊക്കെ വീണേച്ചിയെയും വിദ്യേച്ചിയേയും വിളിക്കും പോലെ എന്നെ ഒന്ന് വിളിച്ചെങ്കിലെന്നു മനസ്സ് കൊതിക്കയാവും അപ്പോൾ ....
അടുത്തുള്ള ശിവ ക്ഷേത്രത്തിൽ വച്ച് , ചെറിയ രീതിയിൽ അടുത്തുള്ള ബന്ധുക്കളെ മാത്രം ക്ഷണിച്ചു കല്യാണം നടത്താമെന്നു തീരുമാനിച്ചു ..... കല്യാണത്തിന് മൂന്ന് ദിവസം മുന്നേ തന്നെ ചേച്ചിമാർ എത്തി ....
അവർ വന്നാൽ വീട്ടിൽ ഒരു ആഘോഷം പോലെയാണ് ......... ചേച്ചിമാരുടെ ഭർത്താക്കന്മാരു
ം അവരെ ഒരുപാട് സ്നേഹിക്കുന്നവർ ആയിരുന്നു ..... വീണേച്ചിയുടെ മോനും , വിദ്യേച്ചിയുടെ രണ്ടു മക്കളും ... വീട്ടിൽ ആകെ ഉത്സവം പോലെ ആണ് ......
ഇടയ്ക്കു എന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിക്കുമ്പോൾ , ആ ചിരികളിയുടെ ഇടയിലും എന്റെ ഉള്ളൊന്നു കാളുമായിരുന്നു.... എനിക്കറിയാം എന്റെ അച്ഛനെ ......
വളർത്തു ദോഷം എന്ന സാറിന്റെ ഒറ്റ വാക്കാണ് , വര്ഷങ്ങള്ക്കു മുന്നേ അച്ഛനെ പ്രകോപിതനാക്കിയത് ......... അത് ഇപ്പോഴും മറക്കാൻ പറ്റാത്തതാണ് , കഴിഞ്ഞ ദിവസം വീണ്ടും അത്രയ്ക്ക് ദേഷ്യം ഉണ്ടാക്കിയത് ..........
മനസ്സ് കൊണ്ട് അച്ഛനോട് മാപ്പു പറഞ്ഞു .... അച്ഛനെ മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടല്ല ,.... അച്ഛന്റെ മുൻകോപത്തിനേക്കാളും, നൂറിരട്ടി ഞാൻ സ്നേഹിച്ചു പോയിരുന്നു .......
കല്യാണത്തിന് രണ്ടു ദിവസം മുന്നേ , എനിക്ക് അത്യാവശ്യം അണിയാനുള്ള ആഭരണങ്ങളും , താലിയും ഒക്കെ വാങ്ങാൻ എല്ലാവരും ഒരുമിച്ചാണ് പോയത് .......
ജ്വല്ലറിയിലെ തിളക്കങ്ങളൊന്നു
ം എന്റെ കണ്ണിൽ പതിഞ്ഞതേയില്ല ..... ആ മഞ്ഞ വെളിച്ചത്തിൽ ഞാൻ സാറിന്റെ മുഖത്തെ ഓരോ ഭാവങ്ങളും നോക്കി നിന്നു....
നന്ദേ ഇത് ഇഷ്ടായോ , അത് ഇഷ്ടായോ എന്ന് സാർ ചോദിക്കുമ്പോൾ .. ഞാൻ ആ മുഖത്തേക്ക് കൺ ചിമ്മാതെ നോക്കും ..... ഒരു അച്ഛൻ മകളെ കെട്ടിച്ചു വിടുമ്പോൾ എന്ന പോലെ , അത്രയും ആഭരണങ്ങൾ എനിക്കായി വാങ്ങുമ്പോൾ.... . ആൾക്ക് എന്നോടുള്ള സ്നേഹത്തിനു എന്ത് പേരിട്ടു വിളിക്കണം എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേ ഇരുന്നു .........
പിന്നെ കല്യാണ സാരിയും മറ്റും വാങ്ങാൻ ടെക്സ്റ്റൈൽസിൽ പോയപ്പോഴും , ഞാൻ എന്റെ സാറിനെ മാത്രം നോക്കി നോക്കി ഇരുന്നു .....
അന്നേരം ആണ് എനിക്ക് മനസ്സിലായത് , സാർ അടുത്ത് ഉണ്ടെങ്കിൽ മറ്റൊന്നും കാണാൻ എനിക്ക് കഴിയുന്നില്ല എന്ന് ......
എല്ലാവരും കൂടി എന്തൊക്കെയോ സെലക്ട് ചെയ്തു ......
കല്യാണ ദിവസം വന്നെത്തി ....., സാറിനെ കിട്ടുന്നത് ലോകം കീഴടക്കുന്ന സന്തോഷം ആണെങ്കിലും ,... ആദ്യമായി അച്ഛനും അമ്മയും കൂടെ ഇല്ലലോ എന്നൊരു വേദന നെഞ്ചിൽ നിറഞ്ഞു ... എന്റെ കല്യാണം അവരും സ്വപ്നം കണ്ടിട്ടുണ്ടാവി
ല്ലേ..... തൊട്ടടുത്ത വീട്ടിൽ ഉണ്ടെങ്കിലും അന്യരെ പോലെ ......
വിദ്യേച്ചിയും , വീണേച്ചിയും ചേർന്നെന്നെ അതി സുന്ദരിയായാണ് അണിയിച്ചൊരുക്കിയത് ...... ഒരുങ്ങി വന്നപ്പോൾ , സാറിന്റെ കണ്ണുകൾ പെട്ടെന്ന് എന്നിലുടക്കി...
...ഒരു നിമിഷം മാത്രം .... ആദ്യമായാണ് അങ്ങനെ ഒരു നോട്ടം ..... ഞാൻ അടിമുടി പൂത്തു പോയി ...
വീട്ടിൽ നിന്നു ക്ഷേത്രത്തിലേക്ക് പോകാൻ ഇറങ്ങുമ്പോൾ, അടുത്ത ബന്ധുക്കളും, അയൽക്കാരും , പിന്നെ സാറിന്റെ കുറച്ചു സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു .......
ഒരു നിമിഷം ഞാനെന്റെ വീട്ടിലേക്കു നോക്കി ..... ആരും പുറത്തു കാണില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ .......
എന്നാൽ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അനിയത്തി ഗേറ്റിനു അടുത്ത് , ഞാൻ ഇറങ്ങുന്നത് കാണാൻ എന്ന പോലെ നിൽക്കുന്നുണ്ടായിരുന്നു ....
അവൾ എപ്പോൾ ഹോസ്റ്റലിൽ നിന്നു വന്നു ...? എത്രനാളായി അവളെ അടുത്ത് കണ്ടിട്ട് .......
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തുളുമ്പുന്നത് എനിക്ക് വ്യക്തമായിരുന്നു ....
അവളെന്തോ പറയാൻ ആംഗ്യം കാണിച്ചു... അപ്പോഴാണ് തൊട്ടപ്പുറം ... മാവിന്റെ കൊമ്പിലേക്കു നോക്കികൊണ്ട് അച്ഛൻ നിൽക്കുന്നത് കണ്ടത് ........
പെട്ടെന്നാണ് സാർ പറഞ്ഞത് ,.... "നന്ദേ , പോയി അച്ഛന്റെ കാൽ തൊട്ടു അനുഗ്രഹം വാങ്ങി വാ " എന്ന് ....
പലരും സാറിനെ വിലക്കി ... വേണ്ട ഈ സമയത്തു ഇനി ഒരു പ്രശ്നം ഉണ്ടാവാൻ കാരണം ആവണ്ട ന്നു .....
പക്ഷെ സർ പറഞ്ഞു ," നന്ദ പോയി വരൂ ... അച്ഛൻ ഒന്നു ചെയ്യില്ല എനിക്ക് മനസിലാകും ആ മനുഷ്യനെ",... അത് കേട്ട് ആർക്കും ഒന്നു പറയാൻ ഉണ്ടായിരുന്നില്ല .....
അച്ഛന്റെ അടുത്ത് എത്താൻ എന്റെ കാലുകൾക്കു വേഗത പോരെന്നു തോന്നി .....
ഞാൻ വരുന്നത് കണ്ടു അനിയത്തി ഗേറ്റ് തുറന്നു പിടിച്ചു ...... ഓടിച്ചെന്നു അച്ഛന്റെ കാലിലേക്ക് വീണപ്പോൾ അച്ഛനതു ഒട്ടും പ്രതീക്ഷിച്ചില്
ലന്ന് തോന്നി ....
അച്ഛന് ഒന്നും പറയാൻ ഉണ്ടായില്ല ......പിടിച്ചു എഴുന്നേൽപ്പിച്ചു എപ്പോഴാണ് മുഹൂർത്തം എന്ന് മാത്രം ചോദിച്ചു ....... അത് കണ്ടു കരഞ്ഞു കലങ്ങിയ കണ്ണുമായി 'അമ്മ പുറത്തേക്കു വന്നു ....രണ്ടുപേരുടെയും കാലിൽ വീണു ഞാൻ മാപ്പു പറയുമ്പോൾ .... പിറകെ വന്നു സാറും അച്ഛന്റെ കാലിൽ തൊട്ടു ........
അച്ഛന്റെ കണ്ണ് നിറയുന്നത് കാണാതെ ഇരിക്കാൻ അച്ഛൻ പാടുപെടുന്നുണ്ടായിരുന്നു ...." നിങ്ങൾ വേഗം പൊയ്ക്കോ,... മഴ വരും ചിലപ്പോൾ... നല്ല ചൂടുണ്ട് " എന്ന് പറയുമ്പോൾ അച്ഛന്റെ ശബ്ദം ഇടറിയിരുന്നു .......
സർ അച്ഛന്റെ രണ്ടു കയ്യും കൂടി പിടിച്ചു കൊണ്ട് പറഞ്ഞു ...."അച്ഛൻ വളർത്തിയ മകളായതു കൊണ്ടാണ് നന്ദ ഇത്ര അധികം എല്ലാവരെയും സ്നേഹിക്കുന്നത് ..... ആരെയും വിഷമിപ്പിച്ചു അവൾക്കു പോകാൻ കഴിയില്ല... അത്രയും നല്ല കുട്ടിയാണ് നന്ദ "
അച്ഛന്റെ മനസ്സിൽ മായാതെ കിടന്ന വളർത്തു ദോഷം എന്ന വാക്കു മായ്ക്കാൻ അത് മതിയായെന്നു തോന്നി .....
തിരിച്ചു ഇറങ്ങുമ്പോൾ , ഒരു ഏട്ടന്റെ അധികാരത്തോടെ , സർ അനിയത്തിയോട് പറഞ്ഞു ..... " മുഹൂർത്തത്തിന് ഇനിയും സമയം ഉണ്ട് ..... നീ പെട്ടെന്ന് റെഡിയായി അച്ഛനെയും അമ്മയെയും കൂട്ടി , അമ്പലത്തിലേക്ക് വാ ...
നഷ്ടപെട്ടതെല്ലാം തനിക്ക്, ഒരു നിമിഷം കൊണ്ട് തിരിച്ചു തരാൻ സാറിന് മാത്രമേ കഴിയുള്ളു എന്ന് തോന്നി .... ആ മനസ്സിന്റെ വലിപ്പം താൻ അറിഞ്ഞതിലുമൊക്കെ എത്രയോ മുകളിലാണ് .......
സാക്ഷികളായി നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ....." നിങ്ങളെ ദൈവം അനുഗ്രഹിക്കും മക്കളെ ...അത്രയ്ക്കും പുണ്യമാണ് നിങ്ങൾ ചെയ്തതെന്ന് പറഞ്ഞു കൊണ്ട് സാറിന്റെ 'അമ്മ കണ്ണ് തുടച്ചു ......
എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു ..........
അമ്പലത്തിൽ എത്തി തൊഴുതു വലം വച്ച് , എത്തിയപ്പോൾ പൂജാരി കർമങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു
..... " "വിനു ഒന്ന് പെട്ടെന്ന് കൂട്ടി കൊണ്ട് വരൂ " സർ ആരോടോ ഫോണിൽ പറയുന്നുണ്ടായിരുന്നു .....
കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോഴും തന്റെ കണ്ണ് ക്ഷേത്ര കവാടത്തിൽ ആയിരുന്നു ......... പത്തു മിനിട്ടു കൊണ്ട് തന്നെ,... വിനു അച്ഛനെയും,അമ്മയെയും അനിയത്തിയേയും കൂട്ടി വന്നു .....
മണ്ഡപത്തിലേക്ക് കയറാതെ, അച്ഛനും അമ്മയും ഒരു സൈഡിൽ മാറി നിന്നു....... എല്ലാവരും പുതിയ ഡ്രെസ്സുകൾ ഒക്കെ ഇട്ടു നില്ക്കുംമ്പോൾ ,....
അച്ഛനും അമ്മയും കയ്യിൽ കിട്ടിയത് എടുത്തു ഇട്ടോണ്ട് പോന്നതാണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും .......
കന്യാ ദാന ചടങ്ങിന് വേണ്ടി അച്ഛനെ വിളിച്ചപ്പോൾ , അച്ഛൻ പതിയെ മണ്ഡപത്തിലേക്ക് വന്നു ....
എന്റെ കൈ പിടിച്ചു , അച്ഛൻ സാറിന്റെ കയ്യിൽ വയ്ക്കുമ്പോൾ , എന്റെ കയ്യിൽ അച്ഛന്റെ കണ്ണുനീർ , തുള്ളികളായി വീണു കൊണ്ടിരുന്നു ......
നീ തിരഞ്ഞെടുത്തത് അച്ഛന് ഏറ്റവും യോഗ്യനായ മരുമകനെ ആണെന്ന് അച്ഛന്റെ മുഖം പറയുന്നുണ്ടായിരുന്നു ........
