❤ കിസ പാതിയിൽ ❤
🍁 Kisa Paathiyil 🍁
🍁 കിസ
പാതിയിൽ 🍁
പാർട്ട് 05
✍🏻Alone Walker
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
തന്റെ മുന്നിൽ നിൽക്കുന്ന ഹാജ്യാരെയും ഭാര്യയെയും കണ്ട അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു.
"നീയെന്താ മോളെ ഇവിടെ?നീ രാവിലെ കോളജിൽ പോയതല്ലേ.?"
നസീറത്തയുടെ ശബ്ദത്തിൽ ഒരു ഭയം കലർന്നിരുന്ന്.അതേ ചോദ്യം ഹാജ്യാരുടെ മുഖത്തും ഉണ്ടായിരുന്നു.
”അത് ഉമ്മാ ഷമ്മൂന് പെട്ടെന്ന് വയ്യാതായി ഇങ്ങോട്ട്‌കൊണ്ട് വന്നു.ഞാൻ ഉച്ചക്ക് കോളജിൽ നിന്ന് ഇറങ്ങി.നാളെ തന്നെ ഡിസ്ചാർജ് ആകും.കുഴപ്പം ഒന്നും ഇല്ല.”
"പടച്ചോനെ എന്താ കുട്ടിക്ക് പറ്റി.?ഇപ്പൊ എങ്ങനെയുണ്ട്?എനിക്ക് ഒന്ന് കാണാൻ പറ്റുമോ?"
വേവലാതിയോടെ അവർ ചോദിച്ചപ്പോൾ ഹാനി മങ്ങിയ ഒരു ചിരി അവർക്ക് നീട്ടി.
”അവനു കുഴപ്പം ഒന്നുമില്ല ഉമ്മാ.നിങ്ങള് വേണേൽ കേറി കണ്ടോ.ഇവിടുന്ന് നാലാമത്തെ മുറിയാണ്.ഇപ്പൊ ചെറിയ മയക്കത്തിലാണ്.ഉണരുമ്പോഴേക്ക് അവനുള്ള മരുന്ന് വാങ്ങിക്കാൻ ഇറങ്ങിയതാണ്.”
അവളു പറഞ്ഞ് തീർന്നതും അവളുടെ കയ്യിൽ നിന്ന് ശീട്ട് വാങ്ങി ഹാജ്യാർ അതിലേക്ക് ഒന്ന് നോക്കി.
”ഇത് ഞാൻ കൊണ്ട് വരാം. മോള് ഇവളെ കൊണ്ട് പൊയ്ക്കോ.ഇവൾക്ക് ഓരോന്ന് ആലോചിച്ച് ബിപി ഇത്തിരി കൂടി.അതൊന്നു ചെക്ക് ചെയ്യാൻ വേണ്ടി വന്നതാണ്.അവളെ പറഞ്ഞിട്ടും കാര്യമില്ല.നാല് കൊല്ലം കഴിഞ്ഞില്ലേ സ്വന്തം മകനെ ഒന്ന് കണ്ടിട്ട്.അങ്ങോട്ട് വിളിച്ചാൽ എടുക്കുകയും ഇല്ല.ഇങ്ങോട്ട് വിളിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ അവന്റെ വിശേഷം പറയൽ തീരും.അവർക്ക് ആർക്കും പെറ്റ തള്ളേടെം വളർത്തി വലുതാക്കിയ തന്തേടെം കണ്ണീർ കാണണ്ടല്ലോ.അവരൊക്കെ ജീവനോടെ ഉണ്ടോ എന്നെങ്കിലും അവന് അന്വേഷിച്ചൂടെ.അവന്റെ പ്രേമത്തിന് ഞങ്ങള് എതിര് നിന്നിട്ടില്ല.അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ അവളെ നികാഹ് ചെയ്ത് കൊണ്ട് വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറാണ് എന്നേ പറഞ്ഞുള്ളൂ.എന്നിട്ടും അവന് അവളെ കിട്ടിയില്ലെങ്കിൽ പടച്ചോന്റെ വിധി അവന് എതിരായിരുന്നു എന്നല്ലേ അവൻ കരുതേണ്ടി ഇരുന്നത്.ഒരു തെറ്റും ചെയ്യാത്ത ഞങ്ങളിൽ നിന്ന് എന്തിനാ അകന്നു പോയത്.?”
