kisa Paathiyil Part 4

 ❤ കിസ പാതിയിൽ  ❤

🍁 Kisa Paathiyil 🍁

by Alone Walker ( saifudheen )
▬▬▬▬▬▬▬▬▬▬▬▬▬▬


🍁 കിസ

           പാതിയിൽ 🍁

            Part 04


            ✍🏻Alone Walker


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


                ”തനിക്കെന്താ ഒരു സ്റ്റാഫ് റൂമിൽ കയറി വരുമ്പോൾ ഉള്ള മാനേഴ്സ് അറിയില്ലേ.?”


           ഒട്ടും കൂടാതെ നിൽക്കുന്ന അമൃതയുടെ നിൽപ്പും അവളുടെ പിന്നിൽ ഭയത്തോടെ ഉള്ള ഹാനിയയിടെ നിൽപ്പും കണ്ട് ദേഷ്യത്തോടെ ഷെസിൻ ചോദിച്ചു.


            ”അറിയാമായിരുന്നു സർ.കുറച്ച് നേരത്തെ ഇവള് എല്ലാ മാനേഴ്സോട് കൂടിയല്ലേ ഈ സ്റ്റാഫ് റൂമിലേക്ക് കയറി വന്നത്. അപ്പോ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യം മനേഴ്സ് ഇല്ലാതെ വന്നാൽ നടക്കുമോ എന്നറിയാൻ വേണ്ടി വന്നതാണ്.”


          അവന്റെ ദേഷ്യതെ ഒട്ടും വക വെക്കാതെ അമൃത പറഞ്ഞപ്പോൾ അവന്റെ രോഷത്തോടെയുള്ള നോട്ടം തന്റെ നേരെ വീഴുന്നത് കണ്ട് ഹാനി തല താഴ്ത്തി അവൾക്ക് പിന്നിലേക്ക് നീങ്ങി.


          ”സർ,ഇവൾക്ക് ലീവ് വേണം.നേരിട്ട് പ്രിൻസിയോട് പറഞ്ഞ് പോകാൻ അറിയാഞ്ഞിട്ടല്ല.നിങ്ങളോട് നേരത്തെ ചോദിച്ചിട്ട് വിട്ടില്ല.ഇനി നിങ്ങളോട് പറയാതെ പോയാൽ അതിന്റെ പേരിൽ ഇവൾക്ക് നേരെ നിങ്ങള് തിരിയരുത് എന്നുള്ളത് കൊണ്ടാണ്.”


          അപ്പോഴേക്ക് മറ്റുള്ള ടീച്ചേഴ്സ് പലരും അവരുടെ ജോലിയിലേക്ക് തിരിഞ്ഞു.എങ്കിലും ചിലർ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.


        ” എനിക്ക് പറയാൻ ഉള്ളത് നേരത്തെ ഇവളോട് പറഞ്ഞതാണ്.ഇവൾക്ക് വക്കാലത്ത് ആയിട്ടാണ് താൻ വന്നതെങ്കിൽ നേരത്തെ പറഞ്ഞത് മാത്രമേ എനിക്ക് പറയാനുള്ളൂ. ലീവ് തരാൻ പറ്റില്ല.നേരം വൈകി ക്ലാസിൽ വരുന്നതും പോരാഞ്ഞിട്ട് ആണോ നേരത്തെ ഇറങ്ങി പോകുന്നത്.?”


           ”സർ ഇവള് വൈകിയതിന് കാരണം...."


       അമൃത എന്തോ പറയാൻ ഒരുങ്ങിയതും ഹാനി അവളുടെ കൈയിൽ അമർത്തി പിടിച്ചു.അമൃത അവൾക്ക് നേരെ തിരിഞ്ഞപ്പോൾ ഹാനി ഒന്നും പറയരുത് എന്ന് തലയാട്ടി.


         ക്ലാസ്സിൽ പലർക്കും അറിയാത്ത രഹസ്യമാണ് അവൾ മറ്റൊരു വീട്ടിൽ ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന്.അമൃതയും അവളുടെ അടുത്ത കൂട്ടുകാരികളും ഒഴികെ മറ്റാർക്കും അതറിയില്ല.അവർ ആരോടും പറഞ്ഞതും ഇല്ല.അതിന്റെ പേരിൽ മറ്റുള്ളവർ അവളെ പരിഹസിക്കാനോ അവൾക്ക് നേരെ സഹതാപം വിതറാനോ പാടില്ലെന്ന് അവർക്കും നിർബന്ധം ഉണ്ടായിരുന്നു.പെട്ടെന്നുള്ള ദേഷ്യത്തിൽ അത് മറന്നു പോയി. ഹാനിയുടെ പിടിയിൽ അത് മനസ്സിലായപ്പോൾ അമൃത കണ്ണടച്ച് കാണിച്ച് വീണ്ടും ഷെസിന്റെ നേരെ തിരിഞ്ഞു.


