എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

ആദ്യചുംബനം - AadhyaChumbanam | Shamseena Firoz

💋 ആദ്യ ചുംബനം..💔



✍🏻 : Shamseena FiroZ

ആദ്യചുംബനം - AadhyaChumbanam | Shamseena Firoz




" ഐ വാണ്ട്‌ ടു കിസ്സ് നൗ.. "

"നോ..തെറ്റാണ് മനു..വേണ്ടാ..ശെരിയല്ല ഇങ്ങനൊന്നും.."

"എന്താണ് ഇതിൽ നീ കാണുന്ന തെറ്റ്..ഞാൻ നിന്റെ കാമുകനാണ്..പരസ്പരം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ..മനസ്സുകൾ തമ്മിൽ എന്നോ അടുത്തു കഴിഞ്ഞിരിക്കുന്നു..പിന്നേ എന്ത് കൊണ്ടു ശെരിയല്ലാതെ ആവണം നന്ദന.. "

" മനസ്സുകൾ തമ്മിൽ അടുത്ത് കഴിഞ്ഞിരിക്കുന്നു എന്നതിന്റെ അർത്ഥം എന്റെയീ കഴുത്തിൽ നീ താലി അണിയിക്കുന്നതിന് മുന്നേ ശരീരം തമ്മിലും അടുക്കണം എന്നാണോ മനു..അതാണോ പറഞ്ഞു വരുന്നത്.. 

ഇല്ലാ..പറ്റില്ല..തെറ്റാണ് മനൂ.. "

"തെറ്റാണോ ശെരിയാണെന്നൊ ഒന്നും എനിക്ക് അറിയില്ല നന്ദന.. 

പക്ഷെ ഒന്നറിയാം.. 
നിന്റെയീ വിറയാർന്ന ചുണ്ടുകൾ ഒരു ചുംബനം കൊതിക്കുന്നുണ്ട്..ഏറെനേരമായി അവ വെപ്രാളം കൊള്ളുന്നു.. 

അതു കണ്ടില്ലന്നു നടിക്കാൻ എനിക്ക് കഴിയുന്നില്ല നന്ദന..നിന്നെപ്പോലെ കൊതി അടക്കി നിർത്താൻ എനിക്ക് പറ്റുന്നില്ല.. "

എന്ന എന്റെ വാക്കുകൾക്ക് മറുപടിയായി വേണ്ടന്ന അർത്ഥത്തിൽ അവള് എന്നെ നോക്കി തലയാട്ടുന്നതിന് മുന്നേ ഞാനെന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു കഴിഞ്ഞിരുന്നു.. 

പിൻ കഴുത്തിലൂടെ കയ്യിട്ടു കൊണ്ടു അവളുടെ ചുണ്ടുകളെ എന്നിലേക്ക്‌ ഉയർത്തി പിടിക്കുമ്പോൾ തന്നെ അവളിൽ നിന്നും എതിർപ്പുകൾ ഉയർന്നു വരാൻ തുടങ്ങിയിരുന്നു.. 

എന്റെ കുറ്റി താടി രോമങ്ങൾ വെളുത്തുരുണ്ട അവളുടെ കവിൾ തടങ്ങളെ  ഇക്കിളി പെടുത്താൻ തുടങ്ങുന്നതിന് മുന്നേ പനിനീർ പൂവിനെ പോലും വെല്ലുന്ന അവളുടെ  അധരങ്ങളെ ഞാൻ  കവർന്നെടുത്തു കഴിഞ്ഞിരുന്നു.. 

പാതി കൂമ്പി അടഞ്ഞ താമര മിഴികളിലേക്ക് നോട്ടമെത്തുന്നതിന് മുന്നേ ഒരേസമയം പല വട്ടമായി  പെരുമഴയേറ്റു  തണുത്തുറഞ്ഞു നിൽക്കുന്ന അവളുടെ നഗ്നമായ വയറിൽ എന്റെ കൈകൾ ഇഴഞ്ഞു നടന്നു..

എത്ര നുകർന്നാലും മതി വരാത്തത് കൊണ്ടു എന്റെ കൊതി തീരുന്നതു വരെ ഞാൻ അവളുടെ ചുണ്ടുകളെ എന്നിലേക്ക്‌  ആവാഹിച്ചു കൊണ്ടിരുന്നു..

ആർത്തിരമ്പി പെയ്യുന്ന മഴയുടെ ശക്തിയൊന്നു കുറഞ്ഞപ്പോഴാണ് ഞാൻ എന്നിൽ നിന്നും അവളെ വേർപെടുത്തിയത്‌.. 



ഏറെ നേരത്തിനു ശേഷമാണ്‌ അവളിൽ നിന്നും അകന്നതെന്നാലും വീണ്ടും വീണ്ടും അവളിലേക്ക് പറ്റി ചേരാൻ ഉള്ളം വെമ്പൽ കൊണ്ടേയിരുന്നു..

ഒരുനേരം മനസ്സിന്റെ നിയന്ത്രണം വിട്ടു പോയാൽ അതൊരു വല്യ ആപത്തു സൃഷ്ടിക്കും എന്നത് പകൽ പോലെ ബോധമുള്ളത് കൊണ്ടു ഞാൻ എല്ലാ വികാരങ്ങളെയും അടക്കി നിർത്തി അവളുടെ മുഖത്തേക്ക് നോക്കി..

താഴേക്ക് നോട്ടമിട്ടിരിക്കുന്ന പെണ്ണിൽ നിന്നും ഒരു നേർത്ത കരച്ചിൽ കേൾക്കുന്നുണ്ട് എന്നാലും ആദ്യ ചുംബനം വിജയകരമാക്കിയ നിർവൃതിയിൽ   ഞാനത് കാര്യമാക്കാതെ അവളുടെ താടിയിൽ പിടിച്ചു  മുഖം ഉയർത്തി..

കരഞ്ഞു കലങ്ങിയ കണ്ണുകളോടെയും  ചുവന്നു വന്ന ചുണ്ടുകളോടും  കൂടെ അവളെന്നിലേക്ക് നോട്ടം എറിഞ്ഞപ്പോൾ നെഞ്ചൊന്ന് പിടച്ചു പോയി..

ഒന്ന് ചുംബിക്കണം എന്നല്ലാതെ അവളെ വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ല..എന്റെ കൊതി തീർത്തതു ഞാൻ അവളെ നല്ലോണം വേദനിപ്പിച്ചു കൊണ്ടാണെന്ന് അവളുടെ കണ്ണുനീർ പറയാതെ പറഞ്ഞു..

ഇനി അതിനേക്കുറിച്ചു വല്ലതും ചോദിച്ചാൽ അവള് കൂടുതൽ കരയും എന്ന് ഉറപ്പുള്ളതോണ്ടു ഞാൻ അക്കാര്യം അപ്പാടെ വിഴുങ്ങി..

" വാ..പോകാം..മഴ തോർന്നു.. "

ഒന്നും മറുത്ത് പറയാതെ മൗനം കൊണ്ടു സമ്മതമേകി എനിക്ക് പിന്നാലെയായി ആളൊഴിഞ്ഞ മരച്ചോട്ടിൽ നിന്നു അവളും ഇറങ്ങി വന്നു..പെട്ടെന്ന് എന്തോ ബോധമുദിച്ച പോലെ ഞാൻ നിശ്ചലനായി..എനിക്ക് പിന്നാലെ അവളും..

" ഹോസ്റ്റലിലേക്ക് അല്ലേ..?"

"മ്മ്.."

" ഇങ്ങനെയാണോ ടൗൺ വഴി പോകുവാ..?"

എന്ന് ചോദിച്ചു കൊണ്ടു ഞാൻ അവളുടെ ധാവണിയിലേക്ക്   കണ്ണോടിച്ചു വിട്ടതും അവളു ഒന്നും മിണ്ടാതെ തലയും താഴ്ത്തി എന്റെ പിന്നിലേക്ക് നീങ്ങി നിന്നു..

അവളുടെ കാമുകനായ ഞാൻ പോലും നനഞ്ഞു ഒട്ടിയ അവളുടെ ശരീരത്തിലേക്ക് നോട്ടമിട്ടതു അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല..അല്ലേലും ഒരേ സമയം എല്ലാരിൽ നിന്നും  മനസ്സും ശരീരവും ഒരുപോലെ  പൊതിഞ്ഞു സൂക്ഷിക്കാനുള്ള കഴിവ് എന്റെ നന്ദനയ്ക്ക് ആരേക്കാളും  കൂടുതലാണ്..അതോണ്ടല്ലെ ഞാൻ  ഒരു കിസ്സ് അടിച്ചപ്പോഴേക്കും പെണ്ണ് കരഞ്ഞു മോന്ത വീർപ്പിച്ചത്..

" ആകെ നനഞ്ഞു കുതിർന്നിട്ടുണ്ട്..ഈ കോലത്തിൽ നിന്നെ ബൈക്കിൽ കൊണ്ടു പോകാൻ കഴിയില്ല..

ഇപ്പൊ നീ ഇത് പിടിക്ക്..ഹോസ്റ്റൽ എത്തുന്നത് വരെയല്ലേ.. "

അതും പറഞ്ഞ് കൊണ്ടു ഞാൻ എന്റെ ഷർട്ട്‌ അഴിച്ചു എനിക്ക് ആവും വിധത്തിൽ പിഴിഞ്ഞ് വെള്ളം കുടഞ്ഞു അവൾക്ക് നേരെ നീട്ടി.. 

"വേണ്ടാ..ഇതൊന്നും ശെരിയാകില്ലാ.. "

തല താഴ്ത്തി പിടിച്ചു കൊണ്ടുള്ള അവളുടെ സംസാരം കേട്ടു തണുത്തുറഞ്ഞു നിൽക്കുന്ന ആ  അവസ്ഥയിൽ  പോലും എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി.. 

" ടീ..എന്താ നിനക്ക് ശെരിയായിട്ടുള്ളത്..നിന്റെ ശെരിയും തെറ്റുമൊക്കെ നോക്കി നിന്നാലേ ഇവിടെ വഴിയിൽ കിടക്കത്തെയുള്ളൂ..

അല്ല..ഉടലഴകു മുഴുവനും  നാട്ടുകാരെ  കാണിക്കാനാണ്  നിന്റെ ഉദ്ദേശമെങ്കിൽ വണ്ടിയിൽ കയറിക്കോ.."

" അതും വേണ്ടാ..മോശം അല്ലേ ഇങ്ങനെ നനഞ്ഞൊട്ടി പോകണത്.."

