❤ കിസ പാതിയിൽ ❤
🍁 Kisa Paathiyil 🍁
🍁 കിസ
പാതിയിൽ 🍁
പാർട്ട് 6
✍🏻Alone Walker
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
”എന്നെ ഭരിക്കാനും എന്നെ കുറിച്ച് ചിന്തിച്ച് വേവലാതി പെടാനും നീ ആയിട്ടില്ല ഫൈസാൻ.എന്നെ കുറിച്ച് നീ ഓർത്ത് നീയും നിന്റെ വീട്ടുകാരും വിഷമിക്കുകയും വേണ്ട.എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം.കഴുത്തിൽ മെഹർ ചാർത്തി എന്ന് കരുതി നിന്റെ ഭാര്യാ പദവി അലങ്കരിക്കാൻ ഒന്നും ഞാൻ നിൽക്കും എന്ന് കരുതണ്ട.നിന്റെ ഭാര്യയാണ് എന്ന് കരുതി നീ പറയുന്നത് എല്ലാം കേട്ട് നിന്റെ ചൊൽപ്പടിക്ക് നിൽക്കുമെന്നും കരുതണ്ട.
എന്റെ കാര്യം എങ്ങനെ ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം.നീയോ നിന്റെ വീട്ടുകാരോ അതിൽ ഇടപെട്ട് സമയം കളയണ്ട.”
തന്റെ കയ്യിൽ പിടിച്ചിരുന്ന ഫൈസിയുടെ കയ്യിനെ തട്ടി മാറ്റി കൊണ്ട് അവള് പുറത്തേക്ക് ഇറങ്ങി.അവള് ഇറങ്ങി പോകുന്നത് കണ്ട് ദേഷ്യം നുരഞ്ഞ് പൊന്തിയെങ്കിലും മുഷ്ടി രണ്ടും അമർത്തി ചുരുട്ടി ഫൈസാൻ സ്വയം നിയന്ത്രിച്ചു.
പുറത്തേക്ക് ഇറങ്ങിയതും വാതിൽക്കൽ നിൽക്കുന്ന ഫൈസിയുടെ ഉമ്മയെ കണ്ടതും അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു.
ഹോ,മകനോട് ഭാര്യ എന്താ പറയുന്നത് എന്ന് കേൾക്കാൻ കാതോർത്ത് നിൽക്കുകയായിരിക്കും.പേടിക്കണ്ട.നിങ്ങളെ മകനെ ഞാൻ ഒന്നും ചെയ്യാൻ പോണില്ല.ഇവിടെ തന്നെ കാണും.പോകുന്നത് ഞാൻ ആയിരിക്കും.അതിനു മുമ്പ് എനിക്ക് എന്റെ വീട്ടുകാരെ ഒന്ന് പറഞ്ഞ് സമ്മതിപ്പിക്കണം.നിങ്ങളുടെ കൂടെയൊന്നും ജീവിക്കാൻ എനിക്ക് കഴിയില്ല എന്ന്.അതിനുള്ള സാവകാശം മാത്രമേ എനിക്ക് വേണ്ടതുള്ളു.
എപ്പോഴും മകന്റെയും ഭാര്യയുടെയും കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കുന്ന നിങ്ങളെ പോലെയൊക്കെ ഉള്ള ഉമ്മമാർ ഉള്ളിടത്ത് എങ്ങനെയാ അല്ലേലും ജീവിക്കുക.?”
വാക്കുകൾക്ക് നിയന്ത്രണം ഇല്ലാതെ അവളിൽ നിന്ന് കൂരമ്പുകൾ പോലെ അവർക്ക് നേരെ പതിഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ അതിന്റെ പ്രതിഫലനം മിഴിനീർ ആയി ഉരുണ്ട് കൂടി.അത് കണ്ടതും ഫൈസിയുടെ സകല നിയന്ത്രണവും നഷ്ടമായിരുന്നു.
”ഛേ, നിർത്തെടീ.നാക്കിന് എല്ലില്ലെന്ന് കരുതി വായിൽ തോന്നിയത് മുഴുവൻ വിളിച്ച് പറഞ്ഞാൽ അടിച്ചു നിന്റെ മൊന്തെടെ ഷേപ്പ് ഞാൻ മാറ്റും.ഇനി ഒരക്ഷരം എന്റെ ഉമ്മാന്റെ നേരെ നിന്റെ വായിൽ നിന്ന് വന്നാൽ....”
അവളുടെ ദേഹത്ത് കൈ വെക്കാൻ കൈ തരിച്ചെങ്കിലും അവൾക്ക് പിന്നിൽ നിന്ന് ഉമ്മ അതിനെ എതിർത്ത് കൊണ്ട് തലയാട്ടുന്നത് കണ്ട് അവൻ ഒരു വിധം അടങ്ങി.