         ”സർ,ഇവള് നേരം വൈകി വരുന്നതിനു ഇവൾക്ക് ഒരുപാട് കാരണങ്ങൾ ഉണ്ട്.പിന്നെ സർ പറഞ്ഞ പോലെ ക്ലാസ്സ് കട്ടാക്കി സിനിമക്ക് പോയും ബീച്ചിൽ കറങ്ങി നടക്കാനും അല്ല ഇവള് പോകുന്നത്.ഇവളുടെ അനിയൻ ഹോസ്പിറ്റലിൽ ആണ്.അവന്റെ അടുത്തേക്ക് ആണ്.”


           ”എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല.തനിക്ക് പോകാം.ഇനി എന്റെ വാക്ക് ധിക്കരിച്ച് പോകാൻ ആണ് നിന്റെ ഉദ്ദേഷമെങ്കിൽ പിന്നെ എന്റെ ക്ലാസ്സിൽ കയറാൻ പാടില്ല.അതിനി പ്രിൻസിപ്പലിനോട് പറഞ്ഞിട്ട് പോകുന്നത് ആണെങ്കിലും.”


           ”സോറി സർ.ഗുരുക്കന്മാർ പറയുന്നത് മുഴുവൻ വായും അടച്ച് വെച്ച് തല കുനിച് കേട്ട് നിന്ന് അനുസരിക്കുന്ന കാലമൊക്കെ കഴിഞ്ഞു.ഞങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന കര്യങ്ങൾ മാത്രമേ ഞങ്ങൾക്ക് അനുസരിക്കാൻ കഴിയൂ.ഇക്കാര്യത്തിൽ ഇവള് നിങ്ങളെ എതിർക്കും.ഇവൾക്ക് സപ്പോർട്ട് ആയി ഞങ്ങളുടെ ക്ലാസ്സ് മുഴുവൻ ഉണ്ടാകും.”


         അത്രയും പറഞ്ഞ് അവള് ഹാനിയേയും വലിച്ച് കൊണ്ട് അവിടെ നിന്ന് ഇറങ്ങി.ദേഷ്യം കൊണ്ട് ചുവന്ന മുഖവും ആയി ഷേസിൻ ദേഷ്യമടക്കി വെച്ച് അവർ പോകുന്നതും നോക്കി നിന്നു.അത്രയും ആളുകളുടെ ഇടയിൽ അപമാനിതനായ പോലെ തോന്നി അവന്.കൈ ചുരുട്ടി പിടിച്ച് നിൽക്കുന്ന അവന്റെ നേരെ മധ്യവയസ്കനായ ഒരു പ്രൊഫസർ വന്നു.തന്റെയും കൂടി സർ ആയത് കൊണ്ട് അവൻ ദേഷ്യം മാറ്റി വെച്ച് അയാളെ നോക്കി.


        ”ഷെസിൻ.., നിന്നെ എനിക്ക് നന്നായി അറിയാം.തെറ്റ് കണ്ടാൽ പ്രതികരിക്കണം.നല്ല കാര്യമാണ്.ഇവിടെ നീ ഇപ്പോ ഉള്ളത് പഴയ സ്റ്റുഡന്റ് ആയിട്ടല്ല.പകരം ഇത്രയും കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന അദ്ധ്യാപകനാണ്.ഞാൻ പറയുന്നത് ഒന്നും നിനക്ക് മനസ്സിലാകുന്നില്ല എന്നറിയാം.


           കുട്ടികൾ പലവിധത്തിൽ ഉണ്ട്.ചോദിക്കാതെ ക്ലാസ്സ് കട്ട് ചെയ്യുന്നവരും കളവ് പറഞ്ഞ് ക്ലാസ് കട്ട് ചെയ്യുന്നവരും എല്ലാം ഉണ്ട്.അത് നമ്മള് മനസ്സിലാക്കുമ്പോൾ ഉള്ള കാര്യം പറഞ്ഞ് സത്യസന്ധമായി പോകുന്നവരെ കൂടി നമ്മള് തെറ്റിദ്ധരിക്കും.ഇപ്പോ വന്നു പോയ ആ കുട്ടി.അവള് പറഞ്ഞത് സത്യമാണ്.നിനക്ക് വേണമെങ്കിൽ ഓഫീസിൽ ചെന്ന് അന്വേഷിക്കാം..അവൾക്ക് വന്ന കോൾ അറ്റൻഡ് ചെയ്തത് ഞാനാണ്.അവളുടെ അനിയന്റെ സ്കൂളിൽ നിന്ന്. ആ കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയെന്ന് പറഞ്ഞ് ആണ് വിളിച്ചത്.


