എല്ലാ പോസ്റ്റുകളും കാണുവാൻ - To See All Posts

Vaishnavi part 2

വൈഷ്ണവി - part 2

Writer : മഴ (pen name)



 അമ്മാ........ ഒരു നിലവിളിയോടെ അവളുടെ കൈകൾ നെറ്റിയിൽ അമർന്നു... നിറ കണ്ണുകളോടെ അവൾ വിജയുടെ മുഖത്തേക്ക് നോക്കി.... അവന്റെ കോപത്തെ തണുപ്പിക്കാൻപോന്ന ശക്തിയൊന്നും ആ കണ്ണുനീർകണങ്ങൾക്ക് ഇല്ലാത്തതു പോലെ അവന്റെ നോട്ടം വൈഷ്ണവിയിൽ തന്നെ പതിഞ്ഞു നിന്നു .... ഷെൽഫ് വലിച്ചു തുറന്നു പൊട്ടിക്കാത്ത ഒരു വോഡ്കയുടെ ബോട്ടിൽ ടേബിളിന് പുറത്തു വെച്ചിട്ട് ഗ്ലാസ്സിലേക്ക് പകർത്തി ഒരു zip നുണഞ്ഞു.... വൈഷ്ണവി നിലത്തു വീണുടഞ്ഞ ഗ്ലാസിന്റെ ചില്ലുകൾ പെറുക്കി എടുക്കുന്നതിൽ ശ്രെദ്ധ ചെലുത്തി... "എന്താ നിന്റെ ഡിമാൻഡ്? എത്ര കിട്ടിയാൽ നീ ഇവിടുന്ന് പോകും? വിജയുടെ വാക്കുകൾ അവളിൽ ഒരു ചലനവും സൃഷ്ടിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു  അവളുടെ അടുത്തേക്ക് നടന്നടുത്തു... "നിന്നോടല്ലെടി ഞാൻ ചോദിക്കുന്നത്? നിന്റെ  നാവിറങ്ങിപ്പോയോടി ഒരുമ്പെട്ടവളെ? അവളുടെ കൈകളിൽ അവന്റെ ബലിഷ്ഠമായ കരങ്ങൾ അമർന്നു.... കണ്ണുകൾ അവളുടെ വേദന ഏറ്റുവാങ്ങി അവൾക്കു വേണ്ടി പെയ്തു കൊണ്ടിരുന്നു.... "നിനക്ക് ഒരു മറുപടിയും ഇല്ലാ അല്ലെ..... 😡😡😡സംസാരിപ്പിക്കാൻ എനിക്കറിയാം..... കയ്യിലിരുന്ന മദ്യത്തിന്റെ ഗ്ലാസ്‌ വൈഷ്ണവിയുടെ ചുണ്ടിനോട് അവൻ ചേർത്തു.... കുടിക്കെടി പുല്ലേ...... അവൾ നിസ്സംഗതയോടെ വേണ്ടാ എന്ന് തലകുലുക്കി ....... അവിടെ ഒരു ബലപ്രയോഗം തന്നെ നടന്നു.... ഒടുവിൽ കയ്യിലിരുന്ന ഗ്ലാസിലെ ദ്രാവകം   തറയിലേക്ക് കമിഴ്ന്നു..... വിജയ് ദേഷ്യം കൊണ്ട് വൈഷ്ണവിയുടെ ഇരുകരണങ്ങളിലും മാറി മാറി അടിച്ചു.... അവൾ അവശതയോടെ നിലത്തേക്ക് ഊർന്നു വീണു...... കണ്ണുകൾ അടയുമ്പോൾ തനിക്ക് മുന്നിൽ നിന്ന് രുദ്ര താണ്ഡവം ആടുന്ന വിജയ് മാധവിന്റെ രൂപം ഒരുനോക്ക് കൂടി അവൾ കണ്ടു..... നീ എന്നെ ഉപേക്ഷിച്ചു പോയാൽ അന്ന് ഞാൻ എന്റെ പ്രാണൻ വെടിയും... "എന്നെക്കൊണ്ട് പറ്റില്ലെടാ നീ ഇല്ലാതെ ഒരു നിമിഷം പോലും..... ഫോണിലെ റെക്കോർഡറിൽ നിന്നും വീണ്ടും വീണ്ടും ആ ശബ്ദം അവൻ കേട്ടു കൊണ്ടിരുന്നു.... കണ്ണുകൾ നിറഞ്ഞൊഴുകി... ഇത്രമേൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഒരു പെണ്ണിന് മാത്രമേ കഴിയൂ..... എല്ലാവർക്കും സ്വാർത്ഥത മാത്രം ആണ്... പണം.... അതില്ലെങ്കിൽ പിണമാണ് മനുഷ്യൻ... അതിനു എന്നോളം വലിയ ഉദാഹരണം ആരുമില്ല താനും..... അതല്ലായിരുന്നെങ്കിൽ പ്രാണനെ പോലെ കൊണ്ട് നടന്നവൾ ഒരു തകർച്ചയിൽ തന്നെ ഉപേക്ഷിച്ചു പോകില്ലായിരുന്നല്ലോ.... എന്നിട്ടും അവളെ മനസ്സ് കൊണ്ട്  ഉപേക്ഷിക്കാനോ വെറുക്കാനോ കഴിയുന്നില്ല....ഇന്നും ഈ ഹൃദയം അവൾക്കായി തുടിക്കുന്നത് പോലെ.... കണ്ണുകൾ ഇറുകെ അടച്ചു ഒരു നിമിഷം ഇരുന്നു.... ആകാശത്തിൽ താരങ്ങൾ പൂത്തു നിൽക്കുന്നു....  അതിലെ ഒരു മിന്നുന്ന താരകത്തിനെ കണ്ടപ്പോൾ അവനു വൈഷ്ണവിയുടെ മുഖം ഓർമ വന്നു..... ഒരേസമയം ക്രോധവും സഹതാപവും അവനിൽ ഉടലെടുത്തു... എത്ര ആയിരുന്നെങ്കിലും തല്ലേണ്ടിയിരുന്നില്ല...... പക്ഷെ ചോദിച്ചു വാങ്ങിച്ചതല്ലേ..... ആയിരം തവണ നിർബന്ധിച്ചു... ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ... പക്ഷെ പണത്തിനോടുള്ള അത്യാഗ്രഹം മൂത്തു അവൾ ഇറങ്ങി തിരിച്ചു...  അനുഭവിക്കട്ടെ..... റൂമിലേക്ക് തിരികെ കയറുമ്പോൾ നിലത്തു അബോധാവസ്ഥയിൽ കിടക്കുന്ന വൈഷ്ണവിയിൽ അവന്റെ കണ്ണുകൾ പതിഞ്ഞു...... നേരത്തെ ദേഷ്യം കൊണ്ട് തല്ലിയപ്പോൾ വേച്ചു വീണതാണെന്ന് കരുതിയാണ് റൂമിൽ നിന്നും പോയത്... പക്ഷെ ഇപ്പോൾ........ വിജയുടെ മുഖത്ത് ഒരു പരിഭ്രമം ഉണ്ടായി... വൈഷ്ണവിയുടെ കവിളുകളിലെ  തിണർത്ത പാടുകളിൽ അവൻ കൈകൾ കൊണ്ട് തലോടി ... അവളിൽ നിന്നുമൊരു ഞരക്കം മാത്രം ഉണ്ടായി..... ജഗ്ഗിൽ ഇരുന്ന വെള്ളം അവളുടെ മുഖത്തേക്കായി തളിച്ചു അവളെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു.... കണ്ണുകൾ തുറന്ന അവൾക്കു മുന്നിൽ അവന്റെ മുഖം തെളിഞ്ഞു വന്നു.... ഭയത്തിൽ അവൾ പുറകിലേക്ക് ഒന്ന് എഴുന്നേറ്റു നീങ്ങി.... കണ്ണുകളിൽ അശ്രുക്കൾ കൊണ്ട് നിറഞ്ഞു..... I'm sorry എന്ന് പറയാൻ അവന്റെ നാവ് ഉയർന്നെങ്കിലും ഉള്ളിലെ കോപവും താനെന്ന ഭാവവും അവനെ അനുവദിച്ചില്ല... അവളെയൊന്ന് സൂക്ഷ്മമായി നോക്കിയിട്ട് അവൻ ബെഡിലേക്ക് കയറി കിടന്നു.... അവൾ നനഞ്ഞ ശരീരവുമായി തണുത്ത നിലത്തേക്ക് കിടന്നു ആ തണുപ്പൊന്നും അവളെ ബാധിക്കുന്നില്ല എന്ന രീതിയിൽ.... ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച എനിക്ക് അർഹിച്ച ജീവിതം അല്ലാ ഇത്... അറിയാം... ബോധ്യമുണ്ട്..... അച്ഛനോട് ആവോളം പറഞ്ഞു... വേണ്ടാന്ന്... ഇതല്ലെങ്കിൽ വേറൊന്ന്... അഭിമുഖീകരിച്ചേ തീരു..... അപ്പോൾ തോന്നി ഇതാണ് നല്ലതെന്ന്..... ആൾക്ക് ഇഷ്ടമില്ല..... പരസ്പരം സ്നേഹിക്കണ്ട..... രണ്ടു വ്യക്തികൾ മാത്രം ആയി ഒരു കൂരയ്ക്ക് കീഴെ ജീവിച്ചാൽ മതി.... ഈ വെറുപ്പ് മാത്രം സമ്പാദിച്ചാൽ മതി..... അതെ എല്ലാം തന്റെ സ്വാർത്ഥത ആണ്....ആത്മഹത്യ ചെയ്യാൻ പറ്റുന്നില്ല... അമ്മയില്ലാതെ വളർത്തി വലുതാക്കിയ ആ അച്ഛനെ ഓർമിച്ചു.... . സഹിക്കും ഞാൻ...... എല്ലാം..... ഒരു നെടുവീർപ്പ് അവളിൽ നിന്നും ഉയർന്നു... കണ്ണുകൾ കൂമ്പി അടയാൻ തുടങ്ങി.... ഉറക്കത്തിലേക്ക് വഴുതി വീണു.......                         *********** 

