Kisa Paathiyil Part 7

 ❤ കിസ പാതിയിൽ  ❤

🍁 Kisa Paathiyil 🍁

by Alone Walker ( saifudheen )
▬▬▬▬▬▬▬▬▬▬▬▬▬▬


🍁 കിസ

          പാതിയിൽ 🍁

           പാർട്ട് 7


     Written by:- 

                    Alone Walker


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


           ”അവള് വന്നില്ലല്ലോ? ഇനിയിന്ന് വരില്ലേ.?നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ?”


         രാവിലെ ക്ലാസിൽ എത്തിയത് മുതൽ അയാനയുടെ വരവും നോക്കി ഇരുന്ന ഷെസിൻ ക്ലാസ്സ് തുടങ്ങാൻ നേരമായിട്ടും അവളെ കാണാഞ്ഞ് ടെൻഷനോടെ ഫൈസിയെ നോക്കി.


         ”നിന്റെ ടെൻഷൻ കണ്ടാൽ തോന്നും നിന്റെ കേറ്റ്യോളെ ലേബർ റൂമിൽ കയറ്റിയത് ആണെന്ന്.വേറെ എവിടെയും കാണാത്ത ഒരു എക്സ്പ്രേഷനും.അവളെ ഒരു ദിവസം കണ്ടില്ലെങ്കിൽ അത്രയും നല്ലത് എന്ന് കരുതി നിൽക്കുമ്പോൾ ആണ് അവളെ കാണാഞ്ഞിട്ട്‌ നീ ഇവിടെ കയർ പൊട്ടിക്കുന്നത്.വന്നാലും ഇരിക്കാൻ ഉള്ളത് ഇവിടെ തന്നെയല്ലേ. മോൻ ടെൻഷൻ ആകണ്ട.അവിടെ കിടന്നു ചാച്ചിക്കൊ. അതിനാണല്ലോ മെയ്ൻ ആയിട്ട് കോളേജിൽ വരുന്നത്.പിന്നെ ഒന്നു ഉണ്ടായിരുന്നത് വായ്‌ നോട്ടം ആണ്.അതിലിപ്പോ ഒരു തീരുമാനം ആയി.”


       ഫൈസി അത്രയും പറഞ്ഞപ്പോഴേക്ക്‌ ഷേസിൻ അവന്റെ നേരെ കൈ കൂപ്പി.


        ”ഞാൻ സാറിനോട് ഒന്നും ചോദിച്ചില്ല.വിട്ടേക്ക്.ഞാൻ വായ്‌ നോട്ടം നിർത്തി.ക്ലാസ്സിൽ ഉള്ള ഉറക്കും നിർത്തി.ഇനി മുതൽ നന്നായിക്കൊളാം. അങ്ങെന്നെ അനുഗ്രഹിച്ച മാത്രം മതി.


           പോടാ പുല്ലേ.നിന്നോട് ഒക്കെ ചോദിക്കാൻ വന്ന എന്നെ പറഞ്ഞാല് മതി.വെറുതെ ഉപദേശവും കൊണ്ട് വന്നു രാവിലെതന്നെ ആളെ മൂഡ് കളയാൻ.”


           ”അപ്പോ ഞാൻ ഊഹിച്ചത്‌ എല്ലാം ശരിയാണ് അല്ലേ ഷെസീ.?”


      ” എന്ത്?”


       ”എനിക്ക് ഇന്നലെ മുതൽ തോന്നിയത് ആണ്.നിനക്ക് ഇപ്പൊ ഡ്യൂവൽ പേഴ്സണാലിറ്റിയാണ്.അന്നിയൻ മോവിയിൽ വിക്രമിന്റെ അമ്പിയും രെമോയും പോലെ. സൈക്കോസിസത്തിന്റെ ഇത് വരെയും കണ്ടെത്താത്ത ഏതോ അവസ്ഥാന്തരങ്ങളിലൂടെ നീയിപ്പൊഴും കൂട്ടം തെറ്റിയ ഒരു മാൻപേടയെ പോലെ അലഞ്ഞ് കൊണ്ടിരിക്കുകയാണ്.”


          ”നിന്റെ ബാപ്പാന്റെ തല.ഒന്ന് പോടാ പുല്ലേ.അവന്റെ ഒരു സൈക്കൊസിസം മണ്ണാങ്കട്ട.”


         തന്റെ വിരലുകൾ ഷേസിന്റെ മുഖത്തിന് സമാന്തരമായി ചലിപ്പിച്ച് കൊണ്ട് ഫൈസി പറഞ്ഞപ്പോൾ കലിപ്പ് കയറിയ ഷെസിൻ അവനെ പിന്നിലേക്ക് തള്ളി ഇരുന്നിടത്ത് നിന്നു ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു.


            "ഏത് നേരത്ത് ആണാവോ നിന്നെ പോലെ ഒരു ദുരന്തത്തിന്റെ കൂടെ നടക്കാൻ തോന്നിയത്.നിനക്ക് വട്ടുള്ളതും പോരാഞ്ഞ് അത് ബാക്കി ഉള്ളവർക്കും കൊടുക്കണോ. നിനക്കുള്ളത് നിന്റെ കയ്യിൽ തന്നെ വെച്ചാൽ പോരെ.നിന്നോട് ഒക്കെ പറയുന്നതിനും ഭേദം വല്ല പട്ടിയോടും പോയി പറയുന്നത് ആണ്.അതാകുമ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും വാലാട്ടി നിൽക്കുകയെങ്കിലും ചെയ്യും.അല്ലെങ്കിൽ പിന്നാലെ വരികയെങ്കിലും ചെയ്യും.”