"ആണല്ലോ..അതോണ്ട് കൂടുതൽ നേരം കളയാതെ എന്റെ മോള് ഇതങ്ങോട്ട്‌ ഇടാൻ നോക്ക്.."

എന്ന് പറഞ്ഞോണ്ട് ഞാൻ ഷർട്ട്‌ അവളുടെ കയ്യിൽ പിടിപ്പിച്ചിട്ടും പെണ്ണിന് യാതൊരു അനക്കവുമില്ല..

" നന്ദനാ..എന്താ നിന്റെ പ്രശ്നം.."

"മനു..അത് എന്താണെന്നോ..ഞാൻ ഈ ഷർട്ട്‌ ധരിച്ചു ചെന്നാൽ അവിടെ ഫ്രണ്ട്‌സ് ഒക്കെ എന്നെ കളിയാക്കും..

ഞാൻ ടീച്ചറമ്മയുടെ കൂടെയല്ലേ..ചോദിച്ചാൽ എന്താ പറയാ.."


"നീയാരെയാ പേടിക്കുന്നത്..എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇഷ്ടാണെന്ന് നിന്റെ  ടീച്ചറമ്മയ്ക്ക് അറിയാല്ലോ..പിന്നെ ഇപ്പൊ കാണിക്കുന്ന ഈ വിസമ്മതം..

അത് എന്നിലുള്ള വിശ്വാസ കുറവാണ്..അല്ല..ഞാനൊരു അന്യ മതക്കാരനായതു കൊണ്ടാണ്..അത്രേയുള്ളൂ..

ദേ..വീണ്ടും മഴക്കുള്ള ചാൻസ് ഉണ്ട്..നീ പെട്ടെന്ന് കയറിക്കേ.. "

അതും പറഞ്ഞു കൊണ്ടു ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവളെ നോക്കിയതും ഒന്നു ചുറ്റും കണ്ണോടിച്ചു വിട്ടുകൊണ്ടു അവള് പിൻ സീറ്റിൽ കയറിയിരുന്നു.. 

ഒരു നിശ്ചിത അകലം പാലിച്ചു കൊണ്ടുള്ള അവളുടെ ഇരിപ്പ് കണ്ടു മിററിലൂടെ ഞാൻ അവളെ നോട്ടമിട്ടു..അത് മനസ്സിലാക്കി എന്ന വണ്ണം അവള് അപ്പൊത്തന്നെ താഴേക്ക് നോക്കിയിരുന്നതും  ദേഷ്യത്തോടെ എന്റെ കൈകൾ പിറകിലേക്ക് ചലിച്ചു.. 

അവളെ വലിച്ചു എന്നിലേക്ക്‌ ചേർത്തിരുത്തി എന്റെ വയറിലൂടെ വട്ടം ചുറ്റി പിടിപ്പിച്ചു..എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ട് ആകണം അന്നേരം അവളതിനെ എതിർക്കാൻ നിന്നില്ല.. 

അവളുടെ പിടുത്തം ഒന്നൂടെ മുറുക്കി കിട്ടാൻ വേണ്ടി ഞാൻ വണ്ടി പറപ്പിക്കാൻ തന്നെ തീരുമാനിച്ചു..പെരുമഴ തോർന്നു കഴിഞ്ഞുള്ള തണുത്ത കാറ്റേറ്റു സ്വന്തം പെണ്ണിനെയും  പിന്നിലിരുത്തി  ഇതുപോലെ ഒട്ടിച്ചേർന്നൊരു ബൈക്ക് യാത്ര..

ഇതിനെക്കാളും വല്യ സുഖം ഈ ജീവിതത്തിൽ മറ്റൊന്നുമില്ലന്ന് തോന്നിപ്പോയി ഒരുനിമിഷം..

അവളുടെ വട്ട മുഖത്തിന്റെ ചന്തം കൂടെ കൂടെ നോക്കി കാണാൻ വേണ്ടി ഞാൻ മിററിലേക്ക് കണ്ണു പായിപ്പിക്കുന്നുണ്ട് എന്നാലും അവളുടെ മിഴികൾ ഇപ്പോഴും താഴെക്ക് തന്നെയാണ്..അതും കവിളിലെക്ക് തട്ടുന്ന മിഴിനീർ കണങ്ങളെ തുടച്ചു മാറ്റി കൊണ്ടുള്ള ഇരിപ്പാണ്..

ഞാൻ കിസ്സ് ചെയ്തത് ഒരു തരി പോലും അവൾക്ക് പിടിച്ചിട്ടില്ല..മാത്രല്ല..അന്നേരത്തെ ആവേശത്തിൽ എന്റെ കൈ അവളുടെ ശരീര ഭാഗങ്ങളിൽ എവിടൊക്കെയോ തട്ടുകയും ചെയ്തു..

സത്യം പറഞ്ഞാൽ തട്ടിയതാണോ..

അല്ല..പെണ്ണിനെ  ഇങ്ങനെ അടുത്ത് കിട്ടുമ്പോൾ പിടിച്ചു നിൽക്കാൻ പറ്റണ്ടേ..മാത്രല്ല..അമ്മാതിരി കാലാവസ്ഥയും..

ഞാൻ ആയതോണ്ട് ഒന്നിൽ നിർത്തി..വേറെ വല്ലവരും ആയിരുന്നു എങ്കിൽ ഇപ്പൊ കാണാമായിരുന്നു..

അവൾക്ക് ഇതൊന്നും ഇഷ്ടപ്പെടാതെ വരുന്നതിലും കാര്യമുണ്ട്..രണ്ടു മതക്കാരായ ഞങ്ങൾ തമ്മിലുള്ള വിവാഹം നടക്കുമോന്ന് അവൾക്ക് ഇപ്പോഴും  സംശയമാണ്‌..

ഒരേസമയം കോളേജ് കുട്ടികളെയും അധ്യാപകരെയും  ഒന്നടങ്കം വിറപ്പിച്ചു നടന്നോണ്ടിരുന്ന  മാനുവൽ എബ്രഹാം എന്ന ഈ  ഞാൻ എങ്ങനെ നന്ദന എന്ന ഹിന്ദു മതസ്ഥയോട് പ്രണയത്തിലായി എന്ന ചോദ്യത്തിന് എനിക്ക് ഇപ്പോഴും ഉചിതമായൊരു മറുപടിയില്ല..

പേരുകേട്ട നസ്രാണി കുടുംബത്തിൽ ജനിച്ചു വീണത് കൊണ്ടും തലമുറയായി പൂത്ത കാശും വീട്ടിൽ അപ്പച്ചനും അങ്കിൾസിനുമെന്ന് വേണ്ട എല്ലാർക്കും പൊളിറ്റിക്സിൽ  അത്യാവശ്യം പിടി പാടുള്ളതുമൊക്കെ എന്റെ അഹങ്കാരത്തിന്റെയും തന്നിഷ്ടത്തിന്റെയും ആക്കം കൂട്ടി തന്നു..അതിനേക്കാൾ ഏറെ അപ്പച്ചനും അമ്മച്ചിക്കും ഏറെ കാലത്തെ നേർച്ച നടപ്പിനു ശേഷം ആറ്റു നോറ്റു കിട്ടിയ സൽപുത്രനായിരുന്നു ഞാൻ..

കോളേജിൽ എന്നെക്കാൾ വലുതായി മറ്റാരുമില്ലന്ന ധാരണയിൽ എല്ലാത്തിനെയും അടക്കി ഭരിച്ചു നിർത്തി ജൂനിയർസിനെയും സമ പ്രായക്കാരെയും ഒരുപോലെ അടിച്ചമർത്തുന്ന നേരത്തു ഒരു മിന്നായം പോലെ എന്റെ കൺവെട്ടത്തേക്ക് കടന്നു വന്നവളാണ് നന്ദന.. 

ആദ്യ കാഴ്ചയിൽ തന്നെ അവളോട് എന്തോ ഒന്നു തോന്നിയിരുന്നു എങ്കിലും പണം കൊണ്ടു അമ്മാനമാടി ജീവിതം അരങ്ങു തകർക്കുന്ന എനിക്ക് ഈ പെണ്ണും പ്രണയവുമൊന്നും ഒരു താല്പര്യ വിഷയമായിരുന്നില്ല. 

കള്ളും കഞ്ചാവും അടിച്ചു എന്നെപ്പോലെ തല തെറിച്ചവന്മാരുടെ ഒപ്പം കോളേജിൽ വിലസി നടക്കുക എന്നതായിരുന്നു എന്റെ രീതി.. 

തരം കിട്ടിയാലും ഇല്ലെങ്കിലും വല്ലതുമൊക്കെ ഉണ്ടാക്കി ആൺകുട്ടികളെയും പെൺകുട്ടികളെയും റാഗ് ചെയ്യുക..

റാഗിംഗിന്റെ കൂട്ടത്തിലും എന്റെ മുന്നിൽ ആദ്യം വന്നു പെട്ടത് നന്ദനയായിരുന്നു.. 

കോളേജിലെ ആണും പെണ്ണും എന്ന് വേണ്ട സകല ഐറ്റംസും മോഡേൺ ആയി വരുമ്പോൾ അവള് മാത്രം ദാവണിയും വലിച്ചു ചുറ്റി നെറ്റിയിൽ ചന്ദനവും തൊട്ടു പനംകുല പോലുള്ള മുടി വിടർത്തിയിട്ടു വരും.. 

ഒറ്റനോട്ടത്തിൽ ഒരു സുന്ദരി..

പലതവണയായി വേഷ വിധാനത്തെ ചൂണ്ടി കാട്ടി പരസ്യമായി  ഞാൻ അവളെ നാണം കെടുത്തി വിടുമ്പോൾ പിടയ്ക്കുന്ന താമര മിഴികളോടെ അവളെന്നിലേക്ക് ഒരു നോട്ടം എറിഞ്ഞു തരുമായിരുന്നു..അന്നേരം നെഞ്ച് ഒന്നു തുടിക്കുമെങ്കിലും അതൊന്നും വക വെക്കാതെ എല്ലാർക്കും മുന്നിൽ നിർത്തി  കൊണ്ടു തന്നെ വീണ്ടും അവൾക്കുള്ള പണി ഞാൻ കൊടുക്കും..

എന്റെ ഉപദ്രവങ്ങളും പരിഹാസവുമൊക്കെ സഹിക്ക വയ്യാതെ  എത്രയോ തവണ അവള് പൊട്ടി കരഞ്ഞു കൊണ്ടു കോളേജു ഗേറ്റിന്റെ അവിടുന്ന് തന്നെ മടങ്ങി പോയിട്ടുണ്ട്.. 

