എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

നിക്കാഹിന് ശേഷം | Nikkahinu Shesham Full Part | Shamseena

നിക്കാഹിനു ശേഷം💛💜
Full part

✍️✍️SHAMSEENA FIROZ


നിക്കാഹിന് ശേഷം | Nikkahinu Shesham Full Part | Shamseena
꧁༺ vipinpkd.tk ༻꧂
        

"കണ്ടവന്റെയൊക്കെ മുന്നിൽ ഒരുങ്ങി കെട്ടി നിൽക്കാൻ എനിക്ക് പറ്റില്ല..

പലവട്ടം ഞാൻ പറഞ്ഞതല്ലേ..ഉമ്മച്ചി വെറുതെ വാശി പിടിക്കാൻ നിക്കല്ലേ..

എനിക്ക് പറ്റില്ല..അതോണ്ടാ..

ഉമ്മച്ചി അവരോട് വിളിച്ചു പറഞ്ഞേക്ക്..ഞാൻ ഇപ്പോഴും എന്റെ നിലപാട് മാറ്റാൻ തയാറായിട്ടില്ലന്ന്..

പെണ്ണ് കാണാനായി ഇങ്ങോട്ടേക്കു എഴുന്നള്ളണ്ടന്നും.."


"ഞാൻ പറയണത് നീയൊന്ന് സമാധാനായി  കേൾക്കെന്റെ കുട്ടിയെ..ഈ ഉമ്മച്ചിയെ ഇനിയും ഇങ്ങനെ വേദനിപ്പിക്കാതെ.."

"ആ..തുടങ്ങി..സെന്റി തുടങ്ങി..

ഉമ്മച്ചിടെ ഈ കണ്ണീർ കാണാൻ എനിക്ക് കഴിയില്ലന്ന് അറിഞ്ഞൂടെ..പിന്നെന്തിനാ കണ്ണ് നിറക്കണേ..ഞാൻ തോറ്റു തരാനോ..

വേണ്ടുമ്മച്ചിയെ..കരയണ്ട..ഞാൻ ഒരുങ്ങി നിന്നോളം..

പക്ഷെ ഒരിക്കലും ഞാൻ ഇവിടം വിട്ട് പോകില്ല..ഇങ്ങളെ തനിച്ചാക്കി ഞാൻ എങ്ങോട്ടും പോകില്ല.."

അതുവരെ കാർമേഘം പോലെ മൂടി കെട്ടി നിന്നിരുന്ന ആയിശുമ്മാന്റെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു.. 

"സമാധാനമായല്ലോ ഇപ്പൊ..വരുന്നവനെ ഏതു വഴി ഓടിച്ചു വിടണമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്..അതോണ്ട് ഇങ്ങള് കൂടുതൽ സന്തോഷിക്കാൻ നിക്കല്ലേ.. "

മുഖം കനപ്പിച്ചു വെച്ച് കൊണ്ടുള്ള  ഹാദിയയുടെ  സംസാരം കേട്ടു ആയിഷയുടെ  മുഖം വീണ്ടും  മങ്ങിയെന്നാലും അവരത് മകൾക്ക് മുന്നിൽ പ്രകടിപ്പിച്ചില്ല..

"ശെരി..അതൊക്ക അവനെ കണ്ടതിനു ശേഷം നിനക്ക് തീരുമാനിക്കാം.. 

ഇപ്പൊ നീയൊന്നു വേഗം ടൗൺ വരെ പോയിവാ..

ആദ്യമായിട്ടാ ഫൗസിയും ജാസിയും  ഇങ്ങോട്ട് വരണേ..

നീ ചെന്ന് ഹംസക്കാന്റെ കടേന്ന് കുറച്ചു ബേക്കറി വാങ്ങിച്ചു വാ..അവര് എന്തായാലും ഊണിനു മുന്നേ ഇറങ്ങും..ജാസിക്ക് ഇന്ന് വേറെന്തോ പരിപാടി ഉണ്ടെന്ന്.."

തന്റെ പ്രിയ കൂട്ടുകാരി ഫൗസിയയും അവളുടെ മകൻ ജാസിമും വരുന്ന സന്തോഷത്തിലാണ് ആയിഷ..

സന്തോഷം ഇരട്ടിക്കാൻ കാരണം അവൾ വരുന്നത് തന്റെ മകളെ പെണ്ണ് കാണാനാണ്.. 

അവളുടെ മകന്റെ സ്വന്തമായ് നൽകുമോന്ന് ചോദിക്കാൻ വേണ്ടിയാണ്.. 

പക്ഷെ ആയിഷയുടെ ആ സന്തോഷമോ അവരെ കാണാനുള്ള ആകാംഷയോ ഒന്നും  ഹാദിയയ്ക്ക് ഉണ്ടായില്ല.. 

"ഔ..എന്താ ഒരു സന്തോഷം..ഇനി വരുന്ന ആ ഹംകിന് വേണ്ടി ഞാൻ ടൗൺ വരെ പോവണോ..."

"നിന്ന് തുള്ളാതെ പെണ്ണെ...ഒരു പത്തു മിനിറ്റല്ലേ വേണ്ടു..ഒന്നു പോയ്‌ വാടി.."


ആയിഷ പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും ഇനിയും ഉമ്മിന്റെ നേരെ ശബ്ദം ഉയർത്തണ്ടന്ന് കരുതി ഹാദിയ റൂമിലേക്കു കയറി ചെന്നു..

പർദ്ദയിട്ട് സ്കാഫ് ചെയ്തതിന് ശേഷം സ്കൂട്ടിയുടെ ചാവിയും എടുത്ത് അവൾ പെട്ടന്ന് തന്നെ ഇറങ്ങി..

പോകുന്ന വഴിയിലും അവളുടെ ചിന്ത ഉമ്മി പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ്..

ഫൗസിയത്താ...ഉമ്മച്ചിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി.ഒരുപാട് വർഷങ്ങൾ ആകുന്നു അവരെ കണ്ടിട്ട്.വല്യ  പണക്കാരിയാണ്.

 കല്യാണം കഴിഞ്ഞത് തൊട്ടു  ഫാമിലിയായ് ഗൾഫിലാണ് താമസം.പണ്ട് ഒക്കെ വല്ലപ്പോഴും നാട്ടിലേക്ക്  വരുമായിരുന്നു.ആ നേരത്തൊക്കെ തന്നെയും  ഉമ്മച്ചിനെയും  കാണാൻ വരും.ഉപ്പയില്ലാത്ത കുട്ടിയായ തനിക്ക്  വേണ്ടി കൈ നിറയെ നിറമുള്ള ഉടുപ്പുകളും ചോക്ലേറ്റ്സും ഉണ്ടാകും ഓരോ വരവിലും.ഇപ്പോൾ വർഷങ്ങൾ ആയി തമ്മിൽ കാണാതെ എന്നാലും ഫോൺ കാളിലൂടെ ആ പഴയ  ബന്ധം ഇന്നും നിലനിർത്തി കൊണ്ട് പോകുന്നു.

ജാസിം..പണ്ട് എങ്ങോ ഒരു രണ്ട് മൂന്ന് തവണ  കണ്ടിട്ടുണ്ട്..അന്ന് തൊട്ടേ തനിക്ക് അവനെ ഇഷ്ടമല്ല.. 

ഉമ്മയെ പോലെയല്ല മകൻ..ചെറുപ്പത്തിൽ തന്നെ അവനു പണത്തിന്റെയും കുടുംബ മഹിമയുടെയും ഹുങ്ക് ആവശ്യത്തിൽ ഏറെയായിരുന്നു.. 

 മണ്ണ് വാരി കളിച്ചോണ്ടിരുന്ന നേരത്തു മുറ്റത്ത്‌ കാറിൽ വന്നു ഇറങ്ങിയ ഫൗസിത്താനെ ഓടി ചെന്ന് കെട്ടിപ്പിടിച്ചപ്പോൾ അറിയാതെ ഒന്ന് അവനെയും തൊട്ടിരുന്നു.. 

ഷർട്ടിൽ ഒരിത്തിരി അഴുക്ക് ആയതിന്റെ പേരിൽ മൂക്കിനിട്ടിടിച്ചതു താൻ ഇപ്പോഴും മറന്നിട്ടില്ല..

ഓരോന്ന് ഓർത്തു കൊണ്ട് ടൗൺ എത്തിയത് പോലും ഹാദി അറിഞ്ഞില്ല.. 

ഹംസക്കന്റെ കടയ്ക്ക് മുന്നിൽ നല്ല തിരക്ക്..വണ്ടി ഒന്ന് ഒതുക്കി നിർത്താൻ വരെ ഇടമില്ലന്നാലും  കിട്ടിയ ഒരു ഭാഗത്തായി വണ്ടി ഒതുക്കി ഹാദിയ കടയിലേക്ക് കയറി ചെന്നു.. 

"ഹംസക്കാ... "

കടയിൽ നല്ല തിരക്ക് ആണെന്നാലും  ഹംസ ഉടനെ  അവളുടെ വിളി കേട്ടു.. 

"ആരിത്..ഹാദിക്കുട്ടിയോ..അന്നേ  ഇപ്പൊ ഈ വഴിക്ക് ഒന്നും  കാണാനേ ഇല്ലല്ലോ ഹാദിയേ.."

"വിശേഷം ചോദിക്കലും പറയലുമൊക്കെ പിന്നെ...ഇപ്പൊ ഇങ്ങള് ദേ ഈ സാധനങ്ങളൊക്കെ എടുത്തന്നേ..

പോയിട്ട് തിരക്ക് ഉണ്ട് കാക്കോ.. "

എന്ന് പറഞ്ഞോണ്ട് ഹാദി കയ്യിൽ ഇരിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ഹംസയ്ക്ക് നേരെ നീട്ടി.. 

അവളെ വൈകിപ്പിക്കണ്ടന്ന് കരുതി ഹംസ പെട്ടന്ന് തന്നെ സാധനങ്ങൾ തൂക്കി കൊടുത്തു.. 

"ഇതും ബുക്കിൽ എഴുതിക്കോട്ടേ..അടുത്ത ആഴ്ച തരണ്ട് "

ഹംസയുടെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുമ്പോൾ അവളൊരു കുസൃതി ചിരിയാലെ പറഞ്ഞു..

 കയ്യിലുള്ള കവർ  വെച്ചതിന് ശേഷം അവൾ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു.. 

ഒരടി മുന്നിലേക്ക് എടുത്തതും ഒരു പുത്തൻ കാർ വട്ടം ചാടി സ്കൂട്ടിയുടെ ഹാൻഡിലിൽ ഒരഞ്ഞു.. 

ഉമ്മി അവിടെയും ഇവിടെയും ജോലിക്ക് പോയ്‌ കഷ്ടപ്പെട്ട് ഇല്ലാത്ത  കാശും ഉണ്ടാക്കി  ലോൺ ഇട്ട് വാങ്ങി തന്ന വണ്ടിയാണ്..അതും താൻ പൊന്ന് പോലെ സൂക്ഷിക്കുന്നത്..ഇതിനൊരു മുട്ട് സൂചി കൊണ്ടാലും താൻ സഹിക്കൂല..അങ്ങനെയുള്ളപ്പോഴാണ് പാണ്ടി ലോറി പോലത്തെ കാറും കൊണ്ട് വന്നു ഇടിച്ചത്..ഏതവനാണ് കണ്ണും മൂക്കും ഇല്ലാത്ത ഈ പണി ചെയ്തതെന്നറിയാൻ വേണ്ടി ഹാദിയ തന്റെ വണ്ടിയുടെ ഹാൻഡിലിലെക്കുള്ള നോട്ടം മാറ്റി തൊട്ട് മുന്നിൽ കിടക്കുന്ന കാറിലേക്ക് നോട്ടം എറിഞ്ഞു.. 

അതിന്റ അകത്ത് ഇരുന്ന് വെളുത്തു തുടുത്തു സുന്ദരനായൊരുത്തൻ അവളെ നോക്കി ഇളിക്കുന്നതു കണ്ടപ്പോൾ അവൾക്ക് പെരു വിരൽ മുതൽ ദേഷ്യം കയറി വന്നു. 

"ആരുടെ അമ്മൂമ്മയ്ക്ക് വായി ഗുളിക വാങ്ങിക്കാനാടോ ഈ മരണ പാച്ചിൽ പായുന്നത്.."

"ഏതായാലും നിന്റ അമ്മൂമ്മയ്ക്കല്ല"

ഉരുളയ്ക്ക് ഉപ്പേരി കണക്കെയുള്ള  അവന്റെ മറുപടി കേട്ടതും അവള് ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു..


"നോക്കി പേടിപ്പിക്കാതെ വണ്ടി എടുത്തു പോവാൻ നോക്കെടീ.. "

ദേഷ്യം കൊണ്ട് എന്ത് പറയണമെന്ന് അറിയാതെ ഹാദിയ അവന്റെ കാറിനു മുകളിൽ ആഞ്ഞടിച്ചു..

"എഡീീീ..."

ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി അവൻ അവളുടെ നേർക്ക് അലറി..

"പോടാ തെണ്ടീ.."

അവനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ പറഞ്ഞു..അവന്റ അടുത്ത ഗർജ്ജനത്തിനു കാത്ത് നിൽക്കാതെ അവൾ വണ്ടി എടുത്തു പോയി.. 

ദേഷ്യം കൊണ്ട് പല്ല് ഇറുമ്മി കൊണ്ടുള്ള മകളുടെ വരവ് കണ്ടു വരാന്തയിൽ ഇരിക്കുന്ന ആയിഷയ്ക്ക് ചിരി വന്നു.. 

അവർ മുറ്റത്തേക്ക് ഇറങ്ങി വണ്ടിയിൽ നിന്നും  സാധനങ്ങൾ എടുത്തു.

"നിന്റെ ദേഷ്യം ഇതുവരെ തീർന്നില്ലേടി  ഹാദി.. "

"അവനെ  എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ചവിട്ടി തേയ്ക്കും ഞാനാ.."

അടുത്തു നിൽക്കുന്ന ആയിഷന്റെ ചോദ്യം ഒന്നു ശ്രദ്ധിക്കുക കൂടെ ചെയ്യാതെ അവൾ ആരോട് എന്നില്ലാതെ പിറു പിറുത്ത്  കൊണ്ട് അകത്തേക്കു കയറി..

"റബ്ബേ..ഈ കുട്ടിക്ക് എന്നാണാവോ നല്ല ബുദ്ധി വരാ.."

ഒരു അന്തവും കുന്തവും ഇല്ലാത്ത ഹാദിയയുടെ കാട്ടി കൂട്ടൽ കണ്ടു നിന്ന ആയിഷ മനസ്സിൽ വിചാരിച്ചു..


" ഹാദി..വേഗം നോക്ക്..അവരിപ്പോ ഇങ്ങെത്തും.."

റൂമിലേക്കു കയറിപ്പോയ ഹാദി ഏറെ നേരമായിട്ടും വെളിയിലേക്ക് ഇറങ്ങാത്തതു കണ്ടു ആയിഷ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു..

