Kisa Paathiyil Part 8

 ❤ കിസ പാതിയിൽ  ❤

🍁 Kisa Paathiyil 🍁

by Alone Walker ( saifudheen )
▬▬▬▬▬▬▬▬▬▬▬▬▬▬


🍁 കിസ

          പാതിയിൽ 🍁

          പാർട്ട് 8


      Written by:-

                 Alone Walker

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


              ”ഇന്നും ലേറ്റ്?”


         അവനെ നോക്കാനുള്ള ധൈര്യം അവൾക്ക് ഇല്ലായിരുന്നു.തന്റെ നേരെ മുന്നിൽ അവൻ നിൽക്കുന്നത് കൊണ്ട് അവൻ എന്താണ് തന്നോട് പറയുന്നത് എന്ന് മറ്റുള്ളവർക്ക് മനസ്സിലാകാൻ വഴിയില്ല.അമൃത അവനെയും തന്നെയും ഉറ്റ് നോക്കി നിൽക്കുന്നത് ഹാനി ആദ്യമേ കണ്ടിരുന്നു.


         പറയുന്നത് എന്തും കേൾക്കാൻ തയ്യാറായി നിൽക്കുമ്പോൾ ആണ് അവളെ ഞെട്ടിച്ച് കൊണ്ട് അവന്റെ ചോദ്യം വന്നത്.


       ”അനിയന് എങ്ങനെയുണ്ട്?”


       ആർദ്രമായിരുന്നു അവന്റെ ശബ്ദം. അവള് തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത് തന്റെ സകല പ്രതീക്ഷയും തെറ്റിച്ച് സൗമ്യ ഭാവത്തോടെ നിൽക്കുന്ന അവനെയാണ്.


       ” ഡിസ്ചാർജ് ആയി സർ.ഇന്ന് രാവിലെ.”


      ”തനിക്കിന്ന് ലീവ് എടുത്തൂടെ അവന്റെ കൂടെ ഇരിക്കാമായിരുന്നല്ലോ?"


       ”അവനെ ഉമ്മ നോക്കിക്കോളാം എന്ന് പറഞ്ഞു.അതാ.”


        അവളുടെ മറുപടി കേട്ടപ്പോൾ അവന് ഒന്നും മനസ്സിലായില്ല എന്ന് അവൾക്ക് മനസ്സിലായി.


        "ആരും ഇല്ലാത്തവർക്ക് ഉപ്പയെന്നും ഉമ്മയെന്നും വിളിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും സർ.സ്വന്തം മോളെ പോലെ കരുതിയാലും ഇല്ലെങ്കിലും ഒരാളുടെ നാവിൽ നിന്ന് അറിയാതെ വാത്സല്യത്തോടെ മോളെ എന്ന് കേട്ടാൽ ഒരിക്കലും തിരിച്ച് വരാത്ത ലോകത്തേക്ക് പോയ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം ആ വിളിച്ച ആളിൽ ഉണ്ടെന്നു കരുതി പോകും.”


        അവളുടെ മറുപടിയിൽ അവൻ തന്റെ മനസ്സിൽ സ്വയം ഒന്ന് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഹോസ്പിറ്റലിന്റെ മുറ്റത്ത് നിന്ന് പോകുന്ന ഉപ്പയുടെ മുഖം ഓർത്തതും അവന്റെ മുഖത്ത് കുറ്റബോധം നിറഞ്ഞു.


        ”താൻ കയറി ഇരിക്ക്‌.”


        തനിക്കായി കാത്തിരിക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും മുഖം മനസ്സിൽ നോവായി മാറിയപ്പോൾ അതിനേക്കാൾ നോവായി അയാനയുടെ മുഖവും തെളിഞ്ഞ് വന്നു.ചിതറിയോടിയ ചിന്തകളെ കടിഞ്ഞാണിട്ട് പിടിച്ച് നിർത്തി ഒരു വിധം അവൻ ക്ലാസ്സ് തീർത്തു.


            ”നീ വന്നു കയറിയത് മുതൽ മുഖത്ത് കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ സാറിന്.ഇന്നലെ പറഞ്ഞതിന് നീ എന്തേലും മറുപടി പറഞ്ഞോ?ഇല്ലെന്ന് അറിയാം അഥവാ ഇന്നെങ്ങാൻ കാക്ക മലർന്നു പറന്നു എന്ന് പറയുന്ന പോലെ നിന്റെ വായ തുറന്നിട്ട് ഉണ്ടെങ്കിലോ?”


         ഷേസിൻ തന്റെ ഹവർ കഴിഞ്ഞ് പോയ ഉടനെ ഹാനിയുടെ അരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് അമൃത ചോദിച്ചു.


