എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

സെഹ്‌റയാൻ | Sehrayaan Novel full part | Shamseena

സെഹ്‌റയാൻ ഫുൾ പാർട്


Sehrayaan novel full part, vipinpkd


💞  സെഹ്റയാൻ...💞   

full part      

 ✍️✍️SHAMSEENA FIROZ   


    ꧁༺ vipinpkd ༻꧂              


മൈലാഞ്ചി രാവിന്റെ  തിരക്കുകൾക്കിടയിൽ ഒന്ന് നെടു വീർപ്പിടാൻ പോലും ആകാതെ ഓടി നടക്കുമ്പോഴാണ്  അനിയത്തി റാഹില എന്ന കുഞ്ഞി പാത്തു റൈനുക്കാന്നും  വിളിച്ചോണ്ട് എന്റെ അരികിലേക്ക് ഓടി വരുന്നത്.. കിതച്ചു കൊണ്ടുള്ള അവളുടെ വരവ് കണ്ടപ്പോൾ തന്നെ കാര്യമായി എന്തോ ഉണ്ടെന്ന് തോന്നിയെങ്കിലും മുന്നിൽ വന്നു ഒരനക്കവുമില്ലാതെ എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഒന്ന് പൊട്ടിക്കാനാണ് എനിക്ക് തോന്നിയത്..

തോന്നിയത് മാത്രമല്ലാ..ആ ദേഷ്യം വാക്കുകളിലൂടെ അവൾക്ക് നേരെ തൊടുത്ത് വിടുന്നതിനു മുന്നേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..

ഇതിപ്പോ നാളെ എന്റേതല്ലേ നിക്കാഹ്..അതോ ഇവളുടെതാണോ റബ്ബേ..ഇപ്പൊ ഇവിടെ നിന്നു ഇങ്ങനെ  മോങ്ങാൻ മാത്രം എന്താടി കുരുപ്പേ എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ പിടിച്ചു കുലുക്കിയപ്പോൾ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവളുടെ കൈ എന്റെ മുന്നിലേക്ക് നീട്ടി വെക്കുമ്പോൾ പാത്തുന്റ്റെ കൈകൾ മാത്രമല്ലാ ശരീരവും നന്നേ വിറക്കുന്നുണ്ടായിരുന്നു..

ഇങ്ങനെ കരയാൻ മാത്രം എന്താണെന്ന എന്റെ ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ  അവൾ  അവളുടെ കൈ  വെള്ളയിലേക്ക് തന്നെ നോട്ടം എറിഞ്ഞു കൊണ്ടിരുന്നു..

അന്നേരമാണ്‌ ഞാനത് ശ്രദ്ദിക്കുന്നത്.. കയ്യിൽ ചുരുട്ടി വെച്ചിരിക്കുന്നു ഒരു കടലാസ് കഷണം. ഞാനത് അവളുടെ കയ്യിൽ നിന്നും വാങ്ങിയതും പിന്നെ എന്നോട് ഒന്നും മിണ്ടാതെ അവള്  നിശബ്ദം വരാന്തയിലേക്ക് കയറിപ്പോയി.. 

അപ്പോഴും അത് എന്താണെന്നുള്ള അർത്ഥത്തിൽ ഞാനതിലേക്ക് തന്നെ നോക്കി നിന്നു..സംഭവം ആരുടെയോ കത്താണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ പിടി കിട്ടുന്നുണ്ട്.. അതിലെ ഫ്രം അഡ്രെസ്സ് കണ്ണിൽ തട്ടിയപ്പോൾ എന്റെ നെഞ്ചൊന്നു കാളി പോയി.. 

നഗരത്തിലെ പ്രമുഖ സിഎച് സെന്ററിൽ നിന്നുമാണ്‌ വന്നിരിക്കുന്നത്.. ആരാണാവോ അങ്ങനെ ഒരു ഇടത്ത് നിന്നും ഇപ്പൊ ഇവിടേക്ക് അതും എനിക്കായി ഇങ്ങനെ ഒന്ന് അയക്കാൻ എന്ന് കരുതി ഞാനത് പതിയെ വിടർത്തി നോക്കി.. 

അക്ഷരങ്ങളൊക്കെ ഏറെക്കുറെ മാഞ്ഞു പോയിട്ടുണ്ട്.. അതിനർത്ഥം പാത്തു അത്രമാത്രം കരഞ്ഞിട്ടുണ്ടെന്ന്.. അതും ഇത് വായിച്ച്.. 

വളരെ മനോഹരമായ കൈ പട കൊണ്ട് തുടങ്ങുന്ന ആ കത്തിലെ ഓരോ വരികളും ഞാൻ വായിച്ചു തുടങ്ങി..

*** പ്രിയപ്പെട്ട റയാന്...

നാളെ നിന്റെ നിക്കാഹ് ആണെന്ന് അറിഞ്ഞു.എന്റെ പ്രതീക്ഷ ശെരിയാണെങ്കിൽ  മൈലാഞ്ചി രാവിന്റെ നേരമാവും നിനക്ക് എന്റെ ഈ കത്ത് കയ്യിൽ കിട്ടുക..അതാണ് ധൈര്യം പൂർവ്വം നാളെ നിക്കാഹ് എന്ന് പറഞ്ഞത്..

നമ്മൾ രണ്ടു പേരും ഏറ്റവും കൊതിച്ച ദിനത്തിലേക്ക് നീ കാലെടുത്തു വെക്കാൻ പോകുകയാണ്..പക്ഷെ ഈ സന്തോഷ മുഹൂർത്തത്തിൽ  നിനക്ക് ഒപ്പം നിന്റെ നല്ല  പാതിയായി ചേരുന്നത് ഈ സെഹ്റ അല്ലെന്നു മാത്രം..

നമ്മൾ തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ആകുന്നു റയാൻ..ഇന്ന് നീ എങ്ങനെ ആണെന്നൊ എന്താണെന്നോ ഒന്നും എനിക്കറിഞ്ഞൂട.. പക്ഷെ ഞാൻ..ഒരുകാലത്തു നിന്റെ ജീവന്റെ  ജീവനായ ഈ സൈറ ഇന്ന് നീ പ്രതീക്ഷിക്കുന്നതിലും ഒത്തിരി വ്യത്യസ്തമായ അവസ്ഥയിലാണ്..

എന്തിനാണ് നിനക്ക് ഇപ്പോൾ ഇങ്ങനെ ഒരു എഴുത്തെന്ന് ചോദിച്ചാൽ ആ ചോദ്യത്തിനു എനിക്കൊരു മറുപടിയില്ല..പക്ഷെ ഒന്നുണ്ട് റയാൻ..ഒന്നേ ഒന്ന്..ഒരേ ഒരു കാര്യം ആവശ്യപ്പെടാൻ വേണ്ടി മാത്രമാണ്‌ ഇത്രയും കഷ്ടപ്പെട്ടു നിന്റെ പുതിയ അഡ്രസ്സും തിരഞ്ഞു പിടിച്ച് ഞാൻ ഈ എഴുത്ത് നിനക്കായ്‌ നൽകുന്നത്..

നമ്മൾ അവസാനമായി കണ്ടത് ഓർമ്മയുണ്ടോ നിനക്ക്..അന്നത്തെതു വെറുമൊരു കൂടി കാഴ്ചയോ എന്നത്തെ പോലെ ഒരു കണ്ടു മുട്ടലോ ആയിരുന്നില്ല.. 

എന്നെന്നേക്കുമായി തമ്മിൽ പിരിയാനുള്ളതായിരുന്നു അന്നാ വൈകുന്നേരം ലൈബ്രറിക്ക് മുന്നിൽ വെച്ച് ഉണ്ടായിരുന്ന കണ്ടു മുട്ടൽ..ഏറ്റു മുട്ടൽ എന്ന് പറയുന്നതാവും കൂടുതൽ ശെരി..

അന്ന് അവസാനമായി നീ എന്റെ മുഖത്തു നോക്കി പറഞ്ഞ വാക്കുകൾ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും എന്റെ കാതിൽ വലിയൊരു ഇടി മുഴക്കം പോലെ പ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്നു..

വെറുപ്പാണെന്ന്..എന്നെ വെറുത്തു പോയെന്ന്..എല്ലാ ആണിന് മുന്നിലും ഒരേ സ്വഭാവം കാണിക്കുന്ന ഇത്രയും വൃത്തികെട്ടവളാണ് സൈറ എന്ന് ഞാൻ അറിഞ്ഞില്ലെന്ന്..പുച്ഛമാണെന്ന്..എന്നോട് അറപ്പ് ആണെന്ന്..അനശ്വര പ്രണയത്തിനും ആത്മാർത്ഥ സ്നേഹത്തിനും പുല്ലു വില കല്പ്പിക്കുന്ന നിന്നെ പോലൊരു പെണ്ണിനെ ഇത്രയും നാൾ നെഞ്ചിലേറ്റി കൊണ്ട് നടന്നതിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാണെന്ന്..

പിരിയാം . ഇപ്പോൾ ഈ നിമിഷം മറക്കുവാണെന്ന്..സൈറ എന്നൊരുവളെ ഈ റയാൻ  പരിചയപ്പെട്ടിട്ട് പോലുമില്ലെന്ന്..ഇനി എന്റെ ഓർമയിൽ പോലും നീ ഉണ്ടാവില്ലെന്ന്..ഇനി അറിയാതെ പോലും എന്റെ  കണ്മുന്നിലേക്ക് പോലും വരാൻ പാടില്ലെന്ന്..സെഹ്റയാൻ ഇവിടെ അവസാനിക്കുന്നുവെന്ന്...

ഒക്കെയും ഓർമയുണ്ട് റയാൻ..എല്ലാം ഇന്നും ഈ സൈറയുടെ ഉള്ളിൽ ഒരു തീരാ നോവായി കിടപ്പുണ്ട്..മധുരമായ പ്രണയ നാളുകളും അതിന്റെയെല്ലാം ഒടുക്കം നീ എനിക്കായി സമ്മാനിച്ച പ്രണയ നൊമ്പരവും..സകലതും ഇന്നും എന്നെ ചുട്ടു നീറിക്കുകയാണ്..