അദ്ദേഹത്തിന്റെ സ്വരത്തിൽ നിറഞ്ഞ് നിന്ന വിറയൽ സ്വന്തം ചോര യിൽ പിറന്ന മകനിൽ നിന്ന് ഏറ്റ് വാങ്ങി കൊണ്ടിരിക്കുന്ന അവഗണനയിൽ ഉള്ള നിരാശ ആണെന്ന് അവൾക്ക് മനസ്സിലായി.പിന്നെ ഒന്നും പറയാതെ അദ്ദേഹം തിരിഞ്ഞ് പോയപ്പോൾ ഹാനി ഉമ്മയെയും കൂട്ടി റൂമിലേക്ക് വന്നു.അവർ തിരികെ കയറുമ്പോൾ ശമ്മാസ് മോൻ കണ്ണുകൾ തുറന്ന് ചുറ്റിലും നോക്കി കിടക്കുകയായിരുന്നു.വാതിൽ കടന്നു വരുന്ന ഹാനിയെ കണ്ടതും അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് അവളെ ചുറ്റി പിടിച്ചു.
"ഇത്തൂ,എന്താ ഇവിടെ എനിക്ക് ഒന്നും ഇല്ല.വാ.നമ്മൾക്ക് വീട്ടിലേക്ക് പോകാം.”
അവളെ ചുറ്റി പിടിച്ചു അവൻ പറഞ്ഞപ്പോൾ നനുത്ത ഒരു പുഞ്ചിരിയിൽ അവളുടെ അധരങ്ങൾ വിടർന്നു.
"ഇനിയിപ്പോ നാളെ വിടുള്ളൂ.രാവിലെ നമ്മൾക്ക് പോകാം.നീ കിടന്നോ.”
അവന് അതിഷ്ട്ടമായില്ലെങ്കിലും താൻ എന്തെങ്കിലും പറഞ്ഞാൽ അവൾക്ക് ഇഷ്ട്ടക്കേട് വരുമോ കരുതി അവനൊന്നും പറയാതെ അവളുടെ മടിയിൽ തല വെച്ച് കിടന്നു.അവന്റെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് അവള് ഇരിക്കുന്നതും ശമ്മാസ് പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും അവളുടെ അരികിൽ ഇരുന്നിരുന്ന ഉമ്മ കണ്ടു.
”ഇവന്റെ അസുഖം എന്താണെന്ന് ഇത് വരെ ആരും കണ്ടെത്തിയില്ല ഉമ്മാ.സ്വന്തം എന്ന് പറയാൻ എനിക്ക് ഇവനെ ഒള്ളൂ.ഇവന്റെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ പോലും പേടിയാണ്.ഇവനെന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ....."
വാക്കുകൾ മുറിച്ച് അവള് അലട്ടി വന്ന കരച്ചിൽ അമർത്തി. ഇരുന്ന ചെയറിൽ നിന്ന് എഴുന്നേറ്റ് ഉമ്മ അവളെ അടുത്തേക്ക് വന്നു അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
”എന്റെ വയറ്റിൽ പിറന്നില്ല എന്നേ ഒള്ളൂ.എന്റെ മക്കള് തന്നെയാ നിങ്ങള് രണ്ടും. ഷമ്മൂന് ഒന്നും പറ്റില്ല.അതൊക്കെ മാറി കൊള്ളും.മോള് അതൊന്നും ഓർത്ത് ടെൻഷൻ അടിക്കണ്ട.എന്ത് ആവശ്യം വന്നാലും ഞങ്ങളില്ലെ നിന്റെ കൂടെ.നീ ഒന്ന് റെസ്റ്റ് എടുക്ക് കുറച്ച് നേരം.ഞാൻ ഇവിടെ ഉണ്ട്.ഞാൻ കാവൽ ഇരുന്നോളാം ഇവന്. ചെല്ല്.”
അവളെ മുഖം തുടച്ച് കൊടുത്ത് കൊണ്ട് അവർ പറഞ്ഞു.വേണ്ടെന്ന് നിർബന്ധിച്ചെങ്കിലും അവരുടെ വാശിക്ക് മുന്നിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു.ശമ്മാസിന്റെ അരികിൽ അവള് അവനെയും ചേർത്ത് പിടിച്ച് കിടക്കുന്നത് കണ്ടപ്പോൾ അവർക്ക് ഓർമ്മ വന്നത് തന്റെ മക്കളുടെ കുട്ടിക്കാലം ആയിരുന്നു. ഷംസീനയും ശസിനും ഇതേ പോലെ ആയിരുന്നു.ഒരു നിമിഷം പോലും പിരിഞ്ഞ് നിൽക്കില്ലായിരുന്നു.അവൻ ചെയ്യാത്ത തെറ്റിന് മാതാപിതാക്കളെ ശിക്ഷിച്ചു കൊണ്ട് ഇറങ്ങി പോയതോടെ കുടുംബത്തിലെ സകല സമാധാനവും നശിച്ചു.മകൾ എന്നും വിളിക്കുമെങ്കിലും അവന്റെ ഒരു വിവരവും അവൾക്കും അറിയില്ല.ഇതിന് മാത്രം എന്താണ് ചെയ്ത തെറ്റെന്ന് മാത്രം അറിയുന്നില്ല.