അങ്ങനെയുണ്ടായിരുന്ന എന്നിൽ അവളോട് ഒരു പ്രണയം നാമ്പിട്ടത് എപ്പോഴാണ്.. 

മദ്യപിച്ചു ലക്ക് കെട്ടു പഠിപ്പിക്കുന്ന അധ്യാപികക്ക് നേരെ എന്റെ കൈ ഉയർന്നെന്ന് പറഞ്ഞുള്ള കംപ്ലയിന്റ്റെ ഭാഗമായി പോലീസ് എന്നെ അറസ്റ്റ് ചെയ്തപ്പോൾ ഞാൻ രക്ഷപെട്ടതു അവളുടെ ഒരൊറ്റ മൊഴി കൊണ്ടാണെന്ന കാരണത്തിലോ.. 

മദ്യപിച്ചു കോളേജിൽ പ്രവേശിച്ചതോ മാന്യമല്ലാത്ത രീതിയിൽ അദ്ധ്യപികയോടു പെരുമാറിയാതൊ ഒന്നുമായിരുന്നില്ല എനിക്ക് നേരെ ഉയർന്ന കംപ്ലയിന്റ്..അവരൊരു സ്ത്രീയായതാണ്..ഞാൻ ചെയ്തതോ സ്ത്രീ പീഡനവും..അതാണല്ലോ കാലം..ആണിന് പെണ്ണിന്റെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും പറ്റില്ലല്ലോ..സെക്കന്റ്‌ നേരമായാൽ അതു സ്ത്രീ പീഡനം..പോരാത്തതിന് കംപ്ലയിന്റ് കൊടുത്തത് ഒരു അധ്യാപികയും..അതും സ്വന്തം സ്റ്റുഡന്റ്നു നേരെ..മതിയല്ലോ..അതൊക്കെയായി കേസ് കുറച്ച് ശക്തിയാർജിച്ചു പോയി..അപ്പച്ചനു എനിക്ക് വേണ്ടി ഒരു പിണ്ണാക്കും ചെയ്യാൻ പറ്റിയില്ല..ഇല്ലെന്നല്ല..അതൊന്നും എവിടെയും കൊണ്ടില്ല.സംഭവത്തിനൊരു  ദൃക്സാക്ഷി ഉണ്ടെന്നാണ് മിസ്സിന്റെ വാദം. മിസ്സ്‌ പറയുന്ന ആ ദൃക്സാക്ഷി വിചാരിച്ചാലെ ഇനി വല്ലതും നടക്കുള്ളൂ എന്നുകരുതി ഒടുക്കം അങ്ങനെയൊന്നിനെ തപ്പി നടക്കാൻ തുടങ്ങി..വൈകാതെ തന്നെ നന്ദനയാണ് ആ മഹാ കർമ്മത്തിനു സാക്ഷി ആയതെന്ന കാര്യം ഞാൻ കണ്ടുപിടിച്ചു..

ഭീഷണി പെടുത്തിയോ അവളുടെ കയ്യും കാലും പിടിച്ചിട്ടൊ എങ്ങനെയായാലും  വേണ്ടില്ല..അങ്ങനെയൊരു സംഭവത്തിന് സാക്ഷിയായിട്ടേയില്ലന്ന് അവളെ കൊണ്ടു പറയിപ്പിക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കുന്നതിനു മുന്നേ അവള് എനിക്ക് അനുകൂലമായി സംസാരിച്ചിരുന്നു. 

ഞാനൊന്നും കണ്ടിട്ടില്ലന്ന അവളുടെ ഒറ്റ സംസാരം കൊണ്ടു എനിക്ക് തിരിച്ചു കിട്ടിയത് ആർത്തുല്ലസിച്ചു നടക്കേണ്ട എന്റെ കോളേജു ലൈഫും കാര്യങ്ങളുമൊക്കെയായിരുന്നു..ഇല്ലേൽ ഞാൻ കുറച്ച് കാലം അഴിയെണ്ണി കഴിയെണ്ടി വന്നേനെ.. 

അവൾക്ക് ഏറ്റവും പ്രിയപ്പെട്ട രാധിക മിസ്സിനെ പോലും എതിർത്തു കൊണ്ടു അവളെനിക്ക് അനുകൂലമായി സംസാരിച്ചത് എനിക്ക് അവളോട്‌ പ്രണയം തോന്നുന്നതിന് മുന്നേ തന്നെ അവൾക്ക് എന്നോട് തോന്നിയത് കൊണ്ടായിരിക്കുമോ.. എന്താണെന്ന്  എനിക്ക് ഇപ്പോഴും അറിയില്ല.. 

ആ ഒരൊറ്റ സംഭവത്തിന് ശേഷം തല്ലികൊള്ളിത്തരവും ഗുണ്ടായിസവുമൊക്കെ തത്കാലത്തേക്ക് മാറ്റി നിർത്തിക്കൊണ്ട് പ്രണയാഭ്യർത്ഥനയുമായി നന്ദനയുടെ പിന്നാലെ നടക്കാൻ തുടങ്ങി.


ഇഷ്ടാണ് ഇഷ്ടാണെന്ന് പറഞ്ഞ് പിന്നാലെ നടന്നിട്ടും പെണ്ണ് ഈ മാനുവലിനെ ഒന്നു തിരിഞ്ഞു പോലും നോക്കാൻ കൂട്ടാക്കിയില്ല..വീണ്ടും ആ ഉശിരുള്ള മാനുവൽ എബ്രഹാമായി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എന്റെ മുന്നിൽ നിർത്തി സകല കോളേജ് വാസികളെയും സാക്ഷിയാക്കി  തന്നെ ഞാൻ പറഞ്ഞു..

" പ്രണയമാണ് നിന്നോട്.. ഈ കൈകൾ കൊണ്ട് ഒരു മിന്നു ചാർത്തി ജീവിത കാലം മുഴുവനും കൂടെ കൂട്ടാൻ  അതിയായ ആഗ്രഹമുണ്ട്.."

എന്ന് ഞാൻ പറഞ്ഞു തീരുന്നതിന് മുന്നേ അന്നാദ്യമായി അവളുടെ ശബ്‌ദം എനിക്ക് നേരെ ഉയർന്നു പൊങ്ങി..

ഇഷ്ടമല്ല..ഒരിക്കലും ഇഷ്ടപ്പെടാൻ പോകുന്നുമില്ലന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ടവൾ എനിക്ക് മുന്നിൽ നിന്നും നടന്നു നീങ്ങി..എല്ലാരുടെയും മുന്നിൽ നിന്നു നാണം കെട്ട നിർവൃതിയിൽ ഞാനും..

പണം കൊണ്ടും കൈ കരുത്ത് കൊണ്ടും അവളെ നേടി എടുക്കുക എന്നത് ഈ മാനുവലിനെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നു..

പക്ഷെ ഒരു പെണ്ണിനെ അങ്ങനെ നേടി എടുത്തിട്ട് എന്തു കാര്യം..വെറും ശരീരമല്ല ഞാൻ ആഗ്രഹിക്കുന്നത്..ഒരു കറ പോലും ഏല്ക്കാത്ത അവളുടെ ഹൃദയത്തിനെയാണ്..അതു സ്വന്തമാക്കാനുള്ള വഴി എന്നോണം അവള് പോലും അറിയാതെ ഞാൻ അവളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി..

പേരുകേട്ട ഒരു വാര്യർ കുടുംബത്തിലെ കുട്ടി ആണെന്നും ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു പിന്നീട് അമ്മയുടെ സുഹൃത്തായ ഒരു ടീച്ചറാണ് വളർത്തിയതും പഠിപ്പിച്ചതെന്നുമൊക്കെ..ഒരുപാട് ബന്ധുക്കൾ ഉണ്ടായിരുന്നു എന്നാലും അച്ഛന്റെയും അമ്മയുടെയും മരണ ശേഷം സ്വത്തുക്കളൊക്കെ കൈക്കലാക്കി നന്ദനയെ അവർ  ഒരു കറിവേപ്പില പോലെ ഉപേക്ഷിക്കുമ്പോഴാണ് ഭർത്താവ് മരിച്ചു കൂട്ടിനു ആരോരുമില്ലാത്ത ടീച്ചറമ്മ അവളെ ഇരു കൈകൾ നീട്ടി സ്വീകരിക്കുന്നത്..

പ്ലസ് ടൂ കഴിഞ്ഞു  അവളുടെ തുടർ വിദ്യാഭ്യാസത്തിനു വേണ്ടിയാണു ഇവിടെ ഹോസ്റ്റലിൽ ആക്കിയിരിക്കുന്നത്..അവൾക്ക് ടീച്ചറമ്മയെയും ടീച്ചറമ്മയ്ക്ക് അവളെയും പിരിയാൻ പറ്റില്ലാന്ന കാരണം കൊണ്ടു ടീച്ചറും ഇങ്ങോട്ടേക്കു പോന്നു..അതും നമ്മുടെ കോളേജിൽ ഒരു ഒഴിവു സീറ്റ്‌ലേക്ക് കയറിക്കൊണ്ട്..

അവളേക്കുറിച്ചു അന്വേഷിച്ചു അറിഞ്ഞതിനു ശേഷമാണ് സത്യം പറഞ്ഞാൽ അവളോടുള്ള പ്രണയത്തിനു വീണ്ടും ഒരാക്കം കൂടി വന്നത്..

ഒരു വൈകുന്നേരം ഹോസ്റ്റലിലേക്ക് തനിയെ പോകുന്ന അവൾക്ക് മുന്നിലൊരു തടസ്സം സൃഷ്ടിച്ചു കൊണ്ടു ഞാൻ അവളോട് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങി..

" നന്ദന..വെറുതെ പ്രേമിച്ചു നടക്കാനുള്ള കൊതി കൊണ്ടല്ല..ഈ ജീവിതകാലം മുഴുവൻ എനിക്ക് കൂട്ടായ് താൻ വേണമെന്നൊരു തോന്നൽ..

വെറും തോന്നലല്ല..ഇന്നെന്റെ ഓരോ ശ്വാസത്തിലും നീയുണ്ട് നന്ദന..അത്രമേൽ ഈ നെഞ്ചിലുണ്ട് നീ..ഒരിക്കലും കണ്ണു നിറയിക്കില്ലാ..ഇനിയൊരിക്കലും പഴയത് പോലെ തെമ്മാടിയായി നടക്കില്ല..