റയാൻ..നീ നിന്റെ മനസ്സിൽ എനിക്കായി ചാർത്തിയിട്ടുള്ള പേര്..സൈറ വൃത്തികെട്ടവൾ ആണെന്ന്..വെറും ചീത്തയാണെന്ന്.. എല്ലാ ആണിനെയും ഒരുപോലെ വശീകരിക്കാൻ കഴിയുന്നവൾ ആണെന്ന്..നിന്റെ മനസ്സിലുള്ള തെറ്റിദ്ധാരണ തിരുത്തി എഴുതാനോ നീ പഴയത് പോലെ എന്നെ സ്നേഹിക്കണമെന്നോ അതല്ല നിന്റെ ജീവന്റെ പാതിയായി എന്നെ  സ്വീകരിക്കണമെന്നോ ഒന്നും ഞാൻ ആവശ്യപ്പെടില്ല. അതൊന്നും എനിക്ക് വേണ്ട..ഇനി എനിക്ക്  ഒന്നും തന്നെ വേണ്ട റയാൻ.. 

ഒരേ ഒരു വാക്ക്.. ഒരൊറ്റ തവണ നീ പറയാമോ എന്നെ വെറുത്തിട്ടില്ലെന്ന്.. സൈറയെ വെറുക്കാൻ റയാന്  ആവില്ലെന്ന്..എന്നെ ശപിക്കല്ലേ..ഞാനൊന്നും ചെയ്തിട്ടില്ല..നിന്നെ സ്നേഹിച്ചതും സ്വന്തമാക്കണമെന്നൊക്കെ ആഗ്രഹിച്ചത് സത്യമാണ്‌.. 

പക്ഷെ.. 

സാഹചര്യങ്ങൾക്ക് മുന്നിൽ ആഗ്രഹങ്ങൾക്ക് എന്താണല്ലേ ഒരു പ്രസക്തിയുള്ളത്.റബ്ബിന്റെ വിധി ഇങ്ങനെയാണ് റയാൻ..നാളെ നീ മറ്റൊരു ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ നേരം ഞാൻ മറ്റൊരു ലോകത്തേക്ക് പോവാൻ തയാർ എടുക്കുകയാണ്.കൂട്ടിനു ആരുമില്ലാതെ ഇരുണ്ട ആറടി മണ്ണിനുള്ളിലെ  ഖബറിലേക്ക് പോവാനുള്ള തയാറെടുപ്പിലാണ് ഞാനിന്ന്.. 

സന്തോഷം മാത്രമേയുള്ളൂ.. നീ നല്ലൊരു ജീവിതം തുടങ്ങുന്നത് അറിഞ്ഞു സന്തോഷവതിയാണ് ഞാൻ.. എന്റെ റയാൻ ഇന്നും ഹാപ്പി ആണല്ലോന്ന് ഓർക്കുമ്പോൾ തന്നെ എന്റെ മരണ വേദനയൊക്കെ അലിഞ്ഞു ഇല്ലാതാകുന്നുണ്ട്.. ഓ.. സോറി.. എന്റെ റയാൻ  അല്ലല്ലേ.. അത് വർഷങ്ങൾക്ക് മുന്നേ ആയിരുന്നു.. ഇപ്പോൾ നീ മറ്റൊരുവൾക്ക് സ്വന്തമാണ്‌.. എന്റെ മനസ്സിൽ  ആഴ്ന്നിറങ്ങിയത് പോലെ ഇന്ന് മറ്റൊരു പെണ്ണിന്റെ ഉള്ളിലും നീ  പതിഞ്ഞിരിക്കുന്നു..സന്തോഷം മാത്രം റയാൻ.. 

ഇങ്ങ് ദൂരെ നിന്നായാലും ഇത്രയും നാളത്തെ  എന്റെ പ്രാർത്ഥനകളിൽ നീ മാത്രമായിരുന്നു.കാണണം. ഒരു തവണ.. ഒരേ ഒരു വട്ടം.. അവസാനമായി എനിക്കൊന്നു കാണണം റയാൻ  നിന്നെ..എന്നോടുള്ള ദേഷ്യത്തിന്റെ പേരിൽ വരാതെ ഇരിക്കരുത്.. ഞാൻ മരണത്തിനെ പുൽകുന്നതിന് മുന്നേ.. നീ എന്നെന്നേക്കുമായി മറ്റൊരു പെണ്ണിന്റെ സ്വന്തമാവുന്നതിനു മുന്നേ ഒരു വട്ടം എനിക്ക് കാണണം റയാൻ.. 

ഇന്നും നിന്റെ മനസ്സിന്റെ കോണിൽ എവിടെ എങ്കിലും ഒരിത്തിരി സ്ഥാനം ഈ ഫ്രീക്കത്തി പെണ്ണിന് ഉണ്ടെങ്കിൽ നീ വരും..ഒപ്പം കുഞ്ഞി പാത്തുനെ കൂടെ കൂട്ടണെ റയാൻ.. ആ കാന്താരി പെണ്ണിനെ കാണാൻ കൊതി തോന്നുവാ.. 

വരികയാണെങ്കിൽ ഇതിന് പുറത്ത് അഡ്രെസ്സ് ഉണ്ട്..അതാണ് ഇപ്പോൾ കുറച്ച് വർഷങ്ങൾ ആയി ഈ സൈറയുടെ മേൽവിലാസം..****


അത്രയും വായിച്ചു കഴിയുമ്പോഴേക്കും കണ്ണിലെ   ചുടു നീർ കത്തിലെ ബാക്കി അക്ഷരങ്ങളെയും  മായ്ച്ചു കഴിഞ്ഞിരുന്നു.. 

എന്റെ നിക്കാഹിന് പങ്കെടുക്കാൻ വീട്ടിൽ കൂടിയിരിക്കുന്ന ബന്ധുക്കൾക്കും കൂട്ടുകാർക്കും മുന്നിൽ കണ്ണീർ അടക്കി നിർത്തി മുഖത്തൊരു ചെറു പുഞ്ചിരിയും വിടർത്തി അകത്തേക്ക് കയറിയ ഞാൻ തിരഞ്ഞത് കുഞ്ഞി പാത്തൂനെ ആയിരുന്നു.. 
  
കുട്ടികൾ എല്ലാവരും മൈലാഞ്ചി ഇടലും പാട്ടും ഡാൻസും ഓട്ടവുമൊക്കെ ആയി വീടിന്റെ അകവും പുറവും അടിച്ചു തകർക്കുമ്പോൾ പാത്തു അകത്തെ മുറിയിൽ ആരും കാണാതെ ഇരുന്നു തേങ്ങുകയാണ്.. 

എന്ത് പറഞ്ഞാണ് അവളെ സമാദാനപ്പെടുത്തേണ്ടത് എന്നറിയാതെ ഇരിക്കുമ്പോൾ എന്റെ അകവും പുറവുമൊക്കെ വേദന കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.. 

അവളുടെ തലയിലൂടെ പതിയെ തലോടിക്കൊണ്ട് സമാധാന വാക്കുകൾക്കായി ഞാൻ വിയർപ്പു മുട്ടുമ്പോൾ അവള് അങ്ങേയറ്റം ദേഷ്യത്തോടു കൂടെ എന്റെ കൈ തട്ടി മാറ്റി പൊട്ടി കരയാൻ തുടങ്ങി..  

സൈറയോട് ഞാൻ ചെയ്തത് തെറ്റാണോന്ന് എനിക്കറിയില്ല.. പക്ഷെ ഞാൻ ചെയ്ത പ്രവർത്തികൾ ഓരോന്നായി എന്റെ കുഞ്ഞു പെങ്ങൾ എടുത്തെടുത്തു പറയുമ്പോഴും അതിന്റെ ഇടയിൽ അവള് സൈറയെ കാണണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടായിരുന്നു..

ഒരുവിധം പാത്തുനെ പറഞ്ഞു ആശ്വസിപ്പിച്ചു.. നാളെ നേരം വെളുക്കുമ്പോൾ തന്നെ നമുക്ക് പുറപ്പെടാമെന്ന് വാക്ക് നൽകി ഞാൻ എന്റെ റൂമിലേക്ക്‌ കയറിപ്പോയി.. വാതിൽ ലോക്ക് ചെയ്തതും കട്ടിലിലേക്ക് കമിഴ്ന്നു വീണു ഒരൊറ്റ പൊട്ടിക്കരച്ചിലായിരുന്നു.. കയ്യിലുള്ള എന്റെ സൈറയുടെ എഴുത്ത് മാറോടു ചേർത്ത് പിടിക്കുന്തോറും കണ്ണീർ അണ പൊട്ടുകയാണ്.. 

സൈറ...അവള് ഇന്നും എന്നെ ഓർക്കുന്നുണ്ടൊ.ഉണ്ട്.. ഇല്ലെങ്കിൽ ഇങ്ങനെ ഒരു കത്ത് എനിക്കായി വരില്ലായിരുന്നു.. 

സെഹ്റാ മെഹിവിൻ..കോളേജ് കാലഘട്ടത്തിൽ ഈ റയാൻറ്റെ മനസ്സിൽ കയറി കൂടിയവൾ..കാണുമ്പോൾ തനി ഫ്രീക്കത്തി.ഡ്രസിങ്ങും നടത്തവും കൂട്ട് കെട്ടും അങ്ങനെ സർവതും പറയാൻ കൊള്ളാത്തതായിരുന്നു..

അന്ന് ഈ റയാൻ ഇങ്ങനേയല്ല..തനി നാടൻ.വെറും നാടനല്ല..വീട്ടിലെ കഷ്ടപ്പാടുകൾക്കിടയിൽ വളർന്നത് കൊണ്ട് കോളേജിൽ പഠനത്തിനല്ലാതെ ഞാൻ മറ്റൊന്നിനും പ്രാധാന്യം കൊടുത്തിരുന്നില്ല..ഒപ്പം എഴുത്തിനും.ആ സമയങ്ങളിൽ എനിക്ക് എഴുത്തിനോട് വല്ലാത്ത താല്പര്യമായിരുന്നു.കോളജ് മാഗസിനിലൊക്കെ മിക്ക വറൈറ്റിങ്സും എന്റേത് ആയിരിക്കും..

ഒരു സീനിയർ സ്റ്റുഡന്റ്റായിരുന്നിട്ടു പോലും ഞാൻ ഒരു തരത്തിലുമുള്ള കുരുത്തക്കേടിനു പോകില്ലായിരുന്നു.എന്തിനേറെ..പറയാൻ തക്ക വിധത്തിൽ ഒരു കൂട്ട് കെട്ടു പോലും ആ നാളുകളിൽ എനിക്ക് ഉണ്ടായിരുന്നില്ല..എന്റെ പഠനം.. എഴുത്ത്..ലൈബ്രറി..വായന.. ഇതു മാത്രം അടങ്ങുന്നതായിരുന്നു റയാൻറ്റെ കോളേജ് ലൈഫ്..