"ആ..വരണൂ.."

ചുവന്ന നിറത്തിലുള്ള ഒരു ചുരിദാർ അണിഞ്ഞു ഷാൾ തലയിലൂടെ ഇട്ട് കൊണ്ടവൾ ആയിഷയുടെ അടുത്തേക്ക് ചെന്നു.

"ഇതാണോ ഇടണേ..നിന്നോട് ഞാൻ പറഞ്ഞത് ആ പുതിയ ചുരിദാർ ഇടാനല്ലേ ഹാദിയെ..

പോയേ..പോയി അതിട്ടു വാ.."

"ഇങ്ങള് ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ ഉമ്മച്ചി..അവരിപ്പോ എന്റെ ഡ്രസ്സ്‌ നോക്കാനല്ലേ വരണേ..

പിന്നേ..ഈ കോലത്തിൽ എങ്കിലും നിന്ന് കൊടുക്കുന്നത് ഉമ്മച്ചിനെയും ഫൗസിത്താനെയും ഓർത്തു കൊണ്ടാ..

അല്ലാണ്ട് ആ ഹംക്കിനെ കാണാനുള്ള പൂതി കൊണ്ടോ ഒറ്റ നോട്ടത്തിൽ അവന്റെ ഇഷ്ടം കൈക്കലാക്കാനോ വേണ്ടിയൊന്നുമല്ല."

എന്ന് പറഞ്ഞോണ്ട് അവൾ അടുക്കള തിട്ടയിൽ കയറി ഇരുന്നതും പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു..
   
അവൾ അപ്പൊത്തന്നെ ചാടി എഴുന്നേറ്റു റൂമിലേക്കു ഓടി..

ഉമ്മി സ്വീകരിച്ചും വിശേഷം തിരക്കലുമൊക്കെ  കഴിയട്ടെ.അത് കഴിഞ്ഞു അങ്ങോട്ടേക്ക് ഇറങ്ങാമെന്ന് കരുതി അവൾ ബെഡിൽ ഇരിക്കാൻ തുടങ്ങിയതും  ഫൗസിയ റൂമിലേക്കു കയറി വന്നു..

"എന്താ ഹാദി..മറന്ന് പോയോ..അതോ സംസാരിക്കില്ലന്നാണോ.."

തന്നെ നോക്കി ചിരിച്ചു കൊണ്ടുള്ള ഫൗസിയയുടെ ചോദ്യം കേട്ടതും അവൾ എഴുന്നേറ്റ് നിന്ന് ഒന്ന് പുഞ്ചിരിച്ചു..

"എന്താ റൂമിൽ തന്നെ ഇരുന്ന് കളഞ്ഞത്.."

"അത്..അത് നിങ്ങളു കൂട്ടുകാരികളുടെ  സംസാരം കഴിയട്ടെന്ന് കരുതി.. "

"അതാണോ..ഞാൻ വിചാരിച്ചു ജാസി ഉള്ളോണ്ട് ആവുംന്ന്.. "

"ഏയ്‌..അത്..അതൊന്നുമല്ല താത്താ.. "

തപ്പിയും തടഞ്ഞും കൊണ്ടുള്ള ഹാദിയുടെ സംസാരം കേട്ടു ഫൗസിയയ്ക്ക് ചിരി വന്നു.

"ഇനിമുതൽ താത്ത അല്ലാട്ടൊ..ആയിഷയെ വിളിക്കുന്നത് പോലെ എന്നെയും ഉമ്മാന്ന് വിളിച്ചോ.. 

അതാ എനിക്കിഷ്ടം..അതാ ഞാൻ ആഗ്രഹിക്കുന്നതും"

ഫൗസിയയുടെ ആ സംസാരം അവൾക്ക് തീരെ ഇഷ്ടമായില്ല എങ്കിലും അവളതു പുറത്ത് കാണിക്കാതെ പുഞ്ചിരി മാത്രം മറുപടിയായ് നൽകി.. 

"കണ്ണുകൾക്ക് പഴയ അതേ തിളക്കം..ഇപ്പോഴും ആ പാൽ പുഞ്ചിരി തന്നെ.. 

ഒരു മാറ്റവും ഇല്ലല്ലോ മോളെ നിനക്ക്..മൊഞ്ചു കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.."

അതും പറഞ്ഞോണ്ട് ഫൗസിയ ഹാദിയുടെ തലയിൽ തലോടി. 


"ഹാദി.."


 ആയിഷയുടെ വിളി കേട്ടു  അവൾ അടുക്കളയിലേക്ക് നടന്നു.ഒപ്പം ഫൗസിയയും. 

"ദേ..ഇത് ജാസിക്ക് കൊണ്ട് കൊടുത്തേ.. "

 കയ്യിലെക്ക് ഒരു കപ്പ്‌ ചായ നീട്ടിക്കൊണ്ടു ആയിഷ പറഞ്ഞത് കേട്ടു എനിക്കൊന്നും വയ്യ വേണേൽ ഉമ്മച്ചി തന്നെ കൊണ്ട് കൊടുക്ക്‌ ഇങ്ങളെ ജാസി മോന് എന്ന് പറയാൻ വേണ്ടി ഹാദിയുടെ നാക്ക് തരിച്ചു എങ്കിലും ഫൗസിയ തൊട്ടടുത്തു തന്നെ നിൽക്കുന്നത് കൊണ്ട് അവളതു അപ്പാടെ വിഴുങ്ങി ആയിഷയുടെ കയ്യിൽ നിന്നും ചായ കപ്പ്‌ വാങ്ങിച്ചു..

ഉറ്റ കൂട്ടുകാരിയുടെ മുന്നിൽ വെച്ച് ഉമ്മിയോട് കയർക്കേണ്ടന്നും താൻ കാരണം ഉമ്മി സങ്കടപ്പെടണ്ടന്നും കരുതി കഴിവിന്റെ പരമാവധി വിനയം ഉണ്ടാക്കി എടുത്ത് എന്നോ കണ്ടു മറന്ന ജാസിമിന്റ്റെ മുഖവും മനസ്സിൽ ഇട്ട് പ്രാകിക്കൊണ്ട് അവൾ ഹാളിലേക്ക് നടന്നു..പുറകെ ആയിഷയും ഫൗസിയയും.

തനിക്ക് മുന്നിലേക്ക് അന്ന നടയുമായി ഒരു പെൺകുട്ടി കടന്നു വരുന്നതു പോലെ തോന്നിയ ജാസിം ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി..

ചായ കപ്പ്‌ നീട്ടുന്ന നേരത്ത് ജാസിമിന്റെ മുഖം ഉയർന്നതും ഹാദിയയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി..

കാണുന്നത് സത്യമാണോ സ്വപ്നമാണോന്ന് അറിയാൻ വേണ്ടി അവളൊന്നു തല കുടഞ്ഞു വീണ്ടും മുന്നിലേക്ക് നോക്കി..

തന്നെ കണ്ടു മിഴിച്ചു നോക്കുന്ന ജാസിമിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് ചിരി വന്നെങ്കിലും അവളുടെ ഞെട്ടൽ മാറിയില്ല..

" ജാസി..ചായ വാങ്ങിക്കെടാ..കണ്ണും കണ്ണും നോക്കിയിരിക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ട് ട്ടൊ.."

പുറകിൽ നിന്നും ചിരിച്ചു കൊണ്ടുള്ള ഫൗസിയയുടെ സംസാരം ഉയർന്ന് വന്നതും എന്തോ ബോധോദയം വന്ന പോലെ ജാസിം ഹാദിയുടെ കയ്യിൽ നിന്നും ചായ വാങ്ങിച്ചു.

തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ഫൗസിയയുടെ മുന്നിൽ നിൽക്കാൻ വല്ലാത്തൊരു ചടപ്പ് തോന്നിയത് കൊണ്ട് ഹാദി അപ്പോൾ തന്നെ റൂമിലേക്കു വലിഞ്ഞു..

ഒരു ജാസിം അഹമ്മദ് വന്നിരിക്കുന്നു..അവൻ  ആയിരുന്നു ഇവൻ  എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെന്ന് തന്നെ നാട് കടത്തിയേനെ..


 വന്നു കാലു കുത്തുന്നതിന് മുന്നേ എന്റെയും എന്റെ വണ്ടിയുടെയും മെക്കിട്ടു കയറിയേക്കുന്നു..കാണിച്ചു തരാടാ നിനക്ക് ഞാൻ.. 

ശരീരത്തിൽ നുരഞ്ഞു പൊന്തിയ ദേഷ്യവും അമർഷവുമെല്ലാം എന്തൊക്കെയോ പിറു പിറുത്ത് കൊണ്ടവൾ തീർത്തു.. 

പെണ്ണ് കാണലിന്റെ മുറ പരിപാടികൾ പോലെ കാര്യങ്ങൾ നടക്കുമ്പോൾ രണ്ട് പേർക്കും വല്ലതുമൊക്കെ സംസാരിക്കാൻ കാണും എന്ന് പറഞ്ഞു ഫൗസിയ ജാസിമിനെ ഇപ്പോൾത്തന്നെ തന്റെ റൂമിലേക്കു കടത്തി വിടുമെന്ന് പുറത്തുന്നുള്ള അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഹാദിക്ക് പിടികിട്ടി.. 

റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി കൊണ്ടിരുന്നവൾ നടത്തം നിർത്തി ജനാലയോട് ചേർന്ന് നിന്നു.. 

ഒന്ന് രണ്ട് മിനിറ്റ്നു ശേഷം ഡോർ അടയുന്ന ശബ്ദം കേട്ടതും അവൾ ജനൽ കമ്പികളിൽ പിടുത്തം മുറുക്കി..അതുവരെ സംഭരിച്ച ധൈര്യമൊക്കെ ചോർന്നു പോകുന്നത് പോലെ.. 

എന്ത് തന്നെ ആയാലും നിലപാട് മാറ്റാനോ ജാസിമിന്റെ മുന്നിൽ തല കുനിച്ചു നിൽക്കാനോ പോകുന്നില്ലന്ന ഉറച്ച തീരുമാനത്തോടെ അവൾ രണ്ടും കല്പിച്ചു തിരിഞ്ഞു അവനു അഭിമുഖമായ് നിന്നു.. 

രണ്ടും കയ്യും മാറിൽ കെട്ടി തന്നെ നോക്കി പുഞ്ചിരി തൂകുന്ന ജാസിമിനെ കണ്ടതും അവൾക്ക് വീണ്ടും ദേഷ്യം കയറി.. 

ഈ കോപ്പ്..എവിടുന്ന് വരുന്നു ആവോ.. 

അവൾ പല്ല് ഇറുമ്മി.. 

"വല്ലതും പറഞ്ഞോ.. "

വളരെ മനോഹരമായ അവന്റെ ശബ്ദം  കാട്ട് പോത്തിന്റെ മുരൾച്ച പോലെ തോന്നി അവൾക്ക്.. 

" ഞാൻ വിചാരിച്ചതിലും  സുന്ദരിയാണ്..ഉമ്മി പറഞ്ഞതിനെക്കാൾ  തന്റേടിയുമാണ്. 

എനിക്കിഷ്ടായി.."


നാലു മാസ്സ് ഡയലോഗ് കാച്ചി അവനെ കണ്ടം വഴി ഓടിച്ചു വിടാനുള്ള വഴി ആലോചിച്ചു നിന്നിരുന്ന ഹാദി അവന്റെ സംസാരം കേട്ടു വാ പൊളിച്ചു പോയി.. 

"അയ്..എന്തേലും ഒന്ന് പറയെടോ..ഈ ലോകത്ത് ഒന്നുമല്ലെ "

ജാസിം അവളുടെ മുന്നിലേക്ക് കൈ വീശി..പെട്ടെന്നു വന്ന വെളിപാടിൽ അവൾ ജാസിമിന്റെ കൈ തട്ടി മാറ്റി കണ്ണുരുട്ടി..

"എ..എന്ത് പറയാൻ..നിനക്ക് വല്ലതും പറയാൻ ഉണ്ടേൽ അത് പറഞ്ഞിട്ട് പൊക്കോ..

കേൾക്കാൻ താല്പര്യം ഉണ്ടായിട്ട് ഒന്നുമല്ല..ഉമ്മച്ചിന്റെ വായിൽ ഇരിക്കുന്നതു കേൾക്കാൻ വയ്യാഞ്ഞിട്ടാ..

എനിക്കൊന്നും പറയാനില്ല..

കഴിഞ്ഞ തവണ വിളിച്ചപ്പോൾ  ഫൗസിത്ത എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു..അപ്പോൾ തന്നെ ഞാനെന്റെ അഭിപ്രായം തുറന്നു പറഞ്ഞതാ..

ഇപ്പോഴും ആ നിലപാട് മാറിയിട്ടില്ല..

അതുകൊണ്ട് എന്തേലുമൊക്കെ പറഞ്ഞു നീ എന്റെ ഉമ്മച്ചിനെ ഒന്ന് മനസ്സിലാക്കി കൊടുക്കണം.."

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി ഹാദി ജാസിമിന്റെ മുഖത്തേക്ക് നോക്കി..

അതുവരെ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരിയോ തിളക്കമോ ഒന്നുമില്ല അവന്റെ മുഖത്ത്..പകരം പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ തരത്തിലുള്ള ഭാവങ്ങളാണ്..അത് കണ്ടു ഹാദി ഒന്ന് വല്ലാതെയായ്..

പടച്ചോനെ..എന്തൊക്കെയാ ഞാൻ പറഞ്ഞത്..വേണ്ടാത്തത് വല്ലതുമായിരുന്നോ.വേണ്ടിയിരുന്നില്ല..

ഹാദി മനസ്സിൽ ഓർത്തു..


"അപ്പോൾ നിനക്ക് എന്നെ കെട്ടാൻ താല്പര്യമില്ലന്ന് തന്നെ..അല്ലെ..? 

ഞാൻ വന്നത് പോലെത്തന്നേ തിരിച്ചു പൊക്കോണംന്ന്..അല്ലെ..?"

ഗൗരവത്തോടെയുള്ള അവന്റെ ചോദ്യത്തിന് അവൾ അതേന്നുള്ള അർത്ഥത്തിൽ തലയാട്ടി..

" എന്ന് നീ മാത്രം പറഞ്ഞാൽ മതിയോ..? "

"പിന്നെ ഞാൻ അല്ലാതെ എന്റെ കാര്യം വേറെ ആരാ പറയേണ്ടത്..നീയാണോ.."

അവന്റെ നേർക്കുള്ള അവളുടെ ശബ്ദം ഉയർന്നു..

"നീയെന്നോ..കാര്യം നീ വല്യ തന്റേടിയൊക്കെ ആയിരിക്കും..എന്ന് കരുതി എന്റെ നേർക്ക് കാണിച്ചാൽ ഉണ്ടല്ലോ..

ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം താഴ്ത്തി സംസാരിക്കണമെന്ന് അറിഞ്ഞൂടെ നിനക്ക്..? "

"ഇല്ല..പഠിപ്പിച്ചു തരാനുള്ള വല്ല ഉദ്ദേശവും  ഉണ്ടെങ്കിൽ ജാസിം ആ പൂതി  അങ്ങ് വാങ്ങി വെച്ചേക്ക്.."


എന്ന് പറഞ്ഞു കൊണ്ട് അവനു നേരെ മുഖം തിരിച്ച അവളുടെ രണ്ട് കൈകളിലും അവൻ പിടുത്തമിട്ടു..

"ഹേയ്..വിടെടാ..വിടാനാ പറഞ്ഞത്.."

അവളുടെ എതിർപ്പ് വക വെക്കാതെ അവൻ അവളുടെ രണ്ട് കൈകളും അവന്റെ ഒരു കൈക്കുള്ളിലായി നിർത്തി..

അവൾ ആവുന്ന വിധത്തിൽ കൈ കൊണ്ട് എന്തൊക്കെയോ ഗോഷ്ടി കാണിച്ചു അവനെ തള്ളി മാറ്റാൻ ശ്രമിച്ചു..

"അടങ്ങി നിക്കടീ..നിന്നെ  അനുസരണയും ബഹുമാനവുമൊക്കെ പഠിപ്പിക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ.."

എന്ന് പറഞ്ഞു കൊണ്ടവൻ അവളുടെ കൈകളിലെ പിടുത്തം മുറുക്കി..

അവന്റെ പിടുത്തത്തിന്റെ ശക്തി കൂടും തോറും അവളുടെ കൈകൾ ഒരുപോലെ ചുവന്ന് വരാനും വേദന അനുഭവപ്പെടാനും തുടങ്ങി.


"പറ..ഇനി ആണുങ്ങളുടെ നേർക്ക് ശബ്ദം ഉയർത്തോ..

മുതിർന്നവരോട് ബഹുമാന കുറവ് കാണിക്കോ.."

അവളുടെ കൈകളെ ഞെരുക്കി കൊണ്ടവൻ ചോദിച്ചു..

അസഹനീയമായ വേദന അനുഭവപ്പെട്ട ഹാദി നിറ കണ്ണുകളാലെ അവനെ നോക്കി ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.

അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു വന്നത് കൊണ്ടോ അതോ അവൾ അനുസരണ കാണിച്ചത് കൊണ്ടോ ജാസിം അവളുടെ കൈകളെ സ്വതന്ത്ര്യമാക്കി..

"എന്തിനാ നിനക്ക് ഇത്രയും വാശി..ആരോടാ ഇതൊക്ക..? 

എത്രയോ വർഷങ്ങൾക്ക് ശേഷം കാണുന്ന എന്നോടോ..പണ്ട് ഒന്നും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ ഹാദിയാ..

നീ ആകെ മാറിപ്പോയിരിക്കുന്നു..

എന്നോടുള്ള ഇഷ്ട കുറവ് കൊണ്ടാണോ നീ കല്യാണത്തിനു സമ്മതം നൽകാത്തത്..

അതോ നിന്റെ വാപ്പയെയും ഇക്കാക്കായെയും പോലെ ഈ ലോകത്തുള്ള സകല പുരുഷൻമാരും വിശ്വാസ വഞ്ചന കാട്ടുന്നവരാണെന്ന് തെറ്റിദ്ധരിച്ചതു കൊണ്ടോ..

പറാ..പറയെടി..

എന്തിന്റെ പേരിലാ നീയൊരു കല്യാണമേ വേണ്ടന്ന് വെക്കുന്നത്..? 

എനിക്കറിയണം.പറാ..? "

"പറയാനും അറിയാനുമൊന്നുമില്ല..നിങ്ങക്ക് പോകാം..

അഥവാ ഇനിയൊരു വിശദീകരണം വേണമെന്ന് ഉണ്ടെങ്കിൽ നിങ്ങള് ഇപ്പൊ പറഞ്ഞത് തന്നെയാണ് കാരണം..

സത്യമാ..എനിക്ക് ആരെയും വിശ്വാസമില്ല..ഒരു പുരുഷനെയും..

ഇപ്പോൾ തന്നെ നോക്ക് ഞാനെന്ത് ചെയ്തിട്ടാ..

പെണ്ണിന്റെ കണ്ണീരും വേദനയുമാണ് നിങ്ങള് ആണുങ്ങൾക്ക് എപ്പോഴും സുഖവും സന്തോഷവും..

ഇഷ്ടമല്ല..നിങ്ങളെ എന്നല്ല.ആരെയും ഇഷ്ടമല്ല.

ഈ ലോകത്ത് ആരെയും തന്നെ ഞാൻ വിവാഹം ചെയ്യാനും പോകുന്നില്ല.

ആണിന്റെ തുണ ഇല്ലാതെയും ജീവിക്കാം..എന്റെ ഉമ്മി ജീവിക്കുന്നില്ലേ.

ഒരു കുറവ് പോലുമില്ലാതെ എന്നെ വളർത്തി വലുതാക്കി ഇവിടേം വരെ എത്തിച്ചില്ലേ..

അതുപോലെ ഞാനും ജീവിക്കും..

പക്ഷെ ഒരു വ്യത്യാസം.എന്റെ മകൾക്ക് വേണ്ടിയല്ല..എന്റെ ഉമ്മിക്ക്  വേണ്ടിയാണെന്ന് മാത്രം. "


"വാശിയാണോ ഹാദിയാ..എന്നാൽ എനിക്കുമാണ്. 

ഒരു കാര്യം നീ മനസ്സിൽ കുറിച്ച് വെച്ചോ.. 

ഈ ഭൂമി ലോകത്തു ജാസിം അഹമദിനൊരു പെണ്ണുണ്ടെങ്കിൽ അത് നീയായിരിക്കും ഹാദിയാ.. 

മോഹിച്ചതെന്തും നേടിയെടുത്ത ചരിത്രമേ ഈ ജാസിമിനുള്ളൂ. 

അതുപോലെ ഇതും ഞാൻ നേടി എടുത്തിരിക്കും. 

നിന്നെ എന്റെ സ്വന്തമാക്കിയിരിക്കും.എന്റെ മാത്രം...

അത് പക്ഷെ നിന്നെ മതി വരുവോളം ആസ്വദിച്ചതിന് ശേഷം വഞ്ചിക്കാനോ കൈയൊഴിയാനോ അല്ല.. 

മരണം വരെ എന്നിലേക്കു ചേർത്ത് നിർത്താനാണ്.. 

പണ്ട് എങ്ങോ കുറിച്ചിട്ടതൊന്നുമല്ല..ദേ..ഇപ്പോൾ ഈ നിമിഷം..ഈ നിമിഷം മുതൽ നിന്നേ ഞാൻ ഖൽബിൽ പതിപ്പിക്കുവാ..

അതിനി മായ്ച്ചു കളയാൻ നിന്റെ ഈ വാശിയ്ക്ക് എന്നല്ല..മറ്റൊന്നിനും കഴിയില്ല.

കേട്ടോടീ ഉണ്ടക്കണ്ണി.."

അവളുടെ തൊട്ട് മുന്നിൽ നിന്നും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെയുള്ള അവന്റെ വെല്ലുവിളി കേട്ടു അവൾ അല്പം ഭയന്നു..

പിന്നീട് അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ തിരിഞ്ഞു വാതിൽ ലക്ഷ്യം വെച്ച് നടന്നിരുന്നു.. 

ഡോർ തുറന്നു പുറത്തേക്ക് കടക്കുന്നതിന് മുൻപായി അവൻ ഒന്നൂടെ അവളെ നോക്കി.. 

ഹാദി അപ്പോഴും അവന്റെ സംസാരം കേട്ടുള്ള  ഞെട്ടലിൽ നിന്നും വിമുക്തയായിട്ടില്ല. 
"ടീ..നിനക്കുള്ളത് ഞാൻ നിക്കാഹിനു ശേഷം തരാടീ..

എക്സ്ട്രാ കിടക്കണ നിന്റെ ആ എല്ലുണ്ടല്ലോ..അതു ഞാനിങ്ങു വലിച്ചൂരി എടുക്കും.."

അതും പറഞ്ഞു കൊണ്ടവളെ അടിമുടിയൊന്നു നോക്കി പേടിപ്പിച്ചു ജാസിം വെളിയിലേക്ക് കടന്നു. 

മകളുടെ തൊട്ടാൽ തെറിക്കുന്ന സ്വഭാവവും പെരുമാറ്റവും നല്ലത് പോലെ അറിയുന്ന ആയിഷ ഹാളിൽ ഫൗസിയയ്ക്ക് ഒപ്പം ഇരുന്ന് വിയർക്കുകയാണ്..

പോയതു പോലെത്തന്നേ ജാസിം പുറത്തേക്ക് വന്നാൽ ഭാഗ്യം.. 

ആയിഷ വിചാരിച്ചു.. 

മുഖത്തൊരു കള്ള ചിരിയും നിറച്ചു വരുന്ന ജാസിമിനെ കണ്ടതും ഫൗസിയയുടെ മുഖം തെളിഞ്ഞു.. 

ആയിഷയ്ക്ക് അപ്പോഴും സമാധാന കുറവായിരുന്നത് കൊണ്ട് അവർ  ജാസിമിനോട്‌ ചോദിച്ചു.. 

"എന്താ മോനെ..അവൾ എന്ത് പറഞ്ഞു.. "

"അവളെന്ത്‌ പറയാനാ ആയിശുമ്മാ.. 

അവൾക്ക് സമ്മതമാണ്..എന്നെ നിക്കാഹ് ചെയ്യാൻ പൂർണ സമ്മതം "

മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ്  ജാസിം പറഞ്ഞത് എങ്കിലും ആയിഷയ്ക്ക് അത്രക്ക് അങ്ങോട്ട് വിശ്വാസം വന്നില്ല..

"ഇങ്ങള് ഒന്ന് കൊണ്ടും സങ്കടപ്പെടണ്ട..ഹാദിയോട് ഞാൻ സംസാരിച്ചിട്ട് ഉണ്ട്..അവൾ സമ്മതിക്കും.

ഇനി സമ്മതിച്ചാലും ഇല്ലെങ്കിലും അവളെ ഞാൻ കെട്ടും.എനിക്ക് വേണം നിങ്ങളുടെ കാന്താരി പെണ്ണിനെ.."

ആയിഷയെ നോക്കി കണ്ണിറുക്കി കൊണ്ട് ജാസിം പറഞ്ഞു..

പടച്ചോനെ..ന്റെ കുട്ടിക്ക് നല്ല ബുദ്ധി തോന്നിക്കണേ..

എന്ന് മനസ്സിൽ കരുതി കൊണ്ട് ആയിഷ ജാസിമിനെ നോക്കി ആനന്ദ കണ്ണീർ പൊഴിച്ചു..

മുറിയിലിരുന്ന് കൊണ്ട് വെളിയിലെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഹാദിക്ക് ജാസിമിനോട്‌ വീണ്ടും ദേഷ്യം ഉയർന്നു..

മുറ്റത്ത്‌ കിടക്കുന്ന കമ്പി പാര വെച്ച് അവനെ കുത്തി കീറാൻ തോന്നിപ്പോയി അവൾക്ക്.. 

അവർ പോയെന്ന് ഉറപ്പായതിന് ശേഷം ഹാദി റൂമിന് വെളിയിലേക്ക് ഇറങ്ങി.. 

"നീയെന്താ അവരിറങ്ങാൻ നേരം റൂമിൽ തന്നെ കൂടി കളഞ്ഞത്.. "

ആയിഷ ഇത്തിരി ഗൗരവത്തോടെ  ചോദിച്ചു.. 

"എനിക്ക് പുറത്തേക്ക് വരാൻ തോന്നിയില്ല..

അവന്റെ മര മോന്ത കാണുന്നതിലും ഭേദം അകത്തു ഇരിക്കണതാന്ന് തോന്നി.. "

"അവനോ..നിന്നെക്കാൾ മുതിർന്നതാണവനെന്ന് അറിഞ്ഞൂടെ നിനക്ക്.. 

മാത്രല്ല..നിന്നെ കെട്ടാൻ പോകുന്നവനാണ്.. 

ഇനിമുതൽ ആ ബഹുമാനമൊക്കെ കാണിച്ചോണം.. 

അതൊക്കെ ഓർത്തു വേണം ജാസിമിനോട്‌ പെരുമാറാൻ.. "

"ഓഹോ..അപ്പൊ എല്ലാം തീരുമാനിച്ചുറപ്പിച്ചു അല്ലെ..

ഞാൻ സമ്മതിക്കില്ല ഉമ്മച്ചിയെ..നിങ്ങള് ഇനി എന്തൊക്ക പറഞ്ഞാലും ഞാൻ അവനെ നിക്കാഹ് കഴിക്കാൻ പോണില്ല.. 

അവനെ എന്നല്ല ആരെയും.. 

ഫൗസിയത്താനോട്‌ ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞേക്ക്..ഇങ്ങക്ക് വയ്യെങ്കിൽ ഞാൻ പറഞ്ഞോളാം.. "

"മോളെ ഹാദി..അവൻ നീ കരുതുന്ന പോലൊന്നുമല്ല.

നല്ലവനാണ്..ന്റെ ഫൗസിടെ അതേ സ്വഭാവം തന്നെയാ..

എന്തിനാടാ ഈ വാശി..ആരോടാ ഇതൊക്ക..? "

ആയിഷയുടെ സ്വരം ഇടറി..കണ്ണുകൾ ഈറൻ അണിഞ്ഞു..

"വാശി ഒന്നുമല്ല ഉമ്മച്ചിയേ..

നാളെ എനിക്കും ഉമ്മച്ചിന്റെ ഇതേ അവസ്ഥ വരുമോന്നുള്ള പേടിയാണ്..

മതിയായില്ലേ ഇങ്ങക്ക്..നോവറിഞ്ഞു കണ്ണ് നിറച്ചു  ജീവിച്ചത് മതിയായില്ലേ..

സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിച്ചു അവർക്ക് തീരാ വേദന നൽകി ആണൊരുത്തന്റെ ഒപ്പം ഇറങ്ങി വന്നതല്ലേ ഇങ്ങള്..

ഒരു ജീവിത കാലം മുഴുവൻ നെഞ്ചോട് ചേർത്ത് നിർത്താമെന്ന് പറഞ്ഞിട്ട് നാല് വർഷമെങ്കിലും തികച്ചോ..

എന്നെ ഒരു നോക്ക് കാണാൻ എങ്കിലും നിന്നോ..അതിനു മുന്നേ മറ്റൊരുത്തിയുടെ ശരീര സുഖം തേടി പോയതല്ലേ ഇങ്ങള് ആദ്യമായും അവസാനമായും സ്നേഹിച്ചയാൾ..