        ”ഞാനൊന്നും പറഞ്ഞില്ല.സർ എന്നോട് അനിയന് എങ്ങനെ ഉണ്ടെന്നു ചോദിച്ചു.അതിനു reply കൊടുത്തു.അത്രേ ഒള്ളൂ.”


           ”അയാളുടെ നിന്റെ അടുത്തുള്ള വരവ് ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി ഇന്നലെ പറഞ്ഞതിന്റെ ബാക്കി ഇന്ന് പറയാൻ ആണെന്ന്.അങ്ങനെ ആയിരുന്നെങ്കിൽ അയാളെ എന്റെ കൈ കൊണ്ട് ഞാൻ തെക്കോട്ട് എടുത്തെനെ. കാണാനുളള ഗ്ലാമർ ഒള്ളൂ.ഒടുക്കത്തെ ജാടയാണ്.ഇത്രയും നേരം ഇവിടെ ക്ലാസ് എടുത്തിട്ട് മുഖത്ത് ഒരു ചിരി പോലും വന്നിട്ടില്ല.”


           അവളുടെ കുശുമ്പ് നിറഞ്ഞ സംസാരം കേട്ടപ്പോ ഹാനിയുടെ മുഖത്ത് ഒരു ചിരി വിടർന്നു.


          ’തനിക്കും തോന്നിയ കാര്യമാണ് അയാൾക്കെന്താ ഒന്ന് ചിരിച്ചാൽ എന്ന്.ചിലപ്പോ എന്തേലും പ്രശ്നം മനസ്സിൽ ഉള്ളത് കൊണ്ടാകും.എന്തായാലും തനിക്കെന്താ.എന്തേലും ആകട്ടെ.’


       ചിന്തകളെ മനസ്സിൽ നിന്ന് ആട്ടിയോടിച്ചു കൊണ്ട് അവള് തന്റെ ലോകത്തേക്ക് ചുരുങ്ങി.


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


            ”ഉമ്മാ ഒരു മിനിറ്റ്.ഞാൻ ഇപ്പൊ വരാം.”


         ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ വന്നു നിന്ന കാറിൽ കയറാതെ ഫൈസി പറഞ്ഞത് കേട്ട് ഉമ്മ അവനെ നോക്കി.


      ” നീ ഈ വയ്യാത്ത കാലും കൊണ്ട് എങ്ങോട്ടാ കൊക്കി ചാടി പോണത്.? കാല് അനക്കരുത് എന്ന് പറഞ്ഞിട്ടില്ലേ നിന്നോട്.?”


         ”അതൊന്നും പ്രശ്നമില്ല ഉമ്മാ.ഞാനിപ്പോ വരാം.ഒരു അഞ്ച് മിനിറ്റ്.”


        കാലിന് നല്ല വേദന ഉണ്ടെങ്കിലും അത് തന്റെ ലക്ഷ്യത്തിനു വിലങ്ങ് തടി അല്ലെന്ന് അവൻ മനസ്സിൽ കരുതി താൻ നിൽക്കുന്ന ഗ്രൗണ്ട് ഫ്ളോറിലെ ഒരു വശത്ത് ഉള്ള എൻക്വയറി എന്ന ബോർഡ് വെച്ചിടത്തേക്ക്‌ നടന്നു.


          ”Hello sir,how can I help you?”


       ഉള്ളിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി അവന്റെ നീ പുഞ്ചിരിയോടെ ചോദിച്ചു.


         ”എന്നെ ഇന്നലെ കൊണ്ട് വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ആളുടെ എന്തെങ്കിലും ഡീട്ടൈൽസ്‌ ഉണ്ടോ?അയാള് ആണ് എല്ലാ ബില്ലും പേ ചെയ്തത്. ഞാനുണരുന്നതിന് മുമ്പേ അയാള് പോയത് കൊണ്ട് എനിക്കൊരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല.ഒന്ന് ചെക്ക് ചെയ്യാമോ.?അയാളുടെ എന്തെങ്കിലും ഒരു പ്രൂഫ് ഇവിടെ തന്നിട്ടുണ്ടാകുമല്ലോ.അത് ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു."


         ” വൺ മിനിറ്റ് സർ.ഒന്ന് ചെക്ക് ചെയ്തോട്ടെ.”


     എന്നും പറഞ്ഞ് അവൽ മുന്നിലുള്ള കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.കുറഞ്ഞ നേരം കൊണ്ട് എന്തൊക്കെയോ ചെക്ക് ചെയ്ത് അവള് മോണിറ്ററിൽ നിന്ന് കണ്ണെടുക്കാതെ അവന്റെ നേരെ തിരിഞ്ഞു.


        ”വൺ മിസ്റ്റർ ഷെസിൻ അമൻ. വിക്ടറി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് ലക്ചറർ ആണ്.ആളുടെ കോളേജ് ഐഡി കാർഡ് ആണ് പ്രൂഫ് ആയി തന്നത്.”