ശന്തയായി മയക്കത്തിലേക്ക് വഴുതി വീണ ഹാനിയെ നോക്കി അവർ നെടുവീർപ്പിട്ടു.വാതിൽ തുറന്നു ഹാജ്യാർ അകത്തേക്ക് വന്നതും അവർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അയാളുടെ കയ്യിലെ മരുന്ന് വാങ്ങി ടേബിളിൽ വെച്ചു.
”നിങ്ങള് വീട്ടിൽ പൊയ്ക്കോ.ഞാൻ ഇവിടെ ഇവരെ കൂടെ നിന്നോളാം.രാത്രി എന്തേലും ആവശ്യം വന്നാൽ ഹാനി എന്ത് ചെയ്യും.നിങ്ങള് സമ്മതിക്കുകയാണെങ്കിൽ ഞാൻ ഇവിടെ നിൽക്കാം.എന്തായാലും രാവിലെ മോനെ ഡിസ്ചാർജ് ചെയ്യും. അപ്പോ ഞാൻ വരാം.”
”ഞാനത് നിന്നോട് പറയാൻ നിൽക്കുവായിരുന്ന്.അതാ നല്ലത്.അവൾക്ക് ഒറ്റക്ക് നിൽക്കുമ്പോൾ എന്തേലും ആവശ്യം വന്നാൽ എന്ത് ചെയ്യും. നീ ഇവിടെ നിന്നോ.രാവിലെ ഡിസ്ചാർജ് ആയിട്ട് വന്നാൽ മതി.ഞാൻ ഇറങ്ങുവാ. അവൾ കിടന്നൊട്ടെ.പാവം.കുറെ ഓടിപാഞ്ഞ് കാണും.”
അവരോട് യാത്ര പറഞ്ഞ് അദ്ദേഹം പുറത്തേക്ക് ഇറങ്ങി. ലിഫ്റ്റ് വഴി താഴെ എത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് ഒരു കാർ പെട്ടെന്ന് മുന്നിൽ വന്നു ബ്രേക്ക് ഇട്ടു നിന്നത്.ഞെട്ടലിൽ നിന്ന് മുക്തനായപ്പൊഴേക്ക് അതിന്റെ ഫ്രന്റിൽ നിന്ന് ഒരാൾ ദൃതി പിടിച്ച് ഇറങ്ങി ബാക്ക് ഡോർ തുറന്ന് ഒരാളെ പുറത്തേക്ക് എടുത്ത് സ്റ്റ്റെച്ചറിൽ കിടത്തിയിരുന്നു.അയാളുടെ ദേഹം ഒന്നാകെ രക്തത്തിൽ കുതിർന്നിരുന്നു.
”ഷെസീ....മോനെ”
കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത് താൻ ഇത്രയും കാലം കാണാൻ കൊതിച്ച തന്റെ മകനാണെന്ന് മനസ്സിലായതും അവനെ ഉച്ചത്തിൽ വിളിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങി.പിന്നാലെ പോകണം എന്ന് കരുതിയെങ്കിലും അദ്ദേഹം എന്തോ ഓർത്തത് പോലെ അവിടെ തന്നെ നിന്നു.
'ഷെസിൻ വീട് വിട്ട് ഇറങ്ങിയ ശേഷം പലപ്പോഴും അവനെ മുന്നിൽ കാണുന്നതായി തോന്നിയിട്ടുണ്ട്.അവന്റെ പ്രായത്തിൽ ഉള്ള ചെറുപ്പക്കാരെ കാണുമ്പോൾ അവൻ ആണെന്ന് കരുതി അരികിലേക്ക് ചെല്ലും.അരികിൽ എത്തുമ്പോൾ മനസ്സിലാകും അത് തന്റെ മകൻ അല്ലെന്ന്.ഇതും അത് പോലെ ആയിരിക്കും.ഒരു പക്ഷെ തന്റെ മോനാണെങ്കിൽ ഒരിക്കലും സ്വന്തം ഉപ്പയിൽ നിന്ന് അവന് മുഖം തിരിക്കാൻ കഴിയില്ല.അത് തന്റെ മോനല്ല.അങ്ങനെ തന്നെ ആകട്ടെ.’