കൊട്ടും കുരവയും, പുഷ്പ വർഷവും ഒക്കെ ആയി , സാർ എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ , സാറിന്റെ ശ്വാസം എന്റെ കവിളിൽ തട്ടുന്നുണ്ടായിരുന്നു .....
കണ്ണടച്ച് നിന്നു ഞാൻ ദൈവത്തോട് നന്ദി പറയുമ്പോൾ , ഇല ചീന്തിൽ നിന്നു ഒരു നുള്ള് കുങ്കുമം സാർ എന്റെ നെറുകയിൽ അണിയിച്ചിരുന്നു ........
കല്യാണം കഴിഞ്ഞു സാറിന്റെ വീട്ടിലൊരുക്കിയ സദ്യയിൽ , അച്ഛന് എന്റെ അടുത്ത് തന്നെ ഇല വിളമ്പി , അച്ഛനെ കൈ പിടിച്ചു എന്റെ അടുത്ത് ഇരുത്തുമ്പോൾ സാറിന്റെ അച്ഛന്റെ മുഖത്തും സംതൃപ്തി ആയിരുന്നു ..
അവിടെ നിന്നു ഇറങ്ങുമ്പോൾ , ബന്ധുക്കളെ എല്ലാവരെയും വിളിച്ചു, റിസപ്ഷൻ നടത്താൻ ഒരു ദിവസം ഫിക്സ് ചെയ്യട്ടെയെന്നു അച്ഛൻ സാറിനോട് ചോദിച്ചു .....
"അച്ഛന്റെ ഇഷ്ടം പോലെ .... അതിലും ഒക്കെ വലുതല്ലേ.... അച്ഛന്റെ അനുഗ്രഹം ....
ആ അനുഗ്രഹം ഉണ്ടല്ലോ ,.....അതുമതിയല്ലോ ഞങ്ങൾക്ക് ,...." എന്ന് സാർ പറഞ്ഞപ്പോൾ അച്ഛന്റെ മുഖം അഭിമാനം കൊണ്ട് നിറയുകയായിരുന്നു ...........
ഒരിക്കലും നടക്കില്ലന്ന് കരുതിയതൊക്കെ ഒരു ദിവസം കൊണ്ട് തന്നെ സാധിപ്പിച്ചു തന്നതിന് , ദൈവത്തിനോട് നന്ദി പറയുമ്പോഴും ,.... ആരും കാണാതെ സാറിന്റെ നെഞ്ചിൽ വീണു പൊട്ടിക്കരയണമെന്നും, അച്ഛന്റെ പിണക്കം മാറ്റിയതിൽ നന്ദി പറയണം എന്നൊക്കെ തോന്നി.....
അന്ന് രാത്രി , 'അമ്മ ഒരു ഗ്ലാസ്സിൽ പാൽ നിറച്ചു എന്റെ കയ്യിൽ തരുമ്പോൾ പറഞ്ഞു...
ഇത് ഒരു ചടങ്ങാണ് അത് കൊണ്ട് തരുന്നതാ.... .. എന്റെ മുഖം രണ്ടും കൈ കൊണ്ടും ചേർത്ത് പിടിച്ചു കൊണ്ട് 'അമ്മ പറഞ്ഞു,.... ഈ സുന്ദരിക്കുട്ടിയെ അവൻ ഒരിക്കൽ സ്നേഹം കൊണ്ട് മൂടും ....പക്ഷെ ഇപ്പൊ അവൻ എന്തെങ്കിലും പറഞ്ഞാൽ അത് ഓർത്തു മോൾ മനസ്സ് വിഷമിപ്പിക്കരുത് .....
എനിക്കറിയാലോ അമ്മെ ... എനിക്ക് അതിൽ ഒന്നും ഒരു വിഷമവും ഇല്ല ...... ഇനി സാറിനെ എനിക്ക് എപ്പോഴും ... കാണാല്ലോ ... അതിനേക്കാൾ വലിയ സന്തോഷം ഒന്നുമില്ലല്ലോ .....എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ ആ മുറിയിലേക്ക് ചെല്ലുമ്പോൾ ,...
സർ കെമിസ്ട്രി റെക്കോർഡ്സ് കറക്റ്റ് ചെയ്യുകയായിരുന്നു ....... തന്നെ കണ്ടപ്പോൾ തന്നെ.... "ആഹാ പാലൊക്കെ ആയിട്ടാണല്ലോ .... 'അമ്മ തന്നു വിട്ടതായിരിക്കും അല്ലെ ...?
എന്തായാലും മുഴുവൻ കുടിച്ചaളൂട്ടോ .... നന്ദയ്ക്ക് ഭയങ്കര ക്ഷീണം ആണെന്ന് 'അമ്മ പറയുന്നുണ്ടായിരുന്നു ......"
ഇരിക്കൂ എന്ന് പറഞ്ഞു കൊണ്ട് ഒരു കസേര എന്റെ അടുത്തേക്ക് അടുപ്പിച്ചു ഇട്ടു തന്നു കൊണ്ട് , ....സർ വീണ്ടും റെക്കോർഡിലേക്ക് ശ്രദ്ധ തിരിച്ചു ...........
ആ റെക്കോർഡിലേക്ക് ഒക്കെ നോക്കുമ്പോൾ , ... പണ്ട് ലാബിനു പുറത്തു നിർത്തിയ ദിവസം , സാറിനോട് ഇഷ്ടം പറഞ്ഞതും , സാറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നതും... അച്ഛൻ ചട്ടകം പഴുപ്പിച്ചു കാലിൽ വച്ചതും ഒക്കെ ഇന്നലെ നടന്ന പോലെ ഓർമ വരുന്നുണ്ടായിരുന്നു ...........
അന്നത്തെ കൗതുകം ഒട്ടും കുറയാതെ , ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കിയിരുന്നു ..... പെട്ടെന്ന് എന്തോ പറഞ്ഞു കൊണ്ട് എന്നിലേക്ക് തിരിഞ്ഞ സാർ , എന്റെ നോട്ടത്തിനു മുന്നിലും, ഞാൻ ആ നോട്ടം പിൻവലിക്കാൻ കഴിയാതെയും പതറി ....
റെക്കോർഡുകൾ ഒക്കെ മടക്കി വച്ച് സർ പറഞ്ഞു ... " നന്ദയുടെ പ്രണയം ഈ നിമിഷം വരെ എനിക്ക് അത്ഭുതമാണ് ... പക്ഷെ പഠിപ്പിച്ച കുട്ടിയെ ഭാര്യയായി കാണാൻ ഒന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല ....നന്ദയ്ക്ക് അത് മനസ്സിലാക്കാൻ പറ്റും..... ഇല്ലേ ...?
നെഞ്ച് പൊട്ടിപോകുമെന്നു തോന്നിയെങ്കിലും ചിരി വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു ... അതെ എനിക്ക് മനസ്സിലാക്കാന് പറ്റും .....
"എന്നാൽ നന്ദ കിടന്നോളു .... കുറച്ചു ദിവസം ലീവ് ആയിരുന്നതല്ലേ ... നാളെ ക്ലാസ്സിൽ പോണം ... ഇതൊന്നു നോക്കി തീർക്കട്ടെ ...."
ഞാൻ പതിയെ ബെഡിന്റെ ഓരം ചേർന്ന് കിടന്നു ..... എപ്പോഴോ ഉറങ്ങി ....
ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോൾ ആണ് സാർ താഴെ പായ വിരിച്ചു കിടക്കുന്നതു കണ്ടത് ...... അത് എനിക്ക് സഹിക്കാൻ ആയില്ല ...
തറയിൽ കിടക്കേണ്ടത് ഞാനല്ലേ .... ഇനി ഒരിക്കലും സാറിന് തറയിൽ കിടക്കാൻ ഒരിട വരുത്തില്ലെന്ന് കരുതിയാണ് എഴുന്നേറ്റത് .......
കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ 'അമ്മ അവിടെ ഇല്ല .... അമ്പലത്തിൽ പോയെന്നു അച്ഛൻ പറഞ്ഞു .... ചേച്ചിമാർ രണ്ടു മടിച്ചികളും എഴുന്നേറ്റില്ലന്നും .....
അവർ ഉറങ്ങിക്കോട്ടെ അച്ഛാ ... ഇവിടെ വരുമ്പോൾ അല്ലെ അവർക്ക് ഇങ്ങനെ ഉറങ്ങാൻ പറ്റുള്ളൂ എന്ന് പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിലേക്കു തന്നെ തിരിച്ചു പൊന്നു ......
ചായയുമായി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ , അച്ഛൻ പത്രം വായിക്കുകയായിരുന്നു .....
ചായ ഞാൻ ഇട്ടു അച്ഛാ ... എന്ന് പറഞ്ഞു കൊണ്ട് ചായ അച്ഛന് കൊടുക്കുമ്പോൾ .... അച്ഛൻ പറഞ്ഞു....
നിന്റെ അമ്മയ്ക്കു അടുക്കളയിൽ സഹായം ഒന്നും വേണ്ടി വരില്ല .....
എപ്പോഴും വർത്താനം പറഞ്ഞു കൊണ്ടിരിക്കാൻ ആണ് ആളെ ആവശ്യം ...
.
അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ സാർ ഉണർന്നിരുന്നു .....
സാറിന്റെ അടുത്ത് നിൽക്കുബോൾ ഒക്കെ നെഞ്ചിടിപ്പിന്റെ വേഗത കൂടി വന്നു ..... പലപ്പോഴും നോട്ടങ്ങൾ ഇടയുമ്പോൾ ഹൃദയം നിന്നു പോകുമെന്ന് തോന്നി .......
സാർ പെട്ടെന്നു തന്നെ കുളിച്ചു സ്കൂളിൽ പോകാൻ റെഡി ആയി.... ഇറങ്ങാൻ നേരം അമ്മയോട് പോകുന്നു എന്ന് പറയുമ്പോൾ .... എന്നോട് യാത്ര പറഞ്ഞെങ്കിലെന്നു കൊതിച്ചു ഞാനും അരികിൽ ഉണ്ടായിരുന്നു ....
എന്റെ മനസ്സ് അറിഞ്ഞത് കൊണ്ടാവും , ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ വെറുതെ എന്നെ നോക്കി ...
അത് മാത്രം മതിയായിരുന്നു എനിക്ക് , രണ്ടു ദിവസത്തെ സന്തോഷത്തിനു.......
*********************************************
*******************
അങ്ങനെ കല്യാണം കഴിഞ്ഞു രണ്ടു മാസം കടന്നു പോയി ........
അന്ന് മുതൽ ഞാൻ പായ വിരിച്ചു താഴെ കിടക്കാൻ തുടങ്ങി ..........
സാറിന്റെ മുന്നിൽ മാത്രം പച്ച പാവം ആയും, ... അച്ഛന്റെയും അമ്മയുടെയും കുസൃതിക്കാരിയും ആയപ്പോൾ ..... 'അമ്മ ചിലപ്പോൾ എന്നെ നന്ദു ന്നും നന്ദൂട്ടി എന്നും അച്ഛൻ നന്ദൂസ് എന്നും ഒക്കെ വിളിച്ചു തുടങ്ങി .... സാർ ആദ്യം പേര് ചോദിച്ചപ്പോൾ പറഞ്ഞ പോലെ എന്റെ ജീവിതം നിള പോലെ ഒഴുകി തുടങ്ങി .....
അപ്പോഴാണ് ദേ ഇപ്പൊ ചോദിക്കുന്നത് , ഇനി പഠിക്കണം എന്നുണ്ടോ ന്നു .....
വെറുതെ ചോദിക്കുന്നതല്ല, അതിനർത്ഥം , ഉടനെ തന്നെ എവിടെയെങ്കിലും അഡ്മിഷൻ ശരിയാക്കും എന്ന് തന്നെയാണ് ..........ഓർത്തിട്ടു കരച്ചിൽ വരുന്നു .........
ഇത്രനാളും സാറിന്റെ മനസ്സിൽ കയറി പറ്റാത്തതിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയായിരുന്നു .....ഇനി ഇപ്പൊ പഠിക്കുന്നതിനെ കുറിച്ചും ചിന്തിക്കണമല്ലോ എന്റെ മഹാദേവാ .... പഠിക്കാതെ സ്വപ്നം കാണാൻ ഒന്നും പറ്റില്ല കൂടെയിരുന്നു പഠിപ്പിക്കും എന്നുറപ്പാണ് ........
വിധി എന്ന് പറയുന്നത് ഇതാണ് ..... സാഹചര്യങ്ങളോട് പൊരുതിയും, നോയമ്പ് നോറ്റും, ആഗ്രഹിച്ച പോലെ ഈ താലി കഴുത്തിൽ വീണു .... ലോകം കീഴടക്കി എന്ന് തോന്നിയിരുന്നു .......... എന്നിട്ടും ആൾടെ മനസ്സിൽ തനിക്ക് എത്താൻ പറ്റിയില്ലലോ .......
തലയിണയിൽ മുഖം അമർത്തിയിട്ടും, ഒരു തേങ്ങൽ പുറത്തു വന്നു .....
സർ പെട്ടെന്ന് തന്നെ ലൈറ്റിട്ടു ......" നന്ദ ഉറങ്ങിയില്ലേ ...." ചോദ്യം കേൾക്കാതെ ഉറങ്ങിയത് പോലെ ഞാൻ കിടന്നു ..........
നന്ദ കേൾക്കുന്നുണ്ടോ ....? എഴുന്നേൽക്കു.... ശബ്ദത്തിലെ കാഠിന്യം ഞാൻ പെട്ടെന്ന് എഴുന്നേറ്റു .....
"എന്തിനാ കരഞ്ഞത്, എന്താ ഇപ്പൊ ചിന്തിച്ചത് ....? അത് പറഞ്ഞിട്ട് ഇനി കിടന്നാൽ മതി ........." സാറിന്റെ ചോദ്യത്തിന് ഒന്നുമില്ല ന്നു പറഞ്ഞു കൊണ്ട് ഞാൻ തല കുനിച്ചു നിന്നു........