എനിക്കും ഉണ്ടായിരുന്നു ഒരു കൂട പിറപ്പ്..ഉമ്മച്ചി കഴിഞ്ഞാൽ സ്വന്തമെന്നും ബന്ധമെന്നും പറയാൻ ഈ ലോകത്തു എനിക്ക് ആകെ ഉണ്ടായിരുന്നതു എന്റെ ഇത്തയായിരുന്നു..

ഇന്ന് അവളെവിടെ ഉമ്മച്ചിയെ..

അവസാനമായി  ഒരു നോക്ക് കാണാൻ പോലും ബാക്കി വെച്ചിട്ടില്ല ആ രാക്ഷസൻ..

അവളും ഒരു പുരുഷനെ വിശ്വസിച്ചു..നിങ്ങള് ചെയ്ത അതേ തെറ്റ് അവളും ചെയ്തു..

പെണ്ണ് കാണാൻ വന്നപ്പോ ആവശ്യത്തിൽ ഏറെ മാന്യത ചമഞ്ഞു നിന്നു..ഇങ്ങളും ഇത്തയും കണ്ണടച്ച് വിശ്വസിച്ചു..

എന്നിട്ട് ഇപ്പൊ എന്തായി ഉമ്മച്ചിയെ..മഹർ ചാർത്തിയ സ്വന്തം പെണ്ണിനെ പണത്തിനു വേണ്ടി  മറ്റുള്ളവർക്ക് മുന്നിലേക്ക് കടിച്ചു കീറാൻ വലിച്ചെറിഞ്ഞു കൊടുത്തപ്പോൾ അവന്റെ വീട്ടുകാർ എങ്കിലും എതിർത്തോ..

ഇല്ല..ആരും എതിർക്കില്ല..പെണ്ണിന് ഒരിക്കലേ വിലയുള്ളൂ.അതും കറ ഏല്ക്കാത്ത ശരീരം ഉള്ളപ്പോൾ മാത്രം.

വേണ്ടുമ്മച്ചിയെ..എന്നെ നിർബന്ധിക്കരുത്.

നിങ്ങള് പറഞ്ഞത് പോലെത്തന്നേ ജാസിം നല്ലവൻ ആയിരിക്കും..എന്നാലും എനിക്ക് വേണ്ടാ..

ഒരു വിവാഹ ജീവിതത്തിൽ എനിക്ക് താല്പര്യമില്ല..

മാത്രല്ല..എന്റെ ഉമ്മച്ചിയെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല.ഇങ്ങളെ തനിച്ചാക്കി എനിക്കൊന്നും വേണ്ടാ..നിങ്ങക്ക് ഞാനും എനിക്ക് നിങ്ങളും മാത്രം മതി.."

അത്രയും പറഞ്ഞു തീർന്നതും ഹാദി ആയിഷയെ കെട്ടിപ്പിടിച്ചു എന്തെന്ന് ഇല്ലാതെ കരയാൻ തുടങ്ങി..

ഇപ്പോൾ എന്ത് പറഞ്ഞാലും അവളുടെ കരച്ചിൽ കൂടുകയെയുള്ളൂ എന്ന് മനസ്സിലാക്കിയ ആയിഷ മൗനം പാലിച്ചു..അവളെ ചേർത്ത് പിടിച്ചു കൊണ്ട് തലയിൽ തലോടി കൊടുത്തു..

 മകളുടെ വാടിയ മുഖവും നനവ് പടർന്ന കണ്ണുകളും കണ്ട ആയിഷ അവളോട് ഇനിയും ഇക്കാര്യത്തേ കുറിച്ച് സംസാരിക്കാൻ കഴിയില്ലന്നതു   കൊണ്ട് ഫൗസിയയ്ക്ക് ഫോൺ ചെയ്തു.. 

എന്തൊക്കെ പറഞ്ഞിട്ടും അവൾ സമ്മതം നൽകുന്നില്ലന്ന് ആയിഷ സങ്കടം പറഞ്ഞപ്പോൾ നീ വിഷമിക്കാതെ എല്ലാം ശെരി ആവുമെന്ന് പറഞ്ഞു ഫൗസിയ ആയിഷയെ സമാധാനിപ്പിച്ചു.. 

എന്നെങ്കിലും അവളുടെ മനസ് മാറുമെന്ന് ആശ്വസിച്ച ആയിഷ പിന്നീട് ഹാദിയോട് അതിനെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചില്ല.. 

ദിവസങ്ങൾ കടന്ന് പോയ്‌..കോളേജ് പഠനവും അത് കഴിഞ്ഞ് കുട്ടികൾക്കുള്ള ട്യൂഷനിലും ഏർപ്പെട്ട ഹാദി പിന്നീട് ഫൗസിയയെ കുറിച്ചോ ജാസിമിനെ കുറിച്ചോ ഓർത്തില്ല. 

പക്ഷെ ഹാദിയുടെ നിലപാടിനു വല്ല മാറ്റവും ഉണ്ടോന്ന് അറിയാൻ വേണ്ടി ഫൗസിയ ഇടയ്ക്ക് ഇടെ വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിക്കും..അപ്പോഴൊക്കെ ആയിഷയ്ക്ക് സ്വന്തം മകളെ കുറിച്ചുള്ള വേവലാതികൾ പറയാനെ കഴിയും ആയിരുന്നുള്ളൂ..

ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചിരിക്കുന്ന നേരത്താണ് ഹാദിയുടെ മൊബൈൽ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നുമുള്ള കാൾ വരുന്നത്.. 

അറ്റൻഡ് ചെയ്തു നോക്കുമ്പോൾ ഫൗസിയയാണ്.. 

"മോളെ..ഇവിടെ അവന്റെ വാപ്പ ആകെ ദേഷ്യത്തിലാണ്.. 

വരുന്ന മാസം അദ്ദേഹം  ലണ്ടനിലേക്ക് പോകുവാ..അതിനു മുന്നേ ജാസിന്റെ നിക്കാഹ് നടത്തണമെന്ന് പറയുന്നു.. 

ജാസിനെ  അദ്ദേഹത്തിന്റെ അനിയത്തിന്റെ മകളെ കൊണ്ട് നിക്കാഹ് ചെയ്യിപ്പിക്കണമെന്നാ  ആഗ്രഹം.. 

അത് പറഞ്ഞപ്പോൾ ജാസി പറഞ്ഞു അവനു ഇഷ്ടം നിന്നെ ആണെന്ന്..നിന്റ അഭിപ്രായത്തിനു വെയ്റ്റിംഗ് ആണെന്ന്.. 

ഏതായാലും പെട്ടെന്ന് തന്നെ വേണമെന്ന് പറഞ്ഞു അദ്ദേഹം ആകെ ബഹളം വെക്കുവാ..ഇല്ലെങ്കിൽ മുറ പെണ്ണിനെ കൊണ്ട് കെട്ടു കഴിപ്പിക്കും എന്നാ പറയണേ.. 

ജാസി വല്ലാതെ സങ്കടത്തിലാ മോളെ..അവനെന്തു ചെയ്യണംന്ന് ചോദിക്കുന്നു.. "

"എന്റെ തീരുമാനം മാറുമെന്ന് കരുതിയാണ് ഈ കാത്തിരിപ്പ് എങ്കിൽ വേണ്ടന്ന് പറഞ്ഞോളൂ.. 

അന്ന് പറഞ്ഞതേ എനിക്ക് ഇന്നും പറയാനുള്ളൂ.. 

ഇങ്ങക്ക് എന്നോട് ദേഷ്യമൊന്നും തോന്നരുത്.."

പിന്നീട് ഫൗസിയ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ കാൾ കട്ട്‌ ചെയ്തു..അവളെ നോക്കി നിൽക്കുന്ന ആയിഷയ്ക്ക് മുഖം നൽകാതെ അവൾ വേഗം റൂമിലേക്കു കയറിപ്പോയി..


ഞായറാഴ്ച ആയതു കൊണ്ട് പതിവിലും വൈകിയാണ് ഹാദി എഴുന്നേറ്റത്..അടുക്കളയിലേക്ക് ചെന്നു നോക്കിയപ്പോൾ ആയിഷ പാത്രങ്ങളോട് മല്ലിടുകയാണ്..

അവളും പതിയെ ഓരോ ജോലികളിൽ മുഴുകി..


ഒരു വിധം ജോലിയൊക്കെ ഒരുങ്ങിയതിന് ശേഷം ലൈബ്രറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന പുസ്തകം വായിക്കാൻ വേണ്ടി അവൾ ചെന്നു ബെഡിലേക്ക് മറിഞ്ഞു..

  ഹാദിയയുടെ വീട്ടു മുറ്റത്ത്‌ ജാസിമിന്റെ കാർ വന്നു നിന്നു..കാറിൽ നിന്ന് ഇറങ്ങിയ ജാസിം ഒന്നും നോക്കാതെ ഹാളിലേക്ക് കയറി..

എന്തിനെന്നില്ലാതെ ദേഷ്യം നിറച്ചു കൊണ്ടായിരുന്നു അവന്റെ വരവ് എന്നാലും ഹാളിൽ ഇരുന്ന് തുണി തയ്ക്കുന്ന ആയിഷയെ കണ്ടതും അവനൊരു അവിഞ്ഞ ചിരി ചിരിച്ചു..

ഒരു മുന്നറിയിപ്പ് പോലുമില്ലാത്ത അവന്റെ വരവ് കണ്ടു ആയിഷ അന്തം വിട്ട് കൊണ്ടവനെ നോക്കി..

"ഇപ്പോ വരാവേ.."

ആയിഷ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഒരു കള്ള ചിരിയാലെ അത് പറഞ്ഞു കൊണ്ടവൻ തുറന്നു  കിടക്കുന്ന ഹാദിയുടെ മുറിയിലേക്ക് കയറി ചെന്നു.. 

  ബെഡിൽ കമിഴ്ന്നു കിടന്നു പുസ്തകം വായിക്കുന്ന ഹാദിയെ കണ്ടതും അവനൊരു നിമിഷം അവളെ തന്നെ നോക്കി നിന്ന് പോയ്‌.ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ മുഴുവൻ ശ്രദ്ധയും വായനയിൽ നൽകിയിരിക്കുന്ന ഹാദിയെ ജാസിം കൗതുകത്തോടെ വീക്ഷിച്ചു.. 

അവൻ അപ്പോൾത്തന്നെ ഫോൺ എടുത്തു അവനിഷ്ടപ്പെട്ട ആ ദൃശ്യമൊന്നു ക്ലിക് ചെയ്തു.. 

 ഇതൊന്നുമറിയാതെ വായനയിൽ മുഴുകിയിരിക്കുന്ന ഹാദിയുടെ ശ്രദ്ധ കൈ പറ്റാനെന്നോണം ജാസിം കുറച്ചു ശക്തിയായ് വാതിൽ അടച്ചു ലോക്ക് ചെയ്തു. 

ശബ്ദം കേട്ടു  കിടന്നിടത്തു നിന്ന് തന്നെ തല ചെരിച്ചു നോക്കിയ ഹാദി  ജാസിമിനെ കണ്ടു ബെഡിൽ നിന്നും ചാടി എണീറ്റു.. 

"നി..നിങ്ങളെന്താ ഇവിടെ.. "

ഞെട്ടലോടെ അവൾ ചോദിച്ചു.. 

തന്റെ ചോദ്യത്തിന്  മറുപടിയൊന്നും പറയാതെ കണ്ണ് വിടർത്തി തന്നെ നോക്കി നിൽക്കുന്ന ജാസിമിനെ കണ്ടതും എന്തോ ബോധോദയം വന്നത് പോലെ അവൾ ബെഡിൽ കിടക്കുന്ന ഷാൾ എടുത്തു തലയിലൂടെ ഇട്ടു.. 

അത് കണ്ടു ജാസിമൊന്നു ചിരിച്ചു.. 

"ഏയ്‌..നിങ്ങളോടാ ചോദിക്കണേ..എന്താ ഇവിടെന്ന്.. 

ഒരു പെൺകുട്ടിയുടെ സമ്മതമില്ലാതെ അവളുടെ റൂമിലേക്കു കയറിക്കൂടെന്ന് അറിഞ്ഞൂടെ.. 

പ്രത്യേകിച്ച് അന്യയായ  ഒരുവളുടെ മുറിയിലേക്ക്.. "

അവൾ അവന്റെ മുന്നിലൂടെ കൈ വീശി ചോദിച്ചു.

"അതിന് ആരാ അന്യ സ്ത്രീകളുടെ റൂമിലേക്കു കയറിയത്..

ഞാൻ വന്നത് ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ അടുത്തേക്കാണ്..

എന്റെ പെണ്ണിന്റെ മുറിയിലേക്കാണ്."

"ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും സംസാരിക്കുന്നതിൽ എനിക്ക് താല്പര്യമില്ല..

നിങ്ങൾക്ക് പോകാം.."

"അങ്ങനെ നീ പറയുന്നത് കേട്ടു ഇറങ്ങി പോകാൻ വന്നതല്ലടീ ഞാനിപ്പോ.."

മുന്നിലുള്ള മേശയിലേക്ക് ആഞ്ഞടിച്ചു ശബ്ദം ഉയർത്തി കൊണ്ടവൻ പറഞ്ഞു..

അത് കണ്ടു ഞെട്ടിയ അവളെ  കയ്യിൽ പിടിച്ചു വലിച്ചു ജാസിം ബെഡിലേക്ക് തള്ളി..

 കത്തുന്ന കണ്ണുകളോടെ അവൻ ബെഡിലേക്ക് മറിഞ്ഞ ഹാദിയുടെ നേർക്ക് അടുത്തു.. 

"നീ ആരാണെന്നാ നിന്റ വിചാരം..എന്ത് കണ്ടിട്ടാടീ നീ ഇത്രയും അഹങ്കരിക്കുന്നത്..

 എന്ത് കുന്തം ഉണ്ടായിട്ടാ നീ എന്റെ മുന്നിൽ ഇങ്ങനെ വെയ്റ്റ് ഇട്ടു നിക്കണേ.. 

നിന്റ എല്ലാ അവസ്ഥയും കഷ്ടപ്പാടുകളും അറിഞ്ഞും മനസ്സിലാക്കിയും ഞാൻ നിന്നെ സ്വീകരിക്കാൻ തയാറാകുമ്പോൾ അതിനു സമ്മതം നൽകാതെ വല്യ ഡയലോഗ് അടിക്കുന്നു.. 

എന്താടി എനിക്കൊരു കുറവ്.നിനക്ക് സ്വപ്നം കാണാൻ പോലും അർഹതയില്ലാത്തതാണ് ഞാനുമായുള്ള കല്യാണം.. 

അതും പൂർണ മനസ്സോടെ ഒത്തിരി ഇഷ്ടത്തോടെ ജീവന്റെ പാതി ആക്കാൻ വേണ്ടി തന്നെയാണ്..

അല്ലാതെ ഒരൊറ്റ രാത്രി കഴിഞ്ഞു വലിച്ചു എറിയാനൊന്നുമല്ലടീ പുല്ലേ..