”ഞാൻ ഇനിയും പറയും.എനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുന്നിലും ഞാൻ പറയും.ഇല്ലാത്തത് ഒന്നും അല്ലല്ലോ പറഞ്ഞത്.ഉള്ള കാര്യം തന്നെയല്ലേ.അല്ലെങ്കിലും നിന്റെ ഉമ്മ എന്തിനാ ഏത് നേരം നോക്കിയാലും ഇവിടെ വാതിലിനു പുറത്ത് നിൽക്കുന്നത്.മകനും മരുമകളും എന്തൊക്കെയാ പറയുന്നത് എന്ന് കേൾക്കാനോ അതോ.....”
പറഞ്ഞ് തീരുന്നതിനു മുമ്പ് അവളുടെ ഇടതു കവിൾ പൊളിഞ്ഞ് പോരും വിധം ഫൈസിയുടെ വലത് കരം അവളിൽ പതിഞ്ഞിരുന്നു.ഒരു വശത്തേക്ക് വേച്ച് വീഴാൻ പോയ അവളെ വീഴാതെ പിടിച്ച് നിർത്തി ഉമ്മ അവന്റെ നേരെ രൂക്ഷമായ നോട്ടം നോക്കി.
”പറഞ്ഞ് കഴിഞ്ഞു നിന്നോട്.ഇനിയൊരു തവണ കൂടി എന്റെ ഉമ്മാന്റെ നേർക്ക് നിന്റെ ശബ്ദം ഉയരരുത് എന്ന്.ഇത്രയും കാലം ഞാനിത് ഓങ്ങി വെച്ചതാണ് മുന്നേ തന്നിരുന്നെങ്കിൽ ഇനി ഒരു തവണ കൂടി നിന്റെ പുഴുത്ത നാവ് കൊണ്ട് എന്റെ ഉമ്മാന്റെ നേരെ നീ തോന്നിവാസം പറയില്ലായിരുന്നു.നീ എന്താടീ കരുതിയത് നിന്റെ തന്തെടെ കയ്യും കണക്കും ഇല്ലാത്ത സ്വത്തും സമ്പത്തും കണ്ടിട്ടാണ് നിന്നെ പോലെ ഒരുത്തിയെ ഞാൻ കെട്ടിയത് എന്നോ.?ആണെങ്കിൽ പൊന്നു മോൾ ഒന്ന് മനസ്സിലാക്കിക്കൊ...ചെറുപ്പം മുതൽ ഒരു ഇഷ്ട്ടം തോന്നി പോയി നിന്നോട്.നിന്റെ തന്തയും തള്ളയും വേറെ ഒരുത്തന് നിന്നെ ഉറപ്പിച്ചപ്പോ ഞാൻ ഒഴിഞ്ഞതാണ്.നിന്റെ ജീവിതം സന്തോഷത്തിൽ ആയിക്കോട്ടെ എന്ന് കരുതിയിട്ട്.എന്നിട്ട് എന്തായി കിട്ടാനുള്ളത് മാക്സിമം വാരി കല്യാണ തലേന്ന് നിന്നെ കെട്ടാൻ നിന്നവൻ കല്യാണത്തിൽ നിന്ന് പിന്മാറി കടലും കടന്ന് പോയപ്പോ നിന്റെ തന്ത തന്നെയാണെടീ എന്റെ കാലിൽ പിടിച്ച് നിന്നെ കെട്ടാൻ പറഞ്ഞത്.
നിന്റെ കുടുംബം ഇന്നും ആൾക്കാരുടെ മുന്നിൽ തല ഉയർത്തി പിടിച്ച് നിൽക്കുന്നുഉണ്ടെങ്കിൽ അതീ ഫൈസാൻ കാരണമാണെടീ.”
"ഫൈസീ.”
അവൻ അതിര് കടക്കുമെന്ന് കരുതി ഉമ്മ ശാസനയോടെ വിളിച്ച് കൊണ്ട് അവർക്ക് ഇരുവർക്കും ഇടയിൽ കയറി നിന്നു.അവരെ ഒരു വശത്തേയ്ക്ക് മാറ്റി നിർത്തി അവൻ.
”ഉമ്മ മിണ്ടാതിരിക്ക്,നിങ്ങളും ഉപ്പയും പറഞ്ഞിട്ടാണ് ഇത്രയും കാലം ഇവൾക്കേതിരെ ഞാൻ ഒരു അക്ഷരം പറയാതെ ഇവള് പറയുന്നതെല്ലാം കേട്ട് കണ്ണും പൂട്ടി ഇരുന്നത്.അത് ഇവളെയും ഇവളെ തന്തയെയും പേടിച്ചിട്ടാണ് എന്നൊരു വിചാരം ഉണ്ട് ഇവൾക്ക്.”
അവൾക്ക് നേരെ രൂക്ഷമായ നോട്ടം നോക്കി കൊണ്ട് അവൻ തുടർന്നു.