         അല്ലെങ്കിലും ബുദ്ധിയുള്ളവർ പറയുന്നതിന് ഇവിടെ ഒരു വിലയും ഇല്ലല്ലോ.വേണ്ട.ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല.നീ പറയുന്നതും കേട്ട് വാലാട്ടി പിന്നാലെ വരുന്ന പട്ടിയോട് തന്നെ പോയി പറയ്‌. ഹല്ല പിന്നെ.എന്തൊരു ജാടയാടാ തെണ്ടി.നിന്റെ ജാഡ മാറാത്ത കാലത്തോളം നീയൊന്നും ഒരിക്കലും നന്നാകാൻ പോണില്ല.


        ഹാ ദാ വന്നല്ലോ നിന്റെ പിന്നാലെ വാലാട്ടി നടക്കാനുള്ള പട്ടി.അങ്ങോട്ട് ചെല്ല്.അവളും കൂടി ആയാലെ നിന്റെ സൈകോത്തരം പൂർണമാകുള്ളു.”


              ഷെസിനെ അത്യാവശ്യം നന്നായി തന്നെ പുച്ഛം വാരി വിതറുമ്പോൾ ആണ് പുറത്ത് വരാന്തയിലൂടെ കൂടെ ഉള്ളവരോട് ചിരിച്ച് സംസാരിച്ച് കൊണ്ട് വരുന്ന അയാനയെ കണ്ടത്.അവൻ പറഞ്ഞത് കേട്ട് തിരിഞ്ഞ് നോക്കിയ ഷെസിന്റെ കണ്ണിൽ ഒരു തിളക്കം വന്നെങ്കിലും അവൻ അതിനെ അതി സമർത്ഥമായി മറച്ചു.


        ” മീൻ പാത്രം കണ്ട പൂച്ചെടെ എക്സ്പ്രഷനാണ് അമ്പീ.മാറ്റി പിടി.”


          അയാനയെ നോക്കി ചിരി ഒതുക്കി നിൽക്കുന്ന ഷെസിനോട് പറഞ്ഞപ്പോൾ നടുപ്പുറം നോക്കി ഒരു അടിയായിരുന്ന് ഷെസിൻ.


             ” സഹിച്ചേക്ക്‌.കുറെ നേരായില്ലെ എന്നെ ഇട്ടു വാരാൻ തുടങ്ങിയിട്ട്.അതിനുള്ള പ്രതിഫലം ആയിട്ട് കൂട്ടിയാൽമതി.”


         ”പോടാ പുല്ലേ.നിന്റെ പ്രേമം എട്ട് നിലയിൽ പൊട്ടി നീ മാനസ മൈന പാടി നടക്കുമെടാ നോക്കിക്കോ.ഇതെന്റെ ശാപമാണ്.എന്റെ ശാപമാണ് മോനെ ഏറ്റവും വലിയ സത്യം.നീ അവളെ പിന്നാലെ എത്ര നടന്നാലും അവള് നിന്നെ തേക്കുമെടാ.”


        ”അവള് തേക്കില്ല ചക്കരെ.അവളെ സ്നേഹം നിന്റെ പോലെ അല്ല.ആത്മാർത്ഥമായി ആണ്.എന്നെ പാതി വഴിയിൽ ഇട്ടു പോകില്ല.”


        തിരിഞ്ഞ് പോകുന്ന ഷേസിനോട് ഫൈസി വേദന സഹിക്കാൻ കഴിയാത്ത പുറം ഉഴിഞ്ഞ് കൊണ്ട് വിളിച്ച് പറഞ്ഞപ്പോൾ അവന്റെ നേരെ തിരിഞ്ഞ് പിന്നിലേക്ക് നടന്നു കൊണ്ട് ഷേസിനും ഉറക്കെ പറഞ്ഞു.അയാനയും കേട്ടിരുന്നു ഇരുവരും പറയുന്നത്.ഇരുവരുടെയും സംസാരം കേട്ടപ്പോൾ അത്രയും നേരം പഞ്ചിരിയോടെ നിന്നിരുന്ന അവളുടെ മുഖത്തെ ചിരി മാഞ്ഞു.തന്റെ നേരെ പിൻ തിരിഞ്ഞ് ഫൈസിയോട് എന്തൊക്കെയോ വിളിച്ച് പറഞ്ഞ് നടന്നു വരുന്ന ഷേസിയെ കണ്ടപ്പോൾ അവള് കൂടെ ഉള്ളവരെ പറഞ്ഞ് അയച്ച് അവിടെ നിന്നു.


             അവളുടെ അരികിൽ എത്തിയ ഷേസി അതറിയാതെ നേരെ തിരിഞ്ഞതും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കൈ രണ്ടും കെട്ടി നെഞ്ചില് കെട്ടി തന്നെ തറപ്പിച്ച് നോക്കി കൊണ്ടിരുന്ന അയാനയെ കണ്ടതും പിന്നിലേക്ക് വീഴാൻ പോയി.


           ”എന്താടീ ഉണ്ടക്കണ്ണി,കണ്ണും തുറിപ്പിച്ച് നോക്കുന്നത്.?”