തന്റെ കൂടെയുള്ള രക്തത്തിൽ കുളിച്ച ആളെ സ്ട്രെച്ചറിൽ കിടത്തി അകത്തേക്ക് ഓടുന്ന അവനെ നോക്കി അദ്ദേഹം മനസ്സിൽ പറഞ്ഞ് കൊണ്ട് ഇടറുന്ന പാദങ്ങൾ മുന്നിലേക്ക് വെച്ചു.
"ഡോക്ടർ,ആക്സിഡന്റ് ആണ്.എന്റെ കാറാണ് ഇടിച്ചത്.ഞാൻ പോലീസിൽ ഇൻഫോം ചെയ്തൊളാം.അയാൾക്ക് ഒന്നും സംഭവിക്കരുത്.”
കൂടെ കൊണ്ട് വന്ന ആളെ തിയറ്ററിലെക്ക് കടത്തി അകത്തേക്ക് പോകാൻ ഷെസിനെ അനുവദിക്കാതെ തടഞ്ഞ് നിർത്തിയപ്പോൾ ഉള്ളിലേക്ക് പോകാൻ നിന്ന ഡോക്ടറോട് അവൻ പറഞ്ഞു.
”പേടിക്കാൻ ഒന്നും ഇല്ല.ചെറിയൊരു മുറിവെ ഉണ്ടാകൂ.രക്തം പോകുന്നത് ഉച്ച തിരിഞ്ഞുള്ള സമയം ആയത് കൊണ്ടാണ്.ടെൻഷൻ വേണ്ട.നിങ്ങള് എന്തായാലും ഇൻഫോം ചെയ്യ്.
അയാളുടെ എന്തെങ്കിലും ഡീറ്റയ്ൽസ് മറ്റോ തനിക്ക് അറിയാമോ.?”
"ഇല്ല ഡോക്ടർ.”
അതിനു ഒന്ന് മൂളി കൊണ്ട് ഡോക്ടർ അകത്തേക്ക് പോയി.എന്തിനെന്ന് അറിയാതെ അവന്റെ ഉള്ളം തുടിച്ച് കൊണ്ടിരുന്നു.തനിക്ക് വേണ്ടപ്പെട്ടവർ ആരോ ഇവിടെ എവിടെയോ ഉള്ളത് പോലെ ഒരു തോന്നൽ.തന്റെ മുന്നിൽ അടഞ്ഞ് കിടക്കുന്ന ചില്ല് വാതിലിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൻ അവിടെ പുറത്ത് ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നു.
അവിടെ ഇരുന്നിട്ടും ഇരിപ്പുറക്കാതെ അവൻ എഴുന്നേറ്റ് ഗ്ലാസ്സ് വാളിലൂടെ താഴേക്ക് നോക്കി.രണ്ടാമത്തെ ഫ്ളോറിലാണ് ഉള്ളത്.പുറത്തെ കാഴ്ചകൾ വ്യക്തമായി കാണാം.കണ്ണുകൾ ലക്ഷ്യമില്ലാതെ ഓരോരുത്തരുടെയും അലയുമ്പോൾ ആണ് മധ്യവയസ്കനായ ഒരാളിൽ കണ്ണുകൾ ഉടക്കിയത്. തളർന്നു നിന്നിരുന്ന അവന്റെ മിഴികൾ അയാളെ കണ്ടതും വികസിച്ചു.
” ഉപ്പാ...”
അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ നിന്ന് ഒരു വിളിനാദം ഉയർന്നു.പുറത്തേക്ക് കുതിക്കാൻ ഒരുങ്ങുമ്പോൾ ആണ് ഗ്ലാസ്സ് ഡോർ തുറന്നു കൊണ്ട് ഒരു നേഴ്സ് പുറത്തേക്ക് വന്നത്.
" സർ...”
പുറത്തേക്ക് ഓടാൻ നിന്ന അവൻ അവരുടെ ശബ്ദം കേട്ടതും അവരെ തിരിഞ്ഞ് നോക്കി.അവരിൽ നിന്ന് നോട്ടം മാറ്റി ഹജ്യാർ നിന്ന ഭാഗത്തേക്ക് വീണ്ടും നോക്കിയതും കണ്ടത് അയാൾക്ക് മുന്നിൽ വന്നു നിന്ന കാറിലേക്ക് കയരുന്നതാണ്.