നിനക്ക് മുന്നിലുള്ള തടസ്സം ജാതിയും മതവുമാണെങ്കിൽ ഒരിക്കലും ഞാനതിനെ ഒരു തടസ്സമായി കാണില്ല..കാരണം ഞാൻ സ്നേഹിക്കുന്നതും സ്വന്തമാക്കണമെന്നും ആഗ്രഹിക്കുന്നതു നിന്നെയാണ്..നിന്റെയുള്ളിൽ തുടിക്കുന്ന കറ പുരളാത്ത ആ  മനസ്സിനെയാണ്..

വിശ്വാസം ആണേൽ നാളെ എനിക്കായി ഒരു മറുപടി നൽകണം..അതും ഞാൻ ആഗ്രഹിക്കുന്ന പോലൊന്ന്.. "

എന്റെ ചോദ്യങ്ങൾക്കുള്ള മറുപടിക്ക് ഞാൻ പിറ്റേ ദിവസം വരെ കാത്തു നിൽക്കേണ്ടി വന്നില്ല..ആ നിമിഷം തന്നെ നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ എനിക്കുള്ള മറുപടി നൽകിയിരുന്നു..

മനസ്സറിഞ്ഞുള്ള പ്രണയത്തിനു അന്നവിടെ തുടക്കം കുറിക്കുമ്പോഴേക്കും എന്റെയും അവളുടെയും  മനസ്സുകൾ തമ്മിൽ കൈമാറി കഴിഞ്ഞിരുന്നു.. 

മനുവിന്റെ പെണ്ണാണ് നന്ദന എന്ന് കോളേജ് മുഴുവനും ഒരേ സ്വരത്തിൽ പാടി തുടങ്ങി എങ്കിലും കണ്ണുകൾ കൊണ്ടു മാത്രമായിരുന്നു ഞങ്ങളുടെ സംസാരം..എല്ലാരുടെയും മുന്നിൽ കാമുകി കാമുകൻമാരായി വിലസി നടക്കുന്നതിൽ എനിക്കോ അവൾക്കൊ യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല.. 

ഇടയ്ക്ക് ഒക്കെ ആളൊഴിഞ്ഞ വരാന്തയിലും മരച്ചോട്ടിൽ നിന്നും പതിഞ്ഞ സ്വരത്തിൽ കുറച്ച് മാത്രം സംസാരിക്കുന്നതായിരുന്നു അവളുടെ രീതി... 

ഒന്നും സംസാരിച്ചില്ല എങ്കിലും കുറച്ച് നേരം എന്റെ നീല   കണ്ണുകളിലെക്ക് നോട്ടം എറിഞ്ഞു നിൽക്കണമെന്നത് അവൾക്ക് നിർബന്ധമായിരുന്നു..കടലിളകി മറിഞ്ഞു വരുന്ന എന്റെയീ മിഴികൾ വിടർത്തിയുള്ള നോട്ടത്തിൽ പലപ്പോഴും മണിക്കൂറുകളോളം അവൾ ലയിച്ചു നിന്നിട്ടുണ്ട്..ആഴ കടലിലെക്ക് ആഴ്ന്നിറങ്ങിയ പ്രതീതിയോടെ അവള് എന്റെ കണ്ണുകളെ ഒരേ ഒരു നോട്ടം കൊണ്ടു കൊത്തി വലിക്കുമ്പോൾ പലപ്പോഴും മനസ്സിന്റെ നിയന്ത്രണം വിട്ടു ഞാൻ അവളിലേക്ക് മുഖം അടുപ്പിച്ചിട്ടുണ്ട്.

ഏതു മായാ ലോകത്ത് എന്നാലും ഇന്നുവരെ  സ്വന്തം ശരീരത്തിലേക്ക്  എന്റെയൊരു  സ്പർശനം  ഏല്ക്കാൻ പോലും അവള് അനുവദിച്ചിട്ടില്ല.. 

ഒരു തരി പോലും  കളങ്കമില്ലാത്ത സ്നേഹമായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്..അവളുടെ ആഗ്രഹമെന്നോണം ഞാൻ അവൾക്ക് നൽകിയതും അവളെനിക്ക് നൽകിയതും അതുപോലെ പവിത്രമായൊരു സ്നേഹമാണ്..

ഒന്നു കൊണ്ടും അനശ്വര പ്രണയത്തിന്റെ വിശുദ്ധി കളയാൻ അവള് ആഗ്രഹിച്ചിരുന്നില്ല.

എന്റെ വീട്ടുകാർ അവളെ അംഗീകരിക്കില്ലന്ന കാര്യം പറഞ്ഞ് പലപ്പോഴും അവളെന്റെ മുന്നിൽ കണ്ണു നിറച്ചു നിന്നിട്ടുണ്ട്.അപ്പോഴൊക്കെ എന്റെ ഒരു ഇഷ്ടത്തിനും എന്റെ വീട്ടുകാർ ഇന്നുവരെ എതിര് നിന്നിട്ടില്ല..അതുകൊണ്ട് ഇക്കാര്യത്തിലും എതിർക്കില്ലന്ന് പറഞ്ഞ് ഞാൻ അവളെ ആശ്വസിപ്പിക്കും..

സത്യം പറഞ്ഞാൽ ആദ്യമൊക്കെ അത് വെറുമൊരു ആശ്വാസ വാക്കുകൾ ആയിരുന്നില്ല..എന്റെ വിശ്വാസവും പ്രതീക്ഷയുമൊക്കെ അങ്ങനെ തന്നെയായിരുന്നു..

പക്ഷെ നന്ദനയുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ എന്റെ പ്രതീക്ഷകൾക്കൊക്കെ വിള്ളൽ ഏല്പിച്ചു കൊണ്ടാണ് അപ്പച്ചനും അമ്മച്ചിയും ഉറച്ച ശബ്‌ദത്തോടെ വിസമ്മതമറിയിച്ചത്.. 

തറവാട്ട് മഹിമയുടെയും പണത്തിന്റെ കാര്യമൊക്കെ വിട്ടു കളയാം.. പക്ഷെ ഒരന്യ മതക്കാരി ആണെന്നതാണ് ഏറ്റവും വല്യ പ്രശ്നം..കുടുംബക്കാരുടെയും  ഇടവകക്കാരുടെയും മുന്നിൽ തലയുയർത്തി നടക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞോണ്ട് അപ്പച്ചനും അമ്മച്ചിയും വീണ്ടും വീണ്ടും എനിക്ക് നേരെ ശബ്‌ദം ഉയർത്തി. 

ഇന്നുവരെ എന്റെ ഒരു ആഗ്രഹത്തിനും എതിര് പറയാത്തവരാണ് ആദ്യമായി എന്നോട് കയർത്തത്.. 

പക്ഷെ അതു കൊണ്ടു ഒന്നും ജീവന്റെ പാതിയായി കണ്ടു സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാൻ ഞാൻ തയാറാല്ലായിരുന്നു.ഞാൻ കുറച്ചൂടി നിർബന്ധം പിടിച്ചാൽ  ഇന്നല്ലങ്കിൽ നാളെ വീട്ടുകാരുടെ തീരുമാനം മാറുമെന്ന ഉറച്ച വിശ്വാസത്തോടെ എന്റെയും നന്ദനയുടെയും പ്രണയം വീണ്ടും പടർന്നു പന്തലിച്ചു..ഒരിക്കലും പിരിയാൻ ആകാത്ത വിധം..

ഇക്കഴിഞ്ഞ ദിവസങ്ങളൊക്കെ അവളെയൊന്നു എന്റെ  ബൈക്കിൽ കയറ്റാൻ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റിയതാണ്.. 

പക്ഷെ ഒന്നും അവളുടെ അടുത്തു വില പോയില്ല. 

ആദ്യമായി ഇന്നാണ് ഈ പെണ്ണ് എന്റെ ഒന്നിച്ച് വരുന്നത്..അതും ചുറ്റി അടിച്ചു നടക്കാനോ കറങ്ങി തിരിയാൻ വേണ്ടിയോ ഒന്നുമല്ല.. 

അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി  ചെറുതായി ഒരു  ആക്‌സിഡന്റ് പറ്റി സിറ്റി ഹോസ്പിറ്റലിൽ കിടക്കുവാണ്..അവളെ കാണാൻ വേണ്ടി ക്ലാസ്സ്‌ കഴിഞ്ഞു നന്ദനയും അവളുടെ ക്ലാസ്സിലെ വേറൊരു കുട്ടിയും കൂടെ  ഓട്ടോ പിടിച്ചു പോയതാണ്..

സിറ്റി വഴി ബൈക്ക് പാസ്സ് ആകുമ്പോഴാണ് ഞാൻ നന്ദനയെ അവിടെ ബസ്‌ സ്റ്റോപ്പിൽ കണ്ടത്..കാര്യം തിരക്കിയപ്പോൾ 
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ കൂടെയുണ്ടായിരുന്നവൾക്ക് ബസ്സ് കിട്ടിയെന്നും  ഞാൻ ഓട്ടോയ്ക്ക് നോക്കി നിക്കുവാണെന്നും ഉത്തരം കിട്ടി. 

സമയം വൈകുന്നേരം ആയത് കൊണ്ടും നല്ല മഴക്കോളുള്ളത് കൊണ്ടും ഞാൻ അവളോട് ഹോസ്റ്റലിൽ ആക്കി തരാം..വണ്ടിയിൽ കയറെന്നു പറഞ്ഞു. 

എത്രയൊക്കെ പറഞ്ഞിട്ടും പെണ്ണ് വേണ്ടെന്നും ഇല്ലാന്നും തലയാട്ടി കാണിക്കുന്നത് അല്ലാതെ ബൈക്കിൽ കയറാനുള്ള തീരുമാനത്തിൽ എത്തുന്നില്ല.. 

ഒടുക്കം ദേഷ്യം ഇരച്ചു ഇങ്ങോട്ടു കയറി ഇരിക്കെടീന്നും പറഞ്ഞ് അവളെ നോക്കി കണ്ണുരുട്ടിയതും പിന്നൊന്നും നോക്കാതെ തലയും താഴ്ത്തി പിടിച്ചു കൊണ്ടു ഒരൊറ്റ കയറലായിരുന്നു പിന്നിലേക്ക്.. 

അല്ലെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടമുള്ളതും അതേ സമയം ഏറ്റവും പേടിയുള്ളതും എന്റെയീ നീല കണ്ണുകളെയാണ്..

മെയിൻ റോഡ് കഴിയുമ്പോഴേക്കും ശക്തമായ ഇടി മുഴക്കത്തോടൊപ്പം പെരുമഴ തുടങ്ങിയിരുന്നു.. 