        ഓഹോ.അപ്പോ തങ്ങള് പഠിച്ച അതെ കോളജിൽ തന്നെയാണോ അവൻ ജോലിക്ക് കയറിയത്.കഴിഞ്ഞ നാലു വർഷം സ്വന്തം മാതാപിതാക്കളെ പോലും ഉപേക്ഷിച്ച് പോയ അവൻ തിരികെ വന്നു അതെ കോളജിൽ തന്നെ കയറിയെങ്കിൽ അവന് എന്തോ ലക്ഷ്യമുണ്ട്.വീട്ടിലേക്ക് അവൻ ചെന്നിട്ടില്ല എന്നുറപ്പാണ്.ചെന്നിരുന്നെങ്കിൽ അവന്റെ ഉപ്പയോ ഉമ്മയോ തന്നെ വിളിക്കാതിരിക്കില്ല.


       ” അയാളുടെ താമസം എവിടെയാണെന്നോ മറ്റോ എന്തെങ്കിലും പ്രൂഫിൽ ഉണ്ടായിരുന്നോ.?”


       ”നോ സർ.കോളേജ് details മാത്രമേ ഉള്ളൂ.വേരെന്തെങ്കിലും അറിയാൻ ഉണ്ടോ സർ.?”


       ”ഇല്ല. താങ്ക്സ്.”


       ചിന്തകളെ അകറ്റി അവൾക്ക് മറുപടി കൊടുത്ത് പോകാൻ നിൽക്കുമ്പോൾ ആണ് അവൻ എന്തിനെന്ന് ഇല്ലാതെ ഹാനിയുടെ മുഖം ഓർമയിൽ വന്നത്.പോകാൻ തിരിഞ്ഞ അവൻ അവരുടെ നേർക്ക് തന്നെ തിരിയുന്നത് ക്യാബിനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഇനി എന്താ എന്ന ഭാവത്തിൽ അവനെ നോക്കിയപ്പോൾ അവൻ മുഖത്ത് ഒരു ആർട്ടിഫിഷ്യൽ ചിരി വരുത്തി.


         ”പെങ്ങളെ,ഒരാളുടെ details കൂടി വേണം.ലാസ്റ്റ് ആണ്.ഇനി ചോദിക്കില്ല.”


         ” ഓകെ സർ.”


       ”ഇന്ന് രാവിലെ ഡിസ്ചാർജ് ആയിപോയ ഒരു ആൺകുട്ടിയുടെ ആണ്.”


        "കുട്ടിയുടെ പേരെന്താ.?”


       "അറിയില്ല.”


       "അസുഖം എന്താണ് എന്നറിയുമോ?”


       "അതും അറിയില്ല.”


       ”പിന്നെ ഞാൻ എന്താ എടുത്ത് തരിക. അറ്റ്ലീസ്സ്റ്റ് അവനെ കാണാൻ എങ്ങനെ ഉണ്ടെന്ന് എങ്കിലും അറിയുമോ.?”


        ”സത്യം പറഞ്ഞാലവനെ ഞാൻ കണ്ടിട്ട് പോലും ഇല്ല.കണ്ടാൽ അല്ലെ അവനെ കുറിച്ച് പറയാൻ കഴിയൂ.ആകെ അറിയുന്നത് അവന്റെ ബൈസ്റ്റാണ്ടർ ആയി നിന്നത് അവന്റെ സിസ്റ്റർ ആണ്.അവളുടെ പേര് ഹാനിയ എന്നാണ്.അതെ അറിയൂ.”


           ”ഇതെന്ത് ജന്മമാണ്.” എന്ന അർത്ഥത്തിൽ അവള് അവനെ കൂർപ്പിച്ച് നോക്കി വീണ്ടും മോണിട്ടറിലേക്ക് തിരിഞ്ഞു.


            "അവന്റെ പേര് ശമ്മാസ്.അവന്റെ പെങ്ങളാണ് ഹാനിയ.”


          ഫോൾഡറിൽ സേവ് ചെയ്ത് വെച്ചിരുന്ന details മുഴുവൻ അവള് അവന് പറഞ്ഞ് കൊടുത്തു.അവളോട് താങ്ക്സ് പറഞ്ഞ് അവൻ പോകാൻ നിന്നതും 


         "ഒന്ന് നിന്നേ.”


     എന്നവൾ വിളിച്ച് പറഞ്ഞപ്പോൾ അവൻ അവൾക്ക് നേരെ തിരിഞ്ഞു.