എന്നെപ്പോലെ വേറെ ആരാടീ നിന്നെയൊക്കെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാ..

കെട്ടുന്ന പെണ്ണിന് കാൽ കാശിനു ഗതി ഇല്ലെന്നാലും ഏതൊരു  ആണൊരുത്തനും പ്രാധാന്യം നൽകുന്നത്  അവൾടെ  സ്ത്രീത്വത്തിനാണ്.

തനിക്കൊരു കുഞ്ഞിനെ നൽകാൻ കഴിയുന്ന ഒരുത്തി ആയിരിക്കണം തന്റെ പെണ്ണെന്ന്.. 

സ്വന്തം പെണ്ണിൽ നിന്നും ഏതൊരു പുരുഷനും  ആഗ്രഹിക്കുന്നത് അങ്ങനെ ഒന്നാണെടീ.. 

അതിന് പോലും കഴിയാത്ത നീ പിന്നെന്ത് കണ്ടിട്ടാടീ ഈ അഹങ്കരിക്കുന്നത്.."

ജാസിമിന്റെ നാവിൽ നിന്നും പുറത്തു വന്ന വാക്കുകൾ കേട്ടു അവൾക്ക് തല കറങ്ങുന്നതു പോലെ തോന്നി.. 

ശരീരമാകെ കുഴയുന്നത് പോലെ..കണ്ണിൽ ഇരുട്ട് കയറി മുന്നിലുള്ള ജാസിമിനെ പോലും അവ്യക്തമാകുന്നതു പോലെ.. 

"എത്ര കാലമായി   നിന്റ ഉമ്മ നിനക്ക് വേണ്ടി രാവിനെ പോലും പകലാക്കി മാറ്റി കഷ്ട പെടുന്നു.. 

ഇനിയും എത്ര നാൾ എന്ന് വെച്ചാ ആ പാവം നിന്നെ സംരക്ഷിക്കുക.. 

നീ പറഞ്ഞല്ലോ ആണിന്റെ തുണ ഇല്ലാതെയും പെണ്ണിന് ജീവിക്കാമെന്ന്.. 

ജീവിക്കാമെടീ.. 

പക്ഷെ അതിന് എത്രത്തോളം ബുദ്ദിമുട്ട് ഉണ്ടെന്ന് നീ ചിന്തിച്ചു നോക്കിട്ട് ഉണ്ടോ.. 

നിന്റ ഉമ്മച്ചിയോട് ഒന്ന് ചോദിച്ചു നോക്കെടീ.. 

താൻ അനുഭവിച്ച കഷ്ടതകളും നോവും വേദനയുമൊന്നും സ്വന്തം മകൾക്കും കൂടെ ഉണ്ടാവരുത് എന്ന് കരുതിട്ടല്ലേ ഉമ്മ നിന്നോട് കല്യാണ കാര്യം പറഞ്ഞു സങ്കട പെടുന്നത്.. 

നിനക്ക് വേണ്ടി അല്ലെടീ..നീ സുരക്ഷിതയായിരിക്കുന്നതു കാണാൻ വേണ്ടി അല്ലെ.. 

അതോടൊപ്പം അവർക്ക് ഒരു മകനെയും കിട്ടുമല്ലോന്ന് സമാധാനിച്ചു കാണും.. 

നീ വിചാരിക്കുന്നത് പോലെ ലോകത്തുള്ള എല്ലാ ആണിനും വഞ്ചനയുടെ മുഖമല്ല..

മഹർ ചാർത്തുന്ന  പെണ്ണിനെ ജീവനേക്കാൾ ഏറെ സ്നേഹിക്കാനും ജീവൻ പോകുന്നത് വരെ സംരക്ഷിക്കാനും കഴിയുന്നവന്മാരും കൂടെ ഉണ്ടെടീ ഈ ലോകത്ത്..

ഒന്ന് മനസ്സിലാക്കെടീ.."

കേട്ടത് ഒന്നും വിശ്വസിക്കാൻ ആകാതെ മരവിച്ചു ഇരിക്കുന്ന ഹാദിയുടെ നേർക്ക് കനൽ എരിയുന്ന ഒരു നോട്ടവും നോക്കിക്കൊണ്ട് ജാസിം പുറത്തു കടന്നു.. 

ആയിഷയെ അവിടെ ഒന്നും കാണാത്തതു കൊണ്ട് ജാസിം പെട്ടെന്നു തന്നെ കാർ എടുത്തു അവിടം വിട്ടു.. 

ഹാദി അപ്പോഴും ഞെട്ടലിലാണ്.. 

എന്തൊക്കെയാണ് ജാസിം പറഞ്ഞിട്ട് പോയത്..അതിന്റെ പൊരുൾ ഒന്നും വ്യക്തമാകുന്നതേയില്ല.. 

താനൊരു ഉമ്മ ആവില്ലന്നല്ലേ..ഏതൊരു പെണ്ണിനും റബ്ബ് നൽകുന്ന ആ മഹാഭാഗ്യം തനിക്ക് ഇല്ലെന്നല്ലേ. 
അവൾ ബെഡിലേക്ക് മുഖം പൂഴ്ത്തി വിതുമ്പി. 

അല്ലെങ്കിലും ഒരു വിവാഹ ജീവിതം ആഗ്രഹിക്കാത്ത താൻ എന്തിനു ഒരുമ്മ ആവാൻ ആഗ്രഹിക്കണം..എന്തിനു ആ ഭാഗ്യമില്ലായ്മയേ കുറിച്ചോർത്തു വിലപിക്കണം..

അവൾ സമാധാനം കൊണ്ടു..

ജാസിം പറഞ്ഞ അക്കാര്യം അവൾ മറക്കാനും തന്നെ ബാധിക്കുന്നതല്ലന്നും സ്വയം പറഞ്ഞു പഠിപ്പിച്ചു..

പക്ഷെ,,, 

 അവൻ  പറഞ്ഞിട്ട് പോയതിൽ മറ്റൊന്നുണ്ട്.. 

ഉമ്മച്ചി..ഇനിയും എത്ര കാലമെന്ന് വെച്ചാ തനിക്ക് വേണ്ടി കഷ്ട പെടുക..

ഇനിയും ആ പാവത്തിനെ താൻ എങ്ങനെയാ വേദനിപ്പിക്കുക.. 

ഒരു വിവാഹം..ആവശ്യമാണ്.തനിക്ക് വേണ്ടിയല്ല.സ്വന്തം ഉമ്മച്ചിക്ക് വേണ്ടി..

തനിക്ക് വേണ്ടി മാത്രം ജീവിച്ചു പോരുന്ന ആ പാവത്തിന്റെ സന്തോഷത്തിനു വേണ്ടി സമ്മതം നൽകിയേ മതി ആവുള്ളു.. 

തന്റെ എല്ലാ കുറവുകളും അറിഞ്ഞു വെച്ച് കൊണ്ടും തന്നെ സ്വീകരിക്കാൻ തയാറാകുന്നവന്റെ മുന്നിലേക്ക് കഴുത്തു നീട്ടി നൽകാം. 

ഉമ്മച്ചി എന്നിൽ നിന്നും ആഗ്രഹിക്കുന്നതു ഇതാണ്.. ഈ ജീവിതത്തിൽ എന്നെ കൊണ്ടു ഉമ്മച്ചിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വല്യ സന്തോഷം ഇത് തന്നെയാണ്. 

ഹാദി മനസിൽ  തീരുമാനിച്ചുറപ്പിച്ചു.. 

തനിക്ക് ഇങ്ങനൊരു കുറവുള്ള കാര്യം ഇന്നേവരെ ഉമ്മച്ചി പറഞ്ഞിട്ടില്ല..തന്നെ വിഷമിപ്പിക്കണ്ടന്ന് കരുതി ആവും..പാവം. 

ജാസിമിന്റെ പ്രൊപോസൽ വരുന്ന നേരത്തു ഉമ്മച്ചി ഒരുപക്ഷെ ഇക്കാര്യം ഫൗസിയത്താനോട്‌ പറഞ്ഞിട്ട് ഉണ്ടാകണം..അതായിരിക്കാം അവൻ ഇത് അറിയാൻ. 

ഓരോന്ന് ചിന്തിച്ചു കൊണ്ടു ഹാദി ബെഡിൽ നിന്നും എഴുന്നേറ്റു കണ്ണും മുഖവും തുടച്ചു. 

പിന്നാം പുറത്തുന്ന് അകത്തേക്ക് കയറിയ ആയിഷ ജാസിമിന്റെ ശബ്ദമൊന്നും കേൾക്കാത്തതു കാരണം മുറ്റത്തെക്ക് നോട്ടം എറിഞ്ഞു.അവിടെ കിടന്ന കാർ കാണാതെ വന്നപ്പോൾ ആയിഷ ഹാദിയുടെ മുറിയിലേക്ക് കയറി. 

ജാസിമിനെ പൂർണ വിശ്വാസം ഉള്ളത് കൊണ്ടാണ് മകളുടെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ആയിഷ തടയാഞ്ഞത്. 

കണ്ണാടിക്ക് മുന്നിൽ നിന്ന് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്ന ഹാദിയോട് ആയിഷ ജാസിം വന്നതിന്റെ കാര്യം തിരക്കി.. 

"ഉമ്മച്ചി..എനിക്ക് സമ്മതമാണ്..നിങ്ങളൊക്കെ ആഗ്രഹിക്കുന്നത് പോലെ ജാസിമിനെ വിവാഹം ചെയ്യാൻ എനിക്ക് സമ്മതമാണ്.. "

തന്റെ ചോദ്യത്തിനുള്ള മറുപടിയല്ല മകൾ  നൽകിയത് എങ്കിലും ഉറച്ച സ്വരത്തിലുള്ള  ഹാദിയുടെ  സംസാരം കേട്ടു ആയിഷ ഞെട്ടി..

"എന്താ..എന്താ നീ പറഞ്ഞത്.. "

ആയിഷയുടെ ചോദ്യത്തിന് ഹാദി വീണ്ടും അതുതന്നെ ആവർത്തിച്ചു.. 

"ജാസിമിന്റെ  പെണ്ണായ് ജീവിക്കാൻ എനിക്ക് സമ്മതം ആണെന്ന്.."


ആയിഷയുടെ മുഖം  തെളിഞ്ഞു..ചുണ്ടിൽ പുഞ്ചിരി വിടർന്നു.

"അൽഹംദുലില്ലാഹ്.."

മകൾക്ക് ഇപ്പോഴെങ്കിലും നല്ലത് തോന്നിയല്ലോന്ന് ഓർത്തു കൊണ്ടവർ പടച്ചോനെ സ്തുതിച്ചു..

എന്തായിരിക്കും ജാസി അവളോട് സംസാരിച്ചിട്ട് ഉണ്ടാകുക..എങ്ങനെ ആയിരിക്കും സമ്മതം നേടി എടുത്തത് എന്നിങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ആയിഷയുടെ ഉള്ളിൽ ഉയർന്നു എന്നാലും അതൊന്നും അവർ ഹാദിയോട് ചോദിച്ചില്ല..

ഏതായാലും അവൾ സമ്മതിച്ചല്ലോ..അതുമതി എന്ന് ആശ്വസിച്ചു കൊണ്ടവർ അപ്പോൾത്തന്നെ ഫൗസിയയ്ക്ക് ഫോൺ ചെയ്തു കാര്യങ്ങൾ അറിയിച്ചു..

 പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു..ജാസിമിന്റെ ആഗ്രഹ പ്രകാരം പോലെ തന്നെ  ആളും ആരവങ്ങളും ആഘോഷങ്ങളുമൊക്കെയായ് കല്യാണം കെങ്കേമമായി നടന്നു.. 

വെള്ളയും ചുവന്നതുമായ റോസാ പൂക്കൾ കൊണ്ടും അനവധി കളർ ലൈറ്റ്സ് കൊണ്ടും അലങ്കരിച്ച മണിയറയിലേക്ക് ജാസിം തെല്ലു പരിഭ്രമത്തോടെ കടന്ന് വന്നു..

ഹാദി അപ്പോൾ നമസ്കാരത്തിലാണ്..അവൻ ശബ്ദം ഉണ്ടാകാതെ അവളെ തന്നെ നോക്കി നിന്നു.

കല്യാണത്തിനു സമ്മതമാണെന്ന് പറഞ്ഞത് അല്ലാതെ അന്ന് തൊട്ട് ഇന്ന് വരെ ഹാദി തന്നോട് ഒരു വാക്ക് സംസാരിച്ചിട്ടില്ല..എന്ത് കൊണ്ടാണ് കല്യാണത്തിനു സമ്മതം നൽകിയതെന്ന് പോലും ജാസിമിനു അറിയില്ല.

ഞാൻ അന്ന് പറഞ്ഞത് ഒക്കെ നല്ലത് പോലെ കൊണ്ടിട്ടുണ്ടാകും..
ജാസിം മനസ്സിൽ വിചാരിച്ചു..

ഇപ്പോഴും ദേഷ്യം ആയിരിക്കോ അവൾക്ക്..എന്ത് തുടങ്ങും എങ്ങനെ തുടങ്ങുമെന്ന് ഒന്നും അറിയാതെ അവൻ ശ്വാസം വലിച്ചു വിട്ടു കൊണ്ടു ബെഡിൽ വന്നിരുന്നു.. 

ഇരു കൈകളും നീട്ടി റബ്ബിനോട്‌ തേടി കഴിഞ്ഞതിന് ശേഷം നിസ്കാര പായ മടക്കി അവൾ എഴുന്നേറ്റു.. 

 ജാസിമിനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അവൾ ബെഡിന്റെ ഒരറ്റത്തേക്ക് കയറി കിടന്നു.. 

 അവളുടെ ഭാഗത്തു നിന്നും അങ്ങനെയൊന്നു പ്രതീക്ഷിച്ചതു കൊണ്ടു ജാസിം മറു സൈഡിലേക്ക് നീങ്ങി കിടന്നു..

"ഹാദി.."

ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ വിളിച്ചു..

"മ്മ്..എന്താ.."

"നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യാ..? "

"എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല.."

എന്ന് പറഞ്ഞു കൊണ്ടു അവൾ തിരിഞ്ഞു കിടന്നു.

"ദേഷ്യമൊന്നും ഇല്ലെങ്കിൽ പിന്നെന്തിനാ ഇന്ത്യയും പാകിസ്ഥാനും പോലെ കിടക്കണേ.."

തിരിഞ്ഞു കിടക്കുന്ന അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു വയറിലൂടെ  വട്ടം ചുറ്റി പിടിച്ചു കൊണ്ടു ജാസിം ചോദിച്ചു..

ശരീരത്തിലേക്ക് ഷോക്ക് ഏറ്റതു പോലെ ഞെട്ടി പിടഞ്ഞു എഴുന്നേറ്റിരുന്ന്  കൊണ്ടു ഹാദി ജാസിമിനെ തള്ളി നീക്കി.