”നീ ഇൗ വീടിന്റെ പടി കടന്ന് വന്ന അന്ന് നഷ്ടപ്പെട്ടതാണ് ഇൗ വീട്ടിൽ ഉള്ള ഓരോരുത്തരുടെയും മനസ്സമാധാനം.നിന്റെ ഭർത്താവ് ആണെന്നും പറഞ്ഞ് നടക്കാൻ കൊതി ആയിട്ടോന്നും അല്ലടീ ഞാൻ ഇപ്പോഴും നിന്നെ ഡിവോഴ്‌സ് ചെയ്യാതെ ഇപ്പോഴും പിടിച്ച് നിർത്തിയത്.ജീവിതത്തിനും മരണത്തിനും ഇടയിൽ നിൽക്കുന്ന നിന്റെ ഉമ്മക്ക് കൊടുത്തൊരു വാക്കിന്റെ പുറത്താണ് ഇന്നും നീ ഇൗ വീട്ടിൽ ജീവനോടെ നിൽക്കുന്നത്.
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.ഇനി മേലാൽ നിന്റെ നാവിൽ നിന്ന് ഇത് പോലത്തെ വിഷം നിറച്ച വാക്കുകൾ ഇൗ വീട്ടിൽ ആരുടെയെങ്കിലും നേരെ ഉയർന്നാൽ ഇപ്പൊ കണ്ട ഫൈസാനെ ആയിരിക്കില്ല നീ കാണുന്നത്.മര്യാദക്ക് അടങ്ങിയൊതുങ്ങി ജീവിച്ചോണം.”
വെറുപ്പോടെ അവളെ പിടിച്ച് പിന്നിലേക്ക് തള്ളി അവൻ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി.കോലായിൽ തന്നെ തന്റെ നീളൻ ചാരു കസേരയിൽ കാലും നീട്ടി വെച്ച് മുഖത്തിന് മീതെ കൈകൾ മറയാക്കി വെച്ച് കിടക്കുന്ന ഉപ്പയെ കണ്ടതും അവൻ ഒന്ന് നിന്നു.
”മകനെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ ഉണ്ടായിരുന്ന ഉത്സാഹം ഒന്നും മരുമകൾ ഇവിടെ കിടന്നു പേപ്പട്ടിയെ പോലെ തുള്ളുമ്പോൾ കാണുന്നില്ലല്ലോ. മുമ്പൊക്കെ എന്റെ നേരെ ആക്രോശിക്കാനും എന്നോട് കൽപ്പിക്കാനും നല്ല ഉഷിരായിരുന്നല്ലോ.നിങ്ങള് പറയുന്ന എന്തും അനുസരിക്കുന്ന അടിമയാണെന്ന് കരുതി എന്തിനും നിന്ന് തരും എന്ന് കരുതിയല്ലെ അവളെ എന്റെ തലയിൽ കെട്ടി വെച്ചത്.എന്നിട്ടെന്തേ ഇപ്പൊ നിങ്ങളുടെ നാവ് ഇറങ്ങി പോയോ.വന്നു കയറിയ നിമിഷം നഷ്ടപ്പെട്ടതാണ് എനിക്ക് എന്റെ സമാധാനം.എന്തും ഏതും പറയാൻ ഉണ്ടായിരുന്ന ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.ഇന്നവൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും അറിയില്ല.മതിയായില്ലേ നിങ്ങൾക്ക് എന്റെ ജീവിതം കൊണ്ട് അമ്മാനമാടിയിട്ട്.അവളുടെ സ്വഭാവത്തിന് ഡിവോഴ്‌സ് പേപ്പർ അവളുടെ മുഖത്തേക്ക് എറിഞ്ഞ് കൊടുത്ത് പോകാൻ അറിയാഞ്ഞിട്ടല്ല.മരണം കാത്ത് കിടക്കുന്ന അവളുടെ പാവം ഉമ്മാനെ ഓർത്തിട്ട് ആണ്.ഇല്ലെങ്കിൽ എന്നേ അവളെന്ന നശൂലത്തെ എന്റെ ജീവിതത്തിൽ നിന്ന് വലിച്ചെറിഞ്ഞ് ഈ വീടും വിട്ട് എന്നേ ഇറങ്ങി പോയേനെ.എന്നെ ഓർത്തും എന്റെ ജീവിതത്തെ ഓർത്തും കണ്ണീർ വാർക്കുന്ന ഉമ്മയുണ്ട് ഇവിടെ.ഇല്ലെങ്കിൽ .....”
ബാക്കി പറയാതെ അവൻ വിഴുങ്ങി.ഇത്രയൊക്കെ പറഞ്ഞിട്ടും ഉപ്പയിൽ ഒരു കുലുക്കവും ഇല്ലായിരുന്നു.മുഖത്തിന് മറയായി വെച്ച കൈകൾ എടുത്ത് മാറ്റിയത് പോലും ഇല്ല.ദേഷ്യത്തിൽ അവിടെ ഉണ്ടായിരുന്ന കസേര ചവിട്ടി തെറിപ്പിച്ച് അവൻ ബൈക്കും എടുത്ത് പുറത്തേക്ക് കുതിച്ചു.എങ്ങോട്ടെന്നില്ലാതെ പോകുമ്പോൾ മുഴുവൻ അവന്റെ ഓർമയിൽ എന്നും നോവുണർത്തുന്ന ഷെസിന്റെ മധുരമുള്ള ഓർമ്മകൾ ആയിരുന്നു.