എന്റെ ജൂനിയർ ആയിരുന്ന സൈറയെ ഒരുപാടു തവണ ഞാൻ കോളേജിൽ കണ്ടു മുട്ടിയിരുന്നു.മിക്കതും സീനിയർസിനോടുള്ള പ്രശ്നങ്ങളിൽ ആവും..അല്ലെങ്കിൽ എന്നെ പോലെയുള്ള ആൺകുട്ടികൾക്ക് നേരെ കമെന്റ് അടിക്കുകയാവും അവളുടെയും ഗാങ്ന്റെയും പ്രധാന പരിവാടി..

അവളുടെ ആണിന്റെ കോലവും ആർത്തു വിളിക്കുന്ന ആ ശബ്‌ദത്തിനോടുമൊക്കെ എനിക്ക് വല്ലാത്തൊരു അരോചകത്വമായിരുന്നു.. കോളേജിൽ എവിടെ നോക്കിയാലും അവളാകും ചർച്ച വിഷയം.. 

കോളേജ് ദിനങ്ങൾ കടന്നു പോയി..

ലൈബ്രറിയിൽ ബുക്സ് എടുക്കാൻ ചെല്ലുമ്പോഴോക്കെ എന്നെപ്പോലെ അവിടുത്തെ സ്ഥിരം മെമ്പർ ആവും സൈറ..എന്നും അവളെന്നെ കാണുമ്പോൾ മുഖത്തൊരു പുഞ്ചിരി വിടർത്തുമെങ്കിലും ഞാൻ അവളുടെ പുട്ടി അടിച്ചു മിനുക്കിയ മുഖത്തേക്ക് നോക്കാറെയില്ലാ.. 

അങ്ങനെയുള്ള നാളുകളിൽ പെട്ടെന്നൊരു ദിവസമാണ്‌ കോളേജിൽ  തീ പോലെ ഒരു വാർത്ത പടർന്നു പിടിച്ചത്.. 

സൈറയ്ക്ക് ഈ റയാനോട് പ്രണയമാണെന്ന്.. 

കോളേജിലെ താരസുന്ദരിയും അതിലുപരി പണവും പ്രതാപവും കൊണ്ട് വിലസുന്ന അവൾക്ക് എന്നോട് പ്രേമമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിയതിന്റെ ഇരട്ടിയിൽ അവളുടെ തല തെറിച്ച ഗാങ്ങും സീനിയർ ബോയ്സുമാണ്‌ അന്ധാളിച്ചത്.. 

മറ്റൊന്നുമല്ല വിഷയം.. അവള് കോളേജിൽ വന്ന നാൾ തൊട്ടു അവൾക്ക് പിന്നാലെ നടക്കുന്നത് ഒരുത്തനൊന്നുമല്ലാ.. അനവധി മൊഞ്ചൻമാരും എന്തിനധികം ആരെയും പെട്ടെന്ന് വീഴ്ത്താൻ കഴിവുള്ള അവളുടെ വായാടിത്തരത്തിനു മുന്നിൽ ഡിപ്പാർട്മെന്റ്ലെ  പല അധ്യാപകൻമാരും അവളോടുള്ള പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്.. 

ഒടുക്കം ഞാൻ പ്രതീക്ഷിച്ചതു പോലെത്തന്നെ അവള് എന്നോട് വന്നു പ്രണയം തുറന്നു പറഞ്ഞു.. ആരോടും അധികം സംസാരിച്ചു താല്പര്യം ഇല്ലാത്ത ഞാൻ അവളോട്‌ കൂടുതലായി ഒന്നും സംസാരിക്കാൻ നിൽക്കാതെ താല്പര്യമില്ല എന്നൊരൊറ്റ വാക്ക് കൊണ്ട് അവളിൽ നിന്നും മുഖം തിരിച്ചു പോയി.. 

ആദ്യ കാരണം എനിക്കവളെ ഒട്ടും തന്നെ ഇഷ്ടമില്ലാത്തതായിരുന്നു.അവളുടെ സ്വഭാവരീതികൾ, പെരുമാറ്റം അങ്ങനെ ഒന്നും തന്നെ എനിക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെ ഒരു പ്രണയത്തിനും അടിമ പെടുന്നതായിരുന്നില്ല അന്നത്തെ എന്റെ  കഥാപാത്രം.. അതിൽ കൂടുതലായി എനിക്കും അവൾക്കും ഇടയിലുള്ള അന്തരം.. 

റയാൻ ഒന്നും ഇല്ലാത്തവനാണ്. കുടുംബ പ്രാരാബ്ദങ്ങൾക്ക് ഇടയിലും പഠിക്കണം നല്ലൊരു ജോലി വാങ്ങിക്കണം എന്നൊരു ലക്ഷ്യത്തോടു കൂടി ഇങ്ങോട്ടേക്കു വന്നവൻ..

പ്രണയം തുറന്നു പറഞ്ഞവളെ അന്ന് ഒറ്റ വാക്കിൽ തിരസ്കരിച്ചു..വീണ്ടും വീണ്ടും ഒരുപാട് തവണ സൈറ ഇതേ കാര്യം തന്നെ പറഞ്ഞ് കൊണ്ട് എന്റെ പിന്നാലെ നടന്നു.. അപ്പോഴൊക്കെ മൗനം മാത്രമായിരുന്നു എന്റെ മറുപടി.. 

ഞാൻ എത്രയൊക്കെ അവളെ ഒഴിവാക്കി നടന്നു എങ്കിലും ഒരു കാര്യവും ഉണ്ടായിരുന്നില്ല.. പ്രണയത്തിന്റെ പേരും പറഞ്ഞ് അവള് തുടരെ തുടരെ എന്നെ ശല്യം ചെയ്യാൻ മെനക്കെട്ടിറങ്ങിയിരുന്നു. 

ഇന്നത്തെ മിക്ക പെൺകുട്ടികളും അടിമ പെടുന്നത് ബുള്ളറ്റ്നോ അല്ലെങ്കിൽ ഒരു കട്ട താടി സൗന്ദര്യത്തിനോ മറ്റുമാണ്.. എന്നിട്ടും അവളെന്തു കൊണ്ട് എന്നെ പ്രണയിക്കുന്നു എന്ന ചോദ്യം എന്റെ മനസ്സിൽ ഉയർന്നു വന്നു.. പോരാത്തതിന് അവള് സാധരണ ഒരു പെൺകുട്ടിയുമല്ലാ.. 

അവളുടെ ശല്യം സഹിക്ക വയ്യാതെ വൈകുന്നേരം ലൈബ്രറിയിലേക്കുള്ള സന്ദർശനം അവസാനിപ്പിച്ചു..പിന്നെ ഒളിച്ചു നടക്കലായി എന്റെ പണി.. ഒരുദിവസം കോളേജ് ഗേറ്റ് കടക്കുമ്പോൾ അവളെന്നെ തടഞ്ഞു നിർത്തി.. ഇന്നെങ്കിലും എനിക്ക് വ്യക്തമായൊരു മറുപടി വേണം റയാൻ..ഈ മൗനത്തിനു എന്താണ് അർത്ഥമെന്നും എന്ത് തന്നെ ആയാലും അതിനെനിക്കൊരു വിശദീകരണവും വേണമെന്ന ആവശ്യത്തിനു മുന്നിൽ എനിക്കു നിയന്ത്രണം വിട്ടു കോളേജ് വാസികളുടെ മുന്നിൽ വെച്ച് അവളോട്‌ പൊട്ടി തെറിക്കേണ്ടി വന്നു.. അന്നാദ്യമായി റയാൻ ഉറക്കെ സംസാരിച്ചു.. എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ.. അതും എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനെ അപമാനിക്കാൻ വേണ്ടി. 

അവളെ ഞാൻ ഇഷ്ടമല്ല എന്നു പറഞ്ഞതിന്റെ ഒപ്പം തന്നെ പറഞ്ഞു സ്വഭാവമാണ്‌ ഇഷ്ടമല്ലാത്തതെന്ന്..ഒരു നിയന്ത്രണവും ഇല്ലാതെ ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നൊരു പെണ്ണിനെ എനിക്ക് ഇഷ്ടമല്ല എന്ന് തന്നെ പറഞ്ഞു.. 

അന്നേരം അവളുടെ എന്തിനും ഏതിനും പോന്ന ഫ്രണ്ട്‌സ് എന്റെ നേർക്ക്‌ ശബ്‌ദത്തോട് ഒപ്പം  കൈകളും ഉയർത്തിയപ്പോൾ അവള് തടഞ്ഞു.. 

"സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങിക്കാൻ കഴിയില്ല.. അത് മനസ്സിൽ തോന്നേണ്ടതാണ്.. റയാന് ഈ സെഹ്റയെ ഇഷ്ടമല്ല.. സാരല്യ.. പക്ഷെ സെഹ്റയ്ക്ക് ഇഷ്ടമാണ്‌.. ഒത്തിരി ഒത്തിരി ഇഷ്ടമാണ്‌.. ആ ഇഷ്ടത്തിനും പ്രണയത്തിനും എന്താണ് ഒരു മാനദണ്ഡം എന്ന് ചോദിച്ചാൽ എനിക്കറിയില്ല റയാൻ.. എങ്കിലും ഇഷ്ടമാണ്‌.. ഈ സൈറയുടെ മനസ്സിൽ ആദ്യമായി സ്ഥാനം നേടിയ പുരുഷൻ താനാണ്.. തനിക്ക് എന്നെ ഇഷ്ടമല്ലെന്ന് കരുതി എനിക്ക് മറക്കാനോ മനസ്സിൽ നിന്നും മായിച്ചു കളയാനോ ആവില്ല ഇയാളെ.. പിന്നെ താൻ പറഞ്ഞല്ലോ എന്റെ സ്വഭാവവും പെരുമാറ്റവുമൊക്കെയാണ് ഇഷ്ടക്കുറവിന് കാരണമെന്ന്.. 

പുറമെ കാണുന്നതിനോട് അല്ലടോ ഇഷ്ടവും  പ്രണയവും  തോന്നേണ്ടത്.മനസ്സിനോട് ആണ്.. സെഹ്റ കാത്തിരിക്കും റയാനു വേണ്ടി..എന്നെങ്കിലും എന്റെ പ്രണയം തിരിച്ച് അറിയുമെന്ന് കരുതുന്നു.."