എനിക്ക് അങ്ങനെയേ പറയാൻ കഴിഞ്ഞുള്ളു ........സാർ ഇതുവരെ എന്നെ ഭാര്യയായി കാണാൻ കഴിയാത്തതു കൊണ്ടാണെന്നു പറഞ്ഞാൽ .... അത് മറ്റു പലതും ചോദിക്കുന്നത് പോലെയാകും ........
അതുവേണ്ട ,.... ഈ നന്ദ പ്രണയിച്ചത് ഹൃദയം കൊണ്ടാണ് ... അത് എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ .....
"നന്ദ എന്താണ് ചിന്തിക്കുന്നത് , ഞാൻ ചോദിച്ചത് കേട്ടില്ലേ .....? എന്റെ മുഖത്ത് നോക്കി , കണ്ണിൽ നോക്കി പറയൂ ഒന്നും ഇല്ലന്ന് ....."
ആ കണ്ണിലേക്കു നോക്കിയാൽ പിന്നെ എനിക്ക് പിടിച്ചു നില്ക്കാൻ കഴിയില്ല .... സാറിന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ ആ നെഞ്ചിലേക്ക് ഞാൻ വീണു പോകുമെന്നു ഞാൻ പേടിച്ചു ......

താൻ വീണ്ടും തല കുനിച്ചു നിൽക്കുന്നത് കണ്ടു , " നന്ദ പറയില്ലെന്ന് തീരുമാനിച്ചോ "
എന്ന സാറിന്റെ ചോദ്യത്തിന് രണ്ടു കൈ കൊണ്ടും മുഖം പൊത്തിനെഞ്ച് പൊട്ടിയുള്ള കരച്ചിലായിരുന്നു എന്റെ മറുപടി ........
തിരിച്ചു ഞാൻ ആ പായയിലേക്കു, ഒന്നു പറയാതെ വന്നു കിടക്കുമ്പോൾ,... ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ കൊതിച്ച പോലെ സാർ എന്നെ നോക്കുന്നുണ്ടായിരുന്നു .........
ഒത്തിരി കരഞ്ഞു ഉറങ്ങിയത് കൊണ്ടാവാം ..... രാവിലെ എഴുന്നേറ്റപ്പോൾ എന്റെ മനസ്സിലെ ഭാരം എല്ലാം കുറഞ്ഞിരുന്നു ...
അസ്വാഭാവികമായി ഒന്നു സംഭവിച്ചിട്ടില്ലാത്ത പോലെ ഞാൻ അടുക്കളയിൽ അമ്മയോടൊപ്പം കളിച്ചും ചിരിച്ചും കൂടി .....
എത്ര ആഴത്തിൽ ഉള്ളത് ആണെങ്കിലും എന്റെ നെഞ്ചിലെ മുറിവുകളൊക്കെ എത്ര പെട്ടെന്നാണ് ഉണങ്ങുന്നത് എന്നെനിക്കു തോന്നി ..........
എന്റെ കണ്ണുനീർ സാറിന്റെ ഉള്ളിൽ വീണു പൊള്ളിയിരുന്നു എന്ന് സാറിന്റെ മുഖത്ത് നിഴലിച്ചിരുന്ന വിഷാദം , പറയാതെ പറയുന്നുണ്ടായിരുന്നു .....
അധികം വൈകാതെ തന്നെ എന്റെ ബി .എഡിനുള്ള അഡ്മിഷൻ ശരിയായി .... കോളേജിൽ പോകുന്നതിനു തലേദിവസമാണ് സാർ പറഞ്ഞത് , ക്ലാസ്സിൽ പോകുമ്പോൾ സിന്ദൂരവും താലിമാലയതും ഒന്നും അണിയണ്ടാന്നു ....
വല്ലാത്തൊരു ഷോക്കോടെ ഞാൻ സാറിനെ നോക്കി .
" വേറെ ഒന്നും കൊണ്ടല്ല, കല്യാണം കഴിഞ്ഞ കുട്ടികളെ കൂടെ ഉള്ളവർ ഒരു ചേച്ചിയായിട്ടേ കാണുള്ളൂ ... മാത്രമല്ല, കുടുംബവും പ്രാരാബ്ധവും അതിനിടയിൽ പഠിക്കാൻ വരികയാണെന്ന് ചില ടീച്ചർമാർക്കെങ്കിലും തോന്നും , അതിനൊന്നും ഒരു ചാൻസ് കൊടുക്കണ്ട , നന്നായി പഠിക്കണം........" സാർ അത് പറയുമ്പോൾ തിരിച്ചൊന്നും പറയാനാവാതെ ഞാൻ നിന്നു.....
പക്ഷെ അന്ന് രാത്രി, 'അമ്മ പാത്രങ്ങൾ ഒക്കെ കഴുകുമ്പോൾ , പിറകിൽ ചെന്ന് കെട്ടിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു .... എനിക്ക് പഠിക്കണ്ടമ്മേ.... 'അമ്മ സാറിനോട് ഒന്ന് പറയൂ ....
. മാത്രമല്ല താലി അഴിച്ചു വച്ച് ക്ലാസ്സിൽ പോകാനാണ് പറയുന്നത് .... താലി അഴിച്ചു വയ്ക്കാൻ എനിക്ക് പറ്റില്ലമ്മേ .... എത്ര പ്രാർത്ഥിച്ചിട്ടാണെന്നു അറിയോ ,,? ഇത് കഴുത്തിൽ വീണത് ....
മോളെ നിന്നെ പഠിപ്പിക്കുന്ന കാര്യത്തിൽ എനിക്ക് ഒന്നും പറയാൻ പറ്റില്ല .....അത് അവന്റെ ഇഷ്ടമാണ് , എത്രയോ പെൺകുട്ടികൾ കല്യാണം കഴിഞ്ഞിട്ട് , പഠിക്കാൻ ആഗ്രഹിച്ചിട്ടും , നടക്കാതെ പോകുന്നു .....
ഇതൊരു ഭാഗ്യമായി കരുതിയാൽ മതി .... പക്ഷെ താലിയൊന്നും അഴിച്ചു വയ്ക്കേണ്ട ആവശ്യം ഇല്ല ....അത് സാരിയുടെ പുറത്തു , കാണുന്ന വിധത്തിൽ ഇടാതെ ഇരുന്നാൽ മതിയല്ലോ ... അത് ഞാനവനോട് പറയാം ....
അടുത്ത ദിവസം തന്നെ ക്ലാസ്സിൽ പോയി തുടങ്ങി,..... അടുത്തുള്ള ബസ് സ്റ്റോപ്പിൽ കോളേജ് ബസ് വരും... സ്റ്റോപ്പ് വരെ സാർ ബൈക്കിൽ കൊണ്ട് പോയി വിടും .....
സാറിന്റെ പിന്നിൽ ബൈക്കിൽ ഇരിക്കുമ്പോൾ , ഒന്ന് വട്ടം ചുറ്റി പിടിക്കാൻ വെമ്പുകയായിരിക്
കും മനസ്സ് ....... എന്നാലും ഞാൻ ഒരു അകലം പാലിച്ചു ഇരിക്കും ....
ബി.എഡ് എന്നാൽ അധികം ഒന്നും പഠിക്കാൻ കാണില്ല എന്ന അത്ര നാളത്തെ എന്റെ ചിന്ത, മൊത്തത്തിൽ തെറ്റാണെന്നു ആദ്യത്തെ ദിവസം തന്നെ മനസ്സിലായി ....
കുന്നോളം ഉണ്ടായിരുന്നു പഠിക്കാൻ ... പോരാത്തതിന്, എട്ടു , ഒൻപതു , പത്തു എന്നീ ക്ലാസ്സുകളിലെ പാഠപുസ്തകവും, അരച്ച് കലക്കി കുടിക്കണം ആയിരുന്നു ... ഓരോ വിഷയത്തിനും റെക്കോർഡുകളും....
സൈക്കോളജി , ടെക്നോളജി, ഫിലോസഫി , ഈ മുന്ന് വിഷയങ്ങളും എല്ലാ ഓപ്ഷൻസിൽ ഉള്ളവർക്കും പൊതുവായി പഠിക്കണം എന്നുള്ളത് കൊണ്ട് തന്നെ... ആ ക്ലാസ്സിൽ കുട്ടികൾ കൂടുതൽ ആയിരുന്നു .... ഓഡിറ്റോറിയത്തിൽ വച്ച് മൈക്ക് ഉപയോഗിച്ചാണ് , ടീച്ചർ പഠിപ്പിച്ചിരുന്നത് ....
ആദ്യത്തെ ദിവസം തന്നെ എട്ടിന്റെ പണി കിട്ടിയ പോലെയാണ് തിരിച്ചു വീട്ടിൽ എത്തിയത് ...... പക്ഷെ സാറിന്റെ മുഖം അന്ന് പതിവിനെക്കാൾ സന്തോഷത്തിൽ ആയിരുന്നു .....
ആവശ്യം ഇല്ലാതെ ഉള്ള നിന്റെ ചിന്തകളും, കരച്ചിലും ഒക്കെ ഇതോടെ തീരുമെന്ന് ആ മുഖത്ത് എഴുതി വച്ച പോലെ തോന്നി ......
സന്ധ്യയ്ക്ക് നാമ ജപം കഴിഞ്ഞു , 'അമ്മ പതിവായി കാണുന്ന സീരിയലിന്റെ മുന്നിൽ വെറുതെ ഒന്ന് ഇരുന്നതേ ഉണ്ടായുള്ളൂ ..... അപ്പോൾ തന്നെ വന്നു സാറിന്റെ വിളി ....
" നന്ദേ, ഇന്ന് ക്ലാസ്സിൽ എടുത്തത് എന്തൊക്കെയാണെന്ന് ടേബിളിൽ എടുത്തു വച്ചേ ... ഞാൻ നോക്കിയിട്ടു, മനസ്സിലാകാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാം ...."
അതൊരു തുടക്കം ആയിരുന്നു .... പിന്നീടുള്ള ഓരോ ദിവസങ്ങളിലും , ക്ലാസ്സിൽ എടുത്തത് അന്ന് തന്നെ പഠിച്ചിട്ടേ ഉറങ്ങാൻ സമ്മതിക്കൂ....
ഇത്രയും പഠിച്ചിട്ടു, എന്നോട് പറയ് ചോദിക്കാം..... എന്ന് പറഞ്ഞു സാർ ഏതെങ്കിലും ബുക്ക് എടുത്തു വായിക്കും ....
സ്വപ്നം കാണാൻ ഏറ്റവും നല്ലതു പഠിക്കുന്ന നേരം ആണെന്ന് ഒരിക്കൽ കൂടി തോന്നി എനിക്ക് .... ബുക്കിന്റെ സ്സൈഡിൽ കളം വരച്ചും, ഡിസൈൻ ചെയ്തും ഒക്കെ ഞാനിരിക്കും .....
അത് സർ കണ്ടു പിടിച്ചതോടെ , അടുത്ത് വന്നു എഴുതിയത് ഓരോന്നും എക്സ് പ്ലെയിൻ ചെയ്തു തരാൻ തുടങ്ങി .... പണ്ടത്തെ കെമിസ്ട്രി ക്ലാസ്സിൽ ഞാൻ മാത്രം ഇരുന്നു പഠിച്ചാൽ എങ്ങനെയായിരിക്ക
ും... അത് പോലെ തോന്നി ...
ഇത്ര അടുത്ത് ഇരുന്നു പഠിപ്പിക്കുബോൾ ആണ് ആ മുഖത്തിലെ ഗൗരവവും , ഭംഗിയുള്ള മീശയും , താടിയിലെ ചുഴിയും ഒക്കെ ശരിക്കും കൗതുകം ആയി തോന്നുന്നത് ......
പലപ്പോഴും കൺ ചിമ്മാതെയുള്ള എന്റെ നോട്ടം കാണുമ്പോൾ ഒക്കെ , "പറയുന്നത് ശ്രദ്ധിക്കാതെ എന്റെ മുഖത്ത് നോക്കി ഇരിക്കയാണോ" എന്ന് ദേഷ്യത്തോടെ ചോദിക്കുന്ന ആൾ .... പിന്നീട് എപ്പോഴോ എന്റെ ആ നോട്ടത്തിനു മുന്നിൽ പതറാൻ തുടങ്ങി ..... വല്ലാത്തൊരു വെപ്രാളം സാറിന്റെ മുഖത്തും കണ്ടു തുടങ്ങി .....
സാറിന്റെ മനസ്സിലേക്ക് ഇനി അധിക ദൂരം ഇല്ലന്ന് തോന്നി തുടങ്ങി ..
ബി. എഡ് കോളേജിലെ അന്തരീക്ഷവുമായി ഞാൻ പതിയെ പൊരുത്തപ്പെട്ടു... പഠിക്കണം എന്നൊരു തോന്നൽ എന്റെ മനസ്സിലും വന്നു......
സാർ പറയാതെ തന്നെ പഠിക്കാനും, റെക്കോർഡ് എഴുതാനും ഒക്കെ തുടങ്ങി .... എന്റെ ആ മാറ്റം സാറിനും മനസ്സിലായെന്നു തോന്നുന്നു .... എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കൂ എന്ന് പറഞ്ഞു , ചിലപ്പോൾ അച്ഛന്റെ കൂടെയിരുന്നു ക്രിക്കറ്റ് കാണാനും, ഷട്ടിൽ കളിക്കാനും ഒക്കെ പോയി തുടങ്ങി ....
ഒരു ദിവസം ഞാൻ ക്ലാസ്സിൽ നിന്നു വന്നപ്പോൾ, സർ പണ്ട് താമസിച്ചിരുന്ന വീടിനു , അടുത്ത വീട്ടിലെ ഒരു ചേച്ചിയും , മകളും വീട്ടിൽ വന്നിട്ടുണ്ടായിരുന്നു .....