ആദ്യമായി സ്നേഹിച്ചവളെ അവളുടെ മനസ്സിൽ അല്പം പോലും സ്ഥാനം തനിക്കില്ലെന്ന് അറിഞ്ഞിട്ടും എന്നെങ്കിലും ഒരിക്കൽ അവളുടെ മനസ്സിൽ താൻ കുടിയേരും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.പക്ഷേ ഇന്ന് വരെ അവളിൽ നിന്ന് സ്നേഹപൂർവ്വമുള്ള ഒരു നോട്ടം പോലും കിട്ടിയിട്ടില്ല.അവളെ അവളുടെ ഇഷ്ട്ടമുള്ള ജീവിതം തിരഞ്ഞെടുക്കാൻ വിടണമെന്നുണ്ട്.പക്ഷേ എന്നും കൈ വിടാതെ കത്തോളാം എന്ന് വാക്ക് കൊടുത്തപ്പോൾ അവളുടെ ഉമ്മയുടെ മുഖത്തെ സന്തോഷമാണ് എന്നും അതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുന്നത്.തന്നോടുള്ള വെറുപ്പിൽ നൂറിരട്ടി തന്നിൽ നിന്ന് അകന്നു പോകണം എന്നവൾ ആഗ്രഹിക്കുമ്പോൾ അതിന്റെ എത്രയോ ഇരട്ടി പ്രണനായി സ്നേഹിച്ച അവളെ അവളുടെ സന്തോഷത്തിന് വേണ്ടി തന്റെ ജീവിതത്തിൽ നിന്ന് പറഞ്ഞയക്കണം എന്ന ആഗ്രഹം തനിക്കുണ്ട്.അവൾക്ക് വേണ്ടി കാത്തിരുന്നു തന്റെ ജീവിതം കൂടി നശിപ്പിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല.അതെ വഴിയുള്ളൂ.
ഒരിക്കലും അവളെ വേദനിപ്പിക്കരുത് എന്ന് കരുതിയിരുന്നതാണ്.പക്ഷേ നിയന്ത്രണം വിട്ട് പോയി.
അവളെ കുറിച്ച് മാത്രം ഓർത്ത് എങ്ങോട്ടെന്നില്ലാതെ ബൈക്ക് ഓടിക്കുമ്പോൾ തൊട്ടു മുന്നിലെ ബ്ലോക്ക് കണ്ട് അവൻ വണ്ടി ഒരു വശത്തേക്ക് വെട്ടിച്ചു.പെട്ടെന്ന് തന്റെ മുന്നിൽ ഉണ്ടായിരുന്ന കാരും അതെ ദിശയിലേക്ക് വെട്ടിച്ചത് കണ്ട് അതിൽ ഇടിക്കാതിരിക്കാൻ അവൻ ശ്രമിച്ചെങ്കിലും അതിന് മുമ്പേ കാർ അവന്റെ ബൈക്കിൽ തട്ടി അവൻ റോഡിലേക്ക് തെറിച്ചിരുന്നു.തല ചെന്ന് എവിടെയോ ഇടിച്ചതും ആളുകൾ ചുറ്റിലും ഓടി കൂടിയതും മാത്രം ഓർമ്മയുണ്ട്.
തലക്ക് ചുറ്റും ശക്തമായ വേദന അനുഭവപ്പെട്ടപ്പൊഴാണ് കണ്ണ് തുറന്നത്.ഏതോ ഹോസ്പിറ്റലിൽ ബെഡിൽ ആണ് താൻ ഉള്ളത്.അരികിൽ എങ്ങും ആരെയും കാണുന്നില്ല.തല ഇളകിയപ്പോൾ ശക്തമായ വേദന പാഞ്ഞ് കയറിയതും അവൻ മുഖം ചുളിച്ച് ഒരു വിധം എഴുന്നേറ്റ് ഇരുന്നപ്പോൾ ആണ് ഒരു നേഴ്സ് ഡോർ തുറന്ന് അകത്തേക്ക് വന്നത്.
”ഹാ.നിങ്ങള് എഴുന്നേറ്റു അല്ലെ.വേധനയുണ്ടാകും.വീട്ടിൽ അറിയിച്ചിട്ടുണ്ട്.അവർ എത്തിക്കൊള്ളും.രാവിലെ തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.നല്ല റെസ്റ്റ് എടുക്കണം.തല അധികം ഇളക്കണ്ട. മുറിവിന് ആഴം ഇല്ലെങ്കിലും നിസ്സാരമായി കാണണ്ട.കാലിന് ചെറിയൊരു ഫ്രാക്ചർ ഉണ്ട്.”