അന്ന് ആദ്യമായി അവളുടെ കരി നീല മിഴികൾ നിറയുന്നത് ഞാൻ കണ്ടു..ഈറനണിഞ്ഞ മിഴികളും തുടച്ചു കൊണ്ട് അവളെന്റെ മുന്നിൽ നിന്നും നടന്നു നീങ്ങുമ്പോഴും അവളോട്‌   ചെയ്തതു തെറ്റാണോ ശെരി ആണോന്ന് അറിയാതെ ഞാൻ മൗനമായി നിന്നു.. 


ദിവസങ്ങൾ വീണ്ടും കടന്നു പോയി.. പിന്നീട് ഞാൻ സൈറയെ കൂടുതലായി കാണാറില്ല..വല്ലപ്പോഴുമൊക്കെ ലൈബ്രറിയിൽ വെച്ച് കാണും.. എന്നെ കാണുമ്പോൾ തന്നെ അവള് തലയും താഴ്ത്തി എന്റെ മുന്നിൽ നിന്നും അകന്നു മാറും.. അവളുടെ ആ പ്രവർത്തികളൊക്കെ കാണുമ്പോൾ എന്റെ മനസ്സിൽ കുറ്റബോധം ഉടലെടുക്കും ഞാൻ അന്നവളോട് ചെയ്തത് കൂടി പോയോന്ന്... 


കോളേജ് മാഗസിൻ ഇറങ്ങി..ഇപ്രാവശ്യം ഞാനൊന്നും രചിച്ചില്ലാ.. ഒന്നും തന്നെ എഴുതാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല.. സത്യം പറഞ്ഞാൽ സൈറ മനസ്സിൽ ഒരു നോവായി കിടക്കുന്നു..

ലൈബ്രറിയിൽ ചെന്നു മാഗസിൻ എടുത്തു പതിയെ താളുകൾ മറിച്ചു നോക്കി..

ആദ്യ പേജിൽ തന്നെ ഉണ്ടായിരുന്ന രചനയുടെ ശീർഷകം കണ്ണിൽ പതിഞ്ഞതും ഞാൻ ഇരുന്നിടത്തു നിന്നും ഞെട്ടിത്തരിച്ചു  എഴുന്നേറ്റു പോയി... 

💖സെഹ്റയാൻ💖

എന്ന് ഹെഡ് ലൈൻ വെച്ച് എഴുതി തുടങ്ങിയ ആ വരികൾ വായിച്ചു മുഴുവിപ്പിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്.. സൈറ എന്നെ  പോലെത്തന്നേ അക്ഷരങ്ങളെ പ്രണയിക്കുന്ന ഒരു വ്യക്തിയാണെന്ന്. ഒരു നല്ല എഴുത്തുകാരി ആണെന്ന്.. അവളുടെ ആ എഴുത്ത് വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്തത് പോലെ ആ നിൽപ്പിൽ തന്നെ ഞാൻ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു.. 

അനശ്വരമായ പ്രണയത്തേ കുറിച്ച്.. പ്രണയത്തിന്റെ പവിത്രതയേ കുറിച്ച്.. അതിലുപരി ഏതൊരു പ്രണയത്തിന്റെയും മാനദണ്ഡം സൗന്ദര്യമുള്ള മനസ്സാണ് അല്ലാതെ സൗന്ദര്യമുള്ള മുഖമോ  ശരീരമോ അല്ല  എന്ന വാചകവും അതാണ് റയാൻ എനിക്ക് നിന്നോട് ഉള്ളതെന്നുമുള്ള വരികൾ വായിച്ചു തീരുന്നതിന് മുന്നേ ഞാൻ സൈറയെ മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു.. 

അന്നേരം തന്നെ ആ മാഗസിൻ കയ്യിൽ പിടിച്ചോണ്ട് ഞാൻ ലൈബ്രറിയിൽ നിന്നും അവളുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി ഓടി.. പക്ഷെ അവളുടെ ക്ലാസ്സിൽ എന്നല്ലാ.. കോളേജ് മൊത്തത്തിൽ അരിച്ചു പെറുക്കിയിട്ടും എനിക്ക് സൈറയെ കണ്ടെത്താൻ ആയില്ല.. 

പിന്നീടുള്ള ദിവസങ്ങളിൽ അവള് പോലും അറിയാതെ ഞാൻ അവളെ അറിയുകയായിരുന്നു.. പുറമെ കാണുന്ന ഫ്രീക് ലുക്ക്‌മാത്രമേയുള്ളൂ.. മനശുദ്ധിയുള്ളവൾ ആണ് സൈറ എന്ന് തിരിച്ചറിയാൻ പിന്നീട്  എനിക്ക് കൂടുതൽ ദിവസങ്ങൾ വേണ്ടി വന്നില്ല.. 

പ്രണയം പറയാതെ മനസ്സിൽ കൊണ്ട് നടക്കാൻ വയ്യാതെ ആയപ്പോൾ അവളെ ഞാൻ അന്ന് അപമാനിച്ച അത്രയും വ്യക്തികളുടെ മുന്നിൽ വെച്ചു സകല ധൈര്യവും സംഭരിച്ചു കൊണ്ട് ഞാൻ അവളുടെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു.. 

സൈറയോട് എനിക്ക് പ്രണയമാണെന്ന്.. സൈറ റയാനുള്ളതാണെന്ന്.. ഇനിമുതൽ നമ്മൾ രണ്ടല്ല ഒന്നാണ്.. സെഹ്റയാൻ ആണെന്ന്.. 

അടക്കി പിടിച്ച കണ്ണീർ മുഖത്തെ പുഞ്ചിരിയായി മാറിയ നിമിഷം അവളെന്നെ കെട്ടിപിടിക്കുകയായിരുന്നു...


പിന്നീട് അങ്ങോട്ട്‌ നമ്മുടെ നാളുകളായിരുന്നു..

പ്രണയം.. പ്രണയത്തിന്റെ മാത്രം നാളുകൾ. റയാൻ മുഴുവനായി മാറുകയായിരുന്നു സൈറയ്ക്ക് വേണ്ടി.. അല്ല അവളെന്നെ മാറ്റി എടുക്കുകയായിരുന്നു.. ആരോടും കൂടുതൽ സംസാരിക്കാത്ത ഞാൻ എല്ലാവരോടുമായി അടുക്കാൻ തുടങ്ങി. അവളുടെ ഗാങ്ന്റ്റെ തന്നെ ഒരു ഭാഗമായി ഞാൻ മാറുകയായിരുന്നു..  എന്റെ സ്വഭാവ പെരുമാറ്റ രീതികൾക്കൊപ്പം തന്നെ എന്റെ ലുക്ക്‌ ആൻഡ് സ്റ്റൈൽ എന്തിനേറെ ഓർത്തഡോസ്‌ ആയ എന്റെ ചിന്താ രീതികൾ വരെ അവള് മാറ്റി എടുത്തിരുന്നു.. 

വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും ചീനി മരച്ചോട്ടിനടിയിൽ തിങ്ങി നിറഞ്ഞ നമ്മുടെ പ്രണയം ഫ്രണ്ട്‌സ്നു പുറമെ എന്റെ അനിയത്തി കുഞ്ഞി പാത്തുനു കൂടെ അറിയാമായിരുന്നു.. 

കുഞ്ഞി പാത്തു എന്നാൽ സൈറക്കും സൈറ എന്നാൽ കുഞ്ഞി പാത്തൂനും ജീവനായിരുന്നു.. ഉച്ചക്ക് ശേഷം ക്ലാസ്സ്‌ കട്ട് ചെയ്ത മിക്ക ദിവസങ്ങളിലും സൈറ എന്നോട് ആവശ്യപ്പെടും കുഞ്ഞി പാത്തൂനെ കാണാൻ ചെല്ലാം എന്ന്..കൂടെ കൂടെ  സ്കൂളിൽ പോയി അവളെ ചെന്ന് കാണുന്നത് സൈറക്കും പാത്തൂനും ഒരുപോലെ സന്തോഷമുള്ള കാര്യമായിരുന്നു.അവളെ കാണാൻ ചെല്ലുമ്പോൾ കൈ നിറയെ ചോക്ലേറ്റ്സ് വാങ്ങാനും സൈറ മറക്കാറില്ല.ഉപ്പച്ചി ഇല്ലാത്ത എന്റെ വീട്ടിലെ കഷ്ടപ്പാടുകളും പ്രാരാബ്ദങ്ങളും കുഞ്ഞി പാത്തു മുഖേന സൈറ അറിഞ്ഞ നേരം ഞാൻ സങ്കടം കൊണ്ട് അവളിൽ നിന്നും മുഖം വെട്ടിച്ചു നടന്നു..

അങ്ങനെയുള്ള വേളകളിൽ എന്റെ പിന്നാലെ ഓടി വന്നു അവള് പറയും എനിക്ക് ഉള്ളതെല്ലാം റയാന്  ഉള്ളതാണെന്ന്..മറ്റൊരു സൗഭാഗ്യവും വേണ്ട.. അവസാന നിമിഷം വരെ ദേ ഇതുപോലെ  എന്നോട് ഒപ്പം  ചേർന്ന് ഉണ്ടായാൽ  മതി എന്ന്.. പ്രാണൻ നിലക്കുന്ന നേരവും എനിക്ക് നിന്റെ പ്രണയം കൊണ്ട് വീർപ്പു മുട്ടണമെന്ന്..ഈ ജന്മത്തിൽ അങ്ങനെയൊരു ഭാഗ്യം മാത്രമേ എനിക്ക് വേണ്ടു റയാൻ.. 

കോളേജ് ആർട്സ് ഡേയുടെ അന്ന് രാവിലെ മുതൽ ഞാൻ അവളെ തിരഞ്ഞു നടക്കുകയായിരുന്നു..എന്തൊക്കെ വല്ലായ്മ ഉണ്ടെങ്കിലും ലീവ് എടുക്കാത്ത പെണ്ണാണ്.. പ്രത്യേകിച്ച് ഇങ്ങനെ അടിച്ചു പൊളി ദിവസങ്ങളിൽ.. അതും പോരാഞ്ഞു അവളുടെ പ്രോഗ്രാംസും ഉള്ളതാണ്..ഫ്രണ്ട്‌സ്നോട് മുഴുവൻ അവളെ അന്വേഷിച്ചു എങ്കിലും കാര്യമായ വിവരമൊന്നും ഉണ്ടായില്ല..കുറേ തവണ വിളിച്ചു നോക്കിയിട്ടും നോ റെസ്പോൺസ്..