ഒരു അഹങ്കാരി പെണ്ണ് .... ഇതാണോ നന്ദ , അളകനന്ദ എന്ന് പുച്ഛത്തോടെ ചോദിച്ചു കൊണ്ട്, സാറിനോട് പറഞ്ഞു ..... കുഞ്ഞേട്ടന് വേറെ ഒരു പെണ്ണിനേയും കിട്ടിയില്ലേ ...? ഇങ്ങനെ കാണാൻ പാവം പോലെ ഉള്ള പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റില്ല ... മനസ്സ് മുഴുവൻ കള്ളത്തരം ആയിരിക്കും ...."
എന്നിട്ടു എന്നോടായി "തന്നെ അല്ലാട്ടോ ... പൊതുവെ പറഞ്ഞതാണ് .... "
ഞാൻ അവളെ മിഴിച്ചു നോക്കിയത് ശ്രദ്ധിക്കാതെ അവൾ സാറിനെ നോക്കി പറയുവാ ...
" കുഞ്ഞേട്ടന് എന്നെ പോലെ ഒരു വായാടി പെണ്ണിനെ ആയിരിക്കും ചേരുന്നത് .... അതാകുമ്പോൾ മനസ്സിൽ ഉള്ളതൊക്കെ തുറന്നു പറയും ... പക്ഷെ ഉള്ളു ശുദ്ധമായിരിക്കും .....
എന്റെ കണ്ണ് ഇപ്പൊ തുളുമ്പും എന്നും തോന്നും വിധത്തിൽ നിന്നു .....
അവളുടെ അമ്മയും , സാറിന്റെ അമ്മയും അടുക്കളയിൽ നിന്ന് സംസാരിക്കുകയായിരുന്നു ..... ചായയുമായി വന്ന 'അമ്മ എന്ന്നെ കണ്ടു ... ആ നന്ദ വന്നോ....? എന്നിട്ട് ആ സാധനത്തിന്റെ അമ്മയെ , "പ്രഭേ... ഇങ്ങു വാ എന്റെ നന്ദ മോൾ എത്തി" ന്നു പറയുമ്പോൾ .... അവൾ പുച്ഛഭാവത്തിൽ മുഖം തിരിച്ചു .....
ആ മോൾക്ക് പറ്റിയ 'അമ്മ തന്നെ .... ചിരിച്ചു കൊണ്ടാണ് അവർ വന്നതെങ്കിലും , ആ ചിരിയിൽ എന്തോ ദേഷ്യം ഉള്ള പോലെ തോന്നി .....
അവൾ സാറിന്റെ അടുത്തേക്ക് ചെന്നിട്ടു , കുഞ്ഞേട്ടന്റെ ഫോൺ തന്നേ.. ഒരു സെൽഫി എടുക്കാമെന്ന് പറഞ്ഞു കൊണ്ട് സാറിന്റെ ഫോൺ വാങ്ങിയെടുത്തു ........
സങ്കടവും ദേഷ്യവും കൊണ്ടെനിക്ക് പ്രാന്ത് പിടിക്കുമെന്നു തോന്നി ...... ഞാൻ പോലും ഇതുവരെ ആ ഫോണിൽ ഒന്ന് തൊട്ടിട്ടില്ല .... ഇങ്ങനെ ചേർന്ന് നിന്നിട്ടുമില്ല .... ഒരു മര്യാദ ഇല്ലാത്ത സാധനം തന്നെ ... പേരോ ശ്രീക്കുട്ടി പോലും,.... ശ്രീക്കുട്ടി അല്ല അവൾ ചീക്കുട്ടി ആണ് .....
അവളുടെ കരണം നോക്കി ഒന്ന് കൊടുക്കാൻ എനിക്ക് തോന്നി .... എന്റെ സാറിനോട്, അമ്മയും പെങ്ങമ്മാരും അല്ലാതെ ആര് അടുത്ത് പെരുമാറിയാലും ഞാൻ സഹിക്കില്ല .... അടുത്ത് പെരുമാറുന്നതും പോരാ , കയ്യിലും ഒക്കെ പിടിക്കുന്നു .... എന്റെ ഉള്ളിൽ ഒരു യക്ഷി ഉണരുന്നുണ്ടെന്നു എനിക്ക് തോന്നി .....
ദേഷ്യത്തോടെ അവളെ തന്നെ നോക്കി കൊണ്ടുളള എന്റെ നിൽപ് കണ്ടപ്പോൾ,.... അവളുടെ 'അമ്മ എന്നെ നോക്കി കൊണ്ട് പറഞ്ഞു ....
" എന്റെ ശ്രീക്കുട്ടിക്ക് , വൈശാഖ് എന്ന് പറഞ്ഞാൽ ജീവനായിരുന്നു ..... ഇവനെ കണ്ടില്ലെങ്കിൽ പണ്ട് ചോറ് പോലും കഴിക്കില്ലായിരു
ന്നു .....
അന്നൊക്കെ ഇവൾ ഏതു നേരവും വീണയുടെയും, വിദ്യയുടെയും കൂടെ ആയിരിക്കും ,... ഞായറാഴ്ച ആയാൽ ഇവളെ കാണണം എങ്കിൽ ഇവരുടെ വീട്ടിൽ പോണം ആയിരുന്നു ..... അവർ വിളിക്കുന്നത് കേട്ടാണ് ഇവളും കുഞ്ഞേട്ടാന്നു വിളിച്ചു തുടങ്ങിയത് .....
പെട്ടെന്ന് അല്ലായിരുന്നോ ... ഇവർ അവിടന്ന് ഇങ്ങോട്ടേക്കു താമസം മാറ്റിയത് ....ഒരു കണക്കിന് നന്നായി , ദിവസവും ഒന്നര മണിക്കൂർ വച്ച് രണ്ടു നേരവും യാത്ര ചെയ്യാൻ പാട് തന്നെ ആണേ ..... ഇതാകുമ്പോൾ സ്കൂളിന് അടുത്ത് അല്ലയോ ....
സത്യം പറഞ്ഞാൽ ശ്രീക്കുട്ടിയെ വൈശാഖിനു തന്നെ കൊടുക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം ..."
എന്റെ നെഞ്ചിനുള്ളിൽ , ഇടിയും മിന്നലും പേമാരിയും ഒക്കെ ഒരുമിച്ചു വരുന്നത് പോലെ തോന്നി .... അത് പുറത്തു കാണിക്കാതെ , ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാമെന്നു പറഞ്ഞു റൂമിലേക്ക് പോന്നു.....
അവർ മാത്രം എന്റെ കൂടെ റൂമിലേക്ക് വന്നു ..... ഉള്ളിലൊളിപ്പിച്ച കൂരമ്പു എന്റെ നേർക്ക് എയ്യാനാണെന്നു എനിക്ക് മനസ്സിലായില്ല ....
" ഞങ്ങൾ ശ്രീകുട്ടിടെ കല്യാണം വൈശാഖുമായി വാക്കാൽ എങ്കിലും ഉറപ്പിച്ചു വയ്ക്കണം എന്നൊക്കെ ആലോചിച്ചു ഇരിക്കയായിരുന്നു ...." ആണോ എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുഖത്ത് ചിരി വരുത്തി .....
.
"പക്ഷെ ഇവിടെ കൊച്ചു രണ്ടും കൽപ്പിച്ചു അല്ലായിരുന്നോ ...? ചട്ടകം വച്ച് പൊള്ളിക്കുന്നു ... ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുന്നു .... എന്നിട്ടും കൊച്ചിന് വല്ല അനക്കവും ഉണ്ടായിരുന്നോ ,,,? കല്ല് പോലെ ഉറച്ചു നിർന്നിട്ടല്ലേ സാറിനെ മതിയേ ന്നു പറഞ്ഞത് ....
അപ്പൊ ചേട്ടനാണ് പറഞ്ഞത് വല്ല പെണ്ണിന്റെയും ശാപം , ശ്രീകുട്ടിടെ തലയിൽ വീഴണ്ട ന്നു ....
എന്തായാലും നല്ല ബെസ്റ് ഫാമിലി തന്നെ ..... അവസാനം താലി കെട്ടിന്റെ അന്ന് അച്ഛനും, മോളും, ഒന്നായി ... അഞ്ചു പൈസ ചിലവില്ലാതെ , മോൾടെ കല്യാണം നല്ലൊരു ചെറുക്കനെ കൊണ്ട് നടത്താൻ , അച്ഛനും, മോളും കൂടി നടത്തിയ നാടകം ആണെന്നൊക്കെ നാട്ടുകാർ പറഞ്ഞു എന്നാണ് അറിഞ്ഞത് ....."
തിരിച്ചൊന്നും പറയാനാവാതെ ആകെ അപമാനിതയായ പോലെ ഞാൻ നിന്നു.....
അപ്പോഴാണ് 'അമ്മ അങ്ങോട്ട് വന്നത് ... അപ്പോൾ അവർ ചിരിച്ചു കൊണ്ട് പറഞ്ഞു ...." മോളെ ഞങ്ങൾ ഉച്ചയ്ക്ക് മുന്നേ വന്നതാണ് .... ഇനി എന്തായാലും ഇറങ്ങാൻ നോക്കട്ടെ .... "
നിറയുന്ന കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ നിന്നു .... ഇറങ്ങാൻ നേരം സാറിന്റെ കഴുത്തിലൂടെ കയ്യിട്ടു ഒരു കെട്ടിപ്പിടിത്തം ..... സർ ഒരു സെക്കന്റ് കൊണ്ട് തന്നെ അവളെ പിടിച്ചു മാറ്റിയെങ്കിലും,....
എന്റെ ഹൃദയം ആയിരം കഷണങ്ങളായി മുറിയുന്നു എന്ന് തോന്നി ..... ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാതെ ഞാൻ നിന്നു ....
അന്ന് പഠിക്കാൻ ഒരു മൂഡും, ഉണ്ടായിരുന്നില്ല .... ബുക്കിന്റെ മുകളിൽ തല വച്ച് ഞാൻ കിടക്കുമ്പോൾ ... സാറിനെ എനിക്ക് നഷ്ടമാകാൻ പോകുന്നു എന്ന് തോന്നി .....
സർ അടുത്ത് വന്നു..." എന്താ പറ്റിയേ നന്ദാ " എന്ന് ചോദിക്കുമ്പോൾ , തലവേദന കൊണ്ട് വയ്യ കുറച്ചു നേരം കിടക്കട്ടെ എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി .... രാത്രി ഭക്ഷണം കഴിക്കാൻ , 'അമ്മ വന്നു വിളിച്ചിട്ടും ഒന്നും കഴിക്കാൻ തോന്നിയില്ല .....
അച്ഛൻ അന്ന് ബിസ്സിനെസ്സ് ആവശ്യത്തിനായി കോയമ്പത്തൂരിൽ പോയിട്ട് അപ്പൊ വന്നതേ ഉണ്ടായുള്ളൂ ..... എനിക്കെന്തെക്കയോ സ്പെഷ്യൽ സാധനം കൊണ്ട് വന്നു എന്ന് പറഞ്ഞു അച്ഛനും വന്നു വിളിച്ചു ......
ആരും വിളിക്കണ്ട , നന്ദ വരും... എത്ര തലവേദന ആണെങ്കിലും, ഭക്ഷണം കഴിക്കാതെ പറ്റില്ല, എഴുന്നേൽക്കു , എന്ന് പറഞ്ഞു കൊണ്ട് സാർ എന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു .....
സാർ വിളിച്ചാൽ ഞാൻ വരും എന്നറിഞ്ഞു കൊണ്ടാവും , 'അമ്മ എനിക്ക് ഭക്ഷണം വിളമ്പി വച്ചിരുന്നു ....
അതിന്റെ മുന്നിൽ വന്നിരുന്നു വെറുതെ കളം വരയ്ക്കുമ്പോൾ ആണ് ... ഒട്ടും പ്രതീക്ഷിക്കാതെ , സർ ഒരു ഉരുള ചോറ് എന്റെ വായിലേക്ക് നീട്ടിയത് ..... അറിയാതെ എന്റെ വായ തുറന്നു പോയി ..... പിന്നെ ഓരോ ഉരുളയും തരുമ്പോൾ എന്റെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു ......
പിന്നെ ഒരു ഉരുള തരുമ്പോൾ , ആ കണ്ണിലേക്കു നോക്കി ആ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു .... എനിക്ക് ഇഷ്ടമാണ് , ഈ ജന്മം ഒരാൾക്കും വിട്ടു കൊടുക്കാൻ എനിക്ക് ആവില്ല .... ഒരു പെണ്ണും തമാശയ്ക്കു പോലും ഒന്ന് തൊടുന്നത് ഞാൻ സഹിക്കില്ല .... വാക്കുകൾ പലയിടത്തും മുറിഞ്ഞു പോയിരുന്നു ....
അച്ഛനും അമ്മയും അടുത്തുണ്ടെന്നു പോലും ചിന്തിക്കാതെ .... ഞാൻ വീണ്ടും സാർ എന്റെയാ ... എന്റെ മാത്രം എന്ന് പറയുമ്പോൾ .... ഗിരിജേ പ്രഷർ ന്റെ മരുന്ന് എടുത്തു വയ്ക്കു എന്ന് പറഞ്ഞു അച്ഛൻ അവിടെ നിന്നു പോയി .. പിറകെ അമ്മയും .....
എന്റെ തലവേദന ഒക്കെ എവിടെ പോയെന്നു എനിക്ക് തന്നെ അത്ഭുതം തോന്നി .....