അവനു എടുക്കാനുള്ള ഇഞ്ചക്ഷന്റെ മരുന്ന് സിരിഞ്ചിലേക്ക് നിരക്കുന്നതിനിടയിൽ നേരിയ പുഞ്ചിരിയോടെ അവർ പറഞ്ഞു.
"സിസ്റ്റർ, ആരാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.?ആളെ എനിക്കൊന്നു കാണാൻ കഴിയുമോ.?”
ഇഞ്ചക്ഷൻ എടുത്ത് കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു.
”ആളിത്രയും നേരം ഇവിടെ തന്നെ ഉണ്ടായിരുന്നു.അയാൾക്ക് നിങ്ങളെ നന്നായി അറിയാം.നിങ്ങളുടെ എല്ലാ ഹോസ്പിറ്റൽ ബില്ലും അടച്ചിട്ടാണ് പോയത്. പേരോ മറ്റ് വിവരങ്ങളോ ഒന്നും പറഞ്ഞതായിട്ട് ഓർമ്മയില്ല.ചിലപ്പോ റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചാൽ അറിയുമായിരിക്കും.
നിങ്ങളുടെ ഒക്കെ അതെ പ്രായം ആണ്.താടി ഒക്കെ വെച്ചിട്ട് ഒരു അഞ്ചര ആറടി ഉയരം ഒക്കെയായിട്ട്.”
അവർ പറഞ്ഞപ്പോൾ അവൻ അയാളെ കുറിച്ചുള്ള ചിന്തയിൽ ആണ്ടു.അലക്ഷ്യമായി റൂമിൽ കണ്ണോടിക്കുമ്പോൾ ആണ് ബെടിന് തൊട്ട് താഴെയായി ഒരു കാർഡ് കിടക്കുന്നത് കണ്ടത്.കാലനക്കാൻ വയ്യാത്തത് കൊണ്ട് അവൻ പതിയെ അതെടുത്ത് നോക്കിയതും അതിൽ കണ്ട പിക് അവന്റെ കണ്ണിൽ പതിഞ്ഞതും നടുക്കത്തോടെ അവന്റെ കണ്ണുകൾ വിടർന്നു.
”ഷെസീ.....”
ശരീരം ഒന്നാകെ ഒരു ഊർജ്ജം കയറിയത് പോലെ അവൻ വേദന കാര്യമാക്കാതെ എഴുന്നേറ്റ് വേച്ച് വേച്ച് പുറത്തേക്ക് ഓടി.വാതിൽ കടന്നതും കാലിന്റെ മസിൽ കയറി ബാലൻസ് കിട്ടാതെ അവൻ താഴേക്ക് പതിക്കാൻ ആഞ്ഞതും ഏതോ ഒരു കൈ വന്നു അവനെ താങ്ങിയതും ഒരുമിച്ച് ആയിരുന്നു.നന്ദിയോടെ അവൻ തന്നെ പിടിച്ചയാലെ നോക്കിയപ്പോ കണ്ടത് തന്റെ ഭാരം താങ്ങാൻ കഴിയാതെ മുഖം ചുളിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയെ ആണ്.
ഒന്നും മിണ്ടാതെ അവന് ഒന്ന് ചിരിച്ച് കൊടുത്ത് ഹാനി അവനെ ഒരു വിധത്തിൽ നേരെ നിർത്തിയപ്പോൾ അവൻ നന്ദിയോടെ അവളെ നോക്കി.
"ഇങ്ങനെ ചാടി ചാടി നടന്നാൽ കാല് ഇളകി വേദനയാകില്ലെ ഇക്കാ. തലയിലെ ബാൻഡേജിൽ ഇപ്പൊ തന്നെ ചോര പൊടിഞ്ഞ് തുടങ്ങി.എന്തേലും ആവശ്യം ഉണ്ടെങ്കിൽ കൂടെ ഉള്ളവരെ വിട്ടാൽ പോരായിരുന്നോ.ഇൗ വയ്യാത്ത കാലും വെച്ച് ഇരങ്ങണമായിരുന്നോ.?”
തന്റെ ആരും അല്ലാത്ത തന്നെ സഹായിക്കുമ്പോൾ പോലും അവളുടെ വാക്കുകളിൽ ഉള്ള കരുതലും സ്നേഹത്തോടെയുള്ള ശാസനയും കേട്ട് അവൻ കൗതകത്തോടെ അവളെ നോക്കി.അവന്റെ കൈ തന്റെ ചുമലിലൂടെയിട്ട് അവള് അവനെ തിരികെ റൂമിലേക്ക് കൊണ്ട് പോകാൻ നോക്കിയതും അവൻ എതിർത്തു.
"എനിക്ക് പുറത്തേക്ക് ആണ് പോകേണ്ടത്.?എന്നെ വിട്ടേക്ക്.”