 വളകളുടെ കിലുക്കം കേട്ടാണ് വിജയ് കണ്ണുകൾ തുറന്നത്..... തനിക്ക് മുന്നിൽ ഈറൻ ചുറ്റി നിൽക്കുന്ന വൈഷ്ണവിയിൽ അവന്റെ കണ്ണുകൾ പതിഞ്ഞു ഒരു മാത്ര...... അവൾ നെറുകയിൽ സിന്ദൂരം തൊടുന്നത് അവനൊരു ചിത്രം പോലെ തോന്നപ്പെട്ടു... മനസ്സിന് കുളിർമ നൽകുന്ന ഒരു ദൃശ്യം...... അവൾ അതൊന്നും അറിയുന്നില്ല എന്ന മട്ടിൽ ഒരുങ്ങി കഴിഞ്ഞു താഴേക്ക് പോയി... .. കവിളുകൾ വീങ്ങി  കണ്ണുകൾ തടിച്ചു പോളകൾ വീർത്തു........ ഒരു ദിവസം കൊണ്ട് തനിക്കുണ്ടായ മാറ്റമൊന്നുമല്ല ഇത്... എന്നും രാത്രി തലയണയോടു കുന്നോളം ആവലാതികൾ ഉണ്ടാകും പറഞ്ഞു തീർക്കാൻ... അത് കൊണ്ട് തന്നെ ഏട്ടന്റെ കാര്യങ്ങൾ ഒന്നും തന്നെ ബാധിക്കുന്നതല്ല..... പൂജാമുറിയിലേക്ക് കയറി വിളക്കുകൾ തെളിയിച്ചു..... പ്രാർത്ഥിക്കാൻ ഒന്നുമില്ല.... ഒരു കൃഷ്ണ കീർത്തനം പാടി....... നെഞ്ചുരുകി കൃഷ്ണനെ വിളിച്ചു..... തന്നെ ആരോ വിളിക്കുന്നു എന്ന തോന്നലിൽ വിജയ് താഴേക്ക് വന്നു...... അവളുടെ പുറകിലായി കീർത്തനത്തിൽ ലയിച്ചു നിന്നു... അത്രത്തോളം സ്വരമാധുര്യം... ഇന്നലത്തെ അവളുടെ മൗനം ഒരുമാത്ര അവനെ ഓർമിപ്പിച്ചു.... ആ വീട്ടിലെ അന്തേവാസികൾ ഓരോരുത്തരായി പൂജാമുറിയിൽ പ്രത്യക്ഷപ്പെട്ടു.... അത്രത്തോളം ഇമ്പമായിരുന്നു അവളുടെ പ്രാർത്ഥനയ്ക്ക്...... കീർത്തനം അവസാനിപ്പിച്ചു തിരിഞ്ഞവൾക്ക് മുന്നിൽ നിൽക്കുന്നവരെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു..... ആ പുഞ്ചിരി അവന്റെ ഹൃദയത്തിലേക്ക് തറച്ചു കയറി.... അവളുടെ നിറകണ്ണുകൾ അവനിലേക്ക് വിരുന്നെത്തി.... "ഇതെന്താ മോൾടെ കവിളത്തു? ചന്ദ്രികാമ്മ അവളുടെ കവിളിൽ കൈ വെച്ചു... ആകെയൊരു പുകച്ചിൽ മാത്രം.... അവൾ എരിവ് വലിച്ചു കൊണ്ട് വിജയുടെ മുഖത്തേക്ക് പാളി നോക്കി... ആ നോട്ടം ഹൃദയത്തിലേക്ക് തറഞ്ഞത് പോലെ അവൻ നിന്നു.... വിജയിനെ രൂക്ഷമായി നോക്കിക്കൊണ്ട് ചന്ദ്രികാമ്മ അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി.... മേലിൽ ഇതാവർത്തിക്കരുത് ഒരു ശാസന എന്നോണം വിജയിന്റെ അച്ഛൻ അവനെ ഓർമപ്പെടുത്തി.... അവളുടെ കവിളിൽ തലോടുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.... ക്ഷമ ചോദിക്കാനുള്ള അർഹത കൂടി ഇല്ല കുട്ടീ ... മാപ്പ്... വൈഷ്ണവി അവരുടെ വായ പൊത്തി അരുതെന്ന് തലയാട്ടി... "ഏട്ടന്റെ സ്വഭാവം അമ്മ പറഞ്ഞു എനിക്കറിയാം.... അത് കൊണ്ട് എനിക്ക് സങ്കടമില്ലമ്മേ.... " അവരുടെ മടിയിലേക്ക് തല ചായ്ച്ചു കിടന്നു.... 'അമ്മ..... അവൾ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് അത് ആസ്വദിച്ചു...... രാവിലെ എല്ലാവർക്കുമുള്ള ആഹാരം വൈഷ്ണവിയുടെ വക ആയിരുന്നു.... അടുക്കളയിൽ നിന്നും ചട്നി ഒരു ബൗളിലേക്ക് പകർത്തി ഡൈനിങ്ങ് ടേബിളിലേക്ക് കൊണ്ട് വരുമ്പോൾ ആരുമായോ കൂട്ടിയിടിച്ചു..... അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി... മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് അവൾ അറിയാതെ കവിളിൽ കൈ വെച്ചു.... ഏട്ടൻ..... 

(തുടരും )

vaishnavi part3
No Comment
Add Comment
comment url