അന്ന് കിടക്കാൻ നേരം 'അമ്മ റൂമിലേക്ക് വന്നു പറഞ്ഞു .... "ഇവിടെ ഒരു പായ ഉണ്ടായില്ലേ... അത് എനിക്ക് വേണം ആ ബെഡിൽ കിടന്നിട്ടു നടു വേദനിക്കുന്നു .... ഇതിൽ ഒന്ന് കിടന്നു നോക്കട്ടെ .... "
'അമ്മ അത് പറയുമ്പോൾ ആ പായ ഞങ്ങളുടെ റൂമിൽ നിന്നും എന്നെന്നേക്കുമായി മാറ്റിയതാണെന്നു എനിക്ക് മനസ്സിലായി .....
അന്ന് തുടങ്ങി ആ ബെഡിന്റെ ഓരം ചേർന്ന് ഞാനും കിടക്കാൻ തുടങ്ങി ..
കോളേജും , റെക്കോർഡും, സാറിനോടുള്ള പ്രണയവും ഒക്കെ ആയി ദിവസങ്ങൾ കടന്നു പോയി... ആകെ ഒരു സമാധാനം , സാർ എന്നെ സ്നേഹിച്ചു തുടങ്ങി എന്നൊരു തോന്നൽ മാത്രം ആയിരുന്നു ....
അങ്ങനെയിരിക്കെ, ഞങ്ങളുടെ കല്യാണം നടന്ന അമ്പലത്തിലെ ഉത്സവം വന്നു .... വിദ്യയേച്ചിയും വീണേച്ചിയും , കുട്ടികളും ഒക്കെ വന്നു ... വീട്ടിലും ഒരു ഉത്സവ പ്രതീതി ആയി ....
ഒരു ദിവസം രാത്രി , അത്താഴം കഴിഞ്ഞു എല്ലാവരും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയാ
യിരുന്നു .... വീണേച്ചി, ഭർത്താവിന്റെ കയ്യിൽ പിടിച്ചു കൊണ്ടും, വിദ്യേച്ചി ഭർത്താവിന്റെ ചുമലിൽ ചാരിയും, ഇരുന്നു .... അച്ഛനും സാറും ഒരുമിച്ചും , ഞാൻ അമ്മയുടെ കൂടെ താഴെയും ഇരുന്നു .....
ഞാനിനി എന്നാണ് ഇങ്ങനെ സാറിന്റെ കൂടെ ചേർന്ന് ഇരിക്കയെന്നു മനസ്സിൽ കരുതി , വെറുതെ സാറിനെ ഒന്ന് നോക്കുമ്പോൾ , എന്റെ മനസ്സ് വായിച്ചെടുക്കും പോലെ,. സർ എന്നെ തന്നെ
നോക്കിയിരിക്കുകയായിരുന്നു ...
ഒരു ചമ്മലോടെ ഞാൻ ആ നോട്ടം പിൻവലിച്ചു .... രണ്ടു മൂന്നു മിനിട്ടു കഴിഞ്ഞപ്പോൾ , സാർ എഴുന്നേറ്റു, ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടന്നിട്ടു എത്ര നാളായി , എന്ന് പറഞ്ഞു കൊണ്ട് അമ്മയുടെ മടിയിൽ വന്നു കിടന്നു .....
ഞാൻ പെട്ടെന്ന് എഴുന്നേൽക്കാൻ പോയപ്പോൾ .... നന്ദ എവിടെ പോകുന്നു അവിടെ ഇരിക്കൂ.... ഈ കാലൊന്നു മസ്സാജ് ചെയ്യൂ എന്ന് പറയുമ്പോൾ ആ ചുണ്ടിൽ എനിക്ക് മാത്രം വായിച്ചെടുക്കാൻ പാകത്തിൽ ഒരു പുഞ്ചിരി ഒളിഞ്ഞിരുന്നു .......
എന്റെ ഉള്ളിൽ എന്തോ വല്ലാത്ത ഒരു പരിഭ്രമം , നെഞ്ച് പെരുമ്പറ കൊട്ടുന്നു ... ആദ്യമായാണ് ഇങ്ങനെ കാലിൽ തൊടുന്നത് .... അന്ന് ഒരു ആവേശത്തിൽ കയ്യിൽ പിടിച്ചു കരഞ്ഞെങ്കിലും പിന്നീട് ,... എനിക്ക് എങ്ങനെ അങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്ന് തോന്നിയിരുന്നു .....
എന്റെ കൈ ഫ്രിഡ്ജിൽ വച്ച പോലെ തണുത്തു ... ആ കാലിൽ തൊട്ടതും കൈ വിറയ്ക്കാനും തുടങ്ങി .....
മറ്റുള്ളവർക്ക് അതൊന്നും ഒരു വിഷയമായി തന്നെ തോന്നി കാണില്ല ... അവർ പലതും പറഞ്ഞു കൊണ്ട് ചിരിയും സംസാരവും തുടർന്നു.....
അവർ പറയുന്നതിനൊക്കെ മറുപടി പറയുന്നുണ്ടെങ്കിലും, സാറിന്റെ ശ്രദ്ധ എന്നിൽ തന്നെ ആയിരുന്നു ..... ഓരോ നിമിഷം കഴിയും തോറും , എന്റെ കയ്യിലെ തണുപ്പ് കൂടി വന്നു ... നാക്കില വെള്ളം വറ്റിയ പോലെ ...... പുറത്തു അറിയും പോലെ എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു .....
സർ പെട്ടെന്ന് എഴുന്നേറ്റു, എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു .... നന്ദേ പെട്ടെന്ന് വന്നേ ... ഇന്ന് പത്തുമണിക്ക് മുന്നേ നിന്റെ പ്രൊജക്റ്റ് മെയിൽ ചെയ്തു കൊടുക്കണം എന്നുള്ളത് മറന്നോ ...? എനിക്ക് ഒന്നും മനസ്സിലായില്ല ....
ഒരു മെയിൽ അയക്കാനുണ്ട് ഇപ്പൊ വരാം എന്ന് എല്ലാവരോടുമായി പറഞ്ഞു കൊണ്ട് , സർ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് റൂമിലേക്ക് വന്നു ....
സർ കയ്യിൽ പിടിച്ചത് കൊണ്ട് മാത്രം ഞാൻ അവിടെയെത്തി ... അത്രയും എന്റെ കയ്യും, കാലും ഒക്കെ തണുത്തു മരവിച്ചു പോയിരുന്നു ........
എന്റെ മഹാദേവാ .. എനിക്ക് എന്താ ഇങ്ങനെയൊക്കെ വരുന്നതെന്ന് ആലോചിക്കും മുന്നേ , റൂമിലെത്തിയതും , സാർ ഡോർ അടച്ചതും ഒരുമിച്ചായിരുന്നു .....
എന്താ സംഭവിക്കുന്നത് എന്ന് ചിന്തിക്കും മുന്നേ സാർ എന്നെ വല്ലാതെ അങ്ങ് കെട്ടിപിടിച്ചു .... ആ നെഞ്ചിൽ വീണു പൊട്ടിക്കരയണം എന്ന് എത്രയോ വട്ടം ആഗ്രഹിച്ചിരുന്നു എങ്കിലും, ആ നിമിഷം എന്റെ കണ്ണുനീരൊക്കെ എവിടെ പോയെന്നു ഞാൻ അത്ഭുതപ്പെട്ടു ......
അടർന്നു മാറാൻ ഞാൻ ശ്രമിക്കും തോറും , ആ കൈകൾ എന്നെ കൂടുതൽ ശക്തിയോടെ പുണർന്നു .... നെറുകയിൽ ആദ്യ ചുംബനം തരുമ്പോൾ, ശരീരം ആകെ ഒരു കുളിരു വന്നു മൂടുന്ന പോലെ തോന്നി ......
എത്ര നേരം അങ്ങനെ നിന്ന്നുവെന്നു അറിയില്ല ..... എന്റെ കയ്യും കാലും ഒക്കെ തണുപ്പും , വിറയലും, മാറി സാധാരണ അവസ്ഥയിൽ ആകും വരെ ... സർ എന്നെ നെഞ്ചിൽ ചേർത്ത് തന്നെ നിർത്തി ......
പിന്നെ ആ കൈ കുമ്പിളിൽ എന്റെ മുഖം കോരിയെടുത്തു കൊണ്ട് ചോദിച്ചു .... "ഇത്ര പേടിയാണോ നന്ദൂട്ടന് എന്നെ ?" നന്ദൂട്ടൻ എന്നോ ....? എന്താ വിളിച്ചത് എന്ന് ഒരിക്കൽ കൂടി ചോദിക്കണം എന്ന് തോന്നി .... സാറിന്റെ നിശ്വാസം മുഖത്ത് പതിച്ചപ്പോൾ എന്റെ കണ്ണുകൾ പതിയെ അടഞ്ഞു .....
തിരിച്ചു എല്ലാവരും ഇരിക്കുന്നിടത്തേക്കു വന്നിട്ടും , ഞാൻ ഏതോ സ്വപ്ന ലോകത്തു തന്നെ ആയിരുന്നു .... ആരും പറഞ്ഞതും , ചോദിച്ചതും ഒന്നും ഞാൻ കേട്ടില്ല ......
പിറ്റേന്ന് വൈകിട്ട് എല്ലാവരും ഉത്സവത്തിന് പോകാൻ റെഡി ആയി .... ഞാൻ ഒരു സിമ്പിൾ പച്ച കളർ സാരിയാണ് ഉടുത്തതു ... മുടി പിറകിൽ കോതി വച്ചു .... എനിക്കറിയാം സാറിന് അധികം തിളക്കം ഒന്നും ഇഷ്ടമല്ലെന്ന് .... പക്ഷെ സർ എന്നെ കണ്ട ഭാവം പോലും നടിച്ചില്ല .....
ഇന്നലെ ഇത്രയധികം പ്രണയത്തോടെ എന്നെ നോക്കിയ ആൾ, ഇന്ന് എന്നെ മൈൻഡ് പോലും ചെയ്യില്ലന്നു ആയപ്പോൾ എനിക്ക് സങ്കടം വന്നു ..... എന്നാലോ അമ്മയുടെയും , ചേച്ചിമാരുടെയും സാരിയെ പറ്റിയൊക്കെ പുകഴ്ത്തി പറയുന്നും ഉണ്ട് ....
അവരുടെ കൂടെ ഞാൻ ഉണ്ടെന്നു പോലും ശ്രദ്ധിക്കുന്നില്ല .... അമ്പല മുറ്റത്തെത്തിയിട്ടും , അളിയന്മാരുടെ തോളിൽ കയ്യിട്ട് വിശേഷങ്ങൾ പറയുമ്പോഴും , ഞാൻ സാറിനെ പാളി നോക്കി ...
.ഇല്ല എന്റെ തോന്നൽ അല്ല എന്നെ ശ്രദ്ധിക്കുന്നില്ല അത് തന്നെയാണ് സത്യം ...... എന്റെ നീൾമിഴികളിൽ ഒഴുകാൻ വിതുമ്പി നിന്നൊരു പുഴ ....
നാടകം ആ സ്റ്റേജിൽ ,.... ഗാനമേള ഈ സ്റ്റേജിൽ,...എന്നൊക്കെ പറഞ്ഞു എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ എന്നെയും വലിച്ചു കൊണ്ട് പോകുമ്പോഴും ഞാൻ ഏതോ ലോകത്തു ആയിരുന്നു ....
ഈ തിരക്കിനിടയിൽ ഒന്നും കരയാൻ പോലും പറ്റുന്നില്ലല്ല
ോ ... പലപ്പോഴും തുളുമ്പി വന്ന മിഴികൾ, നിയന്ത്രിക്കാൻ ഞാൻ നന്നേ പാടുപെട്ടു .... എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നായി .....
ഇതൊന്നും കഴിയാതെ ആരും വീട്ടിലേക്കു പോകില്ലെന്ന് മനസ്സിലായപ്പോൾ , ഞാൻ അമ്മയോട് പറഞ്ഞു , എനിക്ക് വീട്ടിൽ പോകാൻ തോന്നുന്നു അമ്മെ..., തലചുറ്റുന്നു , ഉറക്കം വരുന്നു എന്നൊക്കെ ....
തല ചുറ്റുന്നോ ,,? എന്നാൽ ഒരു കാര്യം ചെയ്യാം ... വൈശാഖിനെ കൂട്ടി വിടാം , വീട്ടിൽ പോയി റസ്റ്റ് എടുത്തോളൂ, നന്നായി ഒന്ന് ഉറങ്ങുമ്പോൾ എല്ലാം ശരിയാകും .... സാറിനെ വിളിച്ചു എനിക്ക് വയ്യ വീട്ടിൽ കൊണ്ട് പോകാൻ 'അമ്മ പറഞ്ഞപ്പോൾ ,.... സാർ എന്നെ നോക്കിയോ എനിക്ക് അറിയില്ല .....
ഈ നേരം മുഴുവനും ഒരു നോട്ടം പോലും, നോക്കാത്തയാൾ ഇനി നോക്കുമെന്നു തോന്നിയില്ല .....
ഒരു താക്കോൽ അച്ഛന്റെ കയ്യിൽ ഉണ്ട് .. നിങ്ങൾ കിടക്കും മുന്നേ ...താക്കോൽ ഡോറിൽ നിന്നും എടുത്തു മാറ്റിയേക്കണേ .... പോകാൻ നേരം 'അമ്മ പറഞ്ഞു ...
തല ചുറ്റൽ തോന്നിഎന്ന് 'അമ്മ പറഞ്ഞത് കൊണ്ടാവാം , സർ എന്റെ കയ്യിൽ പിടിച്ചു, " പതിയെ വാ " എന്ന് പറഞ്ഞു ....
ആ തിരക്കിൽ നിന്നു മാറി ... ഒരു ഓട്ടോ വിളിച്ചു .... ഓട്ടോയിൽ എന്നോടു ചേർന്നിരുന്നു ... "എന്തുപറ്റി " എന്ന് ചോദിക്കുമ്പോൾ ഞാൻ മനഃപൂർവം ഒന്നും മിണ്ടിയില്ല ..... മിണ്ടിയാൽ സകല നിയന്ത്രണവും അവിടെ പോകും എന്നറിഞ്ഞു കൊണ്ട് തന്നെ ഞാൻ കരച്ചിൽ അടക്കി പിടിച്ചു....
ഒടുവിൽ വീടെത്തിയപ്പോൾ ... സർ എന്റെ നന്ദൂട്ടന് എന്തുപറ്റിയെന്നു ചോദിച്ചതും , ഞാൻ ആ നെഞ്ചിൽ വീണു ഏങ്ങലടിച്ചു കരഞ്ഞു .....
" ഈ നേരം വരെ എന്താ എന്നെ നോക്കാതിരുന്നേ .....? എത്ര നേരം ഞാൻ നോക്കി നോക്കി നിന്നുവെന്നു അറിയോ ...? എന്നിട്ടും ഒരു വട്ടം പോലും എന്നെ നോക്കാതിരിന്നപ്പോൾ എന്റെ നെഞ്ച് പൊട്ടുകയായിരുന്നു...."
അതിനുള്ള മറുപടിയായി മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടുകയായിരുന്നു ..... എന്റെ മുഖം കയ്യിലെടുത്തു കൊണ്ട് സർ പറഞ്ഞു,... "നിന്നെ നോക്കിയാൽ എനിക്ക് എന്ന്നെ നഷ്ടപ്പെടും എന്ന് തോന്നി , അത്രയും ഞാൻ നിന്നെ സ്നേഹിക്കുന്നു നന്ദാ ...
ആ നിമിഷം ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് തോന്നിപോയി ....
ഇഷ്ടമാണെന്നു സാറിന്റെ വായിൽ നിന്നും കേൾക്കാൻ ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വച്ചവൾക്കു കിട്ടിയ വരം ....
ഇനി ഞാൻ കുഞ്ഞേട്ടാന്നു വിളിച്ചോട്ടെ ....? അതു മുഴുമിയ്ക്കാൻ സമ്മതിക്കാതെ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ ... താൻ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടി സാർ എന്നെ സ്നേഹിക്കുന്നു എന്ന് തോന്നി .....
എപ്പോഴോ അഴിഞ്ഞുലഞ്ഞ മുടിയുമായി സാറിന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ.... ഞാൻ ചോദിച്ചു , ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ...? മും ചോദിക്കു ,... എപ്പോഴെങ്കിലും , ഞാൻ വളർത്തു ദോഷം ഉള്ള പെണ്ണാണെന്ന് തോന്നിയിട്ടുണ്ടോ ....?
അതിനുത്തരം കൊടുക്കാതെ അവളുടെ മാറിലേക്ക് വൈശാഖ് മുഖം പൂഴ്ത്തി .....
..അവിടെ നന്ദയുടെ സ്വപ്നവും ജീവിതവും എല്ലാം പൂവണിയുകയായിരുന്നു . .

രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ..... പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു ........
തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ..... പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് ഓർത്തു നോക്കിയിട്ടുണ്ട് .... ഈ മായാത്ത പാടിൽ സർ ചുണ്ടു ചേർക്കുന്നത് .........
ഒരു കാലത്തും നടക്കില്ലെന്നു കരുതിയതാണ് .... ഇപ്പൊ അതും സാധ്യമായിരിക്കുന്നു ......
ആ മുഖം നെഞ്ചോടു ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു ...
." എന്തിനാ കുഞ്ഞേട്ടൻ വിഷമിക്കുന്നേ.....? ഈ മുറിപ്പാടിനോട് എന്നും എനിക്ക് സ്നേഹമാണ് , ഇത് കൊണ്ടല്ലേ,.. എന്നോടുള്ള ദേഷ്യം ഒക്കെ പോയി എന്റെ കുഞ്ഞേട്ടൻ ഇടയ്ങ്കെങ്കിലു
ം എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് ......
ഇവിടത്തെ അച്ഛനും , അമ്മയുമൊക്കെ , എന്നോട് അടുപ്പം കാണിച്ചു തുടങ്ങിയത് .... വിദ്യേച്ചിയും , വീണേച്ചിയും, ഒരിക്കലും നടക്കില്ലെന്നു അറിഞ്ഞിട്ടും, ഒരു നാത്തൂന്റെ സ്ഥാനം തന്നത് ...
ഈ സ്നേഹം എനിക്ക് കിട്ടാൻ , എത്ര പൊള്ളിയാലും, വേദനിച്ചാലും , ഒക്കെ ഞാൻ സഹിക്കുമായിരുന്നു കുഞ്ഞേട്ടാ....
അത് പറയുമ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ ചുണ്ടുകൾ കൊണ്ട്, ഒപ്പിയെടുത്തു കൊണ്ട്, സർ പറഞ്ഞു...... "ഇനി ഒരിക്കലും ഈ മിഴികൾ നിറയരുത് ... .പലപ്പോഴും, നന്ദൂട്ടന്റെ കണ്ണീരിന്റെ മുന്നിൽ, നിസ്സഹായനായി നിന്നവനാണ് ഞാൻ ... ഇനി എല്ലാത്തിനും ഞാനുണ്ട് ...."
എന്തിനാ നിസ്സഹായനായി നിന്നത് .... അപ്പൊ എന്നെ ഒന്ന് ചേർത്ത് പിടിക്കായിരുന്നില്ലേ ....? ജാഡ ആയിരുന്നു ല്ലേ ....? കള്ളച്ചിരിയോടെ താൻ പറയുന്നത് കേട്ട്, .... ചെവിയിൽ നുള്ളാൻ നീട്ടിയ കൈകൾ തട്ടി മാറ്റി ഓടുമ്പോൾ , അച്ഛന്റെയും, അമ്മയുടെയും , മാത്രമല്ല കുഞ്ഞേട്ടനും താനൊരു കുസൃതിക്കാരി ആയി മാറുകയായിരുന്നു .......
************************************
എത്ര പെട്ടെന്നാണ് ഇവൾ തന്റെ നന്ദൂട്ടാനായി മാറിയത് .....വൈശാഖ് ഓർത്തു .... വർഷങ്ങൾക്ക് മുന്നേ തന്റെ ചോദ്യങ്ങൾക്കു മുന്നിൽ പേടിച്ചു നിന്ന ഒരു പ്ലസ് ടു ക്കാരി....
അന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ....? ഇവൾ തന്റെ പ്രാണനായി മാറുമെന്ന് ...? എന്തോ ഒരു പ്രത്യേകത ഉണ്ടെന്നു തോന്നിയിരുന്നു .....
പക്ഷെ, തന്റെ ജീവിതത്തിൽ ഇത്രയും പഠിക്കാത്ത കുട്ടി വേറെ ഇല്ലായിരുന്നു ...... പഠിക്കാത്തതിനുള്ള കാരണം തന്നോടുള്ള പ്രണയം ആണെന്ന് പറഞ്ഞപ്പോൾ.... ദേഷ്യം കൊണ്ട് മുഖം അടച്ചൊന്നു കൊടുക്കാനാണ് തോന്നിയത് ....
ആ ദേഷ്യം മനസ്സിൽ വച്ച് കൊണ്ട് തന്നെയാണ്, "മക്കളെ മര്യാദയ്ക്ക് വളർത്തണം എന്ന് അവളുടെ അച്ഛനോട് പറഞ്ഞത്..... തിരിച്ചു വീട്ടിലേക്കു കയറുമ്പോൾ തന്നെ കേട്ടിരുന്നു .... വേദന കൊണ്ടുള്ള അവളുടെ കരച്ചിൽ ....
അത് പക്ഷെ നല്ല അടി കിട്ടിയതാണെന്നു മാത്രമേ ചിന്തിച്ചുള്ളൂ ..... അവൾക്കു നല്ല അടിയുടെ കുറവ് ഉണ്ടെന്നു തോന്നിയത് കൊണ്ടണ്ടാവും, പിന്നെ അവളെ കുറിച്ച് ചിന്തിച്ചതേയില്ല ..... രണ്ടു ദിവസം സ്കൂളിൽ കാണാതെ ഇരുന്നപ്പോഴും ഒന്നും തോന്നിയില്ല .....
പിറ്റേ ദിവസം മുഖം മുഴുവൻ നീരും , കഴുത്തിലും കയ്യിലും ഒക്കെ എത്രയെത്ര ബെൽറ്റിന്റെ പാടുകളുമായി, അവൾ മുന്നിൽ നിന്നപ്പോൾ , ഇത്രയും തല്ലുന്നതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ് ചിന്തിച്ചത് .....
പിന്നെയാ കാലിൽ, പഴുത്തു തുടങ്ങിയ വ്രണത്തിലേക്കു നോക്കിയപ്പോൾ , ഒരു പാവം പെൺകുട്ടിയോട്, ഇത്ര മഹാപരാധമാണോ താൻ ചെയ്തതെന്ന് തോന്നിപോയി ..... ജീവൻ പോകുന്ന വേദന അനുഭവിക്കുമ്പോഴും , അവളുടെ കണ്ണുകൾ, ഇനി എങ്കിലും എന്നെ സ്നേഹിക്കില്ലേ സർ, എന്ന് യാചിക്കുന്ന പോലെ തോന്നി ....
കുറ്റബോധം കൊണ്ടാണെങ്കിലും , പിന്നീട് ക്ലാസ്സിൽ , അവളെ വഴക്കു പറയാതെയിരിക്കാൻ ശ്രദ്ധിച്ചു.... ഓരോ ദിവസവും ക്ലാസ്സിൽ വരുമ്പോൾ , അവൾ എത്തിയിട്ടുണ്ടോ എന്നാണ് ആദ്യം നോക്കിയത് ....... അവളുടെ മുഖം വാടിയാൽ, തന്റെ ചങ്കു പിടക്കാൻ തുടങ്ങിയിരുന്നു .......
താൻ കാരണം ഇത്രയും, വേദന അനുഭവിച്ചവൾ, ഇനി ഇപ്പോഴും സന്തോഷവതിയായി ഇരിക്കണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു ..... അതുകൊണ്ടു തന്നെയാണ് , വിദ്യയോടും, വീണയോടും അവളോട് കൂട്ടുകൂടാൻ സമ്മതിച്ചതും , അമ്മയോട് ഇടയ്ക്കു അവളൂടെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിയണമെന്നു പറഞ്ഞതും .......
താൻ പറഞ്ഞപ്പോൾ ഒരു കാരണത്തിന് വേണ്ടി കാത്തിരിക്കുന്നത് പോലെ അവരെല്ലാം അവളോട് കൂട്ടായി ....
എന്തൊക്കെ ചെയ്തിട്ടും , മനസ്സിലെ കുറ്റബോധത്തിനു കുറവ് വരുന്നില്ലെന്ന് തോന്നിയത് കൊണ്ടാണ് , പ്ലസ് ടു തോറ്റപ്പോൾ, ഓരോ ചാപ്റ്ററും അവൾക്കു മനസ്സിലാകുന്ന വിധത്തിൽ എക്സ് പ്ലെയിൻ ചെയ്തു, യു എസ് ബി യിൽ ആക്കി കൊടുത്തു വിട്ടത് ...
തന്നോട് തോന്നിയ പ്രണയത്തിന്റെ പേരിൽ പ്ലസ് ടു തോറ്റു അവൾ പഠിപ്പു നിർത്തുന്നത് തനിക്ക് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു .......
വീണയും, വിദ്യയും അപ്പോഴൊക്കെ ചോദിച്ചിട്ടുണ്ട
് .... കുഞ്ഞേട്ടന് അവളെ ഇഷ്ടമാണോ എന്ന് .... ഇഷ്ടമാണ് പക്ഷെ അത് നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അല്ലെന്നു പറഞ്ഞതിന് , രണ്ടുപേരും വഴക്കു കൂടി കൊണ്ട് പറഞ്ഞിട്ടിട്ടുണ
്ട് ....."അവളെ സ്നേഹിച്ചാലെന്ത
ാ ....? കല്യാണം കഴിച്ചാൽ എന്താ...? .....എന്നൊക്കെ .....
അത് പറഞ്ഞാൽ അവർക്കു മാത്രമല്ല , ആർക്കും മനസ്സിലാകില്ലന്നു തോന്നി .....
അവൾ തന്നെ ആദ്യമായി കണ്ടപ്പോഴും, സ്നേഹിക്കാൻ തുടങ്ങിയപ്പോഴും , ഞാൻ അവളുടെ അധ്യാപകൻ ആയിരുന്നില്ല ..... പക്ഷെ താൻ അവളെ ആദ്യമായി കാണുന്നത് ..... പിടയ്ക്കുന്ന മിഴികളോടെ അളകനന്ദ എന്നൊരു പേര് പറയുമ്പോൾ ആയിരുന്നു .......
പഠിപ്പിക്കുന്ന കുട്ടികൾ ഒക്കെ ശിഷ്യ മാത്രം ആയിരിക്കും , തന്നെ പോലെ അധ്യാപക ജോലിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവര്ക്കും .....
മാത്രമല്ല ഈ ജോലി കിട്ടുന്നതിന് മുന്നേ , രണ്ടു മാസം പെൺകുട്ടികൾ മാത്രം ഉള്ള പ്രൈവറ്റ് കോളേജിൽ ക്ലാസ് എടുക്കാൻ പോയിരുന്നു താൻ .....
ആദ്യമായി ആ ജോലിക്ക് പോകുമ്പോൾ, അച്ഛൻ പറഞ്ഞത് , "മോനെ, പഠിപ്പിക്കുന്ന കുട്ടികൾ എന്നും ശിഷ്യ തന്നെ ആയിരിക്കണം .... അവർക്ക് നേർവഴി പറഞ്ഞു കൊടുക്കണം ..... പഠിക്കാൻ മടിയുള്ള ചില കുട്ടികൾക്ക് മാഷിനോട് പ്രേമം ഒക്കെ തോന്നും .... ശിഷ്യയെ പ്രേമിച്ചു എന്നൊരു ചീത്തപ്പേര് ഉണ്ടാകരുത്" ..