”ഇത് പേഷ്യന്റിന്റെ ആണ്. ഇത് കുറച്ച് സമയം നിങ്ങളുടെ കയ്യിൽ തന്നെ നിൽക്കട്ടെ.പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ലെന്ന് പറഞ്ഞു ഡോക്ടർ.തലക്ക് ഒരു മുറിവുണ്ട്.തല ഇടിച്ചതിൽ ബോധം പോയതാണ്.വേറെ കുഴപ്പം ഒന്നും ഇല്ല.ഒരു മണിക്കൂറിനുള്ളിൽ റൂമിലേക്ക് മാറ്റാം.”
അവന്റെ കയ്യിലേക്ക് ഒരു കവർ ഏൽപ്പിച്ച് കൊണ്ട് അവർ തിരികെ പോയി.ഒരു നിമിഷം അതും പിടിച്ച് അവൻ സ്തംഭിച്ച് നിന്നു.പുറത്തേക്ക് നോക്കിയപ്പോൾ ഉപ്പ നിന്നിരുന്ന ഭാഗം ശൂന്യമായിരുന്നു.
’ഞാൻ നിങ്ങളെ എല്ലാവരെയും വേദനിപ്പിക്കുന്നു എന്ന് എനിക്ക് അറിയാം ഉപ്പാ.നിങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല എന്നെനിക്ക് അറിയാം.തെറ്റ് ചെയ്തത് ഞാൻ മാത്രമാണ്.വിവാഹ പന്തലിൽ നിന്ന് എന്നെ മാത്രം വിശ്വസിച്ച് ഇറങ്ങി പോന്ന അയാനയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടണമായിരുന്നു.അതിനു പകരം അവള് എന്നോട് കെഞ്ചി പറഞ്ഞിട്ട് പോലും കേൾക്കാതെ അവള് വിട്ട് കൊടുക്കേണ്ടി വന്നു.ഞാൻ അവളെ വിട്ട് കൊടുത്തത് അവൾക്ക് മറ്റൊരു ജീവിതം എന്നെക്കാൾ നല്ലൊരുവന്റെ കൂടെ ഉണ്ടാകാൻ വേണ്ടിയാണ്.പക്ഷേ അത് ഞാൻ അവളെ മരണത്തിലേക്ക് എറിഞ്ഞ് കൊടുത്തത് പോലെയായി.എന്റെ കൺമുന്നിലൂടെ അവള് കടന്നു പോയപ്പോൾ ഒന്ന് പിടിച്ച് നിർത്തിയിരുന്നെങ്കിൽ ഇന്നും അവള് ജീവനോടെ ഉണ്ടാകുമായിരുന്നു.പകരം ഞാൻ കണ്ടത് ചോരയിൽ കുളിച്ച് ജീവനറ്റ അവലെയാണ്.മരണം കൺമുന്നിൽ കണ്ടിട്ടും ഞാൻ വിശ്വസിച്ചിട്ടില്ല അവള് എന്നെ വിട്ട് പോയെന്ന്. ഈ ലോകത്തിന്റെ ഏതോ കോണിൽ എനിക്കായി അവള് കാത്തിരിപ്പുണ്ട്.അതെനിക്ക് ഉറപ്പുണ്ട്.അവളെ തിരിച്ച് കിട്ടും എന്ന് വിശ്വസിക്കാൻ ആനെനിക്ക് ഇഷ്ട്ടം.
നിങ്ങളെ കുറിച്ച് ഞാൻ ഓർക്കാത്തത് അല്ല ഉപ്പാ.ഒരായിരം തവണ നിങ്ങളുടെ അടുക്കലേക്ക് ഓടിവന്നു നിങ്ങളെ വേദനിപ്പിച്ചതിന് നിങ്ങളുടെ ഇരുവരുടെയും കാല് പിടിച്ച് മാപ്പ് പറയണം എന്ന് കൊതിച്ചിട്ടുണ്ട്.പക്ഷേ അയാനയുടെ ഓർമകൾ തിങ്ങി നിൽക്കുന്ന ഇൗ നാട്ടിലേക്ക് വന്നാൽ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നി.
പക്ഷേ ഇപ്പോ,എവിടെയോ അവളുണ്ട് എന്നെനിക്ക് തോന്നുന്നു. അവളുണ്ട്.എനിക്ക് അറിയാം.അവള് മരിച്ചിട്ടില്ല. അത്ര പെട്ടെന്ന് എന്നെ മറന്നു പോകാൻ കഴിയില്ല അവൾക്ക്.’