ഉച്ച കഴിയുമ്പോൾ സദസ്സിൽ നിന്നും  ആരോ ഒരാൾ പറയുന്നത് കേട്ടു സൈറ ലൈബ്രറിയുടെ ഭാഗത്ത്‌ ഉണ്ടെന്ന്.. കൂടെ ഏതോ ഒരുത്തനും ഉണ്ടെന്ന്.. ഉച്ച മുതലെ അവർ അവിടെ നിന്നു കളിയാണ്.. രണ്ടു തവണ ഞാൻ ചെന്നു വിളിക്കുമ്പോൾ അവള് എന്നെ അവിടുന്ന് പറഞ്ഞയച്ചു.. ഞാൻ വന്നോളാമെന്ന് പറഞ്ഞു വീണ്ടും അവനോടു സംസാരിക്കാൻ തുടങ്ങി.. 

അത്രയും കേട്ടു തീരുന്നതിന് മുന്നേ ഞാൻ ഓടിയിരുന്നു ലൈബ്രറി ലക്ഷ്യമാക്കി..

കിതച്ചു കൊണ്ട് ലൈബ്രറിയുടെ അകത്തേക്ക് കയറി ചെന്ന എന്നെ കാത്തിരുന്നത് ഹൃദയം വിണ്ടു കീറാൻ പാകത്തിനുള്ളൊരു  കാഴ്ചയായിരുന്നു.. 

ആളനക്കമില്ലാത്ത ലൈബ്രറി മുറിയിൽ എന്റെ സൈറ മറ്റൊരുവനെ കെട്ടിപ്പിടിച്ചു നിൽക്കുന്നു..ഇന്നുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഏതോ ഒരുത്തന്റെ നെഞ്ചിൽ മുഖം അമർത്തി ചേർന്ന് നിൽക്കുന്നു.. 

സകല ശക്തിയും എടുത്തു ഞാൻ സൈറ എന്ന് വിളിച്ചു അലറുമ്പോഴേക്കും ലൈബ്രറിക്ക് മുന്നിൽ സ്റ്റുഡന്റസ് തടിച്ചു കൂടിയിരുന്നു.. 

എന്നെ കണ്ടതും അവളൊരു ചെറു ഞെട്ടലോടെ അവനിൽ നിന്നും അകന്നു മാറി.. സൈറാ.. നീ എന്താ ഇവിടെ നിൽക്കുന്നത്.. ആരാ ഇവൻ..എന്താ നിനക്ക് ഇവിടെ ഇവനുമായി എന്ന് ഒറ്റ ശ്വാസത്തിൽ ഞാൻ ചോദിച്ചു തീരുമ്പോഴും അവളുടെ ഭാഗത്തുന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.. ഞാൻ വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ റയാൻ എന്ന് വിളിച്ചോണ്ട് ഒരു പൊട്ടി കരച്ചിലിന് തുടക്കം കുറിച്ചതു പോലെ അവളെന്നിലേക്ക് ഓടി അടുത്തു.. 

അന്നേരം സർവ നിയന്ത്രണങ്ങളും വിട്ടു ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചു തള്ളി അത്രയും ആൾ കൂട്ടത്തിനു മുന്നിൽ വെച്ച് വീണ്ടുമൊരിക്കൽ കൂടെ ഞാൻ  അവൾക്ക് നേരെ ശബ്‌ദം ഉയർത്തി.. 

പ്രാണൻ കൊടുത്തു ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് എന്നെ വഞ്ചിച്ചുവെന്ന ധാരണ അപ്പോഴേക്കും എന്റെ ഉള്ളിൽ കയറി കൂടി.. ധാരണ മാത്രമല്ല..സ്വന്തം കണ്മുന്നിൽ കണ്ടതും അതാണല്ലോ.. 

വെറുത്ത് പോയി ആ നിമിഷം അവളെ.. അറപ്പ് തോന്നിപ്പോയി.. അവളെക്കുറിച്ച് ആദ്യ നാളുകളിൽ എനിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ആയിരുന്നു ശെരി എന്ന് ഞാൻ വിളിച്ചു പറഞ്ഞു.. 

സൈറയോട്  വെറുപ്പ് ആണെന്നും ഇനിമുതൽ സെഹ്റയാൻ ഇല്ലാ.. ഒന്നല്ല..രണ്ടാണ്.. ഈ നിമിഷം മുതൽ നമ്മള് രണ്ടും രണ്ടായി സൈറ.. ഇനി എന്റെ കൺ വെട്ടത്തേക്ക് പോലും വന്നു പോകരുതെന്ന് പറഞ്ഞു ഞാൻ അവളുടെ മുന്നിൽ നിന്നും നടന്നകന്നു..

പിന്നീട് ഞാൻ കാര്യമായി കോളേജിൽ പോകാറില്ല. വീട്ടിൽ നിന്നായി റഫറൻസും പടുത്തവുമൊക്കെ.. സൈറ മനസ്സിൽ ഒരു വേദനയായി കിടക്കുന്നത് കൊണ്ടാണ് കോളജിലേക്ക് പോകാൻ കഴിയാതെ വന്നത്.. അവള് എന്നോട് ചെയ്തത് ആണോ അതോ ഞാൻ  അവളോട്‌  ചെയ്തത് ആണോ തെറ്റ് എന്ന് അറിയാതെ എന്റെ മനസ്സിൽ ചോദ്യ ശരങ്ങൾ ഉയർന്നു വന്നു.. 

വല്ലപ്പോഴുമൊക്കെ കോളേജിൽ പോയ നാളുകളിൽ ഞാൻ അവളറിയാതെ അവളെ അന്വേഷിച്ചു നടന്നു.. ഏറെക്കുറെയും അവളു ലീവ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്.. 

അന്ന് അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടപ്പോൾ പിടിച്ചു നിൽക്കാൻ പറ്റിയില്ല.. അതാണ് അവളോട്‌ കയർത്തത്..അന്നേരം ഞാൻ എന്നല്ലാ..ഏതൊരു കാമുകനായാലും അങ്ങനെ പെരുമാറുള്ളു..

പക്ഷെ..സൈറ..ഞാൻ അത്രയൊക്കെ ചോദിച്ചിട്ടും അന്നവൾ എന്നോട് ഒന്നും സംസാരിച്ചില്ല.. തെറ്റ് ആരുടേ ഭാഗത്ത്‌ ആണെന്ന് എനിക്കറിഞ്ഞൂട.. എങ്കിലും ഒരുതവണ പോലും അവളെന്നെയൊന്നു കാണാനോ സംസാരിക്കാനോ വന്നില്ല.. അപ്പോ ഈ റയാന് അവളുടെ മനസ്സിൽ അത്ര ചെറിയ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളു..

എന്തൊക്കെ ആയാലും ഒരു ന്യായികരണമെങ്കിലും ഞാൻ അവളുടെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിച്ചിരുന്നു..പക്ഷെ അവള് ഒരു വട്ടം പോലും എന്നോട് സംസാരിക്കാൻ വന്നതേയില്ല..എന്തിന്..ഞാൻ അവളെ നോക്കി ചെല്ലുമ്പോഴോക്കെ അവളെ എനിക്ക് കാണാൻ കിട്ടാറില്ല..

അതിന്റെയൊക്കെ അർത്ഥം സൈറയ്ക്ക് എന്നോട് ഉണ്ടായിരുന്നത് ആത്മാർത്ഥമായ പ്രണയം അല്ലന്നല്ലേ..അവൾക്ക് റയാൻ വെറുമൊരു ടൈം പാസ്സ് മാത്രമായിരുന്നു എന്നല്ലേ..

ഇന്നല്ലെങ്കിൽ നാളെ അവള് എന്റെ അടുത്തേക്ക് വരുമെന്ന് കരുതിയിരുന്ന എനിക്ക് തെറ്റി..ദിവസം ചെല്ലും തോറും എന്റെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി..സൈറയ്ക്കായുള്ള എന്റെ കാത്തിരിപ്പിനെ എന്റെ ഫ്രണ്ട്‌സും എന്തിനധികം അവളുടെ ഫ്രണ്ട്‌സും എന്നെ കളിയാക്കാൻ തുടങ്ങി..

അവളുടെ ഫ്രണ്ട്‌സ് തന്നെ അവളെ കുറ്റപ്പെടുത്താൻ തുടങ്ങി..സൈറയുടെ സ്വഭാവം എന്താണെന്ന് ഇന്നുവരെ ആർക്കും പിടി കിട്ടീട്ടില്ല എന്നുവരെ പറഞ്ഞു..നീ അവൾക്കൊരു വിഡ്ഢി ആയിരുന്നു റയാൻ എന്നു കൂടി അവരൊക്കെ പറയാതെ പറഞ്ഞു..എങ്കിലും അവള് എവിടെ ആണെന്ന് ആർക്കും അറിഞ്ഞതേയില്ലാ..

എന്നെ  വഞ്ചിച്ചു കടന്നു കളഞ്ഞവൾക്കായി നശിപ്പിക്കാൻ മാത്രം എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല..ജീവിതം മടുത്തു തുടങ്ങുമ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞ മുഖം വയ്യാതെ കിടക്കുന്ന ഉമ്മച്ചിടെയും എന്റെ പൊന്നനിയത്തി കുഞ്ഞി പാത്തൂന്റ്റെയും ആയിരുന്നു..റയാനെ വേണ്ടാത്തവളെ റയാനും വേണ്ടെന്ന് ഞാൻ ഉറപ്പിച്ചു..ഉമ്മച്ചിക്ക് നൽകിയ വാക്കിന്റെ വിലയിൽ കഴിവിന്റെ പരമാവധി പഠനത്തിൽ മാത്രം ശ്രദ്ധ ചെലുത്തി..എന്നെ പ്രതീക്ഷിച്ചു കഴിയുന്ന രണ്ടു ജീവിതങ്ങൾക്ക് വേണ്ടി മാത്രമായി പിന്നീടുള്ള എന്റെ ദിവസങ്ങൾ..

കാല ക്രമേണ സൈറയെ ഞാൻ മറന്നു..അങ്ങനെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്നുതന്നെ ഉറപ്പിച്ചു..

പഠിച്ചു നല്ല രീതിയിൽ തന്നെ.. വർഷങ്ങൾക്ക് ശേഷം പഠിച്ചിറങ്ങിയ കോളേജിൽ തന്നെ ലെക്ചെറായി ജോലി കരസ്ഥമാക്കി..