”അത് ശരി, അതെന്ത് വർത്താനാണ്?ഇക്കാന്റെ പറച്ചിൽ കേട്ടാൽ തൊന്നുമല്ലോ ഇക്കാനേ ഏതോ ഭ്രാന്ത് ആശുപത്രിയിൽ കൊണ്ടോയി ഇട്ടിട്ട് അവിടുന്ന് ചാടി പോകാൻ ഉള്ള തന്ത്ര പാടിൽ ആണെന്ന്.തൽക്കാലം ഇൗ കാലും വെച്ച് എങ്ങോട്ടും പോകണ്ട.റൂമിൽ ഉള്ളവരോട് പറഞ്ഞാൽ മതി."
"അതിന് എന്റെ കൂടെ ആരും ഇല്ല.”
" അതൊണ്ടാണോ ഇങ്ങനെ കാള കയർ പൊട്ടിച്ച് ഓടുന്നത് പോലെ ഇൗ കാലും വെച്ച് ഓടുന്നത്.?തൽക്കാലം നിങ്ങളെ കാര്യം നിങ്ങളുടെ വീട്ടുകാർ വരുന്നത് വരെ ഞാൻ നോക്കിക്കോളാം.അത് വരെ റൂമിൽ ഇരിക്ക്.”
അവനെ വലിച്ച് റൂമിൽ ആക്കിയപ്പോൾ അവളോട് ദേഷ്യം തോന്നിയെങ്കിലും അവളുടെ കൊച്ചുകുട്ടികളെ പോലെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ ദേഷ്യം മുഴുവൻ അലിഞ്ഞ് പകരം ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.
”പറയാതിരിക്കാൻ വയ്യ.നിങ്ങൾക്ക് കാണുന്ന മൊഞ്ച് മാത്രേ ഉള്ളൂ.ഇങ്ങനെ മസിലും വീർപ്പിച്ച് നടന്നോ.നിങ്ങളെ താങ്ങിയ എന്റെ നടു ഉഴിയാൻ ഇനി ഇവിടെ ഒരു ഡോക്ടറെ തപ്പേണ്ടി വരും.എന്തൊരു മുടിഞ്ഞ വെയ്റ്റാണ്.എന്റെ നടുവും പോയി പിടലിയും ഉളുക്കിയെന്നാ തോന്നുന്നത്.”
അവനെ ബെടിലേക്ക് ഇരുത്തി നടുവിന് കൈ രണ്ടും കുത്തി തല ഇരുവശത്തേക്കും ഇളക്കി കൊണ്ട് അവള് പറഞ്ഞു.അതിന് മറുപടി ഒന്നും പറയാതെ അവൻ ചിരിയോടെ ഇരുന്നതെ ഒള്ളൂ.
”എന്തിനാ പുറത്തേക്ക് ഇറങ്ങിയത്.?എന്തെങ്കിലും വാങ്ങിക്കാൻ ആണെങ്കിൽ പറ.ഞാൻ വാങ്ങി വരാം.ഇനിയും ആ കാലും കൊണ്ട് ചാടാൻ നിൽക്കണ്ട.”
”അത് പിന്നെ ഞാൻ ഒരാളെ നോക്കാൻ വേണ്ടി വന്നതാണ്.,എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആളെ.എന്റെ പഴയൊരു ഫ്രണ്ട് ആണ്.അവനെ ഒന്ന് കാണാൻ വേണ്ടിയാണ്.താൻ പൊയ്ക്കോ.ഇനി അവനെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.”
അവന്റെ ഉള്ളിൽ വിഷമം ഉണ്ടായിരുന്നെങ്കിലും അവൻ പുറത്ത് കാണിച്ചില്ല.അവൻ പറഞ്ഞതിന് തലയാട്ടി അവൾ പുറത്തേക്ക് പോയി.അവള് പോയി അല്പം കഴിഞ്ഞതും മറ്റൊരു നേഴ്സ് വാതിലിൽ മുട്ടി അകത്തേക്ക് വന്നു.അവരുടെ കയ്യിൽ തന്റെ ഫോണും മറ്റും കണ്ടെങ്കിലും അവന്റെ കണ്ണുകൾ നീണ്ടത് അവരുടെ കണ്ണുകളിലേക്ക് ആണ്.എന്തോ തിരയുന്നത് പോലെ പിടച്ചിൽ കണ്ണുകളിൽ ഉണ്ട്.ഒടുക്കം തേടി കൊണ്ടിരുന്ന തന്റെ അരികിലെ ടേബിളിൽ കണ്ടത് പോലെ അവരുടെ കണ്ണിൽ തിളക്കം വന്നതും അവന്റെ കണ്ണുകൾ അങ്ങോട്ട് നീങ്ങി. ഷേസിന്റെ കാർഡ് മാത്രമേ അവിടെയുള്ള്.അതവൻ കയ്യിൽ എടുത്തപ്പോൾ അവരുടെ മുഖത്ത് വീണ്ടും പരിഭ്രമം നിറഞ്ഞു.
"നിങ്ങള് ഇതിന് വേണ്ടി വന്നതാണോ.?”