തന്റെ കയ്യിലെ കവറിൽ നിന്ന് എന്തോ ഒന്ന് താഴേക്ക് ഊർന്നു വീണതും അവൻ ചിന്തയിൽ നിന്ന് ഉണർന്നു.ഉള്ളിൽ കിടക്കുന്ന ആളുടെ പേഴ്സ് കമിഴ്ന്നു കിടക്കുന്നതെടുത്ത് തിരികെ കവരിലേക്ക് വെക്കുമ്പോൾ ആണ് അതിൽ തങ്ങി നിന്ന ഒരു ഫോട്ടോയിൽ അവന്റെ കണ്ണുടക്കിയത്.
"ഫൈസി....”
പേഴ്‌സിനുള്ളിൽ വെച്ച ഫൈസിയുടെ ഡ്രൈവിംഗ് ലൈസൻസിൽ അവന്റെ ഫോട്ടോ കണ്ടതും അവന്റെ കൈകൾ അതിൽ മുറുകി.കയ്യിലെ കവർ അവിടെ വെച്ച് അവൻ ഗ്ലാസ്സ് ഡോറിന്റെ അരികിലേക്ക് ഓടി.ഉള്ളിൽ നിന്ന് അടച്ച വാതിലിന്റെ നടുവിൽ കൂടി ഉൾഭാഗം കാണാൻ കഴിയും വിധം ഉള്ളിലെ പച്ച കർട്ടൻ ഒരു വശത്തേക്ക് നീക്കി ഇട്ടിരുന്നു.അതിലൂടെ നോക്കിയപ്പോൾ കണ്ടത് തലഭാഗം അല്പം ഉയർത്തി വെച്ച നീല ഷീറ്റിട്ട ഒരു കട്ടിലിൽ മയങ്ങി കിടക്കുന്ന ഫൈസിയെ ആണ്.ഒരു നിമിഷം അവന്റെ കാലുകൾ തളർന്നു പോയത് പോലെ തോന്നി.
നാല് വർഷം മുമ്പ് വരെ തന്റെ കൂടെ എന്തിനും ഏതിനും കൂട്ടായി നിന്നവൻ.തന്റെയും അയാനയുടെയും പ്രണയത്തിലെ ഹംസമാണ് അവനെന്ന് പറഞ്ഞ് പലരും അവനെ കളിയാക്കുമ്പോൾ അതെല്ലാം ഒരു ചിരിയിൽ ഒതുക്കി തന്റെ കൂടെ നിന്നവൻ.നാല് വർഷം മുമ്പ് എല്ലാം ഉപേക്ഷിച്ച കൂട്ടത്തിൽ തനിക്ക് നഷ്‌ട്ടമായ തന്റെ സൗഹൃദം.
അവന്റെ മുഖത്ത് പഴയ തെളിച്ചം ഇല്ലെന്ന് തോന്നി അവന്.സദാ സമയവും പുഞ്ചിരിയോടെ നടന്ന അവന്റെ മുഖത്ത് ഇന്ന് കാണുന്നത് ഒരുതരം നിസ്സംഗത ആണ്.പഴയ കളിയും ചിരിയും അവന്റെ മുഖത്ത് നിന്ന് പാടെ നീങ്ങിയിരിക്കുന്നു.
” ഉള്ളിലേക്ക് വന്നു കണ്ടോളൂ.ബോധം വരാൻ അല്പം കൂടി സമയം എടുക്കും.പരിചയം ഇല്ലാത്തവരാണ് എങ്കിലും ഇനിയൊരു കാലത്ത് കണ്ട് മുട്ടുമ്പോൾ മനസ്സിലാക്കാൻ പറ്റുമല്ലോ.”
അവന്റെ കയ്യിൽ കൊടുത്തിരുന്ന കവർ തിരികെ വാങ്ങി കൊണ്ട് പുറത്തേക്ക് വന്ന് നേഴ്സ് ചിരിയോടെ പറഞ്ഞ് അകത്തേക്ക് പോയതിന്റെ പിന്നാലെ അവനും അകത്തേക്ക് പോയി.ഫൈസിയുടെ അരികിലേക്ക് ചെന്ന് അവന്റെ അരികിൽ നിന്ന് അവനെ സൂക്ഷിച്ച് നോക്കി.
"ഇയാളുടെ പേരെന്താ?എന്തെങ്കിലും വിവരം കിട്ടിയോ.?”