അച്ഛന്റെ കൈ പിടിച്ചു നെഞ്ചോടു ചേർത്ത് അച്ഛനെന്നെ അറിയില്ലേ എന്നാണ് അപ്പോൾ താൻ ചോദിച്ചത്.....
പഠിപ്പിക്കുന്ന ആദ്യ ദിവസം മുതൽ നന്ദ ഒന്നും പഠിക്കാതെ ആയിരുന്നു ക്ലാസ്സിൽ വന്നത് ... ഏകദേശം ഒരു വർഷം ആയപ്പോഴാണ് , അവൾക്കു പഠിക്കാൻ പറ്റാത്തതിന്റെ കാരണം തന്നോടുള്ള പ്രണയം ആണെന്ന് പറഞ്ഞത് .....
പെട്ടെന്ന് അച്ഛൻ പറഞ്ഞ "പഠിക്കാൻ മടിയുള്ള ചില കുട്ടികൾക്ക് മാഷിനോട് പ്രേമം ഒക്കെ തോന്നും എന്ന വാക്കാണ് ഓർമ വന്നത് .....
പിന്നെയും വർഷങ്ങൾ കഴിഞ്ഞപ്പോൾ , അവളുടെ മനസ്സിൽ ഇപ്പൊ അങ്ങനെ ഒന്നും ഇല്ലന്ന് പറഞ്ഞത് 'അമ്മ തന്നെയാണ് .... എന്നേക്കാൾ കൂടുതൽ അവളുടെ, മനസ്സു അറിഞ്ഞത് 'അമ്മ ആയതു കൊണ്ട് തന്നെ അത് സത്യം ആണെന്ന് തോന്നി ....
അവൾ എന്നും തന്റെ മനസ്സിൽ, ഒരു നല്ല ശിഷ്യ തന്നെ ആയിരിക്കട്ടെ , എന്നും നല്ലതു വരട്ടെ , എന്ന് മാത്രമേ അപ്പൊ ചിന്തിച്ചുള്ളൂ....
പക്ഷെ ഒരു പെണ്ണിനെ കാണാൻ പോയി വന്ന ആ രാത്രി, ഓവർ ഡോസ് ആയാൽ, കിഡ്നിയും ലിവറും ഒക്കെ ഡാമേജ് ആകുന്ന നപ്തലൈൻ ബോൾസ് അവൾ കഴിച്ചു എന്നറിഞ്ഞപ്പോൾ, താൻ തകർന്നു പോയിരുന്നു .....!
എങ്ങനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കണം എന്ന് അമ്മയോട് പറഞ്ഞപ്പോൾ .. "എനിക്ക് അവളെ വേണം, നിനക്ക് ഇനിയും അവളുടെ സ്നേഹത്തിനു മുന്നിൽ , പൊട്ടനായി അഭിനയിക്കാൻ , എങ്ങനെ കഴിയുന്നു എന്ന് ചോദിച്ചു കൊണ്ട് 'അമ്മ കരയുകയായിരുന്നു.....
എന്റെ മോൻ ആണെങ്കിൽ , അവളുടെ കൈ പിടിച്ചു വീട്ടിലേക്കു കൊണ്ട് പോരാൻ , നാട്ടുകാരെ സാക്ഷിയാക്കി പറയുമ്പോൾ, പഠിപ്പിച്ച കുട്ടിയെ ശിഷ്യയായി മാത്രം കാണണമെന്ന് പറഞ്ഞത്, അച്ഛൻ മറന്നു പോയെന്നു തോന്നി ......
അന്ന് ആ കയ്യിൽ പിടിച്ചു വീട്ടിലേക്കു കയറുമ്പോൾ, ... അമ്മയുടെ മുഖത്ത് അതുവരെ താൻ കാണാതിരുന്ന സന്തോഷവും, അച്ഛന്റെ മുഖത്ത് അഭിമാനവും നിറഞ്ഞിരുന്നു .....
പിന്നീട്, ആ കഴുത്തിൽ താലി കെട്ടുമ്പോൾ, സ്നേഹവും, പ്രണയവും , നന്ദിയും ഒക്കെ കൊണ്ട് , നിറയുന്ന മിഴികളാൽ അവളെന്നെ നോക്കി .... എന്നെങ്കിലും ഭാര്യയുടെ സ്ഥാനം നൽകി സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു ആഗ്രഹിക്കുകയായിരുന്നു താൻ അപ്പോൾ ....
തന്റെ നോട്ടം പോലും , തന്റെ പെണ്ണിനപ്പോൾ ഉത്സവം ആണെന്ന് തോന്നിയിട്ടുണ്ട
െങ്കിലും , "നിന്റെ ഒരു നോട്ടത്തിനു വേണ്ടി പോലും ആ പെൺകൊച്ചു നൊയമ്പ് നോക്കുന്നത്, നീ അറിയാതെ പോകരുത്' എന്ന് 'അമ്മ പറയുമ്പോഴായിരുന്നു ..... അവൾക്ക് ഒരു മാറ്റം ആവശ്യമാണെന്ന് ചിന്തിച്ചത് ..... ആ ഒരു മാറ്റത്തിന് വേണ്ടി തന്നെയാണ് പഠിക്കാൻ അയച്ചതും .....
ഒരു വാക്കു പോലും മിണ്ടാതെ, അവളുടെ വേദനകളും , നൊമ്പരങ്ങളും, ഉള്ളിലൊതുക്കി, പ്രണയം കൊണ്ടെന്നെ തോല്പിക്കുകയായിരുന്നു ......
പിന്നെ എപ്പോഴാണ് തനിക്ക് അവളോട് പ്രണയം തുടങ്ങിയത് ...?
അവളുടെ നോട്ടങ്ങൾക്കു മുന്നിൽ പതറി തുടങ്ങിയപ്പോഴോ ....?
കോളേജ് ബസിൽ അവളെ കയറ്റി വിട്ടു , തിരിച്ചു വീട്ടിലെത്തുമ്പ
ോൾ ശൂന്യത തോന്നി തുടങ്ങിയപ്പോഴോ ...?
അതോ സ്കൂൾ വിട്ടു താൻ വന്നു ഒരു മണിക്കൂർ കൂടി കഴിഞ്ഞേ അവൾ വരുകയുള്ളു എങ്കിലും , ആ ഒരു മണിക്കൂറിനു ഒരു വർഷത്തേക്കാൾ ദൈർഘ്യം ഉണ്ടെന്നു തോന്നി തുടങ്ങിയപ്പോഴോ ...?
എനിക്ക് തന്നെ അറിയില്ല .....
എന്തായാലും പഠിത്തം കഴിയും വരെ തന്റെ പ്രണയം, അവൾ അറിയാതെ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കണം എന്ന് തന്നെയാണ് ചിന്തിച്ചത് .....
ഇന്നലെ എന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞപ്പോൾ ,
തന്റെ പ്രണയം പകർന്നു നല്കുകയല്ലാതെ , അവളെ ആശ്വസിപ്പിക്കാൻ മറ്റൊന്നിനും ആകുമായിരുന്നില്ല ......
മൂന്ന് മാസം കൂടി കഴിഞ്ഞാൽ, അവളുടെ കോഴ്സ് തീർന്നു എക്സാം ആണ് ... അതുവരെ കുറച്ചു സ്ട്രിക്ട് ആയി തന്നെ നിൽക്കേണ്ടി വരുമല്ലോ ....! ഇല്ലെങ്കിൽ പഠിക്കില്ലന്നുള്ള കാര്യം ഉറപ്പാണ് .....
ഓരോന്ന് ഓർത്തു വെറുതെ കിടന്നപ്പോൾ , നന്ദ കുളി കഴിഞ്ഞെത്തി .... കുഞ്ഞേട്ടാ, ചായ എടുത്തിട്ട് വരാട്ടോ ... വശ്യമായി പുഞ്ചിരിച്ചു കൊണ്ടവൾ അവൾ നടന്നു നീങ്ങുമ്പോൾ ,
ഇനി എങ്ങനെ തന്റെ നന്ദൂട്ടനോട് സ്ട്രിക്ട് ആയി നിൽക്കുമെന്നോർത
്തു , നെഞ്ചിലെവിടെയോ ഒരു നീറുന്നുണ്ടായിരുന്നു .....
*******************************************
ഈറൻ മുടികളിൽ തോർത്ത് ചുറ്റി , നന്ദ അടുക്കളയിൽ എത്തുമ്പോൾ, വിദ്യേച്ചിയും, വീണേച്ചിയും, അമ്മയും , പുറം പണികൾക്ക് വരുന്ന ശാരദ ചേച്ചിയും ഉണ്ടായിരുന്നു അവിടെ .....
തലേ ദിവസം ഉത്സവത്തിൽ , കുറെ നാളുകൾക്കു ശേഷം , പലരെയും കണ്ട വിശേഷങ്ങൾ ഒക്കെ പറയുന്ന തിരക്കിലായിരുന്നു അവർ ....
തന്നെ കണ്ടപ്പോൾ തന്നെ, എന്ത് പറ്റിയതാ മോളെ ... ഇന്നലെ പെട്ടെന്ന് തല ചുറ്റിയതു ....? മാറിയിരുന്നോ...? ഇന്നലെ ഞങ്ങൾ എത്തിയപ്പോൾ നിങ്ങൾ ഉറങ്ങിയിരുന്നു .... അച്ഛനായിരുന്നു കുറെ ടെൻഷൻ , ഉറങ്ങിയത് കൊണ്ട് വിളിക്കണ്ടാന്നു പറഞ്ഞെങ്കിലും , ഇന്ന് രാവിലെയും ചോദിച്ചു , മോൾ എഴുന്നേറ്റില്ലേ..? എങ്ങനെയുണ്ട് എന്നൊക്കെ ....
"ഒന്നുമില്ലമ്മേ ...! അത് ആ തിരക്കിനിടയിൽ നിന്നപ്പോൾ, നല്ല ക്ഷീണം തോന്നി, ഉറക്കം വന്നു അതുകൊണ്ടാണ് ....അപ്പൊ തന്നെ മാറി..." ചായ കുടിക്കൂ എന്ന് പറഞ്ഞു കൊണ്ടമ്മ ഒരു കപ്പിൽ ചായ പകർന്നു തനിക്ക് നേരെ നീട്ടി .....
അത് വാങ്ങി കുഞ്ഞേട്ടന് കൊടുത്തിട്ടു വരാമെന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ , വീണേച്ചി തന്നെ ചുറ്റി പിടിച്ചു .... അവിടെ നിന്നേ.... എന്താ ഇപ്പൊ പറഞ്ഞത് ...?
വിദ്യേ നീ കേട്ടോ...? ഇവൾ എന്താ പറഞ്ഞതെന്ന് ...?
"ആ ഞാനും കേട്ടു... ഇന്നലെ വരെ സർ എന്ന് പറഞ്ഞു നടന്നിരുന്ന പെണ്ണ് , ഇപ്പൊ പെട്ടെന്ന് കുഞ്ഞേട്ടാ ന്നു വിളിച്ചതിനു കാരണം ഞങ്ങൾക്ക് കൂടി അറിയണമെന്ന് പറഞ്ഞു കൊണ്ടവർ തന്നെ വട്ടം ചുറ്റി പിടിച്ചു .....
എന്ത് പറയണമെന്നറിയാതെ എന്റെ മുഖം നാണം കൊണ്ട് തുടുക്കുകയായിരുന്നു.....
എത്രയോ വട്ടം സർ എന്ന് വിളിക്കണ്ട, നിന്റെ സർ അല്ല ഭർത്താവ് ആണെന്ന് ഇവർ പറയുമ്പോൾ , സർ എന്നെ സ്നേഹിക്കാൻ തുടങ്ങട്ടെ ... അപ്പൊ ഞാൻ വിളിച്ചോളാം എന്നാണ് പറഞ്ഞിരുന്നത് .......
ഇതിപ്പോ എന്താണെന്നു പറയാതെ എന്നെ വിടില്ലല്ലോ ദൈവമേ ...! രക്ഷിക്കൂ എന്നൊരു ഭാവത്തോടെ ഞാൻ അമ്മയെ നോക്കുമ്പോൾ, അമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു ..... അമ്മയ്ക്ക് എല്ലാം മനസ്സിലായെന്നു തോന്നി ......
"പിള്ളേരെ , ആ കൊച്ചിനെ വിടൂ ... അവൾ പോയി അവനു ചായ കൊടുത്തിട്ടു വരട്ടെ" അത് കേട്ടു അവർ എന്നിലുള്ള പിടി വിട്ടു . ഈ വിളി നേരത്തെ ആകാമായിരുന്നു ട്ടോ .. എന്നൊരു ദ്വയാർത്ഥത്തിൽ പറഞ്ഞു കൊണ്ടവർ ചിരിക്കുമ്പോൾ , ആ ചിരിയിൽ അമ്മയും കൂടി.....
അന്നൊരു ഞായാഴ്ച ആയിരുന്നു ..... വൈകിട്ട്, ചേച്ചിമാർ രണ്ടുപേരും അവരുടെ വീടുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ , ഒരു പെട്ടി നിറയെ അവർക്ക് കൊണ്ട്പ പോകാൻ, പലഹാരങ്ങളുമായി, കുഞ്ഞേട്ടൻ എത്തി ....
ഇതിന്റെ ഒന്നും ആവശ്യം ഇല്ല അളിയാ .... ഇനി എപ്പോഴാണ് ഞങ്ങൾ ഇങ്ങോട്ടു പലഹാരങ്ങൾ ഒക്കെ ആയി വരേണ്ടതെന്നു അളിയൻ പറഞ്ഞാൽ മതിയെന്ന് വീണേച്ചിയുടെ ഭർത്താവ് പറയുമ്പോൾ , അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി .....