മഴ നനയണ്ടാന്ന് കരുതി അവിടെ കണ്ട ഒരു മരച്ചോട്ടിലേക്ക് വണ്ടി ഒതുക്കി ഇറങ്ങിയപ്പോൾ ഒരുനിമിഷത്തേക്ക് മനസ്സൊന്നു കൈവിട്ടു പോയി.. 

അതിന്റെ ദേഷ്യവും സങ്കടവും ഇപ്പോഴും അവളെ വിട്ടു മാറിയിട്ടില്ല..ആദ്യ ചുംബനത്തിന്റെ ലഹരി ഇതുവരെ എന്റെ ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടിട്ടുമില്ല. 

ഹോസ്റ്റൽ ഗേറ്റ്നു മുന്നിൽ ബൈക്ക് നിർത്തുമ്പോഴും അവളുടെ മൗനം വെടിഞ്ഞിട്ടില്ല. 

"ഇറങ്ങുന്നില്ലെ..അതോ എന്റെ വീട്ടിലേക്കു പോരുന്നൊ.. "

എന്റെ ചോദ്യം ഉയർന്നതും പെട്ടെന്ന് എന്തോ ബോധോദയം വന്ന പോലെ അവള് ബൈക്കിൽ നിന്നും ചാടി ഇറങ്ങി തലയും താഴ്ത്തി നിന്നു.. 


"നന്ദന..നിന്റെ  വല്ലതും താഴെ  കളഞ്ഞു പോയോ..അവിടെന്നെ തുടങ്ങിയത്‌ ആണല്ലോ ഇങ്ങനെ തലയും താഴ്ത്തി പിടിച്ചു  നിൽക്കാൻ..ഒന്നു ഇങ്ങോട്ടേക്കു നോക്കിയേ.."

എന്ന് ഞാൻ പറഞ്ഞെങ്കിലും അവളെന്റെ മുഖത്തേക്ക് നോക്കാനോ ഒന്നു വായ തുറക്കാനോ തയാറായില്ല. 

"ടീ..ഇങ്ങോട്ടേക്കു നോക്കാനാ പറഞ്ഞത്.. 

എന്റെ മുഖത്തേക്ക് നോക്കെടി.. "

കുറച്ച് ദേഷ്യം കലർത്തി അവളുടെ നനഞ്ഞു കുതിർന്ന കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു ഞാനത് പറഞ്ഞപ്പോൾ അവള് പതിയെ തല ഉയർത്തി  എന്റെ മുഖത്തേക്ക് നോക്കി.. 

" ഇപ്പോഴും കരയുവാ നീ..സങ്കടം മാറിയില്ലെ...അതോ ദേഷ്യമാണോ..? "

"ദേഷ്യമൊന്നുമില്ല..എന്നാലും വേണ്ടായിരുന്നു..കിസ്സ് ചെയ്യേണ്ടിയിരുന്നില്ല.."

"ഇനിയിപ്പോ അതുതന്നെ പറഞ്ഞോണ്ട് ഇരുന്നിട്ട് എന്താ കാര്യം..നിനക്ക് ഇഷ്ടപ്പെട്ടില്ലേലും സാരല്യ..ഞാൻ നല്ലത് പോലെ ആസ്വദിച്ചു..അതോർത്തു വെറുതെ കരഞ്ഞോണ്ട് ഇരിക്കേണ്ട..ചെല്ലാൻ നോക്ക്.."

"മ്മ്.."

ഞാൻ പറഞ്ഞതിനൊക്കെയുള്ള മറുപടി ഒരു ചെറു മൂളലിൽ ഒതുക്കി നിർത്തി  പിന്നൊന്നും മിണ്ടാതെ അവള് ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു..

കണ്ണിൽ നിന്നും മറയുന്നതു വരെ അവളെ നോക്കി അവിടെത്തന്നെ നിന്നത് അവളൊരു വട്ടമെങ്കിലും തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയിലാണ്. 

പക്ഷെ ഇന്ന് അതുണ്ടായില്ല.. 

ഞാൻ ചെയ്തത് ഇത്തിരി കൂടി പോയോ.. 

അവളുടെ ഇഷ്ടവും സമ്മതവുമൊന്നുമില്ലാതെ ചുംബനം നൽകുന്നത് പോയി അവളുടെ ദേഹത്ത്  ഒരു  സ്പർശനം പോലും പാടില്ലായിരുന്നു.. 

ഇനി പറഞ്ഞിട്ടും കാര്യമില്ല..ഉള്ളിലെ സ്നേഹം പറഞ്ഞു തീർക്കാൻ വാക്കുകൾ മതിയാവാതെ വന്നപ്പോഴാണ് അതു ചുംബനമായി മാറിയത്.. 

അല്ലേലും ആദ്യ ചുംബനം ആണിനു ആവേശവും പെണ്ണിന് പേടിയുമാണല്ലോ..അതേ ഇവിടെയും സംഭവിച്ചുള്ളൂ..

ഇനി അവളുടെ പിണക്കം  നാളെ കോളേജിൽ ചെന്നു മാറ്റാമെന്ന് കരുതി അടുത്ത മഴയ്ക്ക് മുന്നേ ഞാൻ വീടെത്തി ചേർന്നു.. 

രാത്രി സമയം ഏറെയായിട്ടും കണ്പോളകളിലേക്ക് ഉറക്കം തട്ടുന്നില്ല. കണ്ണടച്ചാൽ തെളിഞ്ഞു വരുന്നത് കണ്ണ് നിറഞ്ഞു വന്ന അവളുടെ കുഞ്ഞു മുഖമാണ്.. 

ഒന്നു വിളിച്ചു സംസാരിക്കാമെന്ന് കരുതിയാൽ അവിടെ രാത്രിയിൽ ഫോൺ അലോഡല്ല.മാത്രല്ല..അവളുടെ ടീച്ചറമ്മ സദാ സമയവും അവളുടെ കൂടെ ആണല്ലോ. 


ഉറക്കമില്ലാതെ ആ രാത്രി കടന്നു പോകുമ്പോൾ മനസ്സിൽ ഒരേ ഒരു മുഖം. 

നന്ദന.. 

എന്തായാലും അവളുടെ വിഷമം മാറ്റി എടുക്കാതെ എനിക്കൊരു സമാധാനം ഉണ്ടാകില്ലന്ന് പൂർണ ബോധ്യമായപ്പോൾ ഞാൻ  അവൾക്ക് മുന്നേ കോളേജിലെത്തി.. 

പക്ഷെ പതിവ് സമയം കഴിഞ്ഞിട്ടും അവള് കോളേജിൽ എത്തിയില്ല..

അവളുടെ ഫ്രണ്ട്നോട് അവളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.വരുമായിരിക്കും എന്നായിരുന്നു മറുപടി..

ലാസ്റ്റ് ബെല്ല് അടിച്ചിട്ടും അവളെ കാണാതെ വന്നപ്പോൾ ഞാൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക്‌ വെച്ച് പിടിച്ചു..അവളുടെ ടീച്ചറമ്മയോട് വിവരം തിരക്കാൻ..

എന്നോട് അവർക്കു കൂടുതൽ അടുപ്പം ഇല്ലാ എങ്കിലും നന്ദന എവിടെ എന്ന എന്റെ ചോദ്യത്തിനു അവൾക്ക് പനിയാണെന്നു മാത്രമൊരു മറുപടി നൽകി..

ഒന്നും ചിന്തിക്കാതെ ഹോസ്റ്റൽ ഗേറ്റ് കടന്നു അവളുടെ റൂം ലക്ഷ്യം വെച്ചു നീങ്ങുമ്പോഴും എന്റെ പെണ്ണിന് ഒന്നും വരുത്തല്ലേ മാതാവേ എന്നോരു പ്രാർത്ഥന മാത്രമായിരുന്നു..

കതകിലുള്ള എന്റെ തട്ടലിന് ഇത്തിരി ശക്തി കൂടിയത് കൊണ്ടാകാം പെട്ടെന്ന് തന്നെ വാതിൽ തുറന്നു..

എന്നെ കണ്ട അവളൊന്നു ഞെട്ടി ചുറ്റും നോക്കി..

" മ..മനു എന്താ ഇവിടെ..."

" വയ്യാതെ ആയിട്ടു എന്തേ എന്നെ അറിയിച്ചില്ല. "

അവളുടെ വാടി തളർന്നുള്ള മുഖം കണ്ടപ്പോഴുണ്ടായ സങ്കടവും അതിലേറെ പനിച്ചു കിടന്നിട്ടും എന്നോടൊരു വാക്ക് പറഞ്ഞില്ലന്നുമുള്ള ദേഷ്യം കൊണ്ടും എന്റെ ചോദ്യത്തിന് അൽപ്പം ശബ്‌ദം കൂടിയിരുന്നു..

" അത് മനു..എനിക്ക് അതിനും മാത്രമൊന്നും... 

അല്ല..ഇന്നലെ മഴ നനഞ്ഞതോണ്ടാവും.. "

പേടിച്ചു വിറച്ചു കൊണ്ടു എങ്ങനൊക്കെയോ അത്രയും പറഞ്ഞു ഒപ്പിച്ചു അവള് എനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്നു.

"നോക്കട്ടെ...ടെംപറേച്ചർ കൂടുതൽ ആണേൽ ഹോസ്പിറ്റലിൽ പോകാം.. "

എന്ന് പറഞ്ഞു കൊണ്ടു ഞാൻ അവളുടെ അരികിലേക്ക് നീങ്ങി നിന്നു അവളുടെ  കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കാൻ തുടങ്ങിയതും അവള് പൊട്ടി കരയാൻ തുടങ്ങി.. 

" ഏയ്‌..കരയാൻ മാത്രം എന്താ..ഒന്ന്  പനിച്ചതല്ലേ..വാ..ഹോസ്പിറ്റലിൽ പോകാം..പെട്ടെന്ന് റെഡിയായിക്കെ.."

"വേണ്ടാ..മനു പൊക്കോളു..ആരേലും കണ്ടാൽ പ്രശ്നാവും.. "

"  അതിനാണോ നീ കരയണെ..നന്ദന..സത്യം പറ..എന്താ നിനക്ക്..

ഇന്നലത്തെ സങ്കടം ഇതുവരെ മാറിയില്ലെ..അക്കാര്യം ഓർത്തു നീ രാത്രി മുഴുവനും കരഞ്ഞുല്ലെ..അതല്ലേ ഇപ്പൊ വയ്യാതെ ആയത്..പറാ..എന്നോട് സത്യം പറ.."