"ദേ..എന്റെ ദേഹത്ത് തട്ടാനും മുട്ടാനും വന്നാൽ ഉണ്ടല്ലോ..

എനിക്ക് നല്ല ക്ഷീണമുണ്ട്..ഒന്ന് ശെരിക്കുറങ്ങണം..ശല്യം ചെയ്യാൻ നിക്കരുത്. "

അതും പറഞ്ഞു കൊണ്ടു ഹാദി തലയിലൂടെ പുതപ്പ് വലിച്ചിട്ടു കൊണ്ടു ഒരു മൂലയിലേക്ക് ചുരുണ്ടു കൂടി കിടന്നു. 

ഗൗരവത്തോടെയുള്ള അവളുടെ സംസാരവും പെരുമാറ്റവുമൊന്നും ജാസിമിനു ഒട്ടും പിടിച്ചില്ല എങ്കിലും അവളെ ബുദ്ധിമുട്ടിക്കണ്ടന്നു കരുതി പിന്നൊന്നും പറയാതെ ലൈറ്റ് അണച്ചതിന് ശേഷം അവനും ഒരു ഭാഗത്തേക്ക്‌ ആയി ചരിഞ്ഞു കിടന്നു. 

തലേ ദിവസത്തേ ക്ഷീണം കാരണം ഏറെ വൈകിയാണ് ഹാദി രാവിലെ എണീറ്റത്..

അടുത്ത് കിടന്നിരുന്ന ജാസിമിനെ കാണാത്തതിനെ തുടർന്ന് അവൾ മുറിയിൽ ചുറ്റുമൊന്നു കണ്ണോടിച്ചു.. 

കുളി കഴിഞ്ഞു തല തുവർത്തി കൊണ്ടു  ബാത്‌റൂമിൽ നിന്നിറങ്ങി വരുന്ന ജാസിമിനെ കണ്ടതും അവൾ വേഗം എഴുന്നേറ്റു സമയം നോക്കി. 

റബ്ബേ ന്റെ സുബഹിന്നും വിളിച്ചു കൊണ്ടു ബാത്‌റൂമിലേക്ക് ഓടി കയറുന്ന ഹാദിയെ കണ്ടതും ജാസിമിനു ചിരി വന്നു..

കുളിയും നിസ്കാരവുമൊക്കെ കഴിഞ്ഞു താഴേക്ക് ഇറങ്ങിയ ഹാദിയെ കുട്ടികളും ബന്ധുക്കളുമൊക്കെ വട്ടം ചുറ്റി..

എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്..ഓരോരുത്തരും ഹാദിയോട് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു..അതിനെല്ലാം ചിരിച്ചു കൊണ്ടു മറുപടി നൽകുന്നുണ്ട് എങ്കിലും ഉമ്മച്ചിയെ ഓർത്തു  അവളുടെ ഉള്ളിൽ സങ്കടം തികട്ടി വന്നു.

പാവം..അവിടെ ഒറ്റയ്ക്ക്..ആദ്യമായിട്ടാണ് ഞാൻ അകന്ന് നിൽക്കുന്നത്..

അവൾ കണ്ണ് നിറച്ചു..അത് മറ്റാരും കാണരുത് എന്ന് കരുതി അവൾ എല്ലാരിലും നിന്നും  മുഖം തിരിച്ചു മുറിയിലേക്ക് പോകാൻ ഒരുങ്ങി.

"മോളെ..ഉച്ചക്ക് ശേഷം പാർട്ടിയുണ്ട്..

ഇക്കാന്റെയും  ജാസിന്റെയും ബിസ്സിനെസ്സ് ഫ്രണ്ട്‌സും ഫാമിലിയുമൊക്കെ വരുന്നുണ്ട്..

മോൾക്ക് ധരിക്കണ്ട  ഡ്രസ്സ്‌ ഷെൽഫിൽ വെച്ചിട്ടുണ്ട്.. 

ജാസിയോട് ചോദിച്ചാൽ മതി.അവൻ എടുത്തു തരും..

ചെന്നു നല്ല സുന്ദരിയായ് ഒരുങ്ങി നിൽക്ക് ട്ടൊ.. "

ഫൗസിയ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി കൊണ്ടു പറഞ്ഞു..

അവൾ അതിനു ശെരിയെന്ന വണ്ണം തലയാട്ടി കൊടുത്തു. 

മുറിയിലേക്ക് പോകാൻ അനുവദിക്കാതെ കുട്ടികൾ വീണ്ടും അവൾക്ക് ചുറ്റും കൂടി..അവരോട് ഒപ്പം കളി പറഞ്ഞു നിൽക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസമുണ്ടെന്നു കണ്ട ഹാദി ഉച്ചവരെ അവരോട് ഒപ്പം ചിലവ് ഒഴിച്ചു. 

 ആൾക്കാരൊക്കെ വരാൻ സമയമായെന്നു ഫൗസിയ പറയുന്നത് കേട്ടപ്പോൾ അവൾ മുറിയിലേക്ക് കയറി ചെന്നു.

വുളൂഹ് എടുത്ത് ളുഹർ നമസ്കരിച്ചു..

ശേഷം ഷെൽഫിൽ നിന്നും വസ്ത്രം എടുത്ത് മാറ്റി ഒരുങ്ങി.

അവൾ ഒരുവിധം ഒരുങ്ങി കഴിയുമ്പോഴാണ് ജാസിം വാതിൽ തുറന്ന് മുറിയിലേക്ക് കയറി വന്നത്.. 

കടും ചുവപ്പ് നിറത്തിലുള്ള സാരി അണിഞ്ഞു മിന്നി തിളങ്ങി നിൽക്കുന്ന ഹാദിയെ കണ്ടതും അവനൊരു നിമിഷം കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി നിന്നു.. 

"ആ ഡോർ ഒന്ന് അടച്ചേ.. "

ഹാദിയുടെ ശബ്ദം കേട്ടതും ജാസിം പെട്ടെന്ന് അവളിലുള്ള നോട്ടം മാറ്റി ഡോർ അടച്ചു ലോക്ക് ചെയ്തു..

ഷെൽഫ് തുറന്ന് ഡ്രെസ് എടുക്കുന്നതിന്റെ ഇടയിലും അവന്റെ നോട്ടം ഹാദിടെ മുഖത്തെക്കാണ്..

"എന്താ.."

ജാസിമിന്റ്റെ നോട്ടം കണ്ടു അവൾ ചോദിച്ചു..

"ചന്തം കൂടിയത് കണ്ടു നോക്കിയതാടീ പെണ്ണെ "

"അതെയോ..എന്നാലേ കൂടുതൽ നോക്കി വെള്ളം ഇറക്കാതെ വേഗം താഴേക്ക് ഇറങ്ങി  വരാൻ നോക്ക്.."

എന്ന് പറഞ്ഞു കൊണ്ടു അവന്റെ നേർക്ക് മുഖം കോട്ടി വാതിൽ തുറന്ന് ഹാദി പുറത്തേക്ക് പോയ്‌..

ആളുകൾ നിറഞ്ഞു കൂടിയ ഹാളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ എല്ലാരുടെയും നോട്ടം അവളിലേക്കായി എങ്കിലും ആ ആൾ കൂട്ടത്തിൽ അവൾ തേടിയത് ആയിഷയെയാണ്. 

"മോളെ.. "

ഫൗസിയയുടെ വിളി കേട്ട ഹാദി തിരിഞ്ഞു നോക്കി. 

ഫൗസിയയോട് ഒപ്പം തന്നെ നോക്കി കണ്ണും മനസ്സും ഒരുപോലെ നിറച്ചു നിൽക്കുന്ന ആയിഷയെ കണ്ടതും അവൾ ഓടി ചെന്നു കെട്ടിപിടിച്ചു.. 

"ഉമ്മച്ചി..എപ്പോ വന്നു..നിങ്ങള് ഇല്ലാതെ എനിക്ക് പറ്റണില്ല ട്ടൊ.. "

"അയ്യേ..ഉമ്മച്ചിന്റെ കാന്താരി കരയാ..കരിമഷിയൊക്കെ പടരും ട്ടൊ..പിന്നെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല ഹാദിയേ.. "

എന്ന് പറഞ്ഞു കൊണ്ടു ആയിഷ ഹാദിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. 

അപ്പോഴേക്കും ജാസിം താഴേക്ക് ഇറങ്ങി വന്നിരുന്നു. 
തന്റെ സാരിക്ക് ചേർന്ന നിറത്തിലുള്ള വസ്ത്രം അണിഞ്ഞു പതിവിലും സുന്ദരനായി വന്നു  ആയിഷയോട് സംസാരിക്കുന്ന ജാസിമിൽ അവളുടെ കണ്ണുകൾ ഒരു നിമിഷം തറഞ്ഞു നിന്നു.. 

പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ജാസിമിന്റ്റെ വീടിന് മുന്നിൽ കെട്ടി പൊക്കിയ പന്തലിൽ ആൾക്കാർ തിങ്ങി നിറഞ്ഞു.. 

ഉമ്മ പറഞ്ഞത് പോലെ വന്നിരിക്കുന്നവരൊക്കെ വല്യ വല്യ ആൾക്കാരാണ്..

സ്റ്റേജിൽ ജാസിമിനോട്‌ ഒപ്പം നിൽക്കുന്ന ഹാദി ചുറ്റും കണ്ണോടിച്ചു വിട്ടു കൊണ്ടു മനസ്സിൽ വിചാരിച്ചു..

 വളരെ  ആഡംബരമായി  നടക്കുന്ന ആ പരിപാടി ഒന്ന് പെട്ടെന്ന് തീർന്നു കിട്ടിയാൽ മതിയെന്നായിരുന്ന് അവൾക്ക്.. 

എന്ത് കൊണ്ടോ അത്രയും വലിയൊരു പാർട്ടി അവൾക്ക് ഇഷ്ടപെട്ടതേയില്ല. 

എല്ലാവരുടെയും പരിചയ പെടലും ഗിഫ്റ്റ് നൽകലുമൊക്കെ അവസാനിച്ചു വന്നപ്പോൾ ജാസിം ഹാദിയുടെ കയ്യിൽ പിടിച്ചു സ്റ്റേജിൽ നിന്നും ഇറങ്ങി.. 

 കല്യാണത്തിന്റെ വക ജാസിമിനു പണിയൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല..അതുകൊണ്ട് ഇന്ന് വല്ലതുമൊക്കെ ഒപ്പിക്കണമെന്ന് കരുതി ജാസിമിന്റെ ഫ്രണ്ട്‌സായ അൻവറും അഖിലും  രണ്ട് ഗ്ലാസിലേക്ക് റം മിക്സ്‌ ചെയ്ത കൂൾ ഡ്രിങ്ക്സ് പകർന്നു.. 

സ്റ്റേജിൽ നിന്നും ഇറങ്ങി വന്ന ജാസിമിന്റെയും ഹാദിയുടെയും അടുത്തേക്ക് ചെന്നു അവർ തന്ത്ര പൂർവം രണ്ട് പേർക്കും ഓരോ ഗ്ലാസ്‌ ഡ്രിങ്ക് നൽകി.. 

 എല്ലാവർക്കും മുന്നിൽ എടുത്താൽ പൊങ്ങാത്ത സാരിയും ചുറ്റി കെട്ടി നിന്ന് ക്ഷീണിച്ച ഹാദി ഗ്ലാസ്‌  കയ്യിൽ കിട്ടേണ്ട താമസം അതെടുത്തു വലിച്ചു കുടിച്ചു.. 

ആർത്തി പിടിച്ചുള്ള അവളുടെ കുടിക്കൽ കണ്ടു ഇന്നാ ഇതൂടെ കുടിച്ചോന്നു പറഞ്ഞു ജാസിം അവന്റെ കയ്യിലുള്ള ഗ്ലാസ്  അവൾക്ക് നൽകി..

"താങ്ക്സ്.."

ജാസിമിന്റെ നേർക്ക് ഒരു ലോഡ് പുച്ഛം എറിഞ്ഞു കൊണ്ടു ഹാദി പറഞ്ഞു..ശേഷം അതും ഒറ്റ വലിക്കു കുടിച്ചു തീർത്തു.

അത് കണ്ടു ജാസിം വാ പൊളിക്കുന്നതിന് മുന്നേ അവന്റെ ഫ്രണ്ട്‌സ് അവളെ നോക്കി വായി പൊളിച്ചിരുന്നു.

പണി പാളിന്നു പരസപരം  പറഞ്ഞു കൊണ്ടവർ ജാസിമിനെ നോക്കി ഇളിച്ചു കൊണ്ടു മെല്ലെ അവിടുന്ന് മറ്റൊരു ഭാഗത്തേക്ക്‌ വലിഞ്ഞു.. 

ഏകദേശം ആൾക്കാരൊക്കെ പോയി കഴിഞ്ഞതിന് ശേഷം ജാസിം മുറിയിലേക്ക് കയറി പോയ്‌..അവനും ആകെ ക്ഷീണിച്ചിരുന്നു.. 

ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു ഡ്രെസ് ചേഞ്ച്‌ ചെയ്തു അവൻ ബെഡിലേക്ക് മറിഞ്ഞു.. 

ഏറെ നേരമായിട്ടും ഹാദിയെ റൂമിലേക്ക് കാണാതെ വന്നപ്പോൾ ഈ പെണ്ണ് ഇതെവിടെ പോയെന്ന് കരുതി അവൻ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും അവൾ ആടി കുഴഞ്ഞു കൊണ്ടു റൂമിലേക്ക് കയറി വന്നു.. 

ധരിച്ചിരിക്കുന്ന സാരി പോലും മാറ്റാതെ വന്നു  ബെഡിലേക്ക് വീഴാൻ നിന്ന അവളെ അവൻ പിടിച്ചു നിർത്തി. 

"ടീ..ഇത് ഇട്ടോണ്ടാണോ കിടക്കണേ.. 

ചെന്നു മേല് കഴുകി ഡ്രെസ് മാറ്റി വാ.. "

" നിക്ക് ഒന്നും വയ്യ"

എന്ന് പറഞ്ഞു കൊണ്ട് ഹാദി വീണ്ടും ബെഡിലേക്ക് വീഴാൻ നോക്കിയെങ്കിലും ജാസിമിന്റെ പിടുത്തം കാരണം അവൾക്ക് അത് പറ്റിയില്ല.

"ഹാദി..ചെന്നു മാറ്റി വരാനാ പറഞ്ഞെ.."

"എന്നാൽ ഇങ്ങള് മാറ്റി താ.."

അവൾ ചിണുങ്ങി കൊണ്ടു ജാസിമിന്റെ കുർത്തയിൽ പിടിച്ചു പറഞ്ഞത് കേട്ടു അവന്റെ കണ്ണ് തള്ളിപ്പോയ്..

"ടീ പെണ്ണെ..കളിക്കാൻ നിക്കല്ലേ.."