          ”ഇപ്പൊ ഞാൻ നോക്കിയത് ആണോ കുഴപ്പം.?മനുഷ്യന്റെ കോലം ആയിട്ട് കുഴിയാനയുടെ സ്വഭാവം എടുത്താൽ ആരായാലും നോക്കി പോകും.തനിക്കെന്താ നേരെ നടക്കാൻ അറിയില്ലേ.? അതോ കോഴിത്തരം കാണിക്കാൻ ഒരു വെറൈറ്റി ആയിട്ട് ചുളുവിൽ ആരെയെങ്കിലും പോയി ഇടിക്കാൻ ആണോ ഇപ്പൊ ഇങ്ങനെ ഒരു വേഷം കെട്ട്.?”


      " എന്റെ കാൽ എന്റെ ഇഷ്ടം അതൊക്കെ ചോദിക്കാൻ നീ ആരാ.?ഞാൻ എനിക്ക് തോന്നിയ പോലെ നടക്കും.അത് ചിലപ്പോ കാൽ കുത്തി ആകും കൈ കുത്തി ആകും.തലയും കുത്തി ആകും ചിലപ്പോ പിന്നിലേക്ക് നടന്നത് ആകും.അതൊന്നും ചോദ്യം ചെയ്യാൻ മോള് വരണ്ട.”


         അതിന് ആരു വരുന്നു.?നീ എങ്ങനെ വേണേലും നടക്ക്‌.അതിന് എനിക്ക് എന്താ.?പിന്നെ ഞാൻ നോക്കുന്നത് എന്റെ ഇഷ്ടം.എനിക്ക് ഇഷ്ടം ഉള്ള പോലെ ഇഷ്ടമുള്ളവരെ ഞാൻ നോക്കും.അത് ചോദിക്കാൻ നീയും വരണ്ട.പിന്നെ ഞാൻ ഇവിടെ നിന്നത് നിന്റെ മാങ്ങാണ്ടി ചെത്തിയ പോലത്തെ മോന്തയുടെ മൊഞ്ച് കണ്ടിട്ട് ഒന്നും അല്ല.അതിന് വേറെ ആളെ നോക്കണം.ഞാൻ ഇവിടെ നിന്നത് എന്തിനാ എന്ന് ചോദിച്ചില്ലെങ്കിലും ഞാൻ പറയാം.


               ”കുറച്ച് മുന്നേ കുഴിയാനയെ പോലെ പിന്നിലേക്ക് നടന്നു വന്നില്ലേ.?അതെങ്ങാൻ എന്റെ ദേഹത്ത് തട്ടിയാൽ നിന്റെ മോന്ത നോക്കി ഒന്ന് തരാൻ ആയിരുന്നു.യോഗമില്ല ജസ്റ്റ് മിസ്സ്.എന്നാലും സാരമില്ല.ഇനിയും ടൈം ഉണ്ടല്ലോ എപ്പോഴെങ്കിലും കിട്ടും.”


         അവനെ നോക്കി പുച്ഛിച്ച് പറഞ്ഞ് കൊണ്ട് അവള് അവനെ കടന്നു പോയപ്പോൾ ഇവളിത് എന്ത് തെങ്ങയാ പറയുന്നത് എന്ന ഭാവത്തിൽ ഷെസിൻ വായും പൊളിച്ച് നിന്നു.ഇന്നലെ വേറെ ഏതെങ്കിലും പെണ്ണിനെ നോക്കിയാൽ എന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞവൽ ആണ്.ഇന്ന് അതൊന്നും യാതൊരു ഓർമയും ഇല്ലാത്ത പോലെ.അവൾക്ക് തന്നെ ശരിക്ക് ഇഷ്ടമല്ലേ.അതോ തന്നോട് ചുമ്മാ കളിപ്പിക്കാൻ വേണ്ടി കളവ് പറഞ്ഞതാണോ?


       " ഡോ"


        തന്നെ കടന്നു പോയ അവളുടെ വിളി കേട്ടതും അവന് ആകാംക്ഷയോടെ അവളുടെ നേർക്ക് തിരിഞ്ഞു.


           ”ഇന്നലെ പറഞ്ഞത് ഒക്കെ മറന്നേക്ക്.എനിക്ക് തന്നെ ഇഷ്ടമൊന്നും അല്ല.ഞാൻ അതൊരു ഫൺ ആയിട്ടെ എടുത്തിട്ടുള്ളൂ.നീ ഇന്നലെ വൈകുന്നേരം വിളിച്ചത് പോലെ എന്നെ തന്റെ പെങ്ങളായി തന്നെ കണ്ടാൽ മതി.നീ വായ് നോക്കാൻ ഇരുന്നപ്പോൾ നിന്നെ ഒന്ന് കളിപ്പിക്കണം എന്ന് തോന്നി.അതേ ഒള്ളൂ.ഫൈസിയോട് ഞാൻ പറഞ്ഞൊലാം. അപ്പോ ശരി.ഞാൻ ക്ലാസിൽ ചെല്ലട്ടെ.ഇനി എന്തായാലും നിന്നെ കളിപ്പിക്കാൻ ഒന്നും ഞാൻവരുന്നില്ല.അതോണ്ട് ഇരിക്കാൻ ഒരു സ്ഥലം നോക്കട്ടെ.”


