❤ കിസ പാതിയിൽ ❤
🍁 Kisa Paathiyil 🍁
🍁കിസ
പാതിയിൽ 🍁
പാർട്ട് :-1
✍🏻Alone Walker
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
” ഈ ജന്മം എന്റെ കഴുത്തിൽ മെഹർ വീഴുന്നുണ്ടെങ്കിൽ അത് നിന്‍റെത് മാത്രം ആയിരിക്കും അമാൻ .മറ്റൊരാളുടെ പെണ്ണാകുന്നത് ചിന്തിക്കാൻ പോലും എന്നെ കൊണ്ട് കഴിയില്ല.ഇൗ ജന്മം തീരുന്നത് വരെ നിന്റെ പാതിയായി കഴിയണം എനിക്ക്.നിന്റെ മടിയിൽ കിടന്നു മരിക്കണം എനിക്ക്.നിന്റെ കണ്ണിലൂടെ ഇൗ ലോകം മുഴുവൻ കാണണം .”
ആർത്തലച്ച് പെയ്യുന്ന മഴയിൽ കുതിർന്നു പൊട്ടി കരഞ്ഞ് കൊണ്ട് തന്റെ നെഞ്ചോട് ഒട്ടി ചേർന്ന് നിൽക്കുന്ന അവളുടെ അരയിൽ ചുറ്റി പിടിച്ച് ആശ്വസിപ്പിക്കാൻ എന്നപോലെ അവൻ അവളുടെ തലയിൽ പതിയെ തഴുകി കൊണ്ടിരുന്നു.
പെട്ടെന്ന് സ്വബോധം വന്ന പോലെ ഞെട്ടി കൊണ്ട് അവൾ അവനെ നെഞ്ചില് പിടിച്ച് പിന്നിലേക്ക് ഉന്തി.പിന്നിലേക്ക് രണ്ട് ചുവട് വെച്ചു.
”ഇല്ല അമാൻ.നീ ചതിക്കുകയായിരുന്നു എന്നെ.സ്നേഹം നടിച്ച് വഞ്ചിക്കുകയായിരുന്നു എന്നെ.നിന്റെ സ്നേഹത്തിൽ വിശ്വസിച്ച് നിന്നെ ജീവനായി കണ്ട് സ്നേഹിച്ച എന്നെ നീ വിഡ്ഢി ആക്കുകയായിരുന്നു.നിനക്ക് വേണ്ടി എന്നെ ജീവന് തുല്യം സ്നേഹിച്ച എന്റെ മാതാപിതാക്കളെ പോലും വെറുപ്പിച്ച എന്നെ മണ്ടി ആക്കുകയായിരുന്നു നീ.”
അവന്റെ നേരെ ക്രോധയായി അലറി കൊണ്ട് പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒലിച്ച് കൊണ്ടിരുന്നു.അവളോട് തന്റെ മനസ്സ് തുറക്കുന്നതിന് മുന്നേ അവള് അവനിൽ നിന്ന് നടന്നകന്നിരുന്നു.നിറഞ്ഞ് ഒഴുകുന്ന മിഴികൾ പുറം കൈ കൊണ്ട് വാശിയോടെ തുടച്ച് നീക്കി നടന്നകലുന്ന അവളുടെ പിന്നാലെ ചെല്ലണം എന്നുണ്ടായിരുന്നെങ്കിൽ കൂടി ആരോ പിടിച്ച് വെച്ചത് പോലെ അവൻ അവിടെ നിന്നു.കണ്ണിൽ നിറഞ്ഞ് നിന്ന മിഴിനീർ കാരണം മുന്നിലെ കാഴ്ച മറഞ്ഞിരുന്നു.അവളുടെ വാക്കുകൾ കൂരമ്പുകളായി ഹൃദയത്തെ മുറിപ്പെടുത്തി കൊണ്ടിരുന്നപ്പോൾ അവൻ തളർന്നു തറയിലേക്ക് മുട്ട് കുത്തി.
പെട്ടെന്ന് എന്തോ ഒരു ശബ്ദം അവിടെ ഒന്നാകെ മുഴങ്ങിയതും ഞെട്ടി തരിച്ച അവൻ മുഖം ഉയർത്തി മുന്നിലേക്ക് നോക്കി.നിയന്ത്രണം വിട്ട കാർ ഒരു ലോറിയിൽ ഇടിച്ചതാണ്.മരത്തിൽ ഇടിച്ച് നിന്ന ലോറിയുടെ അരികിലേക്ക് എന്തോ ഒന്ന് വന്നു പതിച്ചതും ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റ് അവൻ അങ്ങോട്ട് കുതിച്ചു.തന്റെ നേരെ തുറിച്ച കണ്ണുകളും ആയി ചോരയിൽ കുളിച്ച് നിൽക്കുന്ന അവളെ കണ്ടതും പരിസരം മറന്നു അവൻ അലറി വിളിച്ചു.
ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്നു അവൻ അരികിൽ ഉള്ള സ്വിച്ചിൽ വിരൽ അമർത്തി.കാലങ്ങളായി തന്നെ വേട്ടയാടുന്ന സ്വപ്നം.ഒന്നാകാൻ ആഗ്രഹിച്ച് വിധിയെന്ന വേടന്റെ വിഷത്തിൽ ഊട്ടിയ അമ്പേറ്റ് അകലേണ്ടി വന്നവൾ.കണ്ണടച്ചാൽ കാണുന്നത് അവളുടെ ചോരയിൽ കുതിർന്ന മുഖമാണ്.
റൂമിലെ എസിയുടെ നേരിയ തണുപ്പിലും ധരിച്ചിരുന്ന ടീ ഷർട്ട് വിയർപ്പിൽ മുങ്ങിയിട്ടുണ്ട്.മുഖം അമർത്തി തുടച്ച് അരികിലെ ടേബിളിൽ വെച്ചിരുന്ന ഫോൺ എടുത്ത് നോക്കി.സമയം നാലര ആയതെ ഒള്ളു.ഉറക്കം നഷ്ടപ്പെട്ട ദിന രാത്രങ്ങളിൽ എഴുന്നേൽക്കാനും ഉറങ്ങാനും കൃത്യമായ സമയം ഇല്ലാതായിരിക്കുന്നു.തന്നോടുള്ള അഗാധമായ പ്രണയത്തിൽ ജീവൻ നഷ്ടപ്പെട്ടവൾ ഒരോർമ്മപ്പെടുതൽ എന്ന പോലെ സ്വപ്നത്തില് കടന്നു വരുമ്പോൾ എങ്ങനെയാണ് മനസ്സമാധാനത്തോടെ ഉറങ്ങുക.
ഇല്ല.ഒരിക്കലും അവള് തന്നെ വിട്ടു പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.അവളുടെ പ്രസൻസ് പലപ്പോഴും തനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇൗ ലോകത്ത് എനിക്ക് വേണ്ടി എവിടെയോ അവൾ കാത്ത് നിൽക്കുന്നുണ്ട്.അവളെ മറക്കാതിരിക്കാൻ വേണ്ടി ആയിരിക്കും ചിലപ്പോ എന്നും സ്വപ്നത്തില് ഒരു ഓർമപ്പെടുത്തലായി വരുന്നത്.ഇൗ ലോകത്തിന്റെ ഏത് കോണിൽ ഒളിച്ചാലും നിനക്ക് വേണ്ടി ഞാൻ വരും.ഇനി ഒരാൾക്കും നിന്നെ വിട്ടു കൊടുക്കാൻ കഴിയില്ല എനിക്ക്.
കുറച്ചകലെയുള്ള പള്ളിയിൽ നിന്ന് സുബ്ഹ് ബാങ്കിന്റെ അലയൊലികൾ കർണപുടങ്ങളിൽ തഴുകിയപ്പോൾ ദേഹത്ത് നിന്ന് പുതപ്പ് മാറ്റി എഴുന്നേറ്റ് ബാത്റൂമിൽ കയറി ഫ്രഷ് ആയി വന്നു.നിസ്കാരം കഴിഞ്ഞ് ജോഗിങ്ങിനായി ട്രാക്ക്സ്യൂട്ട് ധരിച്ച് കൊണ്ട് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
ഇൗ നാട്ടിലേക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടെങ്കിൽ അതെന്റെ പെണ്ണിനെയും കൂട്ടി ആണെന്ന് ഉറപ്പിച്ചത് ആയിരുന്നു.അവൾക്കായി വീട് വിട്ട് ഇറങ്ങിയിട്ട് ഇപ്പൊ നാല് വർഷം കഴിഞ്ഞു.തനിക്കായി കാത്തിരിക്കുന്ന മാതാപിതാക്കളുടെ കണ്ണീരും പരിഭവവും കാണഞ്ഞിട്ടല്ല.അവരെ അഭിമുഖീകരിക്കേണ്ടി വരുന്ന ഓരോ നിമിഷവും അവളുടെ നിറഞ്ഞ കണ്ണുകൾ മാത്രമേ മനസ്സിൽ വരുന്നുള്ളൂ.
തന്റെ നന്മ മാത്രമേ അവർ ആഗ്രഹിച്ചിട്ടുള്ളു.പക്ഷേ എല്ലാം നേടിയപ്പോൾ വൈകിപ്പോയി.കൂടെ കൂട്ടാൻ അവള് കാലു പിടിച്ചു പറഞ്ഞിട്ടും കേട്ടില്ല.ഇന്നിപ്പോ ഈ ഭൂമുഖത്ത് അവള് ജീവിച്ചിരിക്കുന്നോ മരിച്ചു പോയോ എന്നറിയാതെ ഒരു ഭ്രാന്തനെ പോലെ അലയുന്നു.
വർക്ഔട്ട് കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോ തന്നെ കണ്ടു ടേബിളിൽ വെച്ച അപ്പോയിന്റ്മെന്റ് ലെറ്റർ.ഒരു കാലത്ത് പ്രണയത്താൽ തരളിതമായ മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച കലാലയത്തിലേക്ക് അധ്യാപകൻ ആയി ചെല്ലുന്നു.അവിടെ ഓരോ മൺ തരിക്കും അറിയുമായിരിക്കും തന്റെ പ്രണയത്തിന്റെ കഥകൾ.പാതിയിൽ മുറിഞ്ഞ് പോയ നൊമ്പരമേറുന്ന പ്രണയത്തിന്റെ കിസ.ഒരിക്കലും കഴിയില്ലായിരുന്നു ഈ ജോലി ഏറ്റെടുക്കാൻ.പക്ഷേ മനസ്സിൽ ഒരു തോന്നൽ.ഞാൻ തെടുന്നവൾ അവിടെ ഉണ്ടെന്ന്.തനിക്കായി കാത്ത് നിൽക്കുന്നുവെന്ന്.ഏതോ ഒരു തോന്നലിൽ ഏറ്റെടുത്താണ് ഇൗ ദൗത്യം.നാല് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ ഷെസിൻ തിരികെ വന്നത് സ്വന്തം മാതാപിതാക്കൾ പോലും അറിഞ്ഞിട്ടില്ല.തൽക്കാലം അറിയിക്കാൻ വയ്യ.താൻ എത്തിയത് അറിഞ്ഞാൽ തേടി പിടിച്ച് അവർ വരും എന്ന് ഉറപ്പാണ്.അവരുടെ കണ്ണീരിനു മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയില്ല.കൂടെ പോകേണ്ടി വരും.അതിന് വയ്യ.താൻ ലോകത്തിന്റെ ഏതോ കോണിൽ തന്റെ പ്രണയ സായൂജ്യത്തിന് വേണ്ടി ജീവിക്കുന്നു എന്ന് അവർ വിശ്വസിച്ചോട്ടെ.
കയ്യിലെ ലെറ്ററിൽ ഒന്ന് തഴുകി കൊണ്ട് അവൻ ടേബിളിൽ തന്നെ വെച്ച് ബാത്ത്റൂമിൽ കയറി.ഫ്രഷ് ആയി വന്ന് കാറിന്റെ കീയും എടുത്ത് ഫ്ലാറ്റ് പൂട്ടി അവൻ താഴേക്ക് ചെന്നു.കയ്യിലെ ചെറിയ ബാഗ് പിൻ സീറ്റിൽ ഇട്ടു കോളേജ് ലക്ഷ്യമായി വണ്ടി കുതിച്ചു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
”മതിയാക്കി പോകാൻ നോക്ക് മോളെ.ഇനി എനിക്ക് ചെയ്യാവുന്ന ജോലിയെ ഒള്ളു.ഇനി നീ ഇവിടെ ഓടി പാഞ്ഞ് ജോലിയും ചെയ്തു നടന്നാൽ ഉപ്പ എന്നെ ആകും വഴക്ക് പറയല്.രാവിലെ തുടങ്ങിയത് അല്ലെ നീ.വേഗം ഫ്രഷ് ആയി കോളജിൽ പോകാൻ നോക്ക്.ഇന്നെങ്കിലും നേരത്തെ പൊയ്ക്കോ.എന്തോ ക്ലാസ് ടെസ്റ്റ് ഉണ്ടെന്നു പറഞ്ഞതല്ലേ നീ.?”
ബ്രേക്ക് ഫാസ്റ്റിനുള്ള പത്തിരി മറിച്ച് ഇട്ട് അടുത്ത് തുറന്നു വെച്ച ബുക്കിൽ ഓരോ വരിയും ശ്രദ്ധാപൂർവ്വം കണ്ണോടിച്ച് നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്ന് ശബ്ദം കേട്ടത്.ബുക്കിൽ നിന്ന് കണ്ണെടുത്ത് അവള് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
"ഇത് കഴിഞ്ഞു ഉമ്മാ.ഇതും കൂടി ഒള്ളു.ബാക്കി എല്ലാ പണിയും കഴിഞ്ഞിട്ടുണ്ട്.”
”എന്തിനാ മോളേ ഇങ്ങനെ കഷ്ടപ്പെടുന്നത്?ഇതൊക്കെ ചെയ്തില്ലെങ്കിലും മോളോട് ഞങ്ങൾക്ക് ഒരു വെറുപ്പും തോന്നാൻ പോണില്ല.മാത്രവുമല്ല എന്റെ ആരോഗ്യത്തിന് ഒരു കുറവും ഇല്ലല്ലോ.ഇതൊക്കെ എനിക്ക് ചെയ്യാവുന്നത് അല്ലേ ഒള്ളു.ഞാൻ എന്തേലും ചെയ്യാമെന്ന് കരുതി നേരത്തെ എണീറ്റ് വന്നാലും സൂര്യൻ ഉദിക്കുമ്പോഴേക്ക് നീ ഇവിടെ എത്തിക്കാണും.ഇങ്ങോട്ടുള്ള പാച്ചിലിൻെറ ഇടയിൽ പാവം അനിയൻ കുട്ടിന്റെ കാര്യം മറക്കലുണ്ടോ നീ.?”
”നിങ്ങൾക്ക് ആരോഗ്യം ഒക്കെ ഉണ്ടാകും.പക്ഷേ ഞാൻ ഇങ്ങനെ നിൽക്കുമ്പോൾ നിങ്ങള് തൽക്കാലം ഒരു ജോലിയും ചെയ്യണ്ട.വാങ്ങുന്ന ശമ്പളത്തിന് ഉള്ള ജോലിയൊന്നും എനിക്ക് ഇവിടെ ചെയ്യാൻ ഇല്ല.സത്യം പറഞ്ഞാല് എനിക്ക് എന്റെ ശമ്മൂനും ഒരു ചിലവും ഇല്ല.നിങ്ങള് തരുന്ന ശമ്പളം ചിലവാക്കാൻ ഞങ്ങൾക്ക് ഒരു മാർഗ്ഗവും ഇല്ല.എന്റെ കോളേജിലെയും ശമ്മാസിന്റെ സ്കൂളിലെയും സകല ഫീസും കാര്യങ്ങളും നിങ്ങള് അടക്കുന്നുണ്ട്.ഇപ്പൊ നിങ്ങള് തരുന്ന ശമ്പളം ക്യാൻസൽ ആക്കേണ്ട അവസ്ഥയിൽ ആണ് ഞാൻ.
പിന്നെ അവന്റെ കാര്യത്തിൽ നിങ്ങള് പേടിക്കണ്ട.അവന് ഉള്ളത് ഒക്കെ ഉണ്ടാക്കി വെച്ചിട്ടാ ഞാൻ പോരാരുള്ളത്. സുബ്ഹിക്ക് പള്ളിയിൽ പോകുമ്പോൾ ഓന്റെ കൂടെ ഞാനും പോരും.എന്നെ ഇങ്ങോട്ട് ആക്കി തന്ന് അവൻ പള്ളിയിൽ പോകും.
രാവിലത്തെ പണി ഒക്കെ കഴിഞ്ഞു.നിങ്ങള് ഫുഡ് കഴിക്കാൻ സമയം ആകുമ്പോൾ എടുത്ത് കഴിച്ചോ ഉമ്മാ.ഞാനിനി ഫ്രഷ് ആയി പോകാൻ നോക്കട്ടെ. ഇന്ന് ഫസ്റ്റ് ഹവർ തന്നെ ടെസ്റ്റാണ്.”
മുഖത്തെ പുഞ്ചിരി മായാതെ അവള് പറയുന്നത് കേട്ട് നിന്നതല്ലാതെ അവർ ഒന്നും പറഞ്ഞില്ല.എന്നും ഒരു അൽഭുതം ആയിട്ടെ തോന്നിയിട്ടുള്ളൂ അവള്.ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടില്ല. എന്ത് ജോലി ചെയ്യാനും മടിയും ഇല്ല.അവള് പുറത്തെ ബാത് റൂമിൽ കയറുന്നത് കണ്ടപ്പോൾ അവളുണ്ടാക്കി വെച്ച ഫുഡ് എടുത്ത് അവർ ഹാളിലേക്ക് നടന്നു.
ഫുഡ് ടേബിളിൽ വെച്ച് അവർ വേഗം റൂമിലേക്ക് ചെന്ന് അലമാര തുറന്നു കുറച്ച് ക്യാഷ് എടുത്ത് തിരിച്ച് വന്നു.അവള് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് ഉറപ്പിച്ച് അടുക്കളയിലെ ചെറിയ ടേബിളിൽ വെച്ചിരുന്ന അവളുടെ ബാഗ് തുറന്നു അതിന്റെ ഉള്ളിലേക്ക് ക്യാഷ് വെച്ച് ബാഗ് പഴയത് പോലെ തന്നെ വെച്ച് തിരിഞ്ഞ് നടന്നു.
അവള് കുളി കഴിഞ്ഞ് ഇറങ്ങി വരുന്നത് കണ്ടതും അവർ ഒന്നും അറിയാത്ത പോലെ ഫുഡിന് മുന്നിൽ ഇരുന്നു.അവള് പോകാൻ റെഡി ആയി വന്നപ്പോഴേക്കും അവർ കഴിച്ച് കഴിഞ്ഞിരുന്നു.
”ഉപ്പ വന്നില്ലേ.?”
”ഹാ.കുറച്ച് കഴിഞ്ഞ് കഴിച്ചോളാം എന്ന് പറഞ്ഞു.നീ ഇനി ഉപ്പാനെ കഴിപ്പിച്ച് നേരം വൈകണ്ട മോളെ.വേഗം ചെല്ല്.ഇനിയും വൈകിയാൽ ബസ് അതിന്റെ വഴിക്ക് പോകും.”
അതിനു ചിരിച്ച് കൊടുത്ത് അവരോട് യാത്ര പറഞ്ഞ് അവള് വീടിന്റെ മുൻവശത്തേക്ക് ചെന്നു.പ്രതീക്ഷിച്ച പോലെ തന്നെ അവിടെ ഇരിപ്പുണ്ടായിരുന്നു സുലൈമാൻ ഹാജി.രാവിലെ സുബ്ഹി നിസ്കാരം കഴിഞ്ഞാൽ ഉള്ള പത്ര വായനയാണ്. അത് കഴിയാതെ വേറെ ഒരു പണിക്കും ആളെ കിട്ടില്ല.ഫുഡ് കഴിക്കാൻ വിളിച്ചാലും വരില്ല.അത് കൊണ്ട് ആരും വിളിക്കാറും ഇല്ല.
” ആ..... നിനക്ക് ഇറങ്ങാൻ ആയോ പാത്തു.?ഇന്നെന്താ നേരത്തെ.സാധാരണ ബസിന്റെ ഹോണടി കേട്ടാൽ മുട്ടുകാൽ പൊട്ടിച്ച് ഓടാലാണല്ലൊ?”
"അത് ശരി.ഇന്നിപ്പോ നേരത്തെ ഇറങ്ങിയത് ആയോ കുഴപ്പം.സാധാരണ ഓടുന്നതിനാണ് പറയല്.ഇന്നിപ്പോ നേരെ തിരിച്ചും.ബസ്സിന്റെ പൈസ തന്നാൽ എനിക്ക് അങ്ങോട്ട് പോകായിരുന്ന്.”
എന്നും പറഞ്ഞ് അവള് അയാളുടെ മുന്നിൽ കൈ നീട്ടിയതും അയാൾ പോക്കറ്റിൽ കയ്യിട്ട് പത്ത് രൂപയുടെ രണ്ട് നോട്ടെടുത്ത് അവൾക്ക് കൊടുത്തു.അത് കിട്ടിയപ്പോൾ അവരോട് യാത്രയും പറഞ്ഞ് അവള് ഇറങ്ങി.ഗേറ്റ് കടന്ന് അവള് പോകുന്നത് വരെ അയാള് നോക്കി നിന്നു.അയാളുടെ കൂടെ തന്നെ വാതിൽക്കൽ അവളെ വീക്ഷിച്ച് കൊണ്ട് നസീറയും.
”പാവം കുട്ടി.അത് പോലത്തെ ഒരു കുട്ടിയെ കിട്ടാൻ അവളുടെ ഉമ്മ എന്ത് പുണ്യമാണ് ചെയ്തത് ആവോ.അവളുടെ സ്നേഹം അനുഭവിക്കാൻ അവളുടെ ഉപ്പാക്കും ഉമ്മാക്കും വിധിയില്ല.അല്ലാതെന്ത് പറയാനാ.”
അവർ നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞപ്പോൾ കയ്യിലെ പത്രം മടക്കി വെച്ച് കസേരയിലേക്ക് തല ചായ്ച്ച് ഒരു കൈ തലയുടെ മീതെ കിടത്തി ഹാജ്യാരും അവരെ ശരി വെച്ച് മൂളി.
”ശരിയാ.അത്രക്ക് നല്ല സ്വഭാവം.എന്നാലും അഭിമാനിയാണ് അവള്.ഉപ്പയും ഉമ്മയും ഇല്ലെന്നുള്ള ആരുടെയും സിമ്പതി നേടാൻ അവളെ കിട്ടൂല.രണ്ട് മൂന്ന് മക്കൾ ഉണ്ടായിട്ട് എന്താ നമ്മൾക്ക് കാര്യം ഉള്ളത്.വല്ലപ്പോഴും ഒന്ന് വിളിച്ചാൽ ആയി.ഇത്രേം കാലം പോറ്റി വളർത്തിയ ഒരു തന്തയും തള്ളയും ഇവിടെ ഉണ്ടെന്ന് ആർക്കെങ്കിലും ബോധം ഉണ്ടോ.?
ചില സമയത്ത് തോന്നും ഹാനി മോൾ നമ്മുടെ മോൾ ആണോ എന്ന്. ഏത് സമയത്തും നമുക്ക് ഒരാവശ്യം വന്നാൽ അവള് ഒരു മടിയും കൂടാതെ വരുന്നത് കാണുമ്പോൾ എന്തെ അവള് നമ്മുടെ മോൾ ആയില്ല എന്ന് തോന്നി പോകും.”
കൂടുതൽ ഒന്നും പറയാതെ അവർ അകത്തേക്ക് കയറി.പ്രത്യേകിച്ച് ഒരു പണിയും ഇനി ഇല്ല.എല്ലാ ജോലിയും തീർത്താണ് ഹാനി പോയത്.അവളെ ഓർത്തപ്പോൾ ഉള്ളിൽ എന്തിനെന്നറിയാതെ ഒരു നീറ്റൽ തോന്നി അവർക്ക്.
ഹാനിയ മനാഫ്.രണ്ടാം വർഷ ബി.കോം വിദ്യാർഥിനി ആണ് ഇപ്പോ.സ്വന്തം എന്ന് പറയാൻ അനിയൻ ശമ്മാസ് മാത്രമേ ഒള്ളൂ അവൾക്ക്.അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു.അവൻ ജനിച്ച് മൂന്ന് മാസം തികയും മുമ്പ് ഉമ്മ അവരെ വിട്ടു പോയി.ഉമ്മാന്റെ കുറവ് അറിയിക്കാതെ പിന്നീട് ഉപ്പയുടെ തണലിൽ ആയിരുന്നു ഇരുവരും വളർന്നത്.വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തന്നെ കൈ തൊഴിലുകൾ ചെയ്തായിരുന്നു ഉപ്പ മനാഫ് അവരെ പോറ്റിയത്.വലിയ അഭിമാനിയായിരുന്ന മനാഫ് സ്വന്തം ആവശ്യത്തിന് വേണ്ടി ആരുടെ മുന്നിലും കെഞ്ചുന്നത് കണ്ടിട്ടില്ല. അതേ സ്വഭാവം ആയിരുന്നു മക്കൾക്കും. ഹാനി പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുമ്പോൾ ആയിരുന്നു മനാഫിന്റെ മരണം. സൈലന്റ് അറ്റാക്ക് ആയിരുന്നു.മരണ സമയത്ത് ആകെ ഉണ്ടായിരുന്ന ചിന്ത പറക്കമുറ്റാത്ത തന്റെ മക്കളെ കുറിച്ച് ആയിരുന്നു.അവരെ ആരുടെ കയ്യിലും ഏൽപ്പിക്കുന്നത് വരെ സാവകാശം കിട്ടിയില്ല.അതിന് മുമ്പേ ഉപ്പ അവരെ വിട്ടു പോയി. മരിച്ച് കഴിഞ്ഞ് ഉപ്പയുടെ അനിയൻ മെഹ്റൂഫ് ഇരുവരെയും കൂട്ടി കൊണ്ട് പോയെങ്കിലും രാണ്ടാഴ്ച തികയും മുമ്പെ മേഹ്റൂഫിന്റെ ഭാര്യയുടെ ശല്യം സഹിക്കാൻ വയ്യാതെ അനിയൻ ശമ്മാസിനെയും കൂട്ടി ഹാനി വീട്ടിലേക്ക് തന്നെ വന്നു.ജീവിക്കാൻ ഒരാളുടെയും ഔദാര്യം ആവശ്യമില്ലെന്ന് തെളിയിച്ച് നാട്ടിലെ പൗരപ്രമാണി ആയ സുലൈമാൻ ഹാജിയുടെ വീട്ടിലെ അടുക്കളക്കാരിയായി വേഷം ഇട്ടു.
കാലങ്ങളോളം മനസ്സിൽ താലോലിച്ച എഞ്ചിനീയർ എന്ന സ്വപ്നം മാറ്റി വെച്ച് അനിയന്റെ പഠനത്തിന് മുൻതൂക്കം കൊടുത്ത് കൊണ്ടായിരുന്നു അവളുടെ പിന്നീടുള്ള ജീവിതം.അതിനിടയിൽ പ്ലസ് ടൂ ഫുൾ മാർക്കിൽ പാസായ അവൾ അടുത്തുള്ള എയ്ഡഡ് കോളേജിൽ തന്നെ മെറിറ്റ് സീറ്റ് സ്വന്തമാക്കി.
വന്ന ദിവസം മുതൽ സ്വന്തം മകളോട് എന്ന പോലെ കരുതലിൽ ആയിരുന്നു ഹാജ്യാരും ഭാര്യയും അവളോട് പെരുമാറിയത്. അനിയനെയും കൂട്ടി അവരുടെ വീട്ടിൽ നിൽക്കാൻ പല തവണ നിർബന്ധിച്ചെങ്കിലും ആർക്കും ഭാരമാകരുത് എന്ന അവളുടെ ദൃഢ നിശ്ചയത്തിന് മുന്നിൽ അവർക്ക് മുട്ട് മടക്കേണ്ടി വന്നു.
ഒരു മകനും ഒരു മകളും ആണ് ഹാജ്യാർക്ക് ഉള്ളത്.മകൾ ശംസീനയെ ഹാനി പല തവണ കണ്ടിട്ടുണ്ടെങ്കിലും മകനെ ഇത് വരെ ഫോട്ടോയിൽ പോലും കണ്ടിട്ടില്ല.പേരും അറിയില്ല.ഭർത്താവും മക്കളുമായി ശംസീന ലണ്ടനിൽ സേറ്റിൽഡ് ആണ്.
തന്റെ മുന്നിൽ വന്നു നിന്ന ബസ്സിൽ കാൽ കുത്താൻ സ്ഥലം ഇല്ലെങ്കിലും അവള് വലിഞ്ഞ് കയറി.ഇനിയും വൈകിയാൽ ക്ലാസ്സിൽ കയറാൻ കഴിയില്ല എന്നവൾക്ക് ഉറപ്പായിരുന്നു.പലയിടത്തും നിർത്തി ഒടുക്കം കോളജിന്റെ കുറെ ദൂരം മുന്നിലായി ബസ് നിർത്തി.അപ്പോഴേക്ക് ക്ലാസ് തുടങ്ങാൻ ഉള്ള സമയം ആയെന്ന് അവൾക്ക് മനസ്സിലായിരുന്നു.ക്ലാസ്സ് ടെസ്റ്റ് ഓർമ വന്നതും ബാഗ് തോളിൽ ഇട്ട് ഹാനി ക്ലാസിലേക്ക് ഓടി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും താൻ ഇതേ കലാലയ മുറ്റത്ത്.ചിതലരിക്കാത്ത ഓർമ്മകളിൽ ഇന്നും തങ്ങി നിൽക്കുന്ന ചിത്രങ്ങളിൽ ഏറെയും നിറഞ്ഞ് നിൽക്കുന്നത് അവളുടെ മുഖം മാത്രം. അയാന പർവീൻ.കോളേജ് മുഴുവൻ അംഗീകരിച്ച പ്രണയ ജോഡികൾ ആയിരുന്നു ഷെസിൻ അമാൻ എന്ന താനും അയാന പർവീനും.
കണ്ണുകൾ പരസ്പരം ഉടക്കി വിരലുകൾ കോർത്ത് ഇരുന്നിരുന്ന ചുവന്ന പൂക്കളാൽ വർണാഭമായ വാകയുടെ ചുവട്ടിലെ ബെഞ്ചുകളും കൈ കോർത്ത് നടന്ന വരാന്തയും തന്റെ ഓർമകളിൽ ഉള്ളത് പോലെ ഇന്നും ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നുണ്ട്.ഒരിക്കൽ മിഴികളാൽ കഥ പറഞ്ഞ് താനും അയാനയും ഇരുന്നിരുന്ന സ്ഥലത്ത് ഇന്ന് പല ആളുകളും കയ്യടക്കി വെച്ചിട്ടുണ്ട്. കൺകൊണിൽ മിഴിനീർ ഊറി വന്നപ്പോൾ അവിടെ നിന്ന് മുഖം തിരിച്ച് ഷെസിൻ കാർ പാർക്ക് ചെയ്ത് ഓഫീസ് ലക്ഷ്യമാക്കി നടന്നു.
തന്റെ എതിരെ വരുന്ന പലരും തന്നെ നോക്കി അടക്കം പറയുന്നുണ്ട്.ചിലർ അപരിചിത ഭാവത്തോടെ ചിരിക്കുന്നുണ്ട്.ഒരു ചിരി അവർക്ക് സമ്മാനിച്ച് പ്രിൻസിപ്പൽ ചെമ്പറിന് മുന്നിൽ അവന്റെ കാലുകൾ നിശ്ചലമായി.
ഒരുകാലത്ത് ഇവിടെ നിന്നിരുന്നത് തന്റെ പ്രണയിനിയോടൊപ്പം സമയം ചിലവഴിക്കാൻ ക്ലാസ് ഒഴിവാക്കി പോകുന്നതിനു പിടിക്കുമ്പോൾ ആയിരുന്നു. താനിവിടെ നിൽക്കുമ്പോൾ കണ്ണിൽ പിടച്ചിലോടെ താഴെ വാക മരചുവട്ടിൽ അവള് നിൽപ്പുണ്ടാകും.
അതോർമ വന്നതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.അറിയാതെ തന്റെ പ്രണയിനിയെ തേടി അവന്റെ കണ്ണുകൾ തനിക്ക് പിന്നിലേക്ക് ചലിച്ചു.അവിടെ അവൾക്ക് പകരം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പലമുഖങ്ങൾ തന്നെ വീക്ഷിച്ച് നിൽക്കുന്നത് കണ്ട് അവനൊരു നിശ്വാസം പുറപ്പെടുവിച്ച് ക്യാബിന് ഉള്ളിലേക്ക് നോക്കി.
”May I come in sir?”
മുന്നിലെ കമ്പ്യൂട്ടറിൽ എന്തോ നോക്കി കൊണ്ടിരുന്ന പ്രിൻസിപ്പൽ മുഖം ഉയർത്തി അവനെ നോക്കി.അവനെ കണ്ടതും ഉള്ളിലേക്ക് വരാൻ ആംഗ്യം കാണിച്ചു.മുന്നിലുള്ള കസേരയിലേക്ക് ഇരുന്ന് കൊണ്ട് അവൻ appointment letter നീട്ടി.
”ഇനി ഇതിന്റെ ആവശ്യം ഒന്നും ഇല്ല ഷെസിൻ.നീ ജോയിൻ ചെയ്തോ. ഇവിടെ നിനക്ക് പരിചയം ഇല്ലാത്ത ടീച്ചേഴ്സ് ആകെ പത്തോ പന്ത്രണ്ടോ ഉണ്ടാകും.കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിന്റെ ഇടയിൽ ജോയിൻ ചെയ്തവരാണ്.ഏതായാലും കൂട്ടത്തിൽ നീ തന്നെ ആയിരിക്കും ഏറ്റവും ചെറുത്.”
ചിരിച്ച് കൊണ്ട് അവന്റെ നേരെ കൈ നീട്ടി എഴുന്നേറ്റ് പ്രിൻസിപ്പൽ പറഞ്ഞപ്പോ അവനും എഴുന്നേറ്റ് കൈ കൊടുത്തു.
”All the best shezin.”
”Thank you sir.”
സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ തന്നെ ക്ലാസ്സ് തുടങ്ങാൻ ആയത് കൊണ്ട് ടീച്ചേഴ്സ് മുഴുവൻ പോയിരുന്നു. ഫസ്റ്റ് ഹവറിൽ ക്ലാസ്സ് ഇല്ലാത്ത ചിലർ മാത്രം ഉണ്ടായിരുന്നു.പരിചയപ്പെടാൻ തുടങ്ങുമ്പോൾ ആണ് പിന്നിൽ നിന്ന്
”സർ”
എന്നൊരു ശബ്ദം കേട്ടത്.തിരഞ്ഞ് നോക്കിയപ്പോൾ പ്യൂൺ ആണ്.കയ്യിലെ പേപ്പർ ഷസിന്റെ കയ്യിൽ കൊടുത്ത് മറു കയ്യിൽ ഉണ്ടായിരുന്ന പേപ്പറിന്റെ കെട്ട് അവന്റെ ടേബിളിൽ വെച്ചു.
”ഇൗ ഹവർ ക്ലാസ്സ് ഉണ്ട്.സെക്കൻഡ് ബി.കോം ന്റെ ഇൻ ചാർജ് സാറിന് ആണ്.അവർക്ക് ഇന്ന് ക്ലാസ് ടെസ്റ്റ് പറഞ്ഞിരുന്നു.അതിനുള്ള ക്വസ്റ്റ്യൻ പേപ്പർ ആണ്.”
എന്നും പറഞ്ഞ് അയാള് പോയപ്പോൾ കയ്യിലെ പേപ്പറിൽ ഒന്ന് നോക്കി അവൻ ടേബിളിൽ വെച്ചു. ഉണ്ടായിരുന്നവരോട് പിന്നെ പരിചയപ്പെടാം എന്ന് പറഞ്ഞു ക്വസ്റ്റ്യൻ പേപ്പറിന്റെ കെട്ടുമായി അവൻ ക്ലാസ്സിലേക്ക് നടന്നു.
(തുടരും)