           ഞാൻ പറഞ്ഞ് വന്നത് എടുത്ത് ചാടി ഒന്നും ചെയ്യരുത് എന്നാണ്.അതിന്റെ പരിണിത ഫലം നമ്മള് തന്നെ അനുഭവിക്കേണ്ടി വരും.നിന്റെ ദേഷ്യം എത്രയുണ്ടെന്ന് എനിക്ക് അറിയാം.പക്ഷേ ഇക്കാര്യത്തിൽ അവളുടെ നേരെ നിന്റെ ദേഷ്യം കാണിക്കരുത്.എത്ര നിന്റെ ഭാഗം നീ ന്യായീകരിക്കാൻ ശ്രമിച്ചാലും ഞാൻ അവളുടെ കൂടെയെ നിൽക്കൂ.”


        പറഞ്ഞ് നിർത്തി അയാള് പോയപ്പോഴും അവന് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും വന്നില്ല. അപ്പോഴും അവളോടുള്ള ദേഷ്യം തന്നെ ആയിരുന്നു അവന്റെ മൈൻഡിൽ.ഉള്ളിൽ പലരുടെയും നോട്ടം തന്റെ നേരെ വീഴുന്നത് അരോചകമായി തോന്നിയപ്പോൾ അവൻ പുറത്തെ വാരന്തയിലേക്ക് ഇറങ്ങി.രണ്ടാം നിലയിൽ ആണ് മെൻസ് സ്റ്റാഫ് റൂം ഉള്ളത്.അവിടെ നിന്ന് നോക്കിയാൽ മെയിൻ എൻട്രൻസും പാർക്കിംഗ് ഏരിയയും വ്യക്തമായി കാണാം.


           അമൃത പറഞ്ഞ് പോയ വാക്കുകൾ ഓർക്കും തോറും തൊലി ഉരിയുന്ന പോലെ തോന്നി അവന്.കണ്ണ് നിറച്ചുളള ഹാനിയുടെ നോട്ടം ഓർത്തെങ്കിലും അല്പം പോലും അവളോടുള്ള ദേഷ്യത്തിന് അയവ് വന്നില്ല.അലസമായി പുറത്തേയ്ക്ക് നോക്കി നിൽക്കുമ്പോൾ ആണ് കയ്യിൽ ബാഗും തൂക്കി പിടിച്ച് ഹാനിയ പുറത്തേയ്ക്ക് ദൃതിയിൽ വരുന്നത് കണ്ടത്.


        🍁🍁🍁🍁🍁🍁🍁🍁🍁🍁


          ”നീ എങ്ങനെയാ പോകുന്നത്.?ഇപ്പോ ടൗണിലേക്ക് ബസ് ഉണ്ടാകുമോ.?”


         പ്രിൻസിയുടെ പെർമിഷൻ വാങ്ങി പോകാൻ വേണ്ടി ഒരുങ്ങുമ്പോൾ ആണ് അമൃത ചോദിച്ചത്.അപ്പോഴാണ് ഹാനിയും അക്കാര്യം ഓർത്തത്. ഉച്ച ആയാൽ കോളേജ് നിൽക്കുന്നിടത്ത് നിന്ന് ടൗണിലേക്ക് ബസ് വല്ലപ്പോഴും ഉണ്ടാകുകയുള്ളൂ.അതും ഉറപ്പില്ല.


         ” ഞാൻ ഓട്ടോ കിട്ടുമോ നോക്കട്ടെ.എന്തായാലും കിട്ടാതിരിക്കില്ല.”


          ”എന്നാല് ഒരു മിനിറ്റ് വെയിറ്റ് ചെയ്യ്.ഞാനിപ്പോ വരാം.”


      അവളെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിർത്തി അമൃത ഫോണും എടുത്ത് പുറത്തേക്ക് പോയി. പെട്ടെന്ന് തന്നെ അവള് തിരിച്ച് വരികയും ചെയ്തു.


         ”നീ വാ.എന്തായാലും ഓട്ടോ കിട്ടി നീ അവിടെ എത്തുമ്പോഴേക്കം ഒരു നേരം ആകും.ഞാൻ നവീനെ വിളിക്കാം.അവൻ എന്തായാലും ഉച്ചക്ക് ശേഷം ടൗണിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.അവന്റെ കൂടെ പോകാം.”


          അമൃതയുടെ കസിൻ ബ്രദർ ആണ് നവീൻ.കോളേജ് ചെയർമാനും കൂടിയാണ്.


      "അയ്യോ അത് വേണ്ട.എന്തെങ്കിലും വണ്ടി കിട്ടും.ഞാൻ അതിൽ പോയിക്കൊള്ളാം.”


        അവന്റെ കൂടെ പോകുന്നത് ഓർത്തപ്പോ തന്നെ അവൾക്ക് വല്ലതെയായി.ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അമൃതയുടെ നിർബന്ധത്തിന് വഴങ്ങി ഒടുക്കം അവൾക്ക് സമ്മതിക്കേണ്ടി വന്നു.