           ചിരിയോടെ അവള് പറയുമ്പോൾ അവന്റെ മുഖത്തേയും മനസ്സിലെയും ചിരി മായുകയായിരുന്നു.കണ്ണുകൾ നിറയുന്നത് പോലെ തോന്നിയ അവൻ അവൾക്ക് ഒരു ചിരി നൽകി വെട്ടി തിരിഞ്ഞ് നടന്നു.അവൻ പോകുന്നത് നോക്കി ക്ലാസിലേക്ക് പോകാൻ തിരിഞ്ഞ അയാന കണ്ടത് തന്റെ കുറച്ച് പിന്നിലായി വായും പൊളിച്ച് നിൽക്കുന്ന ഫൈസിയെ ആണ്.


           ”  ഡാ ”


       തന്റെ തോളിൽ തട്ടി വിളിക്കുന്നത് കേട്ടപ്പോൾ ഫൈസി ഞെട്ടി ഉണർന്നു.കഴിഞ്ഞ കാര്യങ്ങള് മുഴുവൻ സ്വപ്നമായിട്ടും ഓർമ്മകൾ ആയിട്ടും തന്റെ കൂടെ ഉണ്ടെന്നു ഓർത്തു.മിഴി തുറന്നു നോക്കിയപ്പോൾ ധരിച്ച തട്ടത്തിന്റെ തലപ്പ് ചുണ്ടിന് മീതെ വെച്ച് വിങ്ങി പൊട്ടി നിൽക്കുന്ന ഉമ്മയെയാണ് കണ്ടത്.അരികിൽ തന്നെ ചുമരിൽ ചാരി ഉപ്പയും നിൽക്കുന്നുണ്ട്.തന്റെ മുഖത്തേക്ക് നോക്കുന്നില്ല.മുമ്പത്തെ പോലെ ആരെയും നോട്ടം കൊണ്ട് പോലും നിയന്ത്രിക്കുന്ന ആ കർക്കശ സ്വഭാവം എല്ലാം മാറിയിരിക്കുന്നു.മകന്റെ ജീവിതം ദുരിതപൂർണമാക്കിയതിൽതനിക്കും വലിയ പങ്കുണ്ട് എന്ന് കരുതിയിട്ടാകും.ജീവിതം തകർന്നു മരണത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന പെണ്ണിനെ മകന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നപ്പോ അവൾക്ക് മാറ്റം വരുമെന്ന് കരുതി.മകന്റെ വിഷമങ്ങളും സങ്കടങ്ങളും ഒരു വിധം അവളിൽ കൂടി തീർക്കാൻ കഴിയുമെന്നു കരുതി.


          ഉപ്പ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു.മകന്റെ ഭാര്യയായി വന്നവൾക്ക്‌ ഒരുപാട് മാറ്റം വന്നു.തന്റെയും കുടുംബത്തിന്റെയും സ്വസ്ഥതയും സമാധാനവും തകർക്കാൻ മാത്രം അവളുടെ മനസ്സ് പാകപ്പെടുത്തി.മകന്റെ ജീവിതം കുടുക്കിൽ ആക്കിയത് താൻ തന്നെയാണ്.അതിന്റെ വേദനയാണ് ഇപ്പൊ അനുഭവിക്കുന്നത്.താൻ ഉപ്പയോട് നല്ലരീതിയിൽ സംസാരിച്ചിട്ട് പോലും കാലങ്ങളായി.തന്റെ ജീവിതം നശിപ്പിക്കാൻ മുന്നിട്ട് ഇറങ്ങിയ ആളായിട്ട്‌ മാത്രമേ താൻ കണ്ടിട്ടുള്ളൂ.പക്ഷേ ഉപ്പാന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ ഉപ്പയാണ് ശരി.തന്റെ ഒറ്റപ്പെട്ടത് പോലെയുള്ള അവസ്ഥ മാറണം.മരണത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ആ പെൺകുട്ടിയെ തിരികെ കൊണ്ട് വരണം.ഇതൊക്കെ മാത്രമേ ഉപ്പ ഉദ്ദേശിച്ച് കാണൂ.പക്ഷേ ഉപ്പ കരുതിയതിന്റെ നേരെ തിരിച്ച് മാത്രമേ സംഭവിച്ചുള്ളു എന്ന് മാത്രം.അതിനു ഇത്രയും കാലം ഉപ്പയെ പഴി പറഞ്ഞ താൻ തന്നെയാണ് തെറ്റുകാരൻ.എത്ര പറഞ്ഞാലും തനിക്ക് വേണ്ടതെല്ലാം നൽകി തന്നെ വളർത്തിയത് ഉപ്പയുടെ അധ്വാനം കൊണ്ട് തന്നെയാണ്.


            "ഉപ്പാ......”


         വരണ്ടുണങ്ങിയ മണ്ണിൽ പുതുമഴ പെയ്ത പോലൊരു പ്രതീതി ആയിരുന്നു അവന്റെ വിളി കേട്ടപ്പോൾ ആ പിതൃ മനസ്സിൽ തോന്നിയത്.ഉമ്മയുടെ മുഖത്തെ കന്നീരിനിടയിലും ഒരു പുഞ്ചിരി തെളിഞ്ഞ് വന്നു.കൈ കുത്തി എഴുന്നേല്ക്കാൻ നിന്ന അവനെ അവന്റെ അരികിലേക്ക് ഓടിയെത്തി ഉപ്പ താങ്ങി പിടിച്ച് ഇരുത്തി. ആ മുഖത്തേക്കും ചുളിവ് വന്നു തുടങ്ങിയ കൈകളിലേക്ക് നോക്കിയപ്പോ അറിയാതെ അവന്റെ കണ്ണിലും മിഴിനീർ ഉരുണ്ട് കൂടി.