"മ്..ഞാൻ പറഞ്ഞത് അല്ലേ വേണ്ടാന്ന്..തെറ്റാണെന്ന്..

തെറ്റ് തന്നെയാ..ഞാൻ ചീത്തകുട്ടിയായി..മോശപ്പെട്ടവളായി..

അല്ല..വഴി പിഴച്ചു പോയി..ചെറുപ്പത്തിൽ  അമ്മയും അച്ഛനുമൊക്കെ പറഞ്ഞു തന്നിട്ട് ഉണ്ടായിരുന്നു..ഞങ്ങളുടെ നന്ദ മോള് ഒരിക്കലും തെറ്റിലേക്ക് പോകരുതെന്ന്.. 

വിവാഹത്തിനു മുന്നേ ഇങ്ങനൊക്കെ ചെയ്യുന്നത് തെറ്റല്ലേ മനു..മാത്രല്ല..ഞാൻ നിങ്ങളുടെ സ്വന്തമാവുമോന്ന്..അല്ല..നിങ്ങള് എന്റെ സ്വന്തമാവുമോന്ന് എനിക്ക് ഇപ്പോഴും യാതൊരു ഉറപ്പുമില്ല.. 

അപ്പൊ ഇന്നലെ ഉണ്ടായത് ഒക്കെ... "

അത്രയും പറഞ്ഞോണ്ട് നിറ മിഴിയാലെ അവളെന്റെ മുഖത്തേക്ക് നോക്കിയതും ഒരുനിമിഷം എന്തു പറയണമെന്നോ ചെയ്യണമെന്നോ എന്നറിയാതെ ഞാൻ അവളുടെ കണ്ണിലേക്കു തന്നെ നോട്ടമിട്ടു നിന്നു പോയി.. 

എന്തോ ഒന്നു തീരുമാനിച്ചുറപ്പിച്ചതു പോലെ അടുത്ത നിമിഷം ഞാൻ അവളുടെ കയ്യിൽ മുറുകെ പിടുത്തമിട്ടു വലിച്ചു കൊണ്ടു  റൂമിന് വെളിയിലേക്ക് ഇറങ്ങി..

വെളിയിൽ ഞങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അവളുടെ ടീച്ചറമ്മയെ കണ്ടതും അവള് ഞെട്ടി തരിച്ചു കൊണ്ടു ഞാൻ പിടുത്തമിട്ടിരിക്കുന്ന അവളുടെ കൈയിലേക്കും അവരുടെ മുഖത്തേക്കും മാറി മാറി നോക്കാൻ  തുടങ്ങി. 

അവൾക്ക് വയ്യെന്ന് അറിഞ്ഞാൽ ഞാൻ ഇവിടേക്ക് വരുമെന്ന് അവർക്കു അറിയാമായിരുന്നു..മാത്രല്ല..ആദ്യമൊക്കെ തനി തെമ്മാടിയായിരുന്ന എന്നോടുള്ള വിശ്വാസ കുറവു കൊണ്ടാണ് ഞാൻ നന്ദനയുടെ കാര്യം തിരക്കി കഴിഞ്ഞപ്പോൾ തന്നെ അവര് ഇവിടേക്ക് ഓടി വന്നത്.. 

തനിച്ചു കിട്ടിയ നന്ദനയെ ഞാൻ എന്തെങ്കിലും ചെയ്യുമോന്നുള്ള ഭയം.. 

അതിലേറെ അവളോടുള്ള സ്നേഹ കൂടുതൽ.. 

എന്തു തന്നെയായാലും ഇപ്പോൾ അതിലേക്ക് ഒന്നും ശ്രദ്ധ കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്തതു കൊണ്ടു ഞാൻ നന്ദനയിലുള്ള എന്റെ പിടി ഒന്നൂടെ മുറുക്കി അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു.. 

" പിഴപ്പിക്കാൻ കൊണ്ടു പോകുകയല്ല..എന്നെന്നേക്കുമായി സ്വന്തമാക്കാൻ വേണ്ടി കൊണ്ടു പോകുവാ.. 

ഒരു കളങ്കം പോലും ഏല്പിക്കാതെ തിരിച്ചു കൊണ്ടു വിടാം..

അപ്പച്ചൻറ്റെയും അമ്മച്ചിടെയും സമ്മതം വാങ്ങി വരുന്ന നാളിൽ നിങ്ങളുടെ മകളെ ഈ നസ്രാണി ചെക്കന്റെ കയ്യിൽ ഏല്പിച്ചു തന്നെക്കണം..പൂർണ മനസ്സോടെ.. "

ഓരോ അടി മുന്നോട്ടു പോകും തോറും അവളിലുള്ള എന്റെ പിടി മുറുകി കൊണ്ടിരുന്നു..എന്നെ എതിർക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടോ അതോ എന്നിലുള്ള പൂർണ വിശ്വാസം കൊണ്ടോ ഒരു വാക്ക് പോലും ഉരിയാടാതെ അവളെനിക്ക് പിന്നാലെയായി  ബൈക്കിൽ കയറി.. 

ബൈക്കിന്റെ വേഗത സഹിക്കാൻ ആവാതെ അവളെന്റെ വയറിനെ വരിഞ്ഞു ചുറ്റുമ്പോൾ അതുവരെ ഇല്ലാത്ത എന്തോ ഒരനുഭൂതിയായിരുന്നു.. 

പണ്ട് മുതലേ അവൾ ആരാധന നടത്തി വിശ്വാസം അർപ്പിച്ചു വരുന്ന ഭഗവതി കാവിനു മുന്നിലായി ബൈക്ക് നിശ്ചലമായപ്പോൾ ഞെട്ടി തരിച്ചു കൊണ്ടു അവളെന്റെ മുഖത്തേക്ക് നോക്കി.. 

ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ പിടിച്ചു ആ വല്യ മരത്തിന്റെ ചോട്ടിലുള്ള പ്രതിഷ്ഠയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും എന്തെന്ന അർത്ഥത്തിൽ അവള് എന്നിലേക്ക്‌ നോട്ടം എറിയുന്നുണ്ട്. 

സ്വർണത്തിൽ മനു എന്ന പേര് കൊത്തി എന്റെ കഴുത്തിൽ കിടക്കുന്ന മാലയൂരി അവിടെ വിതറി കിടക്കുന്ന കുങ്കുമത്തിൽ നിന്നും ഒരു തരി അതിലേക്ക് ചേർത്തു വെച്ച് അവളോട് ഒരു വാക്ക് പോലും ചോദിക്കാതെ മണ്ണിനെയും വിണ്ണിനെയും സാക്ഷി നിർത്തി ഞാനത് താലി മാല എന്നോണം  അവളുടെ കഴുത്തിൽ ചാർത്തി കൊടുത്തു.. 

എന്താണ് സംഭവിച്ചതെന്നറിയാതെ ഒരുനിമിഷം അവളെന്നെ മിഴിച്ചു നോക്കി..എനിക്കറിയാം..എന്നിൽ നിന്നും അവള് ആഗ്രഹിക്കുന്നതു ഇതാണെന്ന്.. 


" നിന്റെ ശരീരത്തിൽ സ്പർശിക്കാനുള്ള അധികാരം നേടാൻ വേണ്ടി മാത്രമായി ചാർത്തി നൽകിയതല്ല ഇത്..

നീ ഈ മനുവിന്റെ മാത്രം സ്വന്തമാണെന്ന് തെളിയിച്ചു തന്നതാണ്..ഞാൻ നിന്റേത് മാത്രമാണെന്നുള്ള പൂർണ വിശ്വാസം നൽകിയതാണ്..

ഇന്നീ നിമിഷം മുതൽ നീ എന്റെ പെണ്ണായി കഴിഞ്ഞിരിക്കുന്നു നന്ദന..നീ ആഗ്രഹിച്ചത് പോലെ എന്റെ കൈകൾ കൊണ്ടു നിന്റെ കഴുത്തിൽ ഒരു മിന്നു അണിയിച്ചു തന്നിരിക്കുന്നു..

എന്നുകരുതി നിന്റെ ശരീരത്തിന്റെ ഓരോ അണുവിലും എനിക്ക് ആഴ്ന്നിറങ്ങണമെന്നല്ല..

വാക്കാണ്..ഇത് ഞാൻ നിനക്ക് നൽകുന്ന വിശ്വാസമാണ്..തടസ്സങ്ങൾ ഏതു രൂപത്തിൽ വന്നാലും നിന്നെ ഞാൻ കൈ വിടില്ലെന്ന ഉറച്ച വിശ്വാസം.."

അവളുടെ സീമന്ത രേഖയിലേക്ക് കുങ്കുമം തൊട്ടു കൊടുത്തതിന് ശേഷമായി ഞാൻ സംസാരിച്ച വാക്കുകൾക്കും ഇതുവരെ ചെയ്ത പ്രവർത്തികൾക്കുമുള്ള മറുപടി അവളെനിക്ക് തന്നത് എന്നെ ഞെട്ടിച്ചു കൊണ്ടു എന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നാണ്.. 

ആദ്യമായാണ് അവളെന്നിലെക്ക് ചേർന്നു വരുന്നത്..എന്റെ നെഞ്ചിടിപ്പിന്റെ താളം കേൾക്കുന്നത്.. 

എന്റെ മാറിൽ മുഖം പൂഴ്ത്തി പിടിച്ചു അവള് എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ട്.. 

എല്ലാത്തിനുമുള്ള മറുപടിയായി കുറച്ച് നേരം  അവളെ ചേർത്തു പിടിച്ചു നിന്നു.. 

ഇതിനെക്കാളും വലുതായി മറ്റൊരു സന്തോഷ മുഹൂർത്തം  ഇനിയീ ജീവിതത്തിൽ അവൾക്ക് കിട്ടാനില്ലന്ന് അവളുടെ നിറഞ്ഞ മിഴികളും ചെറു പുഞ്ചിരി വിടരുന്ന ചുണ്ടുകളും എന്നോട് വിളിച്ചു ഓതുന്നുണ്ട്..

ടീച്ചറമ്മ ദേഷ്യത്തിലാവും..വേഗം തിരിച്ചു കൊണ്ടാക്കണമെന്ന് അവള് പറഞ്ഞെങ്കിലും ഇന്നവളെയും കൊണ്ടു കുറച്ച് ചുറ്റി അടിക്കാനായിരുന്നു എന്റെ തീരുമാനം..