           ”നിനക്ക് ആരുമായിട്ടും അടുപ്പം ഇല്ലാത്തത് കൊണ്ടാണ് ഹാനീ.നവീനെ നിനക്ക് കണ്ണും അടച്ച് വിശ്വസിക്കാം.നിന്റെ അവസ്ഥ ഒക്കെ അവന് അറിയാം.നിന്റെ അനിയന്റെ അടുത്തേക്ക് അവൻ തന്നെ നിന്നേ എത്തിച്ചോളും.നീ വാ ”


        അവളെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് അമൃത താഴേക്ക് പോയി.അവർ ചെല്ലുമ്പോൾ തന്നെ നവീൻ തന്റെ ബൈക്ക് എടുത്ത് പുറത്തേക്ക് വന്നിരുന്നു.അവളോട് ചെല്ലാൻ പറഞ്ഞ് അമൃത എന്തോ ആവശ്യത്തിന് ഉള്ളിലേക്ക് തന്നെ പോയി.ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നെങ്കിലും ഷമ്മാസിന്റെ അവസ്ഥ ഓർമ വന്നതും ഉള്ളിൽ തോന്നിയ ഏതോ ഒരു ധൈര്യത്തിന് പുറത്ത് അവള് നവീന്റെ അരികിലേക്ക് ചെന്നു.


             ”ഹാനീ,കേറി ഇരിക്ക്.ഞാൻ ഹോസ്പിറ്റൽ വഴിയാണ് പോകുന്നത്.പോകുന്ന വഴി അവിടെ ഇറക്കാം.”


         അവൻ പറഞ്ഞെങ്കിലും അവള് ഒന്ന് ശങ്കിച്ച് നിന്നു.


      "എന്റെ കൊച്ചെ,നീയിങ്ങനെ പേടിക്കാതെ.നിന്റെ നിൽപ്പ് കണ്ടാൽ തോന്നുമല്ലോ ഞാൻ നിന്നെ തട്ടി കൊണ്ട് പോകാൻ നിൽക്കുവാണെന്നു.ഞാൻ നിന്റെ ദേഹത്ത് പോലും തൊടില്ല പോരെ.നീയും അമ്മൃതയും ഒക്കെ എനിക്ക് ഒരു പോലാണ്.നീ വന്നു കേറിക്കെ.ഇനിയും നിന്ന് സമയം കളയണ്ട.”


         അവളുടെ മുഖത്തെ ആശങ്ക കണ്ട് അവൻ ചിരിയോടെ പറഞ്ഞപ്പോൾ മനസ്സില്ലാ മനസോടെ അവള് അവന്റെ പിന്നിൽ കയറി.തന്റെ ദേഹത്ത് തൊടാതെ ഒരു ചെറിയ അകലം പാലിച്ച് ഇരിക്കുന്ന അവളെ കണ്ണാടിയിൽ നോക്കി അവൻ ചിരിയോടെ ഹെൽമെറ്റ് തലയിൽ ഇട്ടു. അവളെയുമായി അവന്റെ ബൈക്ക് പുറത്തേക്ക് പോയതും അത്രയും നേരം അവരെ നോക്കി നിന്നിരുന്ന ഷേസിൻ ദേഷ്യത്താൽ കൈകൾ രണ്ടും അമർത്തി പിടിച്ചു.അത് പോലെ തന്നെ ഗ്രൗണ്ടിന് അരികിൽ അവളെയും കൊണ്ട് പോകുന്ന നവീനെ കണ്ട് നിഹാലിൻെറ കണ്ണുകളും ദേഷ്യതാൽ ചുവന്നിരുന്നു.


           🍁🍁🍁🍁🍁🍁🍁🍁🍁


         ”നിൽക്ക്,ഞാനും വരുന്നു.എന്നെ ആ ജങ്ഷനിൽ വിട്ടാൽ മതി.”


           വൈകിട്ട് കോളേജ് വിട്ട് പോകുമ്പോൾ പാർക്കിങ്ങിൽ ചെന്നു കാറെടുത്ത് പോകാൻ നിൽക്കുമ്പോൾ ആണ് ആദ്യമായി കണ്ട ദിവസം വൈകിട്ട് അയാന തന്റെ ബൈക്കിന് കുറുകെ ചാടി കൊണ്ട് പറഞ്ഞതവന് ഓർമ വന്നത്.


          ”എന്നെ കൊണ്ടൊന്നും പറ്റില്ല.വേണേൽ ബസിൽ പോ.നീ  പറയുമ്പോഴേക്കും നിന്നേം കേറ്റി കൊണ്ട് പോകാൻ നിന്റെ ബാപ്പ വാങ്ങി തന്നതല്ല എന്റെ വണ്ടി.അതോണ്ട് മോൾ മര്യാദക്ക് പോകാൻ നോക്ക്.”