ഉമ്മച്ചിക്ക് ഉയർന്ന ചികിത്സ നൽകി..പാത്തൂന്റ്റെ പഠനം അവള് ആഗ്രഹിച്ച രീതിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോയി..രണ്ടാളുടെയും സന്തോഷം കാണാൻ വേണ്ടി പഴയ വീടും പറമ്പുമൊക്കെ വിറ്റു ടൗണിൽ വല്യൊരു വീട് തന്നെ വാങ്ങിച്ചു..അങ്ങനെ അത്യാവശ്യം ഒക്കെയും നേടി കഴിഞ്ഞപ്പോഴാണ് പൊന്നു മോന്റെ നിക്കാഹ് ആണ് ഇനി ഉമ്മച്ചിക്ക് കാണേണ്ടതെന്ന് ഉമ്മച്ചി...

അന്നേരം ഒരിക്കൽ കൂടെ സൈറയെ ഓർത്തു..വഞ്ചിച്ചു പോയവൾക്ക് വേണ്ടി കൂടുതൽ അന്വേഷണമൊന്നും നടത്തിയില്ല.
ഒരുപക്ഷെ അവള് എന്നേ എന്നെ മറന്നിട്ട് ഉണ്ടാവാം.
മറ്റൊരു ജീവിതം തുടങ്ങിയിട്ട് ഉണ്ടാവാം..

പിന്നീട് അങ്ങോട്ട്‌ ഉമ്മി എനിക്ക് വേണ്ടി പെണ്ണ് തിരച്ചിലായിരുന്നു.ഉമ്മിയെ എതിർക്കാതെ ഞാൻ ഒക്കെയും സമ്മതം മൂളി കൊടുക്കുമ്പോൾ പാത്തുന്റ്റെ മുഖത്ത്  എന്തോ ഒരു ദുഃഖം നിഴലിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..കാര്യം അന്വേഷിച്ചപ്പോൾ അവള് പറഞ്ഞത് കേട്ടു ഞാനൊന്നു വല്ലാതെ ആയിപോയി..

അവൾടെ ഇത്തയായി ഇവിടേക്ക് കയറി വരേണ്ടത് സൈറ ആണെന്ന്..സൈറത്തയല്ലാതെ മറ്റാരും ഇന്റെ കാക്കുന് വേണ്ടെന്ന്..മറ്റാരെയും എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു അവള് എന്നിൽ മുഖം പൂഴ്ത്തി കരയുമ്പോൾ എനിക്ക് മറുപടി ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല.


അവസാനം ഒരുവിധം അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കി.. അന്റെ കാക്കുനെ വേണ്ടാത്തവൾക്ക് വേണ്ടിയാണോ ഈ കാക്കു കാത്തിരിക്കേണ്ടത് എന്ന് ഞാൻ അവളോട്‌ ചോദിക്കുമ്പോൾ സൈറത്ത വരും കാക്കു ഉറപ്പായും സൈറത്ത ഇങ്ങൾക്ക് വേണ്ടി കാത്തിരിക്കയാവും എന്ന് ഒരുതരം വാശിയോടെ അവളെന്നോട് പറഞ്ഞെങ്കിലും എനിക്കെന്തോ അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല..

ഒരുപക്ഷെ ഒരു പുതിയ ജീവിതം ഞാൻ ആഗ്രഹിച്ചു പോയത് കൊണ്ടാവും..

ഉമ്മിയുടെ അന്വേഷണങ്ങൾക്ക് ഒടുവിൽ എന്ത് കൊണ്ടും സൈറയെക്കാൾ നല്ലൊരു പെണ്ണിനെ തന്നെ പടച്ചവൻ വിധിയേകി.. പണം കൊണ്ടും പ്രതാപം കൊണ്ടും മൊഞ്ചു കൊണ്ടും അങ്ങനെ സകലതു കൊണ്ടും സൈറയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന തെക്കേ പറമ്പിൽ ഉസ്മാൻ ഹാജിയുടെ ഒരേ ഒരു മകൾ  ഉസ്റത്തുൽ ഫെമീന എന്നവളെ ഞാൻ  എന്റെ നല്ല പാതിയായി സ്വീകരിക്കാൻ പൂർണ സമ്മതം നൽകി.. 

അപ്പോഴും പാത്തു പ്രതീക്ഷിയിലായിരുന്നു കാക്കുന്റ്റെ നിക്കാഹിനു മുന്നേ  ഒരു തവണ എങ്കിലും സൈറത്ത ഇങ്ങളെ കാണാൻ വരുമെന്ന്.. ഒന്നുല്ലേലും ഒരു ഫോൺ കാൾ എങ്കിലും ഉണ്ടാവുമെന്ന്. 

ആ പ്രതീക്ഷയുടെ ഫലമാണ്‌ ഇന്ന് വന്നിരിക്കുന്ന ഈ കത്ത്.. പാത്തു പറഞ്ഞത് ഒക്കെയും നേരാണ്.. സൈറ എന്നെ മറന്നിട്ടില്ല.. മറ്റൊരു ജീവിതം തുടങ്ങിയിട്ടില്ല.. ജീവൻ നഷ്ട്ടപ്പെടുമെന്നാകുമ്പോൾ മനപ്പൂർവം എന്നെ ഒഴിവാക്കിയതാണ്.. 

പടച്ചോനെ... നാളെ എന്റെ നിക്കാഹ്.. അങ്ങ് അവിടെ പ്രതീക്ഷയും സ്വപ്‌നങ്ങളും നെഞ്ചിലേറ്റി പുതു പെണ്ണായി ഇരിക്കുന്ന എന്റെ ഫെമി.. പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ ഉള്ളത് ഫെമി അല്ല.. സൈറയാണ്.. എന്റെ സൈറ.. 

കാണണം എനിക്കവളെ.. എനിക്ക് വേണം എന്റെ പെണ്ണിനെ.. ഇല്ല.. ഒരു മരണത്തിനും വിട്ട് കൊടുക്കില്ല ഞാൻ അവളെ.. ചെയ്തത് തെറ്റായി പോയി.. വല്യ തെറ്റാണ്.. സത്യാവസ്ത എന്താണെന്ന് പോലും അറിയാതെ വെറുത്ത് പോയതല്ലേ ഞാൻ അവളെ.. മറന്നില്ലേ ഞാൻ അവളെ.. ഒരിക്കലും അവളെ ഉപേക്ഷിക്കില്ല എന്നും മരണം വരെ പ്രണയിച്ചു കൂടെ ഉണ്ടാകുമെന്നും വാക്ക് കൊടുത്തിട്ട് ഞാൻ എന്താണ് അവളോട്‌ ചെയ്തത്. 


കേവലം ഒരു തെറ്റിദ്ധാരണയുടെ പേരിൽ തള്ളി കളഞ്ഞതല്ലേ ഞാൻ എൻറ്റെ സൈറയെ.. പടച്ചവൻ പോലും പൊറുക്കില്ല എന്നോട്.. 


നേരം ഒരു മണി ആയിരിക്കുന്നു. 
കണ്ണീർ തോരുന്നില്ല.. ഒന്ന് രാവിലെ ആയി കിട്ടാൻ റബ്ബിനോട് ദുആ മാത്രമാണ്‌.. നിക്കാഹ്ന്റ്റെ തലേന്ന് ഒരു പുതു ചെറുക്കനു ഉണ്ടാകുന്ന ഒരു സന്തോഷമോ മനോഹര സ്വപ്‌നങ്ങളോ അങ്ങനെ ഒന്നുമല്ല എന്റെ ഉള്ളിൽ.. 

സൈറ മാത്രമാണ്‌.. അവളെ കാണണം എന്ന ആഗ്രഹം മാത്രം.. ഒരായിരം ചിന്തകൾ കൊണ്ട് മനസ്സ് അസ്വസ്ഥമായപ്പോൾ ഞാൻ ഫോൺ എടുത്തു ഫെമിയെ വിളിച്ചു.. 

കാര്യങ്ങൾ ഒക്കെയും തുറന്നു പറഞ്ഞു ഞാനൊരു കൊച്ചു കുട്ടിയെ പോലെ ഫോണിലൂടെ അവൾക്ക് മുന്നിൽ വിതുമ്പി കരഞ്ഞു.. 

"നിങ്ങള് പോയി വരൂ ഇക്കാ.. കാണണം അവസാന നിമിഷമെങ്കിലും..തമ്മിൽ സംസാരിക്കണം.. പറയാൻ ബാക്കി വെച്ചത് മുഴുവനും മനസ്സ് തുറന്നു പറയണം.. 

ഇപ്പോൾ സൈറ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിങ്ങളെ കാണാൻ ആവും..ചെല്ലണം ഇക്ക അവളുടെ അടുത്തേക്ക്.. നിങ്ങളുടെ  നെഞ്ചോടു ചേർത്ത് നിർത്തി ആശ്വസിപ്പിക്കണം അവളെ..ഒരു മരണത്തിനും നിന്നെ വിട്ടു കൊടുക്കില്ലെടി പെണ്ണേ എന്ന് പറഞ്ഞു അവളുടെ കണ്ണുനീർ ഒപ്പിയെടുത്തു ഇറുകെ പുണരണം.."

സങ്കടങ്ങൾ  അലമുറയിട്ടടിക്കുന്ന മനസ്സിന് ശാന്തതയും ഒപ്പം ചെറു സന്തോഷവും നൽകിയതു ഫെമിയുടെ വാക്കുകൾ ആയിരുന്നു..

സൂര്യന്റെ വെളിച്ചം മണ്ണിലേക്ക് തട്ടുന്നതു വരെ കാത്തു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല..സുബ്ഹി കൊടുത്തപ്പോൾ തന്നെ പാത്തൂനെയും കൂട്ടി കത്തു വന്ന അഡ്രെസ്സും തിരഞ്ഞു വണ്ടി എടുത്തു..

മനം മടുപ്പിക്കുന്ന മരുന്നിന്റ്റെ ഗന്ധം മാത്രം തളം കെട്ടി നിൽക്കുന്ന പതിനെട്ടാം നമ്പർ റൂമിന്റെ അകത്തേക്ക് കയറിയതും എൻറ്റെ കണ്ണുകൾ സൈറയെ തിരയാൻ തുടങ്ങിയിരുന്നു.. 