വേണ്ടെന്ന് പറഞ്ഞു അവളു ഒരുപാട് എതിർത്ത് എങ്കിലും എന്റെ കൂടെ കുറച്ച് നേരം കൂടെ ചിലവഴിക്കണമെന്ന ആഗ്രഹം അവൾക്കുണ്ടെന്നു അവളുടെ താമര മിഴികൾ എന്നോട് പറയാതെ പറയുന്നുണ്ട്..

കടും ചോര നിറത്തിലുള്ള ഒരു കൂട്ടം റോസാ പൂക്കളും ഒരു കൈ നിറയെ കുപ്പിവളയും ഒരു പിടി നാരങ്ങ മിടായിലും ഒതുങ്ങുന്നതായിരുന്നു അവളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളുമൊക്കെ..

രാവിലെ പനിച്ചു നിന്നിരുന്ന പെണ്ണിന്റെ ദേഹത്തിന് ഇപ്പോൾ ഒരു ചെറു ചൂട് പോലുമില്ല..പകരം നല്ല കുളിർമയാണ്..

മനസ്സിന്റെ സന്തോഷവും തണുപ്പും ശരീരത്തിലേക്കും പടർന്നതാകാം..

സിനിമയ്ക്കും ഷോപ്പിങ്ങിനുമൊക്കെ പോകണമെന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അതൊന്നും വേണ്ടന്നായിരുന്നു അവൾക്ക്..

എന്നാലും അവളെ പെട്ടെന്ന് കൊണ്ടു വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല എന്നത് കൊണ്ടു അവിടെയും ഇവിടെയും ഇരുന്ന് അവളെ നോക്കിയും സംസാരിച്ചുമൊക്കെ ഞാൻ വൈകുന്നേരമാക്കി..

ആദ്യമായാണ് അവള് വാ തോരാതെ ഇങ്ങനെ സംസാരിക്കുന്നത്..കണ്ണുകൾക്ക് എന്നത്തേതിനെക്കാളും തിളക്കം ഇന്ന് കാണുന്നുണ്ട്..

"മനൂ..പോകാം..ഇന്നും  മഴയുണ്ടെന്ന തോന്നണെ.. "

അവളുടെ കണ്ണുകളിലേക്ക് നോട്ടം എറിഞ്ഞു കൊണ്ടു ഏതോ ലോകത്തെത്തിയ എന്റെ കാതുകളിലേക്ക് അവളുടെ നേർത്ത ശബ്‌ദം പതിഞ്ഞു.. 

" മഴ പെയ്തോട്ടേ..വീണ്ടും ഒരു കിസ്സിനുള്ള ചാൻസ് ഉണ്ട്..അല്ലേ നന്ദന.."

അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയാലെ ഞാനത് പറഞ്ഞു തീരുമ്പോഴേക്കും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.. 

"നന്ദന..ആ തെറ്റിനെ ഞാൻ തിരുത്തി കഴിഞ്ഞിരിക്കുന്നു..

ഇനിയും അതോർത്തു പനി പിടിപ്പിക്കരുത്..കേട്ടല്ലോ.."

എന്നും പറഞ്ഞോണ്ട് ഞാനെന്റെ കൈ അവളുടെ തോളിലൂടെ ഇട്ടു..

അവള് അപ്പോൾത്തന്നെ എന്നിലേക്ക്‌ ചേർന്നു നിന്നു എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരി തൂകാൻ തുടങ്ങി..

" മനു..നേരം വൈകുന്നു..ഏതാ ഈ സ്ഥലം..ആളനക്കമൊന്നുമില്ലല്ലോ ഇവിടെ..

വന്നെ..ദേ..മഴക്കാറു കണ്ടോ..നമുക്ക് പോകാം.."

അതും പറഞ്ഞോണ്ട് അവളെന്നിലേക്ക് ഒന്നൂടെ ചേർന്നു നിന്നപ്പോൾ ഞാൻ അവളുടെ കയ്യും പിടിച്ചു വിജനമായ ആ വഴിയിലൂടെ നടക്കാൻ തുടങ്ങി.. 

ബൈക്കിനടുത്തേക്ക് എത്തി ചേരുന്നതിന് മുന്നേ ശക്തമായൊരു ഇടി മുഴക്കം ഉണ്ടായതും കൃഷ്ണാന്നും വിളിച്ചോണ്ട് അവള് എന്റെ നെഞ്ചിലേക്ക് ഒട്ടി ചേർന്നു.. 


അതുകണ്ടു ഒരു പുഞ്ചിരിയാലെ ഞാൻ അവളുടെ തലയിൽ തലോടി തുടങ്ങിയതും പിന്നിൽ നിന്നും ചില കാൽ  പെരുമാറ്റം.. 

സാധാരണ ആളനക്കം ഉണ്ടാവാത്ത ഈ വഴിയിൽ ആരാണ് ഇപ്പോഴെന്ന് കരുതി ഞാൻ അവളെയും പിടിച്ചു തന്നെ തിരിഞ്ഞു നോക്കി.. 
കഴുകൻ കണ്ണുകളോടെ എന്റെ പെണ്ണിന്റെ ശരീരത്തേ  ചൂഴ്ന്നെടുക്കുന്ന ഒരു കൂട്ടം വൃത്തികെട്ടവന്മാരാണ് ഞങ്ങക്ക് പിന്നിലായി ഉണ്ടായിരുന്നത്.. 

ഒരു വഷളൻ ചിരിയോടെ അവന്മാർ എന്റെയും നന്ദനയുടെയും അടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങിയതും ഞാൻ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു അവരെയൊന്നും കണ്ടില്ലാന്ന് നടിച്ചു മുന്നോട്ടേക്ക് നടക്കാൻ തീരുമാനിച്ചു.. 

പക്ഷെ അപ്പോഴേക്കും അവർ ഞങ്ങളെ വലയം ചെയ്തു കഴിഞ്ഞിരുന്നു.. 

പേടിച്ചു വിറച്ചു കൊണ്ടു ഒരു പൂച്ചക്കുഞ്ഞിനെ പോലെ നന്ദന എന്റെ പിന്നിലേക്ക് ഒതുങ്ങി നിന്നതും കണ്ണ് കൊണ്ടു  ഒന്നുമില്ല പെണ്ണെന്നും  പറഞ്ഞ് ഞാൻ അവൾക്ക് സമാധാനമേകി.. 

പക്ഷെ ഞാൻ അവൾക്ക് ഏകിയ സമാധാനത്തിനും വിശ്വാസത്തിനും അൽപ്പ നേരത്തെ ആയുസ് പോലുമില്ലന്ന് അറിഞ്ഞത് പിന്നിൽ നിന്നും എന്റെ തലയിലേക്ക് ശക്തമായൊരു അടി ഏറ്റപ്പോഴാണ്.. 

നന്ദനന്നും അലറി വിളിച്ചു കൊണ്ടു  തലയിലെ ചോര പ്രവാഹം തടയാൻ ശ്രമിക്കുന്നതിന് മുന്നേ പാതി ബോധം മറഞ്ഞു ഞാൻ നിലം പതിച്ചു കഴിഞ്ഞിരുന്നു..

നന്ദനയെന്നു  ഉരുവിട്ടു കൊണ്ടു കണ്ണുകൾ അടയുമ്പോൾ അവസാനമായി കാതിൽ മുഴങ്ങി കേട്ടത് മനു എന്നു വിളിച്ചുള്ള അവളുടെ അലറിയുള്ള കരച്ചിലായിരുന്നു. 

തലയിലേക്ക് ഏറ്റ വേദന കൊണ്ടോ അതോ മനസ്സിന്റെ നീറ്റൽ കൊണ്ടോ അസഹനീയമായ വേദന കൊണ്ടു പതിയെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി നിസ്സഹായ അവസ്ഥയിൽ നിൽക്കുന്ന അപ്പച്ചനെയും അമ്മച്ചിയെയുമാണ്.. 

ഒന്നും തിരിച്ചറിയാനാവാതെ പതിയെ ചുറ്റും കണ്ണോടിച്ചു നോക്കുമ്പോൾ ഞാനുള്ളത് എന്റെ വീട്ടിലാണെന്ന കാര്യം എനിക്ക് മനസ്സിലായി.. 

അപ്പൊ നന്ദന.. 

അവൾ എവിടെ.. 

ഒന്നും സംസാരിക്കാനുള്ള ശക്തി ഇല്ലാ എങ്കിലും ഞാൻ  ഇരുവരെയും നോക്കി ചുണ്ടുകൾ അനക്കാൻ ഒരു ശ്രമം നടത്തി നോക്കി..പക്ഷെ എന്ത് കൊണ്ടോ ഒരു വാക്കു പോലും പുറത്തേക്ക് വന്നില്ല.. 

എന്തായിരിക്കും ഞാൻ  ചോദിക്കാൻ തുനിഞ്ഞതെന്ന് മനസ്സിലാക്കി എന്ന പോലെ വിറയാർന്ന ശബ്‌ദത്തോടെ അമ്മച്ചി സംസാരിച്ചു തുടങ്ങി..

" നന്ദന..അവള് അപ്പുറത്തെ മുറിയിലുണ്ട് മോനെ.. "

അത് കേട്ട ഞാനൊരു നിമിഷം ഞെട്ടിപ്പോയി..ഒരിക്കലും അവളെ എന്റെ ജീവിതത്തിലേക്കോ അതിലുപരി ഈ വീട്ടിലേക്കോ കയറ്റില്ലന്ന് പറഞ്ഞ അമ്മച്ചിയാണ് ഇപ്പോൾ അവൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞത്..


"മോനെ..നന്ദന..അവള്..നിന്റെ പെണ്ണ്..എങ്ങനെയാ ഈ അമ്മച്ചി നിന്നോട് അത് പറയുക..

പിച്ചി ചീന്തിയെടാ..ആ കാണ്ടാ മൃഗങ്ങളൊക്കെ ചേർന്നു അവളെ കൊല്ലാതെ കൊന്നു മനു..ജീവനുണ്ട്..

മനസ്സും ശരീരവും ഒരുപോലെ മരിച്ചു പോയിട്ട് ഉണ്ടാകും ആ കൊച്ചിന്റെ..എല്ലാം ഞങ്ങള് കാരണമാ..

നിന്റെ ആഗ്രഹത്തിനു ഒരിക്കലും ഞങ്ങള് എതിര് പറയാൻ പാടില്ലായിരുന്നു..അന്നേ സമ്മതം നൽകിയിരുന്നുവെങ്കിൽ ഇന്ന് നിനക്കും നിന്റെ പെണ്ണിനും ഇങ്ങനൊരു അവസ്ഥ വരില്ലായിരുന്നു..