എന്ന് പറഞ്ഞു ജാസി അവളെ ഉന്തി തള്ളി വിടാൻ നോക്കിയതും ഹാദി രണ്ട് കയ്യും അവന്റെ കഴുത്തിലൂടെയിട്ട് ചുറ്റി പിടിച്ചു..

ശരീരത്തിൽ എത്തിയ റംന്റെ വീര്യത്തിൽ 
അവൾക്ക് തലയ്ക്ക് അകത്തു പെരു പെരുപ്പ് അനുഭവപ്പെട്ടു..കാലുകൾ നിലത്തു ഉറക്കാതെ വന്നപ്പോൾ ഹാദി ജാസിമിന്റെ കുർത്തയിൽ അള്ളി പിടിച്ചു കൊണ്ടവനോടു ചേർന്ന് നിന്നു..മുന്നിൽ ഉള്ള ജാസിമിനെ രണ്ടായി കണ്ടപ്പോൾ അവൾ ഒന്ന് തല കുടഞ്ഞു ശെരിക്കും നോക്കി..

അപ്പോഴും അവസ്ഥ അതുതന്നെ..

"ഇക്കാ..ഇങ്ങളെപ്പം രണ്ടായി "

അവന്റെ കവിളിലൂടെ വിരൽ ഓടിച്ചു കൊണ്ടു ഹാദി ചോദിച്ചു..

അസ്വാഭാവികമായ ഹാദിയുടെ  സംസാരവും പെരുമാറ്റവും കണ്ടു ഇതൊക്ക സ്വപ്നമാണോന്നുള്ള തരത്തിൽ ജാസിം അവളെ മിഴിച്ചു നോക്കി..

" ഇക്കാ..ഞാൻ നിങ്ങക്ക് ഒരു സാധനം തരട്ടെ.. "

എന്ന് പറഞ്ഞു കൊണ്ടു ഹാദി അവളുടെ ചുണ്ടുകൾ  ജാസിമിന്റെ ചുണ്ടുകളിലേക്ക് ചലിപ്പിച്ചപ്പോൾ എന്തിനോ വേണ്ടി ജാസിം മിഴികൾ അടച്ചു.. 

അവന്റെ ചുണ്ടിൽ മൃതുവായൊരു ചുംബനം നൽകി അവൾ ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നതും കിട്ടിയ അവസരം പാഴ് ആക്കാതെ  ജാസിം അവളെ വാരി എടുത്തു ബെഡിലേക്ക് ഇട്ടു ചുംബനങ്ങളാൽ മൂടി..

തലയ്ക്കു വെളിവില്ലാതെയാണ് അവൾ തന്നോട് ഇങ്ങനൊക്കെ പെരുമാറുന്നത് എന്ന് അറിയാതെ  ജാസിം അവളെ അവനിലേക്ക് ആവാഹിച്ചെടുത്തു.

ആ രാവു പുലരുമ്പോൾ ഹാദി ശരീരം കൊണ്ടു ജാസിമിനു  സ്വന്തമായി കഴിഞ്ഞിരുന്നു.. 

ജനലിലൂടെ അരിച്ചു ഇറങ്ങുന്ന സൂര്യ കിരണങ്ങൾ കണ്ണിൽ തട്ടിയപ്പോൾ ജാസിം കണ്ണുകൾ വലിച്ചു തുറന്നു.. 

തന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന ഹാദിയെ കണ്ടപ്പോൾ കഴിഞ്ഞ രാത്രിയിൽ നടന്നതൊക്കെ അവന്റെ മനസ്സിലേക്ക് ഓടിയെത്തി.. 

അവന്റെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിടർന്നു.. 

എന്നാലും ഇവൾ ഇത്ര പെട്ടെന്ന് എന്നോട് ഇങ്ങനെ.. 

അവന്റെ മനസിൽ ചോദ്യം ഉയർന്നു.. 

ആ..അവൾക്ക് നല്ല ബുദ്ദി തോന്നിട്ടുണ്ടാവും.. 

അവൻ സ്വയം ഉത്തരം കണ്ടെത്തി.. 

ഹാദിയെ തന്നിൽ നിന്നും അടർത്തി നീക്കി കിടത്തി  ജാസിം ബാത്‌റൂമിലേക്ക് കയറി..

ഹാദി പതിയെ കണ്ണ് തുറന്നു.തലയ്ക്കകത്ത് ആകെയൊരു മൂളൽ..വല്ലാത്തൊരു ഭാരം ഏറ്റതു പോലെ..നെറ്റിയും തടവി കൊണ്ടു അവൾ എഴുന്നേറ്റു ഇരുന്നതും ആദ്യം കണ്ടത് ബെഡിൽ പൊട്ടി ചിതറി കിടക്കുന്ന അവളുടെ ചുവന്ന കുപ്പിവളകളാണ്..

അത് കണ്ടൊരു ഞെട്ടലോടെ കൈകളിലേക്ക് നോക്കുമ്പോഴാണ് തലേ ദിവസം ഇട്ടിരുന്ന ഡ്രെസ് പോലും മാറാതെയാണ് കിടന്നതെന്ന കാര്യം അവൾക്ക് മനസ്സിലായത്..

ശരീരത്തിനു  ഇതുവരെ ഇല്ലാത്ത ഒരു തരം വേദന തോന്നിയ ഹാദി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു കൈ കാലുകൾ കുടഞ്ഞു നിവർത്തിയതും അവളുടെ ചുമലിൽ നിന്നും അരയിൽ നിന്നും സാരി അഴിഞ്ഞു വീണു. 

അവൾ അപ്പോൾത്തന്നെ സാരി ശെരിയാക്കി നിർത്തി തെല്ലൊരു അങ്കലാപ്പോടെ ബെഡിന്റെ സൈഡിലേക്ക് ഇരുന്നു..

ഇന്നലെ രാത്രിയിൽ എന്തായിരുന്നു..താൻ അറിയാതെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു..

അവൾ ഓർത്തു എടുക്കാൻ ശ്രമിച്ചു.

കുളി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയ ജാസിം കണ്ടത് 
ചിന്താ വിഷ്ടയായ സീതയെ പോലെ ഇരിക്കുന്ന ഹാദിയെയാണ്.

 ആ ഇരുപ്പ് കണ്ടു അവൻ അവളെ നോക്കിയൊന്നു ചിരിച്ചു..

" ഇനിയെങ്കിലും പോയ്‌ അതൊക്കെയൊന്നു മാറ്റെടീ "

"രാത്രിയിൽ എന്തായിരുന്നു.."

അവൾ ഗൗരവത്തോടെ ചോദിച്ചു..അത് കേട്ട ജാസിം ചിരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.

"ബെസ്റ്റ്..അത് ഞാൻ അങ്ങോട്ട് ചോദിക്കാൻ നിക്കായിരുന്നു..

എന്തൊക്കെ ആയിരുന്നെടീ രാത്രിയിൽ..

എന്നെ കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും..

ഔ..ഓർക്കുമ്പോൾ തന്നെ നാണം വരുവാ.."

എന്ന് പറഞ്ഞു കൊണ്ടു അവൻ അവളുടെ വെളുത്തു തുടുത്ത കവിളിൽ പിച്ചിയതും അവൾ അവന്റെ കൈ തട്ടി മാറ്റി.

"സത്യം പറഞ്ഞോ..എന്താ നിങ്ങളെന്നെ ചെയ്തത്..

ഞാൻ ഉറങ്ങും നേരം...

ചേ..മഹർ ചാർത്തിയെന്നു കരുതി പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ തൊടുന്നത് ആണത്തമുള്ള  പുരുഷൻമാർക്ക് ചേർന്നതല്ലാ.."

അവളുടെ ശബ്ദം ഇടറി..കണ്ണുകളിൽ നനവ് പടർന്നു..

അവൾ പറഞ്ഞതോന്നും മനസ്സിലാകാതെ റബ്ബേ ഇതിപ്പോ എന്താ കൂത്തെന്നും കരുതി വായും പൊളിച്ചു നിൽക്കുന്ന ജാസിമിന്റെ നേർക്ക് കണ്ണീരിൽ കുതിർന്നൊരു നോട്ടം എറിഞ്ഞു കൊണ്ടു ഹാദി ബാത്‌റൂമിലേക്ക് കയറി പോയ്‌..

അപ്പോഴും ജാസിമിനു അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടില്ല..

അവൾ ഇനി തന്നെ പറ്റിക്കുന്നത്  ആയിരിക്കുമോ..അതോ ഇന്നലെ രാത്രിയിൽ അവൾക്ക് വെളി പാട് ഇല്ലായിരുന്നോ..

ജാസിം തല പുകഞ്ഞ് ആലോചിക്കുമ്പോഴാണ് അവന്റെ ഫോണിലേക്ക് സുഹൃത്തായ അൻവർന്റെ കാൾ വരുന്നത്..

അവൻ അറ്റൻഡ് ചെയ്തു ഫോൺ കാതോരം ചേർത്ത് പിടിച്ചു..

"ടാ..അളിയാ..എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ നൈറ്റ്‌.."

അൻവർ ചോദിച്ചതു എന്താണെന്ന് ജാസിമിനു പിടി കിട്ടിയില്ല..

"എന്തുവാടാ..രാവിലെതന്നെ വിളിച്ചു പിച്ചും പെയ്യും പറയുന്നു.."

എന്ന് ജാസിം ചോദിച്ചപ്പോൾ അതിനു മറുപടിയായ് ഇന്നലെ പാർട്ടിയിൽ അവനും അഖിലും  കൂടി ഒപ്പിച്ചു വെച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അൻവർ ജാസിമിനു വിവരിച്ചു നൽകി..

അതൊക്കെ കേട്ട ജാസിമിന് തലയിക്ക് മുകളിലൂടെ കിളികൾ വട്ടം ചുറ്റുന്നത് പോലെ തോന്നിപ്പോയി..

കാൾ കട്ട്‌ ചെയ്തു അവൻ താടിക്കും കൈ കൊടുത്തിരുന്നു..

അപ്പോൾ വെറുതെ അല്ല പെണ്ണിന് ഇന്നലെ ഒടുക്കത്തെ റൊമാന്റിക് മൂഡ് ഉണ്ടായത്..ശോ..ഞാൻ ആണെങ്കിൽ ഒന്നും അറിയാതെ കിട്ടിയ അവസരം മുതൽ എടുത്ത് നല്ലോണം പെരുമാറുകയും ചെയ്തു..

റബ്ബേ..ഇതിനി എങ്ങനെയാ അവളോട് ഒന്ന് പറയുക..

ആ..എന്തായാലും കഴിയാൻ ഉള്ളത് ഒക്കെ നല്ല ഭംഗിയായ് കഴിഞ്ഞു..ഇനി അക്കാര്യത്തേ കുറിച്ച് അവളോട് ഒരു സംസാരം വേണ്ടാ..മാത്രല്ല.അവൾ എന്തേലുമൊക്കെ ചോദിക്കാൻ വന്നാൽ എല്ലാത്തിനും നൈസ് ആയി ഒന്ന് ഇളിച്ചു കൊടുക്കാം..

ഇന്നല്ലങ്കിൽ നാളെ..എന്നായാലും ഒരുദിവസം എന്നിലേക്ക് അലിഞ്ഞു ചേരണ്ടതു തന്നല്ലേ..

അവൾ എന്റെ പെണ്ണല്ലേ..എന്റെ മാത്രം സ്വന്തം.അതിത്തിരി നേരത്തെ ആയെന്ന് കരുതിയാൽ മതി..

 ജാസിം മനസ്സിൽ കണക്ക് കൂട്ടി.. 

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഹാദി ജാസിമിനോട്‌ അത്ര അടുപ്പം കാണിച്ചില്ലന്ന് മാത്രല്ല.. അവനോട് ഒന്ന് സംസാരിക്കുക കൂടി ചെയ്തില്ല. 

അവിടെയും ഇവിടെയും എന്ന് വേണ്ട സകല സ്ഥലങ്ങളിലുമുള്ള  വിരുന്നും സൽക്കാരവുമൊക്കെയായ്  ഹാദി  ആകെ ക്ഷീണിച്ചു. 

അവൾ ഒന്നും മിണ്ടില്ല എന്നാലും അവളുടെ ആഗ്രഹം മനസ്സിലാക്കിയെന്ന പോൽ  ജാസിം കൂടെ കൂടെ അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകും..

 ഉമ്മയെ  കാണുമ്പോഴും സ്വന്തം വീട്ടിൽ  താമസിക്കുമ്പോഴും അവൾക്ക് ഉണ്ടാകുന്ന സന്തോഷത്തിൽ ആയിരുന്നു ജാസിമിന്റെയും സന്തോഷം.. 


ഹാദിയുടെ വീട്ടിൽ നിന്നും പോന്നു ജാസിമിന്റെ വീട്ടിലേക്ക് എത്തിയ ഒരുദിവസം കുളിച്ചു മാറ്റാൻ വേണ്ടി ഹാദി ഉടനെ റൂമിലേക്ക് കയറിപ്പോയ്..

ബാത്‌റൂമിൽ കയറി ഡ്രെസ് മാറ്റാൻ തുടങ്ങിയതും അവൾക്ക് മനം പുരട്ടൽ അനുഭവപ്പെട്ടു..

രാവിലെ വീട്ടിൽ നിന്നും കഴിച്ച ഫുഡിന്റെ ആവുമെന്ന് കരുതി അവൾ വായ കഴുകാൻ നിന്നതും വല്ലാത്ത ഛർദി തുടങ്ങി..

ആകെ ക്ഷീണം തോന്നിയ അവൾ ഒരുവിധം കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി.

ചെറുതായ് തലകറക്കം അനുഭവപ്പെട്ട ഹാദി ബെഡിലേക്ക് ചാഞ്ഞു..

അപ്പോഴാണ് ഷോക്ക് ഏറ്റതു പോലെ അവൾക്ക് ഒരു കാര്യം ഓർമയിൽ വന്നത്..

ഈ മാസം പീരിയഡ്സ് ഉണ്ടായിട്ടില്ല..ഡേറ്റ് കഴിഞ്ഞു ദിവസങ്ങൾ ആകുന്നു..

അവളുടെ കൈകൾ അറിയാതെ വയറിനു മുകളിലേക്ക് നീങ്ങി.

പക്ഷെ എങ്ങനെ.. 

എങ്ങനെ സംഭവിച്ചു..അങ്ങനെയൊന്നു എന്റെ ഓർമയിലേ വരുന്നില്ലല്ലോ.. 

അഥവാ അങ്ങനെ ഒന്ന് നടന്നിട്ട് ഉണ്ടെങ്കിൽ തന്നെ ഒരിക്കലും ഒരുമ്മ ആവാൻ കഴിയാത്ത എന്റെ വയറ്റിൽ ആണോ ഇപ്പോൾ ഒരു ഗർഭം മൊട്ടിടാൻ പോകുന്നത്.. 

ഹാദിയുടെ കണ്ണുകൾ നിറഞ്ഞു. 
കഴിച്ച ഫുഡിന്റെ  പ്രോബ്ലമാണ്..അതാ ഛർദി..ഒരുപാട് ഛർദിച്ചതു കൊണ്ടാകും പെട്ടെന്നൊരു തല ചുറ്റൽ പോലെ. 