കാർഡ് തന്റെ വിരലുകൾക്കിടയിൽ ഉയർത്തി പിടിച്ച് കൊണ്ട് അവൻ ചോദിച്ചപ്പോൾ അവർ അതെയെന്നും അല്ലെന്നും തലയാട്ടി.അവന്റെ സാധനങ്ങൾ അവർ ടേബിളിൽ വെച്ച് പോകാൻ നിന്നതും അവൻ പിന്നിൽ നിന്ന് വിളിച്ച് നിർത്തി.
ഇൗ കാർഡിന് വേണ്ടിയാണ് നിങ്ങള് വന്നതെന്ന് എനിക്ക് അറിയാം.അവനാണ് എന്നേ ഇവിടെ എത്തിച്ചത് എന്ന് ഒരിക്കലും ഞാൻ അറിയാതിരിക്കാൻ വേണ്ടി അല്ലെ അവൻ എന്നോട് പറയാതെ ഇവിടെ നിന്ന് പോയത്.?നിങ്ങളോട് മാത്രമേ അവൻ പറഞ്ഞ് കാണൂ.നിങ്ങൾക്ക് അവനെ കുറിച്ച് എന്തെങ്കിലും അറിയുമെങ്കിൽ പറയണം.എന്റെ ചെറുപ്പം മുതലുള്ള കൂട്ടാണ് അവൻ.നാല് വർഷമായി അവനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.അവനെ അന്വേഷിക്കാത്ത ഒരു സ്ഥലവും ഇല്ല. പ്ലീസ്.നിങ്ങൾക്ക് അറിയുമെങ്കിൽ പറയണം.”
ഒരു നിമിഷം ആലോചിച്ചു നിന്നു നേഴ്സ് പതിയെ അവനോട് നടന്നതെല്ലാം പറഞ്ഞു.കേട്ട ശേഷം അവൻ ഒരു ദീർഘനിശ്വാസമെടുത്ത് അവരെ നോക്കി.
”എന്റെ കയ്യിൽ ഈ കാർഡ് ഉള്ളത് അവൻ അറിയണ്ട.ഞാനിത് കണ്ടിട്ടില്ല എന്ന് തന്നെ അവൻ കരുതിക്കോട്ടെ.ഇത്രയും കാലം കൂടെ നടന്നിട്ടും ഒരു വാക്ക് പോലും പറയാതെ ഒരു സുപ്രഭാതത്തിൽ അവൻ പോയി.തിരികെ വന്നപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നിട്ടും എനിക്ക് മയക്കം വിടുന്നതിനു മുൻപ് അവൻ ഇവിടം വിട്ടു പോയെങ്കിൽ അതിന്റെ അർത്ഥം അവന്റെ ഉള്ളിൽ ഇത്രയും കാലം ഞാൻ നിധി പോലെ കാത്ത് സൂക്ഷിച്ച സൗഹൃദത്തിന്റെ നേരിയ കണിക പോലും ഇല്ലെന്നല്ലെ.ഒരിക്കൽ അവൻ വരും എന്റെ മുന്നിലേക്ക്.അതിനു വേണ്ടി ഞാൻ കാത്തിരിക്കും.വരാതിരിക്കാൻ ആകില്ല അവന്.”
അവർക്ക് നേരെ കാർഡ് നീട്ടി കൊണ്ട് അവൻ പറഞ്ഞപ്പോൾ അവർ മിഴിച്ച് നിന്നതെ ഒള്ളൂ.പിന്നെ ഒന്നും പറയാതെ കാർഡ് വാങ്ങി അവർ തിരികെ പോയി.മനസ്സ് ആകെ അസ്വസ്ഥമായത് പോലെ തോന്നി.ഫോൺ എടുത്ത് നോക്കിയപ്പോൾ അഞ്ചാറ് മിസ്ഡ് കോൾ ഉണ്ട്.വീട്ടിൽ വിവരം എത്തിയിട്ടുണ്ട് എന്നവന് മനസ്സിലായി.എല്ലാം ഉമ്മയുടെ നമ്പറിൽ നിന്നാണ്.രണ്ടെണ്ണം ഉപ്പയുടെതും.അതിൽ ഒന്നിൽ പോലും അവളുടെ നമ്പർ ഇല്ലെന്ന് കണ്ടപ്പോൾ അവന് വല്ലാതെയായി.
ഉമ്മയുടെ നമ്പറിലേക്ക് തിരികെ വിളിച്ച് കുഴപ്പം ഒന്നും ഇല്ലെന്നും വരേണ്ടെന്നും പറഞ്ഞ് കോൾ കട്ടാക്കിയപ്പോൾ ആണ് ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്.അങ്ങോട്ട് നോക്കിയപ്പോൾ കണ്ടത് വാതിൽ തുറന്ന് അകത്തേക്ക് വരുന്ന ഹാനിയെ ആണ്.അവളുടെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു.
"ഫുഡ് ആണ്.വന്നിട്ട് ഒന്നും കഴിച്ചില്ല എന്നറിയാം.വീട്ടിൽ നിന്ന് ആരെങ്കിലും വരുമ്പോൾ കുറെ നേരം ആകില്ലെ.അതോണ്ട് കൊണ്ട് വന്നതാണ്.ഫുഡ് കഴിക്കാതെ നിന്നാൽ കഷ്ടപ്പെട്ട് ഉരുട്ടി കൂട്ടിയ മസിലോക്കെ പോയാലോ.?”