കട്ടിലിൽ തളർന്നു കിടക്കുന്ന പെൺ കോലത്തിലേക്ക് നോട്ടം പതിയുന്നതിനു മുന്നേ അടുത്ത് നിൽക്കുന്ന പുരുഷനിലെക്കാണ് എന്റെ ശ്രദ്ധ പതിഞ്ഞത്. 


അന്ന് അവസാനമായി സൈറയോട് ഒപ്പം ഉണ്ടായിരുന്ന അതേ വ്യക്തി..ഞാൻ അയാളോട് വല്ലതും സംസാരിക്കാൻ തുടങ്ങുന്നതിനു മുന്നേ പാത്തു ഒരു ഏങ്ങലടിയോടെ സൈറത്താന്നും വിളിച്ചു കൊണ്ട് കട്ടിലിന്റെ അടുത്തേക്ക് ഓടിയിരുന്നു..അന്നേരമാണ്‌ ഞാൻ അവളിലേക്ക് നോട്ടം എറിഞ്ഞത്..

റബ്ബേ...സൈറ..ഇതെന്റെ ആ പഴയ ഫ്രീക്കത്തി പെണ്ണ് തന്നെയാണോ..അവളുടെ രൂപവും കോലവുമൊക്കെ കണ്ടു ഞാൻ ആ നിമിഷത്തിൽ മരവിച്ചു പോയി..

കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു.എല്ലുകൾ പുറം തള്ളിയിരിക്കുന്നു.തല ആകെ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു..ആകെ കൂടെ മെലിഞ്ഞു വികൃതമായിരിക്കുന്നു..

എന്നെയും പാത്തുനെയും കണ്ടതും അവളുടെ  വാടി ഉണങ്ങിയ മുഖത്ത് പത്തര മാറ്റിൻ തിളക്കമുള്ളൊരു പുഞ്ചിരി വിടർന്നു.ആ പുഞ്ചിരിക്കൊപ്പം തന്നെ ചുടു നീർ കവിളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു..

പതിയെ അവളുടെ ഓരം ചേർന്ന് ഇരിക്കുമ്പോൾ എന്റെ കണ്ണുകളും നാവും ഒരുപോലെ വറ്റിയിരുന്നു..എന്ത് പറയണമെന്നോ എന്ത് ചോദിക്കണമെന്നോ എങ്ങനെ തുടങ്ങണമെന്ന് പോലും എനിക്കറിയില്ലായിരുന്നു..

"സൈറ..."

വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു വിളി..ഇങ്ങനെ ഒന്ന് അവള് അത്രയും പ്രതീക്ഷിച്ചതു കൊണ്ടാവണം അടുത്ത സെക്കന്ററിൽ ഒരു മൂളലിനൊപ്പം റയാൻ എന്ന് വിളിച്ചു കൊണ്ട് അവള് മുഖം പൊത്തി വിതുമ്പിയത്..

"സൈറാ...ഞാൻ..എനിക്ക്..എനിക്കൊന്നും അറിയില്ലായിരുന്നെടി..അറിഞ്ഞിരുന്നുവെങ്കിൽ തനിച്ചാക്കില്ലായിരുന്നു ഇത്രയും നാള്..ഈ വേദന പേറി നടക്കാൻ നിന്നോട് ഒപ്പം ഞാനും ഉണ്ടായേനെ സൈറാ..

എന്തേയ് വിളിച്ചില്ല..എന്തേയ് ഒരുതവണ പോലും മുന്നിലേക്ക് വന്നില്ല..എന്തിനായിരുന്നു സൈറ എന്നോട് ഇങ്ങനെ..ഒക്കെയും പറയാമായിരുന്നില്ലേ..ഇത്രയും നാളുകൾ ഇങ്ങനെ മറഞ്ഞു നിൽക്കണമായിരുന്നോ..വയ്യെന്ന് അറിഞ്ഞിരുന്നെങ്കിൽ റയാൻ വരുമായിരുന്നല്ലോ..മനപ്പൂർവം ഒഴിഞ്ഞു മാറിയത് ആണല്ലേ..റബ്ബിന്റെ വിധിക്ക് മുന്നിൽ നീയെന്നെ തനിച്ചാക്കി അകന്നതാണല്ലേ..

ക്ഷമിക്കണം പെണ്ണേ..പൊറുക്കണം എന്നോട്..നിന്നെ അവിശ്വസിക്കാൻ പാടില്ലായിരുന്നു..മറക്കാൻ പാടില്ലായിരുന്നു..

എന്തൊക്കെയാണേലും ഞാൻ വരണമായിരുന്നു നിന്നെയും തേടി..ഒരു വിധിക്കും വിട്ടു കൊടുക്കാൻ പാടില്ലായിരുന്നു..

ഞാൻ..ഞാൻ ദുഷ്ടനാണ് സൈറ..നിന്റെ സ്നേഹത്തിന് ഞാനൊരു വിലയും കല്പിച്ചില്ല.നിന്റെ പ്രണയം ഖൽബ് തൊട്ടറിഞ്ഞതായിരുന്നിട്ടു പോലും ഞാൻ അതിനെ മനസ്സിലാക്കിയില്ലല്ലോ.


തെറ്റ് പറ്റി പോയെടി..മാപ്പ്..ഇത്രയും നാള് നീ എന്നെയും മനസ്സിൽ ഇട്ടു കൊണ്ട് ഇവിടെ ജീവിതത്തിനും മരണത്തിനുമിടയിൽ കിടക്കുമ്പോൾ ഞാൻ അവിടെ നിന്റെ ഓർമകളെ പോലും മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു മറ്റൊരുത്തിയെ പ്രതിഷ്ടിച്ചു കഴിഞ്ഞിരുന്നു..

തെറ്റല്ലേ സൈറ ഞാൻ ചെയ്തത്..ഞാൻ..എനിക്കറിഞ്ഞൂട..എനിക്ക് വേണം സൈറ നിന്നെ..വേണം നിന്നെ..വിട്ടു കൊടുക്കില്ല ഒരു വിധിക്കും ഞാൻ..

നിന്റെ ഈ അവസാന നിമിഷങ്ങളിൽ എങ്കിലും എനിക്ക് നിന്റെ ആ പഴയ പ്രിയതമനായി മാറണം..

ടാ..സൈറ ഇല്ലെങ്കിൽ പിന്നെ റയാൻ ഇല്ലാ..വീണ്ടും ഒന്നാവണം.സെഹ്റയാൻ ആവണം..പാതിയിൽ നഷ്ടപ്പെട്ട നമ്മുടെ പ്രണയം വീണ്ടും ജനിക്കണം...സൈറ...പറ്റില്ലെ നിനക്ക്..റയാൻറ്റെ പെണ്ണാവാൻ പറ്റില്ലേന്ന്...."


എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ എന്റെ കണ്ണുകളിൽ നിന്നും മല വെള്ളം കണക്കെ ചുടുനീർ പൊട്ടി ഒഴുകി തുടങ്ങിയിരുന്നു..

"റയാൻ.."

നേരിയ സ്വരത്തിൽ അവളുടെ വിളി കാതിൽ പതിയുന്നതിനു മുന്നേ അവളുടെ വരണ്ട് മെലിഞ്ഞ കൈ എന്റെ കവിളിലൂടെയുള്ള കണ്ണു നീർ തുള്ളികളെ മായിച്ചു കളഞ്ഞിരുന്നു..

"നീ ആഗ്രഹിച്ചതു പോലെത്തന്നെ നീയിപ്പോൾ ഒരു കോളേജ് അധ്യാപകൻ ആണല്ലേ..പഠന കാലഘട്ടത്തിൽ നിന്റെ ഏറ്റവും വലിയൊരു സ്വപ്നമായിരുന്നല്ലോ ഉമ്മച്ചി ആഗ്രഹിച്ചതു പോലെ ഒരു ജോലി നേടണമെന്ന്..എനിക്കറിയാമായിരുന്നു നീ ലക്ഷ്യ സ്ഥാനത്തു എത്തുമെന്ന്.. 

നീ അറിയാതെ എന്റെ പ്രാർത്ഥന എന്നും നിന്നോട് ഒപ്പം ഉണ്ടായിരുന്നു റയാൻ..

ഇന്ന് നിക്കാഹ് ആണല്ലേ..ഒരുപാട് ഒരുപാട് സന്തോഷമുണ്ട്..എങ്ങനെ നിന്റെ പെണ്ണ്..എന്നെപോലെ സുന്ദരിയാണോ.. 

ഓഹ്.. ഞാൻ മറന്നു റയാൻ...ഇപ്പോൾ സൈറ വെറും എല്ലും തോലുമാണെന്ന്.. 

ദേ നോക്കിയെ.. 

എന്റെ മുഖം ശ്രദ്ദിച്ചുവോ നീ.. നിനക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന എന്റെ ആ കരി നീല മിഴികൾ ഇന്നില്ല റയാൻ..നീ എന്നും പറയുമായിരുന്നല്ലോ ഈ ഫ്രീക്കത്തി പെണ്ണിന് ഇത്രയും നീളം കൂടി ഇട തൂർന്ന മുടിയിഴകൾ ഒട്ടും തന്നെ ചേരുന്നില്ല എന്ന്..എത്രയൊക്കെ മോഡേൺ ആയാലും അഴകാർന്ന  എന്റെ മുടിയെ  വെട്ടി മാറ്റി ഫാഷൻ ആവാൻ ഞാൻ തയാറല്ലായിരുന്നു.. എന്നിട്ടും നോക്കിയേ..ഇപ്പോൾ തല മാത്രമേയുള്ളൂ..ഒരു മുടി പോലും അവശേഷിക്കുന്നില്ല.. 

വാക്കുകളിലൂടെ  പരസ്പരം പ്രണയം കൈ മാറുമ്പോൾ മറ്റാരും കേൾക്കാതെ നീ പറയുമായിരുന്നില്ലേ പനിനീർ പൂവ് പോലും തോറ്റു പോകുന്ന എന്റെ  അധരങ്ങളിലെ  തേൻ  നുകരുന്ന വണ്ട് ആവണം നിനക്കെന്ന്. ഇന്നെവിടെ റയാൻ.. എവിടെ അതൊക്കെ.. വരണ്ട് ഉണങ്ങിയ ഈ ചുണ്ടുകളിൽ ഇന്ന് അസഹനീയമായ ഗന്ധമാണ്‌..ശരീരത്തിലേക്ക് ഒന്നു നോക്കിയാട്ടെ റയാൻ.. 