         "ഇനി ഏതെങ്കിലും ആളുകളെ കുറിച്ച് അറിയാൻ ഉണ്ടെങ്കിൽ അതൂടെ ചോദിച്ചോ.പിന്നെ ഗേറ്റിന്റെ അടുത്ത് എത്തിയിട്ട് ഈ കാലും വെച്ച് തിരിച്ച് ഇങ്ങോട്ട് തന്നെ വരേണ്ടല്ലോ.അതോണ്ട് പറഞ്ഞതാണ്.”


         "ആക്കിയതാണല്ലെ.?"


      അവളുടെ സ്വരത്തിലേ പരിഹാസം മനസ്സിലാക്കിയപ്പോൾ ഒരു പ്രത്യേക ടൂണിൽ അവള് ആദ്യം അവൻ ചിരിച്ച പോലെ ആർട്ടിഫിഷ്യൽ ആയി ഇളിച്ച് കാട്ടി കൊണ്ട് തലയാട്ടി.


       ”എന്നാ പിന്നെ ഞാൻ അങ്ങോട്ട്.”


     എന്നും പറഞ്ഞ് കൊക്കി ചാടി കൊണ്ട് അവൻ കാറിന്റെ അടുത്തേക്ക് നീങ്ങി.


          ”ഉപ്പാ നമുക്ക് ഷേസിന്റെ വീട്ടിലേക്ക് ഒന്ന് പോകണം.അവിടെ അവൻറെ ഉപ്പാനേയും ഉമ്മാനേയും കണ്ടിട്ട് കുറേ ആയി.ഇന്നലെ അങ്ങോട്ട് പോകാൻ നിന്നപ്പോൾ ആണ് ആക്സിഡന്റ് ആയത്.”


        ”ഇൗ അവസ്ഥയിൽ പോണോ മോനെ. ഒന്നാമത് നിന്റെ കാലിന്റെ അവസ്ഥ നോക്ക്.നല്ല റെസ്റ്റ് വേണമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ അടങ്ങി ഇരുന്നോലാം എന്ന് പറഞ്ഞത് കൊണ്ടാണ് ഡിസ്ചാർജ് പോലും കിട്ടിയത്. അപ്പോ തന്നെ നീ ഇൗ കാലും വെച്ച് ഓടാൻ തുടങ്ങി.ഇങ്ങനെ ഇളക്കിയാൽ അടുത്ത പണി കിട്ടും.പോരാത്തതിന് ഇൗ കാലും വെച്ച് അങ്ങോട്ട് ചെന്നാൽ നസീറ ആകെ ബെജാരാകും.നമുക്ക് പിന്നെ പോകാം.”


            അവനെ എതിർത്ത് ഉമ്മ പറഞ്ഞെങ്കിലും അവരെ പറഞ്ഞ് സമ്മതിപ്പിച്ച് കൊണ്ട് അവൻ ഷേസിന്റെ വീട്ടിലേക്ക് വണ്ടി തിരിപ്പിച്ചു.


         🍁🍁🍁🍁🍁🍁🍁🍁🍁🍁

(Past)

        ”നീ എന്താടാ ഇങ്ങനെ വായും പൊളിച്ച് നിൽക്കുന്നത്.പോകുന്നില്ലേ നിന്റെ വാലിന്റെ കൂടെ.ആരുടെയോ കാര്യം പറയുന്നത് കേട്ടല്ലോ. ചതിക്കില്ലെന്നോ അവള് അവനെ തേക്കില്ലെന്നോ.? കാട്ടു കോഴികളെ പോലെ ചിക്കി ചികയുന്നുണ്ട് എങ്കിലും അവന്റെ ഉള്ളിൽ ഒരുത്തി ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.ഇനി നിന്റെ ഉള്ളിൽ ആരേലും ഉണ്ടോ?”


        സകല മോഹങ്ങളും ചില്ല് കൊട്ടാരം കണക്കെ തകർന്നടിഞ്ഞ വേദനയില് തിരിഞ്ഞ് നോക്കാതെ നടക്കുന്ന ഷെസിനേയും നോക്കി നിന്ന ഫൈസി അവൾക്ക് നേരെ തിരിഞ്ഞപ്പൊഴേക്ക്‌ അവള് ക്ലാസിൽ കയറിയിരുന്നു.ഒരു നിമിഷം ഷസിനെ സമാധാനിപ്പിക്കാൻ പോകണോ അതല്ല അയാന പറഞ്ഞതിന്റെ നിജസ്ഥിതി അറിയാൻ അവൾക്ക് പിന്നാലെ പോകണോ എന്നറിയാതെ നിന്ന അവൻ ഒടുക്കം അവളുടെ പിന്നാലെ ക്ലാസ്സിലേക്ക് കയറി.