ചിരിയോടെ പറഞ്ഞ് അവള് അവനോട് അനുവാദം വാങ്ങിക്കാതെ കവറിൽ നിന്ന് ഒരു പ്ലേറ്റ് എടുത്ത് കഴുകി ഫുഡ് അതിലേക്ക് വിളമ്പി അവന് മുന്നിലെ ടേബിലിലേക്ക് വെച്ച് അവന്റെ നേരെ ആക്കി.
"ഞാൻ കുറച്ച് കഴിഞ്ഞ് വരാം.എന്റെ അനിയൻ ഉണ്ട് അപ്പുറത്ത്.”
”തന്റെ പേരെന്താ?”
അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞ് കൊണ്ട് അവള് പോകാൻ നിന്നതും പിന്നിൽ നിന്ന് അവന്റെ ചോദ്യം കേട്ട് അവള് അവിടെ നിന്ന് അവന്റെ നേരെ വീണ്ടും തിരിഞ്ഞു.
”ഒരു പേരിൽ എന്തിരിക്കുന്നു മാഷേ?നിങ്ങൾക്ക് ഇന്ന് ആരോഗ്യം മോശമായപ്പോൾ ഒരാള് ഹെല്പ് ചെയ്ത് തന്നു.അതൊരിക്കലും നിങ്ങളുടെ പക്കലുള്ള നന്ദിയോ മറ്റെന്തെങ്കിലും കോമ്പ്ളിമെന്റ് ഒക്കെ പ്രതീക്ഷിച്ച് അല്ല.നാളെ ഇത് പോലെ ഞാനും ഒരു ആശ്രയം ഇല്ലാതെ കിടന്നാൽ ആരെങ്കിലും സഹായിക്കാൻ വന്നാലോ.?നിങ്ങൾക്ക് വരാനും നിങ്ങളെ പരിപാലിക്കാനും ഒക്കെ നിങ്ങളെ ഫാമിലി ഉണ്ടാകും.പക്ഷേ എന്നെ കാത്തിരിക്കാനും എനിക്ക് സ്വന്തം എന്ന് പറയാനും ഈ ലോകത്ത് ആകെ ഒരാളെ ഒള്ളു.അതെന്റെ അനിയനാണ്.അവനാണ് അപ്പുറത്തെ റൂമിൽ കിടക്കുന്നത്.എനിക്ക് ഈ ലോകത്ത് മറ്റെന്തിനെക്കാളും പ്രധാനം അവനാണ്.ഒരു പക്ഷെ എന്റെ ജീവനേക്കാൾ ഉപരി.
ഇതൊക്കെ എന്തിനാണ് നിങ്ങളോട് പറയുന്നത് എന്നെനിക്ക് അറിയില്ല.ആദ്യം കണ്ടപ്പോൾ കൂടെ ആരുമില്ലെന്ന് അറിഞ്ഞപ്പോ എന്നെ പോലെ ഒറ്റപ്പെട്ട ആളാണോ എന്ന് കരുതി.അങ്ങനെ ഒരു അടുപ്പം തോന്നിയത് കൊണ്ട് പറഞ്ഞതാണ് .ഒരു പക്ഷെ ഇതൊക്കെ ഇന്ന് രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ നമ്മള് ഇരുവരും മറക്കും.അതൊന്നും എനിക്കൊരു പ്രശ്നമേ ഇല്ല.പിന്നെ ഇങ്ങനെ ഒരു പരിചയപ്പെടുന്നത് കൊണ്ട് എന്താ ഉപകാരം ഉള്ളത്.
ഞാൻ പറഞ്ഞത് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ആം സോറി. ഗുഡ് നൈറ്റ്.”
പുഞ്ചിരിയോടെ പറഞ്ഞ് വാതിൽ അടച്ച് അവള് പോയപ്പോൾ അവന് ചുറ്റിലും വല്ലാത്തൊരു ശൂന്യത തോന്നി.അവളെ കുറിച്ച് ഒന്നും മനസ്സിലായില്ലെങ്കിലും അവള് പറഞ്ഞത് പോലെ ഒരു അടുപ്പം അവളോടു തനിക്ക് തോന്നിയ പോലെ.അധികം ആലോചിച്ച് നിൽക്കാതെ ഫുഡ് കഴിച്ച് അവൻ കിടന്നു.ഇത്രയും നേരം കലുഷിതമായ മനസ്സ് അവളുടെ സാമീപ്യത്തിൽ ശന്തമായത് പോലെ തോന്നി അവന്. എപ്പോഴോ ഉറക്കത്തിലേക്ക് മയങ്ങി വീഴുമ്പോൾ മുഴുവൻ അവന്റെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വിടർന്നു നിന്നിരുന്നു.
(തുടരും)