           ഇത്രയും കാലം താൻ തളരാതെ പിടിച്ച് നിർത്തിയതും വീഴാതെ താങ്ങായി നിന്നതും അദൃശ്യമായ ഈ കൈകൾ തന്നെയാണ്.പുറമെ ഗൗരവം കാണിച്ചാലും ഉള്ളിൽ ഉള്ളത് തന്നോടുള്ള ഉരച്ചാൽ മാറ്റ് കൂട്ടുന്ന സ്നേഹമാണ്. അത് പലപ്പോഴും അറിഞ്ഞിട്ടുണ്ട്.എങ്കിലും തന്റെ ലൈഫ് നശിച്ചു എന്ന് തോന്നിയപ്പോൾ ഒന്നിനും കഴിഞ്ഞില്ല.എല്ലാത്തിനും കാരണം ഉപ്പ മാത്രമാണ് എന്ന് താൻ വിധിയെഴുതി.


            "എന്തിനാടാ ഫൈസി കരയുന്നത്.? വേദനിക്കുന്നുണ്ടോ?”


       അവന്റെ മിഴികളിൽ നിന്ന് കണ്ണീർ പൊഴിഞ്ഞതും അത് തുടച്ച് കൊടുത്ത് രക്തം കിനിഞ്ഞ് കിടക്കുന്ന തലയിലെ ബാൻഡേജിൽ അദ്ദേഹം പതിയെ തടവി.തന്റെ ശിരസ്സിൽ തടവി കൊണ്ടിരുന്ന ആ കൈകൾ കവർന്നു അവൻ അതിൽ ചുണ്ടമർത്തി.


        ” എന്നോട് ക്ഷമിക്ക് ഉപ്പാ.വാക്കുകൾ കൊണ്ട് കുറെ വേദനിപ്പിച്ചു ഞാൻ.അറിയാതെ ചെയ്തത് ആണെന്ന് ഞാൻ പറയില്ല.അറിഞ്ഞ് കൊണ്ട് തന്നെയാണ്.എന്റെ ജീവിതം നശിപ്പിച്ചു എന്നൊരു ചിന്തയുടെ പുറത്ത് ചെയ്തതാണ്.അവളെ എന്റെ ജീവിതത്തിൽ കൊണ്ട് വന്നത് ഉപ്പ മാത്രമാണെന്നു സ്വയം വിശ്വസിച്ചാണ് ഇത്രയും നാൾ ഞാൻ നിങ്ങളെ വേദനിപ്പിച്ചതെല്ലാം.”


      ”അതൊന്നും പ്രശ്നമില്ല മോനെ.അതൊക്കെ ഉപ്പാക്ക് അറിയാം. എന്റെ മോന്റെ ഒറ്റപ്പെട്ട ജീവിതത്തിന് ഒരു കൂട്ട് വേണം.അവൾക്കും അവളുടെ അവസ്ഥയിൽ നിന്ന് മാറാൻ ഒരു കൂട്ട് വേണമായിരുന്നു.അതിന് വേണ്ടി മാത്രമാണ് ഞാൻ നിങ്ങളുടെ കല്യാണത്തിന് മുതിർന്നത്.കുട്ടിക്കാലം മുതൽ നിനക്ക് അവളോടുള്ള ഇഷ്ട്ടം കൊണ്ട് അവളെ നീ കൈവിടില്ല എന്ന് കരുതി.പക്ഷേ.....”


          വാക്കുകളെ മുൻ കടന്ന്‌ കണ്ണീർ പുറത്തേക്ക് വമിച്ചപ്പോൾ അവന്റെ കയ്യിൽ അമർത്തി പിടിച്ച് കുറച്ച് നേരം ഇരുന്ന അദ്ദേഹം വീണ്ടും തുടർന്നു.


           ”എല്ലാം ശരിയാകും മോനെ.നിന്റെ ഉള്ളിൽ അവളോട് അല്പമെങ്കിലും സ്നേഹത്തിന്റെ കണിക അവശേഷിക്കുന്നുണ്ട് എങ്കിൽ ഇനിയും അവളെ ഉപദ്രവിക്കരുത്.നിന്നോടുള്ള ദേഷ്യം ഉമ്മയെ കണ്ടപ്പോ അറിയാതെ ഉമ്മാന്റെ നേരെയും വന്നു എന്നേയുള്ളൂ.ഇത്രയും കാലത്തിന്റെ ഇടയിൽ ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും അവള് ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല.ഇനിയും അവളെ വേദനിപ്പിക്കരുത്.നിന്റെ സ്നേഹം ആത്മാർത്ഥമായിട്ടാണെങ്കിൽ വൈകി ആണെങ്കിലും അവളത് തിരിച്ചറിയും.അതിന് ക്ഷമ വേണം മോനെ.


        എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല.അതിനെനിക്ക്‌ കഴിയില്ല.ഇവൾക്കും കഴിയില്ല.ഇന്നലെ രാത്രി തന്നെ ഇങ്ങോട്ട് വരണം എന്ന് കരുതി ഇറങ്ങിയതാണ്. നീ വിളിച്ച് പറഞ്ഞത് കൊണ്ടാണ് അപ്പോ വരാഞ്ഞത്.രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല.നേരം പുലർന്നപ്പോൾ തന്നെ ഇങ്ങോട്ട് വന്നു.”