ക്ഷമിക്കെടാ ഞങ്ങളോട്..ആ നേരം മനുഷ്യത്വമുള്ള രണ്ടു യുവാക്കൾ അതിലൂടെ കടന്നു പോയത് കൊണ്ടു ഇന്ന് നീയും അവളും ജീവനോടെ ഉണ്ട്..അല്ലെങ്കിൽ......"

എന്ന് തുടങ്ങിയ സംസാരം മുഴുവനാക്കുന്നതിന് മുന്നേ അമ്മച്ചി പൊട്ടി കരഞ്ഞു കൊണ്ടു അപ്പച്ചന്റെ നെഞ്ചിലേക്ക് വീണു..

കേട്ടത് ഒന്നും വിശ്വസിക്കാനാകാതെ കിടക്കുമ്പോൾ എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി..ശരീരമാസകലം മരവിച്ചതു പോലെ..മുന്നിലൂടെ പുക പടലം സഞ്ചരിക്കുന്നതു പോലെ..

അടുത്ത നിമിഷം നന്ദന എന്നും അലറി കരഞ്ഞു കൊണ്ടു ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു അടുത്ത മുറി ലക്ഷ്യമാക്കി ഓടുമ്പോൾ അപ്പച്ചനോ അമ്മച്ചിയോ എന്നെ  തടുത്തില്ല..

ഒരു ജീവച്ഛവം പോലെ കട്ടിലിൽ കിടന്നു കരയുന്ന നന്ദനയെ കണ്ടതും എന്റെ നെഞ്ചു പിളർന്നു പോയി..

നന്ദന എന്ന വിളിയോടെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നതും എനിക്ക് മുഖം തരാതെ അവള് ഏങ്ങലൊതുക്കി കരയാൻ തുടങ്ങി..

" നന്ദന..ഇങ്ങോട്ടു നോക്കിയേ.."

" വേണ്ടാ മനു..ഇനി ആ പഴയ നന്ദനയില്ല..നിങ്ങളുടെ ആ നന്ദന മരിച്ചു പോയി..ഇപ്പോ ഇവിടെ കിടക്കുന്നത് വെറുമൊരു ശവമാണ്..പൊക്കോളു..എനിക്ക് കാണണ്ട ആരെയും.."

അതും പറഞ്ഞോണ്ട് അവള് വീണ്ടും എന്നിൽ നിന്നും മുഖം വെട്ടിച്ചതും ഞാൻ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു അവളുടെ മുഖം എന്നിലേക്ക്‌ ഉയർത്തി പിടിച്ചു..

" ആരാ പറഞ്ഞെ നന്ദന മരിച്ചു പോയെന്ന്..അങ്ങനെ ആണെങ്കിൽ ഇന്ന് മനുവും ഉണ്ടാവില്ലല്ലോ..

നീയില്ലങ്കിൽ പിന്നേ ഞാനില്ലന്നു നിനക്ക് അറിഞ്ഞൂടെ.."

എന്ന് പറഞ്ഞ് ഞാനവളുടെ കവിളിലൂടെ ഒലിച്ചു ഇറങ്ങിയ മിഴിനീർ തുടച്ചു കൊണ്ടു  അവളിലേക്ക് മുഖം അടുപ്പിച്ചതും ഇരു കൈകൾ കൊണ്ടു  അവള് ചുണ്ടുകൾ പൊത്തി പിടിച്ചു..

" വേണ്ടാ മനു..കൊള്ളില്ല..എന്റെയീ ചുണ്ടുകൾ നിനക്ക് ചുംബിക്കാൻ കൊള്ളില്ല മനു..

ഇതിന്റെ ഭംഗി മാത്രമല്ല..സ്വാദും നഷ്ടപ്പെട്ടിരിക്കുന്നു..

നിനക്ക് വേണ്ടി മാത്രമായി കരുതി വെച്ചിരുന്നതും സൂക്ഷിച്ചു വെച്ചിരുന്നതുമൊക്കെ  ഇന്നെന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു..

വേണ്ടാ മനു..ഞാൻ കളങ്കപ്പെട്ടിരിക്കുന്നു..ഇനിമുതൽ ഞാൻ നിനക്ക് ചേരില്ല..എന്നെ ഉപേക്ഷി......"

കണ്ണു നീരിനെ അടർത്തി വീഴ്ത്തി കൊണ്ടു വളരേ ആയാസപ്പെട്ടു കൊണ്ടു അവളു അത്രയും പറഞ്ഞു വരുമ്പോഴേക്കും ഒന്നു ശ്വാസം വിടാൻ പോലും ആകാത്ത വിധത്തിൽ ഞാൻ അവളെ എന്നിലേക്ക്‌ വരിഞ്ഞു ചുറ്റിയിരുന്നു..

" ഒരിക്കലും ഞാൻ നിന്റെയീ ശരീരത്തെ സ്നേഹിച്ചിട്ടില്ല നന്ദന..അന്നും ഇന്നും ദേഹ സുഖം ആഗ്രഹിച്ചു ഞാൻ നിന്റെ പിന്നാലെ വന്നിട്ടില്ല..

എനിക്ക് വേണം നിന്നെ..അങ്ങനെ എളുപ്പം ഉപേക്ഷിക്കാൻ വേണ്ടിയല്ല ഈ കഴുത്തിൽ മിന്നു ചാർത്തി നൽകിയത്..

ഏതു അവസ്ഥയിൽ ആണെന്നാൽ പോലും നിന്നെ കൈ വിടില്ലന്നൊരു വാക്ക് ഞാൻ നിനക്ക് നൽകിയിരുന്നു..

മറന്നോ നീയത്..

എനിക്ക് വേണം നന്ദന..മരണം വരെ..ഇങ്ങനെ ചേർത്തു പിടിക്കാൻ  നീയെന്റെ കൂടെ വേണം നന്ദന..

നിന്റെ ഉള്ളിൽ തുടിക്കുന്ന ഈ ഹൃദയത്തിനെയാണ് ഞാൻ സ്വന്തമാക്കണമെന്ന്  ആഗ്രഹിച്ചത്..അതിനെയാണ് ഞാൻ സ്നേഹിച്ചത്..

ഒന്നും സംബവിചിട്ടില്ല.നീ ഇപ്പോഴും എന്റെ ആ പഴയ നന്ദന തന്നെയാണ്..ഒരു ദുസ്വപ്നം പോലെ മറന്നു കളയണം  കഴിഞ്ഞതൊക്കെ..

ഇനിയീ കണ്ണുകൾ നിറയാൻ പാടില്ല..

ശരീരത്തിനോടുള്ള പ്രണയം ഒരു കാലത്തു അവസാനിക്കും പെണ്ണെ..പക്ഷെ മനസ്സിനോടുള്ള പ്രണയം..അത് മരണം വരെ നില നിൽക്കും.."

എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ മൂർദ്ദാവിൽ അമർത്തി ചുംബിച്ചതും ഒരു ചെറു തേങ്ങലോടെ  അവളെന്റെ മാറിലേക്ക് ചാഞ്ഞു കഴിഞ്ഞിരുന്നു..

അന്നേരം എന്റെ കണ്ണുകളിൽ ഒഴുകിയ ആനന്ദ കണ്ണുനീരിനെക്കാൾ പതിന്മടങ്ങായിരുന്നു മുറിക്കു പുറത്തു ഞങ്ങളുടെ സംസാരം ചെവി കൊണ്ടിരുന്ന അപ്പച്ചന്റെയും  അമ്മച്ചിടെയും കണ്ണുകളിൽ  നിന്നും ഒഴുകിയത്‌..




അവസാനിച്ചു..



പണ്ടെങ്ങോ എഴുതി വെച്ചൊരു കഥയാണ്..ഒരുപാട് പോരായ്മകൾ കാണും..അതൊക്കെ ക്ഷമിക്കണേ.. 

പിന്നേ..ഒന്നു മുകളിലേക്ക് പോകാം..അല്ല..ഒരു നിമിഷം ഒന്നൂടെ കഥയിലേക്ക് തിരിയാം.. 

പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്നതിനു ഏറ്റവും വല്യ തെളിവാണ് കഥയിലെ വെറും കഥാപാത്രങ്ങൾ മാത്രമായ മനുവും നന്ദനയും.. 

അവർക്കിടയിലുള്ള പ്രണയം വീണ്ടും വീണ്ടും പുതുമയേറുകയാണ്..ഓരോ പുതു മഴ പോലെ.. 

പെണ്ണിന്റെ  ശരീരം മാത്രം മോഹിച്ചു അനശ്വര  പ്രണയത്തെ വെറും കാമത്തിലേക്ക് വഴി മാറ്റുന്ന ഇന്നത്തെ തലമുറയിലേക്ക് ഒരു എത്തി നോട്ടം മാത്രം..

പ്രണയം...വർണിക്കാനോ വിവരിക്കാനോ അന്നും ഇന്നും വാക്കുകൾ മതിയാവാത്ത പ്രതിഭാസം..

മനുഷ്യ മനസ്സിൽ പ്രണയം മൊട്ടിടാൻ ഒരു സെക്കന്റ്റെ ദൈർഘിയം പോലും വേണ്ടി വരുന്നില്ല..എന്താണ് അതിന്റെ മാനദണ്ഡം എന്നതിന് പലപ്പോഴും ഉത്തരം കിട്ടാറില്ല.. 

പക്ഷെ ഒന്നുണ്ട്.. 

പ്രധാനമായ ഒന്ന്.. 

പ്രണയം മനസ്സിനോടാണ്..ഒരു ഹൃദയത്തിൽ തുടങ്ങി മറ്റൊരു ഹൃദയത്തിൽ അവസാനിക്കുന്നത്..ഒരിക്കലും ബാഹ്യ സൗന്ദര്യത്തിനോ ഉടലഴകിനോ അവിടെ സ്ഥാനമുണ്ടാകാൻ പാടില്ലാ.. 

അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് പ്രണയമല്ല താനും.. 

ഇതൊരു കഥ..ആത്മാർത്ഥ സ്നേഹത്തിന്റെയും അനശ്വര പ്രണയത്തിന്റെയും കഥ. 

ഏതു അവസ്ഥയിലും തന്റെ പെണ്ണിനെ കൈ വിടാതെ സ്വന്തം നെഞ്ചിലേക്ക് ചേർത്തു നിർത്തിയ ഒരു ആണിന്റെ കഥ


Courtesy : Shamseena (writer)

꧁༺ vipinpkd ༻꧂

Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All