            "എന്റെ ബാപ്പ എനിക്ക് പോലും വാങ്ങി തന്നിട്ടില്ല.പിന്നെയാ നിനക്ക്.ചിലപ്പോ എന്നെ കെട്ടുമ്പോ വല്ല കാറോ മറ്റോ തന്നെന്ന് ഇരിക്കും.അത് അപ്പോഴത്തെ കാര്യം.ഞാൻ നിന്റെ കൂടെയെ വരൂ.”


           ”നിന്റെ വീട്ടിൽ നിന്ന് തരുന്ന നക്കാപ്പിച്ച കിട്ടിയിട്ട് വേണ്ട എനിക്ക് ജീവിക്കാൻ.ഞാൻ നിന്നെ കെട്ടാൻ പോകുന്നുമില്ല. അതിന് വെച്ച വെള്ളം അങ്ങോട്ട് മാറ്റി വച്ചേക്ക്‌.തൽക്കാലം പെങ്ങള് മുന്നീന്ന് മാറി നിൽക്കണം.എനിക്ക് പോകണം.”


        "പെങ്ങളോ? താനൊക്കെ എന്ത് ജൻമം ആണെടോ.ഇത്രയും സുന്ദരിയും സുശീലയും ആയ എന്നെ പോലൊരു മൊഞ്ചത്തി കുട്ടി മുന്നിൽ വന്നു നിന്നെ കെട്ടണം എന്ന് പറയുമ്പോ എന്നെ പിടിച്ച് പെങ്ങൾ ആക്കുന്നോ.?തൽക്കാലം എനിക്കൊരു ആങ്ങളയുടെ ആവശ്യമില്ല.ആവശ്യം ഉണ്ടെങ്കിൽ ഞാൻ ഇവനെ പിടിച്ച് ആക്കിക്കൊള്ളാം.എന്നാലും നിന്നെ ആക്കില്ല.”


         അവന്റെ അരികിൽ തന്റെ ബൈക്കിൽ കയറി ഇരുന്നിരുന്ന ഫൈസാൻ അത് കേട്ട് കിളി പോയത് പോലെ അവളെയും അവനെയും നോക്കി. അവനെ ശ്രദ്ധിക്കാതെ അവള് തുടർന്നു.


         ”മര്യാദക്ക് എന്നെ കയറ്റി പൊയ്ക്കോ.ഇല്ലേൽ പാർകിങ് എരിയായിൽ വിളിച്ച് വരുത്തി എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞ് ഞാൻ ഇവിടെ കിടന്ന് അലമ്പ് ഉണ്ടാക്കും.ഇവിടെ ആണെങ്കിൽ വേറൊരു മനുഷ്യനും ഇല്ല. തെളിവിന്റെ ഭാഗമായി ഞാൻ എന്റെ ഡ്രസ് ഇത്തിരി കീറും.പുതിയ സൽവാർ ആണ്. ഇട്ടിട്ട് കൊതി തീർന്നിട്ടില്ല എന്നാലും വേണ്ടില്ല.ഞാൻ കീറും."


        "ഭീഷണി ആണ്?”


       താൻ വിരട്ടിയിട്ടും ഒരു കൂസലും ഇല്ലാതെ അവൻ ചോദിക്കുന്നത് കേട്ടു അവള് ഒന്ന് പതറിയെങ്കിലും ആ ഭാവം മുഖത്ത് കാട്ടിയില്ല.


        ”ആണെന്ന് തന്നെ കൂട്ടിക്കോ.അങ്ങനെ സംഭവിച്ചാൽ എനിക്ക് നിന്നെ കെട്ടാൻ നിന്റെ പിന്നാലെ നടക്കേണ്ട ഒരു ആവശ്യവും വരില്ല.വേനെങ്കിൽ എന്റെയും നിന്റെയും ഉപ്പമാർ തന്നെ നമ്മളെ പിടിച്ച് കെട്ടിക്കും.”


         ബൈക്കിന്റെ ഹാൻഡിലിൽ കൈ വെച്ച് അവനെ നോക്കി പുരികം പൊക്കി കൊണ്ട് അവള് ചിരിച്ചു.ഒരു നിമിഷം അവളെ നോക്കി നിന്ന ഷെസിൻ അപ്പുറത്ത് നിന്നിരുന്ന ഫൈസിയെ നോക്കി.ആദ്യം ഇരുവർക്കും പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലായിരുന്നെങ്കിലും ഫൈസി ആയിരുന്നു ചിരിക്ക്‌ തുടക്കം ഇട്ടത്.ഒരു പുഞ്ചിരിയിൽ തുടങ്ങിയ അവന്റെ ചിരി ഷെസിൻ ഏറ്റെടുത്തപ്പൊഴേക്ക്‌ അതൊരു പോട്ടിച്ചിരിയായി മാറി.ബൈക്കിൽ നിന്ന് ഇറങ്ങിയ ഇരുവരും അവൾക്ക് മുന്നിൽ നിന്ന് വയർ പൊത്തി ചിരിക്കുന്നതും നോക്കി ഒന്നും മനസ്സിലാകാതെ അയാന നിന്നു.