       ചിരിയോടെ ആണ് പറയുന്നതെങ്കിലും ആ മനസ്സിലെ വിങ്ങൽ അവന് മനസ്സിലാകുന്നുണ്ടായിരുന്നു.ഒന്നും പറയാൻ ഇല്ലാത്ത പോലെ അവൻ അദ്ദേഹത്തെ ചേർത്ത് പിടിച്ച് ചുമലിൽ തല വെച്ച് കുറെ നേരം ഇരുന്നു.വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അവൻ നേരെ ഇരുന്ന് കണ്ണുകൾ അമർത്തി തുടച്ചു.അപ്പോഴേക്ക് വാതിൽ തുറന്ന് പുറത്ത് നിന്ന് ഹാനി ഉള്ളിലേക്ക് കയറിയിരുന്നു.അവന്റെ കൂടെ ഉപ്പായെയും ഉമ്മയെയും കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പതർച്ച വന്നു.അതെ സമയം അവരുടെ ഇരുവരുടെയും മുഖത്ത് അവളെ കണ്ട് ആരാ എന്ന ഭാവത്തിൽ ഒരു സംശയം നിഴലിച്ചിരുന്നു.


         ’’ ഞാ......ഞാൻ....ഇതിവിടെ വെ..വെക്കാൻ വന്നതായിരുന്നു.’’

 

          തന്റെ നേരെ സംശയത്തോടെ നീളുന്ന ഫൈസിയുടെ ഉപ്പയുടെയും ഉമ്മയുടെയും നോട്ടം സഹിക്കാൻ വയ്യാതെ കയ്യിലെ കവർ അടുത്ത ടേബിളിൽ വെച്ച് അവള് വിക്കി വിക്കി പറഞ്ഞു.


      ”എന്താ അത്?”


      അവൻ സംശയത്തോടെ കവരിലേക്ക്‌ നോക്കി കൊണ്ട് ചോദിച്ചു.


         ”ഒന്നും കഴിച്ചില്ലല്ലോ?ഇവിടെ കൂട്ടിന് ആരും വന്നിട്ടുണ്ടാകില്ലെന്ന് കരുതി കഴിക്കാൻ ഉള്ളതും ആയിട്ട് വന്നതാണ്.”


       അതും പറഞ്ഞ് തിരികെ തല താഴ്ത്തി പോകാൻ നിന്ന അവളെ അവൻ കൗതുകത്തോടെ നോക്കി.


          ”അനിയന് എങ്ങനെയുണ്ട്.?”


       ”കുഴപ്പമില്ല.ഡിസ്ചാർജ് ആയി.അവനെ താഴെ നിർത്തിയിട്ടുണ്ട്.കൂട്ടിന് ഉമ്മയും ഉണ്ട്.പറഞ്ഞിട്ട് പോകാമെന്ന് കരുതിയാണ് വന്നത്.”


      അവന്റെ മുഖത്ത് നോക്കാതെ തല താഴ്ത്തി ആണ് അവള് സംസാരിച്ചത്.അപ്പോഴും ഫൈസിയുടെ കൂടെയുള്ളവരുടെ സംശയം നിറഞ്ഞ നോട്ടം തന്റെ മേൽ തങ്ങി നിൽക്കുന്നത് അവൾക്ക് അറിയാമായിരുന്നു.


          ”എന്നിട്ട് പറഞ്ഞില്ലല്ലോ?”


     "അത്.....ഞാൻ....പിന്നെ”


       ”താൻ ഇങ്ങനെ പേടിക്കൊന്നും വേണ്ട.ഇതെന്റെ ഉപ്പയും ഉമ്മയും ആണ്.ഞാൻ തന്നെ കുറിച്ച് ഇവരോട് പറയാൻ തുടങ്ങുവായിരുന്നു.അപ്പോഴേക്കും തന്റെ എൻട്രി നടന്നു. ഉപ്പാ ഉമ്മാ ഇതിവിടെ അടുത്തുള്ള റൂമിൽ ഉണ്ടായിരുന്ന ബൈസ്റ്റൻഡർ ആണ്.പേരൊന്നും എനിക്കറിയില്ല.അല്ലേലും ഒരു പേരിൽ എന്തിരിക്കുന്നു.?


        ഇന്നലെ രാത്രി ഫൂഡ് കൊണ്ട് വന്നതും എന്നെ ഹെൽപ് ചെയ്തതും ഒക്കെ ഈ കുട്ടിയാണ്. പേര് ചോദിച്ചപ്പോ പറഞ്ഞില.അനിയന് എന്തോ പറ്റിയിട്ട്‌ ആണ് അഡ്മിറ്റ് ആക്കിയത് എന്ന് മാത്രം പറഞ്ഞു.”


         ഉപ്പയും ഉമ്മയും ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ മുഖത്ത് അവർക്ക് നേരെ ഒരു ചിരി വിരിഞ്ഞു.അവരുടെ നന്ദിയോടെ ഉള്ള നോട്ടം കണ്ടപ്പോൾ ഒന്ന് പോയാൽ മതിയായിരുന്നു എന്ന് തോന്നി അവൾക്ക്.


          ”എന്താ മോളുടെ പേര്.?”


        വാത്സല്യത്തോടെ അവളുടെ അടുത്തേക്ക് വന്ന ഉമ്മ അവളുടെ നെറുകിൽ തലോടി കൊണ്ട് ചോദിച്ചപ്പോൾ കണ്ട് കൊതി തീരാത്ത ഉമ്മയുടെ തന്റെ ഓർമ്മയിൽ ഉള്ള നിറം മങ്ങിയ മുഖം അവളുടെ മനസ്സിൽ ഓടിയെത്തി.