           അവൻ ചെല്ലുമ്പോൾ ഇന്നലെ ഇരുന്ന തന്റെയും ഷേസിന്റെയും അരികിൽ ഉള്ള സീറ്റിൽ ഇരിക്കാതെ മറ്റൊരു സീറ്റ് തിരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു അവള്.അവൻ അടുത്ത് എത്തിയപ്പോഴേക് അവരുടെ വരിയുടെ രണ്ട് ബെഞ്ച് പിന്നിലുള്ള ബെഞ്ചിൽ ഇരുന്നിരുന്നു.


             ”നീ എന്താ അവനോട് അങ്ങനെ പറഞ്ഞത്.? സത്യം പറഞ്ഞോ.നീ അവനെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ?”


           തന്റെ പിന്നാലെ വന്ന് ചോദിക്കുന്ന അവനെ ആദ്യം അവള് അടിമുടി നോക്കി.


        ”നിനക്ക് അങ്ങനെയാണോ കസിനെ തോന്നിയത്.?”


       ”അപ്പോ അങ്ങനെയല്ലേ?”


       ”അല്ല.”


      ”അല്ലേ?അപ്പോ അവനോട് പറഞ്ഞതോ.?”


         " ഞാൻ അങ്ങനെ പലതും പറയും അതൊക്കെ നീ വിശ്വസിക്കാൻ നിൽക്കണോ.?”


      ”അപ്പോ നീ ശരിക്കും അവനെ സ്നേഹിക്കുന്നുണ്ടോ?”


      ”എന്റെ പടച്ചോനെ,ഇത്രയും നേരം ഞാൻ പോത്തിനോട് ആണോ വേദം ഓതിയത്.”


         " അതിന്റെ ഇടയിൽ നീ ഇവിടെ വേദവും ഒതിയോ.?ഇതൊക്കെ എപ്പോ?ഞാൻ അറിഞ്ഞില്ലല്ലോ.?”


        ”പൊന്നു ഫൈസീ.എന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് എന്നെയങ്ങ് ഒറ്റയടിക്ക് കൊല്ലുന്നതാ.എന്തൊരു ചളിയാടാ.?ഇതൊക്കെ എവിടുന്ന് കിട്ടുന്നു.?അതും ഇത്ര രാവിലെ തന്നെ വാരി വിതരുവാണല്ലോ?”


         ” അതെന്റെ ഒരു കസിന്റെ കൂട്ട് ഉള്ളത് കൊണ്ട് ആണ്.അവള് ജനിച്ചതിൽ പിന്നെ ഇങ്ങനെ ആണ് വാ തുറന്നാൽ എന്റെ വായിൽ നിന്ന് ചെളിയെ വരൂ.എന്താ അറീല.”


          അവൻ അത്രയും പറഞ്ഞപ്പോഴേക്ക്‌ അവള് അവന്റെ നേരെ കൈ കൂപ്പി മതിയെന്ന് പറഞ്ഞു.


         ”ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ല ഫൈസി.നീ ഒന്നും കേട്ടിട്ടും ഇല്ല.തൽക്കാലം എന്നെ വെറുതെ വിട്ടേക്കൂ. പ്ലീസ്.”


           അതിനു അവളെ നോക്കി പുച്ഛിച്ച് കൊണ്ട് 


            ”അല്ലേലും നീ പറഞ്ഞതിന് തുള്ളാൻ നിൽക്കുവല്ലെ ഞാൻ.ഒഞ്ഞ് പോടീ”


        എന്നും പിറുപിരുത്ത്‌ കൊണ്ട് അവൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങി.


         "എന്തേലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയ്.അല്ലാതെ ഒരു മാതിരി ഭ്രാന്തത്തിക്ക്‌ വയറ്റിൽ ഉണ്ടായ പോലെ പിറുപിറുക്കല്ലെ.”


          പിന്നിൽനിന്ന് അവൻ മുറുമുറുത്ത് കൊണ്ട് പറയുന്നത് കേട്ട് അവൻ നാവ് കടിച്ച് കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു.


         " മേഡത്തിനോട് ഒന്നും പറഞ്ഞില്ല.പറയുമ്പോൾ പേര് വിളിച്ച് പറഞ്ഞോലാം.ആവശ്യം ഉള്ളത് എന്ത് പറഞ്ഞാലും കേൾക്കൂല.കേൾക്കണ്ട എന്ന് കരുതി പറയുമ്പോൾ മാത്രം പാമ്പിന്റെ കേൾവിയാ. പുല്ല്.”


         ”പുല്ല് നിന്റെ കെട്ടിയോൾ.”


       "അതിനുള്ള യോഗ്യത ഒന്നും നിനക്ക് ഇല്ല.”


          "എന്തോന്ന്.?”


      ”നിന്റെ ചെവിയും അടിച്ച് പോയോ?പോയില്ലെങ്കിൽ ഒള്ളു അൽഭുതം.അതാണല്ലോ കയ്യിലിരിപ്പ്.നിന്റെ ഒക്കെ സ്വഭാവം വെച്ച് നാട്ടുകാർ നിന്നെ എന്നോ പരലോകത്തു വിടെണ്ടതാ.