          ”എന്നാലും എന്റെ പൊന്നു ഐനൂ,നിന്റെ ഈ ജാതി സൈകോത്തരം ഒക്കെ കണ്ടപ്പോൾ ഞാൻ കരുതിയത് നിനക്ക് ഇതിരിയെങ്കിലും ബുദ്ധി ഉണ്ടെന്ന് ആണ്.ഇതൊരുമാതിരി എൽകെജി പിള്ളേരേക്കാളും കഷ്ടമാനല്ലോ.?”


        ' അതിനു ഞാനിപ്പോ എന്താ പറഞ്ഞത്?ഇനി അറിയാതെ വല്ല പൊട്ടത്തരവും വിളിച്ച് പറഞ്ഞോ?’


       എന്നും ചിന്തിച്ച് താൻ പറഞ്ഞ കാര്യങ്ങള് അവള് ഒന്ന് കൂടി റിവൈൻഡ് ചെയ്ത് നോക്കി.പെട്ടെന്നായിരുന്നു ചിരി നിർത്തിയ ഷെസിൻ അവളുടെ വലത് കയ്യിൽ പിടിച്ച് തിരിച്ച് തനിക്ക് നേരെ പുറം തിരിച്ച് അവളുടെ കൈ അവളുടെ പുറത്ത് ചേർത്ത് വെച്ചത്.അവന്റെ പിടിയിൽ നന്നായി വേദനിച്ച അയാന അവന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അതിനുള്ള ബലം അവൾക്ക് ഇല്ലായിരുന്നു. കാലിയർത്തി അവന്റെ കാലിൽ ആഞ്ഞ് ചവിട്ടാൻ നോക്കിയെങ്കിലും അതിനു മുന്നേ അവൻ കാൽ മാറ്റി.


          ”നീ നിന്നെ പീഡിപ്പിച്ചെന്ന് വിളിച്ച് പറയാൻ നിൽക്കുമ്പോഴേക്ക്‌ അത് കേട്ട് എനിക്കെതിരെ ആക്ഷൻ എടുക്കാൻ നിൽക്കുവല്ലേ മാനേജ്മെന്റ്.നീ ആരോടാ പുല്ലേ വീമ്പ് ഇലക്കുന്നത്‌.?നീ വന്നു ഭീഷണി പെടുത്തിയാൽ ഞാൻ നിന്നേം കൊണ്ട് നീ പറയുന്ന സ്ഥലത്ത് ഇറക്കുമെന്ന് കരുതിയോ നീ.?അതിന് ഞാൻ വേറെ ജനിക്കണം.പിന്നെ നീ പറഞ്ഞ എവിഡൻസ്?എല്ലാം കണ്ടോണ്ട് മുകളിൽ ഒരാളുണ്ട് എന്ന് പടച്ചോനെ കുറിച്ച് പറയാറില്ലേ.?അത് പോലെ വേറൊരാൾ ഇവിടെത്തന്നെ ചുറ്റി തിരിയുന്നുണ്ട്. കണ്ണ് തുറന്നു മേലോട്ട് നോക്കടീ പുല്ലേ.”


          അവസാനം അലറുന്ന പോലെ അവൻ പറഞ്ഞതും കിടുങ്ങി കൊണ്ട് അവള് പോലും അറിയാതെ അവളുടെ കണ്ണുകൾ മേലോട്ട് നോക്കി.താൻ നിൽക്കുന്നതിന്റെ നേരെ മുന്നിലായി മുകളിൽ ഒരു സിസിടിവി ക്യാമറ വെച്ചത് കണ്ടതും അവളുടെ മുഖം ഇഞ്ചി കടിച്ചത് പോലെ ചുളിഞ്ഞു.അവന്റെ മുഖത്തേക്ക് ചമ്മലോടെ നോക്കി അവള് തല വെട്ടിച്ചതും അവള് കണ്ടത് വായ പൊത്തി പിടിച്ച് ചിരിക്കുന്ന ഫൈസിയെ ആണ്.അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് അവള് തല താഴ്ത്തി.