       ”ഹാനിയ.”


      "മോളോട് എങ്ങനെയാ നന്ദി പറയേണ്ടത് എന്നറിയില്ല.ഒരുപാട് നന്ദിയുണ്ട് എന്റെ മോനെ നോക്കിയതിന്.”


      "നന്ദിയുടെ ആവശ്യം ഒന്നുമില്ല ഉമ്മാ.ഒന്ന് help ചെയ്തു എന്നേയുള്ളൂ.എല്ലാവരും ചെയ്യുന്ന കാര്യമല്ലേ.ഞാൻ പോയിട്ട് വരാം.അനിയൻ എന്നെ കാത്തിരിക്കുന്നുണ്ടാകും.എനിക്കും ക്ലാസിൽ പോകാൻ ഉണ്ട്.വൈകിയാൽ ക്ലാസ്സ് പോകും.”


      അവർ തലയാട്ടി സമ്മതിച്ചപ്പോൾ അവള് രക്ഷപ്പെട്ടത് പോലെ അവിടെ നിന്ന് ഓടി.പോകുമ്പോൾ തനിക്ക് നേരെ ഒന്ന് നോക്കുമെന്ന് കരുതിയെങ്കിലും തിരിഞ്ഞ് നോക്കാതെ അവള് പോകുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു വല്ലായ്മ തോന്നി ഫൈസിക്ക്‌.


          ”പാവം കുട്ടി അല്ലേ?”


     ആത്മഗതം എന്ന പോലെ പറഞ്ഞ് ഉമ്മ അവന്റെ നേരെ നോക്കിയപ്പോ അവൻ ഒന്ന് പുഞ്ചിരിച്ച് കൊടുത്തു.കഴിഞ്ഞ ദിവസം അവളുടെ ശാസന കേട്ടത് ഓർത്തപ്പോൾ ഒരു ചിരി അവൻ അറിയാതെ അവന്റെ ചുണ്ടിൽ വിടർന്നു.


        ”എത്ര നേരായി ഇത്തൂ? ഇത്തുവെന്താ അയാൾക്ക് ഫുഡ് വാരി കൊടുക്കാൻ പോയതാണോ.?”


           താഴെ അവളെ കാത്ത് നിന്നിരുന്ന ശമ്മാസ് അവളെ കണ്ടതും മുഷിച്ചിലോടെ പറഞ്ഞു.


      ”സോറി ഡാ.ഇനി ആവർത്തിക്കില്ല.അവിടെ പോയി ഇങ്ങോട്ട് തിരിച്ച് വരണ്ടെ.”


          "പിന്നേ.പറച്ചിൽ കേട്ടാൽ തോന്നും അതങ്ങ് ഉഗാണ്ടയിൽ ആണെന്ന്. ഫ്ലൈറ്റ് പിടിച്ച് പോണല്ലോ സെക്കൻഡ് ഫ്ളോർ വരെ.”


          എന്നും പറഞ്ഞ് അവൻ തറയിൽ വെച്ചിരുന്ന തന്റെ സ്കൂൾ ബാഗ് എടുത്തപ്പോൾ അവനെ അതിനു സമ്മതിക്കാതെ അവള് അത് കയ്യിൽ വാങ്ങി.അപ്പോഴേക്ക് അവർക്ക് പോകാൻ ഹാജ്യാർ അയച്ച കാർ അവർക്ക് മുന്നിൽ നിന്നിരുന്നു.ഉമ്മയും അവളും പിന്നിൽ കയറിയപ്പോൾ ഷമ്മാസ്‌ മുന്നിലെ സീറ്റിലേക്ക് ചാടി കേറി ഇരുന്നു.


           വണ്ടിയിൽ അവർ പരസ്പരം ആരും ഒന്നും മിണ്ടിയില്ല.തന്റെ വീടിന്റെ മുന്നിൽ എത്തി വണ്ടി നിന്നപ്പോൾ അവള് യാത്ര പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങിയതും ഉമ്മ അവളുടെ കയ്യിൽ പിടിച്ച് നിർത്തി.


         ”നിന്റെയും മൊന്‍റെയും കുറച്ച് ഡ്രസ്സ് എടുത്തോ.എന്നിട്ട് വീട് പൂട്ടി വേഗം വാ.ഇനി എന്തായാലും മക്കൾ ഇവിടെ തനിച്ച് നിൽക്കണ്ട.അങ്ങോട്ട് പോര്.ഞങ്ങൾക്കും ഒരു കൂട്ടാണ് നിങ്ങള് രണ്ടും ഉള്ളത്. ഈ വയ്യാത്ത കുഞ്ഞിനെയും കൊണ്ട് രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ മോലെന്ത് ചെയ്യാനാ.?”


      ”ഉമ്മാ..അത് ഞാൻ..."


       ”എതിർപ്പ് ഒന്നും പറയണ്ട.പ്രസവിച്ചില്ലെങ്കിലും എന്റെ മോളാ നീ.ഉമ്മമാർ പറയുന്നത് മക്കൾ കേൾക്കണം.ഇനി ഇവിടെ ഒറ്റക്ക് നിൽക്കാൻ ഞാൻ സമ്മതിക്കില്ല.പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.നിനക്കും വൈകും.കോളേജിൽ പോകാൻ ഉള്ളതല്ലേ.”