             ഇനിയിപ്പോ ഞാൻ പറഞ്ഞതിന് പാമ്പ് വടിയിൽ ചുറ്റിയ മാതിരി എന്റെ പിന്നാലെ വരണ്ട.നീ നേരത്തെ പറഞ്ഞത് പോലെ ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല നീ ഒന്നും കേട്ടിട്ടും ഇല്ല.”


         അവൻ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാകാതെ വായും പൊളിച്ച് ഇരുന്ന അവളെ നോക്കി ഒന്ന് കൂടി പുച്ഛം വാരി വിതറി അവൻ തിരിഞ്ഞ് നടന്നു. പോയ അവൻ അതേ പോലെ തിരിച്ച് വരുന്നത് കണ്ട് അവള് അവനെ നോക്കി.


         "മ്മ്മ്മ്‌??എന്താ?”


       "നിന്റെ കുഞ്ഞമ്മ പ്രസവിച്ചു.”


      "അയ്ന്?”


        ”കുന്തം.”


       "പ്രസവിച്ചാൽ കുന്തവും കിട്ടാൻ തുടങ്ങിയോ.? അതെത് നാട്ടിൽ.?”


        കുറച്ച് മുന്നേ അവൻ തന്റെ നേരെ വിതറിയ പുച്ഛം രണ്ടിരട്ടി ആക്കി അവന്റെ നേരെ അവള് വിതരിയപ്പോൾ അവൻ


   ’കള്ള തെണ്ടി പക വീട്ടുകയാണല്ലെ ?’


           എന്നും മനസ്സിൽ പറഞ്ഞ് പല്ലിരുമ്മി കൊണ്ട് അവളെ നോക്കി ഇളിച്ചു.


           ”ഞാൻ വന്നത് ഒരു കാര്യം ചോദിക്കാൻ ആണ്.ഇനി അയ്ന് എന്നും ചോദിച്ച് വരണ്ട.നീ എന്താ ഇവിടെ ഇരിക്കുന്നത്.?ഇവിടെ അല്ലല്ലോ ഇന്നലെ ഇരുന്നത്?”


         "അതെന്താ എല്ലാ ദിവസവും ഒരേ സീറ്റിൽ ഇരുന്നില്ലെങ്കിൽ കോളേജ് ഇടിഞ്ഞ് വീഴുമോ?”


        ”നിന്നോടോക്കെ ചോദിക്കാൻ വന്ന എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ട്‌ ആണ്.നീ എവിടെ വേണേലും കേറി ഇരുന്നോ.ആരും ചോദിക്കാൻ വരില്ല.കോളേജിന്റെ മണ്ടെൽ കേറി ഇരുന്നോ.അല്ലേൽ പ്രിൻസിയുടെ റൂമിൽ അയാളെ ചെയറിൽ കേറി ഇരുന്നോ എനിക്കെന്താ.”


          ഇനി അവളോട് സംസാരിച്ചാൽ സകല കണ്ട്രോളും പോയി അതിനെ പിടിച്ച് തറയിൽ ചവിട്ടി അരക്കും എന്ന് തോന്നി അവൻ തിരിച്ച് പോയതും ഒറ്റ ചാട്ടത്തിന് അവന്റെ മുന്നിൽ അവന് തടസ്സമായി അവള് കയറി നിന്നു.അവളെ മറി കടന്ന് അവളുടെ ഒരു ഭാഗത്തിലൂടെ പോകാൻ നിന്നപ്പോൾ അവള് അങ്ങോട്ട് നിന്നു.


          ”അങ്ങനെ അങ്ങ് പോയാലോ കസിനെ.എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതി.ഞാൻ നീ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല എന്ന് വെച്ച് ഇങ്ങനെ കലിപ്പും കേറ്റി വെച്ച് പോകുവാണോ വേണ്ടത്?പിന്നേം ചോദിക്കണ്ടെ?”


        ഇത്തവണ കിളി പോയത് ഫൈസിക് ആയിരുന്നു.അവൻ മുഖം ഒന്നാകെ ചുളിച്ചു നോക്കിയപ്പോൾ അവള് പല്ലിളിച്ചു.


       ”അതായത് ഉത്തമാ നീ ഇപ്പൊ എന്നോട് ചോദിച്ചു. എന്തിനാ സ്ഥലം മാറി ഇരിക്കുന്നത് എന്ന്. അപ്പോ ഞാൻ എന്താ പറഞ്ഞത്?അല്ലേൽ വേണ്ട.അതൊക്കെ മായ്ച്ച് കള.


         ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.നിന്റെ ആ വായ് നോക്കി ഫ്രണ്ട് ഉണ്ടല്ലോ അവനോട് പറഞ്ഞെക്ക്‌ ഞാനിനി അവന്റെ പിന്നാലെ നടക്കില്ല എന്ന്.എന്തൊരു ജാടയാണ് പട്ടിക്ക്.അവന്റെ ചപ്പിയ കണ്ണും ചകിരി പൊളിച്ച് വെച്ച പോലത്തെ മുടിയും കൊന്ത്രൻ പല്ലും കണ്ടെച്ചാലും മതി.ബ്ലാ.”


         ”അപ്പോ നീ അവനോട് ഉള്ള പ്രേമം ഒക്കെ വിട്ടോ.ഇന്നലെ ഡയലോഗ് അടിച്ച് എയറിൽ കേറ്റി നിർത്തിയത് ആണല്ലോ.എന്തൊരു തേപ്പാടീ.?ഒരു കണക്കിന് നീഅവനെ തേച്ചത് നന്നായി.ഇനി ധൈര്യായിട്ട് അവന് കുട്ടികളെ വായ് നോക്കാലോ."


           ”അതും പറഞ്ഞ് അവനും നീയും ഏതവലെ എങ്കിലും വായ് നോക്കിയാൽ ഉറപ്പായും രണ്ടിനെയും ഞാൻ കൊല്ലും.അവൻ നോക്കിയിട്ട് എന്തെങ്കിലും പെണ്ണ് അവനെ നോക്കി ചിരിച്ചാൽ ഉറപ്പായും അവന്റെ മുഖത്ത് ഞാൻ ആസിഡ് ഒഴികും.അവളെയും കൊല്ലും. എന്നിട്ട് ഞാൻ വേറെ ഒരുത്തനെ കെട്ടും.”


        ”നിനക്ക് എന്ത് പറഞ്ഞാലും ഇൗ ആസിഡിന്റെ കാര്യം മാത്രേ പറയാനുള്ളോ?എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ.നിന്നെ എന്താ ആസിഡിൽ മുക്കിയാണോ ഉണ്ടാക്കിയത്.?


           ശരിക്കും നിന്റെ പ്രശ്നം എന്താ.?നിനക്ക് അവനോട് ഒട്ട് പ്രേമവും ഇല്ല.അവനെ പ്രേമിക്കാൻ ഒട്ട് സമ്മതിക്കുകയും ഇല്ല.നിന്നെ ഒന്നും സൈകോ എന്നല്ല വിളിക്കേണ്ടത്.നിന്നെ വിളിക്കാൻ മാത്രായിട്ട് വേറെ എന്തേലും പേര് കാണേണ്ടി വരും.”


           ”അതിനു ഞാൻ നിന്നോട് പറഞ്ഞോ അവനോട് എനിക്ക് പ്രേമം ഇല്ലെന്ന്.അത് നീ തന്നെ പറഞ്ഞതല്ലേ.ഞാനൊന്നും പറഞ്ഞില്ല.ഞാൻ രാവിലെ അങ്ങനെ പറഞ്ഞത് കേട്ട് നീയും അവനും തുള്ളണ്ട.അതൊക്കെ ഞാൻ രാവിലെ പ്ലാൻ ചെയ്ത് വന്നതാ.അവന്റെ പിന്നാലെ ഇന്നലെ മുഴുവൻ നടന്നിട്ടും പട്ടി എന്നെ തിരിഞ്ഞ് പോലും നോക്കിയില്ല.എന്ത് കൊണ്ടാണ് എനിക്ക് അവന്റെ പിന്നാലെ നടക്കേണ്ടി വന്നത്.അവൻ അവന്റെ ഒടുക്കത്തെ attittude ഇട്ട്‌ നിന്നിട്ടല്ലെ.അതെനിക്ക് മനസ്സിലായത് ഇന്നലെ രാത്രി മുഴുവൻ ആലോചിച്ച് കിടനിട്ടാണ്‌.അപ്പോ എനിക്കും തോന്നി എന്റെ നേരെ അവൻ ഇട്ട attittude എന്ത് കൊണ്ട് എനിക്ക് അവന്റെ നേരെ ഇട്ടൂടാ.