അവർ പോയി കഴിഞ്ഞു, ഗേറ്റിനു പുറത്തു നിന്ന്, പൂട്ടിയിട്ട തന്റെ വീടിന്റെ ഗേറ്റിലേക്ക് നോക്കുമ്പോൾ, അച്ഛനെയും, അമ്മയെയും, ഒക്കെ കാണാൻ തോന്നി .....
അനിയത്തിക്ക് നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോൾ , ഹോസ്റ്റലിൽ നിർത്താൻ താല്പര്യം ഇല്ലാത്തതു കൊണ്ട് അച്ഛനും അമ്മയും, കൂടെ പോയി.... അവൾക്കു അവധി കിട്ടുമ്പോൾ മാത്രം എല്ലാവരും വരും .....
വരുന്നതിനു രണ്ടു ദിവസം മുന്നേ , ശാരദ ചേച്ചിയെ കൊണ്ട് , 'അമ്മ വീട് മുഴുവൻ വൃത്തിയാക്കി ഇടും .....
രണ്ടു ദിവസമായി നന്ദ ബുക്ക് തൊട്ടു ഞാൻ കണ്ടിട്ടില്ലാട്ടോ ... എന്ന കുഞ്ഞേട്ടന്റെ വാക്കുകൾ ആണ് തന്നെ ചിന്തയിൽ നിന്നുണർത്തിയത് ....
താൻ റൂമിലേക്ക് ചെല്ലുമ്പോൾ, ഓരോ ബുക്കും എടുത്തു നോക്കി കൊണ്ട്, തന്നെ കാത്തിരിക്കുകയാ
യിരുന്നു കുഞ്ഞേട്ടൻ...
പ്രണയത്തോടെ, താൻ ആ മുഖത്തേക്ക് നോക്കുമ്പോൾ, തന്റെ മുഖത്ത് നോക്കാതെ ,കുഞ്ഞേട്ടൻ പറഞ്ഞു ... "പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഞാൻ തയ്യാറല്ല .. ഇത് മുഴുവൻ പഠിച്ചു തീർക്കു... നാളെ ക്ലാസ്സിൽ പോകേണ്ടത് അല്ലെ ....! റെക്കോർഡ് ഞാൻ എഴുതി തരാം ...."
എന്റെ മുഖം ഇരുളുന്നത് കണ്ടത് കൊണ്ടാവാം .... തന്റെ താടിയിൽ പിടിച്ചു കൊണ്ട് , എന്റെ നന്ദൂട്ടൻ അല്ലേ.... മൂന്ന് മാസം കൂടി മാത്രം പഠിച്ചാൽ മതിയല്ലോ ..... അതുവരെ നല്ല കുട്ടിയായി പഠിക്കുമെന്നു എന്നോട് സത്യം ചെയ്യൂ ... ആ ചോദ്യത്തിന് മുന്നിൽ പഠിക്കാമെന്നു തലയാട്ടി സമ്മതിക്കേണ്ടി വന്നു .......
********************************
ദിവസങ്ങൾ കഴിയും തോറും, നന്ദയുടെ മുഖത്ത് ഒരു വിഷാദം വന്നു മൂടുന്ന പോലെ തോന്നി വൈശാഖിന്....
താൻ അവളെ അവഗണിക്കുകയാണെന
്ന് തോന്നുന്നുണ്ടാവുമോ അവൾക്ക് ....
അവളെ മാറ്റി നിർത്താൻ, തനിക്ക് ആവില്ലെന്ന് അവൾക്ക് അറിയില്ലേ .... തന്റെ നെഞ്ചിലേക്ക് ആഴുന്ന നോട്ടങ്ങൾ ചങ്കു പറിയുന്ന വേദനയോടെയാണ്, താൻ അവഗണിക്കുന്നതെന്നു എങ്ങനെയാ പറഞ്ഞു കൊടുക്കുക ....
ഒരു നിമിഷമെങ്കിലും, ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കിയാൽ, അതിൽ താൻ മുങ്ങി പോകുമെന്ന് അറിയാവുന്നതല്ലേ.....
അച്ഛനും, അമ്മയ്ക്കും , കൂടി മനസ്സിലാകും വിധത്തിൽ ഒരു മൗനം അവളിൽ തളം കെട്ടിയപ്പോൾ ....
"പഠിക്കാൻ അവള്ക് അത്ര ബുദ്ധിമുട്ടാണെങ്കിൽ വേണ്ടടാ ... നിർബന്ധിച്ചു പഠിപ്പിക്കേണ്ട.... പഠിത്തം ഒക്കെ കഴിയുമ്പോൾ , അവളെ നമുക്ക് നഷ്ടപെടുന്ന രീതിയിൽ ആണോ പഠിപ്പിക്കുന്നത് ...? നീ വലിയ റാങ്ക് ഒക്കെ വാങ്ങിയെങ്കിലും , ഒരു പെണ്ണിന്റെ മനസ്സ് അറിയാൻ നിനക്ക് കഴിയാതെ പോയല്ലോ ....." അമ്മയുടെ വാക്കുകൾ തന്റെ നെഞ്ചിലാണ് തറച്ചത്......
അന്ന് അവൾ എന്നെ നോക്കിയതേയില്ല .... ഇത്രയും ദിവസങ്ങൾ താൻ അവഗണിച്ചിട്ടും, ഇന്ന് ഒരു ദിവസം അവൾ എന്നെ നോക്കാതിരുന്നപ്പോൾ .... വല്ലാത്തൊരു അസ്വസ്ഥത , വീർപ്പുമുട്ടൽ....
ഉറങ്ങാൻ നേരം ബെഡിന്റെ ഓരം ചേർന്ന് കിടക്കുന്ന , അവളുടെ ചുമലിൽ പിടിച്ചു, "നന്ദൂട്ടാ" എന്ന് വിളിച്ചതും, ആ വിളിക്കായി, ഒത്തിരി ദിവസമായി കാത്തിരുന്ന പോലെ .. അവളെന്റെ നെഞ്ചിലേക്ക് വീണു ....
കണ്ണുനീരും, ചുംബനങ്ങളും മത്സരിക്കുമ്പോൾ , അവളുടെ ഓരോ പിടച്ചിലുകളും , വൈശാഖ് തന്റേതാക്കി മാറ്റുകയായിരുന്നു .....
പിന്നീടുള്ള ഓരോ ദിവസങ്ങളും, ഇഷ്ടമുണ്ടെങ്കിൽ പഠിക്കട്ടെ എന്ന നിലപാടായിരുന്നു എനിക്ക് ... അവളുടെ ഒരു നോട്ടം പോലും അവഗണിച്ചില്ല .... ഒരു ചുംബനത്തിനു ആയിരിം തിരിച്ചു നൽകി ....
പഴയ പോലെ അവളുടെ കളിയും ചിരിയും ഒക്കെ തിരിച്ചു വന്നു.... അമ്മയ്ക്ക് സന്തോഷമായി .... വീട് ഒരു സ്വർഗം ആയി മാറുകയായിരുന്നു
......
ഇനി ഒരു മൂന്ന് ആഴ്ചകൾ കൂടിയേ ഉണ്ടായുള്ളൂ എക്സാമിന് ... അപ്പോഴാണ് അവളുടെ കോളേജിൽ നിന്ന് പെട്ടെന്ന് വരണം എന്ന് പറഞ്ഞു കാൾ വന്നത് .... എത്ര സ്പീഡിൽ വണ്ടി ഓടിച്ചിട്ടാണ് അവിടെ എത്തിയതെന്ന് എനിക്ക് അറിയില്ല .....
തല ചുറ്റി വീണു , എന്ന് പറഞ്ഞപ്പോൾ , കാരണം എന്തായിരിക്കും എന്നറിയാമായിരുന്നെങ്കിലും , വാടിയ പൂവ് പോലെ തന്റെ നന്ദൂട്ടനെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല .....
വരുന്ന വഴി തന്നെ ഹോസ്പിറ്റലിൽ കാണിച്ചു ,..... വീട്ടിൽ എത്തി , അമ്മയുടെ നന്ദൂട്ടി പ്രേഗ്നെണ്ട് ആണെന്ന് പറഞ്ഞപ്പോൾ , " ദുഷ്ടാ .. നീ എന്ത് പണിയാണ് കാണിച്ചത് .... അവളുടെ പരീക്ഷയ്ക്ക് ഇനി കുറച്ചല്ലേ ദിവസം ഉള്ളു ... അത് കഴിഞ്ഞിട്ട് മതിയായിരുന്നില്
ലേ..... എന്നാണ് 'അമ്മ പറഞ്ഞത് .....
അത് ശരി വയ്ക്കുന്നത് പോലെ അവളുടെ മുഖത്ത് തെളിഞ്ഞ കള്ളച്ചിരിക്കു നിലാവിനേക്കാൾ സൗന്ദര്യം തോന്നി .....
,മൗനം കൊണ്ട്, തന്നെ തോൽപിച്ച നന്ദൂട്ടനും , പെണ്ണിന്റെ മനസ്സ് അറിയാൻ തനിക്ക് ആവില്ലന്ന് പറഞ്ഞ അമ്മയും " അതെ പെണ്ണിന്റെ മനസ്സ് തനിക്ക് അറിയാൻ കഴിയുന്നില്ലല്ലോ അത്ഭുതം തോന്നി ....
പഠിക്കാൻ ഇഷ്ടം ഇല്ലെങ്കിൽ പഠിക്കേണ്ടട്ടോ .... അച്ഛന് റാങ്ക് കിട്ടിയിട്ടുണ്ട് .... 'അമ്മ തോറ്റിട്ടുണ്ട് എന്നൊക്കെ എന്റെ കൊച്ചിനോട് പറയാൻ കൊതിയായി എന്ന് ആ വയറിൽ മുഖം ചേർത്ത് പറഞ്ഞതോടെ ... അവൾ എന്തൊക്കെയോ ഇരുന്നു പഠിച്ചു..... ഡൌട്ട് എന്തെങ്കിലും ചോദിച്ചാൽ പറഞ്ഞു കൊടുക്കും എന്നല്ലാതെ, പഠിക്കുന്ന കാര്യത്തിൽ ഇടപെട്ടതേയില്ല .....പക്ഷെ ഓരോ പരീക്ഷകളും കഴിയുമ്പോൾ അവളുടെ മുഖത്ത് ഒരു ആത്മവിശ്വാസം കണ്ടു ........
അവളുടെ ഭക്ഷണത്തിലും , ആരോഗ്യത്തിലും . ഇഷ്ടമുള്ളത് ഒക്കെ വാങ്ങി വയറു നിറയെ തീറ്റിപ്പിക്കുന്നതിലും , മാത്രമായിരുന്നു എന്റെ ശ്രദ്ധ ...
റിസൾട്ട് വന്നപ്പോൾ പാസ്സായിട്ടുണ്ട് .... എനിക്ക് അത് മാത്രം മതിയായിരുന്നു ......
ഓണം അവധിക്ക് , അവളുടെ അച്ഛനും, അമ്മയും അനിയത്തിയും ഒക്കെ വന്നു .... അവർ പണ്ട് നിഷേധിച്ച സ്നേഹം ഒക്കെയും അവൾക്ക് വാരി കോരി നൽകുമ്പോൾ , തന്റെയും മനസ്സ് നിറഞ്ഞു .....
ദിവസങ്ങൾ കഴിയും തോറും, അവളുടെ വയർ വീർത്തു, വീർത്തു വന്നു ......എല്ലാ ഭർത്താക്കന്മാരെ പോലെ
പേടിയും, ടെൻഷനും ഒക്കെ ആയിരുന്നു എന്റെ മനസ്സിൽ ..... ഒരു ആപത്തും ഇല്ലാതെ നന്ദൂട്ടനെയും കുഞ്ഞിനേയും, കിട്ടാൻ പ്രാർത്ഥനയോടെ കാത്തിരുന്നു ....
ഒടുവിൽ ആ ദിവസം, ലേബർ റൂമിനു മുന്നിൽ, അവളുടെയും, എൻെറയും അച്ഛനമ്മമാരുടെ ഇടയിൽ അക്ഷമനായി ഞാൻ നിന്നു...... പെൺകുട്ടിയാണെന്നു അറിയുമ്പോൾ മനസ്സ് തുള്ളുകയായിരുന്നു, ഒന്ന് കാണാൻ .
പിന്നെ എന്റെ നന്ദൂട്ടനെ പറ്റി ചേർന്ന്, കുഞ്ഞി നന്ദൂട്ടിയും കിടക്കുന്നതു കണ്ടപ്പോൾ, സന്തോഷം കൊണ്ട്, മനസ്സ് മാത്രം അല്ല, കണ്ണുകളും നിറഞ്ഞിരുന്നു ......
ഞങ്ങളുടെ രണ്ടാളുടെയും, അച്ഛനമ്മമാരും, വിദ്യയും വീണയും ,അവളുടെ അനിയത്തിയും ഒക്കെ തിക്കും തിരക്കും കൂടി , കുഞ്ഞിനെ നോക്കി സാമ്യം പറയുമ്പോൾ , പിടയ്ക്കുന്ന മിഴികളിൽ , നിറയെ പ്രണയവും, കൗതുകവും , നിറച്ചു അവളെന്നെ നോക്കുകയായിരുന്നു ......
ഒരു ജീവിതം മുഴുവൻ തനിക്കായി ഉഴിഞ്ഞു വച്ച, പ്രണയം കൊണ്ട് തന്നെ അത്ഭുതപെടുത്തിയവളെ പ്രണയിക്കാൻ ഒരു ജന്മം തികയാതെ വരുമോ എന്ന് ചിന്തിച്ചു കൊണ്ട് , വൈശാഖ് , നന്ദയുടെ നെറ്റിയിൽ ചുണ്ടു ചേർക്കുമ്പോൾ, തന്റെ ലോകം നന്ദൂട്ടനിലേക്കു മാത്രമായി ഒതുങ്ങുകയാണെന്നു തോന്നി .....




അവസാനിച്ചു ....
Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All