അവൾ സ്വയം ആശ്വാസം കണ്ടെത്തി..

ഒരു മാതാവ് ആകാനുള്ള ഭാഗ്യം എനിക്കില്ലന്ന് അറിഞ്ഞു വെച്ചിട്ടും ജാസിം എന്നെ നിക്കാഹ് ചെയ്തു..ഒരിക്കലും ഒരു കുഞ്ഞിനെ നൽകാൻ കഴിയാത്തവളാണ് ഞാനെന്നു അറിഞ്ഞിട്ടും എന്നെ ഒരുപാട് സ്നേഹിക്കുന്നു..

എന്നിട്ടും ഞാനാ സ്നേഹം കണ്ടില്ലന്ന് നടിക്കുന്നു..അവനിൽ നിന്നും അകലം പാലിക്കുന്നു..

സ്നേഹം കൊതിച്ചു വരുന്ന അവനെ എന്നിൽ നിന്നും അകറ്റി നിർത്തുന്നു..

ജാസിമിനെ ഓർത്തു..അവനു വേണ്ടി ആദ്യമായി അവളുടെ മിഴികൾ ഈറൻ അണിഞ്ഞു വന്നു.

വാതിൽ തുറന്ന് മുറിയിലേക്ക് കടന്ന് വന്ന ജാസിം കണ്ടത് ബെഡിൽ കിടന്നു എന്തൊക്കെയോ ഓർത്തു കരയുന്ന ഹാദിയെയാണ്..

വരുന്നത് വരെ ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ..പെട്ടെന്നു ഇതിപ്പോ  എന്തുപറ്റി ഇവൾക്ക് എന്ന് വിചാരിച്ചു കൊണ്ടു അവൻ അവളുടെ അടുത്തായി ചെന്നിരുന്നു.

"ഹാദി.."

അവൻ പതിയെ വിളിച്ചു..

നിറ കണ്ണുകളോടെയുള്ള നോട്ടമായിരുന്നു അവളുടെ മറുപടി.

"എന്താടാ..എന്തുപറ്റി.."

"ഞാൻ നിങ്ങളെ ഒരുപാട് വേദനിപ്പിക്കുന്നു.ല്ലേ.."
അവളുടെ ചോദ്യം കേട്ടു അവനൊന്നു നെറ്റി ചുളിച്ചു..ഇന്നുവരെ ഇല്ലാത്തൊരു തോന്നലും ചോദ്യവും ഇപ്പോഴുണ്ടാകാൻ എന്തേയ് എന്ന മട്ടിൽ..

"പറാ..ഞാൻ ഒത്തിരി വേദന നൽകുന്നുണ്ടല്ലേ.."

സങ്കടത്താൽ അവനെ നോക്കി കൊണ്ടു ഹാദി വീണ്ടും ചോദിച്ചു..

"എന്റെ വേദനയൊക്കെ അവിടെ നിക്കട്ടെ..

ഇപ്പോ നിനക്കെന്ത്‌  പറ്റിയെന്ന് പറ.."

ജാസിം പുഞ്ചിരിച്ചു കൊണ്ടു ഹാദിയുടെ തലയിൽ തടവി ചോദിച്ചു..

"ഒന്നുല്ല.."

അവൾ അവന്റെ കൈ തട്ടി മാറ്റി.

"പറ പെണ്ണെ എന്താണെന്ന്..മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നല്ലോ.."

"അത് ഛർദിച്ചതു കൊണ്ടാവും.."

അവളൊരു ഒഴുക്കൻ മട്ടിൽ അവനുള്ള മറുപടി നൽകി..

അത് കേട്ട ജാസിമൊന്നു ഞെട്ടി..

"ഛർദിച്ചോ.."

"ആ..രാവിലെ കഴിച്ച ഫുഡ്‌ന്റെ ആവും..

അത് തന്നെ തികട്ടി വരുവാ..ആകെ കൂടെയായ് ഇപ്പൊ തല ചുറ്റുന്നതു പോലെയും.."

ഹാദി പറഞ്ഞത് കേട്ടു ജാസിമിന് എന്തെന്ന് ഇല്ലാതെ സന്തോഷം തോന്നി.. 
ചുണ്ടിൽ ഒരു കള്ളച്ചിരി വിടർത്തി അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോട്ടമിട്ടു കൊണ്ടിരുന്നു..

"എന്താ..എന്റെ കണ്ണിൽ നിങ്ങളുടെ വല്ലതും  കളഞ്ഞു പോയോ.."

അവന്റെ നോട്ടം കണ്ടു ഹാദി കണ്ണുരുട്ടി കൊണ്ടു ചോദിച്ചു..

"ഏയ്‌..അതൊന്നുമല്ല.."

"പിന്നെ.."

"നീ പണി പറ്റിച്ചുല്ലേ കൊച്ചു ഗള്ളി.."

എന്ന് പറഞ്ഞു കൊണ്ടു ജാസി ഹാദിയുടെ മൂക്കിൽ പിടിച്ചു വലിച്ചതും അവൾ കാര്യം അറിയാതെ അവനെ നോക്കി നെറ്റി ചുളിച്ചു..

" നോക്കണ്ട പെണ്ണെ..ഇതതു തന്നെയാ..

നിന്നോട് അനുവാദം ചോദിക്കാതെ ഈ വയറ്റിലേക്ക് ഒരു കൊച്ചു കാന്താരി കടന്നു കൂടിട്ടുണ്ട്.."

"വാട്ട്‌.."

അവൾ കിടന്നിടത്ത് നിന്നും അലറി കൊണ്ടു എഴുന്നേറ്റു..

 "ഔ..അലറാതെടീ..അന്ന് നിനക്ക് ബോധം ഇല്ലാതെ ഇരുന്നത് എന്റെ തെറ്റാണോ.."

എന്ന് തുടങ്ങി ജാസിം അന്ന് നടന്ന കാര്യങ്ങളൊക്കെ ഹാദിയോട് വിശദീകരിച്ചു..

അവൾ അപ്പോഴും സംശയ രൂപേണ അവന്റെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി..

" ഇനിയെന്താടീ.."

"അപ്പോ..അപ്പോ നിങ്ങള് അന്ന് പറഞ്ഞതോ..

ഞാൻ..ഞാനൊരിക്കലും ഗർഭം ധരിക്കില്ലന്ന്..അതിനുള്ള ഭാഗ്യമെനിക്ക് ഇല്ലെന്ന്.."

ഇടറിയ സ്വരത്തിലുള്ള അവളുടെ ചോദ്യം കേട്ടതും അവൻ അവളെ നോക്കിയൊന്നു ഇളിച്ചു കൊടുത്തു..

" അത് നിന്നെയൊന്നു മെരുക്കി എടുക്കാനും എന്നോട് ഇത്തിരി സ്നേഹവുമൊക്കെ തോന്നാൻ വേണ്ടിയും  ഇക്ക ഒരു നുണ പറഞ്ഞത് അല്ലെ മുത്തേ..

അത് കൊണ്ടെന്തായി..

 ഒരു  വിവാഹമേ വേണ്ടന്ന് വെച്ചു വാശി പിടിച്ചു നിന്നിരുന്ന നീ എന്റെ മുന്നിലൊന്നു തോറ്റു തന്നു..

എന്റെ അന്നത്തെ പെർഫോമൻസ് കാരണം നിന്റെ മനസ് മാറി..നീയെനിക്ക് സ്വന്തമായി.."

എന്ന് പറഞ്ഞു കൊണ്ടു ജാസിം ഹാദിയെ നോക്കിയൊന്നു കണ്ണ് ഇറുക്കി കാണിച്ചു..

"യൂ ചീറ്റ്.."

ബെഡിൽ കിടക്കുന്ന തലയണ എടുത്തു അവൾ ജാസിമിനെ പൊതിരെ തല്ലാൻ തുടങ്ങി..

"ടീ..അടങ്ങിയിരി.."

"പറ്റിച്ചതാണല്ലേ എന്നെ..ചതിയാ..

ദുഷ്ടാ..പോ..എഴുന്നേറ്റു പോ..

എനിക്ക് കാണണ്ട..ഐ ഹേറ്റ് യു..പോവാനാ പറഞ്ഞത്.."

എന്ന് അലറി കൊണ്ടു ഹാദി ജാസിമിനെ പിടിച്ചു തള്ളിയതും അവൻ അവളുടെ രണ്ടും കയ്യും പിടിച്ചു വെച്ചു..

"ഒന്ന് അടങ്ങെന്റെ പെണ്ണെ..ഞാനൊന്ന് പറയട്ടെ.."

"വേണ്ടാ..എന്തിനായിരുന്നു..

എന്തിനായിരുന്നു ഇങ്ങനൊരു നുണ..

മറ്റെന്തും സഹിക്കാം..ഒരു പെണ്ണിനെ  സംബന്ധിച്ചിടത്തോളം അവൾക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല എന്നൊന്ന് ഉണ്ടെങ്കിലാണ് അവൾ ഏറ്റവും കൂടുതൽ തകർന്നു പോകുന്നത്.


അന്ന് നിങ്ങള് അങ്ങനെ പറഞ്ഞപ്പോഴോന്നും അതോർത്തു ഞാൻ സങ്കടപ്പെട്ടിട്ടില്ല..

കാരണം ഒരു വിവാഹ ജീവിതം ആഗ്രഹിക്കാത്ത എനിക്ക് അങ്ങനൊരു ഭാഗ്യം ഉണ്ടായിട്ട് തന്നെ എന്ത് കാര്യം..

പക്ഷെ...

നിങ്ങളുമൊത്തൊരു ജീവിതം തുടങ്ങി വന്നപ്പോൾ..എവിടൊക്കെയോ നിങ്ങളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ അറിയാതെ ഞാനും കൊതിച്ചു പോയിരുന്നു.."

എന്ന് പറഞ്ഞു കൊണ്ടു ഹാദി ജാസിമിന്റെ ഷർട്ടിൽ അള്ളി പിടിച്ചു കൊണ്ടു എന്തെന്ന് ഇല്ലാതെ കരയാൻ തുടങ്ങി..

കരയുന്നതിന്റെ ഇടയിൽ വേറെന്തൊക്കെയോ പറഞ്ഞു കൊണ്ടു  അവൾ അവനെ പിച്ചുകയും മാന്തുകയുമൊക്കെ ചെയ്യുന്നുണ്ട്..

അതൊന്നും വക വെക്കാതെ ജാസിം അവളുടെ അരയിലൂടെ വട്ടം ചുറ്റി പിടിച്ചു കൊണ്ടു അവന്റെ നെഞ്ചിലേക്ക് ചേർത്ത് ഇരുത്തി..

"നിന്നെ  സ്വന്തമാക്കാൻ വേണ്ടി ആയിരുന്നില്ലേ ഹാദി..

ഇനിയെന്തിനാ കരയണെ..ഏതൊരു പെണ്ണും കൊതിക്കയും  ആഗ്രഹിക്കയും ചെയ്യുന്ന ആ മഹാഭാഗ്യം എന്റെ പെണ്ണിനുമുണ്ട്..

ദേ..കരഞ്ഞു ക്ഷീണിച്ചു ന്റെ കുഞ്ഞാവയ്ക്ക് വല്ലതും  വരുത്തി വെച്ചാൽ ഉണ്ടല്ലോ.."


 " അതിനു നിങ്ങൾക്ക് എന്താ ഇത്ര ഉറപ്പ്..ഞാൻ പ്രെഗ്നന്റ് ആണെന്ന്.. "

"എനിക്ക് അല്ലാതെ പിന്നെ ആർക്കാ ടീ ഉറപ്പ് വേണ്ടത്.. "

"ദേ..വല്ലാണ്ട് അങ്ങ് സംസാരിക്കാൻ നിക്കല്ലേ.. 

ഞാൻ അറിയാതെ എന്റെ വയറ്റത്ത് ഓരോന്ന് ഉണ്ടാക്കി തന്നതും പോരാ.. 

ഇപ്പൊ എന്നോട് ദേഷ്യപ്പെടാനും വരുന്നോ.. "

"അപ്പോ അതാണ് നിന്റെ പ്രശ്നം.. 

ഇപ്പൊ തത്കാലത്തേക്ക് നീയിതു വെച്ച് അഡ്ജസ്റ്റ് ചെയ്..

അടുത്ത തവണ നിന്റെ അറിവും സമ്മതത്തോടെയും കൂടെ തന്നെ തരാട്ടൊ.."

എന്ന് പറഞ്ഞു കൊണ്ടു ജാസിം അവളുടെ വയറിനു ചെറുതായ് ഒന്ന് നുള്ളി..

"ചീ..പോടാ വൃത്തികെട്ടവനെ.."

എന്ന് പറഞ്ഞു കൊണ്ടു  ഹാദി അവന്റെ നെഞ്ചിൽ കുത്തി  പിന്നോട്ട് തള്ളിയതും അതേ ശക്തിയിൽ തന്നെ അവനവളെ  നെഞ്ചിലേക്ക് വലിച്ചു ചേർത്തു..

" ഇക്കാ..അപ്പോ ഇതാണോ നിക്കാഹിനു ശേഷം കാണിച്ചു തരാമെന്ന് പറഞ്ഞത്.."

അവന്റെ നെഞ്ചിൽ കളം വരച്ചു ഒരു കുസൃതി ചിരിയാലെ അവൾ ചോദിച്ചു.

"എന്തേയ്..നിനക്ക് ഇതൊന്നും പോരെ..ഇനിയും വേണോടീ.."

"അള്ളോഹ്..വേണ്ടായേ.."

എന്നും പറഞ്ഞു കൊണ്ടു ഹാദി ഒന്നൂടെ ജാസിമിന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു..

അവൾക്ക്  വേണ്ടി ആ നെഞ്ചിൽ പടുത്തുയർത്തിയ സ്നേഹം സ്വീകരിക്കാൻ..അവളോടുള്ള അവന്റെ അടങ്ങാത്ത പ്രണയം നുകരാൻ..

 അവളുടെ  ഉള്ളിൽ കരുതി വെച്ചിരിക്കുന്ന മുഴുവൻ സ്നേഹവും ജീവന്റെ പാതിയായ അവനു നൽകാൻ..

അവർ കാത്തിരിക്കുന്നു..ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ അവരുടെ സന്തോഷ ജീവിതത്തിലേക്ക് ഇനിയും സന്തോഷം പകരാൻ വരുന്ന ഒരു കൊച്ചു സുന്ദരനു വേണ്ടി..അല്ലെങ്കിൽ ഒരു കൊച്ചു സുന്ദരിക്ക് വേണ്ടി..


ശുഭം.. 
Next Post Previous Post
1 Comments
  • Unknown
    Unknown Friday, April 10, 2020 at 7:49:00 PM GMT+5:30

    Shamseena firozinte novelsinte PDF illee??

Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All