അപ്പുറത്ത് നിന്നിരുന്ന ഡോക്ടർ തന്റെ കയ്യിലെ കടലാസിൽ എഴുതാൻ തുടങ്ങിയപ്പോൾ നേഴ്‌സിനോട് ചോദിക്കുന്നത് കേട്ടു.അവർ തന്റെ കയ്യിലെ കവർ തുറന്നു കൊണ്ട് ഫൈസിയുടെ പേഴ്സ് എടുക്കുന്നത് കണ്ടു.അതിൽ അവന്റെ എന്തെങ്കിലും പ്രൂഫ് ഉണ്ടാകും എന്ന് കരുതി നോക്കുന്നതാണ് എന്ന് അവന് മനസ്സിലായി.
"ഇവന്റെ പേര് ഫൈസാൻ അക്തർ.25 വയസ്സ്.വീട് ഇവിടെ അടുത്ത് തന്നെയാണ്.ഇവന്റെ റിലേറ്റീവ്സിനെ വിളിക്കാൻ നമ്പർ എന്റെ കയ്യിൽ ഉണ്ട്.ഞാൻ തരാം.ഇവന്റെ എല്ലാ ഹോസ്പിറ്റലിൽ ചിലവും ഞാൻ തന്നെ എടുത്തോളാം."
”ഇയാലല്ലേ നേരത്തെ ഇവനെ കുറിച്ച് ഒന്നും അറിയില്ല എന്ന് പറഞ്ഞത്.?ഇപ്പൊ എല്ലാ വിവരങ്ങളും ചോദിക്കാതെ തന്നെ പറഞ്ഞല്ലോ.?”
അവനെ സൂക്ഷിച്ച് നോക്കി കൊണ്ട് ഡോക്ടർ ചോദിച്ചു.
"ആദ്യം എനിക്ക് ഇവനെ മനസ്സിലായില്ല.എനിക്ക് അറിയാവുന്ന ആളാണ്.പിന്നെ ഹോസ്പിറ്റൽ ചിലവ് ഞാൻ എടുത്തോളാം എന്ന് പറഞ്ഞത് എന്റെ അശ്രദ്ധ മൂലം ഉണ്ടായ ആക്സിഡന്റ് ആയത് കൊണ്ടാണ്.ഇതിൽ അധികം ഒന്നും എനിക്ക് share ചെയ്യാൻ ഇല്ല.”
അയാളെ തറപ്പിച്ച് നോക്കി അവൻ പുറത്തേക്ക് നടന്നു.അതിന്റെ പിന്നാലെ തന്നെ വന്ന നേഴ്സ് അവന്റെ കയ്യിൽ എന്തൊക്കെയോ ബില്ലും മറ്റും കൊടുത്ത് അത് അടച്ച് വരാൻ പറഞ്ഞു.അതടച്ച് വന്നപ്പോഴേക്കും ഫൈസിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.അവൻ ബോധം വന്നില്ല എന്നത് കൊണ്ട് ഷെസിനും കൂടെ ചെന്നു.അവനെ റൂമിൽ ആക്കി പോകാൻ നിന്ന നേഴ്‌സിനെ അവൻ പിന്നിൽ നിന്നും വിളിച്ച് നിർത്തിച്ചു.
”സിസ്റ്റർ.എനിക്കൊരു ഉപകാരം ചെയ്യണം.ഇവൻ ഉണരുന്നത് വരെ എനിക്കിവിടെ നിൽക്കാൻ കഴിയില്ല.ഇവന്റെ ഹോസ്പിറ്റൽ ബില്ലെല്ലാം ഞാൻ പേ ചെയ്തിട്ടുണ്ട്.ഇനി എന്തെങ്കിലും ബിൽ ഉണ്ടെങ്കിൽ എന്റെ നമ്പറിൽ വിളിച്ചാൽ മതി.ഞാൻ നിങ്ങളുടെ അക്കൗണ്ടിൽ ഇടാം.ഇതെന്റെ കാർഡ് ആണ്.”
എന്നും പറഞ്ഞ് പോക്കറ്റിൽ നിന്ന് തന്റെ ഒരു കാർഡ് എടുത്ത് അവൻ അവരെ ഏൽപ്പിച്ചു. ഒന്നും മനസ്സിലാകാതെ വായും പൊളിച്ച് നിൽക്കുന്ന അവരെ നോക്കി അവൻ തുടർന്നു.