           നേരം വെളുക്കുന്നതിനുമുമ്പ് എഴുന്നേറ്റ് റെഡി ആയി നിന്ന് എത്ര തവണ കണ്ണാടിയുടെ മുന്നിൽ ചെന്ന് റിഹേഴ്സൽ നടത്തിയെന്ന് അറിയോ ഇൗ പ്ലാൻ.അതും പോരാഞ്ഞ് അവന്റെ മുന്നിൽ attittude ഇട്ട് നിൽക്കുമ്പോൾ പറയാനുള്ള ഡയലോഗ് വരെ ഒറ്റക്ക് എഴുതി ഉണ്ടാക്കി.എന്നിട്ടത് ഒരു ക്രമത്തിൽ കാണാതെ പഠിച്ചു.എല്ലാം സെറ്റാക്കി രാവിലെ വന്നപ്പോ ആണ് അറിഞ്ഞത് അവന് വേറെ ഒരുത്തി ഉണ്ടെന്ന്.അതും നീയും അവനും കൂടി പറയുന്നത് കേട്ടത്.അതും ആത്മാർത്ഥതയുടെ നിറകുടമായ ഒരു പ്രണയം.തകർന്നടിഞ്ഞു പോയില്ലേ എന്റെ സ്വപ്നങ്ങൾ.അതിനേക്കാൾ എനിക്ക് സങ്കടായത് എന്താണെന്ന് അറിയുമോ?


         ഞാൻ കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കി കാണാതെ പഠിച്ച് വന്ന ഡയലോഗ് അവന്റെ ഒറ്റ ഡയലോഗിൽ ആവിയായി പോയി.”അവള് തേക്കില്ല ചക്കരെ.അവളെ സ്നേഹം നിന്റെ പോലെ അല്ല.ആത്മാർത്ഥമായി ആണ്.എന്നെ പാതി വഴിയിൽ ഇട്ടു പോകില്ല.” ഇത് കേട്ടപ്പോൾ തന്നെ സകല മൂഡും പോയി.


        നീ നോക്കിക്കോ കസിനെ.അവനെ തേക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ അവള് അവനെ തേക്കും.ഞാൻ തെപ്പിക്കും. എന്നിട്ട് അവനെ കൊണ്ട് മാനസമൈന പാടി കടപ്പുറത്തോടെ നടത്തിക്കും.അല്ലേൽ വേണ്ട മാനസമൈനയും കടപ്പുറത്തും ഓൾഡ് വേർഷൻ ആണ്.അവനെ കൊണ്ട് ഞാൻ തൂ സഫർ മേരാ പാടിച്ച് ടൗണിലൂടെ നടത്തിക്കും.നോക്കിക്കോ.ഇതെന്റെ വാശിയാണ്. പടച്ചോനെ ആ തെണ്ടി ഏത് പെണ്ണിനെ പ്രേമിച്ചാലും അവള് അവനെ തേച്ച് ഒട്ടിച്ച് കളയണെ.”


           അയാന അതും പറഞ്ഞ് കൊണ്ട്  തിരിഞ്ഞ് പോയതും കിളി പോയി നിന്ന ഫൈസാൻ അവള് പറഞ്ഞതും നേരത്തെ ഷെസിനും താനും തമ്മിൽ പറഞ്ഞതും കൂട്ടി നോക്കി.ഇനി നടക്കാൻ പോകുന്ന കര്യങ്ങൾ ഓർത്തതും അവൻ പൊട്ടി വന്ന ചിരിയെ അടക്കി ക്ലാസ്സിനു പുറത്തേക്ക് ഇറങ്ങി.പിടിച്ച് വെച്ച ചിരി മുഴുവൻ പുറത്തേക്ക് വിട്ട് ഓർത്തോർത്ത് ചിരിക്കുമ്പോൾ ആണ് അവന്റെ നടുപ്പുറത്ത് വീണ്ടും ഒരു അടി കൂടി വീണത്.സ്വിച്ച് ഓഫാക്കിയ പോലെ അവന്റെ ചിരി നിലച്ച് ദേഷ്യത്തിൽ തിരിഞ്ഞ് നോക്കിയതും അതിനേക്കാൾ ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്ന ഷസിനെ കണ്ടു.


             --------


          കടിഞ്ഞാൺ ഇല്ലാത്ത ഓർമകൾ ഫൈസിയുടെ ചുണ്ടിൽ ഒരു നേർത്ത മന്ദഹാസം വിടർത്തി.


          ”ഫൈസീ ഷേസിന്റെ വീടെത്തി.”


      പിൻസീറ്റിൽ കണ്ണടച്ച് ചാരി ഇരുന്നിരുന്ന അവൻ കണ്ണ് തുറന്നു പുറത്തേക്ക് നോക്കി.ശേഷം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയ അവൻ കണ്ടത് പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി വന്ന നസീറ ഉമ്മയെയാണ്.അവരുദ് കൂടെ ശമ്മാസിനെ കണ്ടതും അവന്റെ മുഖത്ത് സംശയത്താൽ ചുളിവുകൾ വീണെങ്കിലും എന്തോ ഓർത്തത് പോലെ ഒരു പുഞ്ചിരിയയി അത് മാറി.


                       (തുടരും)


▬▬▬▬▬▬▬▬▬▬▬▬▬▬

NEXT PART


▬▬▬▬▬▬▬▬▬▬▬▬▬▬

Post a Comment

Please Don't Spam here..