          ”ഇനിയെങ്കിലും കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്ക്.ഒരു കാര്യം പറഞ്ഞേക്കാം.പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് എന്റെ പിന്നാലെ വന്നാൽ എന്റെ തനിരൂപം നീ അറിയും.നിന്നെ പോലെ ഒരുത്തിയെ പ്രേമിക്കാൻ എനിക്ക് വട്ടൊന്നും ഇല്ല. ഇന്നത്തെ ദിവസം ഞാൻ അങ്ങോട്ട് ക്ഷമിച്ചു ഇനി ഇത് ആവർത്തിക്കരുത്.ആവർത്തിച്ചാൽ.?”


            പറഞ്ഞ് നിർത്തി അവൻ അവൾക്ക് നേരെ വിരൽ ഇളക്കി ഒന്ന് ഇരുത്തി നോക്കി കൊണ്ട് തന്റെ ബൈക്കിൽ കേറി സ്റ്റാർട്ട് ആക്കി.അവൻ പറഞ്ഞത് മുഴുവൻ ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞ് വരാൻ തുടങ്ങി.കണ്ണൊന്നു ഇറുക്കി പിടിച്ചു തുറന്ന ശേഷം അവള് അവനെ നോക്കാതെ പുറത്തേക്ക് പോയി.


            ”ശല്യം ഒഴിഞ്ഞ് കിട്ടി.ഇനി പിറകെ വരില്ല.”


       തിരിഞ്ഞ് നോക്കാതെ അവള് പോകുന്നതും നോക്കി ഷെസിൻ പറഞ്ഞു.


       ”പിന്നേ....അതങ്ങ് പള്ളിയിൽ ചെന്നു പറഞ്ഞാല് മതി.അവള് മിക്കവാറും നാളെ ക്ലാസിൽ നിന്റെ മടീൽ കേറി ഇരിക്കും.അതിനെ നിനക്ക് ശരിക്ക് അറിയാഞ്ഞിട്ടാണ്.അതൊക്കെ പോട്ടെ നല്ല ഭീഷണി ഒക്കെ മുഴക്കിയല്ലോ,ഇനി നിന്റെ പിന്നാലെ വന്നാൽ അവളെ എന്തോ ചെയ്യുമെന്നാണ് കവി ഉദ്ദേശിച്ചത്.?"


      "എന്ത് ചെയ്യാൻ?ഞാൻ അവളെ കെട്ടി എന്റെ കൂടെ അങ്ങ് പൊറുപ്പിക്കും. അത് തന്നെ.ഞാൻ ആവർത്തിച്ചാൽ എന്ന് പറഞ്ഞ് നിർത്തിയപ്പോൾ അവള് അതേ പോലെ തന്നെ തിരിച്ച് ചോദിക്കും എന്ന് കരുതിയതാണ്.അപ്പൊ നിനക്ക് തന്ന ഉത്തരം തിരികെ പറയണമെന്ന് കരുതി.പക്ഷേ അവള് ഒന്നും മിണ്ടാതെ പോയി.”


       "അപ്പോ നിനക്ക് അവളെ ശരിക്കും ഇഷ്ടമാണോ?അപ്പൊ ഇത്രയും നേരം ഡയലോഗ് അടിച്ചതോ?”


      ”എനിക്ക് ഇഷ്ട്ടമാണ്.അവള് ഇഷ്ട്ടമാണ് എന്ന് പറയുമ്പോഴേക്കം njsn അവൾക്ക് മുന്നിൽ മൂക്കും കുത്തി വീണാൽ എന്നെ അവൾക്ക് ഒരു വിലയും ഉണ്ടാകില്ല.അതിനാ ഇങ്ങനെ ഒരു നാടകം.”


         എന്നും പറഞ്ഞ് അവൻ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.


       ”എന്തായാലും അവളെ നീ ഒന്ന് വീട്ടിലേക്ക് എത്തിച്ച് കൊടുത്തേക്ക്‌ ഫൈസീ.എന്റെ പെണ്ണ് അങ്ങനെ ബസിൽ തൂങ്ങി പോകണ്ട.”


        "ഉവ്വ് ഏമാനെ.അങ്ങുന്ന് പറഞ്ഞ പോലെ ചെയ്യാം.”


      അവനു ഒന്ന് ചിരിച്ച് കൊടുത്ത് ഷേസി പോയതിനു പിന്നാലെ ഫൈസിയും പുറത്തേയ്ക്ക് ഇറങ്ങി.അവർ ചെന്നു നോക്കിയപ്പോൾ സ്റ്റോപിന് മുന്നിൽ ബസ് കാത്ത് നിൽക്കുന്ന അവളെ കണ്ടു.അവരെ കണ്ടിട്ടും അവള് മൈൻഡ് ചെയ്തത് പോലുമില്ല.ഫൈസി അവൾക്ക് മുന്നിൽ ബൈക്ക് നിർത്തിയതും അവള് റോഡിന് അടുത്തേക്ക് വന്നു നിന്നു.തൊട്ടരികിൽ മറ്റൊരു ബൈക്കിന് കൈ കാണിച്ചു നിർത്തി അവള് കയറി പോകുന്നത് കണ്ട് അവൻ വായും പൊളിച്ച് നിന്നു.