ഇനി ഈ ദേഹത്ത് വേദനിക്കാൻ ഒരിടവും ബാക്കിയില്ല..  

മരുന്നും മന്ത്രവും സൂചിയും കത്തിയുമായി ഇന്നീ ശരീരം വേദന അറിയാത്ത ഒരിടം പോലും ബാക്കിയില്ല..നാളുകളായി ഉറക്കം പോലും എന്നെ തലോടാറില്ല.. വേദന മാത്രം.. മനസ്സിനും ശരീരത്തിനും ഒരുപോലെ വേദന മാത്രം... 

മനഃപൂർവം വരാതെ ഇരുന്നതാണ്..നീ എന്നെ തെറ്റിദ്ധരിച്ചു എന്നറിഞ്ഞ ആ നിമിഷം മുതൽ സൈറ ഇല്ലാതായതാണ്.. അന്ന് എനിക്ക് ഒക്കെയും തുറന്നു പറയാമായിരുന്നു.. 
അന്ന് നീ എന്നോട് ഒപ്പം കണ്ട ഇവൻ എന്റെ കസിൻ ബ്രദർ ആണെന്നും  അന്ന് ഇവൻ കോളേജിലേക്ക് വന്നത് എന്റെ അസുഖ വിവരം  എന്നോട് തുറന്നു പറയാനുമായിരുന്നെന്ന്..അതിലുപരി ഇവൻ ഇന്നെന്റെ ചികിൽസിക്കുന്ന ഡോക്ടർ ആണ്. ഇടയ്ക്ക് ഇടെ എനിക്ക് ഉണ്ടാവുന്ന വല്ലായ്മക്ക് കാരണം തിരക്കാൻ വേണ്ടി ഞാനന്ന് ഒരിക്കൽ ഇവിടെ ചെക്ക് അപ്പിന് വന്നിരുന്നു.. എനിക്ക് നേരിയ തോതിൽ ഒരു സംശയം ഉണ്ടായിരുന്നു എനിക്ക് ഇങ്ങനെ വല്ലതും ആയിരിക്കുമെന്ന്.. റിസൾട്  എന്ത് തന്നെ ആയാലും ഉടനെ എന്നെ അറിയിക്കണമെന്ന എന്റെ നിർബന്ധ പ്രകാരമാണ്‌ അന്നിവൻ കോളേജിലേക്ക് വന്നത്.. മറ്റൊന്നിനും വേണ്ടിയല്ല അവിടേക്ക് വന്നത്.. കാര്യങ്ങൾ ഒക്കെയും നിന്നോട് തുറന്നു പറയണമെന്ന ലക്ഷ്യത്തോടെയാണ് ഇവൻ കോളേജിലേക്ക് തന്നെ വന്നത്.. 

പക്ഷെ അപ്പോഴേക്കും നീ കണ്ടത് മറ്റൊന്നായിരുന്നു.. അല്ല. 
മറ്റൊരു തരത്തിലായിരുന്നു.. വിവരം അറിഞ്ഞു ചങ്ക് പൊട്ടി ഞാൻ ഇവന്റെ നെഞ്ചിൽ അമർന്നു കരയുന്നതാണ് നീ കണ്ടത്.. 

അന്ന് നീ എനിക്ക് മുന്നിൽ നടത്തിയ പ്രകടനം.. എന്നെ മനസ്സിലാക്കുമെന്ന് കരുതിയ എനിക്കും ഇവനും ഒരുപോലെ തെറ്റ് പറ്റി..അന്ന് നീ അവിടുന്ന് ഇറങ്ങി പോകുമ്പോൾ എന്റെ ഹൃദയവും കൊണ്ടാണ് പോയത്.. ഒന്നല്ല. രണ്ടായിരുന്നു അന്നേരത്തെ വേദന..റയാൻ എനിക്കിനി വെറും ഓർമ്മകൾ മാത്രം..കാരണം ഞാൻ മരണത്തിനു കീഴ് പെടാൻ തയാറായി കഴിഞ്ഞിരുന്നു..

നിന്നെ ഓർത്തു ഞാൻ കരയുന്നത് കാണുമ്പോഴോക്കെ ഇവൻ എന്നോട് പറയുമായിരുന്നു  ഒക്കെയും നിന്നോട് തുറന്നു പറയാൻ..നിനക്ക് വയ്യെങ്കിൽ ഞാൻ തന്നെ പറയാം സൈറ..റയാനെ ഞാൻ പറഞ്ഞു മനസ്സിലാക്കാമെന്ന്..

ഞാനാണ് തടഞ്ഞത്..മനഃപൂർവം നിന്നിൽ നിന്നും അകന്നു മാറിയതാണ്..എനിക്കറിയാമായിരുന്നു എനിക്ക് വയ്യെന്ന് അറിഞ്ഞാൽ നീ എന്നെ ഉപേക്ഷിക്കാൻ തയാറാവില്ലെന്ന്..

നീ നിന്റെ സ്വപ്‌നങ്ങൾക്ക് ഒന്നും പിന്നീട് വില കൊടുക്കില്ലെന്ന്..എനിക്ക് വേണ്ടി നിന്റെ ജീവിതവും ഇല്ലാതാക്കുമെന്ന്..

ഒരിക്കലും നിന്നെ എന്റെ മുന്നിലേക്ക് വരുത്തണമെന്ന് ആഗ്രഹിച്ചതല്ല റയാൻ..എങ്കിലും വയ്യ..മനസ്സിൽ നീ മാത്രമാണ്‌..കണ്ണടച്ചാൽ തെളിയുന്നതു നിന്റെ രൂപം മാത്രമാണ്‌..മരണം എന്നെ പുൽകുന്നതിന് മുന്നേ  ഒരുതവണ നിന്നെ കാണണമെന്ന് തോന്നി.. നിന്റെ മനസ്സിൽ എന്നോടുള്ള ദേഷ്യവും  വെറുപ്പും മാറ്റണമെന്ന് തോന്നി.

മതി.. ഇത്രയും മതി.. ഇതുതന്നെ എനിക്ക് ധാരാളമാണ്‌.. ഇനി എനിക്ക് സന്തോഷത്തോടെ പോകാം..

പാത്തുമ്മാ..ഇയ്യ് നല്ലോണം പഠിക്കണുണ്ടല്ലോ.അല്ലെ..എന്താ അന്റെ ആഗ്രഹം.? ഡോക്ടർ ആവണം എന്നല്ലേ..ആവുട്ടൊ..കാക്കുന്റ്റെ പോലെ നല്ലോണം ഹാർഡ് വർക് ചെയ്താൽ അനക്കും അന്റെ സ്വപ്നം യാഥാർഥ്യമാക്കാം..ഇത്ത എന്നും മോൾക്ക്‌ വേണ്ടി റബ്ബിനോട് തേടാറുണ്ട്..

അള്ളോഹ്..നേരം വൈകുന്നു.റയാൻ..നിക്കാഹ് ആണ്..മറന്നോ നീയത്..എഴുന്നേറ്റെ.പെട്ടെന്ന് പോവാൻ നോക്ക്..അവിടെ നിനക്ക് വേണ്ടി എല്ലാവരും കാത്തിരിക്കയാവും..അവൾ..ഭാഗ്യവതിയാണ്..ചെന്നാട്ടേ..ഒരു പുതു ജീവിതത്തിനുള്ള സ്വപ്നങ്ങൾ നെയ്തെടുത്തു കാത്തു നിൽപ്പാവും അവളവിടെ...ഞാൻ..എനിക്ക്..എനിക്ക് കാണണം എന്ന്..അല്ല..നിക്കാഹിനു വരണം എന്ന് ഉ...."

വാക്കുകൾ മുഴുപ്പിക്കും മുന്നേ ഞെട്ടറ്റ താമര തണ്ട് പോലെ അവള് എന്നിലേക്ക്‌ തളർന്നു വീണു..

"സൈറാ....!!"

"മ്മ്..പറ റയാൻ..എനിക്ക് ഒന്നുല്ല..നീ വിഷമിക്കാതെ..ഇത് ഇടയ്ക്ക് ഒക്കെ പതിവുള്ളതാ..

കൂടുതൽ സംസാരിക്കാൻ പാടില്ല എന്ന് ഇവൻ കൂടെ കൂടെ പറയുന്നതാണ്..ആരോടും സംസാരിക്കാനും  വയ്യാറില്ല..

പക്ഷെ..

ഇന്ന് എന്താണാവോ..നാവിനു വല്ലാത്തൊരു ഉന്മേഷം.."

"സൈറാ..ഞാൻ..ഞാൻ പോവില്ല..എനിക്ക് വേണം നിന്നെ..റയാൻ സൈറക്കുള്ളതാണ്..ഞാൻ നിന്റേത് ആണ് സൈറാ.."

എന്ന് പറഞ്ഞോണ്ട് ഞാൻ അവള് കിടന്നിടത്തേക്ക് നീങ്ങി ഇരുന്നു അവളെ ഇറുകെ പുണർന്നു..

എന്റെ നെഞ്ചോടു ചേർന്ന് കിടക്കുന്ന  അവളുടെ നെറ്റിയിൽ  കണ്ണീരിൽ കുതിർന്നൊരു ചുംബനം അർപ്പിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല അവള് എന്റ്റെ നെഞ്ചിലേക്ക് പറ്റി  ചേർന്നതു മരണത്തിനെ പുൽകാൻ ആയിരുന്നുവെന്ന്.
ആ ചേർത്ത് പിടിക്കൽ  അവസാനത്തേതാണെന്ന്..

കുഞ്ഞി പാത്തുന്റ്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് നിശബ്ദം ഹോസ്പിറ്റലിലിന്റെ പടി ഇറങ്ങുമ്പോഴും എന്റെ മനസ് ശൂന്യമായിരുന്നു..ഒരു വിചാര വികാരങ്ങളും ഇല്ലാതെ മൂകനായ അവസ്ഥയിലും ശരീരത്തോട് ഒപ്പം മനസ്സിനെയും ഞാൻ ചലിപ്പിച്ചു വിട്ടു ഫെമിയുടെ അടുത്തേക്ക്..

എന്റെ സൈറയുടെ അവസാന ആഗ്രഹമെന്നോണം..
         



അവസാനിച്ചു.. 

꧁༺ vipinpkd ༻꧂


Don't forget to share with your friends..


Next Post Previous Post
No Comment
Add Comment
comment url

Can’t Find Your Favorite Posts in vipinpkd ? Here’s How to See Them All