”എന്റെ സിറ്റൂവേഷൻ മനസ്സിലാക്കണം പ്ലീസ്.ഇവന് ബോധം വീഴുന്നതിനു മുമ്പ് എനിക്ക് ഇവിടെ നിന്ന് പോകണം.ഒരു പ്രശ്നവും ഉണ്ടാകില്ല.പോലീസിൽ ഞാൻ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്.എനിക്ക് വേണമെങ്കിൽ നിങ്ങളോട് പറയാതെ തന്നെ ഇവിടെ നിന്ന് പോകാമായിരുന്നു.പക്ഷേ ഞാൻ എന്റെ കാർഡ് വരെ നിങ്ങൾക്ക് തന്നിട്ടാണ് പോകുന്നത്.ഇവന്റെ എന്ത് അവശ്യം ഉണ്ടെങ്കിലും എന്നേ വിളിക്കാം. പ്ലീസ് സിസ്റ്റർ.”
അവൻ പറയുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും അവർ അവന്റേകയ്യിൽ നിന്ന് കാർഡ് വാങ്ങി.അവൻ നന്ദിപ്പൂർവ്വം ചിരിച്ച് കൊണ്ട് അവരെ നോക്കി.അപ്പോഴും മയക്കത്തിൽ ആയിരുന്ന ഫൈസാനെ നോക്കി അവൻ പുറത്തേക്ക് ഇറങ്ങി.
ലിഫ്റ്റിൽ കയറാൻ വെയ്റ്റ് ചെയ്ത് നിൽക്കുമ്പോൾ ആണ് ലിഫ്റ്റിന്റെ അപ്പുറത്ത് ഉള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.അലക്ഷ്യമായി അങ്ങോട്ട് നോക്കിയപ്പോൾ ഉള്ളിൽ നിന്ന് ഹാനിയ പുറത്തേക്ക് വരുന്നത് കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.
’ഇവള് തന്നോടും കോളേജിലും പറഞ്ഞത് മുഴുവൻ കളവാണോ.?ആരും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് എങ്ങനെ ഇത്രയും വലിയ ഒരു ഹോസ്പിറ്റലിൽ തന്റെ ബ്രദരിന് ട്രീറ്റ്മെന്റ് കൊടുക്കാൻ കഴിയും.?’
അവന്റെ ചിന്തകള് പല വഴിക്ക് നീങ്ങിയപ്പോൾ അവന്റെ ഉള്ളിലെ ദേഷ്യം മുഖത്തും പ്രകടമായി.അവളും കണ്ടിരുന്നു തന്നെ രൂക്ഷമായി നോക്കുന്ന ഷെസിനെ.അവന് പരിചയ ഭാവത്തിൽ ഒന്ന് ചിരിച്ച് കൊടുത്തെങ്കിലും അവൻ വെറുപ്പോടെ മുഖം വെട്ടിച്ചു.തന്റെ മുന്നിൽ തുറന്നു നിന്ന ലിഫ്റ്റിന്റെ ഉള്ളിലേക്ക് കയറി.
അവഗണന എന്നും കൂടെപ്പിറപ്പ് ആയത് കൊണ്ട് അവള് അതിനെ കാര്യമാക്കിയില്ല.എങ്കിലും ഉള്ളിൽ ഒരു നോവായി അവന്റെ വെറുപ്പോടെ ഉള്ള നോട്ടം ഉണ്ടായിരുന്നു.
” നീ പോകുന്നില്ലേ മോളെ.?ഞാൻ പോണോ.?”
കഴിക്കാൻ വാങ്ങി വരാം എന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ഹാനി വാതിൽക്കൽ സ്തംഭിച്ച് നിൽക്കുന്നത് കണ്ട് ഉള്ളിൽ നിന്ന് ഉമ്മ ചോദിച്ചതും അവളൊന്നു ഞെട്ടി പോകാമെന്ന് തലയാട്ടി പുറത്തേക്ക് ഇറങ്ങി.ഇനിയും ലിഫ്റ്റ് ഓപ്പൺ ആകുന്നത് കാത്തിരിക്കാൻ ഉള്ള സമയം ഇല്ലെന്ന് തോന്നി സ്റ്റയർക്കേസിന്റെ അരികിലേക്ക് വേഗത്തിൽ കാലുകൾ ചലിപ്പിച്ചു.
കുറച്ച് ദൂരം മുന്നിലേക്ക് ചെന്നതെ ഒള്ളൂ.അപ്പുറത്തെ മുറിയുടെ വാതിൽ തുറന്നു ഒരാള് പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു.ഒരു കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് എങ്കിലും അത് കാര്യമാക്കാതെ പുറത്തേക്ക് ഇറങ്ങി വന്ന അയാള് ബാലൻസ് തെറ്റി വീഴാൻ പോകുന്നത് കണ്ടതും അവള് ഓടി ചെന്നു അയാളെ താങ്ങി പിടിച്ചു.
(തുടരും)