        വാശി പിടിച്ചിട്ട് കാര്യമില്ലെന്ന് അവൾക്ക് അറിയാവുന്നത് കൊണ്ട് അവർ പറഞ്ഞത് അനുസരിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.വാതിൽ തുറന്ന് അകത്തേക്ക് കയറി അവന്റെയും തന്റെയും അല്പം ഡ്രസും ബുക്സും എടുത്ത് അവള് പെട്ടെന്ന് തന്നെ തിരിച്ച് വന്നു.


            ”ഇനി വേഗം കുളിച്ച് ഡ്രസ്സ് മാറ്റി വന്നു കോളേജിൽ പൊയ്ക്കോ.അടുക്കളയിൽ കയറി നേരം കളയണ്ട.”


       വീട്ടിൽ എത്തിയ ഉടനെ അവളോട് ഹാജ്യാർ പറഞ്ഞത് കേട്ട് രണ്ട് പേരും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തത് ആണെന്ന് അവൾക്ക് മനസ്സിലായി.ഇനി അടുക്കളയിൽ കയറിയാൽ തനിക്ക് പലതും കേൾക്കേണ്ടി വരും എന്നത് കൊണ്ട് അവൾ‌ പെട്ടെന്ന് കുളിച്ച് ഫ്രേഷായി വന്നു.ഹാജ്യാരുടെ മുറിയുടെ തൊട്ടരികിൽ തന്നെയുള്ള മുറിയിൽ ആയിരുന്നു ഷമ്മാസിനെ കിടത്തിയത്‌.അവള് ചെല്ലുമ്പോള് ഒരു പാത്രത്തിൽ ഫുഡ് എടുത്ത് അവനെ കഴിപ്പിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു ഉമ്മ.ശരിക്കും ഒരു ഉമ്മ തന്റെ കുഞ്ഞിനെ നോക്കുന്നത് പോലെ അവർ അവനെ നോക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു നനുത്ത ചിരി വിടർന്നു.


       "അതൊക്കെ അവൻ ഒറ്റക്ക് കഴിച്ചോളും ഉമ്മാ.വെറുതെ നിങ്ങളെ സമയം കൂടി കളയണ്ട.”


       ” ഒറ്റക്ക് അവൻ കഴിക്കുമെന്ന് എനിക്ക് അറിയാം മോളെ.പക്ഷേ സ്വന്തം മകൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ ജീവിക്കുന്ന ഒരു ഉമ്മാക്ക് ഏത് കുട്ടിയെ കണ്ടാലും ഒന്ന് താലോലിക്കാനും ഇത് പോലെ ഭക്ഷണം വാരി കൊടുക്കാനും തോന്നും.ഞാൻ പറഞ്ഞില്ലേ നിങ്ങള് രണ്ടാളും എനിക്ക് എന്റെ മക്കൾ തന്നെയാ.”


       അവരുടെ വാക്കിലെ ഇടർച്ച കേട്ടപ്പോൾ ഒന്നും പറയണ്ടയിരുന്നു എന്ന് തോന്നി അവൾക്ക്.അവരോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി ആണ് അവള് സമയം ഓർത്തത്.ക്ലാസ്സ് തുടങ്ങാൻ ഉള്ള ടൈം ആയെന്നു ഓർത്തതും അവളിൽ ഒരു പേടി ഉയർന്നു.പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ഹാജ്യാരുടെ ഡ്രൈവർ കാറും കൊണ്ട് അവളുടെ അടുത്തേക്ക് വന്നു നിന്നു.


        "കേറിക്കോ മോളെ.നിന്നെ കോളേജിൽ എത്തിക്കാൻ ഹാജ്യാരുപ്പ പറഞ്ഞിട്ടുണ്ട്.”


     ചിന്തിച്ച് നിൽക്കാൻ സമയം ഇല്ലാതെ അവള് വണ്ടിയിൽ കയറി.ക്ലാസിലേക്ക് ഓടി ചെന്നപ്പൊഴേക്ക് ഒരുപാട് വൈകിയിരുന്നു.കിതപ്പോടെ ക്ലാസിനു മുന്നിലെത്തി നിന്നപ്പോൾ തന്നെ കണ്ടത് ക്ലാസ്സ് എടുത്തു കൊണ്ടിരുന്ന ഷെസിനെയാണ്.അറിയാതെ ഒരു വിറയൽ അവളുടെ കാൽപാദം മുതൽ തല വരെ പടർന്നു കയറി.


       "സർ.”


         ക്ലാസ്സ് മുറിഞ്ഞ ഈർഷ്യയോടെ ഷെസിൻ അവൾക്ക് നേരെ നോക്കി.അവളെ കണ്ടതും അവന്റെ കണ്ണിൽ പല വിധ ഭാവങ്ങൾ മിന്നി മാഞ്ഞു.അവന്റെ നോട്ടം നേരിടാൻ കഴിയാതെ അവളുടെ തല താഴ്ന്നു.അവളെയും കയ്യിലെ വാച്ചിലെക്കും നോക്കി ഷെസിൻ ഒരു നിമിഷം നിന്നിട്ട് അവളുടെ നേർക്ക് നടന്നടുത്തു.


              (തുടരും)


▬▬▬▬▬▬▬▬▬▬▬▬▬▬

NEXT PART


▬▬▬▬▬▬▬▬▬▬▬▬▬▬

Post a Comment

Please Don't Spam here..