         പെട്ടെന്ന് പിന്നിൽ നിന്ന് ഹോൺ ശബ്ദം കേട്ടപ്പോൾ ആണ് ഷേസിൻ ചിന്തയിൽ നിന്ന് ഉണർന്നത്.തിരക്കുള്ള റോഡിലാണ് താൻ ഉള്ളതെന്ന് ഓർമ്മ വന്നതും തന്റെ മുന്നിൽ നിൽക്കുന്ന വണ്ടിയിൽ തട്ടാതിരിക്കാൻ അവൻ കാർ ഒരു വശത്തേക്ക് വെട്ടിച്ചു.പെട്ടെന്ന് അവന്റെ കാറിന്റെ ഒരു വശത്തേക്ക് കടന്നു വന്ന ബൈക്കിൽ അവന്റെ കാർ ഇടിച്ചതും ബൈക്കിൽ ഉള്ളയാൾ ഒരു വശത്തേക്ക് തെറിച്ച് വീണു.അപ്പോഴേക്ക് അവിടെ ഒന്നാകെ ബ്ലോക്ക് ആയതും അവൻ കാർ നിർത്തി വണ്ടിയിൽ നിന്നു പുറത്തേക്ക് ഇറങ്ങി.അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടം പതിയെ വലുതായി വരുന്നത് ശ്രദ്ധിക്കാതെ അവൻ ബൈക്കിൽ നിന്ന് വീണ ആളുടെ അരികിലേക്ക് ഓടി.തല പൊട്ടി മുഖത്തേക്ക് ചോര ഒഴുകി പദർന്നതിനാൽ ആളെ വ്യക്തമായില്ല.അവൻ എത്തുമ്പോഴേക്കും ആളുടെ ബോധവും മറഞ്ഞിരുന്നു.ചിന്തിച്ച് നിൽക്കാൻ സമയം ഇല്ലാതെ അവൻ അയാളെ കയ്യിൽ കോരിയെടുത്ത് തന്റെ കാറിലേക്ക് ഓടി.ചുറ്റും കൂടിയ ആളുകൾ തനിക്കെതിരെ ശകാരവർഷം ചൊരിയുന്നത് ശ്രദ്ധിക്കാതെ ബോധം മറഞ്ഞ് കിടക്കുന്ന അയാളെ സീറ്റിലേക്ക് ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് കൊടുത്ത് അവൻ അടുത്തുള്ള ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി കുതിച്ചു.


           🍁🍁🍁🍁🍁🍁🍁🍁🍁


      ” ഇൗ മെഡിസിൻ വാങ്ങിച്ച് വന്നോളൂ.ഇനി പേടിക്കാൻ ഒന്നും ഇല്ല. മോനെ അധികം കളിക്കാൻ ഒന്നും വിടണ്ട.ഇങ്ങനെ കരയേണ്ട ആവശ്യം ഒന്നുമില്ല മോളെ.”


     ഉറങ്ങി കിടന്നിരുന്ന ഷമ്മാസിന്റെ അരികിൽ അവന്റെ ഓമനത്വം തുളുമ്പുന്ന മുഖത്ത് പതിയെ തലോടി കൊണ്ട് മിഴിനീർ വാർക്കുന്ന ഹാനിയെ നോക്കി ഉള്ളിലേക്ക് വന്ന നേഴ്സ് പറഞ്ഞു.അവർ നീട്ടിയ പേപ്പർ വാങ്ങിച്ച് തലയാട്ടി അവള് ഫർമസിയിലേക്ക് പോകാൻ എഴുന്നേറ്റു.അവനെ ഒന്ന് കൂടി നോക്കി അവന്റെ നെറ്റിയിൽ പതിയെ ചുംബിച്ച് അവള് പുറത്തേക്ക് ഇറങ്ങി.


            ഫാർമസി ഉള്ള ഗ്രൗണ്ട് ഫ്ലോറിൽ എത്തി ലിഫ്റ്റിൽ നിന്ന് ഇറങ്ങിയതും തന്റെ മുന്നിൽ വന്നു നിന്നവരെ കണ്ട് അവള് നടുങ്ങി നിന്നു.ആദ്യത്തെ നടുക്കത്തിന് ശേഷം മുന്നിൽ ഉള്ളവരോട് ചിരിക്കണോ വേണ്ടയോ എന്നറിയാതെ ഹാനി കണ്ണും മിഴിച്ച് നിന്നു.


                    (തുടരും)


▬▬▬▬▬▬▬▬▬▬▬▬▬▬

NEXT PART


▬▬▬▬▬▬▬▬▬▬▬▬▬▬

Post a Comment

